ഭൂപെൻ ദായുടെ സംഗീതം ഇന്ത്യയെ ഒന്നിപ്പിക്കുകയും തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്തു: പ്രധാനമന്ത്രി
ഭൂപെൻ ദായുടെ ജീവിതം ''ഏക ഭാരതം, ശ്രേഷ്ഠ ഭാരത'' ത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിച്ചു: പ്രധാനമന്ത്രി
ഭൂപെന്‍ ദാ എല്ലായ്‌പ്പോഴും ഇന്ത്യയുടെ ഐക്യത്തിനായി ആഹ്വാനം ചെയ്തു: പ്രധാനമന്ത്രി
വടക്കുകിഴക്കന്‍ മേഖലയോടുള്ള ഞങ്ങളുടെ ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് ഭൂപെന്‍ ദായ്ക്കുള്ള ഭാരതരത്‌ന: പ്രധാനമന്ത്രി
സാംസ്‌കാരികമായി ബന്ധിപ്പിക്കല്‍ ദേശീയ ഐക്യത്തിന് അത്യന്താപേക്ഷിതമാണ്: പ്രധാനമന്ത്രി
നവ ഇന്ത്യ അതിന്റെ സുരക്ഷയിലോ അന്തസ്സിലോ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല: പ്രധാനമന്ത്രി
നമുക്ക് പ്രാദേശികതയ്ക്കു വേണ്ടിയുള്ള ശബ്ദത്തിന്റെ (വോക്കല്‍ ഫോര്‍ ലോക്കല്‍) ബ്രാന്‍ഡ് അംബാസഡര്‍മാരാകാം, നമ്മുടെ സ്വദേശി ഉല്പന്നങ്ങളില്‍ നമുക്ക് അഭിമാനിക്കാം: പ്രധാനമന്ത്രി

ഭാരതരത്‌ന ഡോ. ഭൂപന്‍ ഹസാരികയുടെ 100-ാം ജന്മവാര്‍ഷിക ആഘോഷങ്ങളെ അസമിലെ ഗുവാഹത്തിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഇന്ന് ശ്രദ്ധേയമായ ദിവസമാണെന്നും ഈ നിമിഷം ശരിക്കും വിലപ്പെട്ടതാണെന്നും സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി, പറഞ്ഞു. താന്‍ സാക്ഷ്യം വഹിച്ച ആഘോഷ പരിപാടികളുടെ ആവേശവും,ഏകോപനവും ആഴത്തില്‍ പ്രചോദമുളവാക്കുന്നവയായിരുന്നുവെന്നത് അദ്ദേഹം പങ്കുവെച്ചു. പരിപാടിയിലുടനീളം പ്രതിധ്വനിച്ച ഭുപെന്‍ ദായുടെ സംഗീതത്തിന്റെ താളവും അദ്ദേഹം എടുത്തുകാട്ടി. അദ്ദേഹത്തിന്റെ ഗാനത്തിലെ ചില വാക്കുകള്‍ മനസില്‍ മുഴങ്ങികൊണ്ടിരിക്കുന്നതായി ഭൂപെൻ ഹസാരികയെ ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഭൂപെൻ സംഗീതത്തിന്റെ അലയൊലികൾ എല്ലായിടത്തും അനന്തമായി ഒഴുകണമെന്ന് തന്റെ ഹൃദയം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത എല്ലാ കലാകാരന്മാരെയും പ്രധാനമന്ത്രി ഹൃദയംഗമമായി അഭിനന്ദിച്ചു. ഇന്നത്തെ പ്രകടനങ്ങള്‍ അസാധാരണമായ തയ്യാറെടുപ്പിനെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇവിടെ നടക്കുന്ന ഓരോ പരിപാടിയിലും പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുകയെന്നതാണ് അസമിന്റെ മനോഭാവം എന്നും പറഞ്ഞു. എല്ലാ കലാകാരന്മാരെയും അദ്ദേഹം അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്തു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, സെപ്റ്റംബര്‍ എട്ടിന്,

ഭുപെന്‍ ഹസാരിക ജിയുടെ ജന്മവാര്‍ഷികം ആഘോഷിച്ചത് പ്രധാനമന്ത്രി പറഞ്ഞു. അന്നേദിവസം ഭുപെന്‍ ദായെ ആദരിച്ചുകൊണ്ടുള്ള ഒരു സമര്‍പ്പിത ലേഖനത്തില്‍ തന്റെ ആശയങ്ങൾ പ്രകടിപ്പിച്ചിരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഭുപെന്‍ ദായുടെ ജന്മ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് തനിക്ക് ലഭിച്ച വിശേഷഭാഗ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭുപെന്‍ ദായെ എല്ലാവരും സ്‌നേഹപൂര്‍വ്വം ''ശുദ്ധ കാന്തോ'' എന്ന് വിളിക്കുന്നുണ്ടെന്നതും ശ്രീ മോദി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വികാരങ്ങള്‍ക്ക് ശബ്ദം നല്‍കിയ, സംഗീതത്തെ സംവേദനക്ഷമതയുമായി ബന്ധിപ്പിച്ച, തന്റെ സംഗീതത്തിലൂടെ ഇന്ത്യയുടെ സ്വപ്‌നങ്ങളെ സംരക്ഷിച്ച, ഗംഗാ മാതാവിലൂടെ ഭാരതമാതാവിന്റെ അനുകമ്പയെ വിവരിച്ച ആ ശുദ്ധ കാന്തോയുടെ ജന്മശതാബ്ദി വര്‍ഷമാണിതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇന്ത്യയെ തന്റെ ഈണങ്ങളിലൂടെ ബന്ധിപ്പിക്കുകയും ഇന്ത്യയിലെ തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന അനശ്വര രചനകള്‍ ഭുപെന്‍ ദാ സൃഷ്ടിച്ചുവെന്നത് ഉയര്‍ത്തിക്കാട്ടിയ ശ്രീ മോദി, ഭൂപെൻ ദായുടെ ഭൗതിക സാന്നിദ്ധ്യം ഇപ്പോള്‍ നമ്മോടൊപ്പം ഇല്ലെങ്കിലും, അദ്ദേഹത്തിന്റെ ഗാനങ്ങളും ശബ്ദവും ഇന്ത്യയുടെ വികസന യാത്രയ്ക്ക് സാക്ഷ്യം വഹിക്കുകയും അതിനെ ഊര്‍ജ്ജസ്വലമാക്കുകയും ചെയ്യുന്നുവെന്നും അഭിപ്രായപ്പെട്ടു. ഭൂപെന്‍ ദായുടെ ജന്മശതാബ്ദി വര്‍ഷം ഗവണ്‍മെന്റ് അഭിമാനത്തോടെ ആഘോഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂപെൻ ഹസാരിക ജിയുടെ ഗാനങ്ങളേയും സന്ദേശങ്ങളേയും ജീവിത യാത്രയേയും എല്ലാ വീടുകളിലും എത്തിക്കുന്നുണ്ടെന്നതും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഭൂപെൻ ഹസാരികയുടെ ജീവചരിത്രം ചടങ്ങില്‍ പ്രകാശനം ചെയ്തു. ജന്മ ശതാബ്ദി വര്‍ഷത്തില്‍ ഡോ. ഭൂപെൻ ഹസാരികയ്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച ശ്രീ മോദി അസമിലെ ജനങ്ങള്‍ക്കും ഓരോ ഇന്ത്യക്കാരനും ആശംസകളും നേര്‍ന്നു.

 

''ഭൂപെൻ ഹസാരിക ജി തന്റെ ജീവിതം മുഴുവന്‍ സംഗീത സേവനത്തിനായി സമര്‍പ്പിച്ചു'', എന്നു പറഞ്ഞ പ്രധാനമന്ത്രി, സംഗീതം ഒരു ആത്മീയ പരിശീലന രൂപമായി മാറുമ്പോള്‍ അത് ആത്മാവിനെ സ്പര്‍ശിക്കുന്നുവെന്നും, സംഗീതം ഒരു ദൃഢനിശ്ചയമായി മാറുമ്പോള്‍ അത് സമൂഹത്തെ നയിക്കാനുള്ള ഒരു മാധ്യമമായി മാറുന്നുവെന്നും അഭിപ്രായപ്പെടുകയും ചെയ്തു. ഇതാണ് ഭൂപെൻ ദായുടെ സംഗീതത്തെ ഇത്രയധികം സവിശേഷമാക്കിയത് എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഭൂപെന്‍ ദായുടെ ജീവിതത്തിലെ ആദര്‍ശങ്ങളും അദ്ദേഹത്തിന് കടന്നുപോകേണ്ടി വന്ന അനുഭവങ്ങളും അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഭൂപെന്‍ ദായുടെ സംഗീതത്തിലെ ഭാരതമാതാവിനോടുള്ള ആഴമായ സ്‌നേഹം ''ഏക ഭാരതം, ശ്രേഷ്ഠ ഭാരതം'' എന്ന ആശയത്തോടുള്ള അദ്ദേഹത്തിന്റെ സജീവമായ പ്രതിബദ്ധതയില്‍ നിന്ന് ഉടലെടുത്തതാണെതെന്നും പറഞ്ഞു. വടക്കുകിഴക്കന്‍ മേഖലയില്‍ ജനിച്ച ഭൂപെന്‍ ദായെ ബ്രഹ്‌മപുത്രയുടെ പവിത്രമായ അലകളാണ് സംഗീതം പഠിപ്പിച്ചതെന്നും അദ്ദേഹം എടുത്തുപറഞ്ഞു. പിന്നീട് ബിരുദപഠനത്തിനായി ഭൂപെന്‍ ദാ കാശിയിലേക്ക് പോയ കാര്യം പരാമര്‍ശിച്ച ശ്രീ മോദി, ബ്രഹ്‌മപുത്രയില്‍ നിന്ന് ആരംഭിച്ച ഭൂപെൻ ദായുടെ സംഗീത യാത്ര ഗംഗയുടെ ഒഴുകുന്ന താളത്തിലൂടെ അതിപ്രാവീണ്യം കൈവരിച്ചുവെന്നും അഭിപ്രായപ്പെട്ടു. കാശിയുടെ ചലനക്ഷമത അദ്ദേഹത്തിന്റെ ജീവിതത്തിന് തുടര്‍ച്ചയായ ഒഴുക്ക് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലുടനീളം സഞ്ചരിച്ച, പിഎച്ച്.ഡിക്ക് വേണ്ടി അമേരിക്കയിലേക്ക് പോലും പോയ ഒരു സഞ്ചാരിയായിരുന്നു ഭൂപെന്‍ ദായെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, അപ്പോഴും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അസമിന്റെ മണ്ണിനോട് ആഴത്തില്‍ ബന്ധംപുലര്‍ത്തിയിരുന്ന ഒരു യഥാര്‍ത്ഥ മകനായാണ് ഭൂപെൻ ദാ നിലകൊണ്ടിരുന്നതെന്നും ഊന്നിപ്പറഞ്ഞു. അതുകൊണ്ടാണ് ഭൂപെന്‍ ദാ ഇന്ത്യയിലേക്ക് മടങ്ങിവന്ന് സിനിമയിലൂടെ സാധാരണക്കാരന്റെ ശബ്ദമായി മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണജീവിതങ്ങളുടെ വേദനയ്ക്കാണ് ഭൂപെന്‍ ദാ ശബ്ദം നല്‍കിയതെന്നും ആ ശബ്ദം ഇപ്പോഴും രാജ്യത്തെ മുന്നോട്ടുനയിക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഭൂപെന്‍ ദായുടെ ഗാനം ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി അര്‍ത്ഥം വിശദീകരിക്കുകയും ചെയ്തു: മനുഷ്യര്‍ പരസ്പരം സന്തോഷങ്ങളെയും ദുഃഖങ്ങളെയും വേദനകളെയും കഷ്ടപ്പാടുകളെയും കുറിച്ച് ചിന്തിക്കുന്നില്ലെങ്കില്‍ - ഈ ലോകത്ത് ആര്‍ക്കാണ് പരസ്പരം കരുതലുണ്ടാകുക? ഈ ചിന്ത എത്രത്തോളം പ്രചോദനാത്മകമാണെന്നതിനെക്കുറിച്ച് എല്ലാവരും ചിന്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പാവപ്പെട്ടവവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ദളിതരുടെയും ഗോത്ര സമൂഹങ്ങളുടെയും ജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളില്‍ ഈ ആശയമാണ് ഇന്ത്യയെ ഇന്ന് നയിക്കുന്നതെന്നും ശ്രീ മോദി പറഞ്ഞു.

ഇന്ത്യയുടെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും മഹാനായ വക്താവായി ഭൂപെന്‍ ദായെ വിശേഷിപ്പിച്ച ശ്രീ മോദി, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വടക്കുകിഴക്കന്‍ മേഖല അവഗണന നേരിടുകയും അക്രമത്തിലും വിഘടനവാദത്തിലും മുഴുകുകയും ചെയ്തപ്പോഴും, ഭൂപെന്‍ ദാ ഇന്ത്യയുടെ ഐക്യത്തിനുവേണ്ടി ശബ്ദമുയര്‍ത്തുന്നത് തുടര്‍ന്നുകൊണ്ടിരുന്നുവെന്നതും അനുസ്മരിച്ചു. ഭൂപെന്‍ ദാ സമ്പന്നമായ ഒരു വടക്കുകിഴക്കന്‍ മേഖലയെക്കുറിച്ച് സ്വപ്‌നം കാണുകയും പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യത്തെക്കുറിച്ച് പാടുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. അസമിന് വേണ്ടിയുള്ള ഭൂപെന്‍ ദായുടെ ഗാനത്തിലെ ഏതാനും വരികള്‍ ഉദ്ധരിച്ച പ്രധാനമന്ത്രി, ഈ ഗാനം മൂളുമ്പോള്‍, അസമിന്റെ വൈവിദ്ധ്യത്തിലും കരുത്തിലും സാദ്ധ്യതയിലും നമുക്ക് അഭിമാനം തോന്നുന്നുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

 

അരുണാചല്‍ പ്രദേശിനോടും ഭൂപെന്‍ ദായ്ക്ക് തുല്യ സ്‌നേഹമുണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അരുണാചല്‍ പ്രദേശിനെക്കുറിച്ചുള്ള ഭൂപെന്‍ ദായുടെ ഗാനത്തിലെ ഏതാനും വരികള്‍ ഉദ്ധരിക്കുകയും ചെയ്തു. ഒരു യഥാര്‍ത്ഥ ദേശസ്‌നേഹിയുടെ ഹൃദയത്തില്‍ നിന്ന് പിറവികൊള്ളുന്ന ശബ്ദം ഒരിക്കലും പാഴായിപോകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വടക്കുകിഴക്കന്‍ മേഖലയെക്കുറിച്ചുള്ള ഭൂപെന്‍ ദായുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനായി ഗവണ്‍മെന്റ് രാവും പകലും പ്രവര്‍ത്തിക്കുകയാണെന്നതും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂപെന്‍ ദായ്ക്ക് ഭാരതരത്‌നം നല്‍കിയതിലൂടെ, വടക്കുകിഴക്കന്‍ മേഖലയുടെ അഭിലാഷങ്ങളെയും അഭിമാനത്തെയും ഗവണ്‍മെന്റ് മാനിക്കുകയും മേഖലയെ ഒരു ദേശീയ മുന്‍ഗണനയാക്കുകയും ചെയ്തുവെന്നും ശ്രീ മോദി പറഞ്ഞു. അസമിനെയും അരുണാചല്‍ പ്രദേശിനെയും ബന്ധിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും നീളമേറിയ പാലങ്ങളിലൊന്നിന് ഭൂപെന്‍ ഹസാരിക പാലം എന്നാണ് നാമകരണം ചെയ്തിട്ടുള്ളതെന്നതും അദ്ദേഹം അറിയിച്ചു. അസമും വടക്കുകിഴക്കന്‍ മേഖലയാകെയും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നത് ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, വികസനത്തിന്റെ എല്ലാ തലങ്ങളിലും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നതും ചൂണ്ടിക്കാട്ടി. ഭൂപെന്‍ ദായ്ക്ക് രാഷ്ട്രം നല്‍കുന്ന യഥാര്‍ത്ഥ ശ്രദ്ധാഞ്ജലിയാണ് ഈ നേട്ടങ്ങളെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

''ഇന്ത്യയുടെ സാംസ്‌കാരിക വൈവിദ്ധ്യത്തിന് അസമും വടക്കുകിഴക്കന്‍ മേഖലയും എല്ലായ്‌പ്പോഴും സുപ്രധാന സംഭാവനകള്‍ നല്‍കിയിട്ടുണ്ട്'', എന്നത് ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, ഈ മേഖലയുടെ സമ്പന്നമായ ചരിത്രം, അതിന്റെ ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, കല, സംസ്‌കാരം, പ്രകൃതി സൗന്ദര്യം എന്നിവയെക്കുറിച്ചും പരാമര്‍ശിച്ചു. ഇതിനെല്ലാം പുറമേ, ഭാരതമാതാവിന്റെ ആത്മാഭിമാനത്തിനും സംരക്ഷണത്തിനും വേണ്ടി ഈ മേഖലയിലെ ജനങ്ങള്‍ നടത്തിയ ത്യാഗങ്ങള്‍ അനുപേക്ഷണീയങ്ങളാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ സംഭാവനകളില്ലാതെ, നമ്മുടെ മഹത്തായ ഇന്ത്യയെക്കുറിച്ച് നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ പുതിയ വെളിച്ചത്തിന്റെയും പുതിയ പ്രഭാതത്തിന്റെയും നാടായി വടക്കുകിഴക്കന്‍ മേഖലയെ അദ്ദേഹം വിശേഷിപ്പിച്ചു. രാജ്യത്തിലെ ആദ്യ സൂര്യോദയം ഈ മേഖലയിലാണ് സംഭവിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വികാരത്തിന് ശബ്ദം നല്‍കിയ ഭൂപെന്‍ ദായുടെ ഗാനത്തിലെ ഏതാനും വരികളും പ്രധാനമന്ത്രി ഉരുവിട്ടു. അസമിന്റെ ചരിത്രം ആഘോഷിക്കുമ്പോള്‍ മാത്രമേ ഇന്ത്യയുടെ ചരിത്രം പൂര്‍ണ്ണമാകൂ - അപ്പോള്‍ മാത്രമേ ഇന്ത്യയുടെ സന്തോഷം പൂര്‍ണ്ണമാകൂ, ഈ പൈതൃകത്തിന്റെ അഭിമാനത്തോടെ നാം മുന്നോട്ട് പോകണമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

കണക്റ്റിവിറ്റിയെക്കുറിച്ച് നമ്മള്‍ സംസാരിക്കുമ്പോള്‍, ആളുകള്‍ പലപ്പോഴും റെയില്‍, റോഡ്, വ്യോമ കണക്റ്റിവിറ്റിയെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നതിന് അടിവരയിട്ട ശ്രീ മോദി, ദേശീയ ഐക്യത്തിന് മറ്റൊരു തരത്തിലുള്ള കണക്റ്റിവിറ്റിയും -- സാംസ്കാരിക കണക്റ്റിവിറ്റി -- ഒരുപോലെ അനിവാര്യമാണെന്നും ഊന്നിപ്പറഞ്ഞു. കഴിഞ്ഞ 11 വര്‍ഷങ്ങളായി, വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തോടൊപ്പം സാംസ്‌കാരിക ബന്ധിപ്പിക്കലിനും രാജ്യം ഗണ്യമായ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് ഒരു തുടര്‍ച്ചയായ സംഘടിതപ്രവര്‍ത്തനമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഈ സംഘടിതപ്രവര്‍ത്തനത്തിന്റെ ഒരു നേര്‍ക്കാഴ്ച ഇന്നത്തെ പരിപാടിയില്‍ പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ വീര്‍ ലച്ചിത് ബോര്‍ഫുകന്റെ 400-ാം ജന്മവാര്‍ഷികം ദേശീയ തലത്തില്‍ ആഘോഷിച്ചതും പ്രധാനമന്ത്രി എടുത്തുകാട്ടി.

 

സ്വാതന്ത്ര്യസമരകാലത്ത്, അസമില്‍ നിന്നും വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുമുള്ള നിരവധി ധീരരായ പോരാളികള്‍ അനിതരസാധാരണമായ ത്യാഗങ്ങള്‍ സഹിച്ചതായും അദ്ദേഹം ഊന്നിപ്പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവ വേളയില്‍, വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ള ഈ സ്വാതന്ത്ര്യ സമര സേനാനികളുടെ പൈതൃകത്തിനും ചരിത്രത്തിനും ഗവണ്‍മെന്റ് പുനരുജ്ജീവനം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഇന്ന്, രാജ്യം മുഴുവനും അസമിന്റെ ചരിത്രവും അതിന്റെ സംഭാവനകളും പരിചയപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. അടുത്തിടെ ഡല്‍ഹിയില്‍ സംഘടിപ്പിച്ച അഷ്ടലക്ഷ്മി മഹോത്സവത്തെക്കുറിച്ച് പരാമര്‍ശിച്ച ശ്രീ മോദി, ആ പരിപാടിയിലും അസമിന്റെ കരുത്തും വൈദഗ്ധ്യവും പ്രാമുഖ്യം നല്‍കി പ്രകടിപ്പിച്ചിരുന്നതും ചൂണ്ടിക്കാട്ടി.

സാഹചര്യങ്ങള്‍ എന്തുതന്നെയായാലും, അസം എല്ലായ്‌പ്പോഴും രാജ്യത്തിന്റെ അഭിമാനത്തിന് വേണ്ടി ശബ്ദം നല്‍കിയിട്ടുണ്ടെന്നതിന് അടിവരയിട്ട പ്രധാനമന്ത്രി, ഭൂപെന്‍ ദായുടെ ഗാനങ്ങളില്‍ ഈ ചൈതന്യം പ്രതിഫലിക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു. 1962 ലെ യുദ്ധകാലത്ത് അസം സംഘര്‍ഷത്തിന് നേരിട്ട് സാക്ഷ്യം വഹിച്ചതായും ആ സമയത്ത് ഭൂപെന്‍ ദാ തന്റെ സംഗീതത്തിലൂടെ രാജ്യത്തിന്റെ ദൃഢനിശ്ചയത്തെ ഉയര്‍ത്തിയതായും അദ്ദേഹം അനുസ്മരിച്ചു. അക്കാലത്ത് ഇന്ത്യയിലെ ജനങ്ങളില്‍ പുതിയ ഊര്‍ജ്ജം പകര്‍ന്ന ഭൂപെന്‍ ദാ എഴുതിയ ഒരു ഗാനത്തിലെ വരികളും ശ്രീ മോദി ഉദ്ധരിച്ചു.

ഇന്ത്യയിലെ ജനങ്ങളില്‍ തുടരുന്ന ഉറച്ചതും അചഞ്ചലവുമായ മനോഭാവത്തിനും ദൃഢനിശ്ചയത്തിനും അടിവരയിട്ട പ്രധാനമന്ത്രി, ഓപ്പറേഷന്‍ സിന്ദൂറില്‍ വ്യക്തമായി കാണാനാകുന്നത് ഇതായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. പാകിസ്ഥാന്റെ ഭീകരവാദ ലക്ഷ്യങ്ങള്‍ക്ക് ഇന്ത്യ നിര്‍ണ്ണായകമായ മറുപടി നല്‍കിയെന്നും, രാജ്യത്തിന്റെ ശക്തി ലോകമെമ്പാടും പ്രതിധ്വനിച്ചുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ ഏതാരു ശത്രുവും ഒരു കോണിലും സുരക്ഷിതമായിരിക്കില്ലെന്ന് ഇന്ത്യ തെളിയിച്ചിട്ടുണ്ടെന്നത് പറഞ്ഞ ശ്രീ മോദി, നവഇന്ത്യ ഒരു സാഹചര്യത്തിലും അതിന്റെ സുരക്ഷയിലോ അഭിമാനത്തിലോ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

അസമിന്റെ സംസ്‌കാരത്തിന്റെ ഓരോ മാനവും ശ്രദ്ധേയവും അസാധാരണവുമാണെന്നത് പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. അസമിന്റെ സംസ്‌കാരം, അന്തസ്സ്, അഭിമാനം എന്നിവ അപാരമായ സാദ്ധ്യതകളുടെ ഉറവിടങ്ങളാണെന്നും അദ്ദേഹം പ്രസ്താവിച്ചു. അസമിന്റെ പരമ്പരാഗത വസ്ത്രധാരണം, പാചകരീതി, വിനോദസഞ്ചാരം, ഉല്‍പ്പന്നങ്ങള്‍ എന്നിവയെ സമ്പന്നമായ പൈതൃകത്തിന്റെയും അവസരത്തിന്റെയും മേഖലകളായും അദ്ദേഹം പരാമര്‍ശിച്ചു. ഇന്ത്യയ്ക്കുള്ളില്‍ മാത്രമല്ല, ലോകമെമ്പാടും ഈ ഘടകങ്ങള്‍ക്ക് അംഗീകാരം നല്‍കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അസമിന്റെ ഗമോച്ചയുടെ ബ്രാന്‍ഡിംഗിനെ വ്യക്തിപരമായി താന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നത് അഭിമാനത്തോടെ അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ എല്ലാ കോണുകളിലേക്കും അസമിന്റെ ഓരോ ഉല്‍പ്പന്നങ്ങളും എത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഭൂപെന്‍ ദായുടെ ജീവിതം മുഴുവന്‍ രാജ്യത്തിന്റെ ലക്ഷ്യങ്ങള്‍ക്കായാണ് സമര്‍പ്പിച്ചത്', എന്ന് ഉദ്‌ഘോഷിച്ച ശ്രീ മോദി, ഭൂപെന്‍ ദായുടെ ജന്മ ശതാബ്ദി വേളയില്‍, രാജ്യത്തിനുവേണ്ടി സ്വാശ്രയത്വം കൈവരിക്കാന്‍ നാം പ്രതിജ്ഞയെടുക്കണമെന്നും അഭിപ്രായപ്പെട്ടു. പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ശബ്ദ (വോക്കല്‍ ഫോര്‍ ലോക്കല്‍) പ്രസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാകാന്‍ അസമിലെ തന്റെ സഹോദരീസഹോദരന്മാരോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തദ്ദേശീയ ഉല്‍പ്പന്നങ്ങളില്‍ അഭിമാനിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, എല്ലാവരും തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ മാത്രം വാങ്ങുകയും വില്‍ക്കുകയും ചെയ്യണമെന്ന് ആഹ്വാനവും ചെയ്തു. ഈ സംഘടിതപ്രവര്‍ത്തനങ്ങള്‍ എത്ര വേഗത്തില്‍ ത്വരിതപ്പെടുത്തുന്നുവോ അത്രയും വേഗത്തില്‍ വികസിത ഇന്ത്യ എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

 

13 വയസ്സുള്ളപ്പോള്‍ ഭൂപെന്‍ ദാ എഴുതിയ ഒരു ഗാനത്തെക്കുറിച്ച് പരാമര്‍ശിച്ച ശ്രീ മോദി, ഈ ഗാനത്തില്‍ തന്നെ സ്വയം ഒരു ജ്വാല കണ്ട ഭൂപേന്‍ ദാ നവഇന്ത്യ കെട്ടിപ്പടുക്കാനുള്ള പ്രതിജ്ഞ ചെയ്തുവെന്നും അഭിപ്രായപ്പെട്ടു. അടിച്ചമര്‍ത്തപ്പെട്ടവരും നിഷേധിക്കപ്പെട്ടവരുമായ ഓരോ വ്യക്തിയും അവരുടെ ശരിയായ സ്ഥാനം വീണ്ടെടുക്കുന്ന ഒരു രാഷ്ട്രത്തെ അദ്ദേഹം വിഭാവനം ചെയ്തു. അന്ന് ഭൂപെന്‍ ദാ കണ്ട ഒരു നവ ഇന്ത്യയെക്കുറിച്ചുള്ള സ്വപ്‌നം ഇപ്പോള്‍ രാജ്യത്തിന്റെ കൂട്ടായ ദൃഢനിശ്ചയമായി മാറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രതിബദ്ധതയോടൊപ്പം അണിനിരക്കാന്‍ അദ്ദേഹം എല്ലാവരേയും ആഹ്വാനം ചെയ്തു. എല്ലാ ശ്രമങ്ങളുടെയും എല്ലാ പ്രതിജ്ഞകളുടെയും കേന്ദ്രബിന്ദുവായി 2047 ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യം മാറേണ്ട സമയമാണിതെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, ഈ ദൗത്യത്തിനുള്ള പ്രചോദനം ഭൂപെന്‍ ദായുടെ ഗാനങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നുമാണെന്നും പറഞ്ഞു. ഈ പ്രതിജ്ഞകള്‍ ഭൂപെന്‍ ദായുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് പ്രസംഗം ഉപസംഹരിച്ച അദ്ദേഹം ഭൂപെന്‍ ദായുടെ ജന്മ ശതാബ്ദി വേളയിൽ എല്ലാ പൗരന്മാര്‍ക്കും ഒരിക്കല്‍ക്കൂടി ആശംസകളും നേര്‍ന്നു.

ആസാം ഗവര്‍ണര്‍ ശ്രീ ലക്ഷ്മണ്‍ പ്രസാദ് ആചാര്യ, അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശര്‍മ്മ, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡു, കേന്ദ്രമന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

ഗുവാഹത്തിയില്‍ നടന്ന ഭാരതരത്‌ന ഡോ. ഭൂപെന്‍ ഹസാരികയുടെ 100-ാം ജന്മവാര്‍ഷികാഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തു. അസമീസ് സംഗീതം, സാഹിത്യം, സംസ്‌കാരം എന്നിവയ്ക്ക് സമാനതകളില്ലാത്തനല്‍കിയ സംഭാവനകള്‍ നല്‍കിയ ഡോ. ഹസാരികയുടെ ജീവിതത്തെയും പാരമ്പര്യത്തെയും ആദരിക്കുന്നതാണ് ഈ ആഘോഷം.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
WEF Davos: Industry leaders, policymakers highlight India's transformation, future potential

Media Coverage

WEF Davos: Industry leaders, policymakers highlight India's transformation, future potential
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജനുവരി 20
January 20, 2026

Viksit Bharat in Motion: PM Modi's Reforms Deliver Jobs, Growth & Global Respect