ഏകദേശം 17,000 കോടി രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിന് സമര്‍പ്പിക്കലും നിര്‍വഹിച്ചു
പഞ്ചായത്ത് തലത്തില്‍ പൊതു സംഭരണത്തിനായി സംയോജിത ഇഗ്രാമസ്വരാജും, ജെം പോര്‍ട്ടലും ഉദ്ഘാടനം ചെയ്തു
ഏകദേശം 35 ലക്ഷം സ്വാമിത്വ ആസ്തി കാര്‍ഡുകള്‍ കൈമാറി
പി.എം.എ.വൈ-ജിയുടെ കീഴിലുള്ള 4 ലക്ഷത്തിലധികം ഗുണഭോക്താക്കളുടെ ഗൃഹപ്രവേശത്തില്‍ പങ്കെടുത്തു
റെയില്‍വേയുടെ 2300 കോടി രൂപയുടെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിപ്പിക്കലും നിര്‍വഹിച്ചു
ജല്‍ ജീവന്‍ മിഷനു കീഴില്‍ ഏകദേശം 7,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് തറക്കല്ലിട്ടു
''പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ ജനാധിപത്യത്തിന്റെ ചൈതന്യം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം നമ്മുടെ പൗരന്മാരുടെ വികസന അഭിലാഷങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നു''
''അമൃത് കാലില്‍, നാം ഒരു വികസിത ഇന്ത്യ സ്വപ്‌നം കാണുകയും അത് നേടിയെടുക്കുന്നതിനായി അഹോരാത്രം പ്രയത്‌നിക്കുകയും ചെയ്യുന്നു''
''രാജ്യം 2014 മുതല്‍, അതിന്റെ പഞ്ചായത്തുകളുടെ ശാക്തീകരണ ലക്ഷ്യം ഏറ്റെടുത്തു, അതിന്റെ ഫലങ്ങള്‍ ഇന്ന് ദൃശ്യമാണ്''
''ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഈ കാലഘട്ടത്തില്‍, പഞ്ചായത്തുകളും സ്മാര്‍ട്ടാക്കപ്പെടുന്നു''
''രാജ്യത്തെ ഓരോ പഞ്ചായത്തും, ഓരോ സ്ഥാപനവും, ഓരോ പ്രതിനിധിയും, ഓരോ പൗരനും വികസിത ഇന്ത്യക്കായി ഒന്നിക്കേണ്ടതുണ്ട്''
''പ്രകൃതി കൃഷിയെക്കുറിച്ച് പൊതുജന ബോധവല്‍ക്കരണം നമ്മുടെ പഞ്ചായത്തുകള്‍ നടത്തണം''

ദേശീയ പഞ്ചായത്തിരാജ് ദിനാചരണത്തെ ഇന്ന് മദ്ധ്യപ്രദേശിലെ രേവയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഏകദേശം 17,000 കോടി രൂപയുടെ പദ്ധതികളുടെ തറക്കല്ലിലും രാഷ്ട്രത്തിന് സമര്‍പ്പിക്കലും അദ്ദേഹം നിര്‍വഹിച്ചു.

മാ വിദ്യാവാസിനിയെയും ധീരതയുടെ നാടിനെയും വണങ്ങിയാണ് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗം പ്രധാനമന്ത്രി ആരംഭിച്ചത്. തന്റെ മുന്‍ സന്ദര്‍ശനങ്ങളും ഇവിടുത്തെ ജനങ്ങളുടെ സ്‌നേഹവും അദ്ദേഹം അനുസ്മരിച്ചു. രാജ്യത്തുടനീളമുള്ള 30 ലക്ഷത്തിലധികം പഞ്ചായത്ത് പ്രതിനിധികളുടെ വെര്‍ച്വല്‍ സാന്നിദ്ധ്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വ്യക്തമായ ചിത്രമാണ് അവതരിപ്പിക്കുന്നതെന്ന് പറഞ്ഞു. ഇവിടെ സന്നിഹിതരായിട്ടുള്ള ഓരോരുത്തരുടെയും പ്രവര്‍ത്തന പരിധി വ്യത്യസ്തമായിരിക്കാം, എന്നാല്‍ രാജ്യത്തെ സേവിക്കുന്നതിലൂടെ പൗരന്മാരെ സേവിക്കുക എന്ന പൊതു ലക്ഷ്യത്തിനായാണ് എല്ലാവരും പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രാമങ്ങള്‍ക്കും ദരിദ്രര്‍ക്കും വേണ്ടിയുള്ള ഗവണ്‍മെന്റ് പദ്ധതികള്‍ പഞ്ചായത്തുകള്‍ പൂര്‍ണ സമര്‍പ്പണത്തോടെ നടപ്പാക്കുന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

 

ഇത് പഞ്ചായത്തുകളുടെ പ്രവര്‍ത്തനം സുഗമമാക്കുമെന്ന് പഞ്ചായത്ത് തലത്തില്‍ പൊതു സംഭരണത്തിനായുള്ള ഇഗ്രാമസ്വരാജ് ജെം പോര്‍ട്ടല്‍ എന്നിവയെ പരാമര്‍ശിച്ചുകൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. 35 ലക്ഷം സ്വാമിത്വ ആസ്തി കാര്‍ഡുകളുടെ വിതരണത്തേയും മദ്ധ്യപ്രദേശിന്റെ വികസനത്തിനായി റെയില്‍വേ, പാര്‍പ്പിടം, വെള്ളം, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട് 17000 കോടി രൂപയുടെ പദ്ധതികളേയും അദ്ദേഹം പരാമര്‍ശിച്ചു.
സ്വാതന്ത്ര്യത്തിന്റെ അമൃത് കാലില്‍ വികസിത ഇന്ത്യ എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനായി ഓരോ പൗരനും തികഞ്ഞ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു വികസിത രാഷ്ട്രം സൃഷ്ടിക്കുന്നതിനായി ഇന്ത്യയിലെ ഗ്രാമങ്ങളിലെ സാമൂഹിക സ്ഥിതിയും സമ്പദ്‌വ്യവസ്ഥയും പഞ്ചായത്തി രാജ് സംവിധാനവും വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. മുന്‍ ഗവണ്‍മെന്റുകള്‍ പഞ്ചായത്തുകളോട് കാണിച്ചിരുന്ന വിവേചനത്തില്‍ നിന്ന് വ്യത്യസ്ഥമായി നിലവിലെ ഗവണ്‍മെന്റ് ശക്തമായ ഒരു സംവിധാനം സൃഷ്ടിക്കുന്നതിനും അതിന്റെ വ്യാപ്തി വിപുലീകരിക്കുന്നതിനുമായി അക്ഷീണം പ്രയത്‌നിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ഉയര്‍ച്ച പരിഗണിക്കുമ്പോള്‍ പഞ്ചായത്തുകളുടെ ഗ്രാന്റ് തുച്ഛമായ 70,000 കോടിയില്‍ താഴെയാണ് ധനകാര്യ കമ്മീഷന്‍ അനുവദിച്ചതെന്നും എന്നാല്‍ 2014 ന് ശേഷം ഈ ഗ്രാന്റ് 2 ലക്ഷം കോടിയില്‍ അധികമായി വര്‍ദ്ധിപ്പിച്ചതായും 2014-ന് മുന്‍പുള്ള മുന്‍ ഗവണ്‍മെന്റുകളുടെ പരിശ്രമങ്ങളുടെ അഭാവത്തിലേക്ക് വെളിച്ചത്ത് വീശിക്കൊണ്ട് പ്രധാനമന്ത്രി അറിയിച്ചു. 2014-ന് ഒരു ദശാബ്ദത്തിന് മുമ്പ് 6,000 പഞ്ചായത്ത് ഭവനുകള്‍ മാത്രമാണ് നിര്‍മ്മിച്ചത്, എന്നാല്‍ ഇപ്പോഴത്തെ ഗവണ്‍മെന്റ് കഴിഞ്ഞ 8 വര്‍ഷത്തിനിടെ 30,000-ത്തിലധികം പഞ്ചായത്ത് ഭവനുകള്‍ നിര്‍മ്മിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നത്തെ ഗവണ്‍മെന്റ് നിലവില്‍ വന്നശേഷം രണ്ടു ലക്ഷം ഗ്രാമപഞ്ചായത്തുകള്‍ക്ക് ഒപ്റ്റിക്കല്‍ ഫൈബര്‍ ബന്ധിപ്പിക്കല്‍ ലഭിച്ചിട്ടുണ്ട്, അതുമായി താരതമ്യം ചെയ്യുമ്പോള്‍ മുന്‍പ് വെറും 70 താഴെ പഞ്ചായത്തുകള്‍ക്ക് മാത്രമാണ് ഒപ്റ്റിക്കല്‍ ഫൈബര്‍ ബന്ധിപ്പിക്കല്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം മുന്‍ ഗവണ്‍മെന്റുകള്‍ നിലവിലുള്ള പഞ്ചായത്തീരാജ് സംവിധാനത്തില്‍ കാണിച്ച വിശ്വാസക്കുറവും അദ്ദേഹം ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി പഞ്ചായത്തീരാജ് അവഗണിക്കപ്പെട്ടത് മഹാത്മാഗാന്ധിയുടെ പ്രത്യയശാസ്ത്രത്തിന് മുന്‍ ഭരണാധികാരികള്‍ ഒട്ടും തന്നെ ശ്രദ്ധ നല്‍കാത്തതുകൊണ്ടാണെന്ന് ''ഇന്ത്യ അതിന്റെ ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്'' എന്ന മഹാത്മാഗാന്ധിയുടെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട്, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് ഇന്ത്യയുടെ വികസനത്തിന്റെ ഒരു ജീവശക്തിയായി പഞ്ചായത്തുകള്‍ ഉയര്‍ന്നുവരുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''ഗ്രാമപഞ്ചായത്ത് വികാസ് യോജന പഞ്ചായത്തുകളെ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു'', ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.
 

ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം നികത്താന്‍ ഗവണ്‍മെന്റ് അശ്രാന്ത പരിശ്രമം നടത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഈ കാലത്ത് പഞ്ചായത്തുകളെ സ്മാര്‍ട്ടാക്കുന്നു. പഞ്ചായത്തുകള്‍ ഏറ്റെടുക്കുന്ന പദ്ധതികളില്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുകയും, പദ്ധതി പൂര്‍ത്തീകരിക്കുകയും മറ്റും ചെയ്യുന്ന അമൃത് സരോവര്‍ ഉദാഹരണമായി പ്രധാനമന്ത്രി പറഞ്ഞു. പഞ്ചായത്ത് തലത്തില്‍ പൊതു സംഭരണത്തിനുള്ള ജെം പോര്‍ട്ടല്‍ പഞ്ചായത്തുകളുടെ സംഭരണം സുഗമവും സുതാര്യവുമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക കുടില്‍ വ്യവസായം അവരുടെ വില്‍പ്പനയ്ക്ക് ശക്തമായ ഒരു വഴി കണ്ടെത്തുകയും ചെയ്യും, പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി സ്വാമിത്വ പദ്ധതിയിലെ സാങ്കേതികവിദ്യയുടെ പ്രയോജനത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. പദ്ധതി ഗ്രാമങ്ങളിലെ സ്വത്തവകാശത്തിന്റെ രംഗം മാറ്റുന്നതിനൊപ്പം തര്‍ക്കങ്ങളും വ്യവഹാരങ്ങളും കുറയ്ക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. ഡ്രോണ്‍ സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ യാതൊരു വിവേചനവുമില്ലാതെ ജനങ്ങള്‍ക്ക് സ്വത്ത് രേഖകള്‍ ഉറപ്പാക്കുന്നു. രാജ്യത്തെ 75,000 ഗ്രാമങ്ങളില്‍ ആസ്തി കാര്‍ഡിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയായതായി അദ്ദേഹം അറിയിച്ചു. ഈ ദിശയിലുള്ള മികച്ച പ്രവര്‍ത്തനത്തിന് മദ്ധ്യപ്രദേശ് സര്‍ക്കാരിനെ അദ്ദേഹം പ്രശംസിച്ചു.

 

ചിന്ദ്വാരയുടെ വികസനത്തോടുള്ള അനാസ്ഥ പരാമര്‍ശിച്ച പ്രധാനമന്ത്രി ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ചിന്താഗതിയെ കുറ്റപ്പെടുത്തി. സ്വാതന്ത്ര്യാനന്തരം ഗ്രാമീണ മേഖലയുടെ അടിസ്ഥാന ആവശ്യങ്ങള്‍ അവഗണിച്ചുകൊണ്ട് ഭരണകക്ഷികള്‍ ഗ്രാമീണ ദരിദ്രരുടെ വിശ്വാസം തകര്‍ത്തുവെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വസിക്കുന്ന ഗ്രാമങ്ങളോട് വിവേചനം കാണിക്കുന്നതിലൂടെ രാജ്യത്തിന് പുരോഗതി കൈവരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 2014 ന് ശേഷം ഗ്രാമീണ സമ്പദ്‌വ്യവസ്ഥ, ഗ്രാമങ്ങളിലെ സൗകര്യങ്ങള്‍, ഗ്രാമങ്ങളുടെ താല്‍പ്പര്യങ്ങള്‍ എന്നിവയ്ക്ക് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കിയതായി അദ്ദേഹം പറഞ്ഞു. ഉജ്ജ്വല, പ്രധാനമന്ത്രി ആവാസ് തുടങ്ങിയ പദ്ധതികള്‍ ഗ്രാമങ്ങളില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയെന്നും അദ്ദേഹം പറഞ്ഞു. പി.എം.എ.വൈയിലെ 4.5 കോടി വീടുകളില്‍ 3 കോടി വീടുകളും ഗ്രാമപ്രദേശങ്ങളിലാണെന്നും അതും ഭൂരിപക്ഷവും സ്ത്രീകളുടെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ നിര്‍മിക്കുന്ന ഓരോ വീടിനും ഒരു ലക്ഷത്തിലധികം രൂപ ചിലവ് വരുമെന്ന് ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകളെ ലക്ഷാധിപതി ദീദികള്‍ (കോടീശ്വരികള്‍) ആക്കിക്കൊണ്ട് അവരുടെ ജീവിതത്തെ ഗവണ്‍മെന്റ് മാറ്റിമറിച്ചെന്നും പറഞ്ഞു. 4 ലക്ഷത്തിലധികം കുടുംബങ്ങള്‍ ഇന്ന് പക്കാ വീടുകളില്‍ ഗൃഹപ്രവേശം നടത്തിയിട്ടുണ്ടെന്ന് അറിയിച്ച അദ്ദേഹം ഇപ്പോള്‍ വീട്ടുടമകളായി മാറിയ സഹോദരിമാരെ അഭിനന്ദിക്കുകയും ചെയ്തു.

 

പ്രധാനമന്ത്രി സൗഭാഗ്യ യോജനയെ സ്പര്‍ശിച്ച പ്രധാനമന്ത്രി, വൈദ്യുതി ലഭിച്ച 2.5 കോടി വീടുകളില്‍ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളിലാണെന്നും ഹര്‍ ഘര്‍ ജല്‍ യോജനയിലൂടെ ഗ്രാമീണമേഖലയിലെ 9 കോടിയിലധികം വീടുകള്‍ക്ക് ടാപ്പിലൂടെയുള്ള കുടിവെള്ള കണക്ഷനുകള്‍ ലഭ്യമാക്കിയെന്നും അറിയിച്ചു. മൃന്‍പ് മദ്ധ്യപ്രദേശില്‍ 13 ലക്ഷം വീടുകളിലെ ടാപ്പ് കണക്ഷനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് ഏകദേശം 60 ലക്ഷം വീടുകളില്‍ ടാപ്പ് കണക്ഷനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗ്രാമീണ ജനതയില്‍ ഭൂരിഭാഗത്തിനും ബാങ്ക് അക്കൗണ്ടുകളോ ബാങ്കുകളില്‍ നിന്നുള്ള സേവനങ്ങളോ ലഭിച്ചിരുന്നില്ലെന്ന് ബാങ്കുകളിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കമുള്ള പ്രാപ്ത്യതയുടെ ആവശ്യകതയ്ക്ക് ഊന്നല്‍ നല്‍കികൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതിന്റെ ഫലമായി, മുന്‍കാലങ്ങളില്‍ ഗുണഭോക്താക്കള്‍ക്ക് അയച്ചിരുന്ന ധനസഹായങ്ങള്‍ അവരില്‍ എത്തുന്നതിന് മുമ്പ് കൊള്ളയടിക്കപ്പെട്ടുവെന്നും പ്രധാനമന്ത്രി തുടര്‍ന്നു പറഞ്ഞു. 40 കോടിയിലധികം ഗ്രാമവാസികള്‍ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചതായും ഇന്ത്യ പോസ്റ്റ് ഓഫീസ് വഴി ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിലൂടെ ബാങ്കുകളുടെ വ്യാപനം വര്‍ദ്ധിപ്പിച്ചതായും ജന്‍ധന്‍ യോജനയില്‍ വെളിച്ചം വീശിക്കൊണ്ട്, പ്രധാനമന്ത്രി അറിയിച്ചു. ഗ്രാമങ്ങളിലെ ജനങ്ങളെ കൃഷിയിലായാലും വ്യാപാരത്തിലായാലും സകല കാര്യങ്ങളിലും സഹായിക്കുന്ന ബാങ്ക് മിത്രകളുടെയും പരിശീലനം ലഭിച്ച ബാങ്ക് സഖിമാരുടെയും ഉദാഹരണവും അദ്ദേഹം നല്‍കി.

 

ഗ്രാമങ്ങളെ വോട്ട് ബാങ്കുകളായി കണക്കാക്കാത്തതിനാല്‍ ഗ്രാമങ്ങള്‍ക്കായി പണം ചെലവഴിക്കുന്നത് ഒഴിവാക്കിയിരുന്നതായി, മുന്‍ ഗവണ്‍മെന്റുകള്‍ ഇന്ത്യയിലെ ഗ്രാമങ്ങളോട് കാട്ടിയ വലിയ അനീതിയിലേക്ക് വെളിച്ചം വീശിക്കൊണ്ട്, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഹര്‍ ഘര്‍ ജല്‍ യോജനയ്ക്കായി 3.5 ലക്ഷം കോടിയിലധികവും പ്രധാനമന്ത്രി ആവാസ് യോജനയ്ക്കായി ലക്ഷക്കണക്കിന് കോടി രൂപയും പതിറ്റാണ്ടുകളായി അപൂര്‍ണമായി കിടക്കുന്ന ജലസേചന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ഒരുലക്ഷം കോടിയും പി.എം. സഡക് അഭിയാന് ആയിരക്കണക്കിന് കോടി രൂപയും ചെലവഴിച്ചുകൊണ്ട് ഗ്രാമങ്ങളിലെ വികസനത്തിന്റെ വാതിലുകള്‍ ഇപ്പോഴത്തെ ഗവണ്‍മെന്റ് തുറന്നിട്ടുവെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് കീഴില്‍ പോലും, ഏകദേശം 2.5 ലക്ഷം കോടി രൂപ ഗവണ്‍മെന്റ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി, ഇതില്‍ നിന്നും പദ്ധതിയുടെ ഭാഗമായി മദ്ധ്യപ്രദേശിലെ 90 ലക്ഷം കര്‍ഷകര്‍ക്ക് 18,500 രൂപ ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ''രേവയിലെ കര്‍ഷകര്‍ക്കും ഈ ഫണ്ടില്‍ നിന്ന് 500 കോടി രൂപ ലഭിച്ചിട്ടുണ്ട്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.എസ്.പി (താങ്ങുവില) വര്‍ദ്ധനയ്ക്ക് പുറമേ ആയിരക്കണക്കിന് കോടി രൂപ ഗ്രാമങ്ങളില്‍ എത്തിയിട്ടുണ്ടെന്നും കൊറോണ കാലത്ത് തൊട്ട് കഴിഞ്ഞ മൂന്നുവര്‍ഷമായി 3 ലക്ഷം കോടി രൂപയിലധികത്തിന്റെ ചെലവിട്ട് ഗവണ്‍മെന്റ് പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷങ്ങളില്‍ മാത്രം 24 ലക്ഷം കോടി രൂപയുടെ സഹായം നല്‍കികൊണ്ട് ഗ്രാമങ്ങളില്‍ തൊഴിലും സ്വയം തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുകയാണ് കേന്ദ്ര ഗവണ്‍മെന്റ് ചെയ്തതെന്ന് മുദ്ര യോജനയെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി അറിയിച്ചു. ഇക്കാരണത്താല്‍, കോടിക്കണക്കിന് ആളുകള്‍ക്ക് ഗ്രാമങ്ങളില്‍ സ്വയം തൊഴില്‍ ആരംഭിക്കാനായി സ്ത്രീകളായിരുന്നു ഇതിലെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍. കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍ മദ്ധ്യപ്രദേശില്‍ നിന്നുള്ള 50 ലക്ഷത്തിലധികം സ്ത്രീകള്‍ ഉള്‍പ്പെടെ 9 കോടി സ്ത്രീകള്‍ സ്വയം സഹായ സംഘങ്ങളില്‍ ചേര്‍ന്നിട്ടുണ്ടെന്നും ഓരോ സ്വയം സഹായത്തിനും ബാങ്ക് ഗ്യാരന്റി ഇല്ലാതെ ഗവണ്‍മെന്റ് 20 ലക്ഷം രൂപ വരെ വായ്പ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ശ്രീ മോദി അറിയിച്ചു.'' ഇന്ന് നിരവധി ചെറുകിട വ്യവസായങ്ങളുടെ അധികാരം കൈകാര്യം ചെയ്യുന്നത് സ്ത്രീകളാണ്'', എല്ലാ ജില്ലയിലും സംസ്ഥാന ഗവണ്‍മെന്റ് സ്ഥാപിച്ച ദീദി കഫേയെ പരാമര്‍ശിച്ച് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മദ്ധ്യപ്രദേശിലെ സ്ത്രീശക്തിയെ അഭിനന്ദിച്ച ശ്രീ മോദി, കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ട 17,000 ത്തോളം സ്ത്രീകള്‍ പഞ്ചായത്ത് പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു.

സബ്കാ വികാസിലൂടെ (എല്ലാവരുടെയും വികസനത്തിലൂടെ) വികസിത ഭാരതം കൈവരിക്കുന്നതിനുള്ള ശക്തമായ ഒരു സംരംഭമായിരിക്കും ഇതെന്ന് ഇന്ന് ആരംഭിച്ച സമാവേശി അഭിയാനെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ''വികസിത ഇന്ത്യക്കായി രാജ്യത്തെ ഓരോ പഞ്ചായത്തും, ഓരോ സ്ഥാപനവും, ഓരോ പ്രതിനിധിയും, ഓരോ പൗരനും ഒന്നിക്കേണ്ടതുണ്ട്. എല്ലാ അടിസ്ഥാന സൗകര്യങ്ങളും 100% ഗുണഭോക്താക്കളിലും വേഗത്തിലും യാതൊരു വിവേചനവുമില്ലാതെ എത്തുമ്പോള്‍ മാത്രമേ ഇത് സാദ്ധ്യമാകൂ'', അദ്ദേഹം പറഞ്ഞു.

 

കൃഷിയുടെ പുതിയ സംവിധാനങ്ങളെക്കുറിച്ച് പഞ്ചായത്തുകള്‍ ബോധവല്‍ക്കരണം നടത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി തറപ്പിച്ചുപറഞ്ഞു. പ്രകൃതി കൃഷി പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് അദ്ദേഹം പ്രത്യേകം ഊന്നലും നല്‍കി. ചെറുകിട കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും മൃഗസംരക്ഷണത്തിനും വേണ്ടിയുള്ള സംരംഭത്തില്‍ പഞ്ചായത്തുകള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്, ''വികസനവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും നിങ്ങള്‍ ഏര്‍പ്പെടുമ്പോള്‍, രാജ്യത്തിന്റെ കൂട്ടായ ശ്രമങ്ങളും ശക്തിപ്പെടും. അമൃത് കാലില്‍ ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ഊര്‍ജമായി ഇത് മാറും''അദ്ദേഹം പറഞ്ഞു.

ഇന്നത്തെ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടികൊണ്ട്, ചിന്ദ്വാര-നൈന്‍പൂര്‍-മണ്ട്‌ല ഫോര്‍ട്ട് റെയില്‍ പാതയുടെ വൈദ്യുതീകരണത്തെ കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഇത് ഈ പ്രദേശത്തെ ജനങ്ങളുടെ ഡല്‍ഹി-ചെന്നൈ, ഹൗറ-മുംബൈ എന്നിവിടങ്ങളിലേക്കുള്ള ബന്ധിപ്പിക്കല്‍ കൂടുതല്‍ സുഗമമാക്കുകയും ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് പ്രയോജനകരമാകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ചിന്ദ്വാര-നൈന്‍പൂരിലേക്ക് ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്ത പുതിയ ട്രെയിനുകളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിക്കുകയും നിരവധി പട്ടണങ്ങളേയും ഗ്രാമങ്ങളേയും അവരുടെ ജില്ലാ ആസ്ഥാനമായ ചിന്ദ്വാര, സിയോണി എന്നിവയുമായി നേരിട്ട് ബന്ധിപ്പിക്കുമെന്നും നാഗ്പൂര്‍, ജബല്‍പൂര്‍ എന്നിവിടങ്ങളിലേക്ക് പോകുന്നത് വളരെ എളുപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ വന്യജീവി സമ്പന്നതയെ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുന്നത് വിനോദസഞ്ചാരത്തിന് പ്രോത്സാഹനമാകുമെന്നും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പറഞ്ഞു. ''ഇതാണ് ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ ശക്തി'', പ്രധാനമന്ത്രി പറഞ്ഞു.

ഈ ഞായറാഴ്ച 100 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കുന്ന മനസുപറഞ്ഞത് (മന്‍ കി ബാത്ത്) പരിപാടിയോട് എല്ലാവരും കാണിക്കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും പ്രധാനമന്ത്രി എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ട് പ്രസംഗം അവസാനിപ്പിച്ചു. മനസുപറഞ്ഞതില്‍ (മന്‍ കി ബാത്തില്‍) മദ്ധ്യപ്രദേശിലെ ജനങ്ങളുടെ വിവിധ നേട്ടങ്ങളെ ഉയര്‍ത്തിക്കാട്ടിയത് പരാമര്‍ശിച്ച പ്രധാനമന്ത്രി, നൂറാം എപ്പിസോഡ് കേള്‍ക്കാനും എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

മദ്ധ്യപ്രദേശ് ഗവര്‍ണര്‍, ശ്രീ മംഗുഭായ് പട്ടേല്‍, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി, ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍, കേന്ദ്ര ഗ്രാമവികസന, പഞ്ചായത്തീരാജ് മന്ത്രി ശ്രീ ഗിരിരാജ് സിംഗ്, കേന്ദ്ര സഹമന്ത്രിമാരായ ശ്രീ ഫഗ്ഗന്‍ കുലസ്‌തെ, സാധ്വി നിരഞ്ജന്‍ ജ്യോതി, ശ്രീ കപില്‍ മൊരേശ്വര്‍ പാട്ടീല്‍ , പാര്‍ലമെന്റ് അംഗങ്ങള്‍ മദ്ധ്യപ്രദേശ് ഗവണ്‍മെന്റിന്റെ മന്ത്രിമാരും എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം
ദേശീയ പഞ്ചായത്തിരാജ് ദിനാചരണത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി രാജ്യത്തങ്ങളോമിങ്ങോളമുള്ള ഗ്രാമസഭകളെയും പഞ്ചായത്തീരാജ് സ്ഥാപനങ്ങളെയും അഭിസംബോധന ചെയ്തു. പരിപാടിയില്‍, പഞ്ചായത്ത് തലത്തില്‍ പൊതു സംഭരണത്തിനായുള്ള ഒരു സംയോജിത ഇഗ്രാമസ്വരാജ്, ജെം പോര്‍ട്ടല്‍ എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇഗ്രാമസ്വരാജ്-ഗവണ്‍മെന്റ് മാര്‍ക്കറ്റ് പ്ലേസ് സംയോജനത്തിന്റെ ലക്ഷ്യം ഇഗ്രാമസ്വരാജ് പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തി, ജെം വഴി അവരുടെ ചരക്കുകളും സേവനങ്ങളും വാങ്ങാന്‍ പഞ്ചായത്തുകളെ പ്രാപ്തരാക്കുക എന്നതാണ്.

ഗവണ്‍മെന്റിന്റെ പദ്ധതികളുടെ പരിപൂര്‍ണ്ണത ഉറപ്പാക്കുന്നതിന് ജനപങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെ, “विकास की ओर साझे क़दम” എന്ന പേരില്‍ ഒരു സംഘടിത പ്രവര്‍ത്തനവും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. അവസാന ആളില്‍വരെ എത്തുക എന്ന ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനമായിരിക്കും സംഘടിതപ്രവര്‍ത്തനത്തിന്റെ പ്രമേയം.

35 ലക്ഷത്തോളം സ്വമിത്വ ആസ്തി കാര്‍ഡുകള്‍ പ്രധാനമന്ത്രി ഗുണഭോക്താക്കള്‍ക്ക് കൈമാറുകയും ചെയ്തു. ഈ പരിപാടിക്ക് ശേഷം, ഇവിടെ വിതരണം ചെയ്തവ ഉള്‍പ്പെടെ രാജ്യത്ത് 1.25 കോടി ആസ്തി കാര്‍ഡുകള്‍ സ്വാമിത്വ പദ്ധതിക്ക്് കീഴില്‍ വിതരണം ചെയ്തിട്ടുണ്ട്. എല്ലാവര്‍ക്കും വീട് എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിലേക്ക് ചുവടുവെച്ചുകൊണ്ട് പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമിന് കീഴിലുള്ള 4 ലക്ഷത്തിലധികം ഗുണഭോക്താക്കളുടെ ഗൃഹപ്രവേശം അടയാളപ്പെടുത്തുന്ന പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുത്തു.
ഏകദേശം 2,300 കോടിയോളം രൂപയുടെ വിവിധ റെയില്‍വേ പദ്ധതികളുടെ പ്രധാനമന്ത്രി തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിച്ചു. വിവിധ ഇരട്ടിപ്പിക്കല്‍, ഗേജ് പരിവര്‍ത്തനം, വൈദ്യുതീകരണ പദ്ധതികള്‍ എന്നിവയ്‌ക്കൊപ്പം മദ്ധ്യപ്രദേശിലെ 100 ശതമാനം റെയില്‍ വൈദ്യുതീകരണവും പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ഗ്വാളിയോര്‍ സ്‌റ്റേഷന്റെ പുനര്‍വികസനത്തിനും അദ്ദേഹം തറക്കല്ലിട്ടു.

ജല്‍ ജീവന്‍ മിഷനു കീഴില്‍ ഏകദേശം 7,000 കോടി രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Rocking concert economy taking shape in India

Media Coverage

Rocking concert economy taking shape in India
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister expresses gratitude to the Armed Forces on Armed Forces Flag Day
December 07, 2025

The Prime Minister today conveyed his deepest gratitude to the brave men and women of the Armed Forces on the occasion of Armed Forces Flag Day.

He said that the discipline, resolve and indomitable spirit of the Armed Forces personnel protect the nation and strengthen its people. Their commitment, he noted, stands as a shining example of duty, discipline and devotion to the nation.

The Prime Minister also urged everyone to contribute to the Armed Forces Flag Day Fund in honour of the valour and service of the Armed Forces.

The Prime Minister wrote on X;

“On Armed Forces Flag Day, we express our deepest gratitude to the brave men and women who protect our nation with unwavering courage. Their discipline, resolve and spirit shield our people and strengthen our nation. Their commitment stands as a powerful example of duty, discipline and devotion to our nation. Let us also contribute to the Armed Forces Flag Day fund.”