പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഏപ്രിൽ 22-നു സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ജിദ്ദയിലെ രാജകൊട്ടാരത്തിൽ സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രധാനമന്ത്രി ശ്രീ മോദിയെ സ്വീകരിച്ച് ആചാരപരമായ സ്വീകരണം നൽകി.

പ്രധാനമന്ത്രി ശ്രീ ​മോദിയും സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഔദ്യോഗിക ചർച്ചകൾ നടത്തുകയും ഇന്ത്യ-സൗദി അറേബ്യ തന്ത്രപരമായ പങ്കാളിത്തസമിതിയുടെ (SPC) രണ്ടാം യോഗത്തിൽ സംയുക്ത അധ്യക്ഷത വഹിക്കുകയും ചെയ്തു. പഹൽഗാമിലെ ഭീകരാക്രമണത്തെ സൗദി കിരീടാവകാശി ശക്തമായി അപലപിക്കുകയും നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഭീകരതയ്ക്കെതിരെ ശക്തിയോടെ പോരാടുമെന്ന് ഇരുനേതാക്കളും ദൃഢനി‌ശ്ചയം ചെയ്തു.

 

2023 സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടന്ന അവസാനയോഗത്തിനുശേഷം സമിതിക്കുകീഴിലുള്ള പുരോഗതി നേതാക്കൾ അവലോകനം ചെയ്തു. ഇരുരാജ്യങ്ങളിലും വിശ്വാസവും പരസ്പരധാരണയും വളർത്തിയെടുക്കാൻ സഹായിച്ച വിവിധ മന്ത്രാലയങ്ങളിലെ ഉന്നതതല സന്ദർശനങ്ങളെയും നേതാക്കൾ അഭിനന്ദിച്ചു. ഊർജം, പ്രതിരോധം, വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിലെ സഹകരണത്തെക്കുറിച്ച് ഇരുനേതാക്കളും ചർച്ചചെയ്തു. സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹത്തിനു നൽകിയ പിന്തുണയ്ക്കും ക്ഷേമത്തിനും പ്രധാനമന്ത്രി രാജാവിനു നന്ദി പറഞ്ഞു. ഇന്ത്യൻ ഹജ്ജ് തീർഥാടകർക്കു സൗദി ഗവണ്മെന്റ് നൽകുന്ന പിന്തുണയെയും അദ്ദേഹം അഭിനന്ദിച്ചു.

നിക്ഷേപത്തിനായുള്ള ഉന്നതതല ദൗത്യസംഘത്തിന്റെ ചർച്ചകളിലെ പുരോഗതിയെ ഇരുനേതാക്കളും അഭിനന്ദിച്ചു. ഊർജം, പെട്രോകെമിക്കൽസ്, അടിസ്ഥാനസൗകര്യങ്ങൾ, സാങ്കേതികവിദ്യ, ഫിൻടെക്, ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ, ടെലികമ്മ്യൂണിക്കേഷൻസ്, ഔഷധനിർമാണം, ഉൽപ്പാദനം, ആരോഗ്യം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലായി 100 ശതകോടി അമേരിക്കൻ ഡോളർ ഇന്ത്യയിൽ നിക്ഷേപിക്കാനുള്ള സൗദി അറേബ്യയുടെ മുൻകാല പ്രതിജ്ഞാബദ്ധതയെ അടിസ്ഥാനമാക്കിയുള്ള വിവിധ മേഖലകളിൽ ദൗത്യസംഘം ധാരണയിൽ എത്തിച്ചേർന്നതിനെ അവർ സ്വാഗതം ചെയ്തു. ഈ സാഹചര്യത്തിൽ, ഇന്ത്യയിൽ രണ്ട് എണ്ണശുദ്ധീകരണശാലകൾ സ്ഥാപിക്കുന്നതിൽ സഹകരിക്കാനുള്ള കരാറിനെയും നികുതിവിഷയങ്ങളിൽ കൈവരിച്ച പുരോഗതിയെയും അവർ പ്രത്യേകം സ്വാഗതം ചെയ്തു. സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങൾക്കും പണമിടപാടു സംവിധാനങ്ങൾ കൂട്ടിയിണക്കാനും പ്രാദേശിക കറൻസികളിൽ വ്യാപാര ഒത്തുതീർപ്പിനും ശ്രമിക്കാമെന്നു പ്രധാനമന്ത്രി നിർദേശിച്ചു.

ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയിലെ [IMEEC] പുരോഗതി, പ്രത്യേകിച്ച് ഇരുരാജ്യങ്ങളും ഏറ്റെടുക്കുന്ന ഉഭയകക്ഷി സമ്പർക്കസൗകര്യ സംരംഭങ്ങൾ എന്നിവയെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. പരസ്പരതാൽപ്പര്യമുള്ള പ്രാദേശിക-ആഗോള വിഷയങ്ങളെക്കുറിച്ചും അവർ അഭിപ്രായങ്ങൾ കൈമാറി.

 

സമിതിക്കുകീഴിലുള്ള രണ്ടു മന്ത്രിതലസമിതികളുടെ [(എ) രാഷ്ട്രീയ- സുരക്ഷ-സാമൂഹ്യ-സാംസ്കാരിക സഹകരണസമിതിയും ഉപസമിതികളും, (ബി) സാമ്പത്തിക-നിക്ഷേപ സമിതിയും സംയുക്ത കർമസമിതികളും] പ്രവർത്തനഫലങ്ങളിൽ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു.

രണ്ടു പുതിയ മന്ത്രിതലസമിതികൾ സ്ഥാപിച്ച്, തന്ത്രപരമായ പങ്കാളിത്തസമിതിയുടെ വിപുലീകരണത്തെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. ഈ സാഹചര്യത്തിൽ, പ്രതിരോധ പങ്കാളിത്തത്തിന്റെ ആഴം വർധിപ്പിക്കുന്നതിന്, പ്രതിരോധ സഹകരണത്തിനുള്ള മന്ത്രിതലസമിതി സ്ഥാപിക്കാൻ നേതാക്കൾ ധാരണയായി. സമീപവർഷങ്ങളിൽ ഇരുകക്ഷികളും തമ്മിലുള്ള സാംസ്കാരിക സഹകരണത്തിലെ വർധിച്ചുവരുന്ന ആക്കം തിരിച്ചറിഞ്ഞ്, വിനോദസഞ്ചാരത്തിനും സാംസ്കാരിക സഹകരണത്തിനുമുള്ള മന്ത്രിതലസമിതി സ്ഥാപിക്കാനും നേതാക്കൾ ധാരണയായി. യോഗത്തിനുശേഷം, രണ്ടാമത്തെ SPC-യുടെ യോഗനടപടിച്ചുരുക്കത്തിൽ ഇരുനേതാക്കളും ഒപ്പുവച്ചു.

സന്ദർശനവേളയിൽ ബഹിരാകാശം, ആരോഗ്യം, കായികം (ഉത്തേജകമരുന്നുവിരുദ്ധം), തപാൽ സഹകരണം എന്നീ മേഖലകളിലെ നാല് ഉഭയകക്ഷി ധാരണാപത്രങ്ങളിലും കരാറുകളിലും ഒപ്പുവച്ചതിനെ നേതാക്കൾ സ്വാഗതം ചെയ്തു. [പരിണതഫലങ്ങളുടെ പട്ടിക]

തന്ത്രപരമായ പങ്കാളിത്തസമിതിയുടെ മൂന്നാം യോഗത്തിനായി ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ ക്ഷണിച്ചു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Rabi acreage tops normal levels for most crops till January 9, shows data

Media Coverage

Rabi acreage tops normal levels for most crops till January 9, shows data
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജനുവരി 13
January 13, 2026

Empowering India Holistically: PM Modi's Reforms Driving Rural Access, Exports, Infrastructure, and Global Excellence