ഇന്ത്യ ഇന്ന് ഒരു വികസിത രാഷ്ട്രമായി മാറുന്നതിനുള്ള മുന്നേറ്റം നടത്തുമ്പോൾ, ബംഗാളിന്റെ പങ്കാളിത്തം പ്രതീക്ഷിക്കപ്പെടുന്നതും അനിവാര്യവുമാണ്: പ്രധാനമന്ത്രി
ഈ ഉദ്ദേശത്തോടെ അടിസ്ഥാന സൗകര്യങ്ങൾ, നൂതനാശയങ്ങൾ, നിക്ഷേപം എന്നിവയ്ക്ക് കേന്ദ്ര ഗവൺമെന്റ് തുടർച്ചയായി പുതിയ മുന്നേറ്റം നൽകുന്നു: പ്രധാനമന്ത്രി
ബംഗാളിന്റെ വികസനം ഇന്ത്യയുടെ ഭാവിയുടെ അടിത്തറയാണ്: പ്രധാനമന്ത്രി
ഈ നഗര വാതക വിതരണ പദ്ധതി വെറും പൈപ്പ്ലൈൻ പദ്ധതി മാത്രമല്ല, ഗവൺമെന്റ് പദ്ധതികൾ വീട്ടുപടിക്കൽ എത്തിക്കുന്നതിന്റെ ഒരു ഉദാഹരണം കൂടിയാണ്: പ്രധാനമന്ത്രി
ഊർജ്ജം വിലകുറഞ്ഞതും വൃത്തിയുള്ളതും സുഗമമായി ലഭ്യമാകുന്നതുമായ ഒരു ഇന്ത്യയിലേക്കാണ് നാം നീങ്ങികൊണ്ടിരിക്കുന്നത്: പ്രധാനമന്ത്രി

ഇന്ത്യയിൽ സിറ്റി ഗ്യാസ് വിതരണ (സി.ജി.ഡി.) ശൃംഖല വികസിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പിന്റെ ഭാഗമായി പശ്ചിമ ബംഗാളിലെ അലിപുർദ്വാറിൽ സി.ജി.ഡി. പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശിലാസ്ഥാപനം നടത്തി. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ചരിത്രപ്രസിദ്ധമായ അലിപുർദ്വാറിൽ നിന്ന് അദ്ദേഹം പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. പ്രദേശത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പ്രാധാന്യം ഉയർത്തിക്കാട്ടിയ അദ്ദേഹം, അതിർത്തികളാൽ മാത്രമല്ല, ആഴത്തിൽ വേരൂന്നിയ പാരമ്പര്യങ്ങളാലും ബന്ധങ്ങളാലും നിർവചിക്കപ്പെടുന്നതാണ് അതെന്ന് ഊന്നിപ്പറയുകയും ചെയ്തു. ഭൂട്ടാനുമായി അതിർത്തി പങ്കിടുന്ന അലിപുർദ്വാറിന് മറുവശത്ത് അതിർത്തിയൊരുക്കുന്നത് അസം ആണ്. ജൽപായ്ഗുരിയുടെ പ്രകൃതി സൗന്ദര്യവും കൂച്ച് ബെഹാറിന്റെ പെരുമയും ഈ മേഖലയുടെ അവിഭാജ്യ ഘടകങ്ങളാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബംഗാളിന്റെ പൈതൃകത്തിലും ഐക്യത്തിലും അടിവരയിടുന്ന സമ്പന്നമായ ഈ ഭൂമി സന്ദർശിക്കുന്നതിന് തനിക്ക് ലഭിച്ച വിശേഷഭാഗ്യം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.

''ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറുന്നതിലേക്ക് നീങ്ങികൊണ്ടിരിക്കുമ്പോൾ, ബംഗാളിന്റെ പങ്കാളിത്തം പ്രതീക്ഷിക്കപ്പെടുന്നതും അനിവാര്യവുമാണ്'', ഈ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ, നൂതനാശയങ്ങൾ, നിക്ഷേപം എന്നിവ ത്വരിതപ്പെടുത്തുന്നതിനായുള്ള കേന്ദ്ര ഗവൺമെന്റിന്റെ തുടർച്ചയായ ശ്രമങ്ങളെ ഉയർത്തിക്കാട്ടികൊണ്ട് ശ്രീ മോദി പറഞ്ഞു. ''ബംഗാളിന്റെ വികസനം ഇന്ത്യയുടെ ഭാവിയുടെ അടിസ്ഥാന സ്തംഭമാണ്'', ആ പ്രയാണത്തിൽ ശക്തമായ മറ്റൊരു നാഴികക്കല്ല് കൂടി ഇന്ന് അടയാളപ്പെടുത്തുകയാണെന്നത് ചൂണ്ടിക്കാട്ടികൊണ്ട് ശ്രീ മോദി പറഞ്ഞു. 2.5 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ശുദ്ധവും സുരക്ഷിതവും താങ്ങാനാവുന്നതുമായ പൈപ്പ് ഗ്യാസ് ലഭ്യമാക്കുന്ന സിറ്റി ഗ്യാസ് വിതരണ പദ്ധതിക്ക് അലിപുർദ്വാറിലും കൂച്ച് ബെഹാറിലും തുടക്കം കുറിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. എൽ.പി.ജി. സിലിണ്ടറുകൾ വാങ്ങുന്നതിലെ ആശങ്കകൾ ഒഴിവാക്കികൊണ്ട്, കുടുംബങ്ങൾക്ക് സുരക്ഷിതമായ ഗ്യാസ് വിതരണം ഈ മുൻകൈ ഉറപ്പാക്കുമെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. അതിനുപുറമെ, സി.എൻ.ജി. സ്‌റ്റേഷനുകളുടെ വിപുലീകരണം പരിസ്ഥിതി സൗഹൃദ ഇന്ധന ലഭ്യത വർദ്ധിപ്പിക്കുകയും ചെലവ് കുറയ്ക്കുകയും സമയ കാര്യക്ഷമത, പരിസ്ഥിതി ആനുകൂല്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുകയും ചെയ്യും. ഈ പുതിയ തുടക്കത്തിന് അലിപുർദ്വാറിലെയും കൂച്ച് ബെഹാറിലെയും പൗരന്മാരെ അദ്ദേഹം അഭിനന്ദിച്ചു. ''നഗര വാതക വിതരണ പദ്ധതി വെറുമൊരു പൈപ്പ്ലൈൻ സംരംഭം മാത്രമല്ല, മറിച്ച് അവശ്യ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്നതിനുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധതയുടെ തെളിവു കൂടിയാണ്'', അദ്ദേഹം ഊന്നിപ്പറഞ്ഞു.

 

ഊർജ്ജ മേഖലയിലെ ഇന്ത്യയുടെ ശ്രദ്ധേയമായ പുരോഗതിയ്ക്ക് അടിവരയിടുകയും, വാതക അധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്കുള്ള രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള പരിവർത്തനത്തിന് ഊന്നൽ നൽകുകയും ചെയ്ത പ്രധാനമന്ത്രി, 2014 ൽ 66 ജില്ലകളിൽ മാത്രമാണ് നഗര വാതക സേവനങ്ങൾ ലഭ്യമായിരുന്നതെന്നും എന്നാൽ ഇന്ന്, രാജ്യത്തുടനീളമുള്ള 550 ലധികം ജില്ലകളിൽ നഗര വാതക വിതരണ ശൃംഖല വ്യാപിച്ചിട്ടുണ്ടെന്നതും ഉയർത്തിക്കാട്ടി. ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് പൈപ്പ് വഴിയുള്ള ഗ്യാസ് ലഭ്യത ഉറപ്പാക്കിക്കൊണ്ട് ഈ ശൃംഖല ഇപ്പോൾ ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലും വരെ എത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സി.എൻ.ജിയുടെ വ്യാപകമായ സ്വീകാര്യത പൊതുഗതാഗതത്തെ മാറ്റിമറിച്ചുവെന്നും മലിനീകരണ തോത് ഗണ്യമായി കുറയ്ക്കുന്നതിന് അത് കാരണമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മാറ്റം പൗരന്മാരുടെ ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല, സാമ്പത്തിക ബാദ്ധ്യതകൾ ലഘൂകരിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

വാതകാധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തെ പ്രധാനമന്ത്രി ഉജ്ജ്വല യോജന ത്വരിതപ്പെടുത്തിയെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, 2016 ൽ സമാരംഭം കുറിച്ച പദ്ധതി പുക നിറഞ്ഞ അടുക്കളകളിൽ നിന്ന് ആശ്വാസം നൽകിക്കൊണ്ട് ദശലക്ഷക്കണക്കിന് പാവപ്പെട്ട സ്ത്രീകളുടെ ജീവിതം ഗണ്യമായി മെച്ചപ്പെടുത്തുകയും അവരുടെ ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുകയും ഗാർഹിക പാചക സ്ഥലങ്ങളിലെ അന്തസ്സ് പരിപോഷിപ്പിക്കുകയും ചെയ്യുന്നുവെന്നത് ഉയർത്തിക്കാട്ടി. 2014 ൽ രാജ്യത്ത് 14 കോടിയിൽ താഴെ എൽ.പി.ജി. കണക്ഷനുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും, ഇന്ന് ഇതിന്റെ എണ്ണം 31 കോടി കവിഞ്ഞെന്നും ചൂണ്ടിക്കാട്ടിയ ശ്രീ മോദി, സാർവത്രിക വാതക ലഭ്യത എന്ന ദർശനം യാഥാർത്ഥ്യമാക്കിയെന്നും പറഞ്ഞു. രാജ്യവ്യാപകമായി ഗ്യാസ് വിതരണ ശൃംഖല ശക്തിപ്പെടുത്തിയെന്നും, രാജ്യത്തിന്റെ എല്ലാ കോണുകളിലും അതിന്റെ ലഭ്യത ഉറപ്പാക്കിയെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 2014 ന് മുൻപ് ഇന്ത്യയിൽ 14,000 ൽ താഴെ എൽ.പി.ജി. വിതരണക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും, ഇന്ന് അത് 25,000 ത്തിലധികമായി വർദ്ധിച്ചുവെന്നും ചൂണ്ടിക്കാട്ടിയ ശ്രീ മോദി ഇന്ന് എൽ.പി.ജി. വിതരണക്കാരുടെ എണ്ണം ഇരട്ടിയിലധികമായെന്നും പറഞ്ഞു. രാജ്യത്താകമാനമുള്ള വീടുകളിൽ ശുദ്ധ പാചക ഇന്ധനം പ്രാപ്യമാക്കികൊണ്ട് ഗ്യാസ് സിലിണ്ടറുകൾ ഇപ്പോൾ ഗ്രാമപ്രദേശങ്ങളിൽ പോലും സുഗമമായി ലഭ്യമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഉർജ്ജ ഗംഗ പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, വാതകാധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്കുള്ള വിപ്ലവകരമായ ചുവടുവയ്പ്പാണിതെന്നത് ഓർമ്മിപ്പിക്കുകയും ചെയ്തു. ഈ മുൻകൈയ്ക്ക് കീഴിൽ, ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതിനായി വാതക പൈപ്പ്ലൈനുകൾ വികസിപ്പിക്കുകയും ഇത് പശ്ചിമ ബംഗാളിലെയും മറ്റ് പ്രദേശങ്ങളിലെയും വാതക പ്രാപ്യത ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്തുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. കേന്ദ്ര ഗവൺമെന്റിന്റെ ഈ പരിശ്രമങ്ങൾ ഊർജ്ജ ലഭ്യത വർദ്ധിപ്പിക്കുക മാത്രമല്ല, നഗര, ഗ്രാമപ്രദേശങ്ങളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പൈപ്പ്ലൈൻ നിർമ്മാണം മുതൽ വാതക വിതരണം വരെ, വിവിധ തലങ്ങളിൽ തൊഴിലവസരങ്ങൾ വർദ്ധിച്ചിട്ടുണ്ടെന്നും, വാതകാധിഷ്ഠിത വ്യവസായങ്ങളെ ആശ്രയിക്കുന്ന വ്യാവസായിക ആവാസവ്യവസ്ഥയെ ഇത് ശക്തിപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ''ഊർജ്ജം താങ്ങാനാവുന്നതും, വൃത്തിയുള്ളതും, എല്ലാവർക്കും പ്രാപ്യമായതുമായ ഒരു ഭാവിയിലേയ്ക്കാണ് ഇന്ത്യ ഇപ്പോൾ പുരോഗമിക്കുന്നത്,'' പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും അറിവിന്റെയും ശാസ്ത്രീയ പുരോഗതിയുടെയും ഒരു പ്രധാന കേന്ദ്രമാണ് പശ്ചിമ ബംഗാളെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, ബംഗാളിന്റെ വളർച്ചയെക്കൂടാതെ വികസിത ഇന്ത്യ എന്ന ദർശനം സാക്ഷാത്കരിക്കാൻ കഴിയില്ലെന്നും പറഞ്ഞു. ഇത് മനസ്സിൽവച്ചുകൊണ്ടാണ് കഴിഞ്ഞ ദശകത്തിൽ ആയിരക്കണക്കിന് കോടി രൂപയുടെ വികസന പദ്ധതികൾക്ക് കേന്ദ്ര ഗവൺമെന്റ് തുടക്കം കുറിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൂർവ എക്‌സ്പ്രസ് വേ, ദുർഗാപൂർ എക്‌സ്പ്രസ് വേ, ശ്യാമപ്രസാദ് മുഖർജി തുറമുഖത്തിന്റെ നവീകരണം, കൊൽക്കത്ത മെട്രോയുടെ വിപുലീകരണം, പുതിയ ജൽപായ്ഗുരി സ്‌റ്റേഷന്റെ പരിവർത്തനം, ഡൂവേഴ്‌സ് റൂട്ടിൽ പുതിയ ട്രെയിനുകൾ ആരംഭിക്കൽ തുടങ്ങിയ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളെല്ലാം ബംഗാളിന്റെ പുരോഗതി ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്നതും അദ്ദേഹം എടുത്തുപറഞ്ഞു. ''പുതുതായി ആരംഭിച്ച പദ്ധതി വെറും പൈപ്പ് ലൈൻ മാത്രമല്ല, അത് പുരോഗതിയുടെ ഒരു ജീവരേഖയാണ്'', പൗരന്മാരുടെ ജീവിതം സുഗമമാക്കുന്നതിനും ബംഗാളിന്റെ ശോഭനമായ ഭാവി ഉറപ്പാക്കുന്നതിനുമുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധത ആവർത്തിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു. പശ്ചിമ ബംഗാൾ വികസനത്തിലേക്ക് മുന്നേറുന്നത് തുടരുമെന്ന പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ടും സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ടും അദ്ദേഹം ഉപസംഹരിച്ചു.

 

കേന്ദ്രമന്ത്രി ഡോ. സുകാന്ത മജുംദാർ, പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ശ്രീ സുവേന്ദു അധികാരി, അലിപുർദ്വാർ പാർലമെന്റ് അംഗം ശ്രീ മനോജ് ടിഗ്ഗ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

1010 കോടി രൂപയിലധികം ചെലവുവരുന്നതാണ് സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (സി.ജി.ഡി.) പദ്ധതി. 2.5 ലക്ഷത്തിലധികം കുടുംബങ്ങൾക്കും 100-ലധികം വാണിജ്യ സ്ഥാപനങ്ങൾക്കും വ്യവസായങ്ങൾക്കും പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പി.എൻ.ജി.) നൽകുന്നതിനോടൊപ്പം ഗവൺമെന്റ് നിശ്ചയിച്ചിട്ടുള്ള മിനിമം വർക്ക് പ്രോഗ്രാം (എം.ഡബ്ല്യു.പി.) ലക്ഷ്യങ്ങൾക്കനുസൃതമായി ഏകദേശം 19 സി.എൻ.ജി സ്‌റ്റേഷനുകൾ സ്ഥാപിച്ചുകൊണ്ട് വാഹന ഗതാഗതത്തിന് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സി.എൻ.ജി.) ലഭ്യമാക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഇത് സൗകര്യപ്രദവും വിശ്വസനീയവും പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ഇന്ധന വിതരണ സംവിധാനം ഒരുക്കുകയും മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi pens heartfelt letter to BJP's new Thiruvananthapuram mayor; says

Media Coverage

PM Modi pens heartfelt letter to BJP's new Thiruvananthapuram mayor; says "UDF-LDF fixed match will end soon"
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജനുവരി 2
January 02, 2026

PM Modi’s Leadership Anchors India’s Development Journey