ഇന്ന്, വടക്കുകിഴക്കൻ ഇന്ത്യ, ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ കേന്ദ്രമാണ്; ഇന്ത്യയെ തെക്കുകിഴക്കൻ ഏഷ്യയുമായി ബന്ധിപ്പിക്കുന്ന പാലമായി ഇത് മാറുകയാണ്: പ്രധാനമന്ത്രി
ബരാക് താഴ്‌വരയിലെ കർഷകരും ഇവിടത്തെ തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളും അസമിലെ വികസനത്തിൽ വളരെ വലിയ സംഭാവനകളാണ് നൽകിയിട്ടുള്ളത്; കർഷകരുടെ ക്ഷേമത്തിനായി ഗവണ്മെന്റ് നിരന്തരം നടപടികൾ സ്വീകരിച്ചുവരികയാണ്: പ്രധാനമന്ത്രി
അതിർത്തിയിലെ ഗ്രാമങ്ങളെ രാജ്യത്തെ പ്രഥമ ഗ്രാമങ്ങളായാണ് ഞങ്ങൾ പരിഗണിക്കുന്നത്; അതിർത്തിമേഖലകളുടെ വികസനത്തിനായി ഊർജസ്വല ഗ്രാമം പരിപാടിയുടെ അടുത്ത ഘട്ടം കാഛാർ ജില്ലയിൽനിന്ന് ആരംഭിച്ചു; ഇതു ബരാക് താഴ്‌വരയിലെ നിരവധി ഗ്രാമങ്ങളിൽ പുരോഗതി ഉറപ്പാക്കുന്നു" - പ്രധാനമന്ത്രി.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസമിലെ സിൽചറിൽ വിവിധ വികസനപദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു. ചടങ്ങിൽ സംസാരിക്കവേ, സാംസ്കാരികത്തനിമയും ഉന്മേഷവും നിറഞ്ഞ ബരാക് താഴ്‌വര സന്ദർശിക്കുന്നത് എപ്പോഴും സവിശേഷമായ അനുഭവമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചരിത്രവും ഭാഷയും ലയിച്ച് സവിശേഷമായ പ്രാദേശിക സ്വത്വം രൂപപ്പെടുത്തിയ ഈ താഴ്‌വരയുടെ കവാടമാണ് സിൽചറെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ബംഗാളി, അസമീസ്, ഗോത്ര പാരമ്പര്യങ്ങൾ ഒരുമയോടെ തഴച്ചുവളരുന്ന വൈവിധ്യത്തിലാണ് ഈ മേഖലയുടെ കരുത്ത് അടങ്ങിയിരിക്കുന്നതെന്ന് ശ്രീ മോദി പറഞ്ഞു. "ബരാക് താഴ്‌വരയുടെ വൈവിധ്യം അതിന്റെ വലിയ സമ്പത്താണ്, ഇത് പൗരന്മാർക്കിടയിൽ സാഹോദര്യമനോഭാവം വളർത്തുന്നു" - ശ്രീ മോദി വ്യക്തമാക്കി.

ഈ മേഖലയിലെ ഫലഭൂയിഷ്ഠമായ സമതലങ്ങളും തേയിലത്തോട്ടങ്ങളും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെയും വ്യാപാരപാതകളുടെയും നട്ടെല്ലായി കാലങ്ങളായി നിലകൊള്ളുകയാണെന്നു പ്രധാനമന്ത്രി നിരീക്ഷിച്ചു. ഇന്ന് ഉദ്ഘാടനം ചെയ്ത ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികൾ വടക്കുകിഴക്കൻ മേഖലയുടെയാകെ ലോജിസ്റ്റിക്സ് ഹബ്ബായി ബരാക് താഴ്‌വരയെ കൂടുതൽ ശാക്തീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. റെയിൽവേ, റോഡ്, വിദ്യാഭ്യാസം എന്നീ മേഖലകളിലെ ഈ സംരംഭങ്ങൾ പ്രാദേശിക യുവാക്കൾക്ക് വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്ന് ശ്രീ മോദി കുറിച്ചു. ഈ സംസ്ഥാനത്തെ മാത്രമല്ല, പശ്ചിമ ബംഗാളിനെയും വടക്കുകിഴക്കൻ മേഖലയിലെ അയൽപ്രദേശങ്ങളെയും ബന്ധിപ്പിക്കാൻ പാകത്തിലാണ് ഈ പ്രദേശം ഇപ്പോൾ സജ്ജമാക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "വടക്കുകിഴക്കൻ ഇന്ത്യയിലെ പ്രധാന ലോജിസ്റ്റിക്സ്-വ്യാപാര കേന്ദ്രമായി ബരാക് താഴ്‌വര മാറാൻ പോകുകയാണ്" - ശ്രീ മോദി അഭിപ്രായപ്പെട്ടു.

 

നിലവിലെ ഗവണ്മെന്റ് ഈ മേഖലയെ ഇന്ത്യയുടെ ആക്ട് ഈസ്റ്റ് പോളിസിയുടെ കേന്ദ്രബിന്ദുവാക്കി മാറ്റുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രദേശത്തിന്റെ വ്യവസായ പ്രതാപം വീണ്ടെടുക്കാനാണ് നിലവിലെ ഭരണസംവിധാനം ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 24,000 കോടി രൂപയുടെ ഷില്ലോങ്-സിൽചർ അ‌തിവേഗ ഇടനാഴിയുടെ തറക്കല്ലിടൽ ചടങ്ങിലൂടെ ചരിത്രപരമായ നാഴികക്കല്ലാണ് ഇന്ന് പിന്നിട്ടതെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. വടക്കുകിഴക്കൻ മേഖലയിലെ ഇത്തരത്തിലുള്ള ആദ്യത്തെ പ്രവേശന നിയന്ത്രിത ഇടനാഴിയാണിതെന്നും ജനങ്ങളുടെ പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു. സിൽചറിനെ മിസോറം, മണിപ്പൂർ, ത്രിപുര എന്നിവയുമായും ക്രമേണ തെക്കുകിഴക്കൻ ഏഷ്യയിലെ വിശാലമായ വിപണികളുമായും ഈ ഇടനാഴി ബന്ധിപ്പിക്കുമെന്ന് ശ്രീ മോദി കുറിച്ചു. ഈ സമ്പർക്കസൗകര്യം  പ്രാദേശിക വ്യവസായം, കൃഷി, വിനോദസഞ്ചാരം എന്നിവയ്ക്ക് വലിയ കരുത്തേകുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "ബരാക് താഴ്‌വര വളരെ ശോഭനമായ ഭാവിയിലേക്കാണ് കൂട്ടിയിണക്കപ്പെടുന്നത്" - ശ്രീ മോദി വ്യക്തമാക്കി.

നഗരവാസികളെ ദീർഘകാലമായി അലട്ടിയിരുന്ന ഗതാഗതക്കുരുക്കിന് പുതിയ സിൽചർ ഫ്ലൈഓവർ വലിയ ആശ്വാസമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സിൽചർ മെഡിക്കൽ കോളേജ്, എൻഐടി, അസം സർവകലാശാല എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് ഈ അടിസ്ഥാനസൗകര്യം വലിയ അനുഗ്രഹമാണെന്നും അവരുടെ വിലയേറിയ സമയം ലാഭിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. അസമിലെ 2,500 കിലോമീറ്ററിലധികം വരുന്ന റെയിൽ ശൃംഖലയുടെ വൈദ്യുതവൽക്കരണം വേഗത്തിലുള്ള യാത്ര ഉറപ്പാക്കുമെന്ന് ശ്രീ മോദി നിരീക്ഷിച്ചു. "വേഗതയേറിയതും ശുചിത്വമുള്ളതുമായ റെയിൽ ഗതാഗതം ബരാക് താഴ്‌വരയുടെ പരിശുദ്ധമായ പരിസ്ഥിതിക്ക് ഗണ്യമായി പ്രയോജനംചെയ്യും" - അദ്ദേഹം കൂട്ടിച്ചേർത്തു.

 

താഴ്‌വരയിലെ തേയിലത്തോട്ടം തൊഴിലാളികളും കർഷകരും അസമിന്റെ വികസനത്തിൽ വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പിഎം-കിസാൻ സമ്മാൻ നിധിക്ക് കീഴിൽ ഇതുവരെ 20,000 കോടി രൂപയിലധികം അസമിലെ കർഷകർക്ക് കൈമാറിയതായി അദ്ദേഹം പറഞ്ഞു. തൊട്ടുതലേദിവസം ബരാക് താഴ്‌വരയിലെ ആയിരക്കണക്കിന് കർഷകർക്കും ബാങ്ക് അക്കൗണ്ടുകളിൽ പണം ലഭിച്ചതായി ശ്രീ മോദി പറഞ്ഞു. കൃഷിയുമായി ബന്ധപ്പെട്ട കർഷകരുടെ ചെറുതും എന്നാൽ പ്രധാനപ്പെട്ടതുമായ ആവശ്യങ്ങൾ നിറവേറ്റാൻ ഈ സഹായം സഹായിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പാഥാർകാന്ദിയിൽ മേഖലയിലെ ആദ്യത്തെ കാർഷിക കോളേജ് സ്ഥാപിതമാകുന്നത് താഴ്‌വരയെ കാർഷിക ഗവേഷണത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന് ശ്രീ മോദി നിരീക്ഷിച്ചു. വിജയകരമായ അഗ്രി-സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ പ്രാദേശിക യുവാക്കൾക്ക് ആവശ്യമായ പിന്തുണ ഈ സ്ഥാപനം നൽകുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "ബരാക് താഴ്‌വര ഇനി മുതൽ കാർഷിക പഠന-ഗവേഷണങ്ങളുടെ പേരിൽക്കൂടി അറിയപ്പെടും" - ശ്രീ മോദി പ്രസ്താവിച്ചു.

വികസനക്കുതിപ്പിൽ പിന്നിലായിപ്പോയവർക്ക് മുൻഗണന നൽകുക എന്ന തത്വമാണ് നിലവിലെ ഗവണ്മെന്റ് പിന്തുടരുന്നതെന്ന് ശ്രീ മോദി പ്രസ്താവിച്ചു. മുൻപ് അതിർത്തി ഗ്രാമങ്ങളെ രാജ്യത്തെ 'അവസാന' ഗ്രാമങ്ങളായാണ് പരിഗണിച്ചിരുന്നതെങ്കിൽ, തന്റെ ഗവണ്മെന്റ് അവയെ രാജ്യത്തെ 'ആദ്യ' ഗ്രാമങ്ങളായാണ് കാണുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കച്ചാർ ജില്ലയിൽ നിന്ന് വിപുലീകരിച്ച വൈബ്രന്റ് വില്ലേജ് പ്രോഗ്രാം അതിർത്തി വാസസ്ഥലങ്ങളിൽ ഇതിനകം തന്നെ ദൃശ്യമായ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ടെന്ന് അദ്ദേഹം കുറിച്ചു. ഈ പ്രദേശങ്ങൾ നേരിട്ടിരുന്ന ചരിത്രപരമായ അവഗണനയ്ക്ക് പകരം ഇപ്പോൾ സജീവമായ വികസനവും തന്ത്രപരമായ ശ്രദ്ധയുമാണ് നൽകുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "അതിർത്തി ഗ്രാമങ്ങളെ രാജ്യത്തെ ആദ്യത്തെ ഗ്രാമങ്ങളായാണ് ഞങ്ങൾ പരിഗണിക്കുന്നത്" - പ്രധാനമന്ത്രി പറഞ്ഞു.

 

ആയിരക്കണക്കിന് തേയിലത്തോട്ടം കുടുംബങ്ങൾക്ക് ഭൂമി ഉടമസ്ഥാവകാശം നൽകിയതിലൂടെ അസം ഗവണ്മെന്റ് ചരിത്രപരമായ കടമയാണ് നിർവഹിച്ചതെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. രണ്ട് നൂറ്റാണ്ടായി സേവനമനുഷ്ഠിച്ച തലമുറകളുടെ ഭാവി പരിവർത്തനം ചെയ്യുന്നതിനുള്ള പ്രധാന ചുവടുവയ്പാണ് ഈ ഭൂമി രേഖകൾ നൽകുന്നതെന്ന് പറഞ്ഞ ശ്രീ മോദി, ഈ നിയമപരമായ സുരക്ഷ അ‌ന്തസുറ്റ ജീവിതം ഉറപ്പാക്കുന്നുവെന്നും കുറിച്ചു. "സ്വന്തമായ വീട്, വൈദ്യുതി, വെള്ളം തുടങ്ങിയ കേന്ദ്രപദ്ധതികളുടെ ആനുകൂല്യം ലഭിക്കാൻ ഈ ഭൂമി ഉടമസ്ഥാവകാശം കുടുംബങ്ങളെ സഹായിക്കും" - അദ്ദേഹം പറഞ്ഞു.

തേയിലത്തോട്ടങ്ങളിലെ യുവാക്കൾക്കായി സ്കൂളുകൾ, സ്കോളർഷിപ്പുകൾ, തൊഴിലവസരങ്ങൾ എന്നിവ നൽകുന്നതിലും ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. മുൻപ് അവഗണിക്കപ്പെട്ടിരുന്ന തൊഴിലാളികളുടെ മക്കൾക്കായി സുവർണ ഭാവിയുടെ വാതിലുകളാണ് ഈ ശ്രമങ്ങളിലൂടെ തുറക്കപ്പെടുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം, നൈപുണ്യവികസനം, ആരോഗ്യം എന്നിവയാണ് നിലവിലെ ഗവണ്മെന്റിന്റെ പ്രാദേശിക തന്ത്രത്തിന്റെ പ്രധാന തൂണുകളെന്ന് അദ്ദേഹം പറഞ്ഞു. എയിംസും ക്യാൻസർ ആശുപത്രികളും ഉൾപ്പെടുന്ന ശക്തമായ ശൃംഖലയിലൂടെ അസം അതിവേഗം ആരോഗ്യ ഹബ്ബായി ഉയർന്നുവരികയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "തേയിലത്തോട്ടങ്ങളിലെ യുവാക്കൾക്കായി സുവർണഭാവിയുടെ വാതിലുകൾ തുറക്കുകയാണ്" - ശ്രീ മോദി പറഞ്ഞു.

 

അസമിനെ പഴയകാലത്തെ അശാന്തിയിലേക്ക് തിരികെ തള്ളാൻ ശ്രമിക്കുന്ന ഏതൊരു ശക്തിക്കും ഉചിതമായ മറുപടി നൽകണമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അസമിലെ യുവാക്കൾക്ക് സെമികണ്ടക്ടർ, ടെക് മേഖലകളിൽ ഇപ്പോൾ വലിയ അവസരങ്ങൾ മുന്നിലുണ്ടെന്നും, നിലവിലെ സമാധാനവും പുരോഗതിയും വലിയ ത്യാഗങ്ങളിലൂടെയാണ് കൈവരിച്ചതെന്നും അതിനാൽ പിന്തിരിപ്പൻ ശക്തികളിൽ നിന്ന് ഇത് സംരക്ഷിക്കപ്പെടണമെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. "അസം ഇപ്പോൾ ഇന്ത്യയുടെ സെമികണ്ടക്ടർ മേഖലയിലെ സുപ്രധാന ഭാഗമായി മാറുകയാണ്. അടുത്ത തലമുറ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥയും പ്രാഗത്ഭ്യവും ഇവിടെ സജ്ജമായിക്കൊണ്ടിരിക്കുകയാണ്" - ശ്രീ മോദി പറഞ്ഞു.

ആഗോള പ്രതിസന്ധികളിലും യുദ്ധസമയങ്ങളിലും ഇന്ത്യൻ പൗരന്മാർക്ക് അതിന്റെ ആഘാതം കുറയ്ക്കുന്നതിന് നിലവിലെ ഗവണ്മെന്റ് പൂർണശക്തിയോടെയാണു പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. ഈ മേഖലയുടെ സമ്പന്നമായ ഭാഷയും സംസ്കാരവും മുൻനിർത്തിയുള്ള പുരോഗതിയുടെ പ്രയാണം ഇപ്പോൾ തടയാനാകാത്തതാണെന്ന് ശ്രീ മോദി പറഞ്ഞു. ഇന്ന് ഉദ്ഘാടനം ചെയ്ത വികസന പദ്ധതികൾ താഴ്‌വരയുടെ പുതിയ യുഗത്തിന്റെ തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ കൂട്ടായ നിശ്ചയദാർഢ്യം സംസ്ഥാനത്തിന്റെയാകെ ശോഭനവും സമൃദ്ധവുമായ ഭാവി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. "ബരാക് താഴ്‌വര വികസനത്തിന്റെ പുതിയ കേന്ദ്രമായി തിരിച്ചറിയപ്പെടുന്ന ദിവസം വിദൂരമല്ല" - ശ്രീ മോദി ഉപസംഹരിച്ചു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India launches ORV Sagar Manthan, boosting ocean research fleet

Media Coverage

India launches ORV Sagar Manthan, boosting ocean research fleet
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 10
September 10, 2026

Beyond Metros, Beyond Borders: How India Is Rewriting Its Growth Story Under PM Modi