കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശയവിനിമയം നടത്തി.
2021 ജൂലൈ എട്ടിന് വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ആശയവിനിമയം. നൂറിലധികം സ്ഥാപനങ്ങളുടെ മേധാവികള്‍ ഈ സംവാദത്തില്‍ പങ്കെടുത്തു.
കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ ഈ സ്ഥാപനങ്ങള്‍ നടത്തിയ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. അതിവേഗ സാങ്കേതിക പ്രതിവിധികള്‍ സജ്ജമാക്കുന്നതില്‍ യുവ ആശയ ഉപജ്ഞാതാക്കളുടെ പ്രയത്‌നങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

മാറുന്ന സാഹചര്യങ്ങള്‍ക്കും ഉയരുന്ന വെല്ലുവിളികള്‍ക്കും അനുസൃതമായി ഉന്നത വിദ്യാഭ്യാസവും സാങ്കേതിക വിദ്യാഭ്യാസവും പൊരുത്തപ്പെടുത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിനും സമൂഹത്തിനും നിലവിലും ഭാവിയിലേക്കുമുള്ള ആവശ്യങ്ങള്‍ക്കനുസൃതമായി സ്ഥാപനങ്ങള്‍ സ്വയം നവീകരിക്കാനും പുനര്‍മൂല്യനിര്‍ണ്ണയം നടത്താനും ബദല്‍, നൂതന മാതൃകകള്‍ വികസിപ്പിക്കാനും ഇത് ആവശ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാലാം വ്യാവസായിക വിപ്ലവം മനസ്സില്‍കണ്ട്, നമ്മുടെ ഉന്നത വിദ്യാഭ്യാസ - സാങ്കേതിക സ്ഥാപനങ്ങള്‍, തുടര്‍ച്ചയായ പ്രതിബന്ധങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും അനുസൃതമായി നമ്മുടെ യുവാക്കളെ സജ്ജമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പഠിതാക്കളുടെ ആവശ്യമനുസരിച്ച് ക്രമീകരിക്കാവുന്നതും തടസ്സമില്ലാത്തതും പഠന അവസരങ്ങള്‍ നല്‍കാന്‍ പ്രാപ്തിയുള്ളതുമായ വിദ്യാഭ്യാസ മാതൃകകളിലേക്കു മുന്നേറേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അത്തരം വിദ്യാഭ്യാസ മാതൃകകളുടെ പ്രധാന മൂല്യങ്ങള്‍ പ്രാപ്യമാകല്‍, കുറഞ്ഞ ചെലവ്, തുല്യത, ഗുണനിലവാരം എന്നിവയായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉന്നത വിദ്യാഭ്യാസ രംഗത്ത് മൊത്തം ചേര്‍ക്കല്‍ അനുപാതത്തിലെ (ജിഇആര്‍) പുരോഗതിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ജിഇആര്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ ഡിജിറ്റല്‍വല്‍ക്കരണത്തിന് വലിയ പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച നിലവാരമുള്ളതും ചെലവു കുറഞ്ഞതുമായ വിദ്യാഭ്യാസം സുഗമമായി പ്രാപ്യമാക്കാനാകും. ഓണ്‍ലൈന്‍ ബാച്ചിലര്‍, മാസ്റ്റര്‍ ഡിഗ്രി പ്രോഗ്രാമുകള്‍ക്ക് ഡിജിറ്റല്‍വല്‍ക്കരണത്തിനായി സ്ഥാപനങ്ങള്‍ സജ്ജമാക്കിയ വിവിധ സംരംഭങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു.
ഇന്ത്യന്‍ ഭാഷകളില്‍ സാങ്കേതിക വിദ്യാഭ്യാസത്തിനായുള്ള ആവാസവ്യവസ്ഥ വികസിപ്പിക്കുകയും ആഗോള പ്രസിദ്ധീകരണങ്ങള്‍ പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുകയും വേണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വരുന്ന 25 വര്‍ഷത്തിനുള്ളില്‍, നൂറാം വര്‍ഷത്തെ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഇന്ത്യയുടെ സ്വപ്നങ്ങളുടെയും അഭിവാഞ്ഛയുടെയും അടിസ്ഥാനമിടാന്‍ 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്' കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതിക, ഗവേഷണ-വികസന സ്ഥാപനങ്ങള്‍ വരുന്ന ദശകത്തില്‍ സുപ്രധാന പങ്ക് വഹിക്കുമെന്നും ഇതിനെ ''ഇന്ത്യയുടെ ടെക്കേഡ്'' എന്നു വിളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു,
വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, പ്രതിരോധം, സൈബര്‍ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഭാവിയിലേക്കുള്ള പ്രതിവിധികള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിര്‍മിത ബുദ്ധി, സ്മാര്‍ട്ട് വെയറബിളുകള്‍, പ്രതീതി യാഥാര്‍ഥ്യ സംവിധാനം (ഓഗ്മെന്റഡ് റിയാലിറ്റി), ഡിജിറ്റല്‍ പിന്തുണ എന്നിവയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ സാധാരണക്കാരില്‍ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാന്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മികച്ച നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. താങ്ങാനാകുന്നതും വ്യക്തിഗതമായതും നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായതുമായ വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ബംഗളൂരു ഐ.ഐ.എസ്.സിയിലെ പ്രൊഫ. ഗോവിന്ദന്‍ രംഗരാജന്‍, ബോംബെ ഐ.ഐ.ടിയിലെ പ്രൊഫ. സുഭാസിസ് ചൗധരി, മദ്രാസ് ഐ.ഐ.ടിയിലെ പ്രൊഫ. ഭാസ്‌കര്‍ രാമമൂര്‍ത്തി, കാണ്‍പൂര്‍ ഐ.ഐ.ടിയിലെ പ്രൊഫ. അഭയ് കരന്ദിക്കര്‍ എന്നിവര്‍ രാജ്യത്ത് നടക്കുന്ന വിവിധ പ്രോജക്ടുകള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, പുതിയ ഗവേഷണങ്ങള്‍ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രിക്കു വിവരങ്ങള്‍ കൈമാറി. കോവിഡുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍, കോവിഡ് വാക്‌സിന്‍ വികസന ശ്രമങ്ങള്‍, തദ്ദേശീയ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, ഓക്‌സിജന്‍ ജനറേറ്ററുകള്‍, കാന്‍സര്‍ സെല്‍ തെറാപ്പി, മോഡുലാര്‍ ആശുപത്രികള്‍, ഹോട്ട്സ്‌പോട്ട് പ്രവചനം, വെന്റിലേറ്ററുകള്‍ ഉത്പാദനം എന്നിവ ഉള്‍ക്കൊള്ളുന്ന പ്രധാന ഗവേഷണങ്ങള്‍ തുടങ്ങിയവയെപ്പറ്റിയും പ്രധാനമന്ത്രിയെ അറിയിച്ചു. റോബോട്ടിക്‌സ്, ഡ്രോണ്‍സ്, ഓണ്‍ലൈന്‍ വിദ്യാഭ്യാസം, ബാറ്ററി സാങ്കേതികവിദ്യ എന്നീ മേഖലകളിലെ ശ്രമങ്ങളെക്കുറിച്ചും വിവരിച്ചു. സമ്പദ്വ്യവസ്ഥയുടെയും സാങ്കേതികവിദ്യയുടെയും മാറിക്കൊണ്ടിരിക്കുന്ന സ്വഭാവമനുസരിച്ച് പുതിയ അക്കാദമിക് കോഴ്സുകളെക്കുറിച്ചും, വിശേഷിച്ച് വികസിച്ചുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ കോഴ്സുകളെക്കുറിച്ചും പ്രധാനമന്ത്രിക്കു വിവരം നല്‍കി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും വിദ്യാഭ്യാസ സഹമന്ത്രിമാരും സംവാദത്തില്‍ പങ്കെടുത്തു.


