“നിയമസഹായ വിതരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ” എന്ന വിഷയത്തിൽ സുപ്രീം കോടതിയിൽ നടന്ന ദേശീയ സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത ശ്രീ മോദി ഈ സുപ്രധാന വേളയിൽ സന്നിഹിതനാകാൻ കഴിഞ്ഞത് ശരിക്കും സവിശേഷമാണെന്ന് അഭിപ്രായപ്പെട്ടു. നിയമസഹായ ലഭ്യതാ സംവിധാനം ശക്തിപ്പെടുത്തുന്നതും നിയമ സേവന ദിനവുമായി ബന്ധപ്പെട്ട പരിപാടിയും ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയ്ക്ക് പുതിയ കരുത്ത് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച 20-ാമത് ദേശീയ സമ്മേളനത്തിന് അദ്ദേഹം എല്ലാവർക്കും ആശംസകൾ നേർന്നു. പരിപാടിയിൽ സന്നിഹിതരായ വിശിഷ്ട വ്യക്തികളെയും നീതിന്യായ സംവിധാനത്തിലെ അംഗങ്ങളെയും നിയമ സേവന അതോറിറ്റികളുടെ പ്രതിനിധികളെയും അദ്ദേഹം അഭിവാദ്യം ചെയ്തു.
“എല്ലാവർക്കും നീതി ലഭ്യമാവുകയും, അത് സമയബന്ധിതമായി നൽകുകയും, സാമൂഹികമോ സാമ്പത്തികമോ ആയ പശ്ചാത്തലം പരിഗണിക്കാതെ ഓരോ വ്യക്തിയിലും എത്തുകയും ചെയ്യുമ്പോൾ — അപ്പോഴാണ് യഥാർത്ഥത്തിൽ അത് സാമൂഹിക നീതിയുടെ അടിത്തറയായി മാറുന്നത്,” പ്രധാനമന്ത്രി പറഞ്ഞു. ഇതിൽ നിയമസഹായം നൽകൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ദേശീയ തലം മുതൽ താലൂക്ക് തലം വരെ, നിയമ സേവന അതോറിറ്റികൾ നീതിന്യായ വ്യവസ്ഥയ്ക്കും സാധാരണ പൗരനും ഇടയിലുള്ള ഒരു പാലമായി പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ലോക് അദാലത്തുകളിലൂടെയും കേസുകൾ കോടതിക്ക് പുറത്ത് തീർപ്പാക്കുന്നതിലൂടെയും ലക്ഷക്കണക്കിന് വ്യവഹാരങ്ങൾ വേഗത്തിലും സൗഹൃദപരമായും കുറഞ്ഞ ചെലവിലും പരിഹരിക്കപ്പെടുന്നതിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. ഇന്ത്യാ ഗവൺമെൻ്റ് ആരംഭിച്ച ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ സിസ്റ്റം പ്രകാരം മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 8 ലക്ഷം ക്രിമിനൽ കേസുകൾ പരിഹരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ശ്രമങ്ങൾ രാജ്യത്തുടനീളമുള്ള പാവപ്പെട്ടവർക്കും, നിരാലംബരായവർക്കും, പാർശ്വവൽക്കരിക്കപ്പെട്ടവർക്കും എളുപ്പത്തിലുള്ള നീതി ലഭ്യത ഉറപ്പാക്കിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 11 വർഷമായി ബിസ്സിനെസ്സ് ലളിതമാക്കുകയും ജനജീവിത ആയാസരഹിതമാക്കുകയും ചെയ്യുന്നത് മെച്ചപ്പെടുത്താൻ ഗവണ്മെന്റ് സ്ഥിരമായി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ബിസ്സിനെസ്സ് മേഖലയിൽ നിലനിന്നിരുന്ന 40,000-ത്തിലധികം അനാവശ്യ നിയമങ്ങൾ നീക്കം ചെയ്തതായി അദ്ദേഹം എടുത്തുപറഞ്ഞു. ജൻ വിശ്വാസ് നിയമത്തിലൂടെ 3,400-ൽ അധികം നിയമ വ്യവസ്ഥകളെ ക്രിമിനൽകുറ്റമല്ലാതാക്കുകയും 1,500-ൽ അധികം കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കുകയും ചെയ്തു. കാലങ്ങളായുള്ള നിയമങ്ങൾക്ക് പകരമായി ഇപ്പോൾ ഭാരതീയ ന്യായ സംഹിത നിലവിൽ വന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
" നീതി എളുപ്പത്തിൽ ഉറപ്പാക്കിയാൽ മാത്രമേ ബിസ്സിനെസ്സ് ചെയ്യുന്നതിലുള്ള എളുപ്പവും അനായാസകരമായ ജനജീവിതവും ശരിക്കും സാധ്യമാകൂ. അടുത്തകാലത്തായി, നീതി എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്, ഈ ദിശയിലുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തി നമ്മൾ മുന്നോട്ടുപോകും," പ്രധാനമന്ത്രി ആവർത്തിച്ചു.
നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി (NALSA) 30 വർഷം പൂർത്തിയാകുന്ന വർഷമാണിതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, രാജ്യത്തെ അവശ വിഭാഗക്കാരെയും നീതിന്യായ വ്യവസ്ഥയെയും ബന്ധിപ്പിക്കാൻ നാൽസ പ്രവർത്തിച്ചിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. നിയമ സേവന അതോറിറ്റികളെ സമീപിക്കുന്നവർക്ക് പലപ്പോഴും വിഭവങ്ങളോ, പ്രാതിനിധ്യമോ ചിലപ്പോൾ പ്രതീക്ഷകൾ പോലുമോ ഉണ്ടാകില്ലെന്ന് എന്ന് അദ്ദേഹം നിരീക്ഷിച്ചു. അവർക്ക് പ്രതീക്ഷയും സഹായവും നൽകുക എന്നതാണ് 'നാൽസ'യുടെ പേരിൽത്തന്നെ അന്തർലീനമായിട്ടുള്ള “സേവനം” എന്ന വാക്കിൻ്റെ യഥാർത്ഥ അർത്ഥമെന്ന് അദ്ദേഹം പറഞ്ഞു. 'നാൽസ'യിലെ ഓരോ അംഗവും ക്ഷമയോടും പ്രൊഫഷണലിസത്തോടും കൂടി തുടർന്നും സേവനം ചെയ്യുമെന്ന് ശ്രീ മോദി വിശ്വാസം പ്രകടിപ്പിച്ചു.

NALSA യുടെ കമ്മ്യൂണിറ്റി മീഡിയേഷൻ പരിശീലന മൊഡ്യൂൾ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ച ശ്രീ മോദി, സംഭാഷണത്തിലൂടെയും സമവായത്തിലൂടെയും തർക്കങ്ങൾ പരിഹരിക്കുന്ന പുരാതന ഇന്ത്യൻ പാരമ്പര്യത്തെ ഇത് പുനരുജ്ജീവിപ്പിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. ഗ്രാമപഞ്ചായത്തുകൾ മുതൽ ഗ്രാമ മുഖ്യർവരെയുള്ളവരുടെ മധ്യസ്ഥത (Mediation) എപ്പോഴും ഇന്ത്യൻ നാഗരികതയുടെ ഭാഗമായിരുന്നു. പുതിയ മധ്യസ്ഥതാ നിയമം ഈ പാരമ്പര്യം ആധുനിക രൂപത്തിൽ മുന്നോട്ട് കൊണ്ടുപോകുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തർക്കങ്ങൾ പരിഹരിക്കുന്നതിനും, സൗഹൃദം നിലനിർത്തുന്നതിനും, വ്യവഹാരങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്ന കമ്മ്യൂണിറ്റി മധ്യസ്ഥതകൾക്കായി വിഭവങ്ങൾ ഒരുക്കുന്നതിൽ ഈ പരിശീലന മൊഡ്യൂൾ സഹായകമാകുമെന്ന് പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു.
സാങ്കേതികവിദ്യ നിസ്സംശയമായും ഒരു പരിവർത്തന ശക്തിയാണ്, അത് ജനപക്ഷ കാഴ്ചപ്പാടോടെ പ്രവർത്തിക്കുമ്പോൾ ജനാധിപത്യവൽക്കരണത്തിനുള്ള ശക്തമായ ഉപകരണമായി മാറുമെന്ന് ശ്രീ മോദി അടിവരയിട്ടു. യുപിഐ (UPI) എങ്ങനെയാണ് ഡിജിറ്റൽ പേയ്‌മെന്റുകളിൽ വിപ്ലവം സൃഷ്ടിച്ചതെന്നും, ഏറ്റവും ചെറിയ കച്ചവടക്കാർക്കുപോലും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാകാൻ ഇത് എങ്ങനെയാണ് വഴിയൊരുക്കിയതെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ലക്ഷക്കണക്കിന് കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ ഉപയോഗിച്ച് ഗ്രാമങ്ങളെ ബന്ധിപ്പിച്ചതായും, ഏതാനും ആഴ്ചകൾക്ക് മുമ്പ് ഗ്രാമപ്രദേശങ്ങളിൽ ഒരു ലക്ഷത്തോളം മൊബൈൽ ടവറുകൾ ഒരേസമയം ഉദ്ഘാടനം ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ ഇപ്പോൾ ഉൾച്ചേർക്കലിനും ശാക്തീകരണത്തിനുമുള്ള മാധ്യമമായി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യയ്ക്ക് എങ്ങനെയാണ് നീതിന്യായ പ്രക്രിയകളെ ആധുനികവും മാനുഷികവുമാക്കാൻ കഴിയുന്നത് എന്നതിൻ്റെ ശ്രദ്ധേയമായ ഉദാഹരണമാണ് ഇ-കോർട്ട്സ് പദ്ധതിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇ-ഫയലിംഗ് മുതൽ ഇലക്ട്രോണിക് സമൻസ് സേവനങ്ങൾ വരെയും, വെർച്വൽ ഹിയറിംഗുകൾ മുതൽ വീഡിയോ കോൺഫറൻസിംഗ് വരെയും, സാങ്കേതികവിദ്യ, എല്ലാം ലളിതമാക്കുകയും നീതിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുകയും ചെയ്തു. ഇ-കോർട്ട്സ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിനായുള്ള ബജറ്റ് 7,000 കോടിയിലധികം രൂപ വർദ്ധിപ്പിച്ചത് ഈ സംരംഭത്തോടുള്ള ഗവണ്മെന്റിന്റെ ശക്തമായ പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമ അവബോധത്തിൻ്റെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അറിയുകയും നിയമം മനസ്സിലാക്കുകയും നിയമ വ്യവസ്ഥയുടെ സങ്കീർണ്ണതയെക്കുറിച്ചുള്ള ഭയം മറികടക്കുകയും ചെയ്യുന്നതുവരെ ഒരു സാധാരണ വ്യക്തിക്ക് നീതി ലഭ്യമല്ലെന്ന് പ്രസ്താവിച്ചു. ദുർബല വിഭാഗങ്ങൾ, വനിതകൾ, മുതിർന്ന പൗരന്മാർ എന്നിവർക്കിടയിൽ നിയമ അവബോധം വർദ്ധിപ്പിക്കുന്നത് മുൻഗണനയാണ് എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഈ ദിശയിൽ നിയമ സ്ഥാപനങ്ങളും നീതിന്യായ വ്യവസ്ഥയും നടത്തുന്ന നിരന്തരമായ ശ്രമങ്ങളെ പ്രധാനമന്ത്രി അംഗീകരിച്ചു. യുവജനങ്ങൾക്ക്, പ്രത്യേകിച്ച് നിയമ വിദ്യാർത്ഥികൾക്ക് ഇക്കാര്യത്തിൽ പരിവർത്തനപരമായ പങ്ക് വഹിക്കാൻ കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിയമ വിദ്യാർത്ഥികളെ ദരിദ്രരുമായും ഗ്രാമീണ സമൂഹങ്ങളുമായും ഇടപഴകാനും അവർക്കുള്ള നിയമപരമായ അവകാശങ്ങളെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും അറിവുനൽകാനും പ്രോത്സാഹിപ്പിച്ചാൽ, സമൂഹത്തിൻ്റെ സ്പന്ദനം അവർക്ക് നേരിട്ട് മനസ്സിലാക്കാൻ കഴിയുമെന്ന് ശ്രീ മോദി നിർദ്ദേശിച്ചു. സ്വയം സഹായ സംഘങ്ങൾ, സഹകരണ സംഘങ്ങൾ, പഞ്ചായത്തിരാജ് സ്ഥാപനങ്ങൾ തുടങ്ങിയ ശക്തമായ താഴെത്തലത്തിലുള്ള ശൃംഖലകളുമായി ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ നിയമപരമായ അറിവ് ഓരോ വീട്ടിലും എത്തിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഹായത്തിൻ്റെ മറ്റൊരു പ്രധാന വശം, നീതി ലഭിക്കുന്ന വ്യക്തിക്ക് മനസ്സിലാകുന്ന ഭാഷയിൽ നീതി നൽകണം എന്നതാണെന്നുള്ളത് താൻ പലപ്പോഴും ഊന്നിപ്പറയുന്ന കാര്യമാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. നിയമങ്ങൾ തയ്യാറാക്കുന്ന സമയത്ത് ഈ തത്വം പരിഗണിക്കപ്പെടണം. ജനങ്ങൾക്ക് അവരുടെ സ്വന്തം ഭാഷയിൽ നിയമം മനസ്സിലാകുമ്പോൾ, അത് മികച്ച പാലനത്തിലേക്ക് നയിക്കുകയും വ്യവഹാരങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. വിധിന്യായങ്ങളും നിയമപരമായ രേഖകളും പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കേണ്ടതിൻ്റെ ആവശ്യകത പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 80,000-ത്തിലധികം വിധിന്യായങ്ങൾ 18 ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യാനുള്ള സുപ്രീം കോടതിയുടെ ഉദ്യമത്തെ ശ്രീ മോദി പ്രകീർത്തിച്ചു. ഈ ശ്രമം ഹൈക്കോടതികളിലും ജില്ലാ കോടതികളിലും തുടരുമെന്ന് അദ്ദേഹം പൂർണ്ണ വിശ്വാസം പ്രകടിപ്പിച്ചു.

ഇന്ത്യ വികസിത രാജ്യമായി മാറുന്ന സമയത്ത് നമ്മുടെ നീതിന്യായ വിതരണത്തിൻ്റെ ഭാവി എങ്ങനെയായിരിക്കണം എന്ന് സങ്കൽപ്പിക്കാൻ നിയമജ്ഞരോടും, നീതിന്യായ സേവനങ്ങളിലും, നീതിന്യായ വിതരണ സംവിധാനവുമായും ബന്ധപ്പെട്ട എല്ലാ പങ്കാളികളോടും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ആ ദിശയിലേക്ക് കൂട്ടായി മുന്നോട്ട് പോകേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. NALSA-യെയും, മുഴുവൻ നിയമസമൂഹത്തെയും, നീതിന്യായ വിതരണവുമായി ബന്ധപ്പെട്ട എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചുകൊണ്ടും പരിപാടിക്ക് എല്ലാവിധ ഭാവുകങ്ങൾ നേർന്നുകൊണ്ടും പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചു.
ചീഫ് ജസ്റ്റിസ് ശ്രീ ബി.ആർ. ഗവായി, കേന്ദ്രമന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം
“നിയമസഹായ വിതരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ” എന്ന ദേശീയ സമ്മേളനം NALSA സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ പരിപാടിയാണ്. ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ സിസ്റ്റം, അഭിഭാഷക പാനൽ, പാരാ-ലീഗൽ വോളണ്ടിയർമാർ, സ്ഥിരം ലോക് അദാലത്തുകൾ, നിയമസേവന സ്ഥാപനങ്ങളുടെ സാമ്പത്തിക മാനേജ്‌മെൻ്റ് എന്നിവ പോലുള്ള നിയമ സേവന ചട്ടക്കൂടിലെ പ്രധാന വശങ്ങളെക്കുറിച്ച് ഈ സമ്മേളനം ചർച്ച ചെയ്യും.
പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
जब न्याय सबके लिए Accessible होता है, Timely होता है, जब न्याय Social या Financial Background देखे बिना हर व्यक्ति तक पहुंचता है, तभी वो सामाजिक न्याय की नींव बनता है: PM @narendramodi
— PMO India (@PMOIndia) November 8, 2025
Ease of Doing Business और Ease of Living तभी संभव हैं... जब Ease of Justice भी सुनिश्चित हो।
— PMO India (@PMOIndia) November 8, 2025
पिछले कुछ वर्षों में, Ease Of Justice को बढ़ाने के लिए भी कई कदम उठाए गए हैं।
और आगे, हम इस दिशा में और तेजी लाएंगे: PM @narendramodi
Mediation हमेशा से हमारी सभ्यता का हिस्सा रही है।
— PMO India (@PMOIndia) November 8, 2025
नया Mediation Act इसी परंपरा को आगे बढ़ा रहा है, उसे आधुनिक स्वरूप दे रहा है: PM @narendramodi
Technology आज Inclusion और Empowerment का माध्यम बन रही है।
— PMO India (@PMOIndia) November 8, 2025
Justice delivery में E-Courts project भी इसका एक शानदार उदाहरण है: PM @narendramodi
जब लोग कानून को अपनी भाषा में समझते हैं, तो इससे Better Compliance होता है और मुकदमेबाजी कम होती है।
— PMO India (@PMOIndia) November 8, 2025
इसके साथ ही ये भी आवश्यक है कि judgements और legal documents को स्थानीय भाषा में उपलब्ध कराया जाए: PM @narendramodi


