''വര്‍ഷത്തിലെ ആദ്യ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ ഇന്ത്യ അതിന്റെ പ്രതിരോധകുത്തിവയ്പ്പ് യജ്ഞത്തില്‍ 150 കോടി - 1.5 ബില്യണ്‍ പ്രതിരോധകുത്തിവയ്പ്പ് ഡോസുകളുടെ ചരിത്രപരമായ നാഴികക്കല്ല് കൈവരിക്കുന്നു''
''ഒരു വര്‍ഷത്തിനുള്ളില്‍ 150 കോടി ഡോസുകള്‍ സവിശേഷമായ നേട്ടവും രാജ്യത്തിന്റെ നവ ഇച്ഛാശക്തിയുടെ പ്രതീകവുമാണ്''
''താങ്ങാനാകുന്നതും ഉള്‍ച്ചേര്‍ക്കുന്നതുമായ ആരോഗ്യപരിരക്ഷയുടെ ആഗോള മാനദണ്ഡമായി ആയുഷ്മാന്‍ ഭാരത് പദ്ധതി മാറുന്നു''
''പിഎം-ജെ.എ.വൈയുടെ കീഴില്‍, രാജ്യത്തുടനീളമുള്ള ആശുപത്രികളില്‍ 2 കോടി 60 ലക്ഷത്തിലധികം രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭിച്ചു''

കൊല്‍ക്കത്തയിലെ ചിത്തരഞ്ജന്‍ നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രണ്ടാമത്തെ കാമ്പസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി  മമത ബാനര്‍ജി, കേന്ദ്ര മന്ത്രിമാരായ ഡോ മന്‍സുഖ് മാണ്ഡവ്യ, ഡോ സുഭാസ് സര്‍ക്കാര്‍, ശ്രീ ശന്തനു താക്കൂര്‍, ശ്രീ ജോണ്‍ ബര്‍ലാ, ശ്രീ നിസിത് പ്രമാണിക് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പശ്ചിമ ബംഗാളിലെ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്കും ഇടത്തരം കുടുംബങ്ങള്‍ക്കും താങ്ങാനാവുന്നതും അത്യാധുനികവുമായ പരിചരണം നല്‍കുന്നതില്‍ പുതിയ കാമ്പസ് വളരെയധികം മുന്നോട്ട് പോകുമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ''രാജ്യത്തെ ഓരോ പൗരനും ഏറ്റവും മികച്ച വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള പ്രതിജ്ഞയുടെ യാത്രയില്‍, ഞങ്ങള്‍ മറ്റൊരു ശക്തമായ ചുവടുവെപ്പ് കൂടി നടത്തുകയാണ്'' പ്രധാനമന്ത്രി പറഞ്ഞു.
15 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പ്രതിരോധകുത്തിവയ്പ്പ് നല്‍കിയാണ് രാജ്യം ഈ വര്‍ഷം ആരംഭിച്ചതെന്ന് പ്രധാനമന്ത്രി പരാമര്‍ശിച്ചു. അതോടൊപ്പം, വര്‍ഷത്തിന്റെ ആദ്യ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ 150 കോടി - 1.5 ബില്യണ്‍ പ്രതിരോധകുത്തിവയ്പ്പ് ഡോസുകള്‍ എന്ന ചരിത്ര നാഴികക്കല്ലും ഇന്ത്യ കൈവരിക്കുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ 150 കോടി ഡോസ് നല്‍കുകയെന്നത് വളരെ സുപ്രധാനമായ ഒരുനേട്ടവും രാജ്യത്തിന്റെ ഇച്ഛാശക്തിയുടെ പ്രതീകവുമാണ്. ഇത് രാജ്യത്തിന്റെ പുതിയ ആത്മവിശ്വാസത്തെയും ആത്മനിരയേയും (സ്വാശ്രയത്വം) അഭിമാനത്തെയും സൂചിപ്പിക്കുന്നു, അദ്ദേഹം പറഞ്ഞു. ഒമൈക്രോണ്‍ വകഭേദം മൂലം കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍, 150 പ്രതിരോധകുത്തിവയ്പ്പിന്റെ ഡോസുകളുടെ ഈ ഷീല്‍ഡ് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന്, ഇന്ത്യയിലെ മുതിര്‍ന്ന ജനസംഖ്യയുടെ 90 ശതമാനത്തിലധികം പേര്‍ക്കും പ്രതിരോധകുത്തിവയ്പ്പിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അഞ്ച് ദിവസത്തിനുള്ളില്‍ 1.5 കോടിയിലധികം കുട്ടികള്‍ക്കും പ്രതിരോധകുത്തിവയ്പ്പിന്റെ ഡോസ് നല്‍കി. ഈ നേട്ടം മുഴുവന്‍ രാജ്യത്തിനും എല്ലാ ഗവണ്‍മെന്റുകള്‍ക്കും അദ്ദേഹം സമര്‍പ്പിച്ചു. ഈ നേട്ടത്തിന് രാജ്യത്തെ ശാസ്ത്രജ്ഞര്‍, പ്രതിരോധകുത്തിവയ്പ്പ് നിര്‍മ്മാതാക്കള്‍, ആരോഗ്യ മേഖലയിലെ ജനങ്ങള്‍ എന്നിവര്‍ക്ക് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.
ഇതുവരെ 11 കോടി ഡോസ് കൊറോണ പ്രതിരോധകുത്തിവയ്പ്പ് മരുന്ന് പശ്ചിമ ബംഗാളിന് ഗവണ്‍മെന്റിന് സൗജന്യമായി നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 1500 ലധികം വെന്റിലേറ്ററുകളും 9000ലധികം പുതിയ ഓക്‌സിജന്‍ സിലിണ്ടറുകളും ബംഗാളിന് ലഭ്യമാക്കിയിട്ടുണ്ട്. 49 പുതിയ പി.എസ്.എ (പ്രഷര്‍ സ്വിംഗ് അഡ്‌സോര്‍പക്ഷന്‍) ഓക്‌സിജന്‍ പ്ലാന്റുകളും സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചതായി പ്രധാനമന്ത്രി അറിയിച്ചു.
രാജ്യത്തിന്റെ ആരോഗ്യ മേഖലയെ പരിവര്‍ത്തനം ചെയ്യുന്നതിനായി, പ്രതിരോധ ആരോഗ്യ സംരക്ഷണം, താങ്ങാനാവുന്ന ആരോഗ്യ സംരക്ഷണം, വിതരണഭാഗത്തെ ഇടപെടല്‍ എന്നിവയില്‍ ദൗത്യമാതൃകയിലുള്ള സംഘടിതപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. യോഗ, ആയുര്‍വേദം, ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ്, യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ (സാര്‍വത്രിക പ്രതിരോധമാര്‍ജ്ജിക്കല്‍) എന്നിവ പ്രതിരോധ ആരോഗ്യ സംരക്ഷണത്തെ ശക്തിപ്പെടുത്തുന്നു. അതുപോലെ, സ്വച്ഛ് ഭാരത് മിഷനും ഹര്‍ ഘര്‍, ജല പദ്ധതികളും മികച്ച ആരോഗ്യ ഫലങ്ങള്‍ക്ക് സംഭാവന നല്‍കുകയും ചെയ്യുന്നു.
സാമ്പത്തിക പരാധീനതകള്‍ മൂലം ദരിദ്രരിലും ഇടത്തരക്കാരിലും അര്‍ബുദം  ഉണ്ടാക്കുന്ന ഭീതിയെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചു. രോഗം ഉണ്ടാക്കുന്ന ദൂഷിത വലയത്തില്‍ നിന്ന് പാവപ്പെട്ടവരെ കരകയറ്റാനായി, ചെലവുകുറഞ്ഞതും പ്രാപ്യമാക്കാവുന്നതുമായ ചികിത്സയ്ക്കായി രാജ്യം തുടര്‍ച്ചയായ നടപടികള്‍ സ്വീകരിക്കുന്നു. അര്‍ബുദ ചികിത്സക്കാവശ്യമായ മരുന്നുകളുടെ വില കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എണ്ണായിരത്തിലധികം ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വളരെ മിതമായ നിരക്കില്‍ മരുന്നുകളും ശസ്ത്രക്രിയ ഉപകരണങ്ങളും നല്‍കുന്നുണ്ട്. 50 ലധികം അര്‍ബുദ  മരുന്നുകള്‍ ഈ സ്‌റ്റോറുകളില്‍ വളരെ കുറഞ്ഞ വിലയില്‍ ലഭ്യവുമാണ്.
രോഗികളുടെ ആവശ്യങ്ങളോട് ഗവണ്‍മെന്റ് ശ്രദ്ധാലുവാണെന്നും 500-ലധികം മരുന്നുകളുടെ വിലനിയന്ത്രണത്തിലൂടെ പ്രതിവര്‍ഷം 3000 കോടിയിലധികം രൂപ ലാഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണറി സ്‌റ്റെന്റുകളുടെ നിയന്ത്രിത വില കാരണം ഹൃദ്രോഗികള്‍ പ്രതിവര്‍ഷം 4500 കോടിയിലധികം രൂപ ലാഭിക്കുന്നുണ്ട്, കാല്‍മുട്ട് ഇംപ്ലാന്റുകളുടെ വില കുറച്ചത് മുതിര്‍ന്ന പൗരന്മാരെ സഹായിക്കുകയും പ്രതിവര്‍ഷം 1500 കോടി രൂപ ലാഭിക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി ദേശീയ ഡയാലിസിസ് പരിപാടിക്ക് കീഴില്‍ 12 ലക്ഷം പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് സൗകര്യം ലഭിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.


താങ്ങാനാവുന്നതും ഉള്‍ക്കൊള്ളുന്നതുമായ ആരോഗ്യ പരിരക്ഷയുടെ കാര്യത്തില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി ഇന്ന് ആഗോള മാനദണ്ഡമായി മാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പി.എം.-ജെ.എ.വൈ (പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന)യ്ക്ക്  കീഴില്‍, രാജ്യത്തുടനീളമുള്ള ആശുപത്രികളില്‍ 2 കോടി 60 ലക്ഷത്തിലധികം രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭിച്ചു. പദ്ധതിയുടെ അഭാവത്തില്‍ രോഗികള്‍ക്ക് 50 മുതല്‍ 60,000 കോടി രൂപ വരെ ചെലവഴിക്കുമായിരുന്നെന്നാണ് കണക്കുകള്‍ പറയുന്നത്. 17 ലക്ഷത്തിലധികം അര്‍ബുദ രോഗികള്‍ക്കും ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ കീഴില്‍ പ്രയോജനം ലഭിച്ചു. നിരന്തപരിശോധനകളിലൂടെ അര്‍ബുദം (കാന്‍സര്‍), പ്രമേഹം, രക്താതിമര്‍ദ്ദം   തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും പദ്ധതി പ്രോത്സാഹിപ്പിക്കുന്നു. നിലവില്‍ വരുന്ന ആരോഗ്യ സൗഖ്യകേന്ദ്രങ്ങള്‍ ഈ സംഘടിതപ്രവര്‍ത്തനത്തെ സഹായിക്കുകയും ചെയ്യുന്നു. പശ്ചിമ ബംഗാളിലും ഇത്തരത്തിലുള്ള അയ്യായിരത്തിലധികം കേന്ദ്രങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. രാജ്യത്ത് 15 കോടിയിലധികം ആളുകളില്‍ വായ്, ഗര്‍ഭാശയ, സ്തനാര്‍ബുദം എന്നിവയുടെ പരിശോധനനടത്തിയതായി പ്രധാനമന്ത്രി അറിയിച്ചു.
2014 വരെ രാജ്യത്ത് ബിരുദ, ബിരുദാനന്തര മെഡിക്കല്‍ സീറ്റുകളുടെ എണ്ണം ഏകദേശം90,000 ആയിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ അവയോടൊപ്പം 60,000 പുതിയ സീറ്റുകള്‍ കൂട്ടിചേര്‍ത്തു. 2014ല്‍ നമുക്ക് 6 എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) മാത്രമായിരുന്നു ഉണ്ടായിരുന്നത്, ഇന്ന് 22 എയിംസുകളുടെ ശക്തമായ ശൃംഖലയിലേക്ക് ാജ്യം നീങ്ങുകയാണ്. ഇന്ത്യയിലെ എല്ലാ ജില്ലയിലും ഒരു മെഡിക്കല്‍ കോളേജെങ്കിലും ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. 19 സംസ്ഥാന കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ കാന്‍സര്‍ പരിരക്ഷാ പശ്ചാത്തലസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു, 20 ദ്വിതീയ കെയര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ അനുവദിച്ചു, കൂടാതെ 30 ലധികം ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ പ്രവര്‍ത്തനം പുരോഗമിക്കുകയുമാണ്. അതുപോലെ, ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ഹെല്‍ത്ത് മിഷനും ആയുഷ്മാന്‍ ഭാരത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷനും രാജ്യത്തിന്റെ ആരോഗ്യ മേഖലയ്ക്ക് ആധുനിക രൂപം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാനുള്ള തന്റെ അഭ്യര്‍ത്ഥന ആവര്‍ത്തിച്ചുകൊണ്ടാണ് പ്രധാനമന്ത്രി അവസാനിപ്പിച്ചത്.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ആരോഗ്യ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് സി.എന്‍.സി. ഐ (ചിത്തരജ്ഞന്‍ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്)യുടെ രണ്ടാമത്തെ കാമ്പസ് നിര്‍മ്മിച്ചിരിക്കുന്നത്. അര്‍ബുദ രോഗികളുടെ വര്‍ദ്ധിച്ച ഭാരത്തെ സി.എന്‍.സി.ഐ അഭിമുഖീകരിക്കുകയാണ്, വിപുലീകരണത്തിന്റെ ആവശ്യം കുറച്ചുകാലമായി അനുഭവപ്പെടുകയും ചെയ്യുന്നു. രണ്ടാം കാമ്പസിലൂടെ ഈ ആവശ്യം നിറവേറ്റപ്പെടും.
540 കോടി രൂപ ചെലവിലാണ് സി.എന്‍.സി.ഐയുടെ രണ്ടാമത്തെ കാമ്പസ് നിര്‍മ്മിച്ചിരിക്കുന്നത്, അതില്‍ 400 കോടി രൂപ കേന്ദ്ര സര്‍ക്കാരും ബാക്കി പശ്ചിമ ബംഗാള്‍ സര്‍ക്കാരും 75:25 എന്ന അനുപാതത്തില്‍ ചെലവഴിച്ചിട്ടുണ്ട്. അര്‍ബുദ (കാന്‍സര്‍ )രോഗനിര്‍ണയം, സ്‌റ്റേജിംഗ്, ചികിത്സ, പരിചരണം എന്നിവയ്ക്കുള്ള അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളോടെ 460 കിടക്കകളുള്ള സമഗ്ര കാന്‍സര്‍ സെന്റര്‍ യൂണിറ്റാണ് ഈ കാമ്പസ്. ന്യൂ€ിയര്‍ മെഡിസിന്‍ (പി.ഇ.ടി), 3.0 ടെസ്‌ല എം.ആര്‍.ഐ, 128 സ്ലൈസ് സി.ടി സ്‌കാനര്‍, റേഡിയോ ന്യൂ€ൈഡ് തെറാപ്പി യൂണിറ്റ് എന്‍ഡോസ്‌കോപ്പി സ്യൂട്ട്, ആധുനിക ബ്രാച്ചിതെറാപ്പി യൂണിറ്റുകള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെയാണ് കാമ്പസ് സജ്ജീകരിച്ചിരിക്കുന്നത്. കാമ്പസ് ഒരു നൂതന കാന്‍സര്‍ ഗവേഷണ കേന്ദ്രമായും പ്രവര്‍ത്തിക്കും. കാന്‍സര്‍ രോഗികള്‍ക്ക് പ്രത്യേകിച്ച് രാജ്യത്തിന്റെ കിഴക്കന്‍, വടക്ക്-കിഴക്കന്‍ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് സമഗ്രമായ പരിചരണവും ലഭ്യമാക്കും.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India can be a factor of stabilisation in global affairs: Chile backs New Delhi bid for UNSC permanent seat

Media Coverage

India can be a factor of stabilisation in global affairs: Chile backs New Delhi bid for UNSC permanent seat
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജനുവരി 10
January 10, 2026

Viksit Bharat Unleashed: From Farms to Hypersonics Under PM Modi's Vision