ന്യൂഡല്‍ഹിയില്‍ ഇന്റഗ്രേറ്റഡ് കോംപ്ലക്സ് 'കര്‍മയോഗി ഭവന്‍' ഒന്നാം ഘട്ടത്തിന് തറക്കല്ലിട്ടു
'രാഷ്ട്രനിര്‍മ്മാണത്തില്‍ നമ്മുടെ യുവശക്തിയുടെ സംഭാവന വര്‍ദ്ധിപ്പിക്കുന്നതില്‍ റോസ്ഗര്‍ മേളകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു'
'ഇന്ത്യ ഗവണ്‍മെന്റിലെ റിക്രൂട്ട്മെന്റ് പ്രക്രിയ ഇപ്പോള്‍ പൂര്‍ണ്ണമായും സുതാര്യമാണ്'
'യുവജനങ്ങളെ ഇന്ത്യാ ഗവണ്‍മെന്റുമായി ബന്ധിപ്പിക്കാനും അവരെ രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളികളാക്കാനുമാണ് ഞങ്ങളുടെ ശ്രമം'
ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇന്ത്യന്‍ റെയില്‍വേ പൂര്‍ണമായും മാറും.
'നല്ല കണക്റ്റിവിറ്റി രാജ്യത്തിന്റെ വികസനത്തില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്നു'
'അര്‍ദ്ധസൈനിക സേനകളുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ പരിഷ്‌കാരങ്ങള്‍ എല്ലാ പ്രദേശത്തു നിന്നുമുള്ള യുവാക്കള്‍ക്ക് തുല്യ അവസരം നല്‍കും'

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു ലക്ഷത്തിലധികം നിയമന കത്തുകള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പുതുതായി നിയമിതരായവര്‍ക്ക് വിതരണം ചെയ്തു. ന്യൂഡല്‍ഹിയിലെ ഇന്റഗ്രേറ്റഡ് കോംപ്ലക്സ് ''കര്‍മയോഗി ഭവന'' ന്റെ ഒന്നാം ഘട്ടത്തിന്റെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. മിഷന്‍ കര്‍മ്മയോഗിയുടെ വിവിധ തലങ്ങളിലെ സഹകരണവും സമന്വയവും പ്രോത്സാഹിപ്പിക്കുന്നതാണ് ഈ സമുച്ചയം.

1 ലക്ഷത്തിലധികം റിക്രൂട്ട്മെന്റുകള്‍ക്കുള്ള നിയമന കത്തുകള്‍ വിതരണം ചെയ്യുന്നുണ്ടെന്നും അവരെയും അവരുടെ കുടുംബങ്ങളെയും ഈ അവസരത്തില്‍ അഭിനന്ദിക്കുന്നതായും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യാ ഗവണ്‍മെന്റില്‍ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പ്രചാരണം ഊര്‍ജിതമായി തുടരുകയാണെന്ന് അദ്ദേഹം അടിവരയിട്ടു. തൊഴില്‍ വിജ്ഞാപനത്തിനും നിയമന കത്തുകള്‍ വിതരണം ചെയ്യുന്നതിനും ഇടയിലെ സമയം വര്‍ധിക്കുന്നത് കോഴ വര്‍ധിക്കാന്‍ കാരണമായെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, നിശ്ചിത സമയത്തിനുള്ളില്‍ നിയമന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനൊപ്പം നിലവിലെ സര്‍ക്കാര്‍ മുഴുവന്‍ നടപടികളും സുതാര്യമാക്കിയിട്ടുണ്ടെന്നും പറഞ്ഞു. ഓരോ യുവാക്കള്‍ക്കും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതില്‍ തുല്യ അവസരങ്ങളിലേക്കാണ് ഇത് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. "കഠിനാധ്വാനത്തിലൂടെയും വൈദഗ്ധ്യത്തിലൂടെയും തങ്ങളുടെ തൊഴില്‍ സ്ഥാനം ഉറപ്പിക്കാന്‍ കഴിയുമെന്നാണ് ഇന്ന് ഓരോ യുവാക്കളും വിശ്വസിക്കുന്നത്," യുവാക്കളെ രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. മുന്‍ സര്‍ക്കാരുകളേക്കാള്‍ 1.5 മടങ്ങ് കൂടുതല്‍ തൊഴിലവസരങ്ങള്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്നത്തെ സര്‍ക്കാര്‍ യുവാക്കള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയിലെ ഇന്റഗ്രേറ്റഡ് കോംപ്ലക്സ് 'കര്‍മയോഗി ഭവന്റെ' ഒന്നാം ഘട്ടത്തിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ച പ്രധാനമന്ത്രി, ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ മുന്‍കൈ ശക്തിപ്പെടുത്തുമെന്നും പറഞ്ഞു. 

 

ഗവണ്‍മെന്റിന്റെ ശ്രമഫലമായി പുതിയ മേഖലകള്‍ തുറക്കുന്നതിനെക്കുറിച്ചും യുവാക്കള്‍ക്ക് തൊഴിലിനും സ്വയം തൊഴിലിനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചും സംസാരിച്ച പ്രധാനമന്ത്രി, കുടുംബങ്ങളുടെ വൈദ്യുതി ബില്‍ കുറയ്ക്കുന്ന ഒരു കോടി മേല്‍ക്കൂര സോളാര്‍ പ്ലാന്റുകളെക്കുറിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തെക്കുറിച്ചും പരാമര്‍ശിച്ചു. ഗ്രിഡിലേക്ക് വൈദ്യുതി എത്തിച്ച് അവര്‍ക്ക് പണം സമ്പാദിക്കാന്‍ കഴിയും. ഈ പദ്ധതി ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം 1.25 ലക്ഷം സ്റ്റാര്‍ട്ടപ്പുകളുള്ള ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമാണെന്ന് പരാമര്‍ശിച്ച പ്രധാനമന്ത്രി, ഈ സ്റ്റാര്‍ട്ടപ്പുകളില്‍ പലതും ടയര്‍ 2 അല്ലെങ്കില്‍ ടയര്‍ 3 നഗരങ്ങളില്‍ നിന്നുള്ളതാണെന്നതിൽ സന്തോഷം പ്രകടിപ്പിച്ചു. ഈ സ്റ്റാര്‍ട്ടപ്പുകള്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍, ഏറ്റവും പുതിയ ബജറ്റില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നികുതി ഇളവ് തുടരുമെന്ന് പ്രഖ്യാപിച്ചു. ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ബജറ്റില്‍ പ്രഖ്യാപിച്ച ഒരു ലക്ഷം കോടി ഫണ്ടിനെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു.

റോസ്ഗര്‍ മേളയിലൂടെ റെയില്‍വേയിലെ റിക്രൂട്ട്മെന്റും ഇന്ന് നടക്കുന്നുണ്ടെന്ന് അറിയിച്ച പ്രധാനമന്ത്രി, യാത്രയുടെ കാര്യം പരിഗണിച്ചാല്‍ സാധാരണക്കാര്‍ ആദ്യം തിരഞ്ഞെടുക്കുന്നത് റെയില്‍വേയാണെന്ന് എടുത്തുപറഞ്ഞു. ഇന്ത്യയിലെ റെയില്‍വേ വന്‍ പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത ദശകത്തില്‍ ഈ മേഖല സമ്പൂര്‍ണമായ മാറ്റത്തിന് സാക്ഷ്യം വഹിക്കുമെന്നും ശ്രീ മോദി ശ്രദ്ധയില്‍പ്പെടുത്തി. 2014-ന് മുമ്പ് റെയില്‍വേയില്‍ കാര്യമായ ശ്രദ്ധ ചെലുത്തിയിരുന്നില്ലെന്നും റെയില്‍വേ ലൈനുകളുടെ വൈദ്യുതീകരണവും ഇരട്ടിപ്പിക്കലും പുതിയ ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നതും യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതും അദ്ദേഹം പരാമര്‍ശിച്ചു. എന്നാല്‍ 2014ന് ശേഷം, റെയില്‍വേയുടെ ആധുനികവൽക്കരണത്തിലും നവീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ട്രെയിന്‍ യാത്രാനുഭവമാകെ മാറ്റിമറിയ്ക്കാനുള്ള ഒരു കാമ്പയിന്‍ ആരംഭിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ഈ വര്‍ഷത്തെ ബജറ്റില്‍ വന്ദേ ഭാരത് എക്സ്പ്രസ് പോലുള്ള 40,000 ആധുനിക ബോഗികള്‍ തയ്യാറാക്കി സാധാരണ ട്രെയിനുകളില്‍ കൂട്ടിച്ചേര്‍ക്കുമെന്നും അതുവഴി യാത്രക്കാര്‍ക്ക് സൗകര്യം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

.

കണക്റ്റിവിറ്റിയുടെ ദൂരവ്യാപകമായ സ്വാധീനം എടുത്തുകാട്ടിയ പ്രധാനമന്ത്രി, മെച്ചപ്പെട്ട കണക്റ്റിവിറ്റി വഴി പുതിയ വിപണികള്‍, ടൂറിസം വിപുലീകരണം, പുതിയ ബിസിനസുകള്‍,  ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ എന്നിവ സൃഷ്ടിക്കപ്പെടുമെന്ന് പരാമര്‍ശിച്ചു. ''വികസനം ത്വരിതപ്പെടുത്തുന്നതിനായി അടിസ്ഥാന സൗകര്യ വികസനത്തില്‍ നിക്ഷേപം വര്‍ധിപ്പിക്കുകയാണ്'', പുതുതായി പ്രഖ്യാപിച്ച ബജറ്റില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി 11 ലക്ഷം കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ റെയില്‍, റോഡ്, വിമാനത്താവളങ്ങള്‍, ജലപാത പദ്ധതികള്‍ തുടങ്ങിയവ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നിയമനങ്ങളില്‍ പലതും അര്‍ദ്ധസൈനിക വിഭാഗങ്ങളിലാണെന്ന് ചൂണ്ടിക്കാട്ടി, അര്‍ദ്ധസൈനിക വിഭാഗത്തിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിലെ പരിഷ്‌കാരങ്ങളെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, ഈ ജനുവരി മുതല്‍ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ 13 ഇന്ത്യന്‍ ഭാഷകളിലും പരീക്ഷ നടത്തുമെന്ന് അറിയിച്ചു. ഇത് ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് എല്ലാവര്‍ക്കും തുല്യ അവസരം നല്‍കും. അതിര്‍ത്തി, തീവ്രവാദ ബാധിത ജില്ലകള്‍ക്കുള്ള ക്വാട്ട വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹം അറിയിച്ചു.

വികസിത് ഭാരത് യാത്രയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്ക് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 'ഇന്ന് ചേരുന്ന ഒരു ലക്ഷത്തിലധികം കര്‍മ്മയോഗികള്‍ ഈ യാത്രയ്ക്ക് പുതിയ ഊര്‍ജ്ജവും വേഗതയും നല്‍കും', പ്രധാനമന്ത്രി പറഞ്ഞു. എല്ലാ ദിവസവും രാഷ്ട്രനിര്‍മ്മാണത്തിനായി നീക്കിവയ്ക്കാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. 800-ലധികം കോഴ്സുകളും 30 ലക്ഷത്തിലധികം ഉപയോക്താക്കളുമുള്ള കര്‍മ്മയോഗി ഭാരത് പോര്‍ട്ടലിനെക്കുറിച്ച് അദ്ദേഹം അവരോട് പറഞ്ഞു, അതിന്റെ പൂര്‍ണ്ണ പ്രയോജനം നേടാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.

പശ്ചാത്തലം

രാജ്യത്തുടനീളം 47 സ്ഥലങ്ങളില്‍ റോസ്ഗര്‍ മേള നടന്നു. ഈ സംരംഭത്തെ പിന്തുണയ്ക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് വകുപ്പുകളിലും സംസ്ഥാന ഗവണ്‍മെന്റുകളിലും/കേന്ദ്ര ഭരണപ്രദേശങ്ങളിലും ഉടനീളം റിക്രൂട്ട്മെന്റുകള്‍ നടക്കുന്നു. റിക്രൂട്ട് ചെയ്യുന്നവര്‍ റവന്യൂ വകുപ്പ്, ആഭ്യന്തര മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ആറ്റോമിക് എനര്‍ജി വകുപ്പ്, പ്രതിരോധ മന്ത്രാലയം, സാമ്പത്തിക സേവന വകുപ്പ്, ആരോഗ്യ & കുടുംബക്ഷേമ മന്ത്രാലയം, ആദിവാസികാര്യ മന്ത്രാലയം, റെയില്‍വേ മന്ത്രാലയം തുടങ്ങി ഗവണ്‍മെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലെ/വകുപ്പുകളിലെ വിവിധ തസ്തികകളില്‍ ചേരും.

 

രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂര്‍ത്തീകരണത്തിലേക്കുള്ള ചുവടുവയ്പ്പാണ് റോസ്ഗര്‍ മേള. റോസ്ഗാര്‍ മേള കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും യുവാക്കള്‍ക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തില്‍ നേരിട്ടുള്ള പങ്കാളിത്തത്തിനും അവസരങ്ങള്‍ നല്‍കുമെന്നും പ്രതീക്ഷിക്കുന്നു.

പുതുതായി നിയമനം ലഭിച്ചവര്‍ക്ക് iGOT കര്‍മ്മയോഗി പോര്‍ട്ടലിലെ ഓണ്‍ലൈന്‍ മൊഡ്യൂളായ കര്‍മ്മയോഗി പ്രാരംഭ് വഴി സ്വയം പരിശീലിക്കാനുള്ള അവസരവും  ലഭിക്കും. എവിടെ നിന്നും ഏത് ഉപകരണത്തിലൂടെയും പഠനം സാധ്യമാകുന്ന പഠന ഫോര്‍മാറ്റിലൂടെ 880-ലധികം ഇ-ലേണിംഗ് കോഴ്സുകളാണ് ഇതിനായി ലഭ്യമാക്കിയിട്ടുള്ളത്.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
How NPS transformed in 2025: 80% withdrawals, 100% equity, and everything else that made it a future ready retirement planning tool

Media Coverage

How NPS transformed in 2025: 80% withdrawals, 100% equity, and everything else that made it a future ready retirement planning tool
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 20
December 20, 2025

Empowering Roots, Elevating Horizons: PM Modi's Leadership in Diplomacy, Economy, and Ecology