ഇന്ത്യയില്‍ ചെസ് ഒളിമ്പ്യാഡ് സംഘടിപ്പിക്കുന്നത് ഇതാദ്യമായി; തങ്ങളുടെ എക്കാലത്തെയും വലിയ സംഘത്തെയാണ് ഇന്ത്യ മത്സരിപ്പിക്കുന്നത്
“ഏറെ അഭിമാനകരമായ ചെസ് ടൂര്‍ണമെന്റ് ചെസ്സിന്റെ സ്വന്തം നാടായ ഇന്ത്യയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു”
“44-ാമത് ചെസ് ഒളിമ്പ്യാഡ് നിരവധി പുതിയ തുടക്കങ്ങളുടെയും റെക്കോഡുകളുടെയും ടൂര്‍ണമെന്റാണ്”
“ഇന്ത്യയില്‍ ചെസ്സിന്റെ ശക്തികേന്ദ്രമാണു തമിഴ്‌നാട്”
“നല്ല മനസുകളുടെയും ഊര്‍ജസ്വലമായ സംസ്കാരത്തിന്റെയും ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയായ തമിഴിന്റെയും നാടാണ് തമിഴ്‌നാട്”
“ഇന്ത്യയില്‍ കായികരംഗത്തിനു നിലവിലുള്ളതിനേക്കാള്‍ മികച്ച സമയം ഉണ്ടായിട്ടില്ല”
“യുവത്വത്തിന്റെ ഊര്‍ജവും അനുയോജ്യമായ പരിതസ്ഥിതിയും പൂര്‍ണമായി ഇടകലര്‍ന്നതിനാല്‍ ഇന്ത്യയുടെ കായികസംസ്കാരം കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്”
“കായികരംഗത്ത് പരാജിതരില്ല. വിജയികളുണ്ട്; ഭാവിയിലെ വിജയികളും”

44-ാമത്‌ ചെസ് ഒളിമ്പ്യാഡിനു തുടക്കംകുറിച്ചതായി ചെന്നൈ ജെഎല്‍എന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി, മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍, ശ്രീ എല്‍ മുരുകന്‍, ഇന്റര്‍നാഷണല്‍ ചെസ് ഫെഡറേഷന്‍ (ഫിഡെ) പ്രസിഡന്റ് അര്‍ക്കാഡി ഡ്വോര്‍കോവിച്ച് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 

സമ്മേളനത്തെ അഭിസംബോധനചെയ്യവെ, ലോകമെമ്പാടുമുള്ള എല്ലാ കളിക്കാരെയും ചെസ് പ്രേമികളെയും ഇന്ത്യയിലേക്കു സ്വാഗതംചെയ്യുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘ആസാദി കാ അമൃത് മഹോത്സവ്’ വേളയിലാണ് ഈ പരിപാടി നടക്കുന്നത് എന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഏറ്റവും അഭിമാനകരമായ ചെസ് ടൂര്‍ണമെന്റ് ചെസ്സിന്റെ സ്വന്തം നാടായ ഇന്ത്യയില്‍ എത്തിച്ചേര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. 

44-ാമത് ചെസ് ഒളിമ്പ്യാഡ് നിരവധി പുതിയ തുടക്കങ്ങളുടെയും റെക്കോഡുകളുടെയും ടൂര്‍ണമെന്റായിരിക്കുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ചെസ്സിന്റെ ഉത്ഭവസ്ഥാനമായ ഇന്ത്യയില്‍ ഇതാദ്യമായാണു ചെസ് ഒളിമ്പ്യാഡ് നടക്കുന്നത്. മൂന്നുപതിറ്റാണ്ടിനിടെ ഏഷ്യയിലേക്ക് ഇതുവരുന്നതും നടാടെയാണ്. ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്നതും ഇപ്പോഴത്തെ ടൂര്‍ണമെന്റിലാണ്. ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ ടീമുകള്‍ പങ്കെടുക്കുന്നതും ഇവിടെയാണ്. വനിതാ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മത്സരിക്കുന്നത് ഇവിടെയാണ്. ചെസ് ഒളിമ്പ്യാഡിനായി ഇതാദ്യമായി ദീപശിഖായാത്രയ്ക്ക് ഇത്തവണയാണു തുടക്കംകുറിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

ചരിത്രപരമായി തമിഴ്‌നാടിനു കരുത്തുറ്റ ബന്ധമാണു ചെസ്സുമായുള്ളതെന്നു പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അതുകൊണ്ടാണു ചെസ്സില്‍ ഈ നാട് ഇന്ത്യയുടെ ശക്തികേന്ദ്രമാകുന്നത്. ഇന്ത്യയില്‍ നിരവധി ചെസ് ഗ്രാൻഡ്‌മാസ്റ്റർമാരെ ഈ നാടു സൃഷ്ടിച്ചു. നല്ല മനസുകളുടെയും ഊര്‍ജസ്വലമായ സംസ്കാരത്തിന്റെയും ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയായ തമിഴിന്റെയും നാടാണിത്. 

ഒത്തിണക്കമെന്ന മനോഭാവം ഉള്ളിലുള്ളതിനാലാണു കായികരംഗം മനോഹരമാകുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. കായികമേഖല ജനങ്ങളെയും സമൂഹത്തെയും കൂടുതല്‍ അടുപ്പിക്കുന്നു. കായികമേഖല കൂട്ടായ്മയെന്ന മനോഭാവം വളര്‍ത്തുന്നു. ഇന്ത്യയില്‍ കായികരംഗത്തിനു നിലവിലുള്ളതിനേക്കാള്‍ മികച്ച സമയം ഉണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഒളിമ്പിക്സ്, പാരാലിമ്പിക്സ്, ബധിര ഒളിമ്പിക്സ് എന്നിവയില്‍ ഇന്ത്യ എക്കാലത്തെയും മികച്ച പ്രകടനമാണു നടത്തിയത്. മുമ്പു ജയിക്കാന്‍ കഴിയാതിരുന്ന കായിക ഇനങ്ങളില്‍പോലും ഞങ്ങള്‍ നേട്ടം കൈവരിച്ചു”- അദ്ദേഹം പറഞ്ഞു. യുവത്വത്തിന്റെ ഊര്‍ജവും അനുയോജ്യമായ പരിതസ്ഥിതിയും പൂര്‍ണമായി ഇടകലര്‍ന്നതിനാല്‍ ഇന്ത്യയുടെ കായികസംസ്കാരം കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്.

“കായികരംഗത്ത് പരാജിതരില്ല. വിജയികളുണ്ട്; ഭാവിയിലെ വിജയികളും. 44-ാമത് ചെസ് ഒളിമ്പ്യാഡില്‍ എല്ലാ ടീമുകള്‍ക്കും കളിക്കാര്‍ക്കും വിജയാശംസകള്‍ നേരുന്നു”- പ്രധാനമന്ത്രി പറഞ്ഞു. 

പശ്ചാത്തലം :

2022 ജൂണ്‍ 19ന് ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷണല്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രിയാണ് ഇതാദ്യമായി ചെസ് ഒളിമ്പ്യാഡ് ദീപശിഖാറാലി ഉദ്ഘാടനം ചെയ്തത്. സ്വിറ്റ്സര്‍ലന്‍ഡിലെ ഫിഡെ ആസ്ഥാനത്തേക്കു പോകുന്നതിനുമുമ്പ് 40 ദിവസങ്ങളിലായി രാജ്യത്തെ 75 പ്രതീകാത്മക മേഖലകളിലൂടെ 20,000 കിലോമീറ്ററോളം സഞ്ചരിച്ച ദീപശിഖായാത്ര മഹാബലിപുരത്തു സമാപിച്ചു. 

2022 ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 9 വരെ ചെന്നൈയിലാണ് 44-ാമത് ചെസ് ഒളിമ്പ്യാഡ് നടക്കുന്നത്. 1927 മുതല്‍ സംഘടിപ്പിക്കുന്ന ഈ അഭിമാനകരമായ ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യ ആദ്യമായാണ് ആതിഥേയത്വം വഹിക്കുന്നത്. 30 വര്‍ഷത്തിനുശേഷമാണ് ഇത് ഏഷ്യയിലെത്തുന്നതും. 187 രാജ്യങ്ങള്‍ പങ്കെടുക്കുന്നതിനാല്‍ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വലുതാണ് ഇത്തവണത്തെ ചെസ് ഒളിമ്പ്യാഡ്. 6 ടീമുകളിലെ 30 കളിക്കാരുമായി ഇന്ത്യയും തങ്ങളുടെ എക്കാലത്തെയും വലിയ സംഘത്തെയാണു പങ്കെടുപ്പിക്കുന്നത്.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Since 2019, a total of 1,106 left wing extremists have been 'neutralised': MHA

Media Coverage

Since 2019, a total of 1,106 left wing extremists have been 'neutralised': MHA
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 14
December 14, 2025

Empowering Every Indian: PM Modi's Inclusive Path to Prosperity