ഇത് ഇന്ത്യയുടെ അതുല്യ കായികപ്രതിഭകളുടെആഘോഷമാണ്; ഇതു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കായികതാരങ്ങളുടെ ഉത്സാഹം പ്രകടമാക്കുന്നു: പ്രധാനമന്ത്രി
കായികരംഗത്തെ ഇന്ത്യയുടെ സമഗ്രവികസനത്തിന്റെ സുപ്രധാന ചാലകശക്തിയായാണു ഞങ്ങൾ കണക്കാക്കുന്നത്: പ്രധാനമന്ത്രി
കായികതാരങ്ങളുടെ കഴിവുകൾ പരമാവധി വികസിപ്പിക്കാൻ ഞങ്ങൾ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നു: പ്രധാനമന്ത്രി
2036ലെ ഒളിമ്പിക്സ് ആതിഥേയത്വത്തിനുള്ള കരുത്തുറ്റ ശ്രമങ്ങൾ നടത്തുകയാണ് ഇന്ത്യ: പ്രധാനമന്ത്രി
ദേശീയ ഗെയിംസ് വെറുമൊരു കായിക പരിപാടി എന്നതിലുപരി, ‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്ന മനോഭാവം പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയാണ്; ഇന്ത്യയുടെ സമ്പന്നമായ നാനാത്വത്തിന്റെയും ഏകത്വത്തിന്റെയും ആഘോഷമാണിത്: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ 38-ാം ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്തു. സദസ്സിനെ അഭിസംബോധന ചെയ്യവേ, യുവാക്കളുടെ ഊർജത്താൽ ദീപ്തമാണ് ഇന്ന് ഉത്തരാഖണ്ഡെന്ന് അദ്ദേഹം പറഞ്ഞു. ബാബ കേദാർനാഥ്, ബദരീനാഥ്, ഗംഗാമാതാവ് എന്നിവരുടെ അനുഗ്രഹത്തോടെയാണ് 38-ാം ദേശീയ ഗെയിംസ് ആരംഭിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരാഖണ്ഡ് രൂപീകൃതമായതിന്റെ 25-ാം വർഷമാണിതെന്ന് എടുത്തുപറഞ്ഞ അദ്ദേഹം, രാജ്യത്തുടനീളമുള്ള യുവാക്കൾ ഈ യുവസംസ്ഥാനത്ത് കഴിവുകൾ പ്രകടിപ്പിക്കുമെന്ന് അഭിപ്രായപ്പെട്ടു. ‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്നതിന്റെ മനോഹരമായ ചിത്രമാണ് ഈ പരിപാടി പ്രകടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ ഗെയിംസിന്റെ ഈ പതിപ്പിൽ നിരവധി പ്രാദേശിക കായിക ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞ അദ്ദേഹം, പരിസ്ഥിതിസൗഹൃദസാമഗ്രികളുടെ ഉപയോഗത്തിന്റെ പശ്ചാത്തലത്തിൽ ‘ഗ്രീൻ ഗെയിംസ്’ എന്നതാണ് ഈ ഗെയിംസിന്റെ പ്രമേയമെന്നും ചൂണ്ടിക്കാട്ടി. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ വിശദീകരിച്ച അ​​ദ്ദേഹം, ട്രോഫികളും മെഡലുകളും പോലും ഇ-മാലിന്യങ്ങൾ കൊണ്ടാണ് നിർമിച്ചതെന്നും ഓരോ മെഡൽ ജേതാവിന്റെയും പേരിൽ ഒരു മരം നട്ടുപിടിപ്പിക്കുമെന്നും അത് മികച്ച സംരംഭമാണെന്നും പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനായി എല്ലാ കായികതാരങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു. ഇത്രയും മഹത്തായ പരിപാടി സംഘടിപ്പിച്ചതിന് ഉത്തരാഖണ്ഡ് ഗവണ്മെന്റിനെയും ജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

 

തീയിലൂടെ സ്വർണം ശുദ്ധമാകുന്നതുപോലെ, കായികതാരങ്ങൾക്ക് അവരുടെ കഴിവുകൾ മെച്ചപ്പെടുത്താൻ കൂടുതൽ അവസരങ്ങൾ നൽകുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വർഷം തോറും നിരവധി ടൂർണമെന്റുകൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും നിരവധി പുതിയ ടൂർണമെന്റുകൾ ഖേലോ ഇന്ത്യ പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നിരവധി യുവതാരങ്ങൾക്ക് മുന്നേറാൻ അവസരമൊരുക്കിയിട്ടുണ്ടെന്നും യൂണിവേഴ്സിറ്റി ഗെയിംസ് യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് നിരവധി അവസരങ്ങൾ നൽകുമെന്നും ശ്രീ മോദി പറഞ്ഞു. ഖേലോ ഇന്ത്യ പാരാ ഗെയിംസ് പാരാ അത്‌ലറ്റുകൾക്ക് അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും പുതിയ നേട്ടങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഖേലോ ഇന്ത്യ ശീതകാല ഗെയിംസിന്റെ അഞ്ചാം പതിപ്പ് അടുത്തിടെ ലഡാക്കിൽ നടന്ന കാര്യം പ്രധാനമന്ത്രി അനുസ്മരിച്ചു. കഴിഞ്ഞ വർഷം ബീച്ച് ഗെയിംസ് സംഘടിപ്പിച്ച കാര്യവും അദ്ദേഹം പരാമർശിച്ചു.

 

കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഗവണ്മെന്റ് മാത്രമല്ല നടത്തുന്നതെന്നും, നിരവധി പാർലമെന്റ് അംഗങ്ങൾ പുതിയ പ്രതിഭകളെ മുന്നോട്ടു കൊണ്ടുവരുന്നതിനായി അവരുടെ മണ്ഡലങ്ങളിൽ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. കാശിയിലെ എംപി കൂടിയായ പ്രധാനമന്ത്രി, തന്റെ പാർലമെന്റ് മണ്ഡലത്തിൽ മാത്രം പ്രത‌ിവർഷം ഏകദേശം രണ്ടരലക്ഷം യുവാക്കൾക്ക് കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നുണ്ടെന്ന് പരാമർശിച്ചു. കായിക മേഖലയുടെ മനോഹരമായ പുഷ്പവൃന്ദംതന്നെ കായികരംഗത്തു സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും, എല്ലാ സീസണിലും പൂക്കൾ വിരിയുന്നുണ്ടെന്നും ടൂർണമെന്റുകൾ തുടർച്ചയായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ത്യയുടെ സമഗ്രവികസനത്തിനുള്ള സുപ്രധാന മാധ്യമമായി കായികരംഗം കണക്കാക്കപ്പെടുന്നു” എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു രാജ്യം കായികരംഗത്തു മികവു പുലർത്തുമ്പോൾ, അതിന്റെ പ്രശസ്തിയും ​സ്വീകാര്യത​യും ഉയരുമെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ, ഇന്ത്യയുടെ വികസനവുമായും യുവാക്കളുടെ ആത്മവിശ്വാസവുമായും കായികരംഗം കൂട്ടിയിണിക്ക‌പ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയെന്ന നിലയിലേക്ക് ഇന്ത്യ പുരോഗമിക്കുകയാണെന്നും, കായിക സമ്പദ്‌വ്യവസ്ഥ ഈ ശ്രമത്തിന്റെ പ്രധാന ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓരോ കായികതാരത്തിനും പിന്നിൽ പരിശീലകർ, പോഷകാഹാര-കായികക്ഷമതാ വിദഗ്ധർ, ഡോക്ടർമാർ, ഉപകരണങ്ങൾ എന്നിവയുൾപ്പെടെ മുഴുവൻ ആവാസവ്യവസ്ഥയുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള കായികതാരങ്ങൾ ഉപയോഗിക്കുന്ന കായിക ഉപകരണങ്ങളുടെ ഗുണനിലവാരമുള്ള ഉൽപ്പാദകരായി ഇന്ത്യ മാറുകയാണെന്ന് ശ്രീ മോദി പരാമർശിച്ചു. മീറഠിൽ ചെറുതും വലുതുമായ 35,000-ത്തിലധികം നിർമാണശാലകൾ കായിക ഉപകരണങ്ങൾ നിർമിക്കുന്നുണ്ടെന്നും, മൂന്നു ലക്ഷത്തിലധികം പേർക്കു തൊഴിൽ നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളം അത്തരം ആവാസവ്യവസ്ഥകൾ വികസിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

​അടുത്തിടെ, ഡൽഹിയിലെ തന്റെ വസതിയിൽ ഇന്ത്യൻ ഒളിമ്പിക്സ് സംഘത്തെ കാണാൻ അവസരം ലഭിച്ചതിനെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, സംഭാഷണത്തിനിടെ, ഒരു കായികതാരം “പിഎം” എന്നതിനെ “പ്രധാനമന്ത്രി” എന്നതിനുപകരം “പരം മിത്ര” (ഉറ്റ സുഹൃത്ത്) എന്നു പുനർനിർവചിച്ചുവെന്നു ചൂണ്ടിക്കാട്ടി. ഈ വിശ്വാസം തനിക്ക് ഊർജം നൽകുന്നു. കായികതാരങ്ങളുടെ പ്രതിഭയിലും കെൽപ്പിലും തനിക്കു പൂർണ ആത്മവിശ്വാസമുണ്ട്. കഴിഞ്ഞ 10 വർഷമായി അവരുടെ കഴിവുകളെ പിന്തുണയ്ക്കുന്നതിൽ നിരന്തരം ശ്രദ്ധ ചെലുത്തി. കഴിഞ്ഞ ദശകത്തിൽ കായിക ബജറ്റ് മൂന്നിരട്ടിയിലധികം വർധിച്ചു. TOPS പദ്ധതിപ്രകാരം, ഡസൻ കണക്കിന് കായികതാരങ്ങളിൽ നൂറുകണക്കിനു കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഖേലോ ഇന്ത്യ പരിപാടി രാജ്യത്തുടനീളം ആധുനിക കായിക അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയാണ്. സ്കൂളുകളിൽ കായികരംഗത്തെ മുഖ്യധാരയിലേക്കു കൊണ്ടുവന്നിട്ടുണ്ട്. രാജ്യത്തെ ആദ്യത്തെ കായിക സർവകലാശാല മണിപ്പുരിൽ സ്ഥാപിക്കുകയാണെന്നും ശ്രീ മോദി പറഞ്ഞു.

ഗവണ്മെന്റിന്റെ ശ്രമങ്ങളുടെ ഫലങ്ങൾ മൈതാനത്തും മെഡൽ നേട്ടത്തിലും ദൃശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, എല്ലാ അന്താരാഷ്ട്ര മത്സരങ്ങളിലും ഇന്ത്യൻ കായികതാരങ്ങൾ കഴിവുകൾ പ്രദർശിപ്പിച്ച്, അവരുടെ വ്യക്തിമുദ്ര പതിപ്പിക്കുന്നുണ്ടെന്ന് എടുത്തുപറഞ്ഞു. ഒളിമ്പിക്സിലും പാരാലിമ്പിക്സിലും ഇന്ത്യൻ കായികതാരങ്ങളുടെ മികച്ച പ്രകടനത്തെ അദ്ദേഹം പ്രശംസിച്ചു. ഉത്തരാഖണ്ഡിൽ നിന്നുള്ള നിരവധി കായികതാരങ്ങളും മെഡലുകൾ നേടിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി മെഡൽ ജേതാക്കൾ വേദിയിൽ സന്നിഹിതരായതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

 

ഹോക്കിയുടെ മഹത്തായ നാളുകൾ തിരിച്ചുവരികയാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഖോ-ഖോ ടീം അടുത്തിടെ ലോകകപ്പ് നേടിയതായും, ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടി ഡി ഗുകേഷ് ലോകത്തെ അമ്പരപ്പിച്ചതായും അദ്ദേഹം പറഞ്ഞു. കൂടാതെ, കൊനേരു ഹംപി വനിതാ ലോക റാപ്പിഡ് ചെസ് ചാമ്പ്യനായി. ഇന്ത്യയിലെ കായിക വിനോദങ്ങൾ ഇനി പാഠ്യേതര പ്രവർത്തനങ്ങൾ മാത്രമല്ലെന്നും യുവാക്കൾ ഇപ്പോൾ കായികരംഗത്തെ സുപ്രധാന ജീവിതോപാധിയായി കണക്കാക്കുന്നുണ്ടെന്ന് ഈ വിജയങ്ങൾ തെളിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

“കായികതാരങ്ങൾ എപ്പോഴും വലിയ ലക്ഷ്യങ്ങൾ വയ്ക്കുന്നതുപോലെ, ഇന്ത്യയും മികച്ച ദൃഢനിശ്ചയങ്ങളുമായി മുന്നോട്ടു പോകുകയാണ്” - പ്രധാനമന്ത്രി പറഞ്ഞു. 2036 ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ വലിയ ശ്രമങ്ങളാണു നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഇന്ത്യൻ കായികരംഗത്തെ പുതിയ ഉയരങ്ങളിലെത്തിക്കും. ഒളിമ്പിക്സ് ഒരു കായിക പരിപാടി മാത്രമല്ലെന്നും, ആതിഥേയ രാജ്യത്തെ വിവിധ മേഖലകളെ മുന്നോട്ടു നയിക്കുന്നുവെന്നും പറഞ്ഞ ശ്രീ മോദി, ഒളിമ്പിക്സിനായി നിർമിക്കുന്ന കായിക അടിസ്ഥാനസൗകര്യങ്ങൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഭാവിയിലെ കായികതാരങ്ങൾക്കു മികച്ച സൗകര്യങ്ങൾ നൽകുകയും ചെയ്യുമെന്നു വ്യക്തമാക്കി. ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്ന നഗരം പുതിയ ഗതാഗത-വിനിമയക്ഷമതാ അടിസ്ഥാനസൗകര്യങ്ങൾക്കു സാക്ഷ്യം വഹിക്കുമെന്നും നിർമാണ-ഗതാഗത മേഖലകളെ ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള ജനങ്ങൾ ഗെയിമുകളിൽ പങ്കെടുക്കാനും കാണാനും എത്തുന്നതിലൂടെയും പുതിയ ഹോട്ടലുകൾ നിർമിക്കപ്പെടുന്നതിലൂടെയും രാജ്യത്തെ വിനോദസഞ്ചാരമേഖലയ്ക്കാകും ഏറ്റവും വലിയ നേട്ടം ലഭിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേവഭൂമി ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസ് പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള കാണികൾ ഉത്തരാഖണ്ഡിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുമെന്നും, കായികമത്സരങ്ങൾ കായികതാരങ്ങൾക്കു മാത്രമല്ല, സമ്പദ്‌വ്യവസ്ഥയുടെ മറ്റു വിവിധ മേഖലകൾക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

21-ാം നൂറ്റാണ്ട് ഇന്ത്യയുടെ നൂറ്റാണ്ടായി വാഴ്ത്തപ്പെടുകയാണെന്നു പറഞ്ഞ ശ്രീ മോദി, ബാബ കേദാർനാഥ് സന്ദർശിച്ച ശേഷം, ഇത് ഉത്തരാഖണ്ഡിന്റെ ദശകമാണെന്ന് അനുഭവപ്പെട്ടതായും വ്യക്തമാക്കി. ഉത്തരാഖണ്ഡിന്റെ ദ്രുതഗതിയിലുള്ള പുരോഗതിയിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. പെൺമക്കൾക്കും അമ്മമാർക്കും സഹോദരിമാർക്കും അന്തസ്സുറ്റ ജീവിതത്തിന് അടിത്തറ പാകുന്ന ഏകീകൃത പൗരത്വ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതു ജനാധിപത്യത്തിന്റെ ചൈതന്യത്തിനും ഭരണഘടനയുടെ സത്തയ്ക്കും കരു​ത്തേകും. ഇതിനെ കായികപരിപാടിയുമായി കൂട്ടിയിണക്കിയ ശ്രീ മോദി, കായികരംഗത്തെ മാന്യത, വിവേചനത്തിന്റെ എല്ലാ വികാരങ്ങളെയും ഇല്ലാതാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. കൂട്ടായ പരിശ്രമത്തിലൂടെയാണ് ഓരോ വിജയവും മെഡലും നേടുന്നതെന്നും, കായികരംഗം ‘ടീം വർക്കി’നെ പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവേചനമില്ലാത്തതും ഏവരെയും ഒരുപോലെ കാണുന്നതുമായ ഏകീകൃത പൗരത്വ കോഡിനും ഇതേ മനോഭാവം ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രപരമായ ഈ നടപടി സ്വീകരിച്ചതിന് ഉത്തരാഖണ്ഡ് സംസ്ഥാന ഗവണ്മെന്റിനെ അദ്ദേഹം അഭിനന്ദിച്ചു.

​ഇതാദ്യമായാണ് ഉത്തരാഖണ്ഡ് ഇത്രയും വലിയ തോതിൽ ദേശീയ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുകയും ചെയ്യുന്ന സുപ്രധാന നേട്ടമാണിതെന്നും പ്രകീർത്തിച്ചു. ചാർ ധാം യാത്രയെ മാത്രം ആശ്രയിക്കാനാകാത്തതിനാൽ, വികസനത്തിനായി പുതിയ വഴികൾ തേടണമെന്ന് അദ്ദേഹം ഉത്തരാഖണ്ഡിനോട് ആവശ്യപ്പെട്ടു. ഈ തീർഥാടനങ്ങളുടെ ആകർഷണീയത വർധിപ്പിക്കുന്നതിന് ഗവണ്മെന്റ് തുടർച്ചയായി സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നുണ്ടെന്നും, ഓരോ കാലയളവിലും തീർഥാടകരുടെ എണ്ണം പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, ഇത് പര്യാപ്തമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തരാഖണ്ഡിലെ ശൈത്യകാല ആത്മീയ യാത്രകൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്ക്കു ശ്രീ മോദി ഊന്നൽ നൽകി. ഈ ദിശയിൽ പുതിയ നടപടികൾ കൈക്കൊണ്ടതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ഈ ശൈത്യകാല യാത്രകളിൽ പങ്കാളിയാകാനുള്ള ആഗ്രഹം പങ്കുവയ്ക്കുകയും ചെയ്തു. തീർഥാടകരുടെ എണ്ണം കുറവായതിനാലും സാഹസിക പ്രവർത്തനങ്ങൾക്ക് ധാരാളം അവസരങ്ങൾ ഉള്ളതിനാലും ശൈത്യകാലത്ത് ഉത്തരാഖണ്ഡ് സന്ദർശിക്കാൻ രാജ്യത്തുടനീളമുള്ള യുവാക്കളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ദേശീയ ഗെയിംസിനുശേഷം ഈ അവസരങ്ങൾ അനാവരണം ചെയ്യാനും ദേവഭൂമിയുടെ ആതി​ഥ്യം ദീർഘകാലം ആസ്വദിക്കാനും അദ്ദേഹം കായികതാരങ്ങളെ പ്രചോദിപ്പിച്ചു. 

 

അതതു സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്ന കായികതാരങ്ങൾ, വരുംദിവസങ്ങളിൽ ദേശീയ റെക്കോർഡുകൾ തകർക്കുമെന്നും പുതിയ റെക്കോർഡുകൾ സ്ഥാപിച്ച് കടുത്ത മത്സരം കാഴ്ചവയ്ക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കഴിയുന്നത്ര പരിശ്രമിക്കണമെന്ന് അദ്ദേഹം താരങ്ങളോട് ആവശ്യപ്പെട്ടു. ദേശീയ ഗെയിംസ് വെറുമൊരു കായിക മത്സരം മാത്രമല്ലെന്നു പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയുടെ വൈവിധ്യം ആഘോഷിക്കുന്ന “ഏകഭാരതം, ശ്രേഷ്ഠഭാരതം” എന്നതിനായുള്ള വേദി കൂടിയാണെന്നു വ്യക്തമാക്കി. മെഡലുകൾ ഇന്ത്യയുടെ ഐക്യത്തെയും മികവിനെയും പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം കായികതാരങ്ങളോട് ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലെ ഭാഷകൾ, പാചകരീതികൾ, സംഗീതം എന്നിവയെക്കുറിച്ച് പഠിക്കാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. ശുചിത്വത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, ഉത്തരാഖണ്ഡ് പ്ലാസ്റ്റിക് മുക്തമാകുന്നതിലേക്ക് പുരോഗമിക്കുകയാണെന്നും കായികതാരങ്ങളുടെ സഹകരണമില്ലാതെ ഈ ലക്ഷ്യം കൈവരിക്കാനാവില്ലെന്നും പറഞ്ഞു. ഈ യജ്ഞത്തിന്റെ വിജയത്തിന് ഏവരും സംഭാവനയേകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

ശാരീരികക്ഷമതയുടെ പ്രാധാന്യത്തെക്കുറിച്ചും രാജ്യത്ത് വർധിച്ചുവരുന്ന അമിത വണ്ണത്തിന്റെ ​പ്രശ്നത്തെക്കുറിച്ചും സംസാരിച്ച പ്രധാനമന്ത്രി, യുവാക്കൾ ഉൾപ്പെടെ എല്ലാ പ്രായക്കാരെയും അമിതവണ്ണം ബാധിക്കുന്നുണ്ടെന്നും പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയുടെ സാധ്യത വർധിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലൂടെ രാജ്യം ശാരീരികക്ഷമതയെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചും കൂടുതൽ അവബോധം നേടുന്നതിൽ ശ്രീ മോദി സംതൃപ്തി പ്രകടിപ്പിച്ചു. ശാരീരിക പ്രവർത്തനങ്ങൾ, അച്ചടക്കം, സന്തുലിത ജീവിതം എന്നിവയുടെ പ്രാധാന്യം ദേശീയ ഗെയിംസ് പഠിപ്പിക്കുന്നുവെന്ന് അദ്ദേഹം പരാമർശിച്ചു. വ്യായാമം, ഭക്ഷണക്രമം എന്നീ രണ്ടു കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രധാനമന്ത്രി പൗരന്മാരോട് ആവശ്യപ്പെട്ടു. നടത്തമോ വ്യായാമമോ ഏതുമാകട്ടെ, ദിവസവും വ്യായാമത്തിനായി കുറച്ചു സമയം ചെലവഴിക്കാൻ ഏവർക്കും അദ്ദേഹം പ്രോത്സാഹനമേകി. സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമത്തിന്റെ പ്രാധാന്യത്തിനും അദ്ദേഹം ഊന്നൽ നൽകി. അനാരോഗ്യകരമായ കൊഴുപ്പുകളുടെയും എണ്ണകളുടെയും അളവ് കുറയ്ക്കാൻ അദ്ദേഹം നിർദേശിച്ചു. പാചക എണ്ണയുടെ ഉപയോഗം ഓരോ മാസവും കുറഞ്ഞത് 10% കുറയ്ക്കാൻ അദ്ദേഹം ഉപദേശിച്ചു. ചെറിയ ഘട്ടങ്ങൾ ആരോഗ്യത്തിൽ കാര്യമായ പുരോഗതിയിലേക്ക് നയിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യമുള്ള ശരീരം ആരോഗ്യകരമായ മനസ്സിലേക്കും ആരോഗ്യകരമായ രാഷ്ട്രത്തിലേക്കും നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശാരീരികക്ഷമതയെക്കുറിച്ചും പോഷകാഹാരത്തെക്കുറിച്ചും അവബോധം പ്രചരിപ്പിക്കാൻ ശ്രീ മോദി സംസ്ഥാന ഗവണ്മെന്റുകൾ, സ്‌കൂളുകൾ, ഓഫീസുകൾ, സമുദായ നേതാക്കൾ എന്നിവരോട് ആഹ്വാനം ചെയ്തു. ശരിയായ പോഷകാഹാരത്തെക്കുറിച്ചുള്ള പ്രായോഗിക അനുഭവങ്ങളും അറിവും പങ്കിടാൻ അദ്ദേഹം എല്ലാവരോടും ആവശ്യപ്പെട്ടു. “ഫിറ്റ് ഇന്ത്യ” കെട്ടിപ്പടുക്കുന്നതിനുള്ള കൂട്ടായ ശ്രമത്തിന് ആഹ്വാനം ചെയ്ത് ഉപസംഹരിച്ച അദ്ദേഹം, പങ്കെടുക്കുന്ന ഏവർക്കും ആശംസകൾ നേർന്ന് 38-ാമത് ദേശീയ ഗെയിംസിനു തുടക്കം കുറ‌ിക്കുന്നതായി പ്രഖ്യാപിച്ചു.

ഉത്തരാഖണ്ഡ് ഗവർണർ, ലെഫ്റ്റനന്റ് ജനറൽ (റിട്ട.) ഗുർമിത് സിങ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ശ്രീ പുഷ്കർ സിങ് ധാമി, കേന്ദ്ര സഹമന്ത്രിമാരായ ശ്രീ അജയ് ടംട, ശ്രീമതി രക്ഷ ഖഡ്സെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

​പശ്ചാത്തലം

ഡെറാഡൂണിലാണ് 38-ാം ദേശീയ ഗെയിംസ് നടക്കുന്നത്. രജത ജൂബിലി വർഷത്തിലാണ് ഉത്തരാഖണ്ഡ് ദേശീയ ഗെയിംസിന് ആതിഥ്യമരുളുന്നത്. ജനുവരി 28 മുതൽ ഫെബ്രുവരി 14 വരെ ഉത്തരാഖണ്ഡിലെ 8 ജില്ലകളിലെ 11 നഗരങ്ങളിലായാണ് ഗെയിംസ് നടക്കുന്നത്.

36 സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവും ദേശീയ ഗെയിംസിൽ പങ്കെടുക്കും. 17 ദിവസങ്ങളിലായി 35 കായിക ഇനങ്ങളിലാണ് മത്സരങ്ങൾ. ഇതിൽ 33 കായിക ഇനങ്ങളിൽ മെഡലുകൾ നൽകും. രണ്ടെണ്ണം പ്രദർശന കായിക ഇനങ്ങളാണ്. ഇതാദ്യമായി യോഗയും മല്ലകാമ്പും ദേശീയ ഗെയിംസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള 10,000-ത്തിലധികം കായികതാരങ്ങൾ ദേശീയ ഗെയിംസിൽ പങ്കെടുക്കും.

സുസ്ഥിരതയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, “ഗ്രീൻ ഗെയിംസ്” എന്ന പ്രമേയത്തിലാണ്  ഈ വർഷത്തെ ദേശീയ ഗെയിംസ് നടക്കുന്നത്. ‘കായികവനം’ എന്നു വിളിക്കപ്പെടുന്ന പ്രത്യേക ഉദ്യാനം വേദിക്കര‌ികിൽ വികസിപ്പിക്കും. അതിൽ കായികതാരങ്ങളും അതിഥികളും 10,000-ത്തിലധികം വൃക്ഷത്തൈകൾ നടും. കായികതാരങ്ങൾക്കുള്ള മെഡലുകളും സർട്ടിഫിക്കറ്റുകളും പരിസ്ഥിതിസൗഹൃദമായ ജൈവവസ്തുക്കളിൽ നിന്നാണ് നിർമിക്കുന്നത്.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's new FTA playbook looks beyond trade and tariffs to investment ties

Media Coverage

India's new FTA playbook looks beyond trade and tariffs to investment ties
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM to inaugurate 28th Conference of Speakers and Presiding Officers of the Commonwealth on 15th January
January 14, 2026

Prime Minister Shri Narendra Modi will inaugurate the 28th Conference of Speakers and Presiding Officers of the Commonwealth (CSPOC) on 15th January 2026 at 10:30 AM at the Central Hall of Samvidhan Sadan, Parliament House Complex, New Delhi. Prime Minister will also address the gathering on the occasion.

The Conference will be chaired by the Speaker of the Lok Sabha, Shri Om Birla and will be attended by 61 Speakers and Presiding Officers of 42 Commonwealth countries and 4 semi-autonomous parliaments from different parts of the world.

The Conference will deliberate on a wide range of contemporary parliamentary issues, including the role of Speakers and Presiding Officers in maintaining strong democratic institutions, the use of artificial intelligence in parliamentary functioning, the impact of social media on Members of Parliament, innovative strategies to enhance public understanding of Parliament and citizen participation beyond voting, among others.