ലോകത്തു നിലവിലുള്ള ഏറ്റവും പുരാതനമായ നാഗരികതയാണ് ഇന്ത്യ: പ്രധാനമന്ത്രി
സേവനാധിഷ്ഠിതവും മാനവികത അടിസ്ഥാനമാക്കിയുള്ളതുമായ രാജ്യമാണ് ഇന്ത്യ: പ്രധാനമന്ത്രി
പ്രാകൃതിന് നമ്മുടെ ഗവണ്മെന്റ് 'ശ്രേഷ്ഠഭാഷ' പദവി നൽകി: പ്രധാനമന്ത്രി
ഇന്ത്യയുടെ പുരാതന കൈയെഴുത്തുപ്രതികൾ ഡിജിറ്റൽ രൂപത്തിലാക്കാനുള്ള യജ്ഞം മുന്നോട്ടുകൊണ്ടുപോകുകയാണു ഞങ്ങൾ: പ്രധാനമന്ത്രി
നമ്മുടെ സാംസ്കാരിക പൈതൃകം കൂടുതൽ സമ്പന്നമാക്കുന്നതിന്, ഇനിയും വലിയ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്: പ്രധാനമന്ത്രി
'ഏവർക്കുമൊപ്പം, ഏവരുടെയും വികസനം, കൂട്ടായ പ്രയത്നം' എന്ന തത്വത്തിൽ 'ജനപങ്കാളിത്ത' മനോഭാവത്തോടെയാണ് ഞങ്ങളുടെ എല്ലാ ശ്രമങ്ങളും: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ ആചാര്യ ശ്രീ വിദ്യാനന്ദ് ജി മഹാരാജിന്റെ ശതാബ്ദി ആഘോഷങ്ങളെ അഭിസംബോധന ചെയ്തു. ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ പവിത്രത ഉയർത്തിക്കാട്ടുന്ന, ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തിലെ സുപ്രധാന നിമിഷത്തിന് രാജ്യം സാക്ഷ്യം വഹിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ആദരണീയനായ ആചാര്യന്റെ അനശ്വരമായ പ്രചോദനം ഉൾക്കൊള്ളുന്ന ഈ പരിപാടി സവിശേഷവും ഉന്നമനമേകുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പങ്കെടുത്ത എല്ലാവർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു. ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിന് അ‌ദ്ദേഹം കൃതജ്ഞത പ്രകാശിപ്പിച്ചു.

ഇന്നത്തെ ദിവസത്തിനു മറ്റൊരു പ്രത്യേക പ്രാധാന്യമുണ്ടെന്നു ശ്രീ മോദി പറഞ്ഞു. 1987 ജൂൺ 28 ന് ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജിന് 'ആചാര്യ' എന്ന പദവി ഔപചാരികമായി ലഭിച്ച കാര്യം അ‌ദ്ദേഹം അനുസ്മരിച്ചു. ഇത് വെറുമൊരു പദവിയല്ല, മറിച്ച് ജൈനപാരമ്പര്യത്തെ ചിന്ത, അച്ചടക്കം, കാരുണ്യം എന്നിവയുമായി ബന്ധിപ്പിക്കുന്ന പുണ്യധാരയുടെ തുടക്കമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആചാര്യ വിദ്യാനന്ദ് ജി മുനിരാജിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയിൽ, ആ ചരിത്ര നിമിഷത്തിന്റെ ഓർമ്മപ്പെടുത്തലായി ഈ തീയതി വർത്തിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജിന് ശ്രദ്ധാഞ്ജലി അർപ്പിച്ച്, ഏവർക്കും ആചാര്യന്റെ അനുഗ്രഹങ്ങൾ ലഭിക്കട്ടെ എന്ന് ശ്രീ മോദി ആശംസിച്ചു.

 

“ശ്രീ വിദ്യാനന്ദ് ജി മുനിരാജിന്റെ ശതാബ്ദി ആഘോഷം സാധാരണ സംഭവമല്ല. അത് ഒരു യുഗത്തിന്റെ ഓർമ്മകൾ വഹിക്കുന്നു. ഒരു മഹദ് സന്ന്യാസിവര്യന്റെ ജീവിതത്തിന്റെ പ്രതിധ്വനിയാണത്” - പ്രധാനമന്ത്രി പറഞ്ഞു. ഈ ചരിത്ര സന്ദർഭം അനുസ്മരിക്കാൻ പ്രത്യേക സ്മരണിക നാണയങ്ങളും തപാൽ സ്റ്റാമ്പുകളും പുറത്തിറക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആചാര്യ ശ്രീ പ്രഗ്യ സാഗർ ജിയെ ശ്രീ മോദി പ്രത്യേകം ആദരിക്കുകയും അഭിവാദ്യം അ‌ർപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മാർഗനിർദേശപ്രകാരം ദശലക്ഷക്കണക്കിന് അനുയായികൾ ആദരണീയനായ ഗുരു കാണിച്ചുതന്ന പാതയിലൂടെ സഞ്ചരിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ അവസരത്തിൽ, അദ്ദേഹത്തിന് 'ധർമചക്രവർത്തി' എന്ന പദവി ലഭിച്ചിട്ടുണ്ടെന്നും അ‌ദ്ദേഹം പറഞ്ഞു. ഇന്ത്യൻ പാരമ്പര്യം സന്ന്യാസിമാരിൽ നിന്ന് ലഭിക്കുന്നതെന്തും അനുഗ്രഹമായി സ്വീകരിക്കാൻ പഠിപ്പിക്കുന്നുവെന്ന് വിനയപൂർവം വ്യക്തമാക്കി. അതിനാൽ അദ്ദേഹം ആ പദവി വിനയത്തോടെ സ്വീകരിച്ച് ഭാരതമാതാവിന്റെ കാൽക്കൽ സമർപ്പിച്ചുവെന്നും അ‌ദ്ദേഹം പറഞ്ഞു.

ആ ദിവ്യാത്മാവുമായുള്ള ആഴത്തിലുള്ള വൈകാരിക ബന്ധത്തെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, ജീവിതത്തിലുടനീളം മാർഗ്ഗനിർദ്ദേശ തത്വങ്ങളായി അ‌​ദ്ദേഹത്തിന്റെ വാക്കുകൾ വർത്തിച്ചതായും ചൂണ്ടിക്കാട്ടി. അത്തരമൊരു ആദരണീയ വ്യക്തിത്വത്തെക്കുറിച്ച് സംസാരിക്കുന്നത് സ്വാഭാവികമായും ആഴത്തിലുള്ള വികാരങ്ങൾ ഉണർത്തുമെന്ന് അദ്ദേഹം പറഞ്ഞു. ശ്രീ വിദ്യാനന്ദ് ജി മുനിരാജിനെക്കുറിച്ച് സംസാരിക്കുന്നതിനുപകരം, അദ്ദേഹത്തെ ഒരിക്കൽ കൂടി കേൾക്കാനുള്ള ഭാഗ്യം ലഭിച്ചിരുന്നെങ്കിൽ എന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. അത്തരമൊരു മഹാനായ വ്യക്തിത്വത്തിന്റെ യാത്ര വാക്കുകളിൽ സംഗ്രഹിക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ആചാര്യ വിദ്യാനന്ദ് ജി മുനിരാജ് 1925 ഏപ്രിൽ 22 ന് കർണാടകയിലെ പുണ്യഭൂമിയിലാണു ജനിച്ചതെന്നും അദ്ദേഹത്തിന് 'വിദ്യാനന്ദ്' എന്ന ആത്മീയ നാമം ലഭിച്ചെന്നും ശ്രീ മോദി പറഞ്ഞു. ആചാര്യയുടെ ജീവിതം അറിവിന്റെയും ആനന്ദത്തിന്റെയും അതുല്യമായ സംഗമമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ അഗാധമായ ജ്ഞാനം ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വാക്കുകൾ വളരെ ലളിതമായിരുന്നു. ആർക്കും അവ മനസ്സിലാകുമായിരുന്നു. ആചാര്യ വിദ്യാനന്ദ് ജി 150-ലധികം ഗ്രന്ഥങ്ങൾ രചിച്ചു. ആയിരക്കണക്കിന് കിലോമീറ്റർ നഗ്നപാദനായി സഞ്ചരിച്ചു. തന്റെ അക്ഷീണ പരിശ്രമത്തിലൂടെ ദശലക്ഷക്കണക്കിന് യുവാക്കളെ അച്ചടക്കവും സാംസ്കാരിക മൂല്യങ്ങളുമായി കൂട്ടിയിണക്കി എന്ന് പരാമർശിച്ച പ്രധാനമന്ത്രി, ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജിനെ 'യുഗദാർശനികൻ' എന്ന് വിശേഷിപ്പിച്ചു. ആചാര്യന്റെ ആത്മീയ പ്രഭാവലയം നേരിട്ട് അനുഭവിക്കാനും കാലക്രമേണ അദ്ദേഹത്തിന്റെ മാർഗനിർദേശവും അനുഗ്രഹങ്ങളും സ്വീകരിക്കാനും അവസരം ലഭിച്ചതിൽ അദ്ദേഹം ഭാഗ്യം പ്രകടിപ്പിച്ചു. ഈ ശതാബ്ദി ആഘോഷത്തിൽ, ആദരണീയനായ ആചാര്യനിൽ നിന്ന് ഇപ്പോഴും അതേ വാത്സല്യവും അടുപ്പവും അനുഭവിക്കാൻ കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

"ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്കാരമാണ് ഇന്ത്യ, നമ്മുടെ രാജ്യം ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്നത് അതിന്റെ ആശയങ്ങൾ, ദാർശനിക ചിന്തകൾ, ലോകവീക്ഷണം എന്നിവ ശാശ്വതമായതുകൊണ്ടാണ്", ശ്രീ മോദി പറഞ്ഞു. ഈ ശാശ്വത ദർശനം ഋഷിമാർ,ദാർശനികർ ,സന്യാസിമാർ, ആചാര്യന്മാർ എന്നിവരുടെ ജ്ഞാനത്തിൽ വേരൂന്നിയതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജ് ഈ കാലാതീതമായ പാരമ്പര്യത്തിന്റെ ആധുനിക ദീപസ്തംഭമായി നിലകൊള്ളുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. നിരവധി വിഷയങ്ങളിൽ ആചാര്യന് ആഴത്തിലുള്ള വൈദഗ്ദ്ധ്യം ഉണ്ടായിരുന്നുവെന്നും നിരവധി മേഖലകളിൽ മികവ് പ്രകടിപ്പിച്ചിരുന്നുവെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. ആചാര്യന്റെ ആത്മീയ തീവ്രത, വിപുലമായ അറിവ്, കന്നഡ, മറാത്തി, സംസ്കൃതം, പ്രാകൃത് തുടങ്ങിയ ഭാഷകളിലുള്ള പ്രാവീണ്യം എന്നിവയെ അദ്ദേഹം പ്രശംസിച്ചു.സാഹിത്യത്തിനും മതത്തിനും ആചാര്യ നൽകിയ സംഭാവനകൾ, ശാസ്ത്രീയ സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ സമർപ്പണം, രാഷ്ട്രസേവനത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത എന്നിവ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ആചാര്യ മാതൃകാപരമായ മാനദണ്ഡങ്ങൾ സ്ഥാപിക്കാത്ത ഒരു ജീവിതതലവുമില്ലെന്ന് ഓർമ്മിപ്പിച്ചു . ആചാര്യ വിദ്യാനന്ദ് ജി ഒരു മികച്ച സംഗീതജ്ഞൻ മാത്രമല്ല, ഒരു കടുത്ത ദേശസ്‌നേഹിയും സ്വാതന്ത്ര്യ സമര സേനാനിയും കൂടിയായിരുന്നുവെന്നും, പൂർണ്ണമായ നിസ്സംഗതയെ പ്രതിനിധാനം ചെയ്ത ഉറച്ച ഒരു  ദിഗംബർ മുനിയായിരുന്നുവെന്നും അദ്ദേഹം അടിവരയിട്ടു. അറിവിന്റെ ഒരു സംഭരണിയും ആത്മീയ ആനന്ദത്തിന്റെ ഉറവിടവുമാണെന്ന് പ്രധാനമന്ത്രി  അദ്ദേഹത്തെ വിശേഷിപ്പിച്ചു. സുരേന്ദ്ര ഉപാധ്യായയിൽ നിന്ന് ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജിലേക്കുള്ള യാത്ര ഒരു സാധാരണ മനുഷ്യനിൽ നിന്ന് അതീന്ദ്രിയമായ ഒരു ആത്മാവിലേക്കുള്ള പരിവർത്തനമാണെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഒരാളുടെ  ഭാവി വർത്തമാനകാല ജീവിതത്തിന്റെ പരിമിതികളാൽ ബന്ധിതമല്ല, മറിച്ച് അയാളുടെ  ദിശ, ലക്ഷ്യം, ദൃഢനിശ്ചയം എന്നിവയാൽ രൂപപ്പെട്ടതാണെന്ന ആചാര്യയുടെ ഈ  ദർശനം എല്ലാവര്ക്കും പ്രചോദകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

 

ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജ് അദ്ദേഹത്തിന്റെ  ജീവിതം ആത്മീയ പരിശീലനത്തിൽ മാത്രം ഒതുക്കി നിർത്താതെ, സാമൂഹികവും സാംസ്കാരികവുമായ പുനർനിർമ്മാണത്തിനുള്ള ഒരു മാധ്യമമാക്കി മാറ്റിയെന്ന് പരാമർശിച്ച പ്രധാനമന്ത്രി, 'പ്രാകൃത്  ഭവനും' മറ്റ്  നിരവധി ഗവേഷണ സ്ഥാപനങ്ങളും സ്ഥാപിച്ചതിലൂടെ ആചാര്യൻ പുതിയ തലമുറകളിലേക്ക് അറിവിന്റെ ജ്വാല എത്തിച്ചുവെന്ന് അടിവരയിട്ടു. ജൈന ചരിത്രത്തിനും ആചാര്യൻ ശരിയായ അംഗീകാരം നൽകിയെന്ന് അദ്ദേഹം പറഞ്ഞു. 'ജൈന ദർശൻ', 'അനേകാന്ത്വാദ് ' തുടങ്ങിയ സുപ്രധാന ഗ്രന്ഥങ്ങൾ രചിച്ചുകൊണ്ട് അദ്ദേഹം ദാർശനിക ചിന്തയുടെ ആഴം വർധിപ്പിക്കുകയും, ഉൾക്കൊള്ളൽ, ധാരണയുടെ വിശാലത എന്നിവയെ  പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ക്ഷേത്ര പുനരുദ്ധാരണം മുതൽ പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം, വിശാലമായ സാമൂഹിക ക്ഷേമം വരെ, ആചാര്യന്റെ ഓരോ ശ്രമവും ആത്മസാക്ഷാത്കാരത്തിന്റെയും പൊതുനന്മയുടെയും സമന്വയത്തെ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ജീവിതം നിസ്വാർത്ഥ സേവനത്തിനുള്ള മാർഗമായി മാറുമ്പോഴാണ് അത് യഥാർത്ഥത്തിൽ ആത്മീയമാകുന്നതെന്ന് ആചാര്യ വിദ്യാനന്ദ് ജി മഹാരാജ് ഒരിക്കൽ പറഞ്ഞതായി അനുസ്മരിച്ചുകൊണ്ട്, ജൈന തത്ത്വചിന്തയുടെ സത്തയിൽ ഈ ചിന്ത ആഴത്തിൽ വേരൂന്നിയതായും ഇത്  ഇന്ത്യയുടെ ആത്മാവുമായി അന്തർലീനമായി ബന്ധപ്പെട്ടിരിക്കുന്നതായും  ശ്രീ മോദി പറഞ്ഞു. "സേവനത്താൽ നിർവചിക്കപ്പെട്ടതും മനുഷ്യത്വത്താൽ നയിക്കപ്പെടുന്നതുമായ ഒരു രാഷ്ട്രമാണ് ഇന്ത്യ", നൂറ്റാണ്ടുകളായി ലോകം ഹിംസ കൊണ്ട് ഹിംസയെ അടിച്ചമർത്താൻ ശ്രമിച്ചപ്പോൾ, ഇന്ത്യ ലോകത്തിന് അഹിംസയുടെ ശക്തി പരിചയപ്പെടുത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാറ്റിനുമുപരിയായി മനുഷ്യരാശിയെ സേവിക്കാനുള്ള മനോഭാവത്തിനാണ് ഇന്ത്യൻ ധാർമ്മികത എപ്പോഴും മുൻഗണന നൽകിയിട്ടുള്ളതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

"ഇന്ത്യയുടെ സേവന മനോഭാവം ഉപാധികളില്ലാത്തതാണ് - സ്വാർത്ഥതാൽപ്പര്യത്തിനപ്പുറം, നിസ്വാർത്ഥതയാൽ പ്രചോദിതമാണ്", ശ്രീ മോദി പറഞ്ഞു.ഈ തത്വം ഇന്നത്തെ രാഷ്ട്രത്തിന്റെ ഭരണത്തെ നയിക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സമൂഹത്തിന്റെ അവസാന തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി ആവാസ് യോജന, ജൽ ജീവൻ മിഷൻ, ആയുഷ്മാൻ ഭാരത് യോജന, ദരിദ്രർക്കുള്ള സൗജന്യ ഭക്ഷ്യധാന്യ വിതരണം തുടങ്ങിയ സംരംഭങ്ങൾ ഈ ധാർമ്മികതയുടെ പ്രതിഫലനങ്ങളായി അദ്ദേഹം ഉദ്ധരിച്ചു. ആരും പിന്ന്തള്ളപ്പെടുന്നില്ലെന്നും പുരോഗതി എല്ലാവരെയും യഥാർത്ഥത്തിൽ ഉൾക്കൊള്ളുന്നുണ്ടെന്നും ഉറപ്പാക്കിക്കൊണ്ട് എല്ലാ പദ്ധതികളിലും പരിപൂർണത  കൈവരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജിന്റെ ആദർശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്  ഈ ദൃഢനിശ്ചയം എന്നും അത് ഒരു പൊതു ദേശീയ പ്രതിബദ്ധതയായി തുടരുന്നുവെന്നും പ്രധാനമന്ത്രി സ്ഥിരീകരിച്ചു.

 

"തീർത്ഥങ്കരന്മാരുടെയും സന്യാസിമാരുടെയും ആചാര്യന്മാരുടെയും ഉപദേശങ്ങളും വാക്കുകളും എല്ലാ കാലഘട്ടങ്ങളിലും കാലാതീതവും പ്രസക്തവുമായി തുടരുന്നു. ഇന്ന്, അഞ്ച് മഹാവ്രതങ്ങൾ, അനുവ്രതം, ത്രിരത്നങ്ങൾ, ആറ് അവശ്യവസ്തുക്കൾ തുടങ്ങിയ ജൈനമത തത്വങ്ങൾ മുമ്പെന്നത്തേക്കാളും പ്രധാനമാണ്", പ്രധാനമന്ത്രി പറഞ്ഞു. കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ശാശ്വതമായ പ്രബോധനങ്ങളും  സാധാരണക്കാർക്ക് പ്രാപ്യമാക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജ് അദ്ദേഹത്തിന്റെ  ജീവിതവും പ്രവർത്തനവും ഈ ലക്ഷ്യത്തിനായി സമർപ്പിച്ചുവെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. "ജൈന ഗ്രന്ഥങ്ങൾ സംഭാഷണ ഭാഷയിൽ അവതരിപ്പിക്കുന്നതിനായി ആചാര്യ ജി 'വചനാമൃത്' പ്രസ്ഥാനം ആരംഭിച്ചു. കൂടാതെ ആഴത്തിലുള്ള ആത്മീയ ആശയങ്ങൾ ലളിതമായ ഭക്തിഗാനരീതിയിൽ ജനങ്ങലിലേക്ക് എത്തിച്ചു", ശ്രീ മോദി പറഞ്ഞു. ആചാര്യന്റെ ഭജനുകളിൽ ഒന്നിനെ ഉദ്ധരിച്ച്,അത്തരം രചനകൾ ജ്ഞാനത്തിന്റെ മുത്തുകളിൽ നിന്ന് നിർമ്മിച്ച ആത്മീയ മാലകളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.അമർത്യതയിലുള്ള ഈ അനായാസ വിശ്വാസവും അനന്തതയിലേക്ക് നോക്കാനുള്ള ധൈര്യവുമാണ് ഇന്ത്യൻ ആത്മീയതയെയും സംസ്കാരത്തെയും യഥാർത്ഥത്തിൽ അസാധാരണമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജിന്റെ ശതാബ്ദി വർഷം തുടർച്ചയായ പ്രചോദനത്തിന്റെ വർഷമാണെന്ന് എടുത്തുപറഞ്ഞ ശ്രീ മോദി, ആചാര്യന്റെ ആത്മീയ ഉപദേശങ്ങൾ വ്യക്തിപരമായ ജീവിതത്തിൽ ഉൾക്കൊള്ളുക മാത്രമല്ല, സമൂഹത്തിന്റെയും രാജ്യത്തിന്റെയും ക്ഷേമത്തിനായുള്ള അദ്ദേഹത്തിന്റെ  പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ ഉത്തരവാദിതത്തേയും പ്രധാനമന്ത്രി  ഊന്നിപ്പറഞ്ഞു. തന്റെ സാഹിത്യ കൃതികളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും പുരാതന 'പ്രാകൃത്'  ഭാഷയെ പുനരുജ്ജീവിപ്പിക്കുന്നതിൽ ആചാര്യ വിദ്യാനന്ദ് ജിയുടെ നിർണായക പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഭാഷകളിൽ ഒന്നായ പ്രാകൃത്, 'ജൈന ആഗമങ്ങൾ' ഉൾക്കൊള്ളുന്ന  ഭഗവാൻ മഹാവീരന്റെ പ്രബോധനങ്ങളുടെ യഥാർത്ഥ മാധ്യമമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.  എന്നാൽ സാംസ്കാരിക അവഗണന കാരണം, ഈ  ഭാഷ പൊതു ഉപയോഗത്തിൽ നിന്ന് മങ്ങാൻ തുടങ്ങിയിരുന്നുയെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.ആചാര്യ വിദ്യാനന്ദ് ജി പോലുള്ള സന്യാസിമാരുടെ പ്രവർത്തനങ്ങൾ  ഇപ്പോൾ ദേശീയ പ്രവർത്തനങ്ങളായി മാറിയിരിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. 2024 ഒക്ടോബറിൽ സർക്കാർ 'പ്രാകൃത്' ഭാഷക്ക് ക്ലാസിക്കൽ ഭാഷാ പദവി നൽകിയ കാര്യം അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യയുടെ പുരാതന കൈയെഴുത്തുപ്രതികൾ സംരക്ഷിക്കുന്നതിനായി ആരംഭിച്ച ഡിജിറ്റയ്സേഷൻ നീക്കത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു, അതിൽ ആചാര്യന്മാരുമായി ബന്ധപ്പെട്ട നിരവധി ജൈന ഗ്രന്ഥങ്ങളും ഉൾപ്പെടുന്നു. ഉന്നത വിദ്യാഭ്യാസത്തിൽ മാതൃഭാഷകളുടെ ഉപയോഗം സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയിൽ നിന്നുള്ള തന്റെ പ്രസംഗം വീണ്ടും അനുസ്മരിച്ചുകൊണ്ട്, കൊളോണിയലിസത്തിന്റെ മാനസികാവസ്ഥയിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനും വികസനവും പൈതൃകവും കൊണ്ട് ഒരുമിച്ച് മുന്നേറാനുമുള്ള ദൃഢനിശ്ചയവും  അദ്ദേഹം ആവർത്തിച്ചു.ഇന്ത്യയുടെ സാംസ്കാരിക, തീർത്ഥാടന കേന്ദ്രങ്ങളുടെ തുടർച്ചയായ വികസനത്തിന് ഈ പ്രതിബദ്ധത വഴികാട്ടുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. ആചാര്യ വിദ്യാനന്ദ് ജി മുനിരാജിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടും ആചാര്യ ശ്രീ പ്രഗ്യ സാഗർ ജി പോലുള്ള സന്യാസിമാരുടെ  അനുഗ്രഹാശിസ്സുക്കളാലും, 2024 ൽ, ഭഗവാൻ മഹാവീരന്റെ 2,550-ാമത് നിർവാണ മഹോത്സവം അടയാളപ്പെടുത്തുന്നതിനായി സർക്കാർ വലിയ തോതിലുള്ള ആഘോഷങ്ങൾ സംഘടിപ്പിച്ചത് പ്രധാനമന്ത്രി അനുസ്മരിച്ചു.വരും കാലങ്ങളിൽ, രാഷ്ട്രം അതിന്റെ സാംസ്കാരിക പൈതൃകം സമ്പന്നമാക്കുന്നതിന് കൂടുതൽ വലിയ തോതിലുള്ള ശ്രമങ്ങൾ നടത്തണമെന്ന് പരാമർശിച്ച പ്രധാനമന്ത്രി, നിലവിലെ പരിപാടി പോലെ, അത്തരം എല്ലാ സംരംഭങ്ങളും സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ പ്രയാസ് എന്ന മന്ത്രത്തോടെ ജൻ ഭാഗിദാരിയുടെ(പൊതുജന പങ്കാളിത്തത്തിന്റെ)ആത്മാവിനാൽ നയിക്കപ്പെടുമെന്ന് ഉറപ്പിച്ചു പറഞ്ഞു.

 

ഈ അവസരത്തിൽ തന്റെ സാന്നിധ്യം സ്വാഭാവികമായും നവകർ മന്ത്ര ദിവസിന്റെ ഓർമ്മകൾ ഉണർത്തിയെന്ന് ശ്രീ മോദി പറഞ്ഞു. ആ ദിവസം ഒൻപത് പ്രതിജ്ഞകൾ പങ്കുവെച്ചിരുന്നതായും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ പ്രമേയങ്ങൾ നിറവേറ്റുന്നതിനായി ധാരാളം പൗരന്മാർ ആത്മാർത്ഥമായി മുന്നോട്ടുവരുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജിന്റെ പ്രോബോധനങ്ങൾ ഈ പ്രതിബദ്ധതകളെ ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒൻപത് പ്രമേയങ്ങൾ ആവർത്തിച്ച പ്രധാനമന്ത്രി, ജലസംരക്ഷണമാണ് ആദ്യ പ്രമേയമെന്ന് വ്യക്തമാക്കി. ഓരോ തുള്ളി വെള്ളത്തിൻ്റെയും മൂല്യം തിരിച്ചറിയേണ്ടത് ഭൂമീദേവിയോടുള്ള കടമയും ഉത്തരവാദിത്തവുമാണെന്ന് അദ്ദേഹം പറഞ്ഞു. 'ഏക് പെഡ് മാ കേ നാം'എന്നതാണ് രണ്ടാമത്തെ പ്രമേയം. അമ്മ നമ്മെ വളർത്തുന്നതുപോലെ  മരങ്ങളെയും നാം പരിപാലിക്കണമെന്നും, ഓരോ വൃക്ഷത്തെയും അമ്മയുടെ ജീവനുള്ള അനുഗ്രഹമായി മാറുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മൂന്നാമത്തെ പ്രമേയം ശുചിത്വത്തെക്കുറിച്ചാണ്. ശുചിത്വം എന്നത് പ്രദർശനത്തിനുള്ളതല്ലെന്നും അത് ആന്തരികമായ അക്രമരാഹിത്യത്തെയാണ്  പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂട്ടായ പങ്കാളിത്തത്തോടെ ഓരോ ഗ്രാമവും അയൽപക്കവും നഗരവും വൃത്തിയായി സൂക്ഷിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നാലാമത്തെ പ്രമേയമായ ‘വോക്കൽ ഫോർ ലോക്കൽ’ എന്നതിലൂടെ, പ്രധാനമന്ത്രി പൗരന്മാരോട് ഇന്ത്യക്കാർ നിർമ്മിച്ച ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാനും പ്രോത്സാഹിപ്പിക്കാനും അഭ്യർത്ഥിച്ചു. അഞ്ചാമത്തെ പ്രമേയം ഇന്ത്യയെ അടുത്തറിയുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ്. ലോകം കാണുന്നത് നല്ലതാണെങ്കിലും, ഇന്ത്യയെക്കുറിച്ച് ആഴത്തിൽ അറിയുകയും അനുഭവിക്കുകയും വിലമതിക്കുകയും വേണം. പ്രകൃതിസൗഹൃദ കൃഷി സ്വീകരിക്കുക എന്ന ആറാമത്തെ പ്രമേയം പ്രധാനമന്ത്രി വിശദീകരിച്ചു. ഭൂമിമാതാവിനെ ദോഷകരമായ രാസവസ്തുക്കളിൽ നിന്ന് മോചിപ്പിക്കുകയും ഗ്രാമങ്ങളിലുടനീളം ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ ജീവിതശൈലി ഏഴാമത്തെ പ്രമേയമാണെന്നും, അമിതവണ്ണത്തിനെതിരെ പോരാടുന്നതിനും ഊർജ്ജസ്വലത വർദ്ധിപ്പിക്കുന്നതിനും ശ്രദ്ധയോടെ ഭക്ഷണം കഴിക്കാനും, പരമ്പരാഗത ഇന്ത്യൻ ഭക്ഷണത്തിൽ ചെറുധാന്യങ്ങൾ ഉൾപ്പെടുത്താനും, എണ്ണയുടെ ഉപയോഗം പത്ത് ശതമാനമെങ്കിലും കുറയ്ക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചു. എട്ടാമത്തെ പ്രമേയം യോഗയും കായിക വിനോദവും ദിനചര്യയുടെ ഭാഗമായി സ്വീകരിക്കുക എന്നതാണ്. ദരിദ്രരെ സഹായിക്കുക എന്നതാണ് ഒൻപതാമത്തെ പ്രമേയം. പാവപ്പെട്ടവരുടെ കൈപിടിച്ച് അവരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ സഹായിക്കുന്നതാണ്  യഥാർത്ഥ സേവനമെന്ന് ശ്രീ മോദി അടിവരയിട്ടു. ഈ ഒമ്പത്  പ്രമേയങ്ങൾ അടിസ്ഥാനമാക്കി  പ്രവർത്തിക്കുന്നതിലൂടെ, പൗരന്മാർ ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജിന്റെ പ്രബോധനങ്ങൾക്ക്  ഊർജ്ജം പകരുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

"ഇന്ത്യയുടെ അമൃതകാല കാഴ്ചപ്പാട് രാഷ്ട്രബോധത്തിൽ ആഴത്തിൽ വേരൂന്നിയതും സന്യാസിവര്യന്മാരുടെ ജ്ഞാനത്താൽ സമ്പന്നവുമാണ്" പ്രധാനമന്ത്രി ശ്രീ മോദി പറഞ്ഞു. 140 കോടി പൗരന്മാർ അമൃത് പ്രതിജ്ഞകൾ സാക്ഷാത്കരിക്കുന്നതിനും വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുമായി സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. വികസിത ഇന്ത്യ എന്ന സ്വപ്നം ഓരോ ഇന്ത്യക്കാരന്റെയും അഭിലാഷങ്ങൾ പൂർത്തീകരിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജിൽ നിന്നുള്ള പ്രചോദനമാണ് ഈ കാഴ്ചപ്പാടിന് പിന്നിൽ. അദ്ദേഹം കാട്ടിത്തന്ന പാത പിന്തുടരുകയും, അദ്ദേഹത്തിന്റെ പ്രബോധനങ്ങൾ ഉൾക്കൊള്ളുകയും, രാഷ്ട്രനിർമ്മാണം ജീവിതത്തിലെ പ്രധാന കടമയാക്കുകയും ചെയ്യുന്നത് ഒരു കൂട്ടായ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ അവസരത്തിന്റെ പവിത്രത ഈ പ്രതിബദ്ധതകളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടും ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജിന് ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ടും ശ്രീ മോദി പ്രസംഗം, ഉപസംഹരിച്ചു. 

 

പരിപാടിയിൽ കേന്ദ്ര സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്തും ആദരണീയരായ സന്യാസിമാരും മറ്റ് വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു.

പശ്ചാത്തലം

ജൈനമത ആത്മീയ നേതാവും സാമൂഹിക പരിഷ്കർത്താവുമായ ആചാര്യ വിദ്യാനന്ദ് ജി മഹാരാജിന്റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന് ദേശീയ ആദരമർപ്പിക്കുന്നതിന്റെ ഭാഗമായി, ഭഗവാൻ മഹാവീർ അഹിംസ ഭാരതി ട്രസ്റ്റുമായി സഹകരിച്ച് ഇന്ത്യാ ഗവൺമെന്റ് സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് ഔപചാരികമായി തുടക്കം കുറിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ ആഘോഷങ്ങളിൽ അദ്ദേഹത്തിന്റെ ജീവിതത്തെയും പാരമ്പര്യത്തെയും സ്മരിക്കുന്നതിനും അദ്ദേഹത്തിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനുമായി രാജ്യത്തുടനീളം സാംസ്കാരിക, സാഹിത്യ, വിദ്യാഭ്യാസ, ആത്മീയ പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

ആചാര്യ  വിദ്യാനന്ദ് ജി മഹാരാജ്, ജൈന തത്ത്വചിന്തയെയും ധാർമ്മികതയെയും കുറിച്ച് 50-ലധികം കൃതികൾ രചിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള പുരാതന ജൈന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിലും പുനരുജ്ജീവനത്തിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. കൂടാതെ, പ്രാകൃത് , ജൈന തത്ത്വചിന്ത, ക്ലാസിക്കൽ ഭാഷകൾ എന്നിവ പഠിപ്പിക്കുന്നതിനായി അദ്ദേഹം പ്രവർത്തിക്കുകയും ചെയ്തു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi becomes first world leader to cross 100 million Instagram followers

Media Coverage

PM Modi becomes first world leader to cross 100 million Instagram followers
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister Condoles the Passing of Shri Maroof Raza Ji
February 26, 2026

Prime Minister Narendra Modi has expressed grief over the passing of Shri Maroof Raza Ji, honoring his legacy in the fields of journalism.

The Prime Minister stated that Shri Maroof Raza Ji made a rich contribution to the world of journalism. He noted that Shri Raza enriched public discourse through his nuanced understanding of defence, national security, and strategic affairs.

Expressing his sorrow, the Prime Minister said he is pained by his passing and extended his condolences to his family and friends.
The Prime Minister shared on X:

“Shri Maroof Raza Ji made a rich contribution to the world of journalism. He enriched public discourse with his nuanced understanding of defence, national security as well as strategic affairs. Pained by his passing. Condolences to his family and friends”