പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സൈപ്രസ് പ്രസിഡന്റ് നീക്കോസ് ക്രിസ്റ്റോഡൂലീഡിസും ഇന്ന് ലെമസോളിൽ സൈപ്രസിലെയും ഇന്ത്യയിലെയും വ്യവസായ പ്രമുഖരുമായി വട്ടമേശ ചർച്ച നടത്തി. ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങൾ, ഉൽപ്പാദനം, പ്രതിരോധം, ലോജിസ്റ്റിക്സ്, സമുദ്രം, ഷിപ്പിങ്, സാങ്കേതികവിദ്യ, നവീകരണം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, നിർമിതബുദ്ധി, ഐടി സേവനങ്ങൾ, വിനോദസഞ്ചാരം, മൊബിലിറ്റി തുടങ്ങിയ വിവിധ മേഖലകളെ പ്രതിനിധാനം ചെയ്ത് നിരവധി പേർ ചർച്ചയിൽ പങ്കെടുത്തു.

കഴിഞ്ഞ 11 വർഷത്തിനിടയിൽ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക പരിവർത്തനം എടുത്തുകാട്ടി, അടുത്തതലമുറ പരിഷ്കാരങ്ങൾ, നയ പ്രവചനാത്മകത, സ്ഥിരതയുള്ള രാഷ്ട്രീയം, വ്യവസായ നടത്തിപ്പ് സുഗമമാക്കൽ എന്നിവയാൽ നയിക്കപ്പെടുന്ന ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി മാറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നൂതനത്വം, ഡിജിറ്റൽ വിപ്ലവം, സ്റ്റാർട്ടപ്പ്, ഭാവിയിലെ അടിസ്ഥാനസൗകര്യവികസനം എന്നിവയ്ക്കുള്ള മുൻഗണനയ്ക്ക് ഊന്നൽ നൽകിയ അദ്ദേഹം, ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ, ഏതാനും വർഷങ്ങൾക്കുള്ളിൽ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയുടെ വ്യോമയാനം, തുറമുഖം, കപ്പൽ നിർമ്മാണം, ഡിജിറ്റൽ പണമിടപാടുകൾ, ഹരിത വികസന മേഖലകൾ എന്നിവയിലെ സ്ഥിരമായ വളർച്ച സൈപ്രസിൽ നിന്നുള്ള കമ്പനികൾക്ക് ഇന്ത്യയുമായി പങ്കാളിത്തം സ്ഥാപിക്കാൻ നിരവധി അവസരങ്ങൾ തുറന്നിട്ടിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ നൈപുണ്യമുള്ള പ്രതിഭകളുടെയും സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെയും കരുത്തിന് അദ്ദേഹം അടിവരയിട്ടു. ഇന്ത്യയുടെ വളർച്ചാഗാഥയ്ക്ക് സംഭാവന നൽകുന്ന പുതിയതും ഉയർന്നുവരുന്നതുമായ മേഖലകളായി നിർമ്മാണം, AI, ക്വാണ്ടം, സെമികണ്ടക്ടർ, നിർണായക ധാതുക്കൾ എന്നിവ അദ്ദേഹം ഉയർത്തിക്കാട്ടി.

നേരിട്ടുള്ള വിദേശ നിക്ഷേപ മേഖലയിൽ ഉൾപ്പെടെ, സൈപ്രസ് ഇന്ത്യയുടെ പ്രധാന സാമ്പത്തിക പങ്കാളിയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ പുതിയ നിക്ഷേപങ്ങൾക്കായി സൈപ്രസിനുള്ള താൽപ്പര്യത്തെ അദ്ദേഹം സ്വാഗതം ചെയ്തു. സാമ്പത്തിക സേവന മേഖലയിലെ വ്യാവസായിക ഇടപെടലിനുള്ള സാധ്യതകൾ എടുത്തുകാട്ടി, ഗുജറാത്തിലെ എൻഎസ്‌ഇ ഇന്റർനാഷണൽ എക്‌സ്‌ചേഞ്ച് ഗിഫ്റ്റ് സിറ്റിയും സൈപ്രസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചതിനെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. വിനോദസഞ്ചാരികൾക്കും വ്യവസായങ്ങൾക്കും പ്രയോജനം ചെയ്യുന്ന തരത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ നിസ്സീമമായ പണമിടപാടുകൾക്കായി യുപിഐ അവതരിപ്പിക്കുന്നത് സംബന്ധിച്ച് എൻഐപിഎല്ലും (എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ്സ് ലിമിറ്റഡ്) യൂറോബാങ്ക് സൈപ്രസും ധാരണയിലെത്തി. ഷിപ്പിങ്, ലോജിസ്റ്റിക്‌സ്, പുനരുപയോഗ ഊർജ്ജം, വ്യോമയാനം, ഡിജിറ്റൽ സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ ത്രികക്ഷി സഹകരണം വളർത്തുന്ന ഇന്ത്യ-ഗ്രീസ്-സൈപ്രസ് (ഐജിസി) ബിസിനസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കൗൺസിലിന്റെ സമാരംഭത്തെയും പ്രധാനമന്ത്രി സ്വാഗതം ചെയ്തു. യൂറോപ്പിലേക്കുള്ള കവാടമായും ഐടി സേവനങ്ങൾ, സാമ്പത്തിക പരിപാലനം, വിനോദസഞ്ചാരം എന്നിവയുടെ കേന്ദ്രമായും സൈപ്രസിനെ നിരവധി ഇന്ത്യൻ കമ്പനികൾ കാണുന്നുവെന്ന വസ്തുത പ്രധാനമന്ത്രി സ്വാഗതം ചെയ്തു.

സൈപ്രസ് അടുത്ത വർഷം യൂറോപ്യൻ യൂണിയൻ കൗൺസിലിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറെടുക്കുന്ന വേളയിൽ, ഇന്ത്യ-ഇയു തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധത ഇരുനേതാക്കളും ആവർത്തിച്ചു. വർഷാവസാനത്തോടെ ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാർ അന്തിമമാക്കാൻ കഴിയുമെന്ന് ഇരുവരും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-സാമ്പത്തിക സഹകരണത്തിന് വലിയ ഉത്തേജനം പകരും. വ്യാപാരം, നൂതനാശയങ്ങൾ, തന്ത്രപ്രധാന മേഖലകൾ എന്നിവയിൽ ദീർഘകാല സഹകരണം ഉറപ്പാക്കുന്ന ഘടനാപരമായ സാമ്പത്തിക രൂപരേഖയ്ക്ക് അടിസ്ഥാനമാകുന്ന പ്രായോഗിക നിർദ്ദേശങ്ങൾ വ്യാവസായിക വട്ടമേശ സമ്മേളനം പ്രദാനം ചെയ്തുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
പൊതുവായ സ്വപനങ്ങളിലൂടെയും ഭാവി കേന്ദ്രീകരിച്ചുള്ള സമീപനത്തിലൂടെയും, ഇന്ത്യയും സൈപ്രസും ചലനാത്മകവും പരസ്പര പ്രയോജനകരവുമായ സാമ്പത്തിക സഹകരണത്തിന്റെ പുതിയ യുഗത്തിനായി സജ്ജമായിരിക്കുകയാണ്.
പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Boosting business linkages!
— Narendra Modi (@narendramodi) June 15, 2025
President Nikos Christodoulides and I interacted with leading CEOs in order to add vigour to commercial linkages between India and Cyprus. Sectors like innovation, energy, technology and more offer immense potential. I also talked about India’s… pic.twitter.com/hVcbloCMyP
Ενίσχυση των επιχειρηματικών δεσμών!
— Narendra Modi (@narendramodi) June 15, 2025
Ο Πρόεδρος Νίκος Χριστοδουλίδης και εγώ συναντηθήκαμε με κορυφαίους Διευθύνοντες Συμβούλους, με στόχο την ενίσχυση των εμπορικών δεσμών μεταξύ Ινδίας και Κύπρου. Τομείς όπως η καινοτομία, η ενέργεια, η τεχνολογία και άλλοι προσφέρουν… pic.twitter.com/GtrI1J40tm


