പങ്കിടുക
 
Comments
ഇന്ത്യന്‍ നാവികസേനയില്‍ തദ്ദേശീയ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിന് ഉത്തേജനം നല്‍കുന്നതിന് ലക്ഷ്യമിട്ടുള്ള 'സ്പ്രിന്റ് ചലഞ്ചുകള്‍' പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു
''21-ാം നൂറ്റാണ്ടിലെ ഇന്ത്യക്ക് ഇന്ത്യന്‍ പ്രതിരോധ സേനയിലെ സ്വാശ്രയ ലക്ഷ്യം വളരെ പ്രധാനമാണ്''
''നൂതനാശയങ്ങള്‍ നിര്‍ണായകമാണ്, അത് തദ്ദേശീയമായിരിക്കണം. ഇറക്കുമതി ചെയ്ത വസ്തുക്കള്‍ നൂതനാശയത്തിന്റെ സ്രോതസാകില്ല''
''ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍ കമ്മീഷന്‍ ചെയ്യുന്നതിനുള്ള കാത്തിരിപ്പിന് ഉടന്‍ അവസാനമാകും''
''ദേശീയ സുരക്ഷയ്‌ക്കെതിരായ ഭീഷണികള്‍ വ്യാപകമായിത്തീര്‍ന്നിരിക്കുന്നു, യുദ്ധത്തിന്റെ രീതികളും മാറുകയാണ്''
''ഇന്ത്യ ആഗോളതലത്തില്‍ നിലയുറപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, വഴിതെറ്റിക്കുന്ന വിവരങ്ങളിലൂടെയും തെറ്റായ വിവരങ്ങളിലൂടെയും വ്യാജപ്രചാരണത്തിലൂടെയും നിരന്തരമായ ആക്രമണങ്ങള്‍ നടത്തുന്നു''
''രാജ്യത്തായാലും വിദേശത്തായാലും ഇന്ത്യയുടെ താല്‍പ്പര്യങ്ങളെ ഹനിക്കുന്ന ശക്തികളെ നിഷ്ഫലമാക്കേണ്ടതുണ്ട്''
'' ഒരു സ്വാശ്രയ ഇന്ത്യക്കായുള്ള 'ഗവണ്‍മെന്റിന്റെ സമ്പൂര്‍ണ്ണ സമീപനം' പോലെ, 'രാഷ്ട്രത്തിന്റെ മുഴുവന്‍ സമീപനവും' ഈ കാലഘട്ടത്തില്‍ രാജ്യത്തിന്റെ പ്രതിരോധത്തിന് ആവശ്യമുള്ള സമയമാണ്''

നേവല്‍ ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍ഡിജെനൈസേഷന്‍ ഓര്‍ഗനൈസേഷന്റെ(നാവിക നൂതനാശയവും തദ്ദേശവല്‍ക്കരണ സംഘടന-എന്‍.ഐ.ഐ.ഒ യുടെ  'സ്വാവ്‌ലംബൻ ' സെമിനാറിനെ   പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.

21-ാം നൂറ്റാണ്ടിലെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ പ്രതിരോധ സേനയിലെ സ്വയംപര്യാപ്തത എന്ന ലക്ഷ്യം വളരെ പ്രധാനമാണെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഒരു സ്വാശ്രയ നാവികസേനയ്ക്ക് വേണ്ടി ആദ്യത്തെ സ്വാവ്‌ലംബൻ ' (സ്വാശ്രയം) സെമിനാര്‍ സംഘടിപ്പിക്കുന്നത് ഈ ദിശയിലേയ്ക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ്.

75 തദ്ദേശീയ സാങ്കേതികവിദ്യകള്‍ സൃഷ്ടിക്കുക എന്ന പ്രതിജ്ഞ തന്നെ ഇന്ത്യയ്ക്കായി പുതിയ പ്രതിജ്ഞകള്‍ രൂപീകരിക്കുന്ന ഈ കാലഘട്ടത്തില്‍ പ്രചോദിപ്പിക്കുന്നതാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, അത് ഉടന്‍ സാക്ഷാത്കരിക്കപ്പെടുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. ഇത് അതിനുള്ള ഒരു തരത്തിലുള്ള ആദ്യപടിയാണെന്ന് അദ്ദേഹം പറഞ്ഞു. '' തദ്ദേശീയ സാങ്കേതികവിദ്യകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായി നമ്മള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുമ്പോള്‍, ആ സമയത്ത് നമ്മുടെ നാവികസേന അഭൂതപൂര്‍വമായ ഉയരത്തില്‍ എത്തണം എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ നാവികസേനയുടെ ജോലി തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ നാവികസേനയുടെ സ്വയംപര്യാപ്തത നിര്‍ണായക പ്രാധാന്യമുള്ളതാണെന്നും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയില്‍ സമുദ്രങ്ങളുടെയും തീരങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ഇന്ത്യയുടെ പ്രതിരോധ മേഖല വളരെ ശക്തമായിരുന്നുവെന്ന് രാജ്യത്തിന്റെ മഹത്തായ സമുദ്രപാരമ്പര്യത്തെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ സമയത്ത്, രാജ്യത്ത് പീരങ്കി തോക്കുകള്‍ ഉള്‍പ്പെടെ നിരവധി തരം സൈനിക ഉപകരണങ്ങള്‍ രാജ്യത്ത് നിര്‍മ്മിച്ചിരുന്ന 18 ഓര്‍ഡനന്‍സ് ഫാക്ടറികള്‍ (ആയുധഫാക്ടറികള്‍) ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ പ്രതിരോധ ഉപകരണങ്ങളുടെ പ്രധാന വിതരണക്കാരായിരുന്നു ഇന്ത്യ. ''ഇഷാപൂര്‍ റൈഫിള്‍ ഫാക്ടറിയില്‍ നിര്‍മ്മിച്ച നമ്മുടെ ഹോവിറ്റ്‌സറുകളും (കുത്തനെ വെടിവയ്ക്കാന്‍ ഉപയോഗിക്കുന്ന പീരങ്കികള്‍)യന്ത്രത്തോക്കുകളുമാണ് ഏറ്റവും മികച്ചതായി കണക്കാക്കപ്പെട്ടിരുന്നത്. നമ്മള്‍ ധാരാളം കയറ്റുമതി ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ പിന്നീട് എന്താണ് സംഭവിച്ചത്, ഒരു ഘട്ടത്തില്‍ നമ്മള്‍ ഈ രംഗത്തെ ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതിക്കാരനായി മാറി?, അദ്ദേഹം ചോദിച്ചു. ലോകമഹായുദ്ധത്തിന്റെ വെല്ലുവിളികള്‍ മുതലെടുത്തുകൊണ്ട് വന്‍കിട ആയുധ കയറ്റുമതിക്കാരായി ഉയര്‍ന്നുവര്‍ന്ന രാജ്യങ്ങളെപ്പോലെ, കൊറോണ കാലഘട്ടത്തില്‍ ഇന്ത്യയും പ്രതികൂല സാഹചര്യങ്ങളെ അവസരമാക്കി മാറ്റി, സമ്പദ്‌വ്യവസ്ഥയിലും ഉല്‍പ്പാദനത്തിലും ശാസ്ത്രത്തിലും കുതിച്ചുചാട്ടം നടത്തി. സ്വാതന്ത്ര്യത്തിന്റെ ആദ്യ ദശകങ്ങളില്‍, പ്രതിരോധ ഉല്‍പ്പാദനത്തില വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല, ഗവണ്‍മെന്റ് മേഖലയില്‍ മാത്രമായി ഇവ പരിമിതപ്പെടുത്തിയതിനാല്‍ ഗവേഷണവും വികസനവും വളരെ പരിമിതമായിരുന്നു. '' നൂതനാശയം നിര്‍ണായകമാണ്, അത് തദ്ദേശീയമായിരിക്കണം. ഇറക്കുമതി ചെയ്ത ചരക്കുകള്‍ക്ക് നൂതനാശയത്തിന്റെ ഉറവിടമാകാന്‍ കഴിയില്ല'', അദ്ദേഹം പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന ചരക്കുകളോടുള്ള ആകര്‍ഷണ മനോഭാവത്തില്‍ മാറ്റം വരേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

സ്വാശ്രയ പ്രതിരോധ സംവിധാനം തന്ത്രപരമായ വീക്ഷണകേന്ദ്രത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2014 ന് ശേഷം ഈ ആശ്രിതത്വം കുറയ്ക്കാന്‍ രാജ്യം ദൗത്യമാതൃകയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ പൊതുമേഖലാ പ്രതിരോധ കമ്പനികളെ വിവിധ മേഖലകളില്‍ സംഘടിപ്പിച്ചതിലൂടെ ഗവണ്‍മെന്റ് അവയ്ക്ക് പുതിയ കരുത്തു നല്‍കിയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഐ.ഐ.ടികള്‍ പോലുള്ള നമ്മുടെ പ്രമുഖ സ്ഥാപനങ്ങളെ പ്രതിരോധ ഗവേഷണവും നൂതനാശയവുമായി ബന്ധിപ്പിക്കുന്നുവെന്ന് ഇന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു. '' കഴിഞ്ഞ പതിറ്റാണ്ടുകളിലെ സമീപനത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട്, ഇന്ന് ഞങ്ങള്‍ എല്ലാവരുടെയും പരിശ്രമത്തിന്റെ ശക്തിയോടെ ഒരു പുതിയ പ്രതിരോധ ആവാസവ്യവസ്ഥ വികസിപ്പിക്കുകയാണ്. ഇന്ന് പ്രതിരോധ ഗവേഷണ-വികസന മേഖലകള്‍ സ്വകാര്യ മേഖല, അക്കാദമിയ (സര്‍വകലാശാലകളിലെ പഠന ഗവേഷണ വിഭാഗം), എം.എസ്.എം.ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍)കള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്കായി തുറന്നുകൊടുത്തിരിക്കുന്നു'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന പ്രതിരോധ പദ്ധതികളെ പുതിയ വേഗതയില്‍ നയിക്കുകയും ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍ കമ്മീഷന്‍ ചെയ്യുന്നതിനുള്ള കാത്തിരിപ്പ് ഉടന്‍ അവസാനിക്കുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍, പ്രതിരോധ ബജറ്റ് വര്‍ധിപ്പിക്കുക മാത്രമല്ല, ''ഈ ബജറ്റ് രാജ്യത്തെ പ്രതിരോധ ഉല്‍പ്പാദന ആവാസവ്യവസ്ഥയുടെ വികസനത്തിന് ഉപയോഗപ്രദമാണെന്ന് ഞങ്ങള്‍ ഉറപ്പാക്കുകയും ചെയ്തു. ഇന്ന്, പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി നീക്കിവച്ചിരിക്കുന്ന ബജറ്റിലെ വലിയൊരു ഭാഗം ഇന്ത്യന്‍ കമ്പനികളില്‍ നിന്നുള്ള സംഭരണത്തിനായാണ് ചെലവഴിക്കുന്നത്'' പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇറക്കുമതി ചെയ്യില്ലെന്നുള്ള 300 ഇനങ്ങളുടെ പട്ടിക തയ്യാറാക്കിയതിന് പ്രതിരോധ സേനയെ അദ്ദേഹം അഭിനന്ദിച്ചു.

കഴിഞ്ഞ 4-5 വര്‍ഷത്തിനിടെ പ്രതിരോധ ഇറക്കുമതിയില്‍ 21 ശതമാനത്തോളം കുറവുണ്ടായതായി പ്രധാനമന്ത്രി പറഞ്ഞു. ഏറ്റവും വലിയ പ്രതിരോധ ഇറക്കുമതിക്കാരില്‍ നിന്ന് ഇന്ന് നമ്മള്‍ വലിയ കയറ്റുമതിക്കാരിലേക്ക് അതിവേഗം നീങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം 13,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതി നടത്തി, ഇതില്‍ 70 ശതമാനത്തിലധികവും സ്വകാര്യമേഖലയില്‍ നിന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ രാജ്യസുരക്ഷയ്‌ക്കെതിരായ ഭീഷണികളും വ്യാപകമാകുകയാണെന്നും യുദ്ധത്തിന്റെ രീതികളും മാറിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മുന്‍പ് കരയിലും കടലിലും ആകാശത്തിലും വരെ മാത്രമേ നമ്മുടെ പ്രതിരോധം സങ്കല്‍പ്പിച്ചിരുന്നുള്ളൂ. ഇപ്പോള്‍ ആ വൃത്തം ബഹിരാകാശത്തേക്ക് നീങ്ങുകയാണ്, സൈബര്‍സ്‌പേസിലേക്ക് നീങ്ങുകയാണ്, സാമ്പത്തിക, സാമൂഹിക ഇടങ്ങളിലേക്കും നീങ്ങുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍, ഭാവിയിലെ വെല്ലുവിളികള്‍ മുന്‍കൂട്ടി കണ്ടുകൊണ്ട് നാം നീങ്ങണമെന്നും അതിനനുസരിച്ച് സ്വയം മാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ സ്വാശ്രയത്വം രാജ്യത്തെ വളരെയധികം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ അപകടത്തിനെതിരെ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ''ഇന്ത്യയുടെ ആത്മവിശ്വാസത്തിനെയും നമ്മുടെ സ്വാശ്രയത്വത്തെത്തേയും വെല്ലുവിളിക്കുന്ന ശക്തികള്‍ക്കെതിരെയുള്ള യുദ്ധവും നമ്മള്‍ ശക്തമാക്കേണ്ടതുണ്ട്. ആഗോളതലത്തില്‍ ഇന്ത്യ നിലയുറപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, വഴിതെറ്റിക്കുന്ന വിവരങ്ങള്‍, തെറ്റായ വിവരങ്ങള്‍ വ്യാജപ്രചാരണം എന്നിവയിലൂടെ നിരന്തരമായ ആക്രമണങ്ങള്‍ നടക്കുകയാണ്. വിശ്വാസം കാത്തുസൂക്ഷിക്കുകയും, രാജ്യത്തായാലും വിദേശത്തായാലും ഇന്ത്യയുടെ താല്‍പ്പര്യങ്ങളെ ഹനിക്കുന്ന ശക്തികളെ അവരുടെ എല്ലാ ശ്രമങ്ങളിലും നിഷ്ഫലമാക്കുകയും വേണം. ദേശീയ പ്രതിരോധം ഇപ്പോള്‍ അതിര്‍ത്തികളില്‍ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് കൂടുതല്‍ വിശാലമാണ്. അതിനാല്‍ ഓരോ പൗരനെയും അതിനെക്കുറിച്ച് ബോധവാന്മാരാക്കേണ്ടതും അതുപോലെ അനിവാര്യമാണ്'' അദ്ദേഹം പറഞ്ഞു. ''അതിനാല്‍, 'ഒരു സ്വാശ്രയ ഇന്ത്യയ്ക്കായി സമ്പൂര്‍ണ്ണ ഗവണ്‍മെന്റ് സമീപനവുമായി ഞങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍, അതുപോലെ, രാഷ്ട്രത്തിന്റെ മുഴുവന്‍ സമീപനം രാജ്യത്തിന്റെ പ്രതിരോധത്തിന് കാലഘട്ടത്തിന്റെ ആവശ്യമാണ്'' അദ്ദേഹം തുടര്‍ന്നു. ''ഇന്ത്യയിലെ വിവിധ ജനങ്ങളുടെ ഈ കൂട്ടായ ദേശീയ ബോധമാണ് സുരക്ഷയുടെയും അഭിവൃദ്ധിയുടെയും ശക്തമായ അടിത്തറ'', പ്രധാനമന്ത്രി ഉപസംഹരിച്ചു.


എന്‍.ഐ.ഐ.ഒ സെമിനാര്‍ സ്വവ്‌ലാംബന്‍

ആത്മനിര്‍ഭര്‍ ഭാരതിന്റെ ഒരു പ്രധാന സ്തംഭം പ്രതിരോധ മേഖലയില്‍ സ്വാശ്രയത്വം കൈവരിക്കുക എന്നതാണ്. ഈ ഉദ്യമം തുടരുന്നതിനായി, ഇന്ത്യന്‍ നാവികസേനയില്‍ തദ്ദേശീയ സാങ്കേതികവിദ്യയുടെ ഉപയോഗത്തിന് ഉത്തേജനം നല്‍കുന്നതിന് ലക്ഷ്യമിട്ടുള്ള സ്പ്രിന്റ് ചലഞ്ചുകള്‍ പ്രധാനമന്ത്രി പരിപാടിയില്‍ അനാവരണം ചെയ്തു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി, ഡിഫന്‍സ് ഇന്നൊവേഷന്‍ ഓര്‍ഗനൈസേഷനുമായി (ഡി.ഐ.ഒ) ചേര്‍ന്നുകൊണ്ട്, ഇന്ത്യന്‍ നാവികസേനയില്‍ കുറഞ്ഞത് 75 പുതിയ തദ്ദേശീയ സാങ്കേതികവിദ്യകള്‍/ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്താന്‍ എന്‍.ഐ.ഐ.ഒ ലക്ഷ്യമിടുന്നു. ഈ സഹകരണ പദ്ധതിക്ക് സ്പ്രിന്റ്(ഐഡെക്‌സ്, എന്‍.എല്‍.എല്‍.ഒ, ടി.ഡി.എ.സി എന്നിവയിലൂടെ ഗവേഷണവികസനത്തിന് സപ്പോര്‍ട്ടിംഗ് പോള്‍വാള്‍ട്ടിംഗ് ) എന്ന് നാമകരണം ചെയ്തു.

പ്രതിരോധ മേഖലയില്‍ സ്വാശ്രയത്വം കൈവരിക്കുന്നതിന് ഇന്ത്യന്‍ വ്യവസായത്തെയും അക്കാദമിക മേഖലയെയും ഉള്‍പ്പെടുത്തുകയാണ് സെമിനാര്‍ ലക്ഷ്യമിടുന്നത്. ദ്വിദിന സെമിനാര്‍ (ജൂലൈ 18-19) വ്യവസായം, അക്കാദമിക്, സൈന്യം, ഗവണ്‍മെന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള മേധാവികള്‍ക്ക് ഒരു പൊതു വേദിയില്‍ ഒത്തുചേരാനും ആശയരൂപീകരണം നടത്താനും പ്രതിരോധ മേഖലയ്ക്കായി ശുപാര്‍ശകള്‍ കൊണ്ടുവരാനുമുള്ള സംവിധാനം ലഭ്യമാക്കും. നൂതനാശയം, തദ്ദേശീയവല്‍ക്കരണം, ആയുധനിര്‍മ്മാണം, വ്യോമയാനം എന്നിവയ്ക്ക് വേണ്ടി സമര്‍പ്പിച്ച സെഷനുകളും നടക്കും. സാഗര്‍ (മേഖലയിലെ എല്ലാവര്‍ക്കും സുരക്ഷയും വളര്‍ച്ചയും) എന്നതിന് അനുസൃതമായുള്ള ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടിന്റെ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലേക്കുള്ള വ്യാപനത്തിന് സെമിനാറിന്റെ രണ്ടാം ദിവസവും സാക്ഷ്യം വഹിക്കും.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
Telangana: Sircilla weaver gets PM Narendra Modi praise for G20 logo

Media Coverage

Telangana: Sircilla weaver gets PM Narendra Modi praise for G20 logo
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2022 നവംബർ 28
November 28, 2022
പങ്കിടുക
 
Comments

New India Expresses Gratitude For the Country’s all round Development Under PM Modi’s Leadership