പങ്കിടുക
 
Comments
തിരഞ്ഞെടുപ്പിന്റെ കോലാഹലങ്ങളും തിരക്കും ഏറെയായിരുന്നെങ്കിലും മനസ്സിലുള്ളത് പറയുന്നതിന്റെ ആ ഒരു സുഖം ഇല്ലാതെപോയി: പ്രധാനമന്ത്രി
#MannKiBaat നായി, എനിക്ക് വളരെയധികം കത്തുകളും ടെലിഫോൺ കോളുകളും ലഭിച്ചിരുന്നു, എന്നാൽ ഒരു പരാതി പോലും അതിൽ ഉണ്ടായിരുന്നില്ല: പ്രധാനമന്ത്രി മോദി
അടിയന്തരാവസ്ഥയിൽ, ജനാധിപത്യ അവകാശങ്ങൾ തട്ടിയെടുത്തു: പ്രധനമന്ത്രി #MannKiBaat ൽ
നിയമത്തിനും ചട്ടങ്ങള്‍ക്കുമപ്പുറം ജനാധിപത്യം നമ്മുടെ സംസ്‌കാരമാണ്, ജനാധിപത്യം നമ്മുടെ ജീവിതശൈലിയാണ്: പ്രധാനമന്ത്രി #MannKiBaat ൽ
ഭാരതത്തില്‍ 2019-ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ 61 കോടിയിലധികം ആളുകള്‍ വോട്ടു ചെയ്തു. 2019 ല്‍ വോട്ടു ചെയ്ത ജനങ്ങളുടെ എണ്ണം അമേരിക്കയിലെ ആകെ ജനസംഖ്യയെക്കാളും അധികമാണ്: പ്രധാനമന്ത്രി #MannKiBaat ൽ
2019-ലെ ലോകസഭാ തിരഞ്ഞെടുപ്പ് ലോകചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ തിരഞ്ഞെടുപ്പായിരുന്നു.: പ്രധാനമന്ത്രി #MannKiBaat ൽ
സാമൂഹികമായ ശ്രമങ്ങളിലൂടെ ഗുണപരമായ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാനാകും: പ്രധാനമന്ത്രി #MannKiBaat ൽ
നാമെല്ലാവരും ഒത്തുചേര്‍ന്ന് ജലത്തിന്റെ ഓരോ തുള്ളിയും കാക്കുമെന്ന് ദൃഢനിശ്ചയം ചെയ്യാം 'ജൻ ജൻ ജൂഡെഗ, ജൽ ബാച്ചേഗ' : പ്രധാനമന്ത്രി #MannKiBaat ൽ
ജനങ്ങള്‍ മാലിന്യനിര്‍മ്മാര്‍ജ്ജനം ഒരു ജനമുന്നേറ്റമാക്കി മാറ്റിയതുപോലെ, ജല സംരക്ഷണത്തിനായും ഒരു ജനമുന്നേറ്റം ആരംഭിക്കണം: പ്രധാനമന്ത്രി
വിവിധ മേഖലകളിലെ ശ്രദ്ധേയങ്ങളായ വ്യക്തിത്വങ്ങളോട് ജലസംരക്ഷണത്തിനായി വേറിട്ട പ്രചരണം നടത്താന്‍ പ്രധാനമന്ത്രി മോദി അഭ്യര്‍ഥിച്ചു
ജൂണ്‍ 21 ന് വീണ്ടും ഒരിക്കല്‍ കൂടി യോഗാദിനം വളരെ ഉര്‍ജ്ജസ്വലതയോടെ, ആഘോഷിച്ചു: പ്രധാനമന്ത്രി #MannKiBaat ൽ
ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ നിര്‍മ്മാണത്തിന് ആരോഗ്യമുള്ള, സംവേദനക്ഷമതയുള്ള വ്യക്തികള്‍ വേണമെന്ന് നമുക്കെല്ലാം അറിയാം.

മനസ്സ് പറയുന്നത് – 2.0 (ഒന്നാം ലക്കം)

പ്രിയപ്പെട്ട ജനങ്ങളേ, നമസ്‌കാരം. ഒരല്‍പം നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും ഒരിക്കല്‍കൂടി ജനങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും ഏറെ അടുപ്പമുള്ള വിഷയങ്ങള്‍, യഥാര്‍ത്ഥത്തില്‍ ഓരോ വ്യക്തിയുടെയും ഹൃദയത്തോട് ചേര്‍ന്ന വിഷയങ്ങള്‍ എന്ന നമ്മുടെ പരമ്പര പുനരാരംഭിക്കുകയാണ്. തിരഞ്ഞെടുപ്പിന്റെ കോലാഹലങ്ങളും തിരക്കും ഏറെയായിരുന്നെങ്കിലും മനസ്സിലുള്ളത് പറയുന്നതിന്റെ ആ ഒരു സുഖം ഇല്ലാതെപോയി. ഒരു ഇല്ലായ്മ അനുഭവപ്പെട്ടിരുന്നു. വേണ്ടപ്പെട്ടവരുടെ ഇടയിലിരുന്ന്, പ്രശാന്തമായ അന്തരീക്ഷത്തില്‍ 130 കോടി ജനങ്ങളുടെ പല കാര്യങ്ങളും കുടുംബാംഗങ്ങള്‍ക്കൊപ്പമിരുന്നു പറയുന്നതുപോലെ പലതും പറഞ്ഞിരുന്നു, പലതും കേട്ടിരുന്നു. ചിലപ്പോള്‍ സ്വന്തം കാര്യങ്ങള്‍ വേണ്ടപ്പെട്ടവര്‍ക്ക് പ്രേരണയായി മാറുന്നു. ഈ ഇടവേള എങ്ങനെ കടന്നുപോയി എന്നു നിങ്ങള്‍ക്കു സങ്കല്പിച്ചു നോക്കാവുന്നതാണ്. ഞായറാഴ്ച, അവസാനത്തെ ഞായറാഴ്ച, 11 മണി…. എന്തോ കൈവിട്ടുപോയല്ലോ എന്ന് എനിക്കും തോന്നിയിരുന്നു-നിങ്ങള്‍ക്കും തോന്നിയില്ലേ..! തീര്‍ച്ചയായും തോന്നിയിട്ടുണ്ടാകും. അതൊരു നിര്‍ജ്ജീവമായ പരിപാടി ആയിരുന്നില്ല. ജീവസ്സുറ്റതായിരുന്നു, എന്റേതെന്ന ബോധമുണ്ടായിരുന്നു, മനസ്സിനൊരു അടുപ്പം തോന്നിയിരുന്നു, ഹൃദയങ്ങളുടെ ഒത്തുചേരലുണ്ടായിരുന്നു. അതുകൊണ്ട് ഇടവേള എനിക്കു വളരെ വിഷമകരമായി തോന്നി. അനുനിമിഷം എന്തോ ഒരു നഷ്ടബോധം അനുഭവപ്പെട്ടു. 'മന്‍ കീ ബാത്ത്' പരിപാടിയില്‍ സംസാരിക്കുമ്പോള്‍, ഞാനാണു സംസാരിക്കുന്നതെങ്കിലും, ശബ്ദം ഒരുപക്ഷേ, എന്റേതാണെങ്കിലും, നിങ്ങളുടെ കാര്യമാണ്, നിങ്ങളുടെ അധ്വാനത്തെക്കുറിച്ചാണ്, നിങ്ങളുടെ ഉത്സാഹമാണ് അതില്‍ നിറഞ്ഞു നിന്നത്. ഞാന്‍ കേവലം എന്റെ വാക്കുകള്‍, എന്റെ സ്വരം ഉപയോഗിച്ചിരുന്നെങ്കിലും എനിക്ക് ഇല്ലാത്തതായി തോന്നിയത് ഈ പരിപാടിയല്ല, നിങ്ങളെയാണ്. ഒരു ശൂന്യത അനുഭവപ്പെട്ടു. ഒരിക്കല്‍ തോന്നി, തിരഞ്ഞെടുപ്പു തീര്‍ന്നയുടന്‍തന്നെ നിങ്ങളുടെ ഇടയിലേക്കു വരണമെന്ന്. എങ്കിലും പിന്നെ തോന്നി, പാടില്ല, ആ ഞായറാഴ്ചപ്പരിപാടി എന്ന രീതി തുടരണം എന്ന്. എന്നാല്‍ ഈ ഞായര്‍ എന്നെ വളരെ കാത്തിരുത്തി. എന്തായാലും അവസാനം അവസരം എത്തിയിരിക്കുന്നു. ഒരു കുടുംബാന്തരീക്ഷത്തില്‍ 'മന്‍ കീ ബാത്ത്', ചെറിയ ചെറിയ, കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍.. സമൂഹത്തിലും ജീവിതത്തിലും മാറ്റത്തിനു കാരണമാകുന്ന കാര്യങ്ങള്‍ ഒരു പുതിയ ഓജസ്സിന് ജന്മം കൊടുത്തുകൊണ്ട്, ഒരു തരത്തില്‍ ഒരു പുതിയ ഇന്ത്യയുടെ ഓജസ്സിന് മിഴിവേകിക്കൊണ്ട് ഈ പരിപാടി തുടരട്ടെ.

കഴിഞ്ഞ മാസങ്ങളില്‍ വളരെയേറെ സന്ദേശങ്ങള്‍ വന്നു. അതില്‍ ആളുകള്‍ പറഞ്ഞു, 'മന്‍ കീ ബാത്ത്' ഇല്ലാത്തത് വിഷമിപ്പിക്കുന്നു എന്ന്. അത് വായിക്കുമ്പോള്‍, കേള്‍ക്കുമ്പോള്‍ എനിക്ക് സന്തോഷം തോന്നുന്നു. സ്വന്തമെന്ന ഒരു ബോധം തോന്നുന്നു. ചിലപ്പോഴൊക്കെ എനിക്കു തോന്നും എന്റെ 'സ്വ' മ്മില്‍ നിന്നും 'സമഷ്ടി'യിലേക്കുള്ള യാത്രയാണിത്.  ഇത് 'ഞാനി'ല്‍ നിന്ന് 'നാമി'ലേക്കുള്ള യാത്ര. എന്നെ സംബന്ധിച്ചിടത്തോളം നിങ്ങളുമായുള്ള എന്റെ ഈ സംവാദം ഒരു തരത്തില്‍ എന്റെ ആത്മീയ യാത്രയുടെ അനുഭൂതിയുടെ ഒരു ഭാഗമായിരുന്നു. പല ആളുകളും ഞാന്‍ തിരഞ്ഞെടുപ്പിന്റെ ബഹളത്തിനിടയില്‍ കേദാര്‍നാഥില്‍ പോയതെന്തിനാണ് എന്നു തുടങ്ങി വളരെയേറെ ചോദ്യങ്ങള്‍ ചോദിച്ചു. നിങ്ങള്‍ക്ക് അതിനുള്ള അവകാശമുണ്ട്. നിങ്ങളുടെ ആകാംക്ഷയും എനിക്ക് മനസ്സിലാക്കാനാകും. എന്റെ വികാരങ്ങളെ നിങ്ങളിലേക്കെത്തിക്കണമെന്ന് എനിക്കും തോന്നിയിരുന്നു. എന്നാല്‍ ഞാന്‍ അതിനു പുറപ്പെട്ടിരുന്നെങ്കില്‍ ഒരുപക്ഷേ, 'മന്‍ കീ ബാത്തി്' ന്റെ രൂപം തന്നെ മാറുമായിരുന്നു. അതുകൊണ്ട് തിരഞ്ഞെടുപ്പിന്റെ കോലാഹലം, ജയപരാജയങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ നിറഞ്ഞനില്‍ക്കെ, പോളിംഗ് ബാക്കിയായിരിക്കുമ്പോള്‍ത്തന്നെ ഞാന്‍ പോയി. പല ആളുകളും അതിലും രാഷ്ട്രീയമായ അര്‍ഥങ്ങള്‍ കണ്ടെത്തി. എന്നെ സംബന്ധിച്ചിടത്തോളം എനിക്കു ഞാനുമായി അഭിമുഖീകരിക്കുവാനുള്ള അവസരമായിരുന്നു. ഞാന്‍ ഒരു തരത്തില്‍ എന്നെ കാണാന്‍ പോയതായിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ ഞാനിപ്പോള്‍ പറയുന്നില്ല, എന്നാല്‍ 'മന്‍ കീ ബാത്തി' ലെ ഈ അല്പകാലത്തെ വിരാമം കാരണം ഉണ്ടായിരുന്ന ശൂന്യതയെ നിറയ്ക്കുവാന്‍ കേദാര്‍നാഥിലെ, ആ ഏകാന്തഗുഹയില്‍ എനിക്ക് അവസരം തീര്‍ച്ചയായും ലഭിച്ചു. പിന്നെ നിങ്ങളുടെ ജിജ്ഞാസ- അതെക്കുറിച്ചും എന്നെങ്കിലും സംസാരിക്കണമെന്ന് വിചാരിക്കുന്നു. എപ്പോഴെന്നു പറയാനാവില്ല, എങ്കിലും തീര്‍ച്ചയായും പറയും, കാരണം നിങ്ങള്‍ക്ക് എന്റെ മേല്‍ അധികാരമുണ്ട്. കേദാറിനെക്കുറിച്ചറിയാന്‍ ആളുകള്‍ ആഗ്രഹം പ്രകടിപ്പിച്ചതുപോലെ, സകാരാത്മകമായ കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാനുള്ള നിങ്ങളുടെ ശ്രമം നിങ്ങളുടെ വാക്കുകളില്‍ എനിക്ക് നിരന്തരം മനസ്സിലാക്കാനാകുന്നുണ്ട്. 

'മന്‍ കീ ബാത്തി'നായി വരുന്ന കത്തുകള്‍, കിട്ടുന്ന നിര്‍ദ്ദേശങ്ങള്‍ പതിവു ഗവണ്‍മെന്റ് കാര്യങ്ങളില്‍ നിന്നും തീര്‍ത്തും ഭിന്നമാണ്. ഒരു തരത്തില്‍ നിങ്ങളുടെ കത്തുകളും എനിക്ക് പ്രേരണയ്ക്കു വിഷയമാകുന്നുണ്ടെങ്കില്‍ മറ്റു ചിലപ്പോള്‍ അത് ഊര്‍ജ്ജത്തിനു കാരണമായി മാറുകയാണ്. ചിലപ്പോഴൊക്കെ എന്റെ ചിന്താ പ്രക്രിയയ്ക്ക് പ്രേരണയേകാന്‍ കാരണമാകുമ്പോള്‍ മറ്റു ചിലപ്പോള്‍ മൂര്‍ച്ചകൂട്ടാനും അത് ഇടയാക്കുന്നു. ആളുകള്‍ രാജ്യത്തിന്റെയും സമൂഹത്തിന്റെയും മുന്നിലുള്ള വെല്ലുവിളികള്‍ മുന്നില്‍ വയ്ക്കുമ്പോള്‍ അതിന്റെ കൂടെ പരിഹാരങ്ങളും നിര്‍ദ്ദേശിക്കുന്നു. കത്തുകളില്‍ ആളുകള്‍ പ്രശ്‌നങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു, അതോടൊപ്പം സമാധാനവും, എന്തെങ്കിലും നിര്‍ദ്ദേശങ്ങളും പറയുന്നു, എന്തെങ്കിലുമൊരു സങ്കല്പം, പ്രത്യക്ഷമായോ പരോക്ഷമായോ പ്രകടിപ്പിക്കുന്നു. ശുചിത്വത്തെക്കുറിച്ച് എഴുതുമ്പോള്‍ വൃത്തികേടിനോടുള്ള അവരുടെ എതിര്‍പ്പ് വ്യക്തമാക്കുന്നതിനൊപ്പം ശുചിത്വത്തിനായുള്ള ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നു. ചിലര്‍ പരിസ്ഥിതിയെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ ഉള്ളിലെ വേദന നമുക്ക് അനുഭവിച്ചറിയാനാകുന്നു, അതോടൊപ്പംതന്നെ സ്വയം നടത്തിയ പരീക്ഷണത്തെക്കുറിച്ചും പറയുന്നു, അതല്ലെങ്കില്‍ എവിടെങ്കിലും കണ്ട പരീക്ഷണത്തെക്കുറിച്ചു വിശദീകരിക്കുന്നു. അതുമായി ബന്ധപ്പെട്ട് മനസ്സില്‍ രൂപം കൊള്ളുന്ന സങ്കല്പങ്ങളും ചിത്രീകരിക്കുന്നു. അതായത് ഒരു തരത്തില്‍ പ്രശ്‌നങ്ങള്‍ക്കു സമാധാനം സമൂഹത്തിനൊന്നാകെ ലഭിക്കുന്നതെങ്ങനെയെന്നതിന്റെ ഒരു സൂചന നിങ്ങളുടെ വാക്കുകളില്‍ എനിക്ക് അനുഭവിച്ചറിയാനാകുന്നു. 'മന്‍ കീ ബാത്ത്' രാജ്യത്തിനും സമൂഹത്തിനും ഒരു കണ്ണാടി പോലെയാണ്. ജനങ്ങളുടെ ഉള്ളില്‍ ആത്മശക്തിക്കോ, ബലത്തിനോ, പ്രാഗല്‍ഭ്യത്തിനോ കുറവില്ലെന്നും ഇതു നമ്മോടു പറയുന്നു. ആ ശക്തിയെയും ആ പ്രാഗല്‍ഭ്യത്തെയും ഒരുമിപ്പിക്കേണ്ടതുണ്ട്, അവയ്ക്ക് അവസരം നല്‍കേണ്ടതുണ്ട്, അവ നടപ്പിലാക്കേണ്ടതുണ്ട്.
രാജ്യത്തിന്റെ പുരോഗതിയില്‍ 130 കോടി ജനങ്ങള്‍ ശക്തമായി, സജീവമായി ഒന്നുചേരാനാഗ്രഹിക്കുന്നു എന്നും 'മന്‍ കീ ബാത്ത്' പറയുന്നു. 'മന്‍ കീ ബാത്തി' ല്‍ എനിക്ക് അസംഖ്യം കത്തുകളും, അസംഖ്യം ടെലിഫോണ്‍ കോളുകളും, സന്ദേശങ്ങളും കിട്ടുന്നുവെങ്കിലും പരാതിയുടെ ധ്വനി വളരെ കുറച്ചേ ഉണ്ടാകാറുള്ളൂ. ആരെങ്കിലും എന്തെങ്കിലും ആവശ്യപ്പെടുക, സ്വന്തമായി എന്തെങ്കിലും പ്രതീക്ഷിക്കുക എന്ന നിലയിലുള്ള ഒരു കാര്യം പോലും കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.
രാജ്യത്തെ പ്രധാനമന്ത്രിക്ക് കത്തെഴുതുക, എന്നാല്‍ തനിക്കായി ഒന്നും ചോദിക്കാതിരിക്കുക എന്നിരിക്കെ ഈ കോടിക്കണക്കിനു ജനങ്ങളുടെ മനോവികാരം എത്ര ഉയര്‍ന്ന തലത്തിലാണെന്നു നിങ്ങള്‍ക്കു ചിന്തിക്കാവുന്നതാണ്. ഈ കാര്യങ്ങള്‍ ഞാന്‍ വിശകലനം നടത്തുമ്പോള്‍ എന്റെ മനസ്സിന് എത്ര സന്തോഷമാണുണ്ടാകുന്നതെന്നും എനിക്ക് എത്ര ഊര്‍ജ്ജം ലഭിക്കുന്നുവെന്നും നിങ്ങള്‍ക്കു സങ്കല്പിക്കാം. നിങ്ങളാണ് എന്നെ മുന്നോട്ടു നയിക്കുന്നുതെന്നും നിങ്ങളെന്നെ അനുനിമിഷം പ്രാണനോടെ നിലനിര്‍ത്തുന്നുവെന്നും നിങ്ങള്‍ക്ക് സങ്കല്പിക്കാനാവില്ല. ഈ ബന്ധമാണ് എനിക്ക് കുറച്ചുനാള്‍ ഇല്ലാതെയിരുന്നത്. ഇന്നെന്റെ മനസ്സു നിറയെ സന്തോഷമാണ്. നമുക്കു മൂന്നുനാലു മാസങ്ങള്‍ക്കുശേഷം വീണ്ടും കാണാം എന്നു ഞാന്‍ അവസാനമായി പറഞ്ഞപ്പോള്‍ ആളുകള്‍ അതിനു രാഷ്ട്രീയമായ അര്‍ഥം കണ്ടെത്തി. ആളുകള്‍ പറഞ്ഞു, കണ്ടില്ലേ, മോദിജിക്ക് എത്ര ആത്മവിശ്വാസമാണ്, എത്ര ഉറപ്പാണ്. ഈ വിശ്വാസം മോദിയുടേതായിരുന്നില്ല. ഈ വിശ്വാസം നിങ്ങളുടെ വിശ്വാസത്തിന്റെ അടിത്തറയുടേതായിരുന്നു. നിങ്ങളാണ് വിശ്വാസത്തിന്റെ രൂപം ധരിച്ചത്. അതുകൊണ്ടാണ് കുറച്ച് മാസങ്ങള്‍ക്കുശേഷം നിങ്ങളുടെ അടുത്തേക്കു വരുമെന്ന് സ്വാഭാവികതയോടെ അവസാനത്തെ 'മന്‍ കീ ബാത്തി'ല്‍ പറയാന്‍ സാധിച്ചതും. വാസ്തവത്തില്‍ ഞാന്‍ വരുകയായിരുന്നില്ല, നിങ്ങളെന്നെ കൊണ്ടുവരികയായിരുന്നു, നിങ്ങളെന്നെ ഇവിടെ ഇരുത്തിയിരിക്കയാണ്. നിങ്ങളാണ് എനിക്ക് വീണ്ടും ഒരിക്കല്‍ കൂടി സംസാരിക്കാന്‍ അവസരമേകിയതും. ഈ ഒരു വികാരത്തോടെ നമുക്ക് 'മന്‍ കീ ബാത്ത്' തുടരാം.

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനോടുള്ള എതിര്‍പ്പ് കേവലം രാഷ്ട്രീയമായ പരിധികള്‍ക്കുള്ളിലായിരുന്നില്ല. രാഷ്ട്രീയനേതാക്കളുടെ പരിധിയിലായിരുന്നില്ല, ജയിലഴികള്‍ക്കുള്ളില്‍ സമരം ഒതുങ്ങിപ്പോയിരുന്നില്ല. ജനങ്ങളുടെയെല്ലാം ഹൃദയത്തില്‍ ആക്രോശം നിറഞ്ഞുനിന്നു. നഷ്ടപ്പെട്ടുപോയ ജനാധിപത്യത്തിന്റെ പിടച്ചിലുണ്ടായിരുന്നു. പകലും രാത്രിയും കൃത്യസമയത്തിന് ഭക്ഷണം കഴിക്കുമ്പോള്‍ വിശപ്പ് എന്താണെന്ന് അറിയാനാവില്ല എന്നതുപോലെ സാധാരണമായ ജീവിതത്തിനിടയില്‍ ജനാധിപത്യത്തിന്റെ അവകാശങ്ങള്‍ എന്തു സന്തോഷമാണു പകരുന്നതെന്ന് മനസ്സിലാവില്ല. അതു മനസ്സിലാകുന്നത് ജനാധിപത്യ അവകാശങ്ങള്‍ പിടിച്ചെടുക്കപ്പെടുമ്പോഴാണ്. അടിയന്തരാവസ്ഥക്കാലത്ത് രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തന്റെ എന്തോ ആരോ പിടിച്ചെടുത്തിരിക്കുന്നു എന്നു തോന്നിയിരുന്നു. ജീവിതത്തില്‍ അന്നുവരെ ഉപയോഗിച്ചിട്ടില്ലാത്ത ഒന്നാണെങ്കില്‍ പോലും അത് മറ്റൊരാള്‍ പിടിച്ചെടുക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു വേദനയാണ് അവന്റെ ഹൃദയത്തില്‍ അനുഭവിക്കാനായത്. ഭാരതത്തിന്റെ ഭരണഘടന ചില വ്യവസ്ഥകള്‍ ചെയ്തു വച്ചിട്ടുണ്ടായിരുന്നതുകൊണ്ട് ജനാധിപത്യം വളര്‍ന്നു എന്നതുകൊണ്ടായിരുന്നില്ല അത്. സാമൂഹ്യ വ്യവസ്ഥ മുന്നോട്ടു കൊണ്ടുപോകുന്നതിന് ഭരണഘടനയും വേണം, നിബന്ധനകളും നിയമങ്ങളും, ചട്ടങ്ങളുമൊക്കെ വേണം. അവകാശങ്ങളുടെയും കര്‍ത്തവ്യങ്ങളുടെയും കാര്യങ്ങളുമുണ്ട്. എന്നാല്‍ നിയമത്തിനും ചട്ടങ്ങള്‍ക്കുമപ്പുറം ജനാധിപത്യം നമ്മുടെ സംസ്‌കാരമാണെന്നും, ജനാധിപത്യം നമ്മുടെ ജീവിതശൈലിയാണെന്നും, ജനാധിപത്യം നമ്മുടെ പാരമ്പര്യമാണെന്നും ആ പാരമ്പര്യവുമായി ചേര്‍ന്ന് വളര്‍ന്നു വലുതായവരാണു നമ്മളെന്നും അതുകൊണ്ട് അതിന്റെ കുറവ് തിരിച്ചറിയുമെന്നും നമുക്ക് അഭിമാനത്തോടെ പറയാനാകും. നാമത് അടിയന്തരാവസ്ഥക്കാലത്ത് അറിഞ്ഞു. അതുകൊണ്ട് രാജ്യത്തിനുവേണ്ടിയല്ല, ആ തിരഞ്ഞെടുപ്പ് സ്വാര്‍ഥതയ്ക്കുവേണ്ടിയായിരുന്നില്ല, ജനാധിപത്യത്തിന്റെ രക്ഷയ്ക്കുവേണ്ടിയുള്ള ഒരു തെരഞ്ഞെടുപ്പായിരുന്നു അത്. ഒരുപക്ഷേ, ലോകത്തിലെ ഒരു രാജ്യത്തും അവിടത്തെ ജനങ്ങള്‍ ജനാധിപത്യത്തിനുവേണ്ടി, തങ്ങളുടെ അവശേഷിച്ച അവകാശങ്ങളെ, അധികാരങ്ങളെ, ആവശ്യങ്ങളെ കണക്കിലെടുക്കാതെ കേവലം ജനാധിപത്യത്തിനുവേണ്ടി മാത്രം വോട്ടു ചെയ്തിട്ടുണ്ടാവില്ല. അങ്ങനെയൊരു തിരഞ്ഞെടുപ്പാണ് 1977-ല്‍ രാജ്യം കണ്ടത്. 

കുറച്ചുദിവസം മുമ്പ് ജനാധിപത്യത്തിന്റെ മഹോത്സവം, വലിയ ഒരു തിരഞ്ഞെടുപ്പു മാമാങ്കം നമ്മുടെ രാജ്യത്തു നടന്നു. സമ്പന്നരും ദരിദ്രരുമെന്നുവേണ്ട എല്ലാ ജനങ്ങളും ഈ ഉത്സവത്തില്‍ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചു തീരുമാനമെടുക്കുന്നതിനായി ഉത്സാഹത്തോടെ പങ്കെടുത്തു.

എന്തെങ്കിലുമൊന്ന് നമ്മുടെ വളരെ അടുത്താണെങ്കില്‍ നാമതിന്റെ പ്രാധാന്യത്തെ വിലകുറച്ചു കാണുന്നു, അതിന്റെ ആശ്ചര്യകരമായ യാഥാര്‍ഥ്യങ്ങള്‍ പോലും കണ്ണില്‍ പെടാതെ പോകുന്നു. നമുക്കു കിട്ടിയിരിക്കുന്ന വിലപ്പെട്ട ജനാധിപത്യത്തെ നാം നിസ്സാരമായി അതൊരു നിത്യസത്യമെന്ന പോലെ കാണുന്നു. എന്നാല്‍ നമ്മുടെ ജനാധിപത്യം വളരെ പ്രധാനപ്പെട്ടതാണെന്നും നൂറ്റാണ്ടുകളുടെ സാധനയിലൂടെ, തലമുറകളുടെ സംസ്‌കാരത്തിലൂടെ, വിശാലമായ മനഃസ്ഥിതിയിലൂടെ ഈ ജനാധിപത്യത്തിനു നമ്മുടെ നാഡിഞരമ്പുകളില്‍ ഇടം ലഭിച്ചിട്ടുള്ളതാണെന്നും നാം നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കേണ്ടതുണ്ട്. 
ഭാരതത്തില്‍ 2019-ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ 61 കോടിയിലധികം ആളുകള്‍ വോട്ടു ചെയ്തു. ഈ സംഖ്യ സാധാരണമെന്നു നമുക്കു തോന്നാം. എന്നാല്‍ ഇത് ലോകത്താകെയുള്ള ജനസംഖ്യ കണക്കിലെടുത്താല്‍ ചൈന ഒഴിച്ച് മറ്റേതൊരു രാജ്യത്തെക്കാളുമധികം ആളുകള്‍ ഭാരതത്തില്‍ വോട്ടു ചെയ്തു എന്നു കാണാം. 2019 ല്‍ വോട്ടു ചെയ്ത ജനങ്ങളുടെ എണ്ണം അമേരിക്കയിലെ ആകെ ജനസംഖ്യയെക്കാളും അധികമാണ്, ഏകദേശം ഇരട്ടി. ഭാരതത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം യൂറോപ്പിലെ ജനസംഖ്യയെക്കാളും കൂടുതലാണ്. ഇത് നമ്മുടെ ജനാധിപത്യത്തിന്റെ വിശാലതയും വൈപുല്യവും വെളിവാക്കിത്തരുന്നു. 2019-ലെ ലോകസഭാ തിരഞ്ഞെടുപ്പ് ലോകചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ തിരഞ്ഞെടുപ്പായിരുന്നു. ഇതുപോലെയുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിന് എത്ര വലിയ തലത്തില്‍ വിഭവങ്ങളും മനുഷ്യശക്തിയും വേണ്ടിവന്നിരിക്കുമെന്ന് നിങ്ങള്‍ക്ക് സങ്കല്പിച്ചു നോക്കാവുന്നതാണ്. ലക്ഷക്കണക്കിന് അധ്യാപകര്‍, ഓഫീസര്‍മാര്‍, മറ്റുദ്യോഗസ്ഥര്‍ രാപകല്‍ അധ്വാനിച്ചിട്ടാണ് ഈ തിരഞ്ഞെടുപ്പു നടത്താനായത്. 

ജനാധിപത്യത്തിന്റെ ഈ മഹായജ്ഞം വിജയപ്രദമായി നടത്തുന്നതിന് അര്‍ധസൈനിക വിഭാഗങ്ങളുടെ ഏകദേശം 3 ലക്ഷം അംഗങ്ങള്‍ ഉത്തരവാദിത്വം നിര്‍വ്വഹിച്ചു, വിവിധ സംസ്ഥാനങ്ങളിലെ 20 ലക്ഷം പോലീസുകാരും കര്‍ത്തവ്യം നിര്‍വ്വഹിച്ചു, കഠിനാധ്വാനം ചെയ്തു. ഇവരുടെയെല്ലാം കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണ് മുന്‍ പ്രാവശ്യത്തെക്കാള്‍ അധികം പേര്‍ ഇപ്രാവശ്യം വോട്ടു ചെയ്യാന്‍ ഇടയായത്. വോട്ടു ചെയ്യാനായി രാജ്യമെങ്ങും ഏകദേശം 10 ലക്ഷം പോളിംഗ് സ്റ്റേഷനുകള്‍, ഏകദേശം 40 ലക്ഷത്തിലധികം ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍, 17 ലക്ഷത്തിലധികം വിവിപാറ്റ് യന്ത്രങ്ങള്‍ വേണ്ടി വന്നു. എത്രവലിയ തയ്യാറെടുപ്പെന്നു നിങ്ങള്‍ക്കു ചിന്തിച്ചുനോക്കാം. ഒരു വോട്ടര്‍ക്കും തന്റെ വോട്ടവകാശം വിനിയോഗിക്കാന്‍ സാധിക്കാതെ വരരുത്. അതിനാണ് ഇത്രയെല്ലാം ചെയ്തത്. അരുണാചല്‍ പ്രദേശിലെ ഒരു വിദൂരസ്ഥ പ്രദേശത്ത് കേവലം ഒരു സ്ത്രീ വോട്ടര്‍ക്കുവേണ്ടി മാത്രം പോളിംഗ് സ്റ്റേഷന്‍ തയ്യാറാക്കി. തിരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ക്ക് അവിടെ എത്താന്‍ രണ്ടു ദിവസം യാത്ര ചെയ്യേണ്ടി വന്നു എന്നു കേട്ടാല്‍ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നും. ഇതാണ് ശരിയായ രീതിയില്‍ ജനാധിപത്യത്തെ ആദരിക്കല്‍. ലോകത്തില്‍ ഏറ്റവും ഉയരത്തിലുള്ള പോളിംഗ് സ്റ്റേഷനും ഭാരതത്തിലാണ്. ഈ പോളിംഗ് സ്റ്റേഷന്‍ ഹിമാചല്‍ പ്രദേശിലെ ലാഹോല്‍-സ്പിതി എന്ന യിടത്ത് 15,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. 

ഇതുകൂടാതെ അഭിമാനം നിറയ്ക്കുന്ന ഒരു യാഥാര്‍ഥ്യം കൂടി ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ തന്നെ ഉത്സാഹത്തോടെ വോട്ടുചെയ്തു എന്നതും ഒരുപക്ഷേ ചരിത്രത്തില്‍ ആദ്യമായിട്ടാണ്. ഈ തിരഞ്ഞെടുപ്പില്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും വോട്ടു ശതമാനം ഏകദേശം തുല്യമായിരുന്നു. ഇതുമായിത്തന്നെ ബന്ധപ്പെട്ട ഉത്സാഹം വര്‍ധിപ്പിക്കുന്ന മറ്റൊരു സത്യമാണ് ഇപ്രാവശ്യം പാര്‍ലമെന്റില്‍ ചരിത്രം കുറിക്കുന്നവിധം 78 വനിതാ അംഗങ്ങളുണ്ട് എന്നത്. തിരഞ്ഞെടുപ്പു കമ്മീഷനെയും തിരിഞ്ഞെടുപ്പു പരിപാടിയുമായി ബന്ധപ്പെട്ട ഓരോരുത്തരെയും വളരെയധികം പ്രശംസിക്കുന്നു. ഭാരതത്തിലെ ജാഗരൂകരായ വോട്ടര്‍മാരെ നമിക്കയും ചെയ്യുന്നു. 

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങള്‍ പലപ്പോഴും ഞാന്‍ പറയുന്നതു കേട്ടിട്ടുണ്ടാകും, 'ബൊക്കേ വേണ്ട ബുക്ക' മതി എന്ന്. ആളുകളെ സ്വാഗതം ചെയ്യുന്നതിന് 'പൂക്കള്‍ക്കു പകരം പുസ്തകം ഉപയോഗിക്കൂ' എന്നാണ് ഞാന്‍ പറഞ്ഞത്. അപ്പോള്‍ മുതല്‍ ആളുകള്‍ പലയിടത്തും പുസ്തകങ്ങള്‍ കൊടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. അടുത്തിടെ എനിക്ക് ആരോ പ്രേംചന്ദിന്റെ ജനപ്രിയ കഥകള്‍ നല്‍കുകയുണ്ടായി. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അധികം സമയം കഴിയുന്നതിനു മുമ്പുതന്നെ മറ്റൊരു പ്രവാസത്തില്‍ എനിക്ക് അദ്ദേഹത്തിന്റെ ചില കഥകള്‍ വീണ്ടും വായിക്കാന്‍ അവസരം കിട്ടി.  പ്രേംചന്ദ് തന്റെ കഥകളില്‍ വര്‍ണ്ണിച്ചിരിക്കുന്ന സമൂഹത്തിന്റെ യഥാര്‍ഥ ചിത്രം വായിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ചിത്രം മനസ്സില്‍ രൂപപ്പെടുവാന്‍ തുടങ്ങുന്നു. അദ്ദേഹം എഴുതിയ ഓരോ കാര്യവും ജീവസ്സുറ്റതാകുന്നു. സ്വാഭാവികവും ലളിതവുമായ ഭാഷയില്‍ മാനുഷിക സംവേദനകളെ വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ കഥകള്‍ എന്റെ മനസ്സിനെ സ്പര്‍ശിച്ചു. അദ്ദേഹത്തിന്റെ കഥകളില്‍ ഭാരതത്തിന്റെ മുഴുവന്‍ മനോവികാരങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. അദ്ദേഹം എഴുതിയ 'നശാ' (ലഹരി) എന്ന കഥ വായിക്കുകയായിരുന്നപ്പോള്‍ എന്റെ മനസ്സ് സമൂഹത്തില്‍ വ്യാപിച്ചിരിക്കുന്ന സാമ്പത്തിക അസന്തുലിതാവസ്ഥയിലേക്കു തിരിഞ്ഞു. എനിക്ക് ഞാന്‍ യുവാവായിരുന്ന കാലത്തെ ദിവസങ്ങള്‍ ഓര്‍മ്മ വന്നു.. എങ്ങനെ ഈ വിഷയത്തില്‍ രാത്രികള്‍ മുഴുവന്‍ ചര്‍ച്ച നടന്നിരുന്നു എന്നത് മനസ്സിലേക്കു കടന്നു വന്നു. ജമീന്ദാറുടെ മകന്‍ ഈശ്വരിയും ദരിദ്ര കുടുംബത്തിലെ ബീര്‍ ന്റെയും ഈ കഥയില്‍ നിന്നും പഠിക്കാനാകുന്നത് നിങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ ചീത്ത കൂട്ടുകെട്ടിന്റെ സ്വാധീനത്തില്‍ എപ്പോഴാണ് പെട്ടുപോകുന്നത് മനസ്സിലാവുകയില്ല എന്നാണ്.  മറ്റൊരു കഥ എന്റെ ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിച്ചതാണ്. അത് 'ഈദ്ഗാഹ്' എന്ന കഥയാണ്. സംവേദനശീലമുള്ള ഒരു കുട്ടിക്ക് അവന്റെ മുത്തശ്ശിയോടുള്ള അകമഴിഞ്ഞ സ്‌നേഹം, അവന്റെ ചെറു പ്രായത്തില്‍ത്തന്നെ പാകതയാര്‍ന്ന വികാരം. 4-5 വയസ്സു പ്രായമുള്ള ഹമീദ് ഉത്സവസ്ഥലത്തുനിന്നും ചപ്പാത്തി അടുപ്പില്‍ നിന്നെടുക്കാനുപയോഗിക്കാവുന്ന കൊടിലും വാങ്ങി മുത്തശ്ശിയുടെ അടുത്തെത്തുമ്പോള്‍ യഥാര്‍ഥത്തില്‍ മാനുഷികമായ സംവേദനം പാരമ്യത്തിലെത്തിയതാണ് നമുക്കു കാണാനാകുന്നത്. ഈ കഥയുടെ അവസാനത്തെ വരി വളരെ വികാരം കൊള്ളിക്കുന്നതാണ്. കാരണം അതില്‍ ജീവിതത്തിലെ വലിയ സത്യം നിറഞ്ഞുനില്‍ക്കുന്നു. കുട്ടിയായ ഹമീദ് വൃദ്ധനായ ഹമീദിന്റെ വേഷമണിയുകയായിരുന്നു. വൃദ്ധയായ അമീന ബാലികയായ അമീനയുമായി.

അതുപോലെ മനസ്സിനെ സ്പര്‍ശിക്കുന്ന ഒരു കഥയാണ് 'പൂസ് കീ രാത്' (പൗഷമാസത്തിലെ രാത്രി) ഈ കഥയില്‍ ദരിദ്രനായ ഒരു കര്‍ഷകന്റെ ജീവിതവൈരുദ്ധ്യങ്ങളുടെ ജീവസ്സുറ്റ ചിത്രം നമുക്ക് കാണാനാകും. വിളവ് നഷ്ടപ്പെട്ടശേഷം കര്‍ഷകനായ ഹല്ദൂവിന് സന്തോഷം, ഇനി കടുത്ത തണുപ്പില്‍ വയലില്‍ കിടന്ന് ഉറങ്ങേണ്ടി വരില്ലല്ലോ എന്ന്! ഈ കഥകള്‍ ഏകദേശം നൂറ്റാണ്ടുമുമ്പുള്ളവയാണെങ്കിലും ഇവയുടെ സാന്ദര്‍ഭികത, ഇന്നും അത്രതന്നെ നമുക്ക് അനുഭവപ്പെടും. ഇവ വായിച്ചപ്പോള്‍ എനിക്കു വേറിട്ട അനുഭൂതിയാണ് ഉണ്ടായത്. 

വായിക്കുന്ന കാര്യം പറയുമ്പോള്‍ ഒന്നു പറയാനുണ്ട്. ഞാന്‍ ഏതോ മാധ്യമത്തില്‍ കേരളത്തിലെ 'അക്ഷരാ' ലൈബ്രറിയെക്കുറിച്ച് വായിക്കുകയായിരുന്നു. ഈ ലൈബ്രറി ഇടുക്കിയിലെ വനമധ്യത്തിലുള്ള ഒരു ഗ്രാമത്തിലാണുള്ളത്. ഇവിടത്തെ പ്രൈമറി  വിദ്യാലയത്തിലെ അധ്യാപകന്‍ പി.കെ.മുരളീധരനും ചെറിയ ചായക്കട നടത്തുന്ന       പി.വി. ചിന്നത്തമ്പിയും ചേര്‍ന്ന് ഈ ലൈബ്രറിക്കുവേണ്ടി അശ്രാന്ത പരിശ്രമം നടത്തി. ഭാണ്ഡക്കെട്ടായി പുറത്ത് ചുമന്ന് ഇവിടെ പുസ്തകം കൊണ്ടുവന്നിരുന്നു. ഇന്ന് ഈ ലൈബ്രറി ആദിവാസികളായ കുട്ടികളടക്കം എല്ലാവര്‍ക്കും ഒരു വഴികാട്ടിയാണ്.

ഗുജറാത്തില്‍ 'വാംചേ ഗുജറാത്ത്' എന്ന പേരില്‍ നടത്തിയ ജനമുന്നേറ്റം ഒരു വിജയപ്രദമായ പരീക്ഷണമായിരുന്നു. എല്ലാ പ്രായത്തിലും പെട്ട ലക്ഷക്കണക്കിനാളുകള്‍ പുസ്തകം വായിക്കാനായി ഈ സംരംഭത്തില്‍ പങ്കാളികളായി. ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത്, ഗൂഗുള്‍ ഗുരുവിന്റെ കാലത്ത് എനിക്കു നിങ്ങളോടും അഭ്യര്‍ഥിക്കാനുള്ളത് അല്പം സമയം കണ്ടെത്തി നിങ്ങളുടെ ദൈനംദിനകാര്യങ്ങള്‍ക്കിടയില്‍ അല്പം സമയം പുസ്തകങ്ങള്‍ക്കും നല്‍കണമെന്നാണ്. നിങ്ങള്‍ക്കത് നല്ല അനുഭവമാകും സമ്മാനിക്കുക. വായിക്കുന്ന പുസ്തകത്തെക്കുറിച്ച് 'നരേന്ദ്രമോദി ആപ്' ല്‍ തീര്‍ച്ചയായും എഴുതുകയും ചെയ്യുക, അങ്ങനെ 'മന്‍ കീ ബാത്തി' ന്റെ എല്ലാ ശ്രോതാക്കളും അതെക്കുറിച്ച് അറിയട്ടെ.

പ്രിയപ്പെട്ട ദേശവാസികളേ, നമ്മുടെ നാട്ടിലെ ജനങ്ങള്‍ ഇന്നു മാത്രമല്ല ഭാവിയിലും വെല്ലുവിളിയാകുന്ന വിഷയക്കുറിച്ചു ചിന്തിക്കുന്നു എന്നതില്‍ എനിക്കു സന്തോഷമുണ്ട്. ഞാന്‍ 'നരേന്ദ്രമോദി ആപ്' ലും 'മൈ ജിഒവി'ലും നിങ്ങളുടെ അഭിപ്രായങ്ങള്‍ വായിക്കുകയായിരുന്നു… വെള്ളത്തിന്റെ പ്രശ്‌നത്തെക്കുറിച്ച് നിരവധി ആളുകള്‍ വളരെയധികം എഴുതിയിരിക്കുന്നതു കണ്ടു. ബലഗാവിയിലെ പവന്‍ ഗൗരായി, ഭുവനേശ്വറിലെ സിതാംശു മോഹന്‍ പരീദാ എന്നിവരെ കൂടാതെ യശ് ശര്‍മ്മാ, ഷഹബ് അല്‍ത്താഫ് എന്നു മറ്റു പലരും  എനിക്ക് വെള്ളവുമായി ബന്ധപ്പെട്ട വെല്ലുവിളിയെക്കുറിച്ച് എഴുതിയിട്ടുണ്ട്. വെള്ളത്തിന് നമ്മുടെ സംസ്‌കാരത്തില്‍ വലിയ മഹത്വമുണ്ട്. ഋഗ്വേദത്തിലെ ആപഃ സൂക്തത്തില്‍ വെള്ളത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു – 
ആപോ ഹിഷ്ഠാ മയോ ഭുവഃ, സ്ഥാ ന ഊര്‍ജേ ദധാതന, മഹേ പണായ ചക്ഷസേ
യോ വഃ ശിവതമോ രസഃ, തസ്യ ഭാജയതേഹ നഃ, ഉഷതീരിവ മാതരഃ.
അതായത്, ജലമാണ് ജീവന്‍ദായിനി ശക്തിയായ ഊര്‍ജ്ജത്തിന്റെ സ്രോതസ്സ്. നിങ്ങള്‍ മാതൃതുല്യയായി ആശീര്‍വ്വദിക്കൂ. ഞങ്ങളുടെ മേല്‍ കൃപ ചൊരിഞ്ഞുകൊണ്ടിരിക്കൂ.. വെള്ളത്തിന്റെ കുറവ് രാജ്യത്തിന്റെ പല ഭാഗങ്ങളെയും എല്ലാ വര്‍ഷവും ബാധിക്കുന്നു. വര്‍ഷംമുഴുവന്‍ മഴകൊണ്ട് ലഭ്യമാകുന്ന വെള്ളത്തിന്റെ കേവലം 8 ശതമാനം മാത്രമേ സംഭരിക്കപ്പെടുന്നുള്ളൂ എന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നും. വെറും 8 ശതമാനം. ഈ പ്രശ്‌നത്തിന് സമാധാനം കണ്ടെത്തേണ്ട സമയം ആയിരിക്കുന്നു. നാം മറ്റു പ്രശ്‌നങ്ങളെപ്പോലെ ജനങ്ങളുടെ പങ്കാളിത്തം കൊണ്ട്, ജനങ്ങളുടെ ശക്തികൊണ്ട് ഒരുകോടി മുപ്പതുലക്ഷം ജനങ്ങളുടെ കഴിവും സഹകരണവും ദൃഢനിശ്ചയവും കൊണ്ട് ഈ പ്രശ്‌നത്തിന് സമാധാനം കണ്ടെത്തും. ജലത്തിന് ഏറ്റവുമധികം പ്രാധാന്യം കൊടുത്തുകൊണ്ട് രാജ്യത്ത് പുതിയ ജലശക്തി മന്ത്രാലയത്തിന് രൂപം കൊടുത്തിട്ടുണ്ട്.  ഇതിലൂടെ ജലവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും തീരുമാനമെടുക്കാനാകും. കുറച്ചു ദിവസം മുമ്പ് ഞാന്‍ വേറിട്ട ഒരു കാര്യം ചെയ്യാന്‍ തീരുമാനിച്ചു. ഞാന്‍ രാജ്യത്തെങ്ങുമുള്ള ഗ്രാമത്തലവന്മാര്‍ക്ക് കത്തെഴുതി. ഞാന്‍ എഴുതിയത് വെള്ളം കാത്തുരക്ഷിക്കാന്‍, വെള്ളം സംഭരിക്കാന്‍, ഓരോ മഴത്തുള്ളിയും നഷ്ടപ്പെടാതെ നോക്കാന്‍ ഗ്രാമത്തിലെ ജനങ്ങളുടെ യോഗം വിളിച്ച്, ഗ്രാമീണര്‍ക്കൊപ്പമിരുന്ന് ആലോചിക്കൂ എന്നായിരുന്നു. അവര്‍ അത് നടത്തുകയും ഈ മാസത്തിലെ 22-ാം തീയതി ആയിരക്കണക്കിന് പഞ്ചായത്തുകളില്‍ കോടിക്കണക്കിനാളുകള്‍ ശ്രമദാനം നടത്തുകയും ചെയ്തുവെന്നതില്‍ എനിക്കു വളരെ സന്തോഷമുണ്ട്. ഗ്രാമങ്ങളിലെ ജനങ്ങള്‍ ഓരോ വെള്ളത്തുള്ളിയും സംഭരിച്ചുവെയ്ക്കാന്‍ ദൃഢനിശ്ചയമെടുത്തു.

ഇന്ന് 'മന്‍ കീ ബാത്ത്' പരിപാടിയില്‍ ഞാന്‍ നിങ്ങളെ ഒരു സര്‍പഞ്ചിന്റെ (ഗ്രാമമുഖ്യന്റെ) കഥ കേള്‍പ്പിക്കാനാഗ്രഹിക്കുന്നു. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ കടക്മാസന്ധി ബ്ലോക്കില്‍ പെട്ട ലുപുംഗ് പഞ്ചായത്തിലെ ഗ്രാമമുഖ്യന്‍ നമുക്കെല്ലാവര്‍ക്കും എന്തു സന്ദേശമാണു നല്കിയതെന്നു കേള്‍ക്കൂ :

'എന്റെ പേര് ദിലീപ് കുമാര്‍ രവിദാസ് എന്നാണ്. ജലംസംരക്ഷണത്തിന് പ്രധാനമന്ത്രി ജി ഞങ്ങള്‍ക്ക് കത്തെഴുതിയപ്പോള്‍ പ്രധാനമന്ത്രി നമുക്ക് ഇങ്ങനെയൊരു കത്തെഴുതിയെന്നു ഞങ്ങള്‍ക്ക് വിശ്വാസം വന്നില്ല. 22-ാം തീയതി ഗ്രാമത്തിലെ ജനങ്ങളെ വിളിച്ചുകൂട്ടി, പ്രധാനമന്ത്രിയുടെ കത്ത് വായിച്ചുകേള്‍പ്പിച്ചപ്പോള്‍ അവര്‍ വളരെ ഉത്സാഹഭരിതരായി, ജലം സംരക്ഷിക്കാനായി കുളം വൃത്തിയാക്കുകയും പുതിയ കുളങ്ങളുണ്ടാക്കാന്‍ ശ്രമദാനം നടത്തി തങ്ങളുടെ പങ്കുനിര്‍വ്വഹിക്കാന്‍ തയ്യാറാവുകയും ചെയ്തു. മഴക്കാലത്തിനു മുമ്പ് ഈ ഉപായം അവലംബിച്ചതുകൊണ്ട് വരുംകാലത്ത് വെള്ളത്തിന്റെ കുറവ് അനുഭവപ്പെടുകയില്ല. നമ്മുടെ പ്രധാനമന്ത്രി നമ്മെ യഥാസമയം ഇക്കാര്യം ഓര്‍മ്മിപ്പിച്ചത് നന്നായി.''

ബിര്‍സാ മുണ്ഡയുടെ ഭൂമിയില്‍ പ്രകൃതിയോടൊപ്പം ഒരുമ പുലര്‍ത്തിക്കൊണ്ട് ജീവിക്കയെന്നത് സംസ്‌കാരത്തിന്റെ ഭാഗമാണ്. അവിടത്തെ ജനങ്ങള്‍, ഒരിക്കല്‍കൂടി ജലസംരക്ഷണത്തിനായി തങ്ങളുടെ സജീവ പങ്ക് വഹിക്കാന്‍ തയ്യാറാണ്. ഞാന്‍ എല്ലാ ഗ്രാമപ്രധാനികളെയും എല്ലാ ഗ്രാമമുഖ്യന്മാരെയും അവരുടെ ഈ ഉത്സാഹത്തിന്റെ പേരില്‍ ആശംസിക്കുന്നു. ജലസംരക്ഷണത്തിന് കച്ചകെട്ടിയിറങ്ങിയ അനേകം ഗ്രാമത്തലവന്മാര്‍ രാജ്യമെങ്ങുമുണ്ട്. ഒരു തരത്തില്‍ അത് ഗ്രാമത്തിനു മുഴുവന്‍ അവസരം സൃഷ്ടിക്കയാണ്. ഗ്രാമത്തിലെ ജനങ്ങള്‍, ഇപ്പോള്‍ തങ്ങളുടെ ഗ്രാമത്തില്‍ ജലത്തിനായി ക്ഷേത്രമുണ്ടാക്കാന്‍ മത്സരിക്കയാണെന്നാണ് തോന്നുക. ഞാന്‍ പറഞ്ഞതുപോലെ സാമൂഹികമായ ശ്രമങ്ങളിലൂടെ ഗുണപരമായ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാനാകും. ജലത്തിന്റെ പ്രശ്‌നത്തെ നേരിടുന്നതിന് രാജ്യമെങ്ങും ഏതെങ്കിലും 'ഒരു സൂത്രവാക്യം' അവലംബിക്കാനാവില്ല. അതിനായി പല പല ഭാഗങ്ങൡ പല പല രീതികളില്‍ ശ്രമങ്ങള്‍ നടത്തപ്പെടുന്നുണ്ട്. എന്നാല്‍ എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെയാണ്- അത് ജലം കാക്കുക, ജലസംരക്ഷണം എന്നതാണ്.

പഞ്ചാബില്‍ ഡ്രയിനേജ് ലൈനുകള്‍ നന്നാക്കിക്കൊണ്ടിരിക്കയാണ്. ഈ ശ്രമത്തിലൂടെ വെള്ളക്കെട്ടുണ്ടാകുന്ന പ്രശ്‌നത്തില്‍ നിന്ന് രക്ഷപ്പെടാനാകും. തെലുങ്കാനയിലെ തിമ്മൈപ്പള്ളിയില്‍ ടാങ്ക് നിര്‍മ്മാണത്തിലൂടെ ഗ്രാമീണജനങ്ങളുടെ ജീവിതം തന്നെ മാറിയിരിക്കുന്നു. രാജസ്ഥാനിലെ കബീര്‍ധാമില്‍ കൃഷിഭൂമിയില്‍ ഉണ്ടാക്കിയ ചെറിയ കുളങ്ങള്‍ വലിയ മാറ്റമാണുണ്ടാക്കിയിരിക്കുന്നത്. ഞാന്‍ തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നടത്തിയ ഒരു സാമൂഹിക സംരംഭത്തെക്കുറിച്ചു വായിക്കയുണ്ടായി. അവിടെ നാഗ് നദിയെ പുനരുജ്ജീവിപ്പിക്കാന്‍ ഇരുപതിനായിരം സ്ത്രീകള്‍ സംഘടിച്ചു. പരസ്പരം സഹകരിച്ച് മഴവെള്ളസംഭരണത്തിനായി പല നല്ല ശ്രമങ്ങളും നടത്തുന്ന ഗഢ്‌വാളിലെ സ്ത്രീകളെക്കുറിച്ചും വായിക്കയുണ്ടായി. ഇങ്ങനെയുള്ള പല ശ്രമങ്ങളും നടത്തുന്നുണ്ട്. ഒത്തുചേര്‍ന്ന്, ശക്തമായ ശ്രമം നടത്തിയാല്‍ അസാധ്യമായതിനെ സാധ്യമാക്കാം എന്നതില്‍ എനിക്ക് വിശ്വാസമുണ്ട്. ജനങ്ങള്‍ ഒരുമിക്കുമ്പോള്‍ ജലം കാത്തുസൂക്ഷിക്കപ്പെടും. ഇന്ന് 'മന്‍ കീ ബാത്തി' ലൂടെ ഞാന്‍ ജനങ്ങളോട് മൂന്നു കാര്യങ്ങള്‍ അഭ്യര്‍ഥിക്കുന്നു –
എന്റെ ഒന്നാമത്തെ അഭ്യര്‍ഥന – ജനങ്ങള്‍ മാലിന്യനിര്‍മ്മാര്‍ജ്ജനം ഒരു ജനമുന്നേറ്റമാക്കി മാറ്റിയതുപോലെ, ജല സംരക്ഷണത്തിനായും ഒരു ജനമുന്നേറ്റം ആരംഭിക്കണം. നാമെല്ലാവരും ഒത്തുചേര്‍ന്ന് ജലത്തിന്റെ ഓരോ തുള്ളിയും കാക്കുമെന്ന് ദൃഢനിശ്ചയം ചെയ്യാം. ജലം ഈശ്വരന്‍ തന്ന പ്രസാദമാണ്, സ്പര്‍ശമണിയുടെ ഒരു രൂപമാണ്. സ്പര്‍ശമണിയുടെ സ്പര്‍ശനത്തിലൂടെ ഇരുമ്പ് സ്വര്‍ണ്ണമാകുമെന്നു പറയപ്പെട്ടിരുന്നു. ഞാന്‍ പറയുന്നു, ജലം സ്പര്‍ശമണിയാണ്, ആ സ്പര്‍ശമണിയുടെ, ജലത്തിന്റെ സ്പര്‍ശനത്തിലൂടെ പുതുജീവിതം നിര്‍മ്മിക്കപ്പെടും എന്നു ഞാന്‍ പറയുനുന്നു. ജലത്തിന്റെ ഓരോ തുള്ളിയും കാത്തുരക്ഷിക്കുന്നതിന് 'ഒരു ജലസംരക്ഷണമുന്നേറ്റം' സംഘടിപ്പിക്കാം. ഇതില്‍ ജലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചു പറയാം, അതോടൊപ്പം ജലസംരക്ഷണരീതികള്‍ പ്രചരിപ്പിക്കയും ചെയ്യാം. ഞാന്‍ വിശേഷിച്ചും വിവിധ മേഖലകളിലെ ശ്രദ്ധേയങ്ങളായ വ്യക്തിത്വങ്ങളോട് ജലസംരക്ഷണത്തിനായി വേറിട്ട പ്രചരണം നടത്താന്‍ അഭ്യര്‍ഥിക്കുന്നു. സിനിമ മേഖലയിലെയോ, സ്‌പോര്‍ട്‌സ് മേഖലയിലെയോ, മാധ്യമങ്ങളിലെയോ സുഹൃത്തുക്കളോ, സാമൂഹിക സംഘടനകളുമായി ബന്ധപ്പെട്ട ആളുകളോ, സാംസ്‌കാരിക സംഘടനകളുമായി ബന്ധപ്പെട്ട ആളുകളോ, കഥപറയുകയും കീര്‍ത്തനങ്ങള്‍ പാടുകയും ചെയ്യുന്നവരോ എല്ലാവരും തന്നെ തങ്ങളുടേതായ രീതിയില്‍ ഈ ജനമുന്നേറ്റത്തിനു നേതൃത്വം നല്കണം. സമൂഹത്തെ ഉണര്‍ത്താം, സമൂഹത്തെ ഒരുമിപ്പിക്കാം, സമൂഹവുമായി ചേരാം. നോക്കിക്കോളൂ, നമ്മുടെ കണ്‍മുന്നില്‍ നമുക്ക് മാറ്റം കാണാനാകും.

ജനങ്ങളോട് എനിക്ക് മറ്റൊരു അഭ്യര്‍ഥനയുണ്ട്. നമ്മുടെ നാട്ടില്‍ ജലസംരക്ഷണത്തിനായി പല പരമ്പരാഗത രീതികളും നൂറ്റാണ്ടുകളായി നടപ്പില്‍ വരുത്തി പോരുന്നുണ്ട്. ജലസംരക്ഷണത്തിന്റെ ആ പരമ്പരാഗത രീതികളെക്കുറിച്ചുള്ള അറിവ് പരസ്പരം പങ്കുവയ്ക്കാന്‍ ഞാന്‍ നിങ്ങളേവരോടും അഭ്യര്‍ഥിക്കുന്നു. നിങ്ങളിലാര്‍ക്കെങ്കിലും പൂജനീയ ബാപ്പുവിന്റെ ജന്മസ്ഥലമായ പോര്‍ബന്തറില്‍ പോകാന്‍ അവസരം ലഭിച്ചിട്ടുണ്ടെങ്കില്‍ അവിടെ ബാപ്പുവിന്റെ വീടിന്റെ പിന്നിലുള്ള മറ്റൊരു വീടു കാണണം. അവിടെ 200 വര്‍ഷം പഴക്കമുള്ള ഒരു ജലസംഭരണിയുണ്ട്, അതില്‍ ഇപ്പോഴും വെള്ളവുമുണ്ട്. മഴവെള്ളം തടഞ്ഞുനിര്‍ത്താനുള്ള ഏര്‍പ്പാടുണ്ട്. കീര്‍ത്തിമന്ദിരത്തില്‍ പോകുന്നവരെല്ലാം ആ ജലസംഭരണി തീര്‍ച്ചയായും കാണണമെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. അതുപോലുള്ള പല തരം ജലസംഭരണരീതികള്‍ പലയിടങ്ങളിലും ഉണ്ടായിരിക്കും. 

നിങ്ങളോട് എനിക്ക് മൂന്നാമതായി ഒരു അഭ്യര്‍ഥനയുണ്ട്. ജലസംരക്ഷണകാര്യത്തില്‍ മഹത്തായ പങ്കു വഹിക്കുന്ന വ്യക്തികളെയും സ്വയംസേവക സ്ഥാപനങ്ങളെയും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും കുറിച്ച് ലഭ്യമാകുന്ന അറിവ് നിങ്ങള്‍ പങ്കു വയ്ക്കണം.. അതിലൂടെ ജലത്തിനായി ജീവിതം സമര്‍പ്പിച്ചിരിക്കുന്ന, ജലത്തിനായി സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനകളെക്കുറിച്ച്, വ്യക്തികളെക്കുറിച്ച് ഒരു ഡേറ്റാബേസ് ഉണ്ടാക്കുന്നതിനാണത്. വരൂ, ജലസംരക്ഷണത്തില്‍ പങ്കാളികളാകാം. കൂടുതല്‍ കൂടുതല്‍ ജലസംരക്ഷണരീതികളെക്കുറിച്ച് ഒരു പട്ടിക തയ്യാറാക്കി ആളുകളെ ജലസംരക്ഷണത്തിനായി പ്രേരിപ്പിക്കാം. നിങ്ങളേവരും #JanShakti4JalShakti ഹാഷ് ടാഗ് ഉപയോഗിച്ച് നിങ്ങള്‍ക്ക് പങ്കുവയ്ക്കാനുള്ള അറിവ് കൈമാറൂ. 
പ്രിയപ്പെട്ട ജനങ്ങളേ, എനിക്ക് നിങ്ങളോട് ഒരു കാര്യത്തില്‍ കൂടി നന്ദി വ്യക്തമാക്കാനുണ്ട്, ലോകത്തിലെ ജനങ്ങളോടും നന്ദി പ്രകടിപ്പിക്കാനുണ്ട്. ജൂണ്‍ 21 ന് വീണ്ടും ഒരിക്കല്‍ കൂടി യോഗാദിനം വളരെ ഉര്‍ജ്ജസ്വലതയോടെ, ഉത്സാഹത്തോടെ, ഓരോരോ കുടുംബത്തിലെയും മൂന്നും നാലും തലമുറകള്‍ വരെ ഒരുമിച്ച് ആഘോഷിച്ചു. ഹോളിസ്റ്റിക് ഹെല്‍ത്ത് കെയറിനായി ഉണര്‍വ്വുണ്ടാക്കി.. അതിലൂടെ യോഗദിനത്തിന്റെ മാഹാത്മ്യം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. എല്ലാവരും, ലോകത്തിന്റെ എല്ലാ മൂലയിലും സൂര്യന്‍ ഉദിച്ചയുടന്‍തന്നെ യോഗയെ സ്‌നേഹിക്കുന്നവര്‍ സൂര്യനെ സ്വാഗതം ചെയ്യുന്നുവെങ്കില്‍ അത് സൂര്യന്‍ അസ്തമിക്കുന്നതുവരെയുള്ള യാത്രയാണ്. മനുഷ്യനുള്ളിടത്തെല്ലാം യോഗയുമായി ബന്ധപ്പെടുകയുണ്ടായി. യോഗ അത്രയ്ക്കാണ് പ്രചരിച്ചിട്ടുള്ളത്. ഭാരതത്തില്‍ ഹിമാലയം മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ, സിയാചിന്‍ മുതല്‍ അന്തര്‍വാഹിനികളില്‍ വരെ, വായുസേന മുതല്‍ വിമാനവാഹിനികള്‍ വരെ, എസി ജിമ്മുകള്‍ മുതല്‍ ചുട്ടുപൊള്ളുന്ന മരുഭൂമി വരെ, ഗ്രാമങ്ങള്‍ മുതല്‍ നഗരങ്ങള്‍ വരെ സാധിച്ചിടത്തെല്ലാം ആളുകള്‍ യോഗ ചെയ്തു. എന്നു മാത്രമല്ല, അത് സാമൂഹികമായി ആഘോഷിക്കപ്പെടുകയും ചെയ്തു.
ലോകമെങ്ങുമുള്ള രാഷ്ട്രത്തലവന്മാരും, പ്രധാനമന്ത്രിമാരും, പ്രസിദ്ധരായ ആളുകളും, സാധാരണക്കാരായ ജനങ്ങളും അവര്‍ എങ്ങനെ തങ്ങളുടെ രാജ്യത്ത് യോഗ ആഘോഷിച്ചു എന്ന് ട്വിറ്ററിലൂടെ കാട്ടിത്തന്നു. അന്ന് ലോകം ഒരു വലിയ സന്തുഷ്ട കുടുംബത്തെപ്പോലെയാണ് കാണപ്പെട്ടത്. 

ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ നിര്‍മ്മാണത്തിന് ആരോഗ്യമുള്ള, സംവേദനക്ഷമതയുള്ള വ്യക്തികള്‍ വേണമെന്ന് നമുക്കെല്ലാം അറിയാം. യോഗ അതാണ് ഉറപ്പിക്കുന്നത്. അതുകൊണ്ട് യോഗ പ്രചരിപ്പിക്കുന്നത് സമൂഹസേവനവുമായി ബന്ധപ്പെട്ട ഒരു മഹത്തായ കാര്യമാണ്. അങ്ങനെയുള്ള സേവനം അംഗീകരിക്കപ്പെടുകയും അത് ആദരിക്കപ്പെടേണ്ടതുമല്ലേ? 2019-ല്‍ യോഗ പ്രോത്സാഹിപ്പിക്കാനും പ്രചരിപ്പിക്കാനും മഹത്തായ പങ്കുവഹിക്കുന്നവര്‍ക്കുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാരം പ്രഖ്യാപിച്ചത് എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷകരമായ കാര്യമായിരുന്നു. ലോകമെങ്ങുമുള്ള മഹത്തായ സംഘടനകള്‍ക്കാണ് പുരസ്‌കാരം നല്കിയത്. അവയെക്കുറിച്ച്, അവ യോഗ പ്രചരിപ്പിക്കുന്നതിന് എത്രത്തോളം മഹത്തായ പങ്കാണ് വഹിച്ചതെന്ന് നിങ്ങള്‍ക്ക് സങ്കല്പിക്കാന്‍ പോലുമാവില്ല. ഉദാഹണത്തിന് 'ജപ്പാന്‍ യോഗനികേത'ന്റെ കാര്യമെടുക്കാം. അവര്‍ യോഗയെ ജപ്പാനിലെങ്ങും ജനപ്രിയമാക്കി. 'ജപ്പാന്‍ യോഗ നികേതന്‍' അവിടെ പല ഇന്‍സ്റ്റിട്യൂട്ടുകളും പരിശീലന കോഴ്‌സുകളും നടത്തുന്നു. ഇറ്റലിയിലെ മിസ്.ആന്റോണിയേറ്റ റോസിയുടെ കാര്യമെടുക്കാം. അവര്‍ 'സര്‍വ്വ യോഗ ഇന്റര്‍നാഷണ'ലിന് തുടക്കം കുറിച്ച് യൂറോപ്പിലെങ്ങും യോഗ പ്രചരിപ്പിച്ചു. വളരെ പ്രേരണയേകുന്ന ഉദാഹരണങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. ഇത് യോഗയുമായി ബന്ധപ്പെട്ട കാര്യമാണെന്നിരിക്കെ ഭാരതീയര്‍ക്ക് പിന്നില്‍ നില്‍ക്കാനാകുമോ? മുംഗേറിലുള്ള 'ബീഹാര്‍ യോഗ വിദ്യാലയ'യും ആദരിക്കപ്പെട്ടു. അവര്‍ കഴിഞ്ഞ ഒരു ദശകമായി യോഗയ്ക്കുവാണ്ടി സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുന്നവരാണ്. ഇതുപോലെ, സ്വാമി രാജര്‍ഷി മുനിയെയും ആദരിച്ചു. അദ്ദേഹം ലൈഫ് മിഷനും 'ലാകുലിഷ് യോഗ യൂണിവേഴ്‌സിറ്റി'യും സ്ഥാപിച്ചു. യോഗ വ്യാപകമായി ആഘോഷിക്കുകയും യോഗയുടെ സന്ദേശം ഓരോ വീട്ടിലും എത്തിക്കുകയും ചെയ്യുന്നവരെ ആദരിക്കുകയും ചെയ്തത് യോഗ ദിനത്തെ വേറിട്ടതാക്കി.

പ്രിയപ്പെട്ട ജനങ്ങളേ, നമ്മുടെ ഈ യാത്ര ഇന്നു തുടങ്ങുകയാണ്. പുതിയ ഭാവം, പുതിയ അനുഭൂതി, പുതിയ നിശ്ചയം, പുതിയ കഴിവുകള്‍… അതെ. ഞാന്‍ നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കും. നിങ്ങളുടെ ചിന്താഗതികളുമായി ചേരുന്നത് എന്നെ സംബന്ധിച്ചിടത്തോളം മഹത്തായ യാത്രയാണ്. 'മന്‍ കീ ബാത്ത്' എന്നത് നിമിത്തം മാത്രമാണ്. വരൂ, നമുക്ക് ഒരുമിച്ചിരിക്കാം, വിചാരങ്ങള്‍ പങ്കുവയ്ക്കാം. നിങ്ങളുടെ മനസ്സിലുള്ളത് ഞാന്‍ കേട്ടുകൊണ്ടിരിക്കാം, അത് സൂക്ഷിച്ചുവയ്ക്കാം, അതൊക്കെ മനസ്സിലാക്കാം. ചിലപ്പോഴൊക്കെ നിങ്ങളുടെ വികാരങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കാന്‍ ശ്രമിക്കാം. നിങ്ങളുടെ ആശീര്‍വ്വാദം ഉണ്ടായിരിക്കണം. നിങ്ങളാണ് എന്റെ പ്രേരണ, നിങ്ങളാണ് എന്റെ ഊര്‍ജ്ജം. വരൂ, ഒരുമിച്ചിരുന്ന് 'മന്‍ കീ ബാത്തി' ന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് ജീവിതത്തിലെ ഉത്തരവാദിത്തങ്ങളും നിര്‍വ്വഹിച്ചു മുന്നേറാം. വീണ്ടും ഒരിക്കല്‍ കൂടി അടുത്ത മാസത്തെ 'മന്‍ കീ ബാത്തി' ല്‍ വീണ്ടും കാണാം. നിങ്ങള്‍ക്കേവര്‍ക്കും അനേകം നന്ദി.

നമസ്‌കാരം.

സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Mann KI Baat Quiz
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
World's tallest bridge in Manipur by Indian Railways – All things to know

Media Coverage

World's tallest bridge in Manipur by Indian Railways – All things to know
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM condoles loss of lives due to road accident in Nadia, West Bengal
November 28, 2021
പങ്കിടുക
 
Comments

The Prime Minister, Shri Narendra Modi has expressed grief over the loss of lives due to a road accident in Nadia, West Bengal.

In a tweet, the Prime Minister said;

"Extremely pained by the loss of lives due to a road accident in Nadia, West Bengal. My thoughts are with the bereaved families. May the injured recover at the earliest."