പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം സീഷെൽസ് റിപ്പബ്ലിക് പ്രസിഡന്റ് ഡോ. പാട്രിക് ഹെർമിനി 2026 ഫെബ്രുവരി 5 മുതൽ 10 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തിവരികയാണ് .
പ്രസിഡന്റ് ഹെർമിനി അധികാരമേറ്റെടുത്ത് ഏകദേശം 100 ദിവസങ്ങൾക്കുള്ളിൽ നടത്തുന്ന ഈ സന്ദർശനം, ഇന്ത്യയും സീഷെൽസും തമ്മിലുള്ള ദീർഘകാലവും ബഹുമുഖവുമായ ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു. സീഷെൽസിന്റെ സ്വാതന്ത്ര്യത്തിന്റെ 50-ാം വർഷവും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിതമായതിന്റെ 50-ാം വർഷവും ഒത്തുചേരുന്നു എന്നതിനാൽ ഈ സന്ദർശനത്തിന് സവിശേഷ പ്രാധാന്യമുണ്ട്.
2026 ഫെബ്രുവരി 9-ന് നടന്ന കൂടിക്കാഴ്ചയിൽ, പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ഹെർമിനിയും ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ മേഖലകളെയും ഉൾപ്പെടുത്തിക്കൊണ്ട് സമഗ്രവും ഫലപ്രദവുമായ ചർച്ചകൾ നടത്തി. 2025 ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിലെ വിജയത്തിന് പ്രധാനമന്ത്രി മോദി പ്രസിഡന്റ് ഹെർമിനിയെ അഭിനന്ദനം അറിയിച്ചു. അടുത്ത സമുദ്ര അയൽക്കാർ എന്ന നിലയിൽ ഇന്ത്യയും സീഷെൽസും തമ്മിൽ ചരിത്രപരവും കുടുംബപരവുമായ ബന്ധങ്ങളിൽ അധിഷ്ഠിതവും, ജനാധിപത്യം, ബഹുസ്വരത എന്നീ പങ്കിട്ട മൂല്യങ്ങളാൽ പരിപോഷിപ്പിക്കപ്പെട്ടതുമായ സവിശേഷവും കാലം തെളിയിച്ചതുമായ ഒരു പങ്കാളിത്തമാണ് നിലനിൽക്കുന്നതെന്ന് ഇരുനേതാക്കളും വീണ്ടും ഉറപ്പിച്ചു.
സീഷെൽസ്–ഇന്ത്യ ബന്ധം ജനകേന്ദ്രീകൃതമാണെന്നും അത് പടിഞ്ഞാറൻ ഇന്ത്യൻ മഹാ സമുദ്ര മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നുവെന്നും നേതാക്കൾ അംഗീകരിച്ചു. ഇന്ത്യയുടെ മഹാസാഗർ (MAHASAGAR - Mutual and Holistic Advancement for Security and Growth Across Regions) എന്ന കാഴ്ചപ്പാടിൽ സീഷെൽസിനുള്ള നിർണ്ണായക പങ്കും ഇരുനേതാക്കളും ചർച്ചയിൽ അടിവരയിട്ടു.
ഇന്ത്യയും സീഷെൽസും തമ്മിലുള്ള സമ്പന്നവും ചരിത്രപരവുമായ ജനങ്ങൾ തമ്മിലുള്ള ബന്ധത്തെ അനുസ്മരിച്ചുകൊണ്ട്, ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ സുരക്ഷ, സമൃദ്ധി, ക്ഷേമം എന്നിവ വർദ്ധിപ്പിക്കുന്നതിന് ദേശീയ വികസന മുൻഗണനകളിൽ കൂടുതൽ സഹകരണം ആവശ്യമാണെന്ന് ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു.
സീഷെൽസിനും ആ മേഖലയ്ക്കും ഇന്ത്യ ഒരു വിശ്വസ്ത പങ്കാളിയാണെന്ന് പ്രസിഡന്റ് ഹെർമിനി അടിവരയിട്ടു പറഞ്ഞു. സീഷെൽസിന്റെ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഇന്ത്യ നൽകിവരുന്ന ദീർഘകാല സഹായങ്ങൾക്കും സഹകരണത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ഇരുരാജ്യങ്ങളുടെയും കരുത്ത് എടുത്തുപറഞ്ഞും ഈ ബന്ധത്തിന്റെ പ്രാധാന്യം അംഗീകരിച്ചും, 'മെച്ചപ്പെട്ട ബന്ധങ്ങളിലൂടെ സുസ്ഥിരത, സാമ്പത്തിക വളർച്ച, സുരക്ഷ എന്നിവയ്ക്കായുള്ള സംയുക്ത കാഴ്ചപ്പാട്' (SESEL - Joint Vision for Sustainability, Economic Growth and Security through Enhanced Linkages) ഇരുനേതാക്കളും പ്രഖ്യാപിച്ചു.
രാഷ്ട്രീയ വിനിമയങ്ങൾ
സീഷെൽസും ഇന്ത്യയും തമ്മിൽ കൃത്യമായ ഇടവേളകളിൽ ഉന്നതതല രാഷ്ട്രീയ കൂടിക്കാഴ്ചകളും സന്ദർശനങ്ങളും ചർച്ചകളും നടത്തുന്നതിന്റെ പ്രാധാന്യം ഇരുനേതാക്കളും അംഗീകരിച്ചു. നേതൃത്വ തലത്തിലും മന്ത്രിതലത്തിലും മുതിർന്ന ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയവും സാമൂഹിക-സാമ്പത്തികവുമായ ഇടപെടലുകൾ ശക്തമാക്കാൻ ഇരുപക്ഷവും സമ്മതിച്ചു.
പാർലമെന്ററി നടപടിക്രമങ്ങളിലെ മികച്ച മാതൃകകൾ പങ്കുവെക്കുന്നതും ശേഷി വർദ്ധിപ്പിക്കുന്നതും ഉൾപ്പെടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള പാർലമെന്ററി വിനിമയങ്ങൾ (Parliamentary Exchanges) ആഴത്തിലാക്കാനും തീവ്രമാക്കാനും ഇരുനേതാക്കളും തീരുമാനിച്ചു.
വികസന പങ്കാളിത്തം
വായ്പകൾ (Lines of credit), ഗ്രാന്റുകൾ, ശേഷി വർദ്ധിപ്പിക്കൽ, ഉയർന്ന സ്വാധീനമുള്ള കമ്മ്യൂണിറ്റി വികസന പദ്ധതികൾ (HICDP) എന്നിവയിലൂടെ സീഷെൽസിന്റെ വികസന-സുരക്ഷാ ആവശ്യങ്ങൾക്കും അഭിലാഷങ്ങൾക്കും ഇന്ത്യ നൽകുന്ന ഉറച്ച പിന്തുണയെ പ്രസിഡന്റ് ഹെർമിനി അംഗീകരിച്ചു. സുസ്ഥിരത, പ്രതിരോധം, സമുദ്ര സുരക്ഷ, ശേഷി വർദ്ധിപ്പിക്കൽ, പ്രതിരോധശേഷി, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, സീഷെൽസിന്റെ ദേശീയ വികസന അജണ്ടയിൽ ഇന്ത്യ ഒരു പ്രധാനവും വിശ്വസ്തവുമായ പങ്കാളിയായി തുടരുമെന്ന് പ്രധാനമന്ത്രി മോദി വീണ്ടും ഉറപ്പുനൽകി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ജനകേന്ദ്രീകൃത വികസന പങ്കാളിത്തം വിപുലീകരിക്കുന്നതിനും ശക്തമാക്കുന്നതിനുമുള്ള പ്രതിബദ്ധത ആവർത്തിച്ചുകൊണ്ട്, ഇന്ത്യ 175 മില്യൺ യുഎസ് ഡോളറിന്റെ 'പ്രത്യേക സാമ്പത്തിക പാക്കേജ്' പ്രഖ്യാപിച്ചു. ഇതിൽ രൂപ അടിസ്ഥാനത്തിലുള്ള (Rupee-denominated) വായ്പയായി 125 മില്യൺ യുഎസ് ഡോളറും, വികസന സഹകരണ പദ്ധതികൾക്കും സിവിലിയൻ-പ്രതിരോധ ഉദ്യോഗസ്ഥരുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും സമുദ്ര സുരക്ഷയ്ക്കുമായി 50 മില്യൺ യുഎസ് ഡോളറിന്റെ ഗ്രാന്റ് സഹായവും ഉൾപ്പെടുന്നു.
ഇന്ത്യയുടെ ദ്രുതഗതിയിലുള്ള ഡിജിറ്റലൈസേഷൻ ആഗോള ദക്ഷിണ മേഖലയ്ക്ക് (Global South) വലിയ ഗുണകരമാണെന്ന് അംഗീകരിച്ച ഇരുനേതാക്കളും ഡിജിറ്റൽ പരിവർത്തന മേഖലയിൽ കൂടുതൽ സഹകരിക്കാൻ തീരുമാനിച്ചു. പൗരന്മാർക്കായി ഭരണനിർവ്വഹണം ഡിജിറ്റൈസ് ചെയ്യേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത്, സീഷെൽസിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഡിജിറ്റൽ പേയ്‌മെന്റുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ പൊതു ഇൻഫ്രാസ്ട്രക്ചർ (DPI) നിർമ്മിക്കുന്നതിൽ സമഗ്രമായ പിന്തുണ നൽകാൻ ഇന്ത്യ സമ്മതിച്ചു.
ആരോഗ്യ മേഖലയിലെയും അവശ്യ സാധനങ്ങളിലെയും സഹകരണം
10 ആംബുലൻസുകൾ (ബേസിക് ലൈഫ് സപ്പോർട്ട്, അഡ്വാൻസ് ലൈഫ് സപ്പോർട്ട് എന്നിവ) നൽകിയതിന് പ്രസിഡന്റ് ഹെർമിനി പ്രധാനമന്ത്രി മോദിയോട് നന്ദി രേഖപ്പെടുത്തി. അത്യാധുനിക ഉപകരണങ്ങൾ ഘടിപ്പിച്ച ഈ ആംബുലൻസുകൾ സീഷെൽസിലെ അടിയന്തര ആരോഗ്യ സേവനങ്ങൾക്ക് വലിയ പിന്തുണയാകും. ഈ നടപടി ഇന്ത്യ–സീഷെൽസ് പങ്കാളിത്തത്തിന്റെ ജനകേന്ദ്രീകൃതമായ സമീപനത്തെ അടിവരയിടുന്നു.
സീഷെൽസ് ഇന്ത്യൻ ഫാർമക്കോപ്പിയ (IP) അംഗീകരിക്കുന്നത് ഗുണനിലവാരമുള്ള അവശ്യ മരുന്നുകളുടെ സംഭരണം ലളിതമാക്കുമെന്നും, ഇന്ത്യയുടെ ജന ഔഷധി പദ്ധതിക്ക് കീഴിലുള്ള സഹകരണത്തിലൂടെ കുറഞ്ഞ ചിലവിൽ മരുന്നുകൾ ലഭ്യമാക്കാൻ സഹായിക്കുമെന്നും ഇരുനേതാക്കളും സമ്മതിച്ചു.
ഇരുനേതാക്കളും താഴെ പറയുന്ന കാര്യങ്ങളിൽ ധാരണയിലെത്തി:
*മാനസികാരോഗ്യ മേഖലയിൽ സ്ഥാപനതല ബന്ധങ്ങളിലൂടെ പരിശീലന പരിപാടികളും സന്ദർശനങ്ങളും നടപ്പിലാക്കുക.
*സീഷെൽസിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ വിദഗ്ധർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ടെക്നീഷ്യൻമാർ എന്നിവരുടെ നിയമനത്തിനും ഡെപ്യൂട്ടേഷനും പിന്തുണ നൽകുക.
*സന്ദർശനങ്ങളുടെ വിനിമയത്തിലൂടെയും സ്ഥാപനതല ബന്ധങ്ങളിലൂടെയും പൊതുജനാരോഗ്യ മേഖലയിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുക.
*സീഷെൽസിൽ ഒരു പുതിയ ആശുപത്രി നിർമ്മിക്കുന്നതിന് സംയുക്തമായി പ്രവർത്തിക്കുക.
ജീവിതച്ചെലവ് വർദ്ധിക്കുന്നത് സീഷെൽസ് സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയൊരു ആശങ്കയാണെന്ന് അംഗീകരിച്ചുകൊണ്ട്, ഇരുനേതാക്കളും താഴെ പറയുന്നവയിൽ സമ്മതിച്ചു:
*മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും വിശ്വാസ്യതയും കുറഞ്ഞ ചിലവിൽ ഇവ ലഭ്യമാക്കാനുള്ള നടപടികളും ഉൾപ്പെടെ, സീഷെൽസിലെ ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ ദീർഘകാലാടിസ്ഥാനത്തിൽ വികസിപ്പിക്കുന്നതിന് സഹകരിക്കുക.
*ഇന്ത്യയിൽ നിന്ന് ഗുണനിലവാരമുള്ളതും ലാഭകരവുമായ ഭക്ഷണസാധനങ്ങളും അവശ്യസാധനങ്ങളും സംഭരിക്കുന്നതിന് ഒരു സ്ഥിര സംവിധാനം (Mechanism) രൂപീകരിക്കാൻ ഒന്നിച്ച് പ്രവർത്തിക്കുക.
*സീഷെൽസിന് 1000 മെട്രിക് ടൺ ധാന്യം വിട്ടുനൽകിയതിന് പ്രസിഡന്റ് ഹെർമിനി പ്രധാനമന്ത്രി മോദിയോട് നന്ദി രേഖപ്പെടുത്തി. ഈ ഭക്ഷ്യസഹായം സീഷെൽസിലെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുകയും ജനങ്ങൾക്ക് ഭക്ഷണത്തിനുള്ള ചിലവ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ശേഷി വർദ്ധിപ്പിക്കൽ, മനുഷ്യവിഭവശേഷി വികസനം, സ്ഥാപനതല ബന്ധങ്ങൾ
സീഷെൽസിന്റെ സ്ഥാപനപരവും ഭരണപരവുമായ കഴിവുകൾ മെച്ചപ്പെടുത്തുന്നതിന് ഇന്ത്യ നൽകിവരുന്ന തുടർച്ചയായ പിന്തുണയ്ക്ക് പ്രസിഡന്റ് ഹെർമിനി ആഴമായ നന്ദി അറിയിച്ചു. ഇന്ത്യൻ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോപ്പറേഷൻ (ITEC) പ്രോഗ്രാം, സിവിൽ സർവീസുകാർക്കും പ്രതിരോധ ഉദ്യോഗസ്ഥർക്കും ആരോഗ്യ പ്രവർത്തകർക്കുമുള്ള പരിശീലന പരിപാടികൾ എന്നിവയുൾപ്പെടെയുള്ള ശേഷി വർദ്ധിപ്പിക്കൽ മേഖലയിലെ ശക്തമായ സഹകരണത്തെ ഇരുപക്ഷവും എടുത്തുപറഞ്ഞു. സീഷെൽസിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പോലീസ് സേവനം, ധനകാര്യം, കൃഷി, കാലാവസ്ഥാ വ്യതിയാനം, സമുദ്ര സംരക്ഷണം തുടങ്ങിയ മേഖലകളിൽ കൂടുതൽ പരിശീലന പരിപാടികളും സ്ഥാപനതല ബന്ധങ്ങളും പര്യവേക്ഷണം ചെയ്യാൻ നേതാക്കൾ സമ്മതിച്ചു.
വിദ്യാഭ്യാസത്തെയും തൊഴിലധിഷ്ഠിത പരിശീലനത്തെയും സംബന്ധിച്ചിടത്തോളം, നൈപുണ്യ വികസന സംരംഭങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള ഇടപെടലുകൾ, ഡിജിറ്റൽ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകൾ എന്നിവ വിപുലീകരിക്കാൻ നേതാക്കൾ നിർദ്ദേശിച്ചു.
ഇരുനേതാക്കളും താഴെ പറയുന്നവയിൽ ധാരണയിലെത്തി:
നാഷണൽ സെന്റർ ഫോർ ഗുഡ് ഗവേണൻസ് (NCGG) വഴി സീഷെൽസിലെ സിവിൽ സർവീസുകാർക്കായി ഇന്ത്യയിൽ പ്രത്യേക പരിശീലന പരിപാടികൾ നടപ്പിലാക്കുക.
സൈബർ സുരക്ഷ, ഫിനാൻഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിൽ ശേഷി വർദ്ധിപ്പിക്കലും സഹകരണവും വിനിമയങ്ങളും ശക്തമാക്കുക.
സാങ്കേതികവിദ്യ, ആരോഗ്യം, വിദ്യാഭ്യാസം, പുനരുപയോഗ ഊർജ്ജം, നിയമം, ഓഡിറ്റിംഗ്, സമുദ്ര സുരക്ഷ, ധനകാര്യം, ഭൂമി-അടിസ്ഥാന സൗകര്യ വികസനം, നികുതി ഭരണനിർവ്വഹണം, വനിതാ ശാക്തീകരണം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിൽ ഇന്ത്യയിൽ നിന്നുള്ള വിദഗ്ധരെ സീഷെൽസിലേക്ക് അയക്കുന്നതിനും പരിശീലനങ്ങൾ നൽകുന്നതിനും സൗകര്യമൊരുക്കുക.
ഗവൺമെൻറ്-ഇതര സ്ഥാപനങ്ങളിലൂടെ സമുദ്ര ശാസ്ത്രം, സംരക്ഷണം എന്നീ മേഖലകളിൽ ഇന്ത്യയും സീഷെൽസും തമ്മിലുള്ള ശേഷി വർദ്ധിപ്പിക്കലും സ്ഥാപനതല ബന്ധങ്ങളും മുന്നോട്ട് കൊണ്ടുപോകുക.
ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (MSMEs) പ്രോത്സാഹനത്തിനായി സഹകരിച്ച് പ്രവർത്തിക്കുക.
സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവീസുമായി സഹകരിച്ച് സീഷെൽസിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പ്രത്യേക പരിശീലന പരിപാടികൾ രൂപകൽപ്പന ചെയ്യുക.
പുനരുപയോഗ ഊർജ്ജം, കാലാവസ്ഥാ സംരക്ഷണം, സുസ്ഥിരത
പുനരുപയോഗ ഊർജ്ജം, കാലാവസ്ഥാ അതിജീവനശേഷി (Climate resilience) എന്നീ മേഖലകളിൽ നൂതനമായ ക്ലീൻ എനർജി പരിഹാരങ്ങളിലൂടെ സഹകരണം ശക്തമാക്കാൻ ഇരുപക്ഷവും തങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു. പുനരുപയോഗ ഊർജ്ജ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇന്ത്യ നൽകുന്ന ഉറച്ച പിന്തുണയെ പ്രസിഡന്റ് ഹെർമിനി അഭിനന്ദിച്ചു. ഇന്റർനാഷണൽ സോളാർ അലയൻസിന്റെ (International Solar Alliance) കീഴിൽ ഭാരത സർക്കാരിന്റെ പിന്തുണയോടെ നടപ്പിലാക്കിയ സോളാർ പവർ പ്രോജക്റ്റുകൾ സീഷെൽസിലെ കാർഷിക-ആരോഗ്യ മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നതായി അദ്ദേഹം കുറിച്ചു.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും അതിന്റെ ആഘാതങ്ങൾ ലഘൂകരിക്കാനുമുള്ള തയ്യാറെടുപ്പുകൾക്കായി, സീഷെൽസിൽ മൾട്ടി-ഹസാർഡ് ഏർലി വാണിംഗ് സിസ്റ്റംസ് (Multi-Hazard Early Warning Systems) നടപ്പിലാക്കുന്നതിന് പിന്തുണ നൽകാൻ ഇരുനേതാക്കളും തീരുമാനിച്ചു.
സീഷെൽസിന്റെ പവർ ഗ്രിഡ് കൈകാര്യം ചെയ്യുന്നതിനും ഗ്രീൻ പബ്ലിക് ട്രാൻസ്‌പോർട്ട് സിസ്റ്റത്തിലേക്കുള്ള മാറ്റത്തിനും സാങ്കേതിക സഹായം നൽകാൻ ഇന്ത്യ സമ്മതിച്ചു. ഊർജ്ജ സംരക്ഷണം, സുസ്ഥിരത, പുനരുപയോഗ ഊർജ്ജം, ഗ്രീൻ മൊബിലിറ്റി എന്നീ മേഖലകളിൽ സീഷെൽസിന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പുതിയ സഹകരണ സാധ്യതകളും പദ്ധതികളും പര്യവേക്ഷണം ചെയ്യാൻ ഇരുപക്ഷവും ധാരണയിലെത്തി.
സീഷെൽസ് പോലുള്ള ചെറിയ ദ്വീപ് രാഷ്ട്രങ്ങൾ (SIDS,Small Island Developing States) നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സാമ്പത്തിക സഹായം ലഭ്യമാക്കുക എന്നതാണെന്ന് ഇരുനേതാക്കളും അംഗീകരിച്ചു. മൾട്ടിഡൈമൻഷണൽ വൾനറബിലിറ്റി ഇൻഡക്സ് (MVI) പോലുള്ള സംവിധാനങ്ങൾ അന്താരാഷ്ട്ര വേദികളിൽ പരിഗണിക്കപ്പെടുന്നതിനായി ഇന്ത്യയുടെ ശക്തമായ ശബ്ദം തുടർന്നും പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ഹെർമിനി പറഞ്ഞു. തുല്യത, 'പൊതുവായതും എന്നാൽ വ്യത്യസ്തവുമായ ഉത്തരവാദിത്തങ്ങൾ' (CBDR-RC) എന്നിവ കണക്കിലെടുത്തുകൊണ്ട് വികസന ബാങ്കുകളുമായും യുഎൻ പങ്കാളികളുമായും ഉള്ള ഇടപെടലുകളിൽ ഇന്ത്യയുടെ പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു.
ദുരന്ത നിവാരണ ഇൻഫ്രാസ്ട്രക്ചറിനായുള്ള കൂട്ടായ്മയിൽ (CDRI - Coalition for Disaster Resilient Infrastructure) സീഷെൽസ് ചേരുന്നതിനും ഇരുനേതാക്കളും സമ്മതിച്ചു.
വ്യാപാരം, നിക്ഷേപം, കണക്റ്റിവിറ്റി, ടൂറിസം
സീഷെൽസിനെ ഒരു പ്രധാന നിക്ഷേപ കേന്ദ്രമായി കാണാൻ ഇന്ത്യൻ കമ്പനികളും ബിസിനസ്സ് സ്ഥാപനങ്ങളും തയ്യാറാകണമെന്ന് പ്രസിഡന്റ് ഹെർമിനി ഊന്നിപ്പറഞ്ഞു. കുറഞ്ഞ ചെലവിലുള്ള പാർപ്പിട പദ്ധതികൾ, ഡിജിറ്റൽ സാങ്കേതികവിദ്യയും AI-യും, ധനകാര്യ സേവനങ്ങൾ, ബ്ലൂ ഇക്കണോമി (Blue Economy,സമുദ്ര സമ്പദ്‌വ്യവസ്ഥ), ടൂറിസം, മത്സ്യബന്ധനം എന്നീ മേഖലകളിൽ സീഷെൽസ് വാഗ്ദാനം ചെയ്യുന്ന വ്യാപാര-ബിസിനസ് സാധ്യതകൾ പ്രയോജനപ്പെടുത്താൻ അദ്ദേഹം അഭ്യർത്ഥിച്ചു.
നേരിട്ടുള്ള വിമാന സർവീസുകൾ ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിച്ചതായി ഇരുനേതാക്കളും അംഗീകരിച്ചു. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളുടെ ഈ വർദ്ധനവ് സീഷെൽസിലെ ടൂറിസം മേഖലയുടെ പ്രതിരോധശേഷി വർദ്ധിപ്പിച്ചതായി അവർ അടിവരയിട്ടു പറഞ്ഞു. കൂടാതെ, ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ആരായുന്നതിനും ഇരുപക്ഷവും സമ്മതിച്ചു.
ഇന്ത്യയുടെയും സീഷെൽസിന്റെയും സാമ്പത്തിക വളർച്ചയും സമൃദ്ധിയും എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഉഭയകക്ഷി വ്യാപാരത്തിന്റെ പൂർണ്ണമായ സാധ്യതകൾ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത നേതാക്കൾ ഊന്നിപ്പറഞ്ഞു.
ഹൈഡ്രോഗ്രഫി മേഖലയിലെ(ജലസർവ്വേ മേഖല) സഹകരണം
കൂടുതൽ സംയുക്ത ഹൈഡ്രോഗ്രാഫിക് സർവ്വേകൾ നടത്തി സീഷെൽസിന്റെ 'ബ്ലൂ ഇക്കണോമി' (Blue Economy) വളർച്ച വേഗത്തിലാക്കുന്നതിന് ഈ മേഖലയിലെ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കാൻ ഇരുനേതാക്കളും സമ്മതിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ സഹായത്തോടെ സീഷെൽസ് ഒരു സീഷെൽസ് ഹൈഡ്രോഗ്രാഫിക് യൂണിറ്റ് (SHU) സ്ഥാപിക്കും. ഈ മേഖലയിലെ സഹകരണത്തിന് കൃത്യമായ ദിശാബോധവും വേഗതയും നൽകുന്നതിനായി, ഹൈഡ്രോഗ്രഫിയെക്കുറിച്ചുള്ള മൂന്നാമത് ജോയിന്റ് കമ്മിറ്റി മീറ്റിംഗ് (JCM) 2026-ന്റെ തുടക്കത്തിൽ സീഷെൽസിൽ വെച്ച് നടത്താനും തീരുമാനിച്ചു.
പ്രതിരോധ സഹകരണവും സമുദ്ര സുരക്ഷയും
സമുദ്ര സുരക്ഷയും പ്രതിരോധവുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പങ്കാളിത്തത്തിന്റെ പ്രധാനവും കാലം തെളിയിച്ചതുമായ സ്തംഭങ്ങളെന്ന് പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ഹെർമിനിയും അടിവരയിട്ടു പറഞ്ഞു. ഇന്ത്യയുടെ മഹാസാഗർ (MAHASAGAR) എന്ന കാഴ്ചപ്പാടിൽ സീഷെൽസ് ഒരു പ്രധാന സമുദ്ര പങ്കാളിയാണെന്ന് പ്രധാനമന്ത്രി മോദി കുറിച്ചു. സീഷെൽസിന്റെ സമുദ്ര സുരക്ഷാ-പ്രതിരോധ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഇന്ത്യയുടെ തുടർച്ചയായ പിന്തുണയും സഹായവും അദ്ദേഹം വീണ്ടും ഉറപ്പുനൽകി.
സമുദ്ര സുരക്ഷാ-പ്രതിരോധ മേഖലയിലെ ശക്തമായ ഇന്ത്യ-സീഷെൽസ് പങ്കാളിത്തം പ്രാദേശിക സുസ്ഥിരതയെയും സുരക്ഷയെയും ശക്തിപ്പെടുത്തുമെന്നും ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിനും സമൃദ്ധിക്കും വഴിയൊരുക്കുമെന്നും നേതാക്കൾ അംഗീകരിച്ചു.
അന്താരാഷ്ട്ര നിയമങ്ങളോടുള്ള ബഹുമാനം, സഞ്ചാര സ്വാതന്ത്ര്യം, നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള സമുദ്ര വ്യവസ്ഥ എന്നിവയിൽ ഊന്നിയുള്ള സ്വതന്ത്രവും തുറന്നതും സുരക്ഷിതവുമായ ഒരു ഇന്ത്യൻ മഹാ സമുദ്ര മേഖല (Indian Ocean Region) ഉറപ്പാക്കാൻ ഇന്ത്യയും സീഷെൽസും പ്രതിജ്ഞാബദ്ധമാണെന്ന് നേതാക്കൾ ആവർത്തിച്ചു. കടൽക്കൊള്ള, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, നിയമവിരുദ്ധവും നിയന്ത്രണമില്ലാത്തതുമായ മത്സ്യബന്ധനം, മറ്റ് അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ ഒന്നിച്ച് പ്രവർത്തിക്കുമെന്ന് അവർ വീണ്ടും പ്രഖ്യാപിച്ചു. വിവരങ്ങൾ പങ്കുവെക്കുന്നതിലൂടെയും (Information sharing) ശേഷി വർദ്ധിപ്പിക്കുന്നതിലൂടെയും ഇന്ത്യൻ സമുദ്ര മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ അവർ തീരുമാനിച്ചു.
സീഷെൽസ് പ്രതിരോധ സേനയ്ക്ക് (SDF) സംയുക്ത സമുദ്ര നിരീക്ഷണം, ഹൈഡ്രോഗ്രഫി സർവ്വേകൾ, ഉഭയകക്ഷി അഭ്യാസങ്ങൾ, ശേഷി വർദ്ധിപ്പിക്കൽ എന്നിവയ്ക്കായി ഇന്ത്യ നൽകുന്ന പിന്തുണയ്ക്ക് പ്രസിഡന്റ് ഹെർമിനി നന്ദി അറിയിച്ചു. പ്രത്യേക പരിശീലന പരിപാടികളിലൂടെയും നാവിക-വ്യോമ ആസ്തികളുടെയും (Air assets) ഗതാഗത വാഹനങ്ങളുടെയും കൈമാറ്റത്തിലൂടെയും ഈ മേഖലയിലെ സഹകരണം ശക്തമാക്കാൻ ഇരുനേതാക്കളും സമ്മതിച്ചു.
കൂടുതൽ കാര്യക്ഷമതയും ഏകോപനവും ഉറപ്പാക്കുന്നതിനായി ഈ സഹകരണത്തെ ഉന്നതതലത്തിലുള്ള ഔദ്യോഗിക പദവിയിലേക്ക് (Institutional engagement) ഉയർത്തുന്നതിനുള്ള നടപടികൾ ആരംഭിക്കാനും ധാരണയായി.
സീഷെൽസിന്റെ ദേശീയ ദിനാഘോഷങ്ങളിൽ ഇന്ത്യൻ സായുധ സേനയുടെ പങ്കാളിത്തത്തെ പ്രസിഡന്റ് ഹെർമിനി അഭിനന്ദിച്ചു. വരാനിരിക്കുന്ന 50-ാം ദേശീയ ദിനാഘോഷങ്ങളിലും ഈ പാരമ്പര്യം തുടരാൻ ഇരുപക്ഷവും തീരുമാനിച്ചു.
പിഎസ് സോറോസ്റ്റർ (PS Zoroaster) എന്ന കപ്പലിന്റെ അറ്റകുറ്റപ്പണികൾക്കായി ഗ്രാന്റ് സഹായത്തിലൂടെ ഇന്ത്യ നൽകുന്ന പിന്തുണയ്ക്ക് പ്രസിഡന്റ് ഹെർമിനി നന്ദി രേഖപ്പെടുത്തി. കൂടാതെ, സീഷെൽസിന് അടുത്തിടെ നൽകിയ 10 യൂട്ടിലിറ്റി വാഹനങ്ങളും 5 ലേസർ റേഡിയൽ ബോട്ടുകളും സീഷെൽസ് പ്രതിരോധ സേനയുടെ പ്രവർത്തനങ്ങൾക്ക് വലിയ സഹായമാകുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രാദേശികവും ബഹുമുഖവുമായ സഹകരണം
സമുദ്ര സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഇന്ത്യൻ സമുദ്ര മേഖലയിലെ (Indian Ocean Region) പൊതുവായ വെല്ലുവിളികളെ നേരിടുന്നതിനും പ്രാദേശിക സംവിധാനങ്ങൾക്കുള്ള പങ്ക് അംഗീകരിച്ചുകൊണ്ട്, പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളിൽ അഭിപ്രായങ്ങൾ കൈമാറുന്നതിനും ഒന്നിച്ച് പ്രവർത്തിക്കുന്നതിനും ഇരുനേതാക്കളും സമ്മതിച്ചു.
കൊളംബോ സെക്യൂരിറ്റി കോൺക്ലേവിൽ (CSC - Colombo Security Conclave) പൂർണ്ണ അംഗമാകാനുള്ള സീഷെൽസിന്റെ തീരുമാനത്തെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു. വിവിധ പ്രാദേശിക-അന്തർദ്ദേശീയ സമിതികളിലെ ഇന്ത്യയുടെ സ്ഥാനാർത്ഥിത്വങ്ങൾക്ക് സീഷെൽസ് നൽകി വരുന്ന പിന്തുണയ്ക്ക് അദ്ദേഹം പ്രസിഡന്റ് ഹെർമിനിയോട് നന്ദി രേഖപ്പെടുത്തി. ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിൽ (UN Security Council) ഇന്ത്യയ്ക്ക് സ്ഥിരം അംഗത്വം നൽകുന്നതിനായുള്ള സീഷെൽസിന്റെ പിന്തുണ പ്രസിഡന്റ് ഹെർമിനി വീണ്ടും ഉറപ്പിച്ചു.
ജനങ്ങളും സാംസ്കാരിക ബന്ധങ്ങളും
ഇന്ത്യയും സീഷെൽസും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധങ്ങൾ അംഗീകരിച്ചുകൊണ്ട്, സീഷെൽസിന്റെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക മേഖലകളിൽ ഇന്ത്യൻ വംശജരായ സീഷെല്ലോയികൾ (Seychellois of Indian heritage) നൽകുന്ന സംഭാവനകളെ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ഹെർമിനിയും എടുത്തുപറഞ്ഞു. കൂടാതെ, സീഷെൽസിന്റെ സമ്പദ്‌വ്യവസ്ഥയിലും അടിസ്ഥാന സൗകര്യ വികസനത്തിലും ഇന്ത്യൻ പ്രൊഫഷണലുകൾ നൽകുന്ന പങ്ക് ഇരുനേതാക്കളും അംഗീകരിച്ചു. സംസ്കാരം, ടൂറിസം, വിദ്യാഭ്യാസം, യുവജനക്ഷേമം എന്നീ മേഖലകളിൽ ഔദ്യോഗികമായ സഹകരണം ഉറപ്പാക്കാൻ ഇരുനേതാക്കളും തീരുമാനിച്ചു.
ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്ന സമഗ്രമായ ചർച്ചകളിൽ ഇരുനേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. ഇന്ത്യൻ സമുദ്ര മേഖലയിലെ സുസ്ഥിരതയ്ക്കും വികസനത്തിനും ഇന്ത്യ-സീഷെൽസ് പങ്കാളിത്തം ഒരു പ്രധാന ഘടകമാണെന്ന പങ്കിട്ട ധാരണയോടെ അവർ കൂടിക്കാഴ്ച അവസാനിപ്പിച്ചു. ഇന്ന് എടുത്ത തീരുമാനങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കുമെന്നും ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് ഗുണകരമാകുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.
തന്റെ ഔദ്യോഗിക സന്ദർശന വേളയിൽ നൽകിയ ഊഷ്മളമായ സ്വീകരണത്തിന് പ്രസിഡന്റ് ഹെർമിനി പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ചു. സൗകര്യപ്രദമായ സമയത്ത് സീഷെൽസ് സന്ദർശിക്കാൻ അദ്ദേഹം പ്രധാനമന്ത്രി മോദിയെ ക്ഷണിക്കുകയും ചെയ്തു.







