ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും 2023 സെപ്റ്റംബര്‍ 10ന് ‌ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ജി20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയതാണ് മാക്രോണ്‍. 2023 ജൂലൈയിൽ പാരീസില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പുരോഗതി ഇരു നേതാക്കളും ചർച്ച ചെയ്യുകയും വിലയിരുത്തുകയും ചെയ്തു.  അന്താരാഷ്ട്ര-പ്രാദേശിക തലത്തിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും നേതാക്കൾ കൈമാറി.

ഇന്ത്യ-ഫ്രാന്‍സ് തന്ത്രപര പങ്കാളിത്തത്തിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2023 ജൂലൈ 14ന് ഫ്രഞ്ച് ദേശീയ ദിനാചരണത്തിന്റെ ഭാഗമായി 2023 ജൂലൈ 13നും 14നും പ്രധാനമന്ത്രി ശ്രീ മോദിയുടെ പാരീസിലെ ചരിത്രപരമായ സന്ദര്‍ശനത്തിന് ശേഷമാണ് പ്രസിഡന്റ് മാക്രോണിന്റെ ഇന്ത്യാ സന്ദര്‍ശനം.

ആഴത്തിലുള്ള വിശ്വാസം, ഇരു രാജ്യങ്ങളും സമാനമായി പങ്കിടുന്ന മൂല്യങ്ങള്‍, പരമാധികാരത്തിലും തന്ത്രപരമായ സ്വയംഭരണത്തിലുമുള്ള വിശ്വാസം, യുഎന്‍ ചാര്‍ട്ടറില്‍ പ്രതിപാദിച്ചിരിക്കുന്ന അന്താരാഷ്ട്ര നിയമങ്ങളോടും തത്വങ്ങളോടും ഉള്ള പ്രതിബദ്ധത, ബഹുസ്വരതയിലുള്ള ഉറച്ച വിശ്വാസം, സുസ്ഥിരമായ ബഹുധ്രുവ ലോകത്തിനായുള്ള പരസ്പര പരിശ്രമം എന്നിവയില്‍ അധിഷ്ഠിതമായ ഇന്ത്യ - ഫ്രാന്‍സ് പങ്കാളിത്തത്തിന്റെ കരുത്ത് അംഗീകരിച്ച ഇരുനേതാക്കളും, പ്രാദേശികവും ആഗോളവുമായ വെല്ലുവിളികള്‍ നേരിടുന്നതിന് സഹകരണം വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത​യ്ക്ക് ഊന്നൽ നൽകി. ആഗോള ക്രമത്തെ പുനര്‍നിര്‍മ്മിക്കുന്ന ഈ പ്രക്ഷുബ്ധ സമയങ്ങളില്‍ ‘വസുധൈവ കുടുംബകം’ അതായത് ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന സന്ദേശം വഹിച്ചുകൊണ്ട്, നന്മയുടെ ശക്തിയായി കൂട്ടായി പ്രവര്‍ത്തിക്കാനുള്ള തങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത ഇരു രാഷ്ട്രത്തലവന്‍മാരും ആവര്‍ത്തിച്ചു.

‘ഹൊറൈസണ്‍ 2047’ മാർഗരേഖ, ഇന്‍ഡോ-പസഫിക് മാർഗരേഖ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളയിലെ മറ്റ് കാര്യങ്ങളുടെ പുരോഗതി എന്നിവ സമീപകാല​ത്തെ പരാമർശ വസ്തുതകളായി നിലകൊള്ളുന്നതിനാൽ ഒരുമിച്ചുള്ള ലക്ഷ്യങ്ങള്‍ സാധ്യമാക്കുന്നതിനുള്ള തുടര്‍നടപടികളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. പ്രതിരോധം, ബഹിരാകാശം, ആണവോര്‍ജം, ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യം, നിര്‍ണായക സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം, വിദ്യാഭ്യാസം, ഇരു രാജ്യത്തേയും ജനങ്ങളുമായുള്ള പരസ്പര സമ്പര്‍ക്കം എന്നീ മേഖലകളിലെ സഹകരണത്തെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. അടിസ്ഥാനസൗകര്യ വികസനം, കണക്റ്റിവിറ്റി, ഊര്‍ജം, ജൈവവൈവിധ്യം, സുസ്ഥിരവികസനം, വ്യവസായ പദ്ധതികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇന്‍ഡോ പസഫിക് മേഖലയിലും ആഫ്രിക്കയിലും വേണ്ട സഹകരണത്തെക്കുറിച്ചും ഇരുവരും ആശയങ്ങള്‍ കൈമാറി. ഇന്ത്യയും ഫ്രാന്‍സും ചേര്‍ന്ന് ആരംഭിച്ച അന്താരാഷ്ട്ര സൗരസഖ്യം, ദുരന്തനിവാരണ അടിസ്ഥാനസൗകര്യ സഖ്യം എന്നിവയുടെ ചട്ടക്കൂടിലെ സഹകരണത്തിലൂടെ ഇന്തോ-പസഫിക്കിന് പരിഹാരങ്ങള്‍ നല്‍കുന്നവരുടെ പങ്ക് ഇരുനേതാക്കളും വ്യക്തമാക്കി.

ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയത്തിന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ അഭിനന്ദിച്ചു. ആറ് ദശാബ്ദമായി ബഹിരാകാശ മേഖലയില്‍ നിലനില്‍ക്കുന്ന ഇന്ത്യ- ഫ്രാന്‍സ് സഹകരണത്തെ ഇരുവരും അനുസ്മരിച്ചു. 2023 ജൂണില്‍ ആദ്യത്തെ തന്ത്രപ്രധാന ബഹിരാകാശ സംഭാഷണം നടത്തിയതിന് ശേഷമുള്ള പുരോഗതി ഇരുവരും അവലോകനം ചെയ്തു. ശക്തമായ ഇന്ത്യ-ഫ്രാന്‍സ് സിവില്‍ ആണവബന്ധം, ജയ്താപുര്‍ ആണവനിലയ പദ്ധതിക്ക് വേണ്ടിയുള്ള ചര്‍ച്ചയിലെ മികച്ച പുരോഗതി എന്നിവ നേതാക്കൾ അംഗീകരിച്ചു. എസ്എംആര്‍-എഎംആര്‍ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനായി ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും തുടര്‍ച്ചയായ ഇടപെടലിനെ നേതാക്കള്‍ സ്വാഗതം ചെയ്തു. ആണവ വിതരണ സംഘത്തിൽ ഇന്ത്യയുടെ അംഗത്വത്തിനായി ഉറച്ചതും അചഞ്ചലവുമായ പിന്തുണ ഫ്രാന്‍സ് ആവര്‍ത്തിച്ചു.

നൂതന പ്രതിരോധ സാങ്കേതികവിദ്യകളുടെയും സംവിധാനങ്ങളുടെയും രൂപകൽപ്പന, വികസനം, പരീക്ഷണം, നിര്‍മ്മാണം എന്നിവയിലെ പങ്കാളിത്തത്തിലൂടെ പ്രതിരോധ സഹകരണം ശക്തിപ്പെടുത്താനും ഇന്‍ഡോ-പസഫിക്കിലെ മൂന്നാം രാജ്യങ്ങൾക്കായുള്‍പ്പെടെ ഇന്ത്യയില്‍ ഉല്‍പ്പാദനം വിപുലീകരിക്കാനുമുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു. ഈ സാഹചര്യത്തില്‍, പ്രതിരോധ വ്യാവസായിക മാർഗരേഖയ്ക്ക് എത്രയും വേഗം അന്തിമരൂപം നല്‍കണമെന്നും ഇരുനേതാക്കളും ആവശ്യപ്പെട്ടു.

ഡിജിറ്റല്‍, ശാസ്ത്രം, സാങ്കേതിക നവീകരണം, വിദ്യാഭ്യാസം, സംസ്‌കാരം, ആരോഗ്യം, പരിസ്ഥിതി സഹകരണം തുടങ്ങിയ മേഖലകളില്‍ ഊന്നല്‍ നല്‍കി, ഇന്തോ-പസഫിക്കിനായുള്ള ഇന്തോ-ഫ്രഞ്ച് ക്യാമ്പസിന്റെ മാതൃകയില്‍, ഈ മേഖലകളിലെ സ്ഥാപനപരമായ ബന്ധം ശക്തിപ്പെടുത്തണമെന്ന് ഇരു നേതാക്കളും ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍, സാംസ്‌കാരിക വിനിമയം വിപുലീകരിക്കാനും മ്യൂസിയങ്ങളുടെ വികസനത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനുമുള്ള പ്രതിബദ്ധതയും നേതാക്കൾ ആവര്‍ത്തിച്ചു.

ആഗോള വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനും കൂടുതല്‍ സുസ്ഥിരമായ ആഗോള ക്രമം കെട്ടിപ്പടുക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളില്‍ സമഗ്രതയും ഐക്യവും യോജിപ്പും വികസിപ്പിച്ച ഇന്ത്യയുടെ ജി20 അധ്യക്ഷതയ്ക്ക് ഫ്രാന്‍സ് നിരന്തരം നല്‍കുന്ന പിന്തുണയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന് നന്ദി പറഞ്ഞു. ഇന്ത്യയും ഫ്രാന്‍സും ആഫ്രിക്കന്‍ യൂണിയന്റെ ജി-20 അംഗത്വത്തെ സ്വാഗതം ചെയ്യുകയും ആഫ്രിക്കയുടെ പുരോഗതിക്കും അഭിവൃദ്ധിയ്ക്കും വികസനത്തിനുമായി ആഫ്രിക്കന്‍ യൂണിയനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിലേക്ക് ഉറ്റുനോക്കുകയും ചെയ്തു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Somnath Swabhiman Parv: “Feeling blessed to be in Somnath, a proud symbol of our civilisational courage,” says PM Modi

Media Coverage

Somnath Swabhiman Parv: “Feeling blessed to be in Somnath, a proud symbol of our civilisational courage,” says PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജനുവരി 11
January 11, 2026

Dharma-Driven Development: Celebrating PM Modi's Legacy in Tradition and Transformation