എഫ്.എ.ഒ. ഡയറക്ടർ ജനറൽ,

ബഹുമാനപ്പെട്ട വിശിഷ്ടാതിഥികളേ,

മാന്യരേ, മഹതികളേ, 

നമസ്കാരം!

ഊഷ്മള സ്വീകരണത്തിനും എനിക്ക് അഗ്രിക്കോള മെഡൽ സമ്മാനിച്ചതിനും ഭക്ഷ്യ-കാർഷിക സംഘടനയുടെ (FAO) ഡയറക്ടർ ജനറലിന് ഞാൻ എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു. ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ ഹൃദ്യമായ വാക്കുകൾക്കും എഫ്.എ.ഒ.യ്ക്ക് അദ്ദേഹം വർഷങ്ങളായി നൽകിയ സംഭാവനകൾക്കും ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു.

ഇത് എനിക്ക് മാത്രമുള്ള ഒരു ബഹുമതിയല്ല. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് കർഷകർക്കും കന്നുകാലി വളർത്തുന്നവർക്കും മത്സ്യത്തൊഴിലാളികൾക്കും കാർഷിക ശാസ്ത്രജ്ഞർക്കും തൊഴിലാളികൾക്കുമുള്ള ഒരു ബഹുമതിയാണ്. മാനവ ക്ഷേമം, ഭക്ഷ്യസുരക്ഷ, സുസ്ഥിര വികസനം എന്നിവയോടുള്ള ഇന്ത്യയുടെ അചഞ്ചല പ്രതിബദ്ധതയ്ക്കുള്ള ഒരു അംഗീകാരം കൂടിയാണിത്. അങ്ങേയറ്റത്തെ വിനയത്തോടെ ഈ മെഡൽ സ്വീകരിച്ചുകൊണ്ട് ഞാനിത് ഇന്ത്യയിലെ അന്നദാതാക്കൾക്കായി സമർപ്പിക്കുന്നു.

 

സുഹൃത്തുക്കളേ,

ഇന്ത്യൻ സംസ്കാരത്തിൽ കൃഷി എന്നത് കേവലം വിളകൾക്കായുള്ള ഒരു മാർഗ്ഗം മാത്രമല്ല. അത് മനുഷ്യരും ഭൂമിമാതാവും തമ്മിലുള്ള ആഴമേറിയതും പവിത്രവുമായ ഒരു ബന്ധമായാണ് കണക്കാക്കപ്പെടുന്നത്.

ഇന്ത്യയിൽ കൃഷി എന്നത് ജീവിതത്തിന്റെ തന്നെ അടിസ്ഥാനമാണ്. അത് നമ്മുടെ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകവും നമ്മുടെ മൂല്യങ്ങളുടെ പ്രതിഫലനവുമാണ്. നമ്മുടെ പാരമ്പര്യത്തിൽ ഭൂമിയെ "അമ്മ"യായി വന്ദിക്കുന്നു, കൂടാതെ കർഷകനെ "മണ്ണിന്റെ മകൻ" എന്നാണ് വിശേഷിപ്പിക്കുന്നത്. ആയിരക്കണക്കിന് വർഷത്തെ പൈതൃകത്തിൽ വേരൂന്നിയ ഈ കാലാതീതമായ മൂല്യങ്ങൾ ഇന്നും നമ്മുടെ പ്രവൃത്തികൾക്ക് പ്രചോദനം നൽകുന്നു.

സുഹൃത്തുക്കളേ,

ആയിരക്കണക്കിന് വർഷത്തെ അറിവുകളുടെയും ഇന്ത്യയുടെ സമ്പന്നമായ കാർഷിക പാരമ്പര്യങ്ങളുടെയും അടിത്തറയിൽ നിന്നുകൊണ്ട്, നമ്മുടെ രാജ്യം ഇന്ന് ശാസ്ത്രം, സാങ്കേതികവിദ്യ, നവീനാശയങ്ങൾ എന്നിവയിലൂന്നിയ സമീപനത്തിലൂടെ കാർഷിക മേഖലയെ മുന്നോട്ട് നയിക്കുകയാണ്.

ഉത്പാദനം വർധിപ്പിക്കുന്നതിന് വേണ്ടി മാത്രമല്ല, മറിച്ച് സുസ്ഥിരവും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതും ഭാവിക്ക് അനുയോജ്യവുമായ ഒരു കാർഷിക ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് നാം പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യയിലുടനീളം ശാസ്ത്രീയ കൃഷിരീതികൾ ഒരു ദൗത്യ മാതൃകയിൽ പ്രോത്സാഹിപ്പിക്കുന്നത്.

 

സോയിൽ ഹെൽത്ത് കാർഡുകളിലൂടെ കർഷകർക്ക് ശാസ്ത്രീയമായ മണ്ണ് പരിശോധനയും പോഷകാധിഷ്ഠിത മാർഗ്ഗനിർദ്ദേശങ്ങളും ഞങ്ങൾ നൽകുന്നു.

"പെർ ഡ്രോപ്പ് മോർ ക്രോപ്പ്" തുടങ്ങിയ ക്യാമ്പയ്‌നുകൾ തുള്ളിനനയും കൃത്യതാ കൃഷിയും പ്രോത്സാഹിപ്പിക്കുന്നു, ഇത് കുറഞ്ഞ ജല ഉപയോഗത്തിലൂടെ കൂടുതൽ വിളവ് നേടാൻ കർഷകരെ പ്രാപ്തരാക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ന് സാങ്കേതികവിദ്യ ഇന്ത്യൻ കാർഷിക രം​ഗത്തിന്റെ ഒരു പുതിയ കരുത്തായി ഉയർന്നുവരികയാണ്. അഗ്രിസ്റ്റാക്ക് പോലുള്ള ഡിജിറ്റൽ പൊതു ഇൻഫ്രാസ്ട്രക്ചർ സംരംഭങ്ങൾ, എ.ഐ അധിഷ്ഠിത ഉപദേശക സംവിധാനങ്ങൾ, ഡ്രോണുകൾ, റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യകൾ, സെൻസർ അധിഷ്ഠിത യന്ത്രസാമഗ്രികൾ എന്നിവ ഇന്ത്യയിലെ കൃഷിയെ കൂടുതൽ സ്മാർട്ടായും വിവരശേഖരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമാക്കി മാറ്റുന്നു. ഇന്ന് ഒരു ഗ്രാമത്തിലെ ചെറുകിട കർഷകന് പോലും മൊബൈൽ സാങ്കേതികവിദ്യയിലൂടെ കാലാവസ്ഥാ വിവരങ്ങളും കൃഷി സംബന്ധമായ നിർദ്ദേശങ്ങളും വിപണിവിവരങ്ങളും ലഭ്യമാകുന്നു.

കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള കൃഷിരീതികളിലേക്ക് ഇന്ത്യ അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള 3,000ത്തോളം വിളയിനങ്ങൾ രാജ്യത്ത് വികസിപ്പിച്ചു. 3000 എണ്ണം. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കർഷകർ ഈ നവീന കണ്ടെത്തലുകളുടെ പ്രയോജനം നേടുന്നു.

സുഹൃത്തുക്കളേ,

കൃഷിയുടെ ഭാവി എന്നത് കേവലം "കൂടുതൽ ഉത്പാദിപ്പിക്കുക" എന്നതിലല്ല, മറിച്ച് "കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഉത്പാദിപ്പിക്കുക" എന്നതിലാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ ദർശനത്താൽ നയിക്കപ്പെട്ടുകൊണ്ട് ജൈവവൈവിധ്യം വർധിപ്പിക്കുന്നതിനും രാസവളങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമാണ് പ്രാധാന്യം നൽകുന്നത്. വൻതോതിലുള്ള ഉത്പാദനക്ഷമതയും സുസ്ഥിരതയും ഒരേസമയം ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്നും സാങ്കേതികവിദ്യയും എല്ലാവരെയും ഉൾച്ചേർക്കലും പരസ്പരം ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും ശാസ്ത്രാധിഷ്ഠിത കൃഷി ആഗോള ഭക്ഷ്യസുരക്ഷയുടെ ശക്തമായ അടിത്തറയായി മാറുമെന്നും ഇന്ത്യയുടെ അനുഭവങ്ങൾ ലോകത്തിന് കാണിച്ചുതരുന്നു.

 

സുഹൃത്തുക്കളേ,

ഇന്ന് ഇന്ത്യയുടെ കാർഷിക മേഖല അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഭക്ഷ്യോത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതോടൊപ്പം തന്നെ ആഗോള ഭക്ഷ്യസുരക്ഷയിലും ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ പാലും സുഗന്ധവ്യഞ്ജനങ്ങളും ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. നെല്ല്, ഗോതമ്പ്, പഴങ്ങൾ, പച്ചക്കറികൾ, പരുത്തി എന്നിവയുടെ മുൻനിര ഉത്പാദകരിൽ നമ്മുടെ രാജ്യവുമുണ്ട്. ഇന്ത്യയുടെ കാർഷിക കയറ്റുമതി ശക്തമായി വളരുകയും 2020-ലെ 35 ബില്യൺ ഡോളറിൽ നിന്ന് കഴിഞ്ഞ വർഷം 51 ബില്യൺ ഡോളറിലധികമായി ഉയരുകയും ചെയ്തിട്ടുണ്ട്.

സുഹൃത്തുക്കളേ,

ലോകത്തിലെ കാർഷിക ഭൂമിയുടെ 2.5% മാത്രമേ ഇന്ത്യയ്ക്കുള്ളൂവെന്നതിനാലും ലോകജനസംഖ്യയുടെ ഏകദേശം 18% ഇവിടെയാണ് താമസിക്കുന്നതെന്നതിനാലുമാണ് ഈ നേട്ടങ്ങൾ ശ്രദ്ധേയമാകുന്നത്. ഇന്ത്യയുടെ ഈ വിജയം സമഗ്ര ഗ്ലോബൽ സൗത്തിന് മുഴുവൻ ഒരു പ്രചോദനമായി മാറിയിരിക്കുന്നു, കൂടാതെ മുന്നോട്ട് കുതിക്കാനുള്ള ആത്മവിശ്വാസം ഇത് പല രാജ്യങ്ങൾക്കും നൽകുന്നുമുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭക്ഷ്യസുരക്ഷയെന്നത് കേവലം ഒരു നയപരമായ വിഷയം മാത്രമല്ല,  ഒപ്പം മാനവരാശിയോടുള്ള ഒരു ഉത്തരവാദിത്തം കൂടിയാണ് അത്.

 

സുഹൃത്തുക്കളേ,

എഫ്.എ.ഒ.-യുമായുള്ള ഇന്ത്യയുടെ പങ്കാളിത്തത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എം.എസ്.സ്വാമിനാഥൻ, ബിനയ് രഞ്ജൻ സെൻ തുടങ്ങിയ പ്രശസ്തരായ ശാസ്ത്രജ്ഞർ ഭക്ഷ്യ-കാർഷിക സംഘടനയുമായുള്ള തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ആഗോള ഭക്ഷ്യസുരക്ഷയ്ക്ക് വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ശാസ്ത്രവും നയങ്ങളും മാനുഷിക മൂല്യങ്ങളും ഒന്നിച്ചുചേരുമ്പോഴാണ് യഥാർത്ഥ മാറ്റം ഉണ്ടാകുന്നതെന്ന് ഇന്ത്യ എപ്പോഴും വിശ്വസിക്കുന്നു. ഒരു സ്ഥാപക അംഗം എന്ന നിലയിൽ ആഗോള ഭക്ഷ്യസുരക്ഷ, സുസ്ഥിര കൃഷി, വിശപ്പുരഹിത ലോകം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ എഫ്.എ.ഒ.-യുമായി ചേർന്ന് സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. നമ്മുടെ പങ്കാളിത്തത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്ന് അന്താരാഷ്ട്ര ചെറുധാന്യ വർഷത്തിൽ കണ്ടതാണ്. ഭക്ഷ്യ-കാർഷിക സംഘടനയുമായുള്ള നമ്മുടെ സംയുക്ത ശ്രമങ്ങളിലൂടെ ചെറുധാന്യങ്ങളുടെ (മില്ലറ്റ്സ്) പ്രാധാന്യവും കരുത്തും ലോകം ഒരിക്കൽ കൂടി മനസ്സിലാക്കി. ഭാവിയിലും നമ്മൾ ഇതേ രീതിയിൽ അടുത്തറിഞ്ഞ് ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരും. ഞാൻ ചെറുധാന്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ഭൂരിഭാഗം ആളുകളും അവയുടെ പോഷകഗുണങ്ങളിൽ മാത്രമാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ ചെറുധാന്യങ്ങൾ പരിസ്ഥിതിസൗഹൃദമായ ഒരു വിള കൂടിയാണ്. അവയ്ക്ക് വളരെ കുറഞ്ഞ അളവിൽ മാത്രമേ വെള്ളം ആവശ്യമുള്ളൂ, കൂടാതെ രാസവളങ്ങൾ ഇല്ലാതെ തന്നെ അവ വളർത്താനും സാധിക്കും. ഇന്ത്യയിൽ കർഷകരിൽ പകുതിയിലധികം പേരും അതായത് ഏകദേശം 85 ശതമാനം പേരും പരിമിതമായ ഭൂമിയിൽ കൃഷി ചെയ്യുന്ന ചെറുകിട കർഷകരാണ്. ജലസേചന സൗകര്യങ്ങൾ ലഭ്യമല്ലാത്തതും കൃഷിക്കായി പൂർണ്ണമായും മഴയെ മാത്രം ആശ്രയിക്കുന്നതുമായ പല പ്രദേശങ്ങളിലും ചെറുധാന്യ കൃഷി പോഷകാഹാരം മെച്ചപ്പെടുത്തുക മാത്രമല്ല, പരിസ്ഥിതിയെ വലിയ രീതിയിൽ സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യയിൽ നാം "ജയ് ജവാൻ, ജയ് കിസാൻ" എന്ന് പറയാറുണ്ട്. ഒരു കർഷകൻ ഒരു വിത്ത് വിതയ്ക്കുമ്പോൾ അവൻ കേവലം ഒരു വിള മാത്രമല്ല വിളയിക്കുന്നത്, മറിച്ച് ഭാവി തലമുറകൾക്കായുള്ള പ്രതീക്ഷയാണ് അവൻ വിതയ്ക്കുന്നത്. ഇന്ന് ലോകം അനിശ്ചിതത്വത്തിന്റെയും അസ്ഥിരതയുടെയും ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ കർഷകരുടെ സംഭാവനകൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നതായി മാറുന്നു. ഇന്ന് നൽകിയ ഈ ബഹുമതി ഇന്ത്യയിലെ ഓരോ കർഷകന്റെയും ദൃഢനിശ്ചയത്തെ കൂടുതൽ ശക്തിപ്പെടുത്തും. വിശപ്പ്, ദാരിദ്ര്യം, പോഷകാഹാരക്കുറവ് എന്നിവയ്‌ക്കെതിരെ പോരാടുന്നതിനുള്ള ആഗോള ശ്രമങ്ങൾക്ക് ഇന്ത്യ തുടർന്നും പൂർണ്ണ പിന്തുണ നൽകും. നിങ്ങൾ നാളെ "ചായ ദിനം" ആഘോഷിക്കുമെന്ന് ഇവിടെ സൂചിപ്പിച്ചതുപോലെ, ആ സന്ദർഭം ആഘോഷിക്കാൻ ഒരു ദിവസം മുമ്പ് തന്നെ ഒരു "ചായക്കാരൻ" നിങ്ങൾക്കിടയിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. വൈവിധ്യമാർന്ന ചായകൾക്ക് പേരുകേട്ടതാണ് ഇന്ത്യ. ചായയ്ക്ക് ശരിക്കുമൊരു സവിശേഷ ശക്തിയുണ്ട്.

എഫ്.എ.ഒ. ഡയറക്ടർ ജനറലിനോട് ഞാൻ ഒരിക്കൽ കൂടി എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

നിങ്ങൾക്കെല്ലാവർക്കും എന്റെ ഊഷ്മളമായ ആശംസകൾ നേരുന്നു.

വളരെ നന്ദി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Small towns emerge big growth driver for connected TV in India

Media Coverage

Small towns emerge big growth driver for connected TV in India
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Japan’s Defence Minister calls on PM Modi
August 20, 2026
PM recalls productive discussions with Prime Minister Sanae Takaichi during her recent visit to India
PM highlights opportunities for Japan to partner with Indian companies and start-ups in defence co-development and co-production under Make-in-India

Japan’s Minister of Defence Shinjiro Koizumi, who is on an official visit to India, called on Prime Minister Shri Narendra Modi today.

Prime Minister recalled his detailed discussions with Prime Minister Sanae Takaichi during her recent visit to India for the 16th India-Japan Annual Summit in July 2026, and appreciated the steady momentum in defence collaboration between India and Japan.

Prime Minister outlined his vision for further strengthening the Special Strategic and Global Partnership between India and Japan and highlighted the importance of India-Japan defence and security cooperation in furthering peace, stability and prosperity in the Indo-Pacific and beyond.

Prime Minister outlined opportunities for Japan to partner with Indian companies and start-ups in the defence sector, particularly for co-development and co-production under the aegis of ‘Make in India.’

Defence Minister Koizumi briefed the Prime Minister about the progress in bilateral defence cooperation and reaffirmed the Government of Japan’s continued commitment towards deepening ties with India.