ഷെഡ്യൂൾഡ് ഇന്ത്യൻ എയർലൈൻസുകളുടെ ആഭ്യന്തര-അന്തർദ്ദേശീയ സർവീസുകൾക്ക് എ.ടി.എഫ് വില സ്ഥിരതാ പിന്തുണ നൽകുന്നതിനായി പൊതുമേഖലാ എണ്ണ വിപണന കമ്പനികൾക്ക് (OMC) 10,000 കോടി രൂപയിൽ കവിയാത്ത ഒറ്റത്തവണ സാമ്പത്തിക സഹായത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന്റെ ഗ്രാന്റുകൾക്കായുള്ള ഡിമാൻഡുകൾ വഴി എണ്ണ വിപണന കമ്പനികൾക്ക് പലിശരഹിത അഡ്വാൻസായിട്ടാണ് ഈ സാമ്പത്തിക സഹായം നൽകുക. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ഇന്ധനവിലയിൽ നിലവിലുള്ള അസാധാരണമായ ചാഞ്ചാട്ടത്തിന്റെ സാഹചര്യത്തിൽ എയർലൈനുകൾക്ക് സ്ഥിരതയുള്ള എ.ടി.എഫ് വിലനിർണ്ണയം സുഗമമാക്കുന്നതിന് എണ്ണ വിപണന കമ്പനികൾക്ക് പിന്തുണ നൽകും.

അംഗീകൃത വിലസ്ഥിരതാ ഫണ്ടിന്റെ പ്രധാന ഘടകം:

(i) എണ്ണ വിപണന കമ്പനികൾക്കുള്ള പലിശരഹിത അഡ്വാൻസ്

ഷെഡ്യൂൾഡ് ഇന്ത്യൻ എയർലൈൻസുകളുടെ എ.ടി.എഫ് വിലസ്ഥിരത ഉറപ്പാക്കുന്നതിനായി 10,000 കോടി രൂപ വരെയുള്ള ഒറ്റത്തവണ സാമ്പത്തിക സഹായം എണ്ണ വിപണന കമ്പനികൾക്ക് പലിശരഹിത അഡ്വാൻസായി നൽകും. നിലവിലുള്ള ഇംപോർട്ട് പാരിറ്റി വില അംഗീകൃത സംവിധാനത്തിന് കീഴിൽ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡ  നിരക്കിനേക്കാൾ വർധിക്കുമ്പോഴെല്ലാം അന്താരാഷ്ട്ര തലത്തിൽ ഉയർന്ന എ.ടി.എഫ് വില കാരണം എണ്ണ വിപണന കമ്പനികൾക്കുണ്ടാകുന്ന നഷ്ടം നികത്താൻ ഈ ഫണ്ട് ഉപയോഗിക്കും.

(ii) വീണ്ടെടുക്കലും അന്തിമ കണക്കുതീർപ്പാക്കൽ സംവിധാനവും

അന്താരാഷ്ട്ര തലത്തിൽ എ.ടി.എഫ് വില കുറയുമ്പോൾ ആ വ്യതിയാന തുക എണ്ണ വിപണന കമ്പനികളിൽ നിന്ന് തിരിച്ചുപിടിക്കുകയും ഇന്ത്യയുടെ കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് തിരികെ നിക്ഷേപിക്കുകയും ചെയ്യും. നൽകിയ സഹായധനം മുഴുവനായും പൂർണ്ണമായി തിരിച്ചുപിടിച്ച് കണക്കുകൾ തീർപ്പാക്കുന്നതുവരെ ഈ ക്രമീകരണം തുടരും.

(iii) ആഭ്യന്തര-അന്തർദ്ദേശീയ സർവീസുകളുടെ പരിരക്ഷ

താല്പര്യമുള്ള എല്ലാ ഷെഡ്യൂൾഡ് ഇന്ത്യൻ വിമാനക്കമ്പനികൾക്കും അവരുടെ ആഭ്യന്തര, അന്തർദ്ദേശീയ സർവീസുകൾക്കായി ഈ പദ്ധതി ലഭ്യമാകും.

(iv) നിശ്ചിത എ.ടി.എഫ് വില ക്രമീകരണം

ആഭ്യന്തര-അന്തർദ്ദേശീയ സർവീസുകൾക്കായി ഒരു നിശ്ചിത വില ക്രമീകരണം ഏർപ്പെടുത്തുന്നതിലൂടെ ഇന്ധനച്ചെലവുകൾ മുൻകൂട്ടി കൃത്യമായി കണക്കാക്കാൻ ഈ സംവിധാനം സഹായിക്കുന്നു. ഇത് പെട്ടെന്നുണ്ടാകുന്ന ഇന്ധനവില വർധനവിൽ നിന്ന് വിമാനക്കമ്പനികൾക്കുണ്ടാകുന്ന ആഘാതം കുറയ്ക്കുന്നു.

(v) എണ്ണ വിപണന കമ്പനികൾക്ക് എ.ടി.എഫ് വിതരണത്തിനുള്ള പ്രത്യേക അവകാശങ്ങൾ

സിവിൽ ഏവിയേഷൻ മന്ത്രാലയവും പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയവും ഒപ്പുവെക്കുന്ന, പദ്ധതിയിൽ പങ്കാളികളാകുന്ന ഇന്ത്യൻ എയർലൈനുകളും എണ്ണ വിപണന കമ്പനികളും തമ്മിലുള്ള ധാരണാപത്രത്തിലൂടെയായിരിക്കും (MoU) ഈ ക്രമീകരണം നടപ്പിലാക്കുക. ഈ ഒറ്റത്തവണ ക്രമീകരണത്തിന് കീഴിൽ, പങ്കാളികളാകുന്ന വിമാനക്കമ്പനികൾ പരമാവധി മൂന്ന് വർഷം വരെ പൊതുമേഖലാ എണ്ണ വിപണന കമ്പനികളിൽ നിന്ന് മാത്രമേ എ.ടി.എഫ് വാങ്ങാൻ പാടുള്ളൂ. ഇത് വാർഷിക പുനഃപരിശോധനയ്ക്ക് വിധേയമായോ അല്ലെങ്കിൽ മുൻകൂർ തുക പൂർണ്ണമായി തിരിച്ചുപിടിക്കുന്നത് വരെയോ ആയിരിക്കും (ഇവയിൽ ഏതാണോ ആദ്യമുണ്ടാകുന്നത് അതുവരെ).

(vi) നിരീക്ഷണവും ഓഡിറ്റിംഗും

സിവിൽ ഏവിയേഷൻ മന്ത്രാലയം, പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം, ചെലവ് ധനവ്യയ വകുപ്പ് എന്നിവയുടെ പ്രതിനിധികൾ അടങ്ങുന്ന ഒരു നിരീക്ഷണ സമിതി പദ്ധതി നടപ്പാക്കൽ, ക്ലെയിമുകളുടെ പരിശോധന, പ്രശ്നപരിഹാരം, ഒത്തുതീർപ്പ് എന്നിവയ്ക്ക് മേൽനോട്ടം വഹിക്കും. എല്ലാ ക്ലെയിമുകളും വീണ്ടെടുക്കലുകളും ഓഡിറ്റിംഗിന് വിധേയമായിരിക്കും.

(vii) വില സ്ഥിരതാ പിന്തുണയുടെ കാലാവധി

വാർഷിക പുനഃപരിശോധനയ്ക്കുള്ള വ്യവസ്ഥയോടെ അല്ലെങ്കിൽ മുൻകൂർ തുക പൂർണ്ണമായി തിരിച്ചുപിടിക്കുന്നത്/കണക്കുതീർപ്പാക്കുന്നത് വരെ (ഇവയിൽ ഏതാണോ ആദ്യമുണ്ടാകുന്നത് അതുവരെ) മുപ്പത്തിയാറ് മാസത്തെ കാലയളവിലേക്ക് എ.ടി.എഫ് (ATF) വില സ്ഥിരതാ പിന്തുണ പ്രാബല്യത്തിലുണ്ടാകും. ഈ കാലയളവിനുള്ളിൽ ഫണ്ടിന്റെ അന്തിമ കണക്കുതീർപ്പാക്കൽ പൂർണ്ണമായില്ലെങ്കിൽ ബന്ധപ്പെട്ട അധികാരിയുടെ അംഗീകാരത്തോടെ ഈ പദ്ധതി മുപ്പത്തിയാറ് മാസത്തിനപ്പുറവും നീട്ടാവുന്നതാണ്.

പ്രതീക്ഷിക്കുന്ന ഫലം:

  • നിർദ്ദിഷ്ട സംവിധാനം ഇന്ത്യൻ വിമാനക്കമ്പനികൾക്ക് എ.ടി.എഫ് (ATF) വിലനിർണ്ണയത്തിൽ കൂടുതൽ സ്ഥിരതയും മുൻകൂട്ടി കണക്കാക്കാനുള്ള ശേഷിയും നൽകും; ഇത് മികച്ച പ്രവർത്തന-സാമ്പത്തിക ആസൂത്രണത്തിന് അവയെ പ്രാപ്തമാക്കും.
  • നിലവിലുള്ള പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ ഘട്ടത്തിൽ ഇന്ധനവിലയിലുണ്ടാകുന്ന അസ്ഥിരതയും ഉയർന്ന എ.ടി.എഫ് നിരക്കും മൂലമുണ്ടാകുന്ന നഷ്ടങ്ങളിൽ നിന്ന് ഇത് എണ്ണ വിപണന കമ്പനികൾക്ക് സംരക്ഷണം നൽകും.
  • ഈ നടപടി ആഭ്യന്തര-അന്തർദ്ദേശീയ വ്യോമഗതാഗത സമ്പർക്കം സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സഹായിക്കും; അതുവഴി വിമാന സർവീസുകളുടെ തുടർച്ച ഉറപ്പാക്കുകയും ചെയ്യും.
  • ഇന്ധനവിലവർദ്ധനവിന്റെ ആഘാതം യാത്രാക്കൂലിയിലൂടെ യാത്രക്കാരിലേക്ക് നേരിട്ട് കൈമാറുന്നത് ഇത് കുറയ്ക്കും; അതുവഴി ടിക്കറ്റ് നിരക്കുകളിലെ അസ്ഥിരത നിയന്ത്രിക്കാൻ സഹായിക്കും.
  • ഈ ക്രമീകരണം വിദൂര പ്രദേശങ്ങൾ, പ്രാദേശിക മേഖലകൾ, ടിയർ-II, ടിയർ-III നഗരങ്ങൾ എന്നിവടങ്ങളിലേക്കുള്ള തുടർച്ചയായ വ്യോമഗതാഗത സമ്പർക്കത്തെ പിന്തുണയ്ക്കും; ഇത് സന്തുലിതമായ പ്രാദേശിക വികസനവും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയും പ്രോത്സാഹിപ്പിക്കും.

പ്രധാന നേട്ടങ്ങൾ:

  • സുസ്ഥിരമായ വിമാന സർവീസുകൾ എയർലൈനുകൾ, വിമാനത്താവളങ്ങൾ, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജൻസികൾ, എം.ആർ.ഒകൾ (MROs), ട്രാവൽ ഏജൻസികൾ, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്‌സ് എന്നീ മേഖലകളിലുടനീളമുള്ള തൊഴിലവസരങ്ങൾ നിലനിർത്താൻ സഹായിക്കും.
  • തുടർച്ചയായ വ്യോമഗതാഗത സമ്പർക്കം യാത്രക്കാർ, ഉയർന്ന മൂല്യമുള്ള ചരക്കുകൾ, ബിസിനസ്സ് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവരുടെ സുഗമമായ സഞ്ചാരത്തിന് സൗകര്യമൊരുക്കും; ഇത് വിവിധ മേഖലകളിലെ സാമ്പത്തിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കും.
  • ഈ നടപടി ടൂറിസം, ഹോസ്പിറ്റാലിറ്റി, വ്യാപാരം, കയറ്റുമതി, പ്രാദേശിക വികസനം, നിക്ഷേപം എന്നിവയിൽ വലിയ അനുകൂല ചലനങ്ങൾ ഉണ്ടാക്കും.
  • ഉഡാൻ (UDAN) പദ്ധതിക്ക് കീഴിൽ പ്രവർത്തനസജ്ജമാക്കിയ വിമാനത്താവളങ്ങൾ ഉൾപ്പെടെ, രാജ്യത്തുടനീളം വികസിപ്പിച്ചെടുത്ത വിമാനത്താവള അടിസ്ഥാന സൗകര്യങ്ങളുടെ പരമാവധി വിനിയോഗം ഉറപ്പാക്കാൻ ഇത് സഹായിക്കും.
  • ആഭ്യന്തര-അന്തർദ്ദേശീയ കണക്റ്റിവിറ്റി നിലനിർത്തുന്നതിലൂടെ, ഈ ഉദ്യമം ആഗോള വിപണികളുമായുള്ള ഇന്ത്യയുടെ ഐക്യപ്പെടൽ ശക്തമാക്കുകയും ദീർഘകാല സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യും.

പശ്ചാത്തലം:

പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ആഗോളതലത്തിൽ എ.ടി.എഫ് (ATF) വിലയിലുണ്ടായ അഭൂതപൂർവ്വമായ അസ്ഥിരത വ്യോമയാന മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.

  • നിലവിലുള്ള പശ്ചിമേഷ്യൻ പ്രതിസന്ധി കാരണം അന്താരാഷ്ട്ര തലത്തിൽ എ.ടി.എഫ് വില 2026 മാർച്ചിലെ ലിറ്ററിന് 60.50 രൂപ എന്ന നിരക്കിൽ നിന്ന് 2026 മെയ് ആയപ്പോഴേക്കും ലിറ്ററിന് 142 രൂപയായി ഏകദേശം 2.5 മടങ്ങ് വർധിച്ചു. ഒരു വിമാനക്കമ്പനിയുടെ പ്രവർത്തനച്ചെലവിന്റെ ഏകദേശം 40 ശതമാനവും എ.ടി.എഫ് ഇനത്തിലാണ് വരുന്നത്. തന്മൂലം, എ.ടി.എഫ് വിലയിലുണ്ടാകുന്ന ഈ അസ്ഥിരത വിമാനക്കമ്പനികളുടെ സാമ്പത്തിക ഭദ്രതയ്ക്ക് മേൽ വലിയ ചെലവ് സമ്മർദ്ദം ഉണ്ടാക്കുന്നതിന് കാരണമായി.
  • സാധാരണയായി എ.ടി.എഫ് വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളമാണ് വരുന്നതെങ്കിലും ഇന്ധനവിലയിൽ കടുത്ത അസ്ഥിരതയുണ്ടാകുന്ന സമയങ്ങളിൽ ഇത് ആകെ പ്രവർത്തനച്ചെലവിന്റെ 60 ശതമാനം വരെയായി ഉയർന്നേക്കാം.
  • ആഭ്യന്തര സർവീസുകൾക്കായി എ.ടി.എഫ് വിലയ്ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ വിമാനക്കമ്പനികൾ അന്താരാഷ്ട്ര സർവീസുകൾക്കായി ഇപ്പോഴും ഇംപോർട്ട് പാരിറ്റി വിലയിലാണ് (IPP) ഇന്ധനം വാങ്ങുന്നത്; ഇത് അവയെ ഉയർന്ന ഇന്ധനച്ചെലവിലേക്ക് തള്ളിവിടുന്നു.
  • എങ്കിലും എ.ടി.എഫ് വിലയ്ക്ക് പരിധി നിശ്ചയിക്കുന്നത് ഒരു താല്ക്കാലിക നടപടി മാത്രമാണ്, പൊതുമേഖലാ എണ്ണ വിപണന കമ്പനികളെ (OMCs) സംബന്ധിച്ചിടത്തോളം ദീർഘകാലാടിസ്ഥാനത്തിൽ ഇത് ലാഭകരമായി കൊണ്ടുപോകാൻ സാധിക്കില്ല.
  • എ.ടി.എഫ് വിലയ്ക്ക് പരിധി നിശ്ചയിച്ചതുമൂലം, പ്രത്യേകിച്ച് പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ ഘട്ടത്തിൽ എ.ടി.എഫ് വില അസ്ഥിരമായി തുടരുകയും കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തിൽ എണ്ണ വിപണന കമ്പനികളും വലിയ നഷ്ടം നേരിടുന്നുണ്ട്.
  • ഇന്ത്യൻ വിമാനക്കമ്പനികൾക്കായി പാകിസ്ഥാൻ വ്യോമപാത അടച്ചതിനെ തുടർന്ന് യൂറോപ്പ്, വടക്കേ അമേരിക്ക, മധ്യേഷ്യ എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് ദൈർഘ്യമേറിയ പാതകൾ തിരഞ്ഞെടുക്കേണ്ടിവന്നിട്ടുണ്ട്; ഇത് ഇന്ധന ഉപഭോഗവും പ്രവർത്തനച്ചെലവും വർധിപ്പിച്ചു.
  • ദീർഘദൂര സർവീസുകളിലെ യാത്രാക്കൂലി ഗണ്യമായി വർധിക്കുകയും അന്താരാഷ്ട്ര തലത്തിലുള്ള യാത്രാവശ്യങ്ങളിൽ കുറവുണ്ടാകുകയും ചെയ്തതോടെ, വിമാനക്കമ്പനികൾ പല അന്താരാഷ്ട്ര റൂട്ടുകളിലെയും സർവീസുകൾ കുറയ്ക്കുകയോ താല്ക്കാലികമായി നിർത്തിവെക്കുകയോ ചെയ്തിട്ടുണ്ട്.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Foreign traveller calls India's Vande Bharat sleeper a “Five-Star Hotel on Rails”; and the Internet agrees

Media Coverage

Foreign traveller calls India's Vande Bharat sleeper a “Five-Star Hotel on Rails”; and the Internet agrees
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Eminent industry leader Shri Ravi Kant meets the Prime Minister
July 18, 2026

Eminent industry leader Shri Ravi Kant met Prime Minister, Shri Narendra Modi earlier today and presented a copy of his book 'Leading from the Back - To Achieve the Impossible'.

The Prime Minister posted on X;

Eminent industry leader Shri Ravi Kant met PM @narendramodi earlier today and presented a copy of his book 'Leading from the Back - To Achieve the Impossible'.