റെയിൽവേ മന്ത്രാലയത്തിന്റെ അഹമ്മദാബാദ് (സർഖേജ്) - ധോലേര സെമി ഹൈസ്പീഡ് ഡബിൾ ലൈൻ പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകാരം നൽകി. ഏകദേശം 20,667 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ആസൂത്രണം ചെയ്ത ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ സെമി ഹൈ-സ്പീഡ് പദ്ധതിയാണിത്.
അഹമ്മദാബാദ്, ധോലേര സ്പെഷ്യൽ ഇൻവെസ്റ്റ്‌മെന്റ് റീജിയൺ (SIR), നിർദ്ദിഷ്ട ധോലേര വിമാനത്താവളം, ലോത്തൽ നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സ് (NHMC) എന്നിവയ്ക്കിടയിലെ അതിവേഗ കണക്റ്റിവിറ്റി ഈ പാത ഉറപ്പാക്കും. അഹമ്മദാബാദിനെ ധോലേരയുമായി ബന്ധിപ്പിക്കുന്നത് യാത്രാസമയം കുറയ്ക്കുകയും സുഖകരമായ ദൈനംദിന യാത്രയും അതേ ദിവസം തന്നെ തിരിച്ചുള്ള യാത്രയും സാധ്യമാക്കുകയും ചെയ്യും. ഈ സെമി ഹൈസ്പീഡ് റെയിൽവേ രണ്ട് നഗരങ്ങൾ തമ്മിലുള്ള അകലം കുറയ്ക്കുക മാത്രമല്ല, നൂറുകണക്കിന് കിലോമീറ്റർ അകലെ താമസിക്കുന്ന ആളുകളെ പരസ്പരം കൂടുതൽ അടുപ്പിക്കുകയും ചെയ്യും.
ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് റെയിൽ പദ്ധതി എന്ന നിലയിൽ, രാജ്യത്തുടനീളം സെമി ഹൈസ്പീഡ് റെയിലിന്റെ ഘട്ടം ഘട്ട വിപുലീകരണത്തിന് ഈ പദ്ധതി മാതൃകയാകും.
പുതിയ പാത നേരിട്ടുള്ള കണക്റ്റിവിറ്റി സാധ്യമാക്കുകയും യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും ഇന്ത്യൻ റെയിൽവേയുടെ കാര്യക്ഷമതയും വിശ്വാസ്യതയും വർദ്ധിപ്പിക്കുകയും ചെയ്യും. ഈ മേഖലയിൽ സമഗ്ര വികസനം കൊണ്ടുവരുന്നതിലൂടെ, ജനങ്ങളെ "ആത്മനിർഭർ" ആക്കുക എന്ന ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നവ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടിന് അനുസൃതമാണ് പദ്ധതി. ഇത് പ്രദേശവാസികൾക്ക് കൂടുതൽ തൊഴിൽ/സ്വയം തൊഴിൽ അവസരങ്ങൾ ലഭ്യമാക്കും.
സംയോജിത ആസൂത്രണത്തിലൂടെയും പങ്കാളിത്ത കൂടിയാലോചനകളിലൂടെയും മൾട്ടി-മോഡൽ കണക്റ്റിവിറ്റിയും ലോജിസ്റ്റിക് കാര്യക്ഷമതയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പിഎം-ഗതിശക്തി നാഷണൽ മാസ്റ്റർ പ്ലാനിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പദ്ധതി ജനങ്ങൾക്കും സാധന- സേവനങ്ങൾക്കും തടസ്സമില്ലാത്ത ഗതാഗത സൗകര്യം ഉറപ്പാക്കും.
ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയെ ഉൾക്കൊള്ളുന്ന ഈ പദ്ധതി ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖലയിലെ ദൈർഘ്യം ഏകദേശം 134 കിലോമീറ്റർ വർദ്ധിപ്പിക്കും.
നിർദ്ദിഷ്ട പദ്ധതികൾ 5 ലക്ഷത്തോളം ജനസംഖ്യയുള്ള ഏകദേശം 284 ഗ്രാമങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കും.
പരിസ്ഥിതി സൗഹൃദവും ഊർജ്ജക്ഷമതയുള്ളതുമായ ഗതാഗത മാർഗ്ഗമെന്ന നിലയിൽ, കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കാനും രാജ്യത്തിന്റെ ചരക്കുനീക്ക ചെലവ് കുറയ്ക്കാനും റയിൽവേ സഹായകരമാണ്. ഇതുവഴി എണ്ണ ഇറക്കുമതി (0.48 കോടി ലിറ്റർ) കുറയ്ക്കാനും പത്ത് ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് തുല്യമായ രീതിയിൽ കാർബൺ ഡൈ ഓക്സൈഡ് (CO2) ബഹിർഗമനം 2 കോടി കിലോഗ്രാം കുറയ്ക്കാനും സാധിക്കും.
Today’s Cabinet decision on the Ahmedabad (Sarkhej) - Dholera Semi High-Speed Double Line project is a landmark in India’s rail modernisation journey. Built with indigenously developed technology, this first-of-its-kind project will boost connectivity, reduce travel time and…
— Narendra Modi (@narendramodi) May 13, 2026


