ആത്മവിശ്വാസത്താൽ നിറഞ്ഞിരിക്കുകയാണ് ഇന്ത്യ: പ്രധാനമന്ത്രി
മാന്ദ്യത്തിന്റെയും അവിശ്വാസത്തിന്റെയും ശിഥിലീകരണത്തിന്റെയും ലോകത്ത്, ഇന്ത്യ വളർച്ചയും വിശ്വാസവും കൊണ്ടുവരികയും ഒരു പാലമായി വർത്തിക്കുകയും ചെയ്യുന്നു: പ്രധാനമന്ത്രി
ഇന്ന്, ആഗോള സമ്പദ്‌വ്യവസ്ഥയുടെ പ്രധാന വളർച്ചായന്ത്രമായി ഇന്ത്യ മാറുകയാണ്: പ്രധാനമന്ത്രി
ഇന്ത്യയുടെ നാരീശക്തി അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു; നമ്മുടെ പെൺമക്കൾ ഇന്ന് എല്ലാ മേഖലകളിലും മികവ് പുലർത്തുന്നു: പ്രധാനമന്ത്രി
നമ്മുടെ വേഗത സ്ഥിരമാണ്, നമ്മുടെ ദിശ സ്ഥിരതയുള്ളതാണ്, നമ്മുടെ ഉദ്ദേശ്യം എപ്പോഴും രാഷ്ട്രം ഒന്നാമത് എന്നതാണ്: പ്രധാനമന്ത്രി
ഇന്ന് എല്ലാ മേഖലയും പഴയ അ‌ധിനിവേശ മനോഭാവം ഉപേക്ഷിച്ച് അഭിമാനത്തോടെ പുതിയ നേട്ടങ്ങൾ ലക്ഷ്യമിടുന്നു: പ്രധാനമന്ത്രി

എല്ലാവർക്കും നമസ്കാരം.

ഹിന്ദുസ്ഥാൻ ടൈംസ് ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി വിശിഷ്ടാതിഥികൾ ഇവിടെയുണ്ട്. സംഘാടകരെയും അവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ച എല്ലാ സഹപ്രവർത്തകരെയും ഞാൻ അഭിനന്ദിക്കുന്നു. ശോഭന ജി രണ്ട് കാര്യങ്ങൾ പരാമർശിച്ചു, അത് ഞാൻ ശ്രദ്ധിച്ചു. ഒന്നാമതായി, മോദി ജി കഴിഞ്ഞ തവണ സന്ദർശിച്ചപ്പോൾ അദ്ദേഹം ഇത് നിർദ്ദേശിച്ചിരുന്നുവെന്ന് അവർ പറഞ്ഞു. ഈ രാജ്യത്ത് ആരും മാധ്യമ സ്ഥാപനങ്ങളോട് അവരുടെ ജോലി ചെയ്യാൻ പറയാൻ ധൈര്യപ്പെടുന്നില്ല. പക്ഷേ ഞാൻ പറഞ്ഞു, ശോഭന ജിയും സംഘവും ഈ ജോലി വളരെ ആവേശത്തോടെ ചെയ്തതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ പ്രദർശനം കണ്ട് തിരിച്ചെത്തിയതിനാൽ പറയട്ടെ, രാജ്യത്തെ സംബന്ധിച്ചിടത്തോളം എല്ലാവരും തീർച്ചയായും ഇത് സന്ദർശിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഈ ഫോട്ടോഗ്രാഫർ സുഹൃത്തുക്കൾ ഓരോ നിമിഷവും പകർത്തിയിരിക്കുന്നത് അത് അനശ്വരമാക്കുന്ന രീതിയിലാണ്. അവർ പറഞ്ഞ രണ്ടാമത്തെ കാര്യം, അത് ഞാൻ മനസ്സിലാകുന്നത് ഇങ്ങനെയാണ്, നിങ്ങൾ രാജ്യത്തെ സേവിക്കുന്നത് തുടരണമെന്ന് അവർക്ക് പറയാമായിരുന്നു, പക്ഷേ ഹിന്ദുസ്ഥാൻ ടൈംസ് പറഞ്ഞത് നിങ്ങൾ ഇതുപോലെ രാജ്യത്തെ സേവിക്കുന്നത് തുടരണമെന്നാണ്, ഇതിനും ഞാൻ എന്റെ പ്രത്യേക നന്ദി അറിയിക്കുന്നു.

സുഹൃത്തുക്കളെ,

ഇത്തവണ ഉച്ചകോടിയുടെ പ്രമേയം - നാളെയെ പരിവർത്തനം ചെയ്യുക എന്നതാണ്. മഹാത്മാഗാന്ധിജി, മദൻ മോഹൻ മാളവ്യ ജി, ഘനശ്യാം ദാസ് ബിർള ജി തുടങ്ങിയ നിരവധി മഹാന്മാരാൽ അനുഗ്രഹിക്കപ്പെട്ട, 101 വർഷത്തെ ചരിത്രമുള്ള ഹിന്ദുസ്ഥാൻ പത്രം നാളെയെ പരിവർത്തനം ചെയ്യുക എന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ഇന്ത്യയിൽ സംഭവിക്കുന്ന മാറ്റം വെറും സാധ്യതകളുടെത് മാത്രമല്ല, മറിച്ച് ജീവിതം മാറുന്നതിന്റെയും ചിന്ത മാറുന്നതിന്റെയും ദിശ മാറുന്നതിന്റെയും യഥാർത്ഥ കഥയാണെന്ന് രാജ്യത്തിന് ഉറപ്പ് ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

 

സുഹൃത്തുക്കളെ,

ഇന്ന് നമ്മുടെ ഭരണഘടനയുടെ മുഖ്യ ശില്പി ഡോ. ബാബാ സാഹിബ് അംബേദ്കർ ജിയുടെ മഹാപരിനിർവാണ ദിനം കൂടിയാണ്. എല്ലാ ഇന്ത്യക്കാരുടെയും പേരിൽ ഞാൻ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ അർപ്പിക്കുന്നു.

സുഹൃത്തുക്കളെ,

ഇന്ന്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കാൽഭാഗം പിന്നിട്ട ഒരു ഘട്ടത്തിലാണ് നാം നിൽക്കുന്നത്. ഈ 25 വർഷത്തിനിടയിൽ, ലോകം നിരവധി ഉയർച്ച താഴ്ചകൾ കണ്ടു. സാമ്പത്തിക പ്രതിസന്ധികൾ, ആഗോള പകർച്ചവ്യാധികൾ, സാങ്കേതിക തടസ്സങ്ങൾ, ശിഥിലമാകുന്ന സമൂഹങ്ങൾ, യുദ്ധങ്ങൾ എന്നിവയ്ക്ക് നാം സാക്ഷ്യം വഹിച്ചു. ഈ സാഹചര്യങ്ങളെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ലോകത്തെ വെല്ലുവിളിക്കുന്നു. ഇന്ന് ലോകം അനിശ്ചിതത്വങ്ങൾ നിറഞ്ഞതാണ്. എന്നാൽ അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ, നമ്മുടെ ഇന്ത്യ വ്യത്യസ്തമായ ഒരു ശ്രേണിയിലാണ് കാണപ്പെടുന്നത്, ഇന്ത്യ ആത്മവിശ്വാസത്താൽ നിറഞ്ഞിരിക്കുന്നു. ലോകം മാന്ദ്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ഇന്ത്യ വളർച്ചയുടെ കഥ രചിക്കുന്നു. ലോകത്ത് വിശ്വാസത്തിന്റെ പ്രതിസന്ധി ഉണ്ടാകുമ്പോൾ, ഇന്ത്യ വിശ്വാസത്തിന്റെ ഒരു സ്തംഭമായി മാറുകയാണ്. ലോകം ശിഥിലീകരണത്തിലേക്ക് നീങ്ങുമ്പോൾ, ഇന്ത്യ പരസ്പര സഹകരണത്തിനായി പ്രവർത്തിക്കുന്നയാളായി മാറുകയാണ്.

സുഹൃത്തുക്കളെ,

ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ഇന്ത്യയുടെ രണ്ടാം പാദത്തിലെ ജിഡിപി കണക്കുകൾ പുറത്തുവന്നു. 8 ശതമാനത്തിലധികം വളർച്ചാ നിരക്ക് നമ്മുടെ പുരോഗതിയുടെ പുതിയ ഗതിവേഗത്തെ പ്രതിഫലിപ്പിക്കുന്നു.

 

സുഹൃത്തുക്കളെ,

ഇത് വെറുമൊരു സംഖ്യയല്ല; ശക്തമായ ഒരു മാക്രോ-സാമ്പത്തിക സൂചനയാണ്. ഇന്ന് ഇന്ത്യ ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ ചാലകമായി മാറുന്നുവെന്ന സന്ദേശമാണിത്. ആഗോള വളർച്ച ഏകദേശം 3 ശതമാനമായിരിക്കുന്ന സമയത്താണ് നമ്മുടെ ഈ കണക്കുകൾ. ജി-7 സമ്പദ്‌വ്യവസ്ഥകൾ ശരാശരി 1.5 ശതമാനത്തിൽ വളരുന്നു,  1.5 ശതമാനത്തിൽ. ഈ സാഹചര്യങ്ങളിൽ, ഇന്ത്യ ഉയർന്ന വളർച്ചയുടെയും കുറഞ്ഞ പണപ്പെരുപ്പത്തിന്റെയും മാതൃകയായി മാറിയിരിക്കുന്നു. പ്രത്യേകിച്ച് നമ്മുടെ രാജ്യത്തെ സാമ്പത്തിക വിദഗ്ധർ ഉയർന്ന പണപ്പെരുപ്പത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന്, അതേ ആളുകൾ കുറഞ്ഞ പണപ്പെരുപ്പത്തെക്കുറിച്ച് സംസാരിക്കുന്നു.

സുഹൃത്തുക്കളെ,

ഇന്ത്യയുടെ ഈ നേട്ടങ്ങൾ സാധാരണമല്ല. ഇത് സ്ഥിതിവിവരക്കണക്കുകളുടെ മാത്രം കാര്യമല്ല; കഴിഞ്ഞ ദശകത്തിൽ ഇന്ത്യ കൊണ്ടുവന്ന ഒരു അടിസ്ഥാന മാറ്റമാണിത്. ഈ അടിസ്ഥാന മാറ്റം കരുത്തിൻ്റേതാണ്, ഈ മാറ്റം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രവണതയുടേതാണ്, ഈ മാറ്റം ആശങ്കകളുടെ കാർമേഘങ്ങളെ നീക്കം ചെയ്യുകയും അഭിലാഷങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്നു, ഇക്കാരണത്താൽ, ഇന്നത്തെ ഇന്ത്യ സ്വയം പരിവർത്തനം ചെയ്യുകയാണ്, ഭാവിയെയും പരിവർത്തനം ചെയ്യുകയാണ്.

സുഹൃത്തുക്കളെ,

നാളത്തെ പരിവർത്തനത്തെക്കുറിച്ച് ഇന്ന് നമ്മൾ ചർച്ച ചെയ്യുമ്പോൾ, പരിവർത്തനത്തിൽ വികസിപ്പിച്ചെടുത്ത ആത്മവിശ്വാസം ഇന്ന് ചെയ്യുന്ന പ്രവർത്തനങ്ങളുടെ ശക്തമായ അടിത്തറയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഇന്നത്തെ പരിഷ്കാരങ്ങളും ഇന്നത്തെ പ്രകടനവുമാണ് നാളത്തെ നമ്മുടെ പരിവർത്തനത്തിന് വഴിയൊരുക്കുന്നത്. നമ്മൾ ഏത് 
മാനസികാവസ്ഥയിലാണ് പ്രവർത്തിക്കുന്നത് എന്നതിൻ്റെ ഒരു ഉദാഹരണം ഞാൻ നിങ്ങൾക്ക് തരാം.

 

സുഹൃത്തുക്കളെ,

ഇന്ത്യയുടെ സാധ്യതകളുടെ വലിയൊരു ഭാഗം വളരെക്കാലമായി ഉപയോഗപ്പെടുത്താതെ കിടക്കുകയാണെന്ന് നിങ്ങൾക്കറിയാം. ഉപയോഗിക്കപ്പെടാത്ത ഈ സാധ്യതകൾക്ക് കൂടുതൽ അവസരങ്ങൾ നൽകുമ്പോൾ, അത് രാജ്യത്തിന്റെ വികസനത്തിൽ പൂർണ്ണ ഊർജ്ജത്തോടെയും തടസ്സമില്ലാതെയും പങ്കാളികളാകുമ്പോൾ, രാജ്യം തീർച്ചയായും പരിവർത്തനം ചെയ്യപ്പെടും. നമ്മുടെ കിഴക്കൻ ഇന്ത്യ, നമ്മുടെ വടക്കുകിഴക്കൻ ഇന്ത്യ, നമ്മുടെ ഗ്രാമങ്ങൾ, നമ്മുടെ ടയർ 2, ടയർ 3 നഗരങ്ങൾ, നമ്മുടെ സ്ത്രീശക്തി, ഇന്ത്യയുടെ നൂതന യുവശക്തി, ഇന്ത്യയുടെ സമുദ്രശക്തി, നീല സമ്പദ്‌വ്യവസ്ഥ, ഇന്ത്യയുടെ ബഹിരാകാശ മേഖല എന്നിവയെക്കുറിച്ച് ചിന്തിക്കുക - മുൻ ദശകങ്ങളിൽ പൂർണ്ണ ശേഷി ഉപയോഗപ്പെടുത്താൻ കഴിയാത്ത നിരവധി കാര്യങ്ങളുണ്ട്. ഇന്ന് ഇന്ത്യ ഈ ഉപയോഗിക്കപ്പെടാത്ത സാധ്യതകൾ ഉപയോഗപ്പെടുത്തുക എന്ന ദർശനവുമായി മുന്നോട്ട് പോകുന്നു. ഇന്ന്, കിഴക്കൻ ഇന്ത്യയിലെ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, കണക്റ്റിവിറ്റി, വ്യവസായം എന്നിവയിൽ അഭൂതപൂർവമായ നിക്ഷേപം നടക്കുന്നു. ഇന്ന് നമ്മുടെ ഗ്രാമങ്ങളും ചെറുപട്ടണങ്ങളും ആധുനിക സൗകര്യങ്ങളാൽ സജ്ജീകരിക്കപ്പെടുന്നു. നമ്മുടെ ചെറുപട്ടണങ്ങൾ സ്റ്റാർട്ടപ്പുകൾക്കും എംഎസ്എംഇകൾക്കും പുതിയ കേന്ദ്രങ്ങളായി മാറുകയാണ്. നമ്മുടെ ഗ്രാമങ്ങളിലെ കർഷകർ എഫ്‌പി‌ഒകൾ രൂപീകരിക്കുകയും വിപണിയുമായി നേരിട്ട് ബന്ധപ്പെടുകയും ചെയ്യുന്നു, ചില എഫ്‌പി‌ഒകൾ ആഗോള വിപണിയുമായി ബന്ധപ്പെടുകയും ചെയ്യുന്നു.

സുഹൃത്തുക്കളെ,

ഇന്ത്യയിലെ സ്ത്രീശക്തി ഇന്ന് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു. ഇന്ന് നമ്മുടെ പെൺമക്കൾ എല്ലാ മേഖലകളിലും ആധിപത്യം സ്ഥാപിക്കുന്നു. ഈ പരിവർത്തനം ഇനി സ്ത്രീ ശാക്തീകരണത്തിൽ മാത്രം ഒതുങ്ങുന്നില്ല; അത് സമൂഹത്തിന്റെ ചിന്തയെയും കഴിവുകളെയും പരിവർത്തനം ചെയ്യുന്നു.

സുഹൃത്തുക്കളെ,

പുതിയ അവസരങ്ങൾ ഉണ്ടാകുമ്പോൾ, തടസ്സങ്ങൾ നീങ്ങുമ്പോൾ, ആകാശത്ത് പറക്കാൻ പുതിയ ചിറകുകൾ വളരുന്നു. ഇന്ത്യയുടെ ബഹിരാകാശ മേഖല ഇതിന് ഒരു ഉദാഹരണമാണ്. മുമ്പ് ബഹിരാകാശ മേഖല ​ഗവൺമെൻ്റ് നിയന്ത്രണത്തിലായിരുന്നു. എന്നാൽ ഞങ്ങൾ ബഹിരാകാശ മേഖലയെ പരിഷ്കരിച്ചു, അത് സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുത്തു, ഇന്ന് രാജ്യം അതിന്റെ ഫലങ്ങൾ കാണുന്നു. 10-11 ദിവസം മുമ്പ്, ഹൈദരാബാദിൽ ഞാൻ സ്കൈറൂട്ടിന്റെ ഇൻഫിനിറ്റി കാമ്പസ് ഉദ്ഘാടനം ചെയ്തു. സ്കൈറൂട്ട് ഇന്ത്യയിലെ ഒരു സ്വകാര്യ ബഹിരാകാശ കമ്പനിയാണ്. എല്ലാ മാസവും ഒരു റോക്കറ്റ് നിർമ്മിക്കാനുള്ള ശേഷിയിൽ ഈ കമ്പനി പ്രവർത്തിക്കുന്നു. ഈ കമ്പനി വിക്ഷേപണ സജ്ജമായ വിക്രം-വൺ നിർമ്മിക്കുന്നു. ​ഗവൺമെൻ്റ് വേദി നൽകി, ഇന്ത്യയിലെ യുവാക്കൾ അതിൽ ഒരു പുതിയ ഭാവി കെട്ടിപ്പടുക്കുകയാണ്, ഇതാണ് യഥാർത്ഥ പരിവർത്തനം.

 

സുഹൃത്തുക്കളെ,

ഇന്ത്യയിൽ സംഭവിച്ച മറ്റൊരു മാറ്റത്തെക്കുറിച്ച് ഇവിടെ ചർച്ച ചെയ്യേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ഇന്ത്യയിലെ പരിഷ്കാരങ്ങൾ പിന്തിരിപ്പൻ സ്വഭാവമുള്ളതായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇതിനർത്ഥം വലിയ തീരുമാനങ്ങൾക്ക് പിന്നിൽ ചില രാഷ്ട്രീയ താൽപ്പര്യങ്ങളോ ചില പ്രതിസന്ധികളോ ഉണ്ടായിരുന്നു എന്നാണ്. എന്നാൽ ഇന്ന്, ദേശീയ ലക്ഷ്യങ്ങൾ മനസ്സിൽ വെച്ചുകൊണ്ട്, നിശ്ചിത ലക്ഷ്യങ്ങളോടെയാണ് പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്. രാജ്യത്തിന്റെ എല്ലാ മേഖലകളിലും എന്തെങ്കിലും അല്ലെങ്കിൽ മറ്റൊന്ന് മെച്ചപ്പെടുന്നുണ്ടെന്ന് നിങ്ങൾ കാണുന്നു, നമ്മുടെ വേഗത സ്ഥിരമാണ്, നമ്മുടെ ദിശ സ്ഥിരതയുള്ളതാണ്, നമ്മുടെ ഉദ്ദേശ്യം രാഷ്ട്രം ആദ്യം എന്നതിലാണ്. 2025 വർഷം മുഴുവൻ അത്തരം പരിഷ്കാരങ്ങളുടെ വർഷമായിരുന്നു. ഏറ്റവും വലിയ പരിഷ്കാരം അടുത്ത തലമുറ ജിഎസ്ടി ആയിരുന്നു. ഈ പരിഷ്കാരങ്ങളുടെ സ്വാധീനം രാജ്യം മുഴുവൻ കണ്ടു. ഈ വർഷം, നേരിട്ടുള്ള നികുതി സമ്പ്രദായത്തിൽ ഒരു പ്രധാന പരിഷ്കരണം നടപ്പിലാക്കി. 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയില്ല എന്നത് ഒരു ദശാബ്ദം മുമ്പ് ചിന്തിക്കാൻ പോലും അസാധ്യമായ ഒരു ചുവട് വയ്പ്പായിരുന്നു.

സുഹൃത്തുക്കളെ,

ഈ പരിഷ്കാര പരമ്പര മുന്നോട്ട് കൊണ്ടുപോകുമ്പോൾ, മൂന്ന്-നാല് ദിവസം മുമ്പ്, ചെറുകിട കമ്പനിയുടെ നിർവചനം മാറ്റി. ഇതോടെ, ആയിരക്കണക്കിന് കമ്പനികൾ ഇപ്പോൾ എളുപ്പമുള്ള നിയമങ്ങൾ, വേഗതയേറിയ പ്രക്രിയകൾ, മികച്ച സൗകര്യങ്ങൾ എന്നിവയുടെ പരിധിയിൽ വരുന്നു. നിർബന്ധിത ഗുണനിലവാര നിയന്ത്രണ വ്യവസ്ഥകളിൽ നിന്ന് ഏകദേശം 200 ഉൽപ്പന്ന വിഭാഗങ്ങളും ഞങ്ങൾ നീക്കം ചെയ്തിട്ടുണ്ട്.

സുഹൃത്തുക്കളെ,

ഇന്നത്തെ ഇന്ത്യയുടെ ഈ യാത്ര വികസനം മാത്രമല്ല. ഇത് ചിന്തയിലെ മാറ്റത്തിന്റെ ഒരു യാത്ര കൂടിയാണ്, ഇത് മാനസിക നവോത്ഥാനത്തിന്റെ ഒരു യാത്ര കൂടിയാണ്. ആത്മവിശ്വാസമില്ലാതെ ഒരു രാജ്യത്തിനും പുരോഗമിക്കാൻ കഴിയില്ലെന്ന് നിങ്ങൾക്കറിയാം. നിർഭാഗ്യവശാൽ, ഇന്ത്യയുടെ ദീർഘകാലത്തെ അടിമത്തം ഈ ആത്മവിശ്വാസത്തെ തന്നെ ഉലച്ചു. ഇതിന് കാരണം അടിമത്തത്തിന്റെ മാനസികാവസ്ഥയായിരുന്നു. വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ അടിമത്തത്തിന്റെ ഈ മാനസികാവസ്ഥ ഒരു വലിയ തടസ്സമാണ്. അതിനാൽ, ഇന്നത്തെ ഇന്ത്യ അടിമത്തത്തിന്റെ മാനസികാവസ്ഥയിൽ നിന്ന് മോചനം നേടാൻ പ്രവർത്തിക്കുന്നു.

 

സുഹൃത്തുക്കളെ,

ഇന്ത്യയെ ദീർഘകാലം ഭരിക്കണമെങ്കിൽ ഇന്ത്യക്കാരുടെ ആത്മവിശ്വാസം കവർന്നെടുക്കുകയും അവരിൽ അപകർഷതാബോധം വളർത്തുകയും ചെയ്യണമെന്ന് ബ്രിട്ടീഷുകാർക്ക് നന്നായി അറിയാമായിരുന്നു. ആ കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ ചെയ്തത് അതാണ്. അതിനാൽ, ഇന്ത്യൻ കുടുംബഘടനയെ കാലഹരണപ്പെട്ടതായി വിശേഷിപ്പിച്ചു, ഇന്ത്യൻ വസ്ത്രധാരണത്തെ പ്രൊഫഷണലല്ലെന്ന് പ്രഖ്യാപിച്ചു, ഇന്ത്യൻ ഉത്സവങ്ങളെയും സംസ്കാരത്തെയും യുക്തിരഹിതമെന്ന് വിശേഷിപ്പിച്ചു, യോഗയെയും ആയുർവേദത്തെയും അശാസ്ത്രീയമെന്ന് വിശേഷിപ്പിച്ചു, ഇന്ത്യൻ കണ്ടുപിടുത്തങ്ങളെ പരിഹസിച്ചു, പതിറ്റാണ്ടുകളായി ഇവ തുടർച്ചയായി ആവർത്തിച്ചു, ഇത് തലമുറതലമുറയായി തുടർന്നു, ​ഇതേ കാര്യം വായിച്ചു, ഇതേ കാര്യം പഠിപ്പിച്ചു. അങ്ങനെ, ഇന്ത്യക്കാരുടെ ആത്മവിശ്വാസം തകർന്നു.

സുഹൃത്തുക്കളെ,

ഈ അടിമത്ത മനോഭാവത്തിന്റെ ആഘാതം എത്രത്തോളം വ്യാപകമായിരുന്നു എന്നതിന്റെ ചില ഉദാഹരണങ്ങൾ ഞാൻ നിങ്ങൾക്ക് നൽകാൻ ആഗ്രഹിക്കുന്നു. ഇന്ന്, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. ചിലർ ഇന്ത്യയെ ഒരു ആഗോള വളർച്ചാ എഞ്ചിൻ എന്നും മറ്റു ചിലർ ഒരു ആഗോള ശക്തികേന്ദ്രം എന്നും വിളിക്കുന്നു. ഇന്ന് ശ്രദ്ധേയമായ നിരവധി കാര്യങ്ങൾ സംഭവിക്കുന്നു.

പക്ഷേ സുഹൃത്തുക്കളെ,

ഇന്ത്യ ഇന്ന് അനുഭവിക്കുന്ന ദ്രുതഗതിയിലുള്ള വളർച്ചയെക്കുറിച്ച് നിങ്ങൾ എവിടെയെങ്കിലും വായിച്ചിട്ടുണ്ടോ? നിങ്ങൾ അതിനെക്കുറിച്ച് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ആരെങ്കിലും അതിനെ ഹിന്ദു വളർച്ചാ നിരക്ക് എന്ന് വിളിക്കുന്നുണ്ടോ? ലോകത്തിലെ ഏറ്റവും വേഗതയേറിയ സമ്പദ്‌വ്യവസ്ഥ, ഏറ്റവും വേഗതയേറിയ വളർച്ച, ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടോ? എപ്പോഴാണ് അതിനെ ഹിന്ദു വളർച്ചാ നിരക്ക് എന്ന് വിളിച്ചത്? ഇന്ത്യ രണ്ട് മുതൽ മൂന്ന് ശതമാനം വരെ വളർച്ച ആഗ്രഹിച്ചപ്പോൾ. ഒരു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ അവിടെ താമസിക്കുന്ന ജനങ്ങളുടെ വിശ്വാസവുമായി, അവരുടെ സ്വത്വവുമായി ബന്ധിപ്പിക്കുമ്പോൾ, ഇത് യാദൃശ്ചികമായി സംഭവിച്ചതായിരിക്കുമോ എന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇല്ല, അത് അടിമത്തത്തിന്റെ മാനസികാവസ്ഥയുടെ പ്രതിഫലനമായിരുന്നു. ഒരു മുഴുവൻ സമൂഹത്തെയും, ഒരു മുഴുവൻ പാരമ്പര്യത്തെയും, ഉൽപ്പാദനക്ഷമതയില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും പര്യായമാക്കി മാറ്റി. ഇതിനർത്ഥം ഇന്ത്യയുടെ മന്ദഗതിയിലുള്ള വളർച്ചാ നിരക്കിന് കാരണം നമ്മുടെ ഹിന്ദു നാഗരികതയും ഹിന്ദു സംസ്കാരവുമാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു എന്നാണ്. പരിധി നോക്കുക, ഇന്ന് എല്ലാത്തിലും വർഗീയത കണ്ടെത്തുന്ന ബുദ്ധിജീവികൾ എന്ന് വിളിക്കപ്പെടുന്നവർ, ഹിന്ദു വളർച്ചാ നിരക്കിൽ വർഗീയത കണ്ടില്ല. ഈ പദം അവരുടെ കാലത്ത് പുസ്തകങ്ങളിലും ഗവേഷണ പ്രബന്ധങ്ങളിലും ഉൾപ്പെടുത്തിയിരുന്നു.

 

സുഹൃത്തുക്കളെ,

ഇന്ത്യയിലെ ഉല്പാദന ആവാസവ്യവസ്ഥയെ അടിമത്ത മനോഭാവം എങ്ങനെ നശിപ്പിച്ചു, നമ്മൾ അത് എങ്ങനെ പുനരുജ്ജീവിപ്പിക്കുന്നു എന്നതിന്റെ ചില ഉദാഹരണങ്ങളും ഞാൻ നൽകാം. അടിമത്ത കാലഘട്ടത്തിൽ പോലും ഇന്ത്യ ഒരു പ്രധാന ആയുധ നിർമ്മാതാവായിരുന്നു. നമുക്ക് ആയുധ ഫാക്ടറികളുടെ ശക്തമായ ഒരു ശൃംഖല ഉണ്ടായിരുന്നു. ഇന്ത്യയിൽ നിന്നാണ് ആയുധങ്ങൾ കയറ്റുമതി ചെയ്തത്. ലോകമഹായുദ്ധസമയത്ത് പോലും ഇന്ത്യയിൽ നിർമ്മിച്ച ആയുധങ്ങൾ പ്രസിദ്ധമായിരുന്നു. എന്നാൽ സ്വാതന്ത്ര്യാനന്തരം, നമ്മുടെ പ്രതിരോധ ഉല്പാദന ആവാസവ്യവസ്ഥ നശിപ്പിക്കപ്പെട്ടു. അടിമത്തത്തിന്റെ മാനസികാവസ്ഥ വളരെ പ്രബലമായിത്തീർന്നു, ഗവൺമെന്റിലെ ആളുകൾ ഇന്ത്യയിൽ നിർമ്മിച്ച ആയുധങ്ങളെ കുറച്ചുകാണാൻ തുടങ്ങി, ഈ മാനസികാവസ്ഥ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇറക്കുമതിക്കാരിൽ ഒന്നാക്കി മാറ്റി.

സുഹൃത്തുക്കളെ,

കപ്പൽനിർമ്മാണ വ്യവസായത്തിനോടും അടിമത്ത മനോഭാവം അതുതന്നെയാണ് ചെയ്തത്. നൂറ്റാണ്ടുകളായി ഇന്ത്യ കപ്പൽനിർമ്മാണത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു. 5-6 പതിറ്റാണ്ടുകൾക്ക് മുമ്പ് വരെ, അതായത് 50-60 വർഷങ്ങൾക്ക് മുമ്പ് വരെ, ഇന്ത്യയുടെ വ്യാപാരത്തിന്റെ നാൽപ്പത് ശതമാനം ഇന്ത്യൻ കപ്പലുകളിലൂടെയായിരുന്നു നടന്നിരുന്നത്. എന്നാൽ അടിമത്ത മനോഭാവം വിദേശ കപ്പലുകൾക്ക് മുൻഗണന നൽകാൻ തുടങ്ങി. അതിന്റെ ഫലം എല്ലാവരുടെയും മുന്നിലുണ്ട്, ഒരുകാലത്ത് സമുദ്രശക്തിയായിരുന്ന രാജ്യം അതിന്റെ വ്യാപാരത്തിന്റെ 95 ശതമാനത്തിനും വിദേശ കപ്പലുകളെ ആശ്രയിക്കുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. ഇക്കാരണത്താൽ, ഇന്ന് ഇന്ത്യ വിദേശ ഷിപ്പിംഗ് കമ്പനികൾക്ക് പ്രതിവർഷം ഏകദേശം 75 ബില്യൺ ഡോളർ, അതായത് ഏകദേശം 6 ലക്ഷം കോടി രൂപ നൽകുന്നു.

സുഹൃത്തുക്കളെ,

കപ്പൽനിർമ്മാണമായാലും പ്രതിരോധ നിർമ്മാണമായാലും, ഇന്ന് എല്ലാ മേഖലയിലും അടിമത്തത്തിന്റെ മനോഭാവം ഉപേക്ഷിച്ച് പുതിയ മഹത്വം കൈവരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

സുഹൃത്തുക്കളെ,

ഭരണത്തോടുള്ള ഇന്ത്യയുടെ സമീപനത്തിനും അടിമത്ത മനോഭാവം കാര്യമായ ഹാനി വരുത്തിയിട്ടുണ്ട്. വളരെക്കാലമായി, ​ഗവൺമെൻ്റ് സംവിധാനം അതിന്റെ പൗരന്മാരിൽ അവിശ്വാസം പുലർത്തിയിരുന്നു. മുമ്പ് ഒരാൾക്ക് സ്വന്തം രേഖകൾ ഒരു ഗവൺമെൻ്റ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തണമായിരുന്നുവെന്ന് നിങ്ങൾ ഓർക്കുന്നുണ്ടാകും. അവർ അതിൽ മുദ്രകുത്തിയില്ലെങ്കിൽ, എല്ലാം നുണയായി കണക്കാക്കപ്പെട്ടിരുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ സർട്ടിഫിക്കറ്റ്. ഈ അവിശ്വാസബോധം ഞങ്ങൾ തകർത്തു, സ്വയം സാക്ഷ്യപ്പെടുത്തൽ മതിയെന്ന് ഞങ്ങൾ കരുതി. എന്റെ രാജ്യത്തെ പൗരൻ പറയുന്നു സഹോദരാ, ഇതാണ് ഞാൻ പറയുന്നത്, അദ്ദേഹത്തെ ഞാൻ  വിശ്വസിക്കുന്നു.

 

സുഹൃത്തുക്കളെ,

ചെറിയ തെറ്റുകൾ പോലും ഗുരുതരമായ കുറ്റകൃത്യങ്ങളായി കണക്കാക്കുന്ന അത്തരം വ്യവസ്ഥകൾ നമ്മുടെ രാജ്യത്ത് നിലവിലുണ്ടായിരുന്നു. ഞങ്ങൾ ജൻ വിശ്വാസ് നിയമം കൊണ്ടുവന്നു, അത്തരം നൂറുകണക്കിന് വ്യവസ്ഥകൾ കുറ്റകൃത്യമല്ലാതാക്കി.

സുഹൃത്തുക്കളെ,

മുമ്പ്, ഒരു ബാങ്കിൽ നിന്ന് ആയിരം രൂപ വായ്പ ആവശ്യമായിരുന്നെങ്കിൽ പോലും, ഉയർന്ന തോതിലുള്ള അവിശ്വാസം കാരണം ബാങ്ക് ഒരു ഗ്യാരണ്ടി ചോദിക്കുമായിരുന്നു. മുദ്ര യോജനയിലൂടെ നാം ഈ അവിശ്വാസത്തിന്റെ ദുഷിച്ച ചക്രം തകർത്തു. ഈ പദ്ധതി പ്രകാരം, നമ്മുടെ നാട്ടുകാർക്ക് 37 ലക്ഷം കോടി രൂപയുടെ ഈട് രഹിത വായ്പകൾ ഇതിനകം നൽകിയിട്ടുണ്ട്. ഈ പണം ഈ കുടുംബങ്ങളിലെ യുവാക്കൾക്ക് സംരംഭകരാകാനുള്ള ആത്മവിശ്വാസം നൽകി. ഇന്ന്, തെരുവ് കച്ചവടക്കാർക്കും വണ്ടി വലിക്കുന്നവർക്കും പോലും ഗ്യാരണ്ടി ഇല്ലാതെ ബാങ്കുകളിൽ നിന്ന് പണം നൽകുന്നു.

സുഹൃത്തുക്കളെ,

നമ്മുടെ രാജ്യത്ത് എപ്പോഴും വിശ്വസിച്ചിരുന്നത് ​ഗവൺമെൻ്റിന് എന്തെങ്കിലും നൽകിയാൽ അത് പോയെന്നാണ്, ഒരിക്കൽ അത് നൽകിയാൽ അത് തിരികെ വരില്ല, അത് പോയി, അത് പോയി, ഇത് എല്ലാവരുടെയും അനുഭവമാണ്. എന്നാൽ ​ഗവൺമെൻ്റിനും പൊതുജനങ്ങൾക്കും ഇടയിൽ വിശ്വാസം ശക്തമാകുമ്പോൾ, ജോലി എങ്ങനെ നടക്കും? നാളെ എന്തെങ്കിലും നല്ലത് ചെയ്യണമെങ്കിൽ, ഇന്ന് നല്ലത് ചെയ്യാൻ നിങ്ങൾ തീരുമാനിക്കണം. മനസ്സ് നല്ലതാണെങ്കിൽ, നാളെയും നല്ലതായിരിക്കും. അതുകൊണ്ടാണ് ഞങ്ങൾ മറ്റൊരു കാമ്പെയ്‌ൻ കൊണ്ടുവന്നിരിക്കുന്നത്, അതിനെക്കുറിച്ച് കേൾക്കുമ്പോൾ നിങ്ങൾ അത്ഭുതപ്പെടും, ഇതുവരെ പത്രങ്ങളും പത്രപ്രവർത്തകരും അത് ശ്രദ്ധിച്ചിട്ടില്ല, അവർ അത് ശ്രദ്ധിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, ഇത് കഴിഞ്ഞ് സംഭവിക്കാം.

ഇന്ന് നമ്മുടെ സ്വന്തം പൗരന്മാരുടെ 78,000 കോടി രൂപ രാജ്യത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്നു എന്നറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും. അത് ആരുടേതാണെന്നും, എവിടെയാണെന്നും ആർക്കും അറിയില്ല. ഈ പണത്തെക്കുറിച്ച് അന്വേഷിക്കാൻ ആരുമില്ല. അതുപോലെ, ഇൻഷുറൻസ് കമ്പനികളുടെ പക്കൽ ഏകദേശം 14,000 കോടി രൂപയുണ്ട്. മ്യൂച്വൽ ഫണ്ട് കമ്പനികളുടെ പക്കൽ ഏകദേശം 3,000 കോടി രൂപയുണ്ട്. 9,000 കോടി രൂപയുടെ ലാഭവിഹിതം അവരുടെ പക്കലുണ്ട്. ഇതെല്ലാം അവകാശപ്പെടാതെ കിടക്കുന്നു, ആർക്കും അതിന്റെ ഉടമസ്ഥതയില്ല. ഈ പണം ദരിദ്രരുടെയും മധ്യവർഗ കുടുംബങ്ങളുടെയും ആണ്, അതിനാൽ, അത് കൈവശമുള്ള വ്യക്തി അത് മറന്നുപോയി. നമ്മുടെ ​ഗവൺമെൻ്റ് ഇപ്പോൾ രാജ്യമെമ്പാടും അവരെ തിരയുകയാണ്, ഹേ സഹോദരാ, പറയൂ, ആ പണം നിങ്ങളുടേതല്ല, അത് നിങ്ങളുടെ മാതാപിതാക്കളുടെ പണമല്ല, ആരെങ്കിലും അത് ഉപേക്ഷിച്ചു പോയിട്ടുണ്ടോ, ഞങ്ങൾ പോകുന്നു. നമ്മുടെ ​ഗവൺമെൻ്റ് അതിന്റെ യഥാർത്ഥ ഉടമകളെ സമീപിക്കുന്ന തിരക്കിലാണ്. ഇതിനായി, ഗവൺമെൻ്റ് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കാൻ തുടങ്ങി, സഹോദരാ, നോക്കൂ, ആരെങ്കിലും ഉണ്ടെങ്കിൽ അവർ എവിടെയാണെന്ന് അറിയണമെന്ന് ജനങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങളുടെ പണം എവിടെയെങ്കിലും പോയിട്ടുണ്ടോ? ഇതുവരെ, ഏകദേശം 500 ജില്ലകളിൽ ഇത്തരം ക്യാമ്പുകൾ സംഘടിപ്പിച്ചുകൊണ്ട്, ആയിരക്കണക്കിന് കോടി രൂപ യഥാർത്ഥ ഉടമസ്ഥർക്ക് ഞങ്ങൾ നൽകിയിട്ടുണ്ട്. പണം അവിടെ കിടക്കുകയായിരുന്നു, ചോദിക്കാൻ ആരുമില്ലായിരുന്നു, പക്ഷേ ഇത് മോദിയാണ്, അദ്ദേഹം തിരയുകയാണ്, ഹേ സുഹൃത്തേ, ഇത് നിങ്ങളുടേതാണ്, എടുക്കൂ.

സുഹൃത്തുക്കളെ,

ഇത് ആസ്തികൾ തിരികെ നൽകുന്നതിന്റെ മാത്രം കാര്യമല്ല, വിശ്വാസത്തിന്റെ കാര്യമാണ്. ജനങ്ങളുടെ വിശ്വാസം തുടർച്ചയായി നേടാനുള്ള പ്രതിബദ്ധതയാണിത്, ജനങ്ങളുടെ വിശ്വാസമാണ് നമ്മുടെ ഏറ്റവും വലിയ ആസ്തി. അടിമത്തത്തിന്റെ ഒരു മാനസികാവസ്ഥ ഉണ്ടായിരുന്നെങ്കിൽ ​ഗവൺമെൻ്റ് നിഷ്ക്രിയമായിരുന്നേനെ, അത്തരം പ്രചാരണങ്ങൾ ഒരിക്കലും നടത്തപ്പെടുമായിരുന്നില്ല.

സുഹൃത്തുക്കളെ,

എല്ലാ മേഖലകളിലെയും അടിമത്തത്തിന്റെ മാനസികാവസ്ഥയിൽ നിന്ന് നമ്മുടെ രാജ്യത്തെ പൂർണ്ണമായും മോചിപ്പിക്കണം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഞാൻ രാഷ്ട്രത്തോട് ഒരു അഭ്യർത്ഥന നടത്തി. അടുത്ത 10 വർഷത്തെ സമയപരിധിയിൽ, എന്റെ വാക്കുകൾ കേൾക്കാൻ, എന്റെ നാട്ടുകാർ എന്നോടൊപ്പം എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു, കൂപ്പുകൈകളോടെ ഞാൻ അപേക്ഷിക്കുന്നു. 140 കോടി പൗരന്മാരുടെ സഹായമില്ലാതെ എനിക്ക് ഇത് ചെയ്യാൻ കഴിയില്ല, അതുകൊണ്ടാണ് ഞാൻ കൈകൾ കൂപ്പി നാട്ടുകാരോട് ആവർത്തിച്ച് പറയുന്നത്, ഈ 10 വർഷത്തെ കാലയളവിൽ ഞാൻ ആവശ്യപ്പെടുന്നത് എന്താണ്? ഇന്ത്യയിൽ മാനസിക അടിമത്തത്തിന്റെ വിത്തുകൾ പാകിയ മക്കാളെയുടെ നയം 2035 ൽ 200 വർഷം പൂർത്തിയാകും. അതായത് 10 വർഷം കൂടി ബാക്കിയുണ്ട്. അതിനാൽ, ഈ പത്ത് വർഷത്തിനുള്ളിൽ, നമ്മുടെ രാജ്യത്തെ അടിമത്തത്തിന്റെ മാനസികാവസ്ഥയിൽ നിന്ന് മോചിപ്പിക്കാൻ നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം.

സുഹൃത്തുക്കളെ,

ഞാൻ പലപ്പോഴും പറയാറുണ്ട്, നമ്മൾ പഴയ പാത പിന്തുടരുന്നവരല്ല. നല്ലൊരു നാളേക്ക് വേണ്ടി, നമ്മുടെ ചക്രവാളങ്ങൾ വിശാലമാക്കണം. രാജ്യത്തിന്റെ ഭാവി ആവശ്യങ്ങൾ മനസ്സിലാക്കുകയും വർത്തമാനകാലത്ത് പരിഹാരങ്ങൾ കണ്ടെത്തുകയും വേണം. ഇപ്പോൾ ഞാൻ മെയ്ക്ക് ഇൻ ഇന്ത്യയെയും ആത്മനിർഭർ ഭാരത് അഭിയാനെയും കുറിച്ച് നിരന്തരം ചർച്ച ചെയ്യുന്നത് നിങ്ങൾ കാണുന്നു. ശോഭന ജിയും തന്റെ പ്രസംഗത്തിൽ അത് പരാമർശിച്ചു. 4-5 പതിറ്റാണ്ടുകൾക്ക് മുമ്പ് ഇത്തരം പ്രചാരണങ്ങൾ ആരംഭിച്ചിരുന്നെങ്കിൽ, ഇന്ന് ഇന്ത്യയുടെ ചിത്രം വ്യത്യസ്തമാകുമായിരുന്നു. എന്നാൽ അന്ന് അധികാരത്തിലിരുന്ന ​ഗവൺമെൻ്റുകൾക്ക് വ്യത്യസ്ത മുൻഗണനകളായിരുന്നു. സെമികണ്ടക്ടർ കഥ നിങ്ങൾക്കറിയാം. ഏകദേശം 50-60 വർഷങ്ങൾക്ക് മുമ്പ്, അഞ്ച് മുതൽ ആറ് പതിറ്റാണ്ടുകൾ മുമ്പ്, ഒരു കമ്പനി സെമികണ്ടക്ടർ പ്ലാന്റ് സ്ഥാപിക്കാൻ ഇന്ത്യയിൽ വന്നു, പക്ഷേ അത് അവഗണിക്കപ്പെട്ടു, സെമികണ്ടക്ടർ നിർമ്മാണത്തിൽ രാജ്യം വളരെ പിന്നിലായി.

സുഹൃത്തുക്കളെ,

ഊർജ്ജ മേഖലയുടെ കാര്യവും ഇതുതന്നെയാണ്. ഇന്ന് ഇന്ത്യ പ്രതിവർഷം ഏകദേശം 125 ലക്ഷം കോടി രൂപയുടെ, അതായത് 125 ലക്ഷം കോടി രൂപയുടെ പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവ ഇറക്കുമതി ചെയ്യുന്നു. നമ്മുടെ രാജ്യത്തിന് സൂര്യദേവന്റെ മഹത്തായ അനുഗ്രഹമുണ്ട്, പക്ഷേ 2014 വരെ ഇന്ത്യയിലെ സൗരോർജ്ജ ഉൽപാദന ശേഷി 3 ജിഗാവാട്ട് മാത്രമായിരുന്നു. നിങ്ങൾ എന്നെ ഇവിടെ കൊണ്ടുവരുന്നതുവരെ ഞാൻ 2014 നെക്കുറിച്ചാണ് സംസാരിക്കുന്നത്. 3 ജിഗാവാട്ട്, എന്നാൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ അത് ഇപ്പോൾ ഏകദേശം 130 ജിഗാവാട്ടായി വളർന്നു. അതിൽ, പുരപ്പുറ സോളാറിൽ നിന്ന് മാത്രം 22 ജിഗാവാട്ട് ശേഷി ഇന്ത്യ ചേർത്തു. പുരപ്പുറ സോളാറിൽ നിന്ന് 22 ജിഗാവാട്ട് ഊർജ്ജം.

സുഹൃത്തുക്കളെ,

പിഎം സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജന രാജ്യത്തെ ജനങ്ങൾക്ക് ഊർജ്ജ സുരക്ഷയുടെ ഈ പ്രചാരണത്തിൽ നേരിട്ട് പങ്കെടുക്കാൻ അവസരം നൽകിയിട്ടുണ്ട്. ഞാൻ കാശിയിലെ എംപിയാണ്. പ്രധാനമന്ത്രി എന്ന നിലയിൽ എനിക്ക് എന്റെ ജോലിയുണ്ട്, പക്ഷേ ഒരു എംപി എന്ന നിലയിലും എനിക്ക് കുറച്ച് ജോലി ചെയ്യാനുണ്ട്. കാശിയിലെ എംപി എന്ന നിലയിൽ ഞാൻ നിങ്ങളോട് ഒരു കാര്യം പറയട്ടെ. നിങ്ങളുടെ ഹിന്ദി പത്രം ശക്തമാണ്, അതിനാൽ അത് തീർച്ചയായും ഉപയോഗപ്രദമാകും. കാശിയിലെ 26 ആയിരത്തിലധികം വീടുകളിൽ പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജനയ്ക്ക് കീഴിൽ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുമൂലം, പ്രതിദിനം മൂന്ന് ലക്ഷത്തിലധികം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നു, കൂടാതെ ആളുകൾ പ്രതിമാസം ഏകദേശം 5 കോടി രൂപ ലാഭിക്കുന്നു. അതായത് ഒരു വർഷത്തിൽ അറുപത് കോടി രൂപ.

സുഹൃത്തുക്കളെ,

ഇത്രയധികം സൗരോർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനാൽ, ഓരോ വർഷവും ഏകദേശം തൊണ്ണൂറായിരം മെട്രിക് ടൺ കാർബൺ ഉദ്‌വമനം കുറയുന്നു. ഇത്രയും കാർബൺ ഉദ്‌വമനം ആഗിരണം ചെയ്യാൻ, നമ്മൾ 40 ലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിക്കേണ്ടതുണ്ട്. ഞാൻ വീണ്ടും പറയട്ടെ, ഞാൻ നൽകിയ ഈ കണക്കുകൾ കാശിക്കും ബനാറസിനും മാത്രമുള്ളതാണ്; ഞാൻ മുഴുവൻ രാജ്യത്തെക്കുറിച്ചും സംസാരിക്കുന്നില്ല. പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജന രാജ്യത്തിന് നൽകുന്ന വലിയ നേട്ടം നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇന്നത്തെ ഒരു പദ്ധതിക്ക് ഭാവിയെ പരിവർത്തനം ചെയ്യാൻ എത്രത്തോളം വൈദ്യുതി ആവശ്യമാണെന്നതിന്റെ ഒരു ഉദാഹരണമാണിത്.

സുഹൃത്തുക്കളെ,

നിങ്ങൾ മൊബൈൽ നിർമ്മാണ സ്ഥിതിവിവരക്കണക്കുകൾ കണ്ടിട്ടുണ്ടാകും. 2014 ന് മുമ്പ്, നമ്മുടെ മൊബൈൽ ഫോണുകളുടെ 75 ശതമാനവും, 75 ശതമാനവും, ഇറക്കുമതി ചെയ്തിരുന്നു. ഇപ്പോൾ, ഇന്ത്യയുടെ മൊബൈൽ ഫോൺ ഇറക്കുമതി ഏതാണ്ട് പൂജ്യമായി കുറഞ്ഞു. നമ്മൾ ഇപ്പോൾ ഒരു പ്രധാന മൊബൈൽ ഫോൺ കയറ്റുമതിക്കാരായി മാറുകയാണ്. 2014 ന് ശേഷം, നമ്മൾ ഒരു പരിഷ്കാരം നടപ്പിലാക്കി, രാജ്യം മികച്ച പ്രകടനം കാഴ്ചവച്ചു, ഇന്ന് ലോകം അതിന്റെ പരിവർത്തന ഫലങ്ങൾ കാണുന്നു.

സുഹൃത്തുക്കളെ,

നാളയെ പരിവർത്തനം ചെയ്യുന്നതിൻ്റെ ഈ യാത്ര അത്തരം നിരവധി പദ്ധതികളുടെയും, നിരവധി നയങ്ങളുടെയും, നിരവധി തീരുമാനങ്ങളുടെയും, പൊതുജനാഭിലാഷങ്ങളുടെയും, പൊതുജനപങ്കാളിത്തത്തിന്റെയും ഒരു യാത്രയാണ്. ഇത് തുടർച്ചയുടെ ഒരു യാത്രയാണ്. ഇത് ഒരു ഉച്ചകോടിയുടെ ചർച്ചകളിൽ മാത്രം ഒതുങ്ങുന്നില്ല; ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഇത് ഒരു ദേശീയ ദൃഢനിശ്ചയമാണ്. ഈ പ്രമേയത്തിൽ എല്ലാവരുടെയും പിന്തുണ ആവശ്യമാണ്, എല്ലാവരുടെയും ശ്രമങ്ങൾ ആവശ്യമാണ്. മാറ്റത്തിന്റെ ഈ ഉന്നതിയിലെത്താൻ കൂട്ടായ ശ്രമങ്ങൾ തീർച്ചയായും നമുക്ക് അവസരം നൽകും.
      
സുഹൃത്തുക്കളെ,

ഒരിക്കൽ കൂടി, നിങ്ങളോടൊപ്പം ഉണ്ടായിരിക്കാനും നിങ്ങൾ ചിലപ്പോൾ നിർദ്ദേശിക്കുന്ന കാര്യങ്ങൾ നിറവേറ്റാനും എനിക്ക് അവസരം നൽകിയതിന് ശോഭന ജിയോടും ഹിന്ദുസ്ഥാൻ ടൈംസിനോടും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. രാജ്യത്തെ ഫോട്ടോഗ്രാഫർമാർക്ക് ഇതൊരു പുതിയ ശക്തിയായി മാറുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഭാവിയിൽ ഇതുപോലുള്ള നിരവധി പുതിയ പരിപാടികൾ നിങ്ങൾക്ക് പരിഗണിക്കാവുന്നതാണ്. നിങ്ങൾക്ക് എന്റെ സഹായം ആവശ്യമുണ്ടെങ്കിൽ ദയവായി എന്നെ അറിയിക്കുക, ഈ ആശയം നൽകുന്നതിന് ഞാൻ ഒരു റോയൽറ്റിയും വാങ്ങുന്നില്ല. ഇതൊരു സൗജന്യ ബിസിനസ്സാണ്, ഇതൊരു മാർവാഡി കുടുംബമാണ്, അതിനാൽ ഇത് അവസരം നഷ്ടപ്പെടുത്തില്ല. നിങ്ങൾക്കെല്ലാവർക്കും വളരെ നന്ദി. 

നമസ്കാരം.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
ET@Davos 2026: ‘India has already arrived, no longer an emerging market,’ says Blackstone CEO Schwarzman

Media Coverage

ET@Davos 2026: ‘India has already arrived, no longer an emerging market,’ says Blackstone CEO Schwarzman
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജനുവരി 23
January 23, 2026

Viksit Bharat Rising: Global Deals, Infra Boom, and Reforms Propel India to Upper Middle Income Club by 2030 Under PM Modi