ഇന്ന്, നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും നെറ്റിയിൽനിന്നു സിന്ദൂരം മായ്ക്കുന്നതിന്റെ അനന്തരഫലങ്ങൾ ഓരോ ഭീകരനും അറിയാം: പ്രധാനമന്ത്രി
നീതിക്കുവേണ്ടിയുള്ള അചഞ്ചലമായ പ്രതിജ്ഞയാണ് ഓപ്പറേഷൻ സിന്ദൂർ: പ്രധാനമന്ത്രി
നമ്മുടെ സഹോദരിമാരുടെ നെറ്റിയിൽനിന്നു സിന്ദൂരം മായ്ക്കാൻ ഭീകരർ ധൈര്യംകാട്ടി; അതുകൊണ്ടാണ് ഇന്ത്യ ഭീകരതയുടെ ആസ്ഥാനം നശിപ്പിച്ചത്: പ്രധാനമന്ത്രി
നമ്മുടെ അതിർത്തികളിൽ ആക്രമണം നടത്താൻ പാകിസ്ഥാൻ തയ്യാറായിരുന്നു; പക്ഷേ ഇന്ത്യ അവരുടെ കേന്ദ്രത്തിൽത്തന്നെ അവരെ ആക്രമിച്ചു: പ്രധാനമന്ത്രി
ഓപ്പറേഷൻ സിന്ദൂർ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തെ പുനർനിർവചിച്ചു; നവമാനദണ്ഡവും സാധാരണമെന്ന പുതിയ നിലയും കൊണ്ടുവന്നു: പ്രധാനമന്ത്രി
ഇതു യുദ്ധത്തിന്റെ യുഗമല്ല; എന്നാൽ ഭീകരതയുടേതുമല്ല: പ്രധാനമന്ത്രി
​ഭീകരതയ്‌ക്കെതിരായ സഹിഷ്ണുതാരഹിതനയമാണ് മെച്ചപ്പെട്ട ലോകത്തിന്റെ ഉറപ്പ്: പ്രധാനമന്ത്രി
പാകിസ്ഥാനുമായുള്ള ഏതു ചർച്ചയും ഭീകരവാദത്തിലും പാക് അധീന കശ്മീരിലും ശ്രദ്ധ കേന്ദ്രീകരിക്കും: പ്രധാനമന്ത്രി

പ്രിയ ദേശവാസികളെ, നമസ്കാരം


കഴിഞ്ഞ ദിവസങ്ങളിൽ, രാജ്യത്തിന്റെ ശക്തിയും സംയമനവും നാമെല്ലാം കണ്ടു. ഞാൻ ആദ്യമായി ഭാരതത്തിലെ പരാക്രമശാലികളായ സൈനിക‍രെ‌യും, സായുധസേനാ വിഭാഗങ്ങളെയും, നമ്മുടെ രഹസ്യാന്വേഷണ എജൻസികളെയും, നമ്മുടെ ശാസ്ത്രജ്ഞരെയും ഓരോ ഭാരതീയരുടേയും പേരിൽ അഭിവാദ്യം ചെയ്യുകയാണ്. നമ്മുടെ വീരസൈനികർ ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യപ്രാപ്തിക്കായി അതിരുകളില്ലാത്ത ധൈര്യം പ്രകടിപ്പിച്ചു. ഞാൻ അവരുടെ ധീരതയെ, സാഹസത്തെ, പരാക്രമവീര്യത്തെ ആദരിക്കുന്നു. നമ്മുടെ രാജ്യത്തെ ഓരോ അമ്മമാ‍ർക്കും ഓരോ സഹോദരിമാർക്കും ഓരോ പെൺമക്കൾക്കും മുന്നിൽ ഈ പോരാട്ടവീര്യം ഞാൻ സമർപ്പിക്കുന്നു.


സുഹൃത്തുക്കളേ,


ഏപ്രിൽ 22ന് പഹൽഗാമിൽ തീവ്രവാദികൾ കാണിച്ച കാടത്തം രാജ്യത്തെയും ലോകത്തെ‌യാകെയും ഏറെ ഞെട്ടലിലാക്കി. നിർദോഷികളായ സാധാരണ പൗരൻമാരെ മതം ചോദിച്ച് അവരുടെ കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും മുന്നിൽ വെച്ച് നിർ​ദ്ദയമായി കൊലപ്പെടുത്തി. ഭീകരതയുടെയും ക്രൂരതയുടെയും ബീഭത്സമായ മുഖമായിരുന്നു അവിടെ വെളിപ്പെ‌ട്ടത്. രാജ്യത്തിന്റെ ഐക്യത്തെയും ഒത്തൊരുമയെയും ഇല്ലാതാക്കാനുള്ള വെറുപ്പുളവാക്കുന്ന ഒരു പരിശ്രമം കൂടിയായിരുന്നു അത്. എന്നെ സംബന്ധിച്ച് ഇത് വ്യക്തിപരമായി വളരെയധികം വേദനിപ്പിച്ച ഒന്നാണ്. ഈ ഭീകരവാദ ആക്രമണത്തിന് ശേഷം, രാജ്യം മുഴുവൻ -- ഓരോ പൗരനും, ഓരോ സമൂഹവും, ഓരോ ജനവിഭാഗവും, ഓരോ രാഷ്ട്രീയ പാ‍ർട്ടിയും -- ഒരേ സ്വരത്തിൽ ഭീകരവാദത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നു. ഞങ്ങൾ തീവ്രവാദികളെ തുടച്ചുനീക്കാൻ ഇന്ത്യൻ സൈന്യത്തിന് പൂർണമായ അധികാരം നൽകി. നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും നെറ്റിയിലെ സിന്ദൂരം മായ്ച്ചുകളഞ്ഞാൽ അതിന്റെ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന് ഇന്ന് ഓരോ ഭീകരവാദിക്കും, ഓരോ തീവ്രവാദ സംഘടനയ്ക്കും അറിയാം.

 

സുഹൃത്തുക്കളേ,


ഓപ്പറേഷൻ സിന്ദൂ‍ർ എന്നത് കേവലം ഒരു പേര് മാത്രമല്ല, ഇത് രാജ്യത്തെ കോടാനുകോടി ആളുകളുടെ വികാരങ്ങളുടെ പ്രതിഫലനമാണ്. ഓപ്പറേഷൻ സിന്ദൂ‍ർ നീതിയ്ക്കായുള്ള അഖണ്ഡമായ പ്രതിബദ്ധതയാണ്. ഈ പ്രതിജ്ഞ യാഥാർത്ഥ്യമായി മാറുന്നതിന് മെയ് 6ാം തീയതി അർദ്ധരാത്രിയും മെയ് 7ാം തീയതി പുലർച്ചെയും ലോകം മുഴുവൻ സാക്ഷ്യം വഹിച്ചു. തീവ്രവാദികളുടെ പാകിസ്ഥാനിലെ ഒളിസങ്കേതങ്ങളിലും, അവരുടെ പരിശീലന കേന്ദ്രങ്ങളിലും ഇന്ത്യൻ സൈന്യം കൃത്യതയോടെ ആക്രമണം നടത്തി. ഭാരതം ഇത്ര വലിയൊരു തീരുമാനം കൈക്കൊള്ളുമെന്ന് ഭീകരവാ​​ദികൾ ഒരിക്കലും കരുതിയിരുന്നില്ല. എന്നാൽ, രാഷ്ട്രം ആദ്യം എന്ന ചിന്തയോടെ രാജ്യമൊട്ടാകെ ഒന്നിച്ച് നിലകൊള്ളുമ്പോൾ, രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് പ്രഥമസ്ഥാനം കൽപ്പിക്കപ്പെടുമ്പോൾ, ശക്തമായ തീരുമാനങ്ങൾ എടുക്കപ്പെടുകയും അതിന്റെ ഫലങ്ങൾ നേടാനാകുകയും ചെയ്യുന്നു.

പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യയുടെ മിസൈലുകളും ഡ്രോണുകളും പതിച്ചപ്പോൾ, തീവ്രവാദ സംഘടനകളുടെ കെട്ടിടങ്ങൾ മാത്രമല്ല തകർക്കപ്പെട്ടത്. അവരുടെ ധൈര്യത്തെയും അത് ഇല്ലാതാക്കി. ബഹാവൽപൂ‍ർ, മുരിദ്കെ തുടങ്ങിയ തീവ്രവാദ കേന്ദ്രങ്ങൾ ആഗോള തീവ്രവാദത്തിന്റെ സ‍ർവകലാശാലകളാണ്. ലോകത്താകമാനം നടന്നിട്ടുള്ള വലിയ‌ തീവ്രവാദ ആക്രമണങ്ങൾ, 9/11 ആയാലും ലണ്ടൻ ട്യൂബ് ബോംബാക്രമണം ആയാലും, അല്ലെങ്കിൽ ഇന്ത്യയിൽ കഴിഞ്ഞ പല ദശകങ്ങളിലായി നടന്നിട്ടുള്ള വലിയ തീവ്രവാദ ആക്രമണങ്ങൾ ആയാലും, അതിന്റെയെല്ലാം വേരുകൾ ഏതെങ്കിലും തരത്തിൽ ഈ ഭീകരവാദ ഒളിസങ്കേതങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. തീവ്രവാദികൾ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചുകളഞ്ഞു, അവരുടെ ആസ്ഥാനം തന്നെ തകർത്തുകൊണ്ട് ഇന്ത്യ പ്രതികരിക്കുകയും ചെയ്തു. ഇന്ത്യ നടത്തിയ ഈ ആക്രമണങ്ങളിൽ നൂറിലധികം ഭീകരവാദികൾ കൊല്ലപ്പെട്ടു. പല തീവ്രവാദി നേതാക്കളും കഴിഞ്ഞ രണ്ടര-മൂന്ന് പതിറ്റാണ്ടുകളായി പാകിസ്ഥാനിൽ സ്വൈര്യവിഹാരം നടത്തുകയായിരുന്നു. അവർ ഇന്ത്യയ്ക്കെതിരായി ​ഗൂഢാലോചന നടത്തുന്നുണ്ടായിരുന്നു. ഇന്ത്യ അവരെ ഒറ്റയ‌‌ടിക്ക് ഇല്ലാതാക്കി.

 

സുഹൃത്തുക്കളേ,


ഇന്ത്യയുടെ ഈ നീക്കത്തിൽ പാകിസ്ഥാന് കടുത്ത നിരാശയും ഇച്ഛാഭം​ഗവുമുണ്ടായി. അവർ പരിഭ്രാന്തിയിലായി. ആ പരിഭ്രാന്തിയ്ക്കിടയിൽ അവ​ർ മറ്റൊരു ഭീരുത്വപരമായ നടപടി സ്വീകരിച്ചു. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ആക്രമണത്തെ പിന്തുണയ്ക്കുന്നതിനു പകരം, പാകിസ്ഥാൻ ഇന്ത്യയെ തിരിച്ചാക്രമിക്കാൻ തുടങ്ങി. പാകിസ്ഥാൻ നമ്മുടെ സ്കൂളുകളും കോളേജുകളും, ഗുരുദ്വാരകളും, ക്ഷേത്രങ്ങളും, സാധാരണക്കാരുടെ വീടുകളും ലക്ഷ്യം വച്ചു. പാകിസ്ഥാൻ നമ്മുടെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വച്ചു. എന്നാൽ, ഈ നീക്കത്തിലൂടെ പാകിസ്ഥാൻ സ്വയം വെളിപ്പെടുത്തുകയാണുണ്ടായത്. പാകിസ്ഥാന്റെ ‍ഡ്രോണുകളും മിസൈലുകളും ഇന്ത്യയ്ക്കു മുന്നിൽ പുൽക്കൊടികളെപ്പോലെ ചിതറിവീഴുന്നത് ലോകം കണ്ടു. ഇന്ത്യയുടെ ശക്തമായ വ്യോമ പ്രതിരോധ സംവിധാനം അവയെ ആകാശത്തു വച്ചു തന്നെ നശിപ്പിച്ചു. അതിർത്തി‌യിൽ ആക്രമണം നടത്താൻ പാകിസ്ഥാൻ പദ്ധതിയിട്ടിരുന്നു, എന്നാൽ ഇന്ത്യ പാകിസ്ഥാന്റെ നെഞ്ചിനു നേരെ നിറയൊഴിച്ചു. ഇന്ത്യയുടെ ഡ്രോണുകളും മിസൈലുകളും കൃത്യതയോടെ തിരിച്ചടിച്ചു. പാകിസ്ഥാൻ ഏറെ ഊറ്റം കൊണ്ടിരുന്ന പാകിസ്ഥാനി വ്യോമസേനയുടെ വ്യോമത്താവളങ്ങളെ അവ തകർത്തു. ആദ്യത്തെ മൂന്നു ദിവസങ്ങളിൽത്തന്നെ പാകിസ്ഥാന് ഇന്ത്യ കനത്ത നാശനഷ്ടങ്ങൾ വരുത്തി. അത് അവർ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽ, ഇന്ത്യയുടെ അതിശക്തമായ ആക്രമണത്തിനു ശേഷം പാകിസ്ഥാൻ രക്ഷാമാർ​ഗങ്ങളെക്കുറിച്ച് ചിന്തിച്ചു തുടങ്ങി. ആക്രമണങ്ങൾ ലഘൂകരിക്കാനായി പാകിസ്ഥാൻ ലോകത്തോട് അപേക്ഷിച്ചു. കനത്ത നഷ്‌ടങ്ങൾ നേരിട്ടതിനു ശേഷം, പാകിസ്ഥാൻ സൈന്യം മെയ് 10ന് ഉച്ചയോ‌ടെ നമ്മുടെ ഡിജിഎംഒയുമായി ബന്ധപ്പെട്ടു. അതിനോടകം നാം ഭീകരത‌യുടെ അടിസ്ഥാന കേന്ദ്രങ്ങളെ വലിയ തോതിൽ നശിപ്പിച്ചു കഴിഞ്ഞിരുന്നു. ഭീകരവാദികളെ ഇല്ലായ്മ ചെയ്തിരുന്നു. പാകിസ്ഥാന്റെ നെഞ്ചിൽ തഴച്ച് വളർന്ന തീവ്രവാദ കേന്ദ്രങ്ങളെ നാം നിലംപരിശാക്കിയിരുന്നു. അതിനാൽ, ഇനി മേലിൽ ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങളിലോ സൈനിക ആക്രമണത്തിലോ ഏർപ്പെടില്ലെന്ന് പറഞ്ഞുകൊണ്ട് പാകിസ്ഥാൻ അഭ്യർത്ഥിച്ചപ്പോൾ, ഇന്ത്യ ആ അഭ്യർത്ഥന പരി​ഗണിച്ചു. ഞാൻ വീണ്ടും ആവർത്തിക്കുന്നു, പാകിസ്ഥാൻ്റെ തീവ്രവാദ, സൈനിക ക്യാമ്പുകൾക്കു നേരെയുള്ള പ്രത്യാക്രമണം ഇന്ത്യ‌ നിർത്തിവയ്ക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ പാകിസ്ഥാന്റെ ഓരോ ചുവടും നാം അളന്നു നിരീക്ഷിക്കും. മുന്നോട്ടുള്ള നീക്കങ്ങളിൽ പാകിസ്ഥാൻ ഏതു തരം പെരുമാറ്റമാണ് സ്വീകരിക്കുക എന്നും നിരീക്ഷിക്കും.

സുഹൃത്തുക്കളേ,


ഭാരതത്തിന്റെ മൂന്ന് സൈനിക വിഭാഗങ്ങൾ, നമ്മുടെ വ്യോമസേന, നമ്മുടെ കരസേന, നമ്മുടെ നാവിക സേന, നമ്മുടെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് - ബി എസ് എഫ്, ഇന്ത്യയുടെ അർധസൈനിക വിഭാഗങ്ങൾ എന്നിവരെല്ലാം എല്ലായ്പ്പോഴും ജാഗരൂകരാണ്.
സ‍ജിക്കൽ സ്ട്രൈക്ക്, എയ‍ർ സ്ട്രൈക്ക് എന്നിവക്ക് ശേഷം ഇപ്പോൾ ഓപ്പറേഷൻ സിന്ദൂർ തീവ്രവാദത്തിനെതിരായ ഭാരതത്തിന്റെ നയമാണ്. ഓപ്പറേഷൻ സിന്ദൂ‍ർ തീവ്രവാദത്തിനെതിരായ നമ്മുടെ പോരാ‌ട്ടത്തിൽ ഒരു പുതിയ നാഴികക്കല്ല് സൃഷ്ടിച്ചിരിക്കുകയാണ്. ഒരു പുതിയ മാനദണ്ഡവും ഒരു പുതിയ സ്വാഭാവികതയും കെട്ടിപ്പടുത്തിരിക്കുകയാണ്.

ഒന്നാമതായി, ഇന്ത്യയിൽ ഒരു തീവ്രവാദ ആക്രമണമുണ്ടായാൽ, കൃത്യമായ മറുപടി നൽകിയിരിക്കും.

നാം നമ്മുടേതാ‌യ രീതിയിൽ മാത്രം ഉചിതമായ മറുപടി നൽകും. ഭീകരവാദത്തിന്റെ വേരുകൾ മുളയ്ക്കുന്ന ഓരോ സ്ഥലത്തും ശക്തമായ നടപടികൾ കൈക്കൊള്ളും.

രണ്ടാമതായി, ആണവായുധങ്ങളുമായി ബന്ധപ്പെട്ടുള്ള ഭീഷണികളോട്, അത് ആരിൽ നിന്നുമായാലും, ഇന്ത്യ സഹിഷ്ണുത കാണിക്കില്ല. അത്തരം ബ്ലാക്ക്മെയിലിം​ഗുകളുടെ തണലിൽ വളരുന്ന തീവ്രവാദ ഒളിത്താവളങ്ങളെ കൃത്യതയോടെയും നിശ്ചയമായും ഇന്ത്യ ആക്രമിക്കും.

മൂന്നാമത്, ഭീകരവാദത്തെ പിന്തുണയ്ക്കുന്ന സർക്കാരിനെ‌യും ഭീകരവാദത്തിനു പിന്നിലെ ബുദ്ധികേന്ദ്രങ്ങളെയും നാം വേർതിരിച്ചു കാണുന്നില്ല. ഓപ്പറേഷൻ സിന്ദൂരിന്റെ സമ‌യത്ത്, പാകിസ്ഥാന്റെ വികൃതമായ മുഖം ലോകം കണ്ടു. കൊല്ലപ്പെ‌ട്ട തീവ്രവാദികളുടെ മരണാനന്തരച്ചടങ്ങുകളിൽ പങ്കുകൊള്ളാൻ പാകിസ്ഥാൻ സൈന്യത്തിലെ ഉന്നത ഉദ്യോ​ഗസ്ഥർ എത്തിച്ചേർന്നപ്പോഴായിരുന്നു ഇത്. സ്റ്റേറ്റ് സ്പോൺസേഡ് ഭീകരവാ​ദത്തിന്റെ ശക്തമായ തെളിവാണിത്. ഏതു തരത്തിലുള്ള ഭീഷണികളിൽ നിന്നും ഇന്ത്യ‌യെയും നമ്മുടെ പൗരന്മാരെയും സംരക്ഷിക്കാൻ ഇനിയും നമ്മൾ ശക്തമായ ന‌ടപടികൾ കൈക്കൊള്ളുന്നത് തുടരും.

 

സുഹൃത്തുക്കളേ,


യുദ്ധമുഖത്ത് എല്ലാ തവണയും നമ്മൾ പാകിസ്ഥാനെ പരാജ‌പ്പെടുത്തിയിട്ടുണ്ട്. ഇത്തവണ ഓപ്പറേഷൻ സിന്ദൂർ അതിന് ഒരു പുതിയ മാനം നൽകി. മരുഭൂമി‌യിലും പർവ്വതങ്ങളിലും നാം നമ്മുടെ കഴിവുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. പുതിയ കാലത്തിന്റെ യുദ്ധതന്ത്രങ്ങളിലും നാം നമ്മുടെ മേൽക്കോയ്മ തെളിയിച്ചിട്ടുണ്ട്. ഈ ഓപ്പറേഷന്റെ സമയത്ത് നമ്മുടെ മെയ്ഡ് ഇൻ ഇന്ത്യ ആയുധങ്ങളുടെ വിശ്വാസ്യതയും തെളിയിക്കപ്പെട്ടു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യുദ്ധമുഖത്ത് മെയ്ഡ് ഇൻ ഇന്ത്യ പ്രതിരോധ സാമ​ഗ്രികളുടെ കാലം വന്നുകഴിഞ്ഞെന്ന് ലോകം ഇന്ന് മനസ്സിലാക്കുന്നു.

സുഹൃത്തുക്കളേ,


എല്ലാ രൂപങ്ങളിലുമുള്ള തീവ്രവാദത്തിനെതിരായുള്ള നമ്മുടെ ഐക്യമാണ് നമ്മുടെ ഏറ്റവും വലിയ ശക്തി. തീ‍ർച്ചയായും ഇത് യുദ്ധത്തിന്റെ കാലമല്ല. എന്നാൽ, ഇത് തീവ്രവാദത്തിന്റെ കാലവുമല്ല. മെച്ചപ്പെട്ട ഒരു ലോകത്തിനായുള്ള ഉറപ്പ് എന്നാൽ തീവ്രവാദത്തിനെതിരെ സഹിഷ്ണുത കാണിക്കാതിരിക്കുക എന്നതാണ്.

സുഹൃത്തുക്കളേ,


പാകിസ്ഥാന്റെ സൈന്യം, പാകിസ്ഥാൻ സർക്കാർ, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന വിധം നോക്കിയാൽ, അത് പാകിസ്ഥാനെ ഒരു ദിനം ഇല്ലാതാക്കുക തന്നെ ചെയ്യും. പാകിസ്ഥാന് അതിജീവിക്കണമെന്നുണ്ടെങ്കിൽ, സ്വന്തം തീവ്രവാദ കേന്ദ്രങ്ങളെ തുടച്ചു നീക്കുക തന്നെ വേണം. സമാധാനത്തിലേക്ക് മറ്റൊരു മാർ​ഗവുമില്ല. ഇന്ത്യയുടെ നിലപാട് സുവ്യക്തമാണ്... ഭീകരവാദവും ചർച്ചകളും ഒന്നിച്ചു പോകില്ല... ഭീകരവാദവും വ്യാപാരബന്ധങ്ങളും ഒന്നിച്ചു പോകില്ല... വെള്ളവും രക്തവും ഒന്നിച്ച് ഒഴുകില്ല.

ഇന്ന്, നമ്മുടെ പ്രഖ്യാപിത നയം എന്താണെന്ന് ആ​ഗോള സമൂഹത്തോട് പറയാൻ ഞാനാ​ഗ്രഹിക്കുന്നു: പാകിസ്ഥാനുമായി ചർച്ചകളുണ്ടാകുകയാണെങ്കിൽ, അത് തീവ്രവാദത്തെക്കുറിച്ച് മാത്രമായിരിക്കും; പാകിസ്ഥാനുമായി ചർച്ചകളുണ്ടാകുകയാണെങ്കിൽ, അത് പാക് അധീന കശ്മീരിനെക്കുറിച്ച് മാത്രമായിരിക്കും

 

പ്രിയ ദേശവാസികളെ,

ഇന്ന് ബുദ്ധ പൂർണിമയാണ്. ഭഗവാൻ ബുദ്ധൻ നമുക്ക് സമാധാനത്തിന്റെ മാർഗം കാട്ടിത്തന്നു. സമാധനത്തിന്റെ പാത ശക്തിയിലൂടെയാണ് സഞ്ചരിക്കുന്നത്. മനുഷ്യരാശി സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും നീങ്ങണം. ഓരോ ഇന്ത്യക്കാരനും സമാധാനത്തിൽ ജീവിക്കാൻ സാധിക്കണം, വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കണം. അതിന്, ഇന്ത്യ ശക്തിയാർജ്ജിക്കേണ്ടത് ആവശ്യമാണ്. ആ ശക്തി ആവശ്യമുള്ളപ്പോൾ പ്ര‌യോജനപ്പെടുത്തേണ്ടതും ആവശ്യമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യ അതുതന്നെയാണ് ചെയ്തിട്ടുള്ളത്.

ഒരിക്കൽക്കൂടി, ഇന്ത്യൻ സൈന്യത്തേയും സൈനിക ശക്തിയെ‌യും ഞാൻ അഭിവാദ്യം ചെയ്യുന്നു. ഓരോ ഇന്ത്യക്കാരന്റെ ധീരതയ്ക്കു മുന്നിലും, ഇന്ത്യയിലെ ജനങ്ങളുടെ ഐക്യത്തിനായുള്ള പ്രതിജ്ഞയുടെയും ദൃഢനിശ്ച‌യത്തിന്റെയും മുന്നിലും ഞാൻ നമിക്കുന്നു.


നന്ദി

ഭാരത് മാതാ കീ ജയ്

ഭാരത് മാതാ കീ ജയ്

ഭാരത് മാതാ കീ ജയ്

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka

Media Coverage

Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 5
December 05, 2025

Unbreakable Bonds, Unstoppable Growth: PM Modi's Diplomacy Delivers Jobs, Rails, and Russian Billions