കൊച്ചി വാട്ടർ മെട്രോ നാടിനു സമർപ്പിച്ചു
വിവിധ റെയിൽ പദ്ധതികൾക്കും തിരുവനന്തപുരത്തെ ഡിജിറ്റൽ സയൻസ് പാർക്കിനും തറക്കല്ലിട്ടു
“കേരളത്തിലെ ആദ്യ വന്ദേ ഭാരത് എക്സ്‌പ്രസും കൊച്ചിയിലെ വാട്ടർ മെട്രോയും ഇന്ന് ആരംഭിച്ച മറ്റ് സംരംഭങ്ങളും സംസ്ഥാനത്തിന്റെ വികസന യാത്രയെ കൂടുതൽ മുന്നോട്ടു നയിക്കും”
“കേരളത്തിലെ ജനങ്ങളുടെ കഠിനാധ്വാനവും മര്യാദയും അവർക്ക് സവിശേഷമായ വ്യക്തിത്വം നൽകുന്നു”
“ആഗോള ഭൂപടത്തിൽ തിളങ്ങുന്ന ഇടമാണ് ഇന്ത്യ”
“സഹകരണ ഫെഡറലിസത്തിൽ ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുകയും സംസ്ഥാനങ്ങളുടെ വികസനം രാജ്യത്തിന്റെ വികസനത്തിന്റെ ഉറവിടമായി കണക്കാക്കുകയും ചെയ്യുന്നു”
“ഇന്ത്യ അഭൂതപൂർവമായ വേഗതയിലും തോതിലും പുരോഗമിക്കുകയാണ്”
“സമ്പർക്കസൗകര്യങ്ങൾക്കായി നടത്തുന്ന നിക്ഷേപങ്ങൾ സേവനങ്ങളുടെ വ്യാപ്തി വർധിപ്പിക്കുക മാത്രമല്ല, ജാതി-മത-സമ്പന്ന-ദരിദ്ര വിവേചനമില്ലാതെ അകലം കുറയ്ക്കുകയും വിവിധ സംസ്കാരങ്ങളെ കൂട്ടിയിണക്കുകയും ചെയ്യുന്നു”
“ജി20 യോഗങ്ങളും പരിപാടികളും കേരളത്തിന് ആഗോളതലത്തി‌ൽ കൂടുതൽ പ്രചാരമേകുന്നു”
“കേരളത്തിന്റെ സംസ്കാരത്തിലും പാചകരീതിയിലും കാലാവസ്ഥയ‌ിലും സ്വതസിദ്ധമായ സമൃദ്ധിയുടെ ഉറവിടമുണ്ട്”
“രാഷ്ട്രനിർമാണത്തിനും 'ഏകഭാരതം ശ്രേഷ്ഠഭാരത'മെന്ന മനോഭാവത്തിനും വേണ്ടിയുള്ള നാട്ടുകാരുടെ പ്രയത്നങ്ങൾക്കായി 'മൻ കീ ബാത്തി'ന്റെ നൂറാം പതിപ്പ് സമർപ്പിക്കുന്നു”

എന്റെ നല്ലവരായ മലയാളി സുഹൃത്തുക്കളെ,

നമസ്കാരം!

കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ അശ്വിനി വൈഷ്ണവ് ജി, കേരള ഗവണ്മെന്റിലെ മന്ത്രിമാരേ, ഇവിടത്തെ എംപി ശശി തരൂർ ജി, ഇവിടെ സന്നിഹിതരായ മറ്റ് വിശിഷ്ട വ്യക്തികളേ, കേരളത്തിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,

 

മലയാള പുതുവത്സരത്തിന് കുറച്ചു ദിവസം മുമ്പാണ് തുടക്കമായത്. നിങ്ങൾ വളരെ ഉത്സാഹത്തോടെയാണ് വിഷു ആഘോഷിച്ചത്. ഒരിക്കൽ കൂടി എല്ലാവർക്കും ഞാൻ എന്റെ ആശംസകൾ അറിയിക്കുന്നു. ആഹ്ലാദത്തിന്റെ ഈ അന്തരീക്ഷത്തിൽ കേരളത്തിന്റെ വികസനത്തിന്റെ ആഘോഷത്തിൽ പങ്കുചേരാൻ അവസരം ലഭിച്ചതിൽ എനിക്കേറെ സന്തോഷമുണ്ട്. ഇന്ന് കേരളത്തിന് ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ ലഭിച്ചു. റെയിൽവേയുമായി ബന്ധപ്പെട്ട ഒട്ടേറെ പദ്ധതികൾക്കൊപ്പം ജലമെട്രോയുടെ രൂപത്തിൽ പുതിയൊരു സമ്മാനവും ഇന്ന് കൊച്ചിക്ക് ലഭിച്ചിരിക്കുന്നു. സമ്പർക്കസൗകര്യങ്ങൾക്കൊപ്പം കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും ഇന്നു നടന്നു. ഈ വികസന പദ്ധതികൾക്കെല്ലാം കേരളത്തിലെ ജനങ്ങൾക്ക് ഏറെ അഭിനന്ദനങ്ങൾ.

സഹോദരീ സഹോദരന്മാരേ,

കേരളജനത വളരെ അവബോധമുള്ളവരും ബുദ്ധിയുള്ളവരും വിദ്യാസമ്പന്നരുമാണ്. ഇവിടത്തെ ജനങ്ങളുടെ കരുത്തും വിനയവും കഠിനാധ്വാനവും അവരെ സവിശേഷ വ്യക്തിത്വമാക്കി മാറ്റുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള സാഹചര്യങ്ങൾ നിങ്ങൾക്കെല്ലാവർക്കും നന്നായി അറിയാം. അതിനാൽ, ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ അവസ്ഥയെക്കുറിച്ചും അവരുടെ സമ്പദ്‌വ്യവസ്ഥ എങ്ങനെയാണു കടന്നുപോകുന്നതെന്നും നിങ്ങൾക്ക് അറിയാം. ഈ ആഗോള സാഹചര്യങ്ങൾക്കിടയിലും, ലോകം ഇന്ത്യയെ വികസനത്തിന്റെ തിളക്കമുള്ള ഇടമായി കണക്കാക്കുകയും ഇന്ത്യയുടെ വികസനത്തിന്റെ സാധ്യതകൾ തിരിച്ചറിയുകയും ചെയ്യുന്നു.

ഇന്ത്യയിലുള്ള ലോകത്തിന്റെ ഈ ശക്തമായ വിശ്വാസത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. ഒന്നാമതായി, കേന്ദ്രത്തിലെ നിർണായകമായ ഗവണ്മെന്റ്, ഇന്ത്യയുടെ താൽപ്പര്യം മുൻനിർത്തി പ്രധാന തീരുമാനങ്ങൾ എടുക്കുന്ന ഗവണ്മെന്റ്; രണ്ടാമതായി, ആധുനിക അടിസ്ഥാനസൗകര്യങ്ങളിലെ കേന്ദ്ര ഗവൺമെന്റിന്റെ അഭൂതപൂർവമായ നിക്ഷേപം; മൂന്നാമതായി നമ്മുടെ ജനസംഖ്യാശാസ്ത്രത്തിലെ, അതായത് യുവാക്കളുടെ കഴിവുകളിലുള്ള നിക്ഷേപം; അവസാനമായി ജീവിതം സുഗമമാക്കലും വ്യവസായനടത്തിപ്പു സുഗമമാക്കലും സംബന്ധിച്ച കേന്ദ്ര ഗവണ്മെന്റിന്റെ പ്രതിബദ്ധത. നമ്മുടെ ഗവണ്മെന്റ് സഹകരണ ഫെഡറലിസത്തിന് ഊന്നൽ നൽകുകയും സംസ്ഥാനങ്ങളുടെ വികസനം രാജ്യത്തിന്റെ വികസനത്തിനുള്ള ചേരുവയായി കണക്കാക്കുകയും ചെയ്യുന്നു. കേരളം വികസിച്ചാൽ ഇന്ത്യയുടെ വികസനം വേഗത്തിലാകും. ഈ മനോഭാവത്തോടെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഇന്ന്, ഇന്ത്യയുടെ വിശ്വാസ്യത ലോകത്ത് മെച്ചപ്പെട്ടിട്ടുണ്ടെങ്കിൽ, ആഗോള വ്യാപനത്തിനായുള്ള കേന്ദ്രഗവണ്മെന്റിന്റെ ശ്രമങ്ങൾ അതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. വിദേശത്ത് താമസിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് ഇത് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഞാൻ ഏതു രാജ്യത്തു പോകുമ്പോഴും കേരളത്തിൽ നിന്നുള്ളവരെ കാണാറുണ്ട്. വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾക്കും ഇന്ത്യയുടെ വർധിച്ചുവരുന്ന ശക്തിയുടെ വലിയ നേട്ടങ്ങളാണ് ലഭിക്കുന്നത്.

 

സഹോദരീ സഹോദരന്മാരേ,

കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഇന്ത്യയിൽ അഭൂതപൂർവമായ വേഗതയിലും തോതിലും സമ്പർക്കസൗകര്യങ്ങൾക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ വർഷത്തെ ബജറ്റിലും അടിസ്ഥാന സൗകര്യ വികസനത്തിനായി 10 ലക്ഷം കോടി രൂപയിലധികം ചെലവഴിക്കാൻ തീരുമാനിച്ചു. ഇന്ന്, ഞങ്ങൾ രാജ്യത്തെ പൊതുഗതാഗത, ലോജിസ്റ്റിക്സ് മേഖലയെ പൂർണമായും പരിവർത്തനം ചെയ്യുകയാണ്. ഇന്ത്യൻ റെയിൽവേയുടെ സുവർണ കാലഘട്ടത്തിലേക്കാണ് നാം നീങ്ങുന്നത്. കേരളത്തിന്റെ ശരാശരി റെയിൽവേ ബജറ്റിൽ 2014-ന് മുമ്പുള്ളതിനേക്കാൾ അഞ്ചിരട്ടി വർധനയാണുണ്ടായിരിക്കുന്നത്. ഗേജ് പരിവർത്തനം, ഇരട്ടിപ്പിക്കൽ, വൈദ്യുതവൽക്കരണം തുടങ്ങിയ നിരവധി പദ്ധതികൾ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ കേരളത്തിൽ പൂർത്തീകരിച്ചു. തിരുവനന്തപുരം ഉൾപ്പെടെ കേരളത്തിലെ മൂന്ന് സ്റ്റേഷനുകളുടെ നവീകരണത്തിന് ഇന്ന് തുടക്കമായി. ഇവ കേവലം റെയിൽവേ സ്റ്റേഷനുകൾ മാത്രമല്ല, ബഹുതല ഗതാഗത കേന്ദ്രങ്ങളായി മാറും. വന്ദേ ഭാരത് എക്സ്‌പ്രസ് പോലുള്ള ആധുനിക ട്രെയിനുകളും വികസനത്വരയുള്ള ഇന്ത്യയുടെ സ്വത്വമാണ്. ഇന്ത്യയുടെ റെയിൽ ശൃംഖല അതിവേഗം മാറുകയും ഉയർന്ന വേഗതയ്ക്കായി‌ തയ്യാറെടുക്കുകയും ചെയ്യുന്നതിനാലാണ് ഇന്ന് നമുക്ക് ഈ അർധ അതിവേഗട്രെയിനുകൾ ഓടിക്കാൻ കഴിയുന്നത്.

സഹോദരീ സഹോദരന്മാരേ,

ഇതുവരെ ആരംഭിച്ച എല്ലാ വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിനുകളുടെയും പ്രത്യേകത, അവ നമ്മുടെ സാംസ്കാരിക, ആത്മീയ, വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടിയിണക്കുന്നു എന്നതാണ്. കേരളത്തിലെ ആദ്യ വന്ദേ ഭാരത് ട്രെയിൻ വടക്കൻ കേരളത്തെയും തെക്കൻ കേരളത്തെയും ബന്ധിപ്പിച്ചാണു സർവീസ് നടത്തുന്നത്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര ഇനി എളുപ്പമാകും. ആധുനിക സൗകര്യങ്ങളോടെയുള്ള ഈ വന്ദേ ഭാരത് ട്രെയിൻ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ അതിവേഗത്തിൽ സഞ്ചരിക്കുന്ന മികച്ച അനുഭവം നൽകും. തിരുവനന്തപുരം-ഷൊർണൂർ സെക്‌ഷൻ അർധ അതിവേഗ ട്രെയിനുകൾക്കായി സജ്ജമാക്കുന്നതിനുള്ള പദ്ധതിയുടെ പ്രവർത്തനങ്ങളും ഇന്ന് ആരംഭിച്ചു. നിർമാണപ്രവൃത്തികൾ പൂർത്തിയാകുന്നതോടെ തിരുവനന്തപുരത്ത് നിന്ന് മംഗളൂരുവിലേക്കും അർധ അതിവേഗ ട്രെയിനുകൾ ഓടിക്കാനാകും.

സഹോദരീ സഹോദരന്മാരേ,

രാജ്യത്തിന്റെ പൊതുഗതാഗതവും നഗരഗതാഗതവും നവീകരിക്കുന്നതിന് ഞങ്ങൾ മറ്റൊരു ദിശയിലും പ്രവർത്തിച്ചിട്ടുണ്ട്. പ്രാദേശിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ 'മെയ്ഡ് ഇൻ ഇന്ത്യ' പ്രതിവിധികൾ നൽകാനാണ് ഞങ്ങളുടെ ശ്രമം. അർധ അതിവേഗ ട്രെയിനുകൾ, റീജണൽ റാപ്പിഡ് ട്രാൻസ്പോർട്ട് സംവിധാനങ്ങൾ, റോ-റോ ഫെറികൾ, റോപ്പ് വേകൾ എന്നിവ ആവശ്യാനുസരണം വികസിപ്പിക്കുന്നു. നോക്കൂ, വന്ദേ ഭാരത് എക്സ്‌പ്രസ് 'മെയ്ഡ് ഇൻ ഇന്ത്യ'യാണ്. ഇന്ന്, രാജ്യത്തുടനീളമുള്ള പല നഗരങ്ങളിലും വികസിപ്പിക്കുന്ന മെട്രോ 'മേക്ക് ഇൻ ഇന്ത്യ' യുടെ കീഴിലാണ്. മെട്രോ ലൈറ്റ്, അർബൻ റോപ്‌വേ തുടങ്ങിയ പദ്ധതികളും ചെറുപട്ടണങ്ങളിൽ സജ്ജമാക്കുന്നു.

 

സഹോദരീ സഹോദരന്മാരേ,

കൊച്ചി ജല മെട്രോ പദ്ധതിയും ‘മെയ്ഡ് ഇൻ ഇന്ത്യ’യാണ്; അതുല്യമാണ്. ഈ പദ്ധതിക്കായി പ്രത്യേകം നിർമിച്ച ബോട്ടുകൾക്ക് കൊച്ചി കപ്പൽശാലയെയും ഞാൻ അഭിനന്ദിക്കുന്നു. കൊച്ചിക്ക് ചുറ്റുമുള്ള നിരവധി ദ്വീപുകളിൽ താമസിക്കുന്നവർക്ക് മിതമായ നിരക്കിലുള്ളതും ആധുനികരീതിയി‌ലുള്ളതുമായ യാത്രാസൗകര്യം ജലമെട്രോ പ്രദാനം ചെയ്യും. ബസ് ടെർമിനലിനും മെട്രോ ശൃംഖലയ്ക്കും ഇടയിൽ ഇന്റർമോഡൽ സമ്പർക്കസൗകര്യവും ഈ ജെട്ടി നൽകും. ഇതു കൊച്ചിയുടെ ഗതാഗതപ്രശ്നങ്ങൾ ലഘൂകരിക്കുകയും കായൽ വിനോദസഞ്ചാരത്തിനു പുത്തൻ ആകർഷണമേകുകയും ചെയ്യും. കേരളത്തിൽ നടപ്പാക്കുന്ന ഈ പരീക്ഷണം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളേ,

ഭൗതിക സമ്പർക്കസൗകര്യങ്ങൾക്കൊപ്പം ഡിജിറ്റൽ സമ്പർക്കസൗകര്യവും ഇന്ന് രാജ്യത്തിന്റെ മുൻഗണനയാണ്. ഡിജിറ്റൽ ശാസ്ത്ര പാർക്ക് പോലുള്ള പദ്ധതിയെ ഞാൻ അഭിനന്ദിക്കുന്നു. ഇത്തരം പദ്ധതികൾ ഡിജിറ്റൽ ഇന്ത്യയെ വിപുലപ്പെടുത്തും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ സജ്ജമാക്കിയ ഡിജിറ്റൽ സംവിധാനം ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുകയാണ്. ലോകത്തെ വികസിത രാജ്യങ്ങളും ഇന്ത്യ വികസിപ്പിച്ച ഡിജിറ്റൽ സംവിധാനങ്ങൾ കണ്ട് ആശ്ചര്യപ്പെടുന്നു. ഇന്ത്യ സ്വന്തമായി 5ജി സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു. ഇത് ഈ മേഖലയിൽ പുതിയ സാധ്യതകൾ തുറന്നു. പുതിയ ഡിജിറ്റൽ ഉൽപ്പന്നങ്ങൾക്ക് വഴിയൊരുക്കി.

 

സഹോദരീ സഹോദരന്മാരേ,

സമ്പർക്കസൗകര്യങ്ങളിൽ നടത്തുന്ന നിക്ഷേപം സൗകര്യം മെച്ചപ്പെടുത്തുക മാത്രമല്ല, ദൂരം കുറയ്ക്കുകയും വ്യത്യസ്ത സംസ്കാരങ്ങളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. അതിൽ റോഡെന്നോ റെയിലെന്നോ, സമ്പന്നരെന്നോ ദരിദ്രരെന്നോ വ്യത്യാസമില്ല. ജാതി-മത വേർതിരിവില്ല. ഏവരും ഇത് ഉപയോഗിക്കുന്നു. ഇതാണ് ശരിയായ വികസനം. ഇത് 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന മനോഭാവത്തെ  ശക്തിപ്പെടുത്തുന്നു. ഇതാണ് ഇന്ന് ഇന്ത്യയിൽ സംഭവി‌ക്കുന്നത്.

 

രാജ്യത്തിനും ലോകത്തിനുമായി കേരളത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. സമൃദ്ധിയുടെ താക്കോലായ സംസ്കാരവും പാചകരീതിയും മെച്ചപ്പെട്ട കാലാവസ്ഥയും ഇവിടെയുണ്ട്. ഏതാനും ദിവസം മുമ്പ് കുമരകത്ത് ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട യോഗം നടന്നിരുന്നു. ഇനിയും നിരവധി ജി-20 യോഗങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്. കേരളത്തെ ലോകത്തിന് കൂടുതൽ പരിചിതമാക്കുക എന്നതാണ് ലക്ഷ്യം. കേരളത്തിലെ മട്ട അരിയും തേങ്ങയും കൂടാതെ റാഗി പുട്ട് പോലെയുള്ള ശ്രീ അന്നയും പ്രശസ്തമാണ്. ഇന്ന് നമ്മൾ ഇന്ത്യയുടെ ശ്രീ അന്നയെ ലോകമെമ്പാടും എത്തിക്കാനാണു ശ്രമിക്കുന്നത്. നമ്മുടെ കർഷകരും കരകൗശല വിദഗ്ധരും കേരളത്തിൽ ഏതുൽപ്പന്നങ്ങൾ നിർമിച്ചാലും നാം അവയ്ക്കുവേണ്ടി ശബ്ദമുയർത്തണം. നാം പ്രാദേശികമായവയ്ക്കുവേണ്ടി ശബ്ദമുയർത്തുമ്പോഴേ, നമ്മുടെ ഉൽപ്പന്നങ്ങളെക്കുറിച്ച് ലോകം വാചാലമാകൂ. നമ്മുടെ ഉൽപ്പന്നങ്ങൾ ലോകമെമ്പാടും എത്തുമ്പോൾ വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള പാതയ്ക്ക് ഉത്തേജനം ലഭിക്കും.

കേരളത്തിലെ ജനങ്ങളും സ്വയംസഹായ സംഘങ്ങളും നിർമിക്കുന്ന ഉൽപ്പന്നങ്ങളെക്കുറിച്ച് ഞാൻ പലപ്പോഴും ‘മൻ കി ബാത്തി’ൽ സംസാരിക്കുന്നത് നിങ്ങൾ കണ്ടി‌ട്ടുണ്ടാകും. പ്രാദേശികതയ്ക്കായി ശബ്ദമുയർത്തുക എന്നതിനാണു പരിശ്രമിക്കുന്നത്. ‘മൻ കി ബാത്തി’ന്റെ നൂറാം എപ്പിസോഡ് ഈ ഞായറാഴ്ച സംപ്രേഷണം ചെയ്യും. 'മൻ കി ബാത്തിന്റെ' ഈ നൂറാം പതിപ്പ് രാഷ്ട്രനിർമാണത്തിൽ ഓരോ ഇന്ത്യക്കാരന്റെയും പ്രയത്നങ്ങൾക്കായി സമർപ്പിക്കുന്നു. കൂടാതെ 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന മനോഭാവത്തിനും ഇതു സമർപ്പിക്കുന്നു. വികസിത ഇന്ത്യ കെട്ടിപ്പടുക്കാൻ നാമേവരും ഒന്നിക്കണം. വന്ദേ ഭാരത് എക്സ്‌പ്രസ്, കൊച്ചി ജലമെട്രോ തുടങ്ങിയ പദ്ധതികൾ ഇക്കാര്യത്തിൽ ഏറെ സഹായകമാകും. എല്ലാ വികസന പദ്ധതികൾക്കും ഒരിക്കൽ കൂടി ഞാൻ നിങ്ങളെയേവരെയും അഭിനന്ദിക്കുന്നു. വളരെ അധികം നന്ദി.

ഭാരത് മാതാ കീ - ജയ്!

ഭാരത് മാതാ കീ - ജയ്!

ഭാരത് മാതാ കീ - ജയ്!

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Have patience, there are no shortcuts in life: PM Modi’s advice for young people on Lex Fridman podcast

Media Coverage

Have patience, there are no shortcuts in life: PM Modi’s advice for young people on Lex Fridman podcast
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles the demise of former Union Minister, Dr. Debendra Pradhan
March 17, 2025

The Prime Minister, Shri Narendra Modi has expressed deep grief over the demise of former Union Minister, Dr. Debendra Pradhan. Shri Modi said that Dr. Debendra Pradhan Ji’s contribution as MP and Minister is noteworthy for the emphasis on poverty alleviation and social empowerment.

Shri Modi wrote on X;

“Dr. Debendra Pradhan Ji made a mark as a hardworking and humble leader. He made numerous efforts to strengthen the BJP in Odisha. His contribution as MP and Minister is also noteworthy for the emphasis on poverty alleviation and social empowerment. Pained by his passing away. Went to pay my last respects and expressed condolences to his family. Om Shanti.

@dpradhanbjp”

"ଡକ୍ଟର ଦେବେନ୍ଦ୍ର ପ୍ରଧାନ ଜୀ ଜଣେ ପରିଶ୍ରମୀ ଏବଂ ନମ୍ର ନେତା ଭାବେ ନିଜର ସ୍ୱତନ୍ତ୍ର ପରିଚୟ ସୃଷ୍ଟି କରିଥିଲେ। ଓଡ଼ିଶାରେ ବିଜେପିକୁ ମଜବୁତ କରିବା ପାଇଁ ସେ ଅନେକ ପ୍ରୟାସ କରିଥିଲେ। ଦାରିଦ୍ର୍ୟ ଦୂରୀକରଣ ଏବଂ ସାମାଜିକ ସଶକ୍ତିକରଣ ଉପରେ ଗୁରୁତ୍ୱ ଦେଇ ଜଣେ ସାଂସଦ ଏବଂ ମନ୍ତ୍ରୀ ଭାବେ ତାଙ୍କର ଅବଦାନ ମଧ୍ୟ ଉଲ୍ଲେଖନୀୟ। ତାଙ୍କ ବିୟୋଗରେ ମୁଁ ଶୋକାଭିଭୂତ। ମୁଁ ତାଙ୍କର ଶେଷ ଦର୍ଶନ କରିବା ସହିତ ତାଙ୍କ ପରିବାର ପ୍ରତି ସମବେଦନା ଜଣାଇଲି। ଓଁ ଶାନ୍ତି।"