കമ്മ്യൂണിറ്റി മീഡിയേഷൻ പരിശീലന മൊഡ്യൂൾ പ്രധാനമന്ത്രി പുറത്തിറക്കി.
നീതി എല്ലാവർക്കും ലഭ്യമാകുകയും, സമയബന്ധിതമായി ലഭിക്കുകയും, സാമൂഹികമോ സാമ്പത്തികമോ ആയ പശ്ചാത്തലം പരിഗണിക്കാതെ എല്ലാ വ്യക്തികളിലും എത്തിച്ചേരുകയും ചെയ്യുമ്പോൾ - അപ്പോഴാണ് യഥാർത്ഥത്തിൽ അത് സാമൂഹിക നീതിയുടെ അടിത്തറയായി മാറുന്നത്: പ്രധാനമന്ത്രി
നീതി ലഭ്യത ഉറപ്പാക്കുമ്പോൾ മാത്രമേ എളുപ്പത്തിൽ ബിസ്സിനെസ്സ് ചെയ്യുന്നതും അനായാസമായ ജനജീവിതവും ശരിക്കും സാധ്യമാകൂ; നീതി എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി അടുത്തിടെ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്; ഈ ദിശയിലുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തി നമ്മൾ മുന്നോട്ടുപോകും: പ്രധാനമന്ത്രി
മധ്യസ്ഥത (Mediation) എപ്പോഴും നമ്മുടെ നാഗരികതയുടെ അവിഭാജ്യ ഘടകമായിരുന്നു; പുതിയ മധ്യസ്ഥതാ നിയമം ഈ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുകയും അതിന് ആധുനിക രൂപം നൽകുകയും ചെയ്യുന്നു: പ്രധാനമന്ത്രി
ഉൾച്ചേർക്കലിനും ശാക്തീകരണത്തിനുമുള്ള ശക്തമായ മാധ്യമമായി ഇന്ന് സാങ്കേതികവിദ്യ ഉയർന്നുവരുന്നു; നീതിനിർവഹണത്തിലെ ഇ-കോർട്ട്സ് പദ്ധതി ഈ പരിവർത്തനത്തിൽ ശ്രദ്ധേയമായ ഉദാഹരണമായി നിലകൊള്ളുന്നു: പ്രധാനമന്ത്രി
ആളുകൾ സ്വന്തം ഭാഷയിൽ നിയമം മനസ്സിലാക്കുമ്പോൾ, അത് മികച്ച പാലനത്തിലേക്ക് നയിക്കുകയും വ്യവഹാരങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു; വിധിന്യായങ്ങളും നിയമപരമായ രേഖകളും പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കേണ്ടതും ഒരുപോലെ അത്യാവശ്യമാണ്: പ്രധാനമന്ത്രി

ചീഫ് ജസ്റ്റിസ് ശ്രീ ബി ആർ ഗവായ് ജി, ജസ്റ്റിസ് സൂര്യകാന്ത് ജി, ജസ്റ്റിസ് വിക്രം നാഥ് ജി, കേന്ദ്രത്തിലെ എന്റെ സഹപ്രവർത്തകൻ അർജുൻ റാം മേഘ്‌വാൾ ജി, സുപ്രീം കോടതിയിലെ മറ്റ് ബഹുമാന്യരായ ജഡ്ജിമാർ, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ, മഹതികളെ, മാന്യരെ,


ഈ സുപ്രധാന അവസരത്തിൽ നിങ്ങൾക്കൊപ്പമുണ്ടാകാൻ കഴിഞ്ഞത് ഒരു 
അം​ഗീകാരമാണ്. നിയമസഹായ വിതരണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതും നിയമ സേവന ദിനത്തോടനുബന്ധിച്ചുള്ള ഈ പരിപാടിയും നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് പുതിയ ശക്തി പകരും. 20-ാമത് ദേശീയ സമ്മേളനത്തിന് നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു. ഇന്ന് രാവിലെ മുതൽ നിങ്ങൾ ഈ ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് എനിക്ക് അറിയാൻ കഴിഞ്ഞു, അതിനാൽ ഞാൻ നിങ്ങളുടെ സമയം അധികം എടുക്കില്ല. ഇവിടെ സന്നിഹിതരായിരിക്കുന്ന വിശിഷ്ട വ്യക്തികളെയും, ജുഡീഷ്യറി അംഗങ്ങളെയും, ലീഗൽ സർവീസസ് അതോറിറ്റി അധികാരികളെയും ഞാൻ അഭിവാദ്യം ചെയ്യുന്നു.  

 

സുഹൃത്തുക്കളെ,

എല്ലാവർക്കും നീതി ലഭ്യമാകുമ്പോൾ, സമയബന്ധിതമായി ലഭിക്കുമ്പോൾ, സാമൂഹികമോ സാമ്പത്തികമോ ആയ പശ്ചാത്തലം പരിഗണിക്കാതെ എല്ലാ വ്യക്തികൾക്കും നീതി എത്തുമ്പോൾ മാത്രമേ അത് സാമൂഹിക നീതിയുടെ അടിത്തറയായി മാറുകയുള്ളൂ. എല്ലാവർക്കും നീതി ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുന്നതിൽ നിയമസഹായം നിർണായക പങ്ക് വഹിക്കുന്നു. ദേശീയ തലം മുതൽ താലൂക്ക് തലം വരെ, നിയമ സേവന അധികാരികൾ നീതിന്യായ വ്യവസ്ഥയ്ക്കും സാധാരണക്കാർക്കും ഇടയിലുള്ള ഒരു പാലമായി പ്രവർത്തിക്കുന്നു. ഇന്ന്, ലോക് അദാലത്തുകളിലൂടെയും വ്യവഹാരത്തിനു മുമ്പുള്ള ഒത്തുതീർപ്പുകളിലൂടെയും, ദശലക്ഷക്കണക്കിന് തർക്കങ്ങൾ വേഗത്തിലും, സൗഹാർദ്ദപരമായും, കുറഞ്ഞ ചെലവിലും പരിഹരിക്കപ്പെടുന്നുണ്ടെന്നതിൽ ഞാൻ സംതൃപ്തനാണ്. ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച നിയമ സഹായ പ്രതിരോധ കൗൺസിൽ സംവിധാനത്തിന് കീഴിൽ, വെറും മൂന്ന് വർഷത്തിനുള്ളിൽ, ഏകദേശം 8 ലക്ഷം ക്രിമിനൽ കേസുകൾ പരിഹരിച്ചു. ഗവൺമെന്റിന്റെ ഈ ശ്രമങ്ങൾ രാജ്യത്തെ ദരിദ്രർക്കും, ദളിതർക്കും, അടിച്ചമർത്തപ്പെട്ടവർക്കും, ചൂഷണം ചെയ്യപ്പെട്ടവർക്കും, പിന്നാക്കം നിൽക്കുന്നവർക്കും നീതി എളുപ്പമാക്കുന്നത് ഉറപ്പാക്കിയിട്ടുണ്ട്.

സുഹൃത്തുക്കളെ,

കഴിഞ്ഞ 11 വർഷമായി, ബിസിനസ്സ് ചെയ്യുന്നതിനുള്ള എളുപ്പത്തിലും ജീവിത സൗകര്യത്തിലും ഞങ്ങൾ സ്ഥിരമായും ദൃഢമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഞങ്ങൾ വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ്. ബിസിനസുകൾക്കായി 40,000-ത്തിലധികം അനാവശ്യമായ ചട്ടപാലനങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. ജൻ വിശ്വാസ് നിയമത്തിലൂടെ 3,400-ലധികം നിയമ വകുപ്പുകൾ ക്രിമിനൽ കുറ്റം അല്ലാതാക്കി. 1,500-ലധികം അപ്രസക്തവും കാലഹരണപ്പെട്ടതുമായ നിയമങ്ങൾ റദ്ദാക്കി. പതിറ്റാണ്ടുകളായി നിലവിലുണ്ടായിരുന്ന പഴയ നിയമങ്ങൾ ഇപ്പോൾ ഭാരതീയ ന്യായ സംഹിതയിലൂടെ മാറ്റിസ്ഥാപിക്കപ്പെട്ടു.

കൂടാതെ സുഹൃത്തുക്കളെ,

ഞാൻ നേരത്തെ പറഞ്ഞതുപോലെ, ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പവും ജീവിതത്തിനുള്ള എളുപ്പവും സാധ്യമാകുന്നത് നീതി സു​ഗമമാണെന്ന് ഉറപ്പാക്കുമ്പോഴാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, നീതി സു​ഗമമാക്കുന്നത് വർദ്ധിപ്പിക്കുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മുന്നോട്ട് പോകുമ്പോൾ, ഈ ദിശയിൽ നമ്മൾ കൂടുതൽ വേഗത്തിൽ നീങ്ങും.

 

സുഹൃത്തുക്കളെ,

ഈ വർഷം ദേശീയ നിയമ സേവന അതോറിറ്റിയായ NALSA യുടെ 30-ാം വാർഷികമാണ്. ഈ മൂന്ന് ദശകങ്ങളിൽ, രാജ്യത്തെ ദരിദ്രരായ പൗരന്മാരുമായി നീതിന്യായ വ്യവസ്ഥയെ ബന്ധിപ്പിക്കുന്നതിന് NALSA വളരെ പ്രധാനപ്പെട്ട ഒരു ശ്രമം നടത്തിയിട്ടുണ്ട്. നിയമ സേവന അധികാരികളെ സമീപിക്കുന്ന ആളുകൾക്ക് പലപ്പോഴും വിഭവങ്ങളില്ല, പ്രാതിനിധ്യമില്ല, ചിലപ്പോൾ പ്രതീക്ഷയുമില്ല. അവർക്ക് പ്രതീക്ഷയും പിന്തുണയും നൽകുക എന്നതാണ് "സേവനം" എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം, ഇത് 'NALSA' എന്ന പേരിലും ഉണ്ട്. അതിനാൽ, അതിലെ ഓരോ അംഗവും ക്ഷമയോടെയും പ്രൊഫഷണലിസത്തോടെയും അവരുടെ ജോലി തുടരുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്.

സുഹൃത്തുക്കളെ,

ഇന്ന് നമ്മൾ NALSA യുടെ കമ്മ്യൂണിറ്റി മീഡിയേഷൻ പരിശീലന മൊഡ്യൂൾ ആരംഭിക്കുകയാണ്, ഇതിലൂടെ നമ്മൾ തർക്കങ്ങൾ സംഭാഷണത്തിലൂടെയും സമവായത്തിലൂടെയും പരിഹരിക്കുന്ന ഇന്ത്യൻ പാരമ്പര്യത്തിലെ പുരാതന അറിവ് പുനരുജ്ജീവിപ്പിക്കുകയാണ്. ഗ്രാമ കൗൺസിലുകൾ മുതൽ ഗ്രാമ മൂപ്പന്മാർ വരെ, മധ്യസ്ഥത എല്ലായ്പ്പോഴും നമ്മുടെ സംസ്കാരത്തിൻ്റെ ഭാഗമായിരുന്നു. പുതിയ മീഡിയേഷൻ ആക്ട് ഈ പാരമ്പര്യത്തെ മുന്നോട്ട് കൊണ്ടുപോകുകയും അതിന് ഒരു ആധുനിക രൂപം നൽകുകയും ചെയ്യുന്നു. തർക്കങ്ങൾ പരിഹരിക്കുന്നതിനും ഐക്യം നിലനിർത്തുന്നതിനും വ്യവഹാരങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്ന സാമൂഹിക മാധ്യസ്ഥത്തിനായി ഈ പരിശീലന മൊഡ്യൂളിലൂടെ വിഭവങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.


സുഹൃത്തുക്കളെ,

സാങ്കേതികവിദ്യ തീർച്ചയായും ഒരു വിനാശകരമായ ശക്തിയാണ്. എന്നാൽ അതിൽ ജനപക്ഷ ശ്രദ്ധയുണ്ടെങ്കിൽ, അതേ സാങ്കേതികവിദ്യ ജനാധിപത്യവൽക്കരണത്തിന്റെ ശക്തിയായി മാറുന്നു. ഡിജിറ്റൽ പേയ്‌മെന്റുകളിൽ യുപിഐ എങ്ങനെ വിപ്ലവം സൃഷ്ടിച്ചുവെന്ന് നമ്മൾ കണ്ടു. ഇന്ന്, ഏറ്റവും ചെറിയ വില്പനക്കാർ പോലും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി മാറിയിരിക്കുന്നു. ഗ്രാമങ്ങൾ ദശലക്ഷക്കണക്കിന് കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബറുകാൾ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ്, ഗ്രാമപ്രദേശങ്ങളിൽ ഒരേസമയം ഒരു ലക്ഷത്തോളം മൊബൈൽ ടവറുകൾ ആരംഭിച്ചു. അതായത് ഇന്ന് സാങ്കേതികവിദ്യ ഉൾപ്പെടുത്തലിന്റെയും ശാക്തീകരണത്തിന്റെയും ഒരു മാധ്യമമായി മാറുകയാണ്. നീതി നടപ്പാക്കലിലെ ഇ-കോടതി പദ്ധതിയും ഇതിന് ഒരു മികച്ച ഉദാഹരണമാണ്. സാങ്കേതികവിദ്യ നീതിന്യായ പ്രക്രിയകളെ എങ്ങനെ ആധുനികവും മാനുഷികവുമാക്കുമെന്ന് ഇത് കാണിക്കുന്നു. ഇ-ഫയലിംഗ് മുതൽ ഇലക്ട്രോണിക് സമൻസ് സേവനം വരെ, വെർച്വൽ വിചാരണ മുതൽ വീഡിയോ കോൺഫറൻസിംഗ് വരെ, സാങ്കേതികവിദ്യ എല്ലാം എളുപ്പമാക്കി. ഇത് നീതിയിലേക്കുള്ള പാത എളുപ്പമാക്കി. നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ഈ പദ്ധതിയുടെ മൂന്നാം ഘട്ടത്തിനായുള്ള ബജറ്റ് 7,000 കോടിയിലധികം രൂപയായി ഉയർത്തി. ഈ പദ്ധതിയോടുള്ള ​ഗവൺമെൻ്റിൻ്റെ ശക്തമായ പ്രതിബദ്ധത ഇത് പ്രകടമാക്കുന്നു.

 

സുഹൃത്തുക്കളെ,

നിയമ അവബോധത്തിന്റെ പ്രാധാന്യം നമുക്കെല്ലാവർക്കും അറിയാം. ഒരു ദരിദ്രന് തന്റെ അവകാശങ്ങൾ അറിയാതെയും, നിയമം മനസ്സിലാക്കാതെയും, വ്യവസ്ഥയുടെ സങ്കീർണ്ണതയിൽ ഭയം തോന്നാതിരിക്കാതെയും നീതി ലഭിക്കില്ല. അതിനാൽ, ദുർബല വിഭാഗങ്ങൾ, സ്ത്രീകൾ, പ്രായമായവർ എന്നിവർക്കിടയിൽ നിയമ അവബോധം വർദ്ധിപ്പിക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണന. നിങ്ങൾ എല്ലാവരും നമ്മുടെ കോടതികളും ഈ ദിശയിൽ നിരന്തരം ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. നമ്മുടെ യുവാക്കൾക്ക്, പ്രത്യേകിച്ച് നിയമ വിദ്യാർത്ഥികൾക്ക്, ഇതിൽ പരിവർത്തനാത്മകമായ പങ്ക് വഹിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ദരിദ്രരുമായും ഗ്രാമങ്ങളിൽ താമസിക്കുന്നവരുമായും ബന്ധപ്പെടാനും അവരുടെ നിയമപരമായ അവകാശങ്ങളും നിയമ പ്രക്രിയകളും അവർക്ക് വിശദീകരിക്കാനും യുവ നിയമ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ, അത് അവർക്ക് സമൂഹത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ അവസരം നൽകും. സ്വയം സഹായ ഗ്രൂപ്പുകൾ, സഹകരണ സംഘങ്ങൾ, പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ, മറ്റ് ശക്തമായ അടിസ്ഥാന ശൃംഖലകൾ എന്നിവയുമായി പ്രവർത്തിക്കുന്നതിലൂടെ, നമുക്ക് നിയമ പരിജ്ഞാനം എല്ലാ വീട്ടുപടിക്കലും എത്തിക്കാൻ കഴിയും.

 

സുഹൃത്തുക്കളെ,

നിയമസഹായവുമായി ബന്ധപ്പെട്ട മറ്റൊരു വശമുണ്ട്, അത് ഞാൻ പലപ്പോഴും ചർച്ച ചെയ്യാറുണ്ട്. നീതി തേടുന്ന വ്യക്തിക്ക് മനസ്സിലാകുന്ന തരത്തിലായിരിക്കണം നീതിയുടെ ഭാഷ. നിയമം തയ്യാറാക്കുമ്പോൾ ഇത് മനസ്സിൽ വയ്ക്കേണ്ടത് വളരെ പ്രധാനമാണ്. ആളുകൾക്ക് സ്വന്തം ഭാഷയിൽ നിയമം മനസ്സിലാക്കാൻ കഴിയുമ്പോൾ, അത് മികച്ച ചട്ടപാലനത്തിലേക്ക് നയിക്കുകയും വ്യവഹാരങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. ഇതോടൊപ്പം, വിധിന്യായങ്ങളും നിയമപരമായ രേഖകളും പ്രാദേശിക ഭാഷയിൽ ലഭ്യമാക്കേണ്ടതും ആവശ്യമാണ്. 80,000-ത്തിലധികം വിധിന്യായങ്ങൾ 18 ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ സുപ്രീം കോടതി മുൻകൈയെടുത്തത് തീർച്ചയായും അഭിനന്ദനീയമാണ്. ഹൈക്കോടതികളിലും ജില്ലാ തലത്തിലും ഈ ശ്രമം തുടരുമെന്ന് ഞാൻ വിശ്വസിക്കുന്നു.

സുഹൃത്തുക്കളെ,

നമ്മൾ ഒരു വികസിത ഇന്ത്യയിലേക്ക് നീങ്ങുമ്പോൾ, നിയമരംഗത്തോടും, നീതിന്യായ സേവനങ്ങളോടും, അതുമായി ബന്ധപ്പെട്ട എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു, നമ്മൾ ഒരു വികസിത രാഷ്ട്രം എന്ന് സ്വയം വിശേഷിപ്പിക്കുമ്പോൾ നമ്മുടെ നീതിന്യായ വ്യവസ്ഥ എങ്ങനെയായിരിക്കുമെന്ന് സങ്കൽപ്പിക്കാൻ? ആ ദിശയിൽ നമ്മൾ ഒരുമിച്ച് മുന്നോട്ട് പോകണം. NALSA യ്ക്കും, മുഴുവൻ നിയമ സമൂഹത്തിനും, നീതിന്യായ വ്യവസ്ഥയിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവർക്കും ഞാൻ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഒരിക്കൽ കൂടി, ഈ പരിപാടിക്ക് നിങ്ങൾക്കെല്ലാവർക്കും ഞാൻ ആശംസകൾ നേരുന്നു, കൂടാതെ നിങ്ങളുടെ ഇടയിൽ ആയിരിക്കാൻ അവസരം നൽകിയതിന് നിങ്ങൾ എല്ലാവരോടും ഞാൻ വളരെ നന്ദിയുള്ളവനാണ്. നന്ദി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
WEF Davos: Industry leaders, policymakers highlight India's transformation, future potential

Media Coverage

WEF Davos: Industry leaders, policymakers highlight India's transformation, future potential
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജനുവരി 20
January 20, 2026

Viksit Bharat in Motion: PM Modi's Reforms Deliver Jobs, Growth & Global Respect