ലോകത്തു നിലവിലുള്ള ഏറ്റവും പുരാതനമായ നാഗരികതയാണ് ഇന്ത്യ: പ്രധാനമന്ത്രി
സേവനാധിഷ്ഠിതവും മാനവികത അടിസ്ഥാനമാക്കിയുള്ളതുമായ രാജ്യമാണ് ഇന്ത്യ: പ്രധാനമന്ത്രി
പ്രാകൃതിന് നമ്മുടെ ഗവണ്മെന്റ് 'ശ്രേഷ്ഠഭാഷ' പദവി നൽകി: പ്രധാനമന്ത്രി
ഇന്ത്യയുടെ പുരാതന കൈയെഴുത്തുപ്രതികൾ ഡിജിറ്റൽ രൂപത്തിലാക്കാനുള്ള യജ്ഞം മുന്നോട്ടുകൊണ്ടുപോകുകയാണു ഞങ്ങൾ: പ്രധാനമന്ത്രി
നമ്മുടെ സാംസ്കാരിക പൈതൃകം കൂടുതൽ സമ്പന്നമാക്കുന്നതിന്, ഇനിയും വലിയ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്: പ്രധാനമന്ത്രി
'ഏവർക്കുമൊപ്പം, ഏവരുടെയും വികസനം, കൂട്ടായ പ്രയത്നം' എന്ന തത്വത്തിൽ 'ജനപങ്കാളിത്ത' മനോഭാവത്തോടെയാണ് ഞങ്ങളുടെ എല്ലാ ശ്രമങ്ങളും: പ്രധാനമന്ത്രി

ഓം നമഹ!  ഓം നമഹ!  ഓം നമഹ!

ശ്രാവണബലഗോളയിലെ സ്വാമി ചാരുകീർത്തി ജിയുടെ തലവൻ പരം ശ്രദ്ധേയ ആചാര്യ ശ്രീ പ്രജ്ഞാസാഗർ മഹാരാജ് ജി, എൻ്റെ സഹപ്രവർത്തകൻ ഗജേന്ദ്ര സിംഗ് ഷെഖാവത് ജി, എൻ്റെ സഹ പാർലമെൻ്റ് അംഗം നവീൻ ജെയിൻ ജി, ഭഗവാൻ മഹാവീർ അഹിംസ ഭാരതി ട്രസ്റ്റ് പ്രസിഡൻ്റ് പ്രിയങ്ക് ജെയിൻ ജി, സെക്രട്ടറി ജയിൻ ജി പി, സെക്രട്ടറി മമ്താ ജെ പി, തുടങ്ങിയവരെ ,വിശിഷ്ട വ്യക്തികളേ, ബഹുമാന്യരായ സന്യാസിമാരേ, സ്ത്രീകളേ, മാന്യരേ, ജയ് ജിനേന്ദ്ര!

ഇന്ന്, ഭാരതത്തിന്റെ ആത്മീയ പാരമ്പര്യത്തിലെ ഒരു സുപ്രധാന നിമിഷത്തിന് നാമെല്ലാവരും സാക്ഷ്യം വഹിക്കുന്നു. ആദരണീയനായ ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജിന്റെ ജന്മശതാബ്ദി ആഘോഷം, അദ്ദേഹത്തിന്റെ നിത്യ പ്രചോദനങ്ങൾ നിറഞ്ഞ ഈ പുണ്യോത്സവം, ആത്മീയമായി ഉയർത്തുന്ന ഈ പരിപാടി എന്നിവ ഒരുമിച്ച് അസാധാരണമായ പ്രചോദനാത്മകമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഈ സമ്മേളനത്തിൽ ശാരീരികമായി സന്നിഹിതരായിരിക്കുന്നവരോടൊപ്പം, ലക്ഷക്കണക്കിന് ആളുകൾ ഓൺലൈനിൽ നമ്മോടൊപ്പം ചേർന്നു. നിങ്ങൾക്കെല്ലാവർക്കും ഞാൻ എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു, ഇന്ന് ഇവിടെ ഈ സമ്മേളനത്തിൽ പങ്കെടുക്കാൻ  അവസരം നൽകിയതിന് എന്റെ ആത്മാർത്ഥമായ നന്ദിയും അറിയിക്കുന്നു.

 

സുഹൃത്തുക്കളേ,

ഈ ദിവസത്തിന് മറ്റൊരു കാരണത്താലും പ്രത്യേക പ്രാധാന്യമുണ്ട്. 1987 ജൂൺ 28-ാം തീയതിയാണ് ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജിന് ആചാര്യ പദവി ലഭിച്ചത്. അത് വെറുമൊരു പദവി മാത്രമായിരുന്നില്ല - ജൈന പാരമ്പര്യത്തെ ചിന്ത, സംയമനം, കാരുണ്യം എന്നിവയുമായി ബന്ധിപ്പിക്കുന്ന ഒരു പുണ്യനദിയുടെ ഒഴുക്കായിരുന്നു അത്. ഇന്ന് നാം അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കുമ്പോൾ, ഈ തീയതി ആ ചരിത്ര നിമിഷത്തെ ഓർമ്മിപ്പിക്കുന്നു. ഈ അവസരത്തിൽ, ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജിന്റെ പാദങ്ങൾ  ഞാൻ വണങ്ങുന്നു, അദ്ദേഹത്തിന്റെ അനുഗ്രഹങ്ങൾ നമുക്കെല്ലാവർക്കും എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

സുഹൃത്തുക്കളേ,

ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജിന്റെ ജന്മശതാബ്ദി ആഘോഷം ഒരു സാധാരണ സംഭവമല്ല. ഒരു കാലഘട്ടത്തിന്റെ ഓർമ്മകൾ ഉൾക്കൊള്ളുന്ന ഇത് ഒരു മഹാനായ സന്യാസിയുടെ ജീവിതത്തെ പ്രതിധ്വനിപ്പിക്കുന്നു. ഈ ചരിത്ര സന്ദർഭത്തെ അനുസ്മരിക്കാൻ, പ്രത്യേക സ്മാരക നാണയങ്ങളും തപാൽ സ്റ്റാമ്പുകളും പുറത്തിറക്കിയിരിക്കുന്നു. ഇതിൽ എന്റെ എല്ലാ സഹ നാട്ടുകാരെയും ഞാൻ അഭിനന്ദിക്കുന്നു. ആചാര്യ ശ്രീ പ്രജ്ഞാ സാഗർ ജിയോട് ഞാൻ പ്രത്യേകമായി എന്റെ ആദരവും ആശംസകളും അറിയിക്കുന്നു. താങ്കളുടെ മാർഗ്ഗനിർദ്ദേശത്തിൽ, ഇന്ന് കോടിക്കണക്കിന് അനുയായികൾ ബഹുമാന്യനായ ഗുരു കാണിച്ചുതന്ന മഹത്തായ പാതയിലൂടെ സഞ്ചരിക്കുന്നു. ഈ അവസരത്തിൽ, താങ്കൾ  എനിക്ക് 'ധർമ്മചക്രവർത്തി' എന്ന പദവി നൽകാൻ തീരുമാനിച്ചു. ഈ ബഹുമതിക്ക് ഞാൻ എന്നെത്തന്നെ യോഗ്യനായി കരുതുന്നില്ല. എന്നാൽ ഋഷിമാരിൽ നിന്ന് നമുക്ക് ലഭിക്കുന്നതെന്തും ഒരു പവിത്രമായ വഴിപാടായി സ്വീകരിക്കുന്നത് നമ്മുടെ സാംസ്കാരിക മൂല്യമാണ്. അതിനാൽ, ഈ ബഹുമതി ഒരു ദിവ്യമായ വഴിപാടായി ഞാൻ വിനയപൂർവ്വം സ്വീകരിച്ച് ഭാരത മാതാവിന്റെ പാദങ്ങളിൽ സമർപ്പിക്കുന്നു.

സുഹൃത്തുക്കളേ,

ജീവിതത്തിലുടനീളം നാം പവിത്രമായ മാർഗനിർദേശമായി സ്വീകരിക്കുന്ന, നമ്മുടെ ഹൃദയങ്ങൾ വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്ന അത്തരമൊരു ദിവ്യാത്മാവിനെക്കുറിച്ച് സംസാരിക്കുമ്പോൾ അനിവാര്യമായും വികാരങ്ങൾ ഉണർത്തുന്നു. ഇപ്പോഴും, ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജിനെക്കുറിച്ച് സംസാരിക്കുന്നതിനുപകരം, ഇന്ന് അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാനുള്ള ഭാഗ്യം നമുക്ക് ലഭിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അത്തരമൊരു മഹാനായ വ്യക്തിത്വത്തിന്റെ ജീവിതയാത്ര വാക്കുകളിൽ സംഗ്രഹിക്കുക എളുപ്പമുള്ള കാര്യമല്ല. 1925 ഏപ്രിൽ 22 ന് കർണാടകയിലെ പുണ്യഭൂമിയിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന് 'വിദ്യാനന്ദ്' എന്ന ആത്മീയ നാമം നൽകി, അദ്ദേഹത്തിന്റെ ജീവിതം അറിവിന്റെയും ആനന്ദത്തിന്റെയും അതുല്യമായ സംഗമമായി മാറി. അദ്ദേഹത്തിന്റെ പ്രസംഗം അഗാധമായ ജ്ഞാനത്തെ പ്രതിഫലിപ്പിച്ചു, എന്നിരുന്നാലും അദ്ദേഹത്തിന്റെ വാക്കുകൾ വളരെ ലളിതമായിരുന്നു, ആർക്കും അവ മനസ്സിലാകും.150-ലധികം ഗ്രന്ഥങ്ങളുടെ രചയിതാവായ അദ്ദേഹം ആയിരക്കണക്കിന് കിലോമീറ്റർ കാൽനടയായി ആത്മീയ യാത്രകൾ നടത്തി, ലക്ഷക്കണക്കിന് യുവാക്കളെ ആത്മനിയന്ത്രണത്തിലേക്കും സാംസ്കാരിക മൂല്യങ്ങളിലേക്കും ബന്ധിപ്പിക്കുന്നതിനുള്ള ഒരു മഹത്തായ ദൗത്യത്തിന് തുടക്കമിട്ടു. ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജ് യഥാർത്ഥത്തിൽ ഒരു കാലഘട്ടത്തിലെ മനുഷ്യനായിരുന്നു - ഒരു ദാർശനികൻ.  അദ്ദേഹത്തിന്റെ ആത്മീയ പ്രഭാവലയം നേരിട്ട് അനുഭവിക്കാൻ അവസരം ലഭിച്ചത്  ഞാൻ ഭാഗ്യമായി കരുതുന്നു. കാലാകാലങ്ങളിൽ, അദ്ദേഹം എന്നെ നയിച്ചു, അദ്ദേഹത്തിന്റെ അനുഗ്രഹങ്ങൾ എപ്പോഴും എന്നിൽ നിലനിന്നു. ഇന്ന്, ഈ ശതാബ്ദി വേദിയിൽ നിൽക്കുമ്പോൾ, എനിക്ക് ഇപ്പോഴും അദ്ദേഹത്തിൽ നിന്ന് അതേ സ്നേഹവും ബന്ധുത്വവും അനുഭവിക്കാൻ കഴിയും.

 

സുഹൃത്തുക്കളേ,

ലോകത്തിലെ ഏറ്റവും പുരാതനമായ നാഗരികതയാണ് ഭാരതം. നമ്മുടെ ആശയങ്ങൾ ശാശ്വതമായതിനാലും, നമ്മുടെ തത്ത്വചിന്ത ശാശ്വതമായതിനാലും, നമ്മുടെ ദർശനം ശാശ്വതമായതിനാലും ആയിരക്കണക്കിന് വർഷങ്ങളായി നാം ശാശ്വതമായി നിലനിൽക്കുന്നു. ഈ ദർശനത്തിന്റെ ഉറവിടം നമ്മുടെ ഋഷിമാർ, സന്യാസിമാർ,ദാർശനികർ , സന്യാസിമാർ, ആചാര്യന്മാർ എന്നിവരിലാണ്. ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജ് ഈ പുരാതന ഇന്ത്യൻ പാരമ്പര്യത്തിന്റെ ആധുനിക ദീപസ്തംഭമായിരുന്നു. നിരവധി വിഷയങ്ങളിൽ വൈദഗ്ധ്യവും നിരവധി മേഖലകളിൽ പ്രാഗത്ഭ്യവും അദ്ദേഹത്തിനുണ്ടായിരുന്നു.അദ്ദേഹത്തിന്റെ ആത്മീയ വൈഭവം, അറിവ്, കന്നഡ, മറാത്തി, സംസ്കൃതം, പ്രാകൃതം തുടങ്ങിയ ഭാഷകളിലുള്ള പ്രാവീണ്യം - ആദരണീയനായ മഹാരാജ് ജി ഇപ്പോൾ സൂചിപ്പിച്ചതുപോലെ, 18 ഭാഷകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവ് - സാഹിത്യപരവും മതപരവുമായ സംഭാവനകൾ, സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ സമർപ്പണം, രാഷ്ട്രസേവനത്തോടുള്ള അദ്ദേഹത്തിന്റെ സമർപ്പണം - ആദർശങ്ങളുടെ ഉന്നതിയിലെത്താത്ത ഒരു തലവും അദ്ദേഹത്തിന്റെ  ജീവിതത്തിൽ  ഉണ്ടായിരുന്നില്ല. അദ്ദേഹം ഒരു മികച്ച സംഗീതജ്ഞനും, തീക്ഷ്ണമായ ദേശസ്‌നേഹിയും, സ്വാതന്ത്ര്യ സമര സേനാനിയും, അചഞ്ചലനായ ദിഗംബർ മുനിയും ആയിരുന്നു.അദ്ദേഹം അറിവിന്റെയും ജ്ഞാനത്തിന്റെയും ഒരു കലവറയായിരുന്നു, ആത്മീയ ആനന്ദത്തിന്റെ ഒരു ഉറവയും കൂടിയായിരുന്നു. സുരേന്ദ്ര ഉപാധ്യായയിൽ നിന്ന് ആചാര്യ ശ്രീ വിദ്യാനന്ദ് മുനിരാജ് ആയിത്തീരുന്നതിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ഒരു സാധാരണ മനുഷ്യനെ ഒരു മഹാത്മാവാക്കി മാറ്റുകയായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ ഭാവി നമ്മുടെ വർത്തമാനകാല പരിമിതികളാൽ പരിമിതപ്പെടുത്തിയിട്ടില്ല എന്ന വസ്തുത ഇത് നമ്മെ പ്രചോദിപ്പിക്കുന്നു. നമ്മുടെ ദിശ, ലക്ഷ്യങ്ങൾ, ദൃഢനിശ്ചയം എന്നിവയാണ് നമ്മുടെ ഭാവിയെ നിർവചിക്കുന്നത്.

സുഹൃത്തുക്കളേ,

ആചാര്യ ശ്രീ വിദ്യാനന്ദ് മുനിരാജ് തന്റെ ജീവിതം വ്യക്തിപരമായ ആത്മീയ പരിശീലനത്തിൽ മാത്രം ഒതുക്കിയില്ല. അദ്ദേഹം തന്റെ ജീവിതത്തെ സാമൂഹികവും സാംസ്കാരികവുമായ പുനർനിർമ്മാണത്തിനുള്ള ഒരു മാധ്യമമാക്കി. പ്രാകൃത് ഭവൻ പോലുള്ള സ്ഥാപനങ്ങളും വിവിധ ഗവേഷണ കേന്ദ്രങ്ങളും സ്ഥാപിച്ചുകൊണ്ട്, അദ്ദേഹം ഇളം തലമുറകളിലേക്ക് അറിവിന്റെ ജ്വാല എത്തിച്ചു. ജൈന ചരിത്ര ആഖ്യാനത്തെ അതിന്റെ ശരിയായ സ്ഥാനത്തേക്ക് അദ്ദേഹം പുനഃസ്ഥാപിച്ചു. 'ജൈന ദർശൻ', 'അനേകാന്ത്വാദ്' തുടങ്ങിയ തന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിലൂടെ, തത്ത്വചിന്താ വ്യവഹാരത്തിന് ആഴവും വ്യാപ്തിയും ഉൾക്കൊള്ളലും അദ്ദേഹം നൽകി. ക്ഷേത്രങ്ങളുടെ പുനഃസ്ഥാപനം മുതൽ പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം, സാമൂഹികക്ഷേമം വരെ, അദ്ദേഹത്തിന്റെ ഓരോ ശ്രമവും ആത്മസാക്ഷാത്കാരവുമായും പൊതുജനക്ഷേമവുമായും ബന്ധപ്പെട്ടിരിക്കുന്നു.

സുഹൃത്തുക്കളേ,

ആചാര്യ വിദ്യാനന്ദ് ജി മഹാരാജ് പറയാറുണ്ടായിരുന്നു - ജീവിതം ഒരു സേവന പ്രവൃത്തിയായി മാറുമ്പോൾ മാത്രമേ അത് ആത്മീയമാകൂ. ഈ ചിന്ത ജൈന തത്ത്വചിന്തയുടെ സത്തയിൽ ആഴത്തിൽ വേരൂന്നിയതാണ്. ഇത് ഇന്ത്യൻ ബോധത്തിലും അന്തർലീനമാണ്. ഭാരതം സേവനത്തിന്റെ നാടാണ്. ഭാരതം മാനവികതയിൽ വേരൂന്നിയ ഒരു രാഷ്ട്രമാണ്. ലോകം കൂടുതൽ അക്രമം ഉപയോഗിച്ച് അക്രമത്തെ അടിച്ചമർത്താൻ ശ്രമിച്ച സമയത്ത്, ഭാരതം അഹിംസയുടെ ശക്തി ലോകത്തിന് വെളിപ്പെടുത്തി. എല്ലാറ്റിനുമുപരിയായി മനുഷ്യ സേവനത്തിന്റെ ആത്മാവിനെ നാം പ്രതിഷ്ഠിച്ചു.

 

സുഹൃത്തുക്കളേ,

നമ്മുടെ  സേവന മനോഭാവം ഉപാധികളില്ലാത്തതും, സ്വാർത്ഥതാൽപ്പര്യത്തിനപ്പുറവും, മഹത്തായ നന്മയാൽ പ്രചോദിതവുമാണ്. ഈ തത്വത്താൽ നയിക്കപ്പെട്ട് , ഒരേ ആദർശങ്ങളിൽ നിന്നും മാതൃകാപരമായ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നമ്മൾ  ഇന്ന് രാജ്യമെമ്പാടും പ്രവർത്തിക്കുന്നു. പ്രധാനമന്ത്രി ആവാസ് യോജന, ജൽ ജീവൻ മിഷൻ, ആയുഷ്മാൻ ഭാരത് യോജന, അല്ലെങ്കിൽ ദരിദ്രർക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ എന്നിവയാകട്ടെ - ഓരോ സംരംഭവും സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ഓരോ  വ്യക്തിക്കും സേവന ലഭ്യത ഉറപ്പുവരുത്തുന്നു . ഈ പദ്ധതികളിൽ പരിപൂര്ണത  കൈവരിക്കുക എന്ന ദർശനത്തോടെയാണ് നാം പ്രവർത്തിക്കുന്നത് - അതായത് ആരും പിന്നോട്ട് പോകരുത്, എല്ലാവരും ഒരുമിച്ച് പുരോഗമിക്കണം. ഇത് ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജിന്റെ പ്രചോദനമാണ്, ഇത് നമ്മുടെ കൂട്ടായ ദൃഢനിശ്ചയമാണ്.

സുഹൃത്തുക്കളേ,

നമ്മുടെ തീർത്ഥങ്കരന്മാരുടെയും സന്യാസിമാരുടെയും ആചാര്യന്മാരുടെയും ഉപദേശങ്ങളും വാക്കുകളും ശാശ്വതമായി പ്രസക്തമാണ്. പ്രത്യേകിച്ചും, ജൈനമത തത്വങ്ങൾ - അഞ്ച് മഹത്തായ വ്രതങ്ങൾ, അനുവ്രതം, മൂന്ന് രത്നങ്ങൾ, ആറ് അവശ്യവസ്തുക്കൾ - ഇന്ന് മുമ്പെന്നത്തേക്കാളും പ്രസക്തമാണ്. സാധാരണക്കാർക്ക് എളുപ്പത്തിൽ സ്വീകരിക്കാൻ കഴിയുന്ന തരത്തിൽ കാലാതീതമായ പഠിപ്പിക്കലുകൾ ലളിതമാക്കേണ്ടതിന്റെ ആവശ്യകത എല്ലാ യുഗങ്ങളിലും ഉണ്ടെന്നും നാം മനസ്സിലാക്കുന്നു. ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജ് തന്റെ ജീവിതം ഈ ദൗത്യത്തിനായി സമർപ്പിച്ചു. ദൈനംദിന ഭാഷയിൽ ജൈന വേദങ്ങൾ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം 'വചനാമൃത്' പ്രസ്ഥാനം ആരംഭിച്ചു.ഭക്തിഗാനത്തിലൂടെ, ഏറ്റവും ലളിതമായ വാക്കുകളിൽ അദ്ദേഹം ആഴത്തിലുള്ള മതപരമായ ആശയങ്ങൾ അവതരിപ്പിച്ചു. "അബ് ഹം അമർ ഭയേ ന മറേംഗേ, ഹം അമർ ഭയേ ന മറേംഗേ, തൻ കരൺ മിഥ്യാത് ദിയോ താജ, ക്യൂം കരി ദേഹ് ധരേംഗേ" തുടങ്ങിയ അദ്ദേഹത്തിന്റെ ഭജനുകൾ നമുക്കെല്ലാവർക്കും വേണ്ടിയുള്ള ജ്ഞാനത്തിന്റെ മുത്തുകൾ കൊണ്ട് നിർമ്മിച്ച ആത്മീയ മാലകളാണ്. അമർത്യതയിലുള്ള ഈ സ്വാഭാവിക വിശ്വാസം, അനന്തതയിലേക്ക് നോക്കാനുള്ള ഈ ധൈര്യം - ഇവയാണ് ഇന്ത്യൻ ആത്മീയതയെയും സംസ്കാരത്തെയും യഥാർത്ഥത്തിൽ സവിശേഷമാക്കുന്ന ഗുണങ്ങൾ.

 

സുഹൃത്തുക്കളേ,

ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജിന്റെ ജന്മശതാബ്ദി വർഷം പ്രചോദനത്തിന്റെ ഒരു ഉറവിടമായി തുടരും. അദ്ദേഹത്തിന്റെ ആത്മീയപ്രബോധനങ്ങൾ  നമ്മുടെ ജീവിതത്തിലേക്ക് സ്വാംശീകരിക്കുക മാത്രമല്ല, സമൂഹത്തിന്റെയും രാജ്യത്തിന്റെയും ക്ഷേമത്തിനായി അദ്ദേഹത്തിന്റെ കൃതികൾ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. തന്റെ രചനകളിലൂടെയും സ്തുതിഗീതങ്ങളിലൂടെയും അദ്ദേഹം പുരാതന പ്രാകൃത് ഭാഷയെ എങ്ങനെ പുനരുജ്ജീവിപ്പിച്ചുവെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഭാരതത്തിലെ ഏറ്റവും പുരാതനമായ ഭാഷകളിൽ ഒന്നാണ് പ്രാകൃത് . ഭഗവാൻ മഹാവീരൻ തന്റെ പ്രഭാഷണങ്ങൾ നടത്തിയ ഭാഷയാണിത്. യഥാർത്ഥ 'ജൈന ആഗമ'വും ഈ ഭാഷയിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ നമ്മുടെ സ്വന്തം സംസ്കാരത്തിന്റെ അവഗണന കാരണം, ഈ ഭാഷ ദൈനംദിന ഉപയോഗത്തിൽ നിന്ന് അപ്രത്യക്ഷമാകാൻ തുടങ്ങിയിരുന്നു.ആചാര്യ ശ്രീ പോലുള്ള ഋഷിമാരുടെ പരിശ്രമങ്ങളെ നമ്മൾ ഒരു ദേശീയ ശ്രമമാക്കി മാറ്റി. കഴിഞ്ഞ വർഷം ഒക്ടോബറിൽ, ഗവണ്മെന്റ്  പ്രാകൃത് ഭാഷയെ  ഒരു 'ക്ലാസിക്കൽ ഭാഷ'യായി പ്രഖ്യാപിച്ചു. ആചാര്യ ജിയും ഇത് പരാമർശിച്ചു. ഭാരതത്തിന്റെ പുരാതന കൈയെഴുത്തുപ്രതികൾ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള ഒരു കാമ്പെയ്‌നും ഗവണ്മെന്റ് നടത്തുന്നുണ്ട്. ഇവയിൽ ഒരു പ്രധാന ഭാഗം ജൈന വേദങ്ങളും ബഹുമാന്യരായ ആചാര്യന്മാരുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങളും ഉൾപ്പെടുന്നു. താങ്കൾ  സൂചിപ്പിച്ചതുപോലെ - 50,000-ത്തിലധികം കൈയെഴുത്തുപ്രതികൾ - നമ്മുടെ  മന്ത്രാലയത്തിന്റെ സെക്രട്ടറി ഇവിടെയുണ്ട്, തീർച്ചയായും ഈ വിഷയത്തിൽ ശ്രദ്ധയോടെ പ്രവർത്തിക്കും. ഈ ശ്രമം മുന്നോട്ട് കൊണ്ടുപോകാൻ ഗവണ്മെന്റ് ആഗ്രഹിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിലും നാം ഇപ്പോൾ മാതൃഭാഷകളെ പ്രോത്സാഹിപ്പിക്കുന്നു. അതുകൊണ്ടാണ്, ചെങ്കോട്ടയുടെ കൊത്തളങ്ങളിൽ നിന്ന്, കൊളോണിയൽ മാനസികാവസ്ഥയിൽ നിന്ന് രാഷ്ട്രത്തെ മോചിപ്പിക്കണമെന്ന് ഞാൻ പ്രഖ്യാപിച്ചത്. വികസനവും പൈതൃകവുമായി നാം മുന്നോട്ട് പോകണം.ഈ ദൃഢനിശ്ചയത്തോടെയാണ് ഭാരതത്തിന്റെ സാംസ്കാരിക, തീർത്ഥാടന കേന്ദ്രങ്ങൾ വികസിപ്പിക്കാൻ ഗവണ്മെന്റ്  പ്രവർത്തിക്കുന്നത്. 2024 ൽ, ഭഗവാൻ മഹാവീരന്റെ 2550-ാമത് നിർവാണ മഹോത്സവം സർക്കാർ വിപുലമായ രീതിയിൽ ആഘോഷിച്ചു. ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആചാര്യ ശ്രീ പ്രജ്ഞാ സാഗർ ജി പോലുള്ള ഋഷിമാർ അനുഗ്രഹിച്ച ഈ ആഘോഷം. വരും കാലങ്ങളിൽ, നമ്മുടെ സാംസ്കാരിക പൈതൃകത്തെ സമ്പന്നമാക്കുന്നതിന് ഇത്തരം കൂടുതൽ മഹത്തായ പരിപാടികൾ സംഘടിപ്പിക്കുന്നത് നാം തുടരണം. ഈ പരിപാടി പോലെ, നമ്മുടെ എല്ലാ ശ്രമങ്ങളും പൊതുജന പങ്കാളിത്തത്തിന്റെ ചൈതന്യത്താൽ നയിക്കപ്പെടുകയും "സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ പ്രയാസ്" എന്ന മന്ത്രത്താൽ സാർത്ഥകമാവുകയും ചെയ്യും.

 

സുഹൃത്തുക്കളേ,

ഇന്ന് ഞാൻ നിങ്ങളുടെ ഇടയിൽ നിൽക്കുമ്പോൾ, നവകർ മഹാമന്ത്ര ദിവസത്തിന്റെ ഓർമ്മകൾ ഓർമ്മിക്കുന്നത് സ്വാഭാവികമാണ്. ആ ദിവസം, നമ്മൾ  ഒമ്പത് പ്രമേയങ്ങളെക്കുറിച്ചും സംസാരിച്ചു. ആ പ്രതിജ്ഞകൾ നിറവേറ്റുന്നതിനായി ധാരാളം പൗരന്മാർ പ്രവർത്തിക്കുന്നുണ്ടെന്നതിൽ എനിക്ക് സന്തോഷമുണ്ട്. ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജിൽ നിന്ന് നമുക്ക് ലഭിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ഈ ഒമ്പത് പ്രമേയങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നു. അതിനാൽ, ഈ അവസരത്തിൽ, ആ ഒമ്പത് പ്രമേയങ്ങൾ നിങ്ങളുമായി വീണ്ടും പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ആദ്യത്തെ പ്രമേയം ജലം സംരക്ഷിക്കുക എന്നതാണ്. ഓരോ തുള്ളിയെയും നാം വിലമതിക്കണം. ഇത് ഭൂമി മാതാവിനോടുള്ള നമ്മുടെ ഉത്തരവാദിത്തവും കടമയുമാണ്. രണ്ടാമത്തേത് നമ്മുടെ അമ്മയുടെ പേരിൽ ഒരു മരം നടുക എന്നതാണ് - 'അമ്മ  നമ്മെ പരിപാലിച്ചതുപോലെ അതിനെ പരിപാലിക്കുക. ഓരോ വൃക്ഷവും നമ്മുടെ അമ്മയുടെ അനുഗ്രഹമായി മാറട്ടെ. മൂന്നാമത്തേത് ശുചിത്വമാണ് - വെറും പ്രദർശനത്തിനല്ല; അത് അഹിംസയുടെ പ്രതിഫലനമാണ്. ഓരോ തെരുവും, ഓരോ അയൽപക്കവും, ഓരോ നഗരവും വൃത്തിയായിരിക്കണം, എല്ലാവരും അതിൽ പങ്കാളികളാകണം.നാലാമത്തേത് 'വോക്കൽ ഫോർ ലോക്കലാണ് ' ആണ്. നമ്മുടെ സഹ ഇന്ത്യക്കാരുടെ വിയർപ്പ് ഉൾക്കൊള്ളുന്നതും നമ്മുടെ മണ്ണിന്റെ സുഗന്ധം വഹിക്കുന്നതുമായ ഉൽപ്പന്നങ്ങൾ മാത്രം വാങ്ങുക. നിങ്ങളിൽ പലരും ബിസിനസ്സിലാണ് - പ്രാദേശികമായി നിർമ്മിച്ച ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് മുൻഗണന നൽകാൻ ഞാൻ നിങ്ങളോട് പ്രത്യേകിച്ച് അഭ്യർത്ഥിക്കുന്നു. ലാഭത്തിനപ്പുറം നോക്കുക, മറ്റുള്ളവരെ പ്രചോദിപ്പിക്കുക. അഞ്ചാമത്തെ പ്രതിജ്ഞ ഭാരതത്തെ പര്യവേക്ഷണം ചെയ്യുക എന്നതാണ്. എല്ലാ വിധത്തിലും ലോകത്തെ കാണുക - എന്നാൽ ആദ്യം, അറിയുക, മനസ്സിലാക്കുക, നിങ്ങളുടെ സ്വന്തം രാജ്യത്തെ അനുഭവിക്കുക. ആറാമത്തേത് ജൈവകൃഷി സ്വീകരിക്കുക എന്നതാണ്. വിഷത്തിൽ നിന്ന് ഭൂമി മാതാവിനെ മോചിപ്പിക്കുക. രാസവസ്തുക്കളിൽ നിന്ന് കൃഷിയെ മാറ്റുക. ജൈവകൃഷിയുടെ സന്ദേശം എല്ലാ ഗ്രാമങ്ങളിലേക്കും പ്രചരിപ്പിക്കുക. ബഹുമാനപ്പെട്ട മഹാരാജ് ജി ഒരിക്കലും ഷൂസ് ധരിച്ചിരുന്നില്ല - പക്ഷേ അത് മാത്രം പോരാ. നാമും ഭൂമി മാതാവിനെ സംരക്ഷിക്കണം. ഏഴാമത്തേത് ആരോഗ്യകരമായ ജീവിതശൈലിയാണ്. മനസ്സോടെ കഴിക്കുക. നിങ്ങളുടെ പരമ്പരാഗത ഇന്ത്യൻ ഭക്ഷണത്തിൽ ശ്രീ അന്ന (മില്ലറ്റ്) ഉൾപ്പെടുത്തുക.നിങ്ങളുടെ എണ്ണ ഉപഭോഗം കുറഞ്ഞത് 10% കുറയ്ക്കുക - ഇത് അമിതവണ്ണം കുറയ്ക്കുകയും ഊർജ്ജം വർദ്ധിപ്പിക്കുകയും ചെയ്യും. എട്ടാമത്തേത് യോഗയും കായിക വിനോദവുമാണ്. ഇവ രണ്ടും നിങ്ങളുടെ ദിനചര്യയുടെ അവിഭാജ്യ ഘടകമാക്കുക. ഒമ്പതാമത്തെ പ്രതിജ്ഞ ദരിദ്രരെ സഹായിക്കുക എന്നതാണ്. ദാരിദ്ര്യത്തിലായ ഒരാൾക്ക് കൈപിടിച്ച് പിന്തുണ നൽകുക, അത് മറികടക്കാൻ അവരെ സഹായിക്കുക എന്നതാണ് ഏറ്റവും യഥാർത്ഥ സേവനം. ഈ ഒമ്പത് പ്രതിജ്ഞകൾ അനുസരിച്ച് നമ്മൾ പ്രവർത്തിച്ചാൽ, ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജിന്റെ പാരമ്പര്യത്തെ മാത്രമല്ല, അദ്ദേഹത്തിന്റെ പ്രബോധനങ്ങളെയും  ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.

 

സുഹൃത്തുക്കളേ,

ഭാരതത്തിന്റെ ബോധത്തിൽ നിന്നും നമ്മുടെ ഋഷിമാരുടെ അനുഭവങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞാണ് നമ്മൾ രാജ്യത്തിന്റെ അമൃതകാലം വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ന്, 140 കോടി ഇന്ത്യക്കാർ ഈ അമൃതസങ്കൽപ് (പ്രതിജ്ഞകൾ) പൂർത്തീകരിക്കുന്നതിനും ഒരു 'വിക്ഷിത ഭാരതം' (വികസിത ഇന്ത്യ) കെട്ടിപ്പടുക്കുന്നതിനും സ്വയം സമർപ്പിക്കുന്നു. വികസിത ഇന്ത്യ എന്നാൽ ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നതാണ്. ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജ് നമുക്ക് നൽകിയ പ്രചോദനമാണിത്. അദ്ദേഹം കാണിച്ചുതന്ന പ്രചോദനാത്മകമായ പാതയിലൂടെ സഞ്ചരിക്കുക, അദ്ദേഹത്തിന്റെ പ്രബോധനങ്ങൾ  ആന്തരികമാക്കുക, രാഷ്ട്രനിർമ്മാണത്തെ നമ്മുടെ ജീവിതത്തിന്റെ പ്രധാന ലക്ഷ്യമാക്കുക - അത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്.ഈ പുണ്യ സന്ദർഭത്തിന്റെ ഊർജ്ജം ഈ തീരുമാനങ്ങളെ ശക്തിപ്പെടുത്തുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ആചാര്യ ശ്രീ പ്രജ്ഞാ സാഗർ മഹാരാജ് ജി പറഞ്ഞതുപോലെ - "നമ്മെ പ്രകോപിപ്പിക്കാൻ ധൈര്യപ്പെടുന്നവർ ആരായാലും..." ഞാൻ അഹിംസയുടെ അനുയായികൾക്കിടയിലുള്ള ഒരു ജൈന സമ്മേളനത്തിലാണ്. ഞാൻ പകുതി വാചകം മാത്രമേ സംസാരിച്ചിട്ടുള്ളൂ, ബാക്കിയുള്ളത് നിങ്ങൾ പൂർത്തിയാക്കി. ഞാൻ ഉദ്ദേശിക്കുന്നത്, നിങ്ങൾ അത് വാക്കുകളിൽ പറഞ്ഞില്ലെങ്കിലും, ഒരുപക്ഷേ നിങ്ങൾ ഓപ്പറേഷൻ സിന്ദൂരിനെ അനുഗ്രഹിക്കുകയായിരിക്കാം എന്നാണ്. നിങ്ങളുടെ എല്ലാ സ്നേഹത്തോടും അനുഗ്രഹങ്ങളോടും കൂടി, ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജിനെ ഞാൻ വീണ്ടും ആദരപൂർവ്വം വണങ്ങുന്നു. വളരെ നന്ദി! ജയ് ജിനേന്ദ്ര!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Year Ender 2025: Major Income Tax And GST Reforms Redefine India's Tax Landscape

Media Coverage

Year Ender 2025: Major Income Tax And GST Reforms Redefine India's Tax Landscape
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 29
December 29, 2025

From Culture to Commerce: Appreciation for PM Modi’s Vision for a Globally Competitive India