ബഹുമാനപ്പെട്ട പ്രധാനമന്ത്രി മാർക്ക് കാർണി, ഇരുരാജ്യങ്ങളിലെയും ബിസിനസ്സ് നേതാക്കളേ, മഹതികളേ, മാന്യരേ,ഏവർക്കും അഭിവാദ്യങ്ങൾ!

ഇന്ത്യ-കാനഡ സി.ഇ.ഒ ഫോറത്തിൽ നിങ്ങളോടൊപ്പം ചേരുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഏതാനും  നല്ല ചിന്തകൾ പങ്കുവെച്ചതിന്  പ്രധാനമന്ത്രി കാർണിക്ക്  ഞാൻ പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.

സുഹൃത്തുക്കളേ,

ഇന്ന് നമ്മൾ ഇന്ത്യ-കാനഡ ബന്ധത്തിൽ ഒരു പുതിയ അധ്യായം എഴുതുകയാണ്. പ്രധാനമന്ത്രി കാർണി അധികാരമേറ്റിട്ട് ഒരു വർഷം പോലും തികഞ്ഞിട്ടില്ല, എങ്കിലും നമ്മുടെ ബന്ധം ഒരു 'പ്രകാശവർഷം' (light year) മുന്നിലേക്ക് കുതിച്ചിരിക്കുന്നു. സമീപ മാസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസം വർധിക്കുകയും വ്യക്തത വരികയും പുതിയൊരു ഉണർവ് സൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ലോകം സാമ്പത്തിക അനിശ്ചിതത്വം നേരിടുകയും ആഗോള സാമ്പത്തിക ക്രമം സമ്മർദ്ദത്തിലാവുകയും ചെയ്യുന്ന ഒരു സമയത്താണ് ഇത് സംഭവിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇത്തരം സാഹചര്യങ്ങളിൽ, ഇന്ത്യയിലെയും കാനഡയിലെയും ബിസിനസ്സ് പ്രമുഖർ തമ്മിലുള്ള ഈ സംഭാഷണം നമ്മുടെ പങ്കാളിത്തത്തിന് പുതിയൊരു മാനം കൊണ്ടുവരും.നിങ്ങളുടെ കാഴ്ചപ്പാടിനെയും പ്രതിജ്ഞാബദ്ധതയെയും ഞാൻ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യയും കാനഡയും ഊർജ്ജസ്വലമായ ജനാധിപത്യ രാജ്യങ്ങളും, ലോകത്തിലെ രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളും, ഒരേ മൂല്യങ്ങളിൽ കെട്ടിപ്പടുക്കപ്പെട്ട സമൂഹങ്ങളുമാണ്. ജനാധിപത്യം, വൈവിധ്യം, വികസനം എന്നിവ സ്വാഭാവിക പങ്കാളികളായി മുന്നേറാൻ നമുക്ക് പ്രചോദനം നൽകുന്നു. ഇന്ന്, പ്രധാനമന്ത്രി കാർണിയും ഞാനും നമ്മുടെ പങ്കിട്ട കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഒരു സുപ്രധാന തീരുമാനമെടുത്തിട്ടുണ്ട്. ഉഭയകക്ഷി വ്യാപാരം 50 ബില്യൺ ഡോളർ എന്ന നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി നമ്മൾ സ്ഥിരതയോടെ നീങ്ങുകയാണ്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്  നമ്മൾ എത്രയും വേഗം അന്തിമരൂപം നൽകും. 

പക്ഷേ സുഹൃത്തുക്കളേ,

സർക്കാരുകൾക്ക് ഒരു ചട്ടക്കൂട് ഉണ്ടാക്കാനും നയപരമായ ദിശാബോധം നൽകാനും മാത്രമേ സാധിക്കൂ. എന്നാൽ ആ കാഴ്ചപ്പാടിനെ യാഥാർത്ഥ്യമാക്കാനുള്ള കരുത്ത് നിങ്ങളിലോരോരുത്തരിലുമാണ് കുടികൊള്ളുന്നത്.

സുഹൃത്തുക്കളേ,

ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. ഈ പരിവർത്തനത്തിന് പിന്നിൽ ശക്തമായ ആഭ്യന്തര ഡിമാൻഡ്, യുവതലമുറയുടെ സാന്നിധ്യം, വൻതോതിലുള്ള നിക്ഷേപം, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ കരുത്ത് എന്നിവയുണ്ട്. നിരന്തരം ഓടിക്കൊണ്ടിരിക്കുന്ന നമ്മുടെ 'പരിഷ്കരണ എക്സ്പ്രസിന്റെ' (Reform Express) ഫലമാണിത്. നയങ്ങൾ ലഘൂകരിക്കുന്നത് മുതൽ ഉൽപ്പാദനവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ (PLI) വരെയും, ലോജിസ്റ്റിക്സ് നവീകരണം മുതൽ നികുതി-പാപ്പരത്ത പരിഷ്കാരങ്ങൾ വരെയും ഉള്ള നടപടികളിലൂടെ എല്ലാ മേഖലകളിലും ബിസിനസ്സ് ചെയ്യാനുള്ള എളുപ്പം (Ease of Doing Business) ഞങ്ങൾ ശക്തിപ്പെടുത്തുകയാണ്.

സുഹൃത്തുക്കളേ,

ഇന്ത്യയും കാനഡയും ഒന്നിച്ച് നിൽക്കുമ്പോൾ, നമ്മൾ വെറുമൊരു രണ്ട് സമ്പദ്‌വ്യവസ്ഥകളെ തമ്മിൽ ബന്ധിപ്പിക്കുകയല്ല ചെയ്യുന്നത്; മറിച്ച് മൂലധനത്തിന്റെയും കാര്യക്ഷമതയുടെയും ഒരു സാമ്പത്തിക ശക്തിയാണ് നമ്മൾ സൃഷ്ടിക്കുന്നത്. നമ്മുടെ സംയുക്ത ജി.ഡി.പി (GDP) 6 ട്രില്യൺ ഡോളറിലധികമാണ്. എന്നാൽ നമ്മുടെ യഥാർത്ഥ കരുത്ത് നമ്മുടെ ലക്ഷ്യങ്ങളിലാണ് കുടികൊള്ളുന്നത്. ഈ പങ്കിട്ട ലക്ഷ്യങ്ങൾ മുൻപോട്ട് കൊണ്ടുപോകുന്നതിനായി ചില നിർദ്ദേശങ്ങൾ നിങ്ങളുടെ മുൻപിൽ വെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.ആദ്യത്തേത് - ശുദ്ധമായ ഊർജ്ജം. ഇത് ഇരുരാജ്യങ്ങൾക്കും മുൻഗണനയുള്ള മേഖലയാണ്. യുറേനിയത്തിന്റെ ദീർഘകാല വിതരണത്തിനായി ഇന്ന് നമ്മൾ കരാറിൽ ഒപ്പിടുകയും ആണവോർജ്ജ മേഖലയിൽ സഹകരണം വർദ്ധിപ്പിക്കാൻ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. അല്പം മുൻപ് കോമിക്കോ  (Comico) സി.ഇ.ഒമാരുടെ ക്രിയാത്മകമായ ചിന്തകൾ നമ്മൾ കേട്ടു. സ്മോൾ മോഡുലാർ റിയാക്ടറുകൾ (SMR), അഡ്വാൻസ്ഡ് റിയാക്ടറുകൾ, ആണവോർജ്ജ മൂല്യശൃംഖല എന്നിവയിൽ നമ്മൾ ഒരുമിച്ച് മുന്നേറണം. നിർണ്ണായക ധാതുക്കളുടെ(Critical Minerals) മേഖലയിൽ സുരക്ഷിതമായ വിതരണ ശൃംഖലകൾ കെട്ടിപ്പടുക്കുന്നതിനായി നമ്മൾ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കാനഡയുടെ നവീകരണത്തെ ഇന്ത്യയുടെ വിപുലീകരണ ശേഷിയുമായി സംയോജിപ്പിക്കുന്നതിലൂടെ ബാറ്ററി, ഊർജ്ജ സംഭരണം  എന്നീ മേഖലകളിൽ നമുക്ക് മുന്നേറാൻ സാധിക്കും.രണ്ടാമത്തെ മേഖല അടിസ്ഥാന സൗകര്യങ്ങളും മൂലധന പങ്കാളിത്തവുമാണ് (Infrastructure and Capital Partnership).

ഈ വർഷത്തെ ബജറ്റിൽ, അടിസ്ഥാന സൗകര്യ വികസനത്തിനായി ഇന്ത്യ 130 ബില്യൺ ഡോളറിന്റെ റെക്കോർഡ് തുകയാണ് വകയിരുത്തിയിരിക്കുന്നത്. നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്‌ലൈനിന് കീഴിൽ 1.3 ട്രില്യൺ ഡോളറിന്റെ നിക്ഷേപം നടപ്പിലാക്കി വരികയാണ്. കനേഡിയൻ പെൻഷൻ ഫണ്ടുകൾ ഇന്ത്യയിൽ 100 ബില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. ഇത് ഇന്ത്യയോടുള്ള  ആഴത്തിലുള്ള വിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വളർച്ചാ ഗാഥയുടെ (Infrastructure growth story) ഭാഗമാകാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.

മൂന്നാമത്തെ മേഖല AI അഥവാ നിർമ്മിത ബുദ്ധി(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ആണ്. നമുക്ക് സംയുക്തമായി 'AI കമ്പ്യൂട്ട് കോറിഡോറുകൾ' നിർമ്മിക്കാൻ സാധിക്കും. സ്റ്റാർട്ടപ്പുകൾക്കായി നമുക്ക് 'AI ഇന്നൊവേഷൻ സാൻഡ്‌ബോക്സുകൾ' സൃഷ്ടിക്കാം. നാലാമത്തെ മേഖല ഉൽപ്പാദനവും സാങ്കേതികവിദ്യയുമാണ്. ഇലക്ട്രോണിക്സ്, ഏറോസ്പേസ്, എഞ്ചിനീയറിംഗ് എന്നീ മേഖലകളിൽ കാനഡയുടെ സാങ്കേതികവിദ്യയും ഇന്ത്യയുടെ വലിയ വിപണി സാധ്യതകളും ഒത്തുചേരുന്നതിലൂടെ ആഗോള മൂല്യശൃംഖലയെ നമുക്ക് ശക്തിപ്പെടുത്താം. അഞ്ചാമത്തെ മേഖല ഭക്ഷ്യസംസ്കരണമാണ്. ഇന്ന് ഇന്ത്യയിൽ മെഗാ ഫുഡ് പാർക്കുകളും കോൾഡ് ചെയിനുകളും ഫുഡ് ടെസ്റ്റിംഗ് ലാബുകളും അതിവേഗം നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത് നമ്മുടെ ഇരുരാജ്യങ്ങൾക്കും ഗുണകരമായ (Win-win) സഹകരണത്തിന്റെ മറ്റൊരു മികച്ച ഉദാഹരണമായി മാറാൻ സാധിക്കും.

സുഹൃത്തുക്കളേ,

നമ്മുടെ പങ്കാളിത്തം കേവലം ദേശീയ തലസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കരുത്; അത് സംസ്ഥാനങ്ങളിലേക്കും പ്രവിശ്യകളിലേക്കും വ്യാപിപ്പിക്കണം. ആൽബർട്ടയുടെ സ്വാഭാവിക വിഭവങ്ങളെ ഗുജറാത്തിന്റെയും രാജസ്ഥാന്റെയും പുനരുപയോഗ ഊർജ്ജ ലക്ഷ്യങ്ങളുമായി ബന്ധിപ്പിക്കണം. ഒന്റാറിയോയുടെ ഉൽപ്പാദന ശേഷിയെ തമിഴ്‌നാട്ടിലെയും മഹാരാഷ്ട്രയിലെയും വ്യാവസായിക ക്ലസ്റ്ററുകളുമായി കോർത്തിണക്കണം. മോൺട്രിയോളിലെ സാങ്കേതിക ആവാസവ്യവസ്ഥയെ ബെംഗളൂരുവിലെയും ഹൈദരാബാദിലെയും ഇന്നൊവേഷൻ ഹബുകളുമായി സംയോജിപ്പിക്കണം. എങ്കിൽ മാത്രമേ ഈ പങ്കാളിത്തത്തെ വെറും നയങ്ങളിൽ നിന്ന് സമൃദ്ധിയിലേക്ക് മാറ്റാൻ നമുക്ക് സാധിക്കൂ.

സുഹൃത്തുക്കളേ,

നിങ്ങളിൽ ചിലർ ക്രിക്കറ്റ് കാണുന്നവരായിരിക്കാം. ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ടി-20 ക്രിക്കറ്റ് ലോകകപ്പിൽ കാനഡ കളിക്കുന്നത് കാണുന്നത് ഞങ്ങളെ എല്ലാവരെയും സന്തോഷിപ്പിക്കുന്നു. "വേഗത്തിലുള്ള തീരുമാനങ്ങളും, ഭയമില്ലാത്ത പ്രകടനങ്ങളും, മാച്ച് വിന്നിംഗ് പങ്കാളിത്തങ്ങളും ഉള്ള ടി-20 ക്രിക്കറ്റിലെ പോലെ, ഇന്ത്യയും കാനഡയും ചേർന്ന് ഭാവി രൂപപ്പെടുത്തും." ഈ നിശ്ചയദാർഢ്യത്തോടെ, ഇന്ത്യയുടെ വികസന യാത്രയിൽ പങ്കുചേരാൻ ഞാൻ നിങ്ങളെ ഏവരെയും ക്ഷണിക്കുന്നു.

വളരെയധികം നന്ദി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Nepal praises India's efforts in times of crisis; calls PM Modi 'exceptionally generous'

Media Coverage

Nepal praises India's efforts in times of crisis; calls PM Modi 'exceptionally generous'
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 30
August 30, 2026

Tiranga in Tashkent, Relief in Nepal: Soft Power Meets First Responder

Vocal for Local, Nari Shakti, Real Heroes: Mann Ki Baat’s Atmanirbhar Hour