കോട്ട, ബുന്ദി, ബാരൻ, ഝലാവർ എന്നിവയുൾപ്പെടെയുള്ള മുഴുവൻ ഹാഡോതി മേഖലയ്ക്കും പുതിയ പ്രതീക്ഷയുടെയും പുതിയ നേട്ടങ്ങളുടെയും ദിനമാണ് ഇന്ന്: പ്രധാനമന്ത്രി
1,500 ഓളം കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ അത്യാധുനിക വിമാനത്താവളം വരുംകാലത്ത് ഈ മേഖലയുടെയാകെ വികസനത്തിന് ആക്കം കൂട്ടും: പ്രധാനമന്ത്രി
വിമാനത്താവളം പ്രവർത്തനസജ്ജമാകുന്നതോടെ യാത്രകൾ എളുപ്പമാവുകയും കോട്ട ഉൾപ്പെടെയുള്ള മുഴുവൻ പ്രദേശങ്ങളിലും വ്യാപാരം അതിവേഗം വളരുകയും ചെയ്യും: പ്രധാനമന്ത്രി
കോട്ട ഇന്ന് കണക്റ്റിവിറ്റിയുടെ കാര്യത്തിൽ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്: പ്രധാനമന്ത്രി
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ കോട്ടയിലെ രണ്ട് പ്രധാന റെയിൽവേ സ്റ്റേഷനുകളിലും ആധുനിക സൗകര്യങ്ങൾ സജ്ജീകരിച്ചുകൊണ്ടിരിക്കുന്നു: പ്രധാനമന്ത്രി
കോട്ടയിലൂടെയും ബുന്ദിയിലൂടെയും കടന്നുപോകുന്ന ഡൽഹി-മുംബൈ അതിവേഗ പാത മുഴുവൻ മേഖലയുടെയും വികസനത്തിന് പുതിയ കവാടം തുറക്കുന്നു: പ്രധാനമന്ത്രി

കോട്ടയിലെയും ഹാദോതി മേഖലയിലെയും പ്രിയപ്പെട്ട സഹോദരങ്ങളെ, ഒരിക്കൽ കൂടി എന്റെ നമസ്‌കാരം.

കഴിഞ്ഞ ആഴ്ചയാണ് എനിക്ക് രാജസ്ഥാൻ സന്ദർശിക്കാൻ അവസരം ലഭിച്ചത്. അജ്മീറിലെ പുണ്യഭൂമിയിൽ നിന്ന് നമ്മൾ ആയിരക്കണക്കിന് കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ശിലാസ്ഥാപനം നടത്തുകയും ചെയ്തു. അതേ ചടങ്ങിൽ വെച്ച് രാജസ്ഥാനിലെ 21,000-ത്തിലധികം യുവാക്കൾക്ക് നിയമന ഉത്തരവുകൾ കൈമാറുകയുണ്ടായി. അജ്മീർ സന്ദർശനം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ, കോട്ടയുമായി ബന്ധപ്പെട്ട ഈ പ്രധാനപ്പെട്ട വിമാനത്താവള പദ്ധതിക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.ഒറ്റ ആഴ്ചയ്ക്കുള്ളിൽ രാജസ്ഥാനിൽ നടന്ന ഈ രണ്ട് പ്രധാന വികസന പരിപാടികൾ ശക്തമായ ഒരു സന്ദേശമാണ് നൽകുന്നത്. രാജസ്ഥാൻ ഇന്ന് എത്ര വേഗത്തിലാണ് പുരോഗമിക്കുന്നതെന്ന് ഇത് കാണിച്ചുതരുന്നു. അടിസ്ഥാന സൗകര്യ വികസനമായാലും, യുവാക്കൾക്കുള്ള തൊഴിലവസരങ്ങളായാലും, കർഷകർക്കും സ്ത്രീകൾക്കുമായുള്ള പദ്ധതികളായാലും—എല്ലാ മേഖലകളിലും രാജസ്ഥാനിലുടനീളം വലിയ വേഗതയിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

സുഹൃത്തുക്കളേ,

കോട്ട, ബൂന്ദി, ബാരൻ, ഝാലവർ തുടങ്ങി മുഴുവൻ ഹാദോതി മേഖലയ്ക്കും പുതിയ പ്രതീക്ഷകളുടെയും നേട്ടങ്ങളുടെയും ദിനമാണിന്ന്. ഏകദേശം 1,500 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ഈ അത്യാധുനിക വിമാനത്താവളം വരും വർഷങ്ങളിൽ ഈ മേഖലയുടെ വികസനത്തിന് വേഗത കൂട്ടും. ഈ പ്രധാനപ്പെട്ട വിമാനത്താവള പദ്ധതിയുടെ ശിലാസ്ഥാപന വേളയിൽ കോട്ടയിലെയും ഹാദോതിയിലെയും ജനങ്ങൾക്ക് ഞാൻ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

സുഹൃത്തുക്കളേ,

2023 നവംബറിൽ ഞാൻ കോട്ടയിൽ വന്നപ്പോൾ ഇവിടുത്തെ ജനങ്ങൾക്ക് ഒരു വാഗ്ദാനം നൽകിയത് ഞാൻ ഓർക്കുന്നു. വിമാനത്താവളം വെറുമൊരു സ്വപ്നമായി അവശേഷിക്കില്ലെന്നും അത് യാഥാർത്ഥ്യമാക്കുമെന്നും അന്ന് ഞാൻ പറഞ്ഞിരുന്നു. കോട്ട വിമാനത്താവളത്തിന്റെ നിർമ്മാണം ആരംഭിക്കുന്ന ഈ നിമിഷം വന്നെത്തിയതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഇതുവരെ, വിമാനയാത്രയ്ക്കായി കോട്ടയിലെ ജനങ്ങൾക്ക് ജയ്പൂരിലേക്കോ ജോധ്പൂരിലേക്കോ യാത്ര ചെയ്യേണ്ടി വന്നിരുന്നു. ഇത് ഒരുപാട് സമയനഷ്ടത്തിനും അസൗകര്യങ്ങൾക്കും കാരണമായിരുന്നു. ആ സാഹചര്യം ഇനി മാറാൻ പോവുകയാണ്. ഈ വിമാനത്താവളം പ്രവർത്തനക്ഷമമാകുന്നതോടെ യാത്രകൾ എളുപ്പമാവുകയും കോട്ടയിലും പരിസര പ്രദേശങ്ങളിലും വ്യാപാരം അതിവേഗം വളരുകയും ചെയ്യും. 

സുഹൃത്തുക്കളേ,

കോട്ട എന്നത് വിദ്യാഭ്യാസത്തിന്റെ കേന്ദ്രം മാത്രമല്ല, ഊർജ്ജോല്പാദനത്തിന്റെ ഒരു പ്രധാന കേന്ദ്രം കൂടിയാണ്. ആണവോർജ്ജം, കൽക്കരി, ഗ്യാസ്, ജലം എന്നിങ്ങനെ മിക്കവാറും എല്ലാ സ്രോതസ്സുകളിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കപ്പെടുന്ന സവിശേഷമായ ഒരു മേഖലയാണിത്. ഹാദോതിയുടെ ഈ മണ്ണ് അതിന്റെ പൈതൃകത്തിനും ഒരുപോലെ പ്രസിദ്ധമാണ്. കോട്ട കച്ചോരിയുടെ രുചിയും, കോട്ട ഡോറിയ സാരികളുടെ ചാരുതയും, കോട്ട കല്ലുകളുടെയും (Kota stone) സാൻഡ് സ്റ്റോണിന്റെയും തിളക്കവും ലോകമെമ്പാടും അംഗീകാരം നേടിയിട്ടുണ്ട്. ഇവിടുത്തെ മല്ലിയും, ബൂന്ദിയിലെ ബസ്മതി അരിയും—അവയുടെ സുഗന്ധം അന്താരാഷ്ട്ര വിപണികളിൽ വരെ എത്തുന്നുണ്ട്. കഠിനാധ്വാനത്തിനും ഉല്പാദനത്തിനും അപാരമായ സാധ്യതകൾക്കും പേരുകേട്ട ഇടമാണിത്. ഇപ്പോൾ, കോട്ടയിലെ ഈ പുതിയ വിമാനത്താവളം ആ സാധ്യതകളെ പലമടങ്ങായി വർദ്ധിപ്പിക്കും.

സുഹൃത്തുക്കളേ,

കോട്ടയുടെയും ഹാദോതിയുടെയും ഈ മണ്ണ് സംരംഭകത്വത്തിന്റെയും വിശ്വാസത്തിന്റെയും വലിയൊരു കേന്ദ്രം കൂടിയാണ്. നൂറ്റാണ്ടുകളായി, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലോകമെമ്പാടുമുള്ള ഭക്തർ മഥുരാധീഷ് ജി പീഠം, കേശവ് റായ് പാടൻ തീർത്ഥാടനം, ഖഡേ ഗണേഷ് ജി മഹാരാജ്, ഗോദാവരി ബാലാജി ധാം എന്നിവ സന്ദർശിക്കാൻ ഇവിടെ എത്തുന്നു. ഗരാഡിയ മഹാദേവിൽ നിന്നുള്ള ചമ്പൽ നദിയുടെ ദൃശ്യം ഏവരെയും മനംമയക്കുന്നതാണ്. മുകുന്ദ്ര ഹിൽസ്, രാംഗഢ് വിഷ്ധാരി തുടങ്ങിയ വന്യജീവി സങ്കേതങ്ങൾ ഈ മേഖലയെ വൈൽഡ് ലൈഫ് ടൂറിസത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റുന്നു. വിമാന സർവീസുകൾ വർദ്ധിക്കുന്നതോടെ രാജ്യത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാരികൾ ഇവിടേക്ക് എത്തും; ഇതിന്റെ നേരിട്ടുള്ള ഗുണം ഇവിടുത്തെ യുവാക്കൾക്കും വ്യാപാരികൾക്കും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും ലഭിക്കും.

സുഹൃത്തുക്കളേ,

കോട്ട ഇന്ന് കണക്റ്റിവിറ്റിയുടെ കാര്യത്തിൽ അതിവേഗം മുന്നേറുകയാണ്. 'അമൃത് ഭാരത് സ്റ്റേഷൻ' പദ്ധതിക്ക് കീഴിൽ കോട്ടയിലെ രണ്ട് പ്രധാന റെയിൽവേ സ്റ്റേഷനുകളും ആധുനിക സൗകര്യങ്ങളാൽ സജ്ജീകരിക്കപ്പെടുന്നു. കോട്ടയിലൂടെയും ബൂന്ദിയിലൂടെയും കടന്നുപോകുന്ന ഡൽഹി-മുംബൈ എക്സ്പ്രസ് വേ ഈ മേഖലയിലുടനീളം വികസനത്തിന്റെ പുതിയ വാതിലുകളാണ് തുറക്കുന്നത്. ഇപ്പോൾ ഡൽഹി, വഡോദര, മുംബൈ തുടങ്ങിയ വൻനഗരങ്ങൾ ഏതാനും മണിക്കൂറുകൾ മാത്രം അകലെയാണ്. മികച്ച റോഡ്-റെയിൽ സൗകര്യങ്ങൾ വന്നതോടെ പുതിയ വ്യവസായങ്ങൾ ഇവിടെ സ്ഥാപിതമായിക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് കാർഷികാധിഷ്ഠിത വ്യവസായങ്ങളുടെ  ഒരു പ്രധാന കേന്ദ്രമായി ഈ പ്രദേശം മാറും. റെയിൽ, റോഡ് മാർഗങ്ങൾക്ക് ശേഷം, വ്യോമയാന മേഖലയിലെ ഈ പുതിയ അധ്യായം കോട്ടയുടെ വികസനത്തിന് കൂടുതൽ വേഗത പകരും. കോട്ട വിമാനത്താവളം മുഴുവൻ ഹാദോതി മേഖലയ്ക്കും സമീപ ജില്ലകൾക്കും പുരോഗതിയുടെ പുതിയ അവസരങ്ങൾ കൊണ്ടുവരും.

സുഹൃത്തുക്കളേ,

ഈ സുപ്രധാന പദ്ധതിക്കായി കോട്ടയിലെ പാർലമെന്റ് അംഗം ശ്രീ ഓം ബിർള ജി നടത്തുന്ന നിരന്തരമായ ശ്രമങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. കോട്ടയിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും അവർക്ക് പുതിയ അവസരങ്ങൾ നൽകുന്നതിനുമാണ് അദ്ദേഹം എന്നും പരിശ്രമിച്ചിട്ടുള്ളത്. വിമാനത്താവളമായാലും, IIIT-യുടെ പുതിയ കാമ്പസായാലും, റോഡുകളുടെ വികസനമായാലും കോട്ടയുടെ വികസനത്തിനായി അദ്ദേഹം അശ്രാന്തമായി പരിശ്രമിക്കുന്നു. അദ്ദേഹത്തിന്റെ പ്രയത്നങ്ങൾ കാരണമാണ് കോട്ടയിലും ഈ മേഖലയിലുടനീളവും വികസനത്തിന്റെ പുതിയ തരംഗങ്ങൾ പ്രകടമാകുന്നത്.

സുഹൃത്തുക്കളേ,

ഓം ബിർള ജി ഒരു മികച്ച പാർലമെന്റ് അംഗം മാത്രമല്ല, ലോകസഭയുടെ അതുല്യനായ സ്പീക്കർ കൂടിയാണ്. അദ്ദേഹം ഭരണഘടനയോട് പൂർണ്ണമായി അർപ്പണബോധമുള്ളവനും പാർലമെന്ററി പാരമ്പര്യങ്ങളോട് അങ്ങേയറ്റം പ്രതിബദ്ധതയുള്ളവനുമാണ്. ഇന്ന് അദ്ദേഹം ഭരണ-പ്രതിപക്ഷ ഭേദമന്യേ നിഷ്പക്ഷതയുടെ പ്രതീകമായി നിലകൊള്ളുന്നു. സഭയിൽ അദ്ദേഹത്തെ കാണുമ്പോൾ, വിദ്യാഭ്യാസത്തിന്റെ നഗരമായ കോട്ടയിൽ നിന്നുള്ള ആ പശ്ചാത്തലം അദ്ദേഹത്തിന്റെ സ്പീക്കർ പദവിയെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട് - എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകുന്ന ഒരു കുടുംബനാഥനെപ്പോലെയാണ് അദ്ദേഹം സഭയെ നയിക്കുന്നത്. എല്ലാ പാർലമെന്റ് അംഗങ്ങളുടെയും വികാരങ്ങളെയും അഭ്യർത്ഥനകളെയും അദ്ദേഹം മാനിക്കുന്നു. എം.പിമാരെ ഏറ്റവും അധികം ബഹുമാനിക്കുന്ന സ്പീക്കറാണ് അദ്ദേഹം. ചില ധാർഷ്ട്യക്കാരും  വിഘടനം ആഗ്രഹിക്കുന്നവരും ഇടയ്ക്കിടെ സഭയിൽ തടസ്സങ്ങൾ സൃഷ്ടിക്കുമ്പോഴും, അദ്ദേഹം തികഞ്ഞ മാന്യതയോടെ എല്ലാം കൈകാര്യം ചെയ്യുന്നു; ആരെയും അപമാനിക്കാതെയും, കടുത്ത വാക്കുകൾ ക്ഷമയോടെ സഹിച്ചും, എപ്പോഴും പുഞ്ചിരിയോടെയും അദ്ദേഹം തന്റെ ദൗത്യം നിർവ്വഹിക്കുന്നു. സഭയിൽ എല്ലാവരും അദ്ദേഹത്തെ സ്നേഹിക്കുന്നതിനുള്ള ഒരു കാരണം ഒരുപക്ഷേ ഇതാകാം.

സുഹൃത്തുക്കളേ,

കണക്റ്റിവിറ്റി വർദ്ധിക്കുമ്പോൾ വികസനത്തിന്റെ വേഗതയും വർദ്ധിക്കുന്നു. കഴിഞ്ഞ 11 വർഷത്തിനിടയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിർമ്മിച്ച പുതിയ വിമാനത്താവളങ്ങൾ വളർച്ചയ്ക്ക് പുതിയ കരുത്ത് പകർന്നു. 2014-ന് മുമ്പ് രാജ്യത്ത് ഏകദേശം 70 വിമാനത്താവളങ്ങളാണ് ഉണ്ടായിരുന്നത്. ഇന്ന് ആ എണ്ണം 160-ലധികം ആയി ഉയർന്നു. ഈ പുതിയ വിമാനത്താവളങ്ങൾ വിമാനയാത്ര എളുപ്പമാക്കുകയും ടൂറിസം മേഖലയ്ക്ക് ഉണർവേകുകയും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക വികസനം വേഗത്തിലാക്കുകയും ചെയ്തു. ഡൽഹിക്ക് ചുറ്റും പോലും ഹിസാർ, ഹിൻഡൻ, ജെവാർ എന്നിങ്ങനെ നിരവധി പുതിയ വിമാനത്താവളങ്ങൾ ഉയർന്നു കഴിഞ്ഞു. പുതിയ വിമാനത്താവളങ്ങളും ടെർമിനലുകളും നിർമ്മിക്കപ്പെടുമ്പോൾ പുതിയ സംരംഭങ്ങളും കമ്പനികളും ചെറുകിട നഗരങ്ങളിലേക്കും എത്തിച്ചേരുന്നു. വരും കാലങ്ങളിൽ കോട്ടയുടെ പുതിയ വിമാനത്താവളവും ഈ മേഖലയുടെ വികസനത്തിന് സമാനമായ വേഗത നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളേ,

സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഒത്തൊരുമിച്ച് പ്രവർത്തിക്കുമ്പോൾ, ലക്ഷ്യങ്ങൾ വ്യക്തവും നിശ്ചയദാർഢ്യം ശക്തവുമാകുമ്പോൾ വികസനത്തിന്റെ വേഗത പലമടങ്ങായി വർദ്ധിക്കുന്നു. അതാണ് ഇന്ന് രാജസ്ഥാനിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വികസിത രാജസ്ഥാൻ എന്ന ഈ ശക്തമായ അടിത്തറ 'വികസിത ഭാരതം' എന്ന ദൃഢനിശ്ചയത്തിന് കൂടുതൽ കരുത്ത് പകരുന്നു. സമൃദ്ധവും ശക്തവും അവസരങ്ങൾ നിറഞ്ഞതുമായ ഒരു രാജസ്ഥാൻ കെട്ടിപ്പടുക്കുന്നതിൽ നമ്മൾ ഒരുമിച്ച് വിജയിക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. ഈ വിശ്വാസത്തോടെ, ഈ ശിലാസ്ഥാപന ചടങ്ങിൽ നിങ്ങളെ ഏവരേയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. വളരെ നന്ദി. വന്ദേ മാതരം.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Project Cheetah: How A Species Declared Extinct During Nehru Era Returned To India Under Modi Govt

Media Coverage

Project Cheetah: How A Species Declared Extinct During Nehru Era Returned To India Under Modi Govt
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister inaugurates Namo Hospital at Daman
June 05, 2026

Prime Minister Shri Narendra Modi today inaugurated the Namo Hospital at Daman. He stated that this is in line with the ongoing efforts towards providing quality health treatment to the people, noting that the hospital features modern facilities and will go a long way in addressing the healthcare needs of the Union Territory and surrounding areas.

The Prime Minister posted on X:

"In line with our efforts towards providing quality health treatment to the people, the Namo Hospital at Daman was inaugurated. It has modern facilities and will go a long way in addressing the healthcare needs of the Union Territory and surrounding areas."