India is not only a fast-growing economy, but also a credible one: PM
Along with being a rising power, India is also a reliable power: PM
For India, Nation First is the highest guiding principle: PM
Maoist terror is breathing its last in India: PM
The shift in mindset from "this can never be done" to "this will be done" is India's greatest achievement: PM
The government is empowering the poor and middle-class: PM
The collective efforts of 140 crore Indians will realise the dream of a Viksit Bharat: PM

സ്വര സാധന, മനോകാമന, ആരാധന - ഇത്രയധികം ശുഭകരമായ ഒരു തുടക്കത്തിന് ശേഷം, നിങ്ങളുടെ ഈ പരിപാടി ഇങ്ങനെ തന്നെ തുടർന്നുപോയിരുന്നെങ്കിൽ അത് എത്രയോ മനോഹരമാകുമായിരുന്നു. നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ.

ഇപ്പോൾ നിരവധി ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന റിപ്പബ്ലിക് ടിവി നെറ്റ്‌വർക്കിന്റെ എല്ലാ പ്രേക്ഷകരെയും ഞാൻ എന്റെ ആദരവ് അറിയിക്കുന്നു. ഈ സമ്മിറ്റിൽ പങ്കെടുക്കാൻ എത്തിയിട്ടുള്ള എല്ലാ സഹപ്രവർത്തകരെയും ഞാൻ സ്വാഗതം ചെയ്യുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർത്താ ചാനലുകളിൽ 'ബ്രേക്കിംഗ് ന്യൂസിന്' വലിയ പ്രാധാന്യമാണുള്ളത്. ഇന്നാണെങ്കിൽ, ലോകത്ത് എവിടെ നോക്കിയാലും ലോകം മുഴുവൻ ഒരു ബ്രേക്കിംഗ് ന്യൂസ് മോഡിലാണെന്ന് തോന്നും. ഇങ്ങനെയുള്ള വലിയ തിരക്കുകൾക്കും ബഹളങ്ങൾക്കും ഇടയിലും നിങ്ങൾ ഈ സമ്മിറ്റ് സംഘടിപ്പിക്കുകയും അതിൽ പങ്കെടുക്കുകയും ചെയ്യുന്നു എന്നതിനാൽ നിങ്ങൾ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഇത്തവണ നിങ്ങളുടെ ചർച്ചയുടെ പ്രമേയവും അത്രതന്നെ പ്രാധാന്യമുള്ള ഒന്നാണ്: മഹത്തായ ശക്തിയായി ഇന്ത്യ: രാജ്യം ആദ്യം.

 

സുഹൃത്തുക്കളെ,

നമ്മുടെ ശാസ്ത്രങ്ങൾ പറയുന്നു: യതോ ധർമ്മസ്തതോ ജയഃ! – അതായത്, വിജയത്തിന്റെയും ശക്തിയുടെയും അടിസ്ഥാനം ധർമ്മമാണ്. ധർമ്മം എന്നാൽ കടമയാണ്, ധർമ്മം എന്നാൽ നീതിയാണ്, ധർമ്മം എന്നാൽ സമത്വമാണ്, ധർമ്മം എന്നാൽ സംവാദമാണ്, ധർമ്മം എന്നാൽ കാരുണ്യമാണ്. ഈ സാരാംശം 'രാഷ്ട്രം ആദ്യം ' എന്ന ചിന്താഗതിയിൽ ആഴത്തിൽ പതിഞ്ഞിട്ടുള്ളതാണ്. ഇന്ത്യ തന്റെ ശക്തിയെ നോക്കിക്കാണുന്നതും അളക്കുന്നതും ഈയൊരു കാഴ്ചപ്പാടിലൂടെയാണ്.

സുഹൃത്തുക്കളെ,

ലോകം ഇന്ന് അംഗീകരിച്ചിട്ടുള്ള മറ്റൊരു സവിശേഷത കൂടി ഇന്ത്യയ്ക്കുണ്ട്. നിമിഷനേരം കൊണ്ട് സംഭവിക്കുന്ന കാര്യങ്ങളോട് പെട്ടെന്ന് വൈകാരികമായി പ്രതികരിക്കുന്ന ഒരു രാജ്യമല്ല നമ്മൾ. വികാസവും വിനാശവും ഒരുപോലെ കാണുകയും അവയെ അതിജീവിക്കുകയും ചെയ്ത ഒരു രാജ്യമാണ് നമ്മുടേത്. യുഗങ്ങളുടെ ഓർമ്മച്ചെപ്പ് – സഹസ്രാബ്ദങ്ങളുടെ സ്മരണകൾ – ബോധമനസ്സിൽ സൂക്ഷിക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. അതുകൊണ്ടാണ് ഇന്ന് ഇന്ത്യ ചെയ്യുന്നത് എന്തും – ഞാൻ ഇത് പൂർണ്ണ ഉത്തരവാദിത്തത്തോടെയാണ് പറയുന്നത് – ഇന്ന് ഇന്ത്യ ചെയ്യുന്നത് വരും തലമുറകളുടെ, അടുത്ത ആയിരം വർഷത്തെ ഭാവി നിർണ്ണയിക്കുന്നതായിരിക്കും. ലോകത്തിന് ഇന്ത്യ നൽകുന്ന ഏറ്റവും വലിയ ഉറപ്പും ഇതുതന്നെയാണ്. ഇന്ത്യ അതിവേഗം വളരുന്ന ഒരു സമ്പദ്‌വ്യവസ്ഥ മാത്രമല്ല, വിശ്വസിക്കാൻ കൊള്ളുന്ന ഒരു സമ്പദ്‌വ്യവസ്ഥ കൂടിയാണ്. വളർന്നു വരുന്ന ഒരു ശക്തി എന്നതിനൊപ്പം – നിങ്ങൾ നിഘണ്ടു വിപുലീകരിച്ച് അതിനെ ഒരു 'മഹാശക്തി' എന്ന് വിശേഷിപ്പിച്ചു എങ്കിലും – ഇന്ത്യ വിശ്വസ്തതയുള്ള ഒരു ശക്തിയാണെന്ന് ഞാൻ തീർച്ചയായും പറയും. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഞാൻ ജി-7 ഉച്ചകോടി കഴിഞ്ഞ് മടങ്ങിയെത്തിയത്. ഇന്നത്തെ ഇന്ത്യയെ സംബന്ധിച്ച് 'രാഷ്ട്രം ആദ്യം ' എന്നതാണ് ഏറ്റവും വലിയ മന്ത്രവും പരമമായ തത്വവുമെന്ന് ഉച്ചകോടിയിൽ പങ്കെടുത്ത  ഓരോ നേതാവിനും ഓരോ രാജ്യത്തിനും നന്നായി അറിയാം.

സുഹൃത്തുക്കളെ,

കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഞങ്ങളുടെ ഗവൺമെൻറ് 12 വർഷം പൂർത്തിയാക്കിയത്. അതിനായി നിങ്ങളെക്കൊണ്ട് കൈയടിപ്പിക്കാൻ പോലും അർണബ് മുതിർന്നു. കഴിഞ്ഞ പന്ത്രണ്ട് വർഷത്തെ നേട്ടങ്ങൾ നിങ്ങൾ വിലയിരുത്തുകയാണെങ്കിൽ, ഓരോ തീരുമാനത്തിന്റെയും ഓരോ ചുവടുവെപ്പിന്റെയും ഓരോ ശ്രമത്തിന്റെയും കേന്ദ്രബിന്ദു 'രാഷ്ട്രം ആദ്യം ' (Nation First) എന്ന ചിന്താഗതിയാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. സ്വച്ഛ് ഭാരത് അഭിയാൻ മുതൽ മേക്ക് ഇൻ ഇന്ത്യ വരെ, ഖാദിക്ക് പ്രാധാന്യം നൽകുന്നത് മുതൽ പ്രാദേശിക ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് വരെ - ഈ സംരംഭങ്ങളെല്ലാം വിജയിച്ചത് രാജ്യത്തെ ജനങ്ങൾ രാഷ്ട്രത്തെ എല്ലാറ്റിനും മുകളിലായി കാണുകയും തങ്ങളുടെ കടമ നിർവഹിക്കുകയും ചെയ്തതുകൊണ്ടാണ്. ഈ രാജ്യത്തെ പൗരന്മാരെ ഞാൻ ആദരവോടെ വണങ്ങുന്നു.

 

സുഹൃത്തുക്കളെ,

നമ്മുടെ സുഹൃത്ത് ശ്രീ ശ്രീധർ വെമ്പു ജി ഇവിടെ നമ്മളോടൊപ്പമുണ്ട്. നമ്മുടെ സംരംഭകർ 'രാഷ്ട്രം ആദ്യം ' എന്ന ഭാവനയോടെ മുന്നേറുമ്പോൾ, രാജ്യത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി തങ്ങളുടെ ലക്ഷ്യങ്ങൾ നിശ്ചയിക്കുമ്പോൾ, വലിയ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കപ്പെടുകയും രാജ്യം അഭിവൃദ്ധിപ്പെടുകയും ചെയ്യും. ശ്രീ വെമ്പു ജിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഇവിടെ എത്രത്തോളം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയില്ല, എന്നാൽ ഈയടുത്ത് ഞാൻ ഫ്രാൻസിലെ 'വിവാടെക്' (VivaTech) സന്ദർശിക്കുകയുണ്ടായി. ഒന്നര മുതൽ രണ്ട് ലക്ഷത്തോളം യുവാക്കൾ അവിടെയുണ്ടായിരുന്നു. ഞാനും ഫ്രഞ്ച് പ്രസിഡന്റും യുവാക്കളുടെ പുതിയ കണ്ടെത്തലുകൾ കാണാനായി വിവിധ സ്റ്റാളുകളിലൂടെ നടക്കുമ്പോൾ, ഞങ്ങൾ 'സോഹോ' യുടെ സ്റ്റാളിലെത്തി. ഈ പുതിയ സൃഷ്ടി എന്താണെന്ന് മനസ്സിലാക്കാൻ അവിടെ തടിച്ചുകൂടിയ യൂറോപ്യൻ യുവാക്കളുടെ ആവേശം കണ്ട് ഞാൻ അത്ഭുതപ്പെടുകയും എനിക്ക് വലിയ അഭിമാനം തോന്നുകയും ചെയ്തു. ഒരുപക്ഷേ ഇന്ത്യയിൽ ഇതിനെക്കുറിച്ച് അത്രയധികം ചർച്ച ചെയ്യപ്പെടുന്നുണ്ടാകില്ല, എന്നാൽ ഫ്രാൻസിൽ ഞാൻ കണ്ട കാഴ്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. നിങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 

സുഹൃത്തുക്കളെ,

ഗവൺമെന്റിന്റെ നയങ്ങളിലും തീരുമാനങ്ങളിലും 'രാഷ്ട്രം ആദ്യം ' എന്ന ചിന്താഗതി ചെലുത്തിയ സ്വാധീനം നമ്മുടെ ഗോത്രവർഗ്ഗ മേഖലകളിൽ കാണാൻ സാധിക്കും. ഞാൻ ഇവിടെ തത്ത്വചിന്ത പ്രസംഗിക്കാൻ വന്നതല്ല, എന്നാൽ കാര്യങ്ങൾ എങ്ങനെയാണ് നടപ്പിലാകുന്നത് എന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ ചില ലളിതമായ ഉദാഹരണങ്ങൾ പങ്കുവെക്കാം. ഞാൻ സംസാരിക്കുന്നത് ഗോത്രവർഗ്ഗ മേഖലകളെക്കുറിച്ചാണ് - 10 കോടിയിലധികം (100 മില്യൺ) വരുന്ന ഒരു ജനസംഖ്യ, ഗോത്രവർഗ്ഗ സമൂഹം. പതിറ്റാണ്ടുകളായി അവിടെ മാവോയിസ്റ്റ് ഭീകരത വേരൂന്നിയിരുന്നതായി നമുക്കെല്ലാവർക്കും അറിയാം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഈ ഭീകരർ ഒരു സൗകര്യം പോലും ആ പ്രദേശങ്ങളിൽ എത്തുവാൻ അനുവദിച്ചില്ല. ഒരു ഗവൺമെൻറ്  വാഹനത്തിന് പോലും അവിടെക്കൂടി കടന്നുപോകാൻ കഴിയുമായിരുന്നില്ല; അവയ്ക്ക് നേരെ വെടിയുണ്ടകൾ പായുമായിരുന്നു. എത്രയോ ഗവൺമെന്റുകൾ  വന്നു പോയി, തലമുറകൾ കഴിഞ്ഞുപോയി, അക്രമത്തിന്റെ ഈ ദുർവിധി എന്നെന്നേക്കുമായി നിലനിൽക്കുമെന്നാണ് അന്ന് കരുതിയിരുന്നത്. നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ - 2004 നും 2014 നും ഇടയിലുള്ള ആ പത്ത് വർഷങ്ങളിൽ, മാവോയിസ്റ്റ് ഭീകരത കാരണം 17,000-ത്തിലധികം അക്രമ സംഭവങ്ങൾ നടക്കുകയും ഏതാണ്ട് 7,000 ജീവനുകൾ നഷ്ടപ്പെടുകയും ചെയ്തു.

 

സുഹൃത്തുക്കളെ,

നിങ്ങളെ സംബന്ധിച്ചിടത്തോളം, മാവോയിസ്റ്റ് ഭീകരവാദം അവസാനിച്ചു എന്നത് ഇന്നത്തെ ഒരു പ്രധാന വാർത്തയോ അല്ലെങ്കിൽ അരമണിക്കൂർ നീളുന്ന ടിവി ചർച്ചയോ മാത്രമായിരിക്കാം. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല സംഭവിക്കുന്നത്. അതിന് കഠിനമായ പരിശ്രമം ആവശ്യമാണ്, അതുകൊണ്ടാണ് ഞാൻ ഇത് വിശദീകരിക്കാൻ ആഗ്രഹിക്കുന്നത്. ഇന്ന് ചില ആളുകൾ ഭരണഘടന ഉയർത്തിപ്പിടിച്ച് നടക്കുന്നുണ്ട്, എന്നാൽ അവർ ഭരണത്തിലായിരുന്നപ്പോൾ, നക്സൽ ബാധിത പ്രദേശങ്ങളിൽ "ഭരണഘടന" എന്ന വാക്ക് ഉച്ചരിച്ചാൽ പോലും വെടിയേൽക്കുമായിരുന്നു. ആ സമയത്ത് അവർ കൈകൾ വിറച്ചുകൊണ്ട്, ഭരണഘടന ഉയർത്തിപ്പിടിക്കാൻ പോലുമാകാതെ നിശ്ശബ്ദരായി ഇരുന്നു. ആ വേദനാജനകമായ സാഹചര്യം കോൺഗ്രസിനെ ഒട്ടും ബാധിച്ചിരുന്നില്ല.

സുഹൃത്തുക്കളെ,

2014-ന് ശേഷം, ഈ സാഹചര്യം മാറ്റുന്നതിനായി 'രാഷ്ട്രം ആദ്യം ' എന്ന മനോഭാവത്തോടെ ഞങ്ങൾ മുന്നോട്ട് നീങ്ങി. ഞങ്ങൾ വെറുതെ സംസാരിക്കുകയോ പ്രഖ്യാപനങ്ങൾ നടത്തുകയോ മാത്രമല്ല ചെയ്തത്, ഞങ്ങൾ പ്രവർത്തിച്ചു കാണിച്ചു. നക്സലിസം-മാവോയിസം എന്നിവയെ പൂർണ്ണമായും വേരോടെ പിഴുതെറിയാൻ ഞങ്ങൾ തീരുമാനിച്ചു, ഇന്ന് അതിന്റെ ഫലം രാജ്യം മുഴുവൻ കാണുന്നുമുണ്ട്. ഇന്ത്യയിലെ മാവോയിസ്റ്റ് ഭീകരവാദം ഇപ്പോൾ അതിന്റെ അവസാന ശ്വാസം എണ്ണുകയാണ്.

പിന്നെ സുഹൃത്തുക്കളെ,

പലപ്പോഴും അന്തിമഫലം വളരെ വലുതും പ്രാധാന്യമർഹിക്കുന്നതുമാകുമ്പോൾ, അതിന് പിന്നിലെ കഠിനാധ്വാനം ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്. റിപ്പബ്ലിക് ടിവി പ്രേക്ഷകരോട് എനിക്ക് ഇത് പ്രത്യേകം പറയണമെന്നുണ്ട്.

 

സുഹൃത്തുക്കളെ,

പകൽവെളിച്ചത്തിൽ പോലും പുറത്തിറങ്ങാൻ സാധാരണ ജനങ്ങൾ ഭയപ്പെട്ടിരുന്ന - തട്ടിക്കൊണ്ടുപോകലോ, പണം തട്ടിയെടുക്കലോ, കൊള്ളയടിക്കലോ ഭയന്ന് കഴിഞ്ഞിരുന്ന, വികസനത്തെക്കുറിച്ച് സംസാരിക്കാൻ പോലും സാധ്യമാകാതിരുന്ന ആ നക്സൽ ബാധിത പ്രദേശങ്ങളിൽ, പുരോഗതിയുടെ ഒരു പ്രതിജ്ഞയുമായാണ് ഞങ്ങൾ മുന്നോട്ട് പോയത്. കഴിഞ്ഞ 12 വർഷത്തിനിടെ ഞങ്ങളുടെ സർക്കാർ ഇത്തരം മേഖലകളിൽ 12,000 കിലോമീറ്ററിലധികം റോഡുകൾ നിർമ്മിച്ചു. പലതവണ ഞങ്ങളുടെ നിർമ്മാണ ഉപകരണങ്ങൾ കത്തിക്കപ്പെട്ടു, കരാറുകാരെ തുരത്തിയോടിച്ചു. ഒരു റോഡിൽ 25 പേർ ജോലി ചെയ്തിരുന്നെങ്കിൽ, ജോലി തടസ്സമില്ലാതെ നടക്കാൻ 200 പോലീസ് ഉദ്യോഗസ്ഥർക്ക് അവർക്ക് കാവൽ നിൽക്കേണ്ടി വന്നിരുന്നു. ഞങ്ങൾ ഇതെല്ലാം ചെയ്തത് അത് ചെയ്യണമെന്ന് ഉറച്ചു തീരുമാനിച്ചതുകൊണ്ടാണ്.

സുഹൃത്തുക്കളെ,

ഞങ്ങൾ 9,500-ലധികം മൊബൈൽ ടവറുകൾ നിർമ്മിച്ചു. മുൻപ് ഒരു ടവർ പോലും സ്ഥാപിക്കാൻ കഴിഞ്ഞിരുന്നില്ല, അഥവാ  സ്ഥാപിച്ചാൽ തന്നെ അത് തകർക്കപ്പെടുമായിരുന്നു. കാരണം ജനങ്ങളിൽ എപ്പോഴും ദേഷ്യം ആളിക്കത്തിക്കാനാണ് അവർ ആഗ്രഹിച്ചത്. ഞങ്ങൾ ഏകദേശം 45,000 ഗ്രാമങ്ങളിൽ മൊബൈൽ കണക്റ്റിവിറ്റി എത്തിച്ചു. നക്സൽ ബാധിത ജില്ലകളിൽ 1,800-ലധികം ബാങ്ക് ശാഖകൾ തുറന്നു. ഏകദേശം 75,000 ബാങ്കിംഗ് കറസ്‌പോണ്ടന്റുമാരെയും 6,000-ത്തിലധികം പുതിയ പോസ്റ്റ് ഓഫീസുകളും സ്ഥാപിച്ചു. സുഹൃത്തുക്കളെ, ഞങ്ങൾ ബോംബുകളിലും തോക്കുകളിലും വെടിയുണ്ടകളിലും മാത്രമല്ല ആശ്രയിച്ചത് - ജനങ്ങളുടെ ഹൃദയം കീഴടക്കാൻ ദൈവം തന്ന എല്ലാ ശക്തിയും ഞങ്ങൾ ഉപയോഗിച്ചു.

സുഹൃത്തുക്കളെ,

ദൃഢനിശ്ചയത്തോടെ, സാധാരണക്കാരുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും നിറവേറ്റുന്നതിനായി ഞങ്ങൾ നക്സൽ ബാധിത പ്രദേശങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. നിങ്ങൾ അത്ഭുതപ്പെടും - കോടികൾ തലയ്ക്ക് വിലയിട്ടിരുന്ന ഒരു കുപ്രസിദ്ധ നക്സലൈറ്റിന്റെ അമ്മയ്ക്ക്, ആദ്യമായി റേഷൻ കാർഡ് നൽകിയത് ഞങ്ങളുടെ ഗവൺമെന്റാണ് . അവരുടെ മകൻ അത് വാങ്ങാൻ ഒരിക്കലും അനുവദിച്ചിരുന്നില്ല, കാരണം സ്വന്തം ഭീകരഭരണം നിലനിർത്താനാണ് അയാൾ  ആഗ്രഹിച്ചത്. ഇങ്ങനെയുള്ള എണ്ണമറ്റ സംഭവങ്ങളുണ്ട്. ഞാൻ ഞെട്ടിപ്പോയി. അന്നത്തെ ഗവൺമെൻറ്  ഭരണഘടനയ്ക്ക് നേരെ കണ്ണടച്ച് നിശ്ശബ്ദമായി ഇരിക്കുകയായിരുന്നു. എന്നാൽ ഈ ശ്രമങ്ങളുടെയെല്ലാം ഫലം ജനങ്ങൾക്കിടയിൽ വിശ്വാസത്തിന്റെ ഒരു പുതിയ തരംഗം സൃഷ്ടിച്ചു എന്നതാണ്. ഇന്ന് ബസ്തറിലേക്ക്  നോക്കൂ - ബോംബുകൾക്കും തോക്കുകൾക്കും പകരം, ബസ്തർ ഒളിംപിക്സ് വളരെ ആവേശത്തോടെയാണ് ആഘോഷിക്കുന്നത്. ഇതിനകം രണ്ട് പതിപ്പുകൾ നടന്നു കഴിഞ്ഞു. ആദ്യത്തേതിൽ ഒന്നര ലക്ഷത്തിലധികം യുവാക്കൾ പങ്കെടുത്തു, രണ്ടാമത്തേതിൽ ഏകദേശം നാല് ലക്ഷത്തോളം യുവാക്കളാണ് പങ്കാളികളായത്. ഒരുകാലത്ത് ഭീകരത നിലനിന്നിരുന്നിടത്ത്, ഇന്ന് പ്രതിഭകൾക്ക് അവസരങ്ങൾ ലഭിക്കുന്നു, കായികരംഗം വളർന്നുവരുന്നു.

 

 

സുഹൃത്തുക്കളെ,

കഴിഞ്ഞ 12 വർഷത്തെ സേവനത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്, നിരാശയിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് പ്രതീക്ഷകളും ആഗ്രഹങ്ങളും നിറഞ്ഞ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കാൻ കഴിഞ്ഞു എന്നതാണ്.

സുഹൃത്തുക്കളെ,

നക്സലിസം ചില പ്രത്യേക പ്രദേശങ്ങളിൽ മാത്രമായിരിക്കാം കേന്ദ്രീകരിച്ചിരുന്നത്, എന്നാൽ അതിന്റെ വേദന ഇന്ത്യയുടെ ഓരോ കോണിലും അനുഭവപ്പെട്ടിരുന്നു. നക്സലിസം അവസാനിക്കുകയാണെന്ന വാർത്തകൾ പരക്കാൻ തുടങ്ങിയപ്പോൾ, ആ വിശ്വാസബോധം ആ ബാധിത പ്രദേശങ്ങളിൽ മാത്രം ഒതുങ്ങിനിന്നില്ല - അത് രാജ്യം മുഴുവൻ വ്യാപിച്ചു. 2014-ന് മുമ്പുള്ള പത്ത് വർഷങ്ങളിൽ, കോൺഗ്രസ് ഗവൺമെൻ്റിൻ്റെ  കീഴിൽ, ജനങ്ങളുടെ അസംതൃപ്തി ഭരണത്തെക്കുറിച്ച് മാത്രമല്ലായിരുന്നു. ആ നിരാശ വളരെ ആഴത്തിലുള്ളതായിരുന്നു. രാജ്യത്തിന് പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. ഒന്നും മാറാൻ പോകുന്നില്ലെന്നും ഒന്നും നന്നാകാൻ പോകുന്നില്ലെന്നുമാണ് ജനങ്ങൾക്ക് തോന്നിയത്.

സുഹൃത്തുക്കളെ,

കഴിഞ്ഞ 12 വർഷത്തിനിടയിൽ ഇന്ത്യ നിരാശയെ പ്രതീക്ഷയാക്കി മാറ്റി, ഇതാണ് എനിക്ക് ഏറ്റവും വലിയ സംതൃപ്തി നൽകുന്നത്. കുറച്ചുകൂടി പരിശ്രമിച്ചാൽ കാര്യങ്ങൾ നേടിയെടുക്കാൻ കഴിയുമെന്ന് ഇന്ന് എല്ലാവർക്കും തോന്നുന്നുണ്ട്. "ഇതൊന്നും നടക്കില്ല, ഇതൊന്നും നടക്കില്ല" എന്ന് മാത്രം ആവർത്തിച്ചു പറഞ്ഞിരുന്ന ആ നാളുകൾ കഴിഞ്ഞുപോയി. ആ യുഗം അവസാനിച്ചു. ഇന്ന്, "ഇത് നടക്കും" എന്നതാണ് നമ്മുടെ മനോഭാവം. ഈ പുതിയ ആത്മവിശ്വാസമാണ് ഇന്ത്യയുടെ യഥാർത്ഥ നേട്ടം, ഇതാണ് യഥാർത്ഥ ശക്തി. വെല്ലുവിളികൾ ഇപ്പോഴുമുണ്ട്, അവ എപ്പോഴുമുണ്ടാകും. വെല്ലുവിളികൾ പുതിയ രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്ന രൂപമാറ്റക്കാരാണ്. എന്നാൽ അവ ഏത് രൂപം കൈക്കൊണ്ടാലും നമ്മൾ പോരാടുക തന്നെ ചെയ്യും, നമ്മൾ വിജയിക്കുകയും ചെയ്യും. "ഇത് ചെയ്യാൻ സാധിക്കും, നമ്മൾ ഇത് ചെയ്യും" എന്ന വിശ്വാസത്തോടെ രാജ്യം മുന്നോട്ട് കുതിക്കുമ്പോൾ, സ്വപ്നങ്ങൾ യാഥാർത്ഥ്യമാവുക തന്നെ ചെയ്യും.

സുഹൃത്തുക്കളെ,

ഇന്ത്യയിലെ നൂറിലധികം ജില്ലകളെക്കുറിച്ചും അഞ്ഞൂറിലധികം ബ്ലോക്കുകളെക്കുറിച്ചും സംസാരിക്കാനാണ് ഞാൻ ഇവിടെ ആഗ്രഹിക്കുന്നത്. വികസനത്തിന്റെ എല്ലാ മാനദണ്ഡങ്ങളിലും ഇവ പിന്നിലായിരുന്നു, മുൻകാല ഗവൺമെന്റുകൾ  ഇവയെ "പിന്നാക്ക ജില്ലകൾ" എന്നും "പിന്നാക്ക പ്രദേശങ്ങൾ" എന്നും മുദ്രകുത്തിയിരുന്നു. ഈ വലിയ പ്രദേശങ്ങളെ പിന്നാക്കാവസ്ഥയുടെ നിരാശയിൽ നിന്ന് ഞങ്ങൾ കൈപിടിച്ചുയർത്തുകയും വികസനത്തിനായുള്ള ആഗ്രഹങ്ങൾക്ക് തിരികൊളുത്തുകയും ചെയ്തു. ഒന്നാമതായി, ഞങ്ങൾ അവരുടെ അടയാളപ്പെടുത്തൽ മാറ്റി. ഇവ "ആകാംഷാഭരിത ജില്ലകൾ" , "ആകാംഷാഭരിത ബ്ലോക്കുകൾ"  ആണെന്ന് ഞങ്ങൾ പ്രഖ്യാപിച്ചു. ഈ ആകാംഷാഭരിത ജില്ലകൾക്കും ബ്ലോക്കുകൾക്കുമായി ഞങ്ങൾ പ്രത്യേക പരിപാടികൾ രൂപീകരിക്കുകയും വികസനത്തിന്റെ ഓരോ മാനദണ്ഡങ്ങളിലും ഗവൺമെൻറ്  അതീവ ശ്രദ്ധയോടെ പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്തു. ഓരോ ജില്ലയിലും മറികടക്കേണ്ട മൂന്ന് കാര്യങ്ങൾ, മറ്റു ചിലതിൽ ആറ് കാര്യങ്ങൾ എന്നിങ്ങനെ ഞങ്ങൾ തിരിച്ചറിയുകയും അതിൽ കേന്ദ്രീകരിച്ചുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇന്ന്, ഈ ആകാംഷാഭരിത ജില്ലകളും ബ്ലോക്കുകളും സംസ്ഥാനങ്ങളുടെ മൊത്ത വളർച്ചയ്ക്ക് ചാലകശക്തിയായി മാറുകയാണ്. മുൻപൊക്കെ ഇവ വളർച്ചയെ പിന്നോട്ട് വലിക്കുകയായിരുന്നു ചെയ്തത്. ഈ ജില്ലകളിൽ ദാരിദ്ര്യത്തിലും ദുരിതത്തിലും കഴിയുന്ന വലിയൊരു ജനസംഖ്യയുണ്ടായിരുന്നു. സമീപവർഷങ്ങളിൽ 25 കോടി (250 മില്യൺ) ദരിദ്ര ജനങ്ങൾ ദാരിദ്ര്യത്തെ പരാജയപ്പെടുത്തി, ഇതിൽ ആകാംഷാഭരിത ജില്ലകൾ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്.

 

സുഹൃത്തുക്കളെ,

ഒരാൾ രോഗമുക്തനാകുമ്പോൾ ആ വ്യക്തി മാത്രമല്ല സുഖം പ്രാപിക്കുന്നത്, മറിച്ച് ആ കുടുംബത്തിന് മുഴുവൻ വലിയൊരു ആശ്വാസമാണ് ലഭിക്കുന്നത് എന്ന് നമ്മൾ കാണാറുണ്ട്. അതുപോലെ, ഒരു മകനോ മകളോ എന്തെങ്കിലും നേടുമ്പോൾ അത് അവരുടെ മാത്രം നേട്ടമല്ല, മറിച്ച് ആ കുടുംബം മുഴുവൻ അഭിമാനവും ആത്മവിശ്വാസവും കൊണ്ട് നിറയുകയാണ് ചെയ്യുന്നത്. അതേ രീതിയിൽ, ഒരാൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറുമ്പോൾ അതിന്റെ പ്രയോജനം സമൂഹത്തിന് മുഴുവൻ ലഭിക്കുന്നു, രാജ്യത്തിന് ലഭിക്കുന്നു. 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മോചിതരായി നവ-മധ്യവർഗത്തിലേക്ക് എത്തുമ്പോൾ അതിന്റെ നേട്ടം ആ കുടുംബങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. മധ്യവർഗത്തിനും ഇതിന്റെ ഗുണം ലഭിക്കുന്നു, കാരണം ഇവർ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്ന പുതിയ ഉപഭോക്താക്കളാണ്, ഇത് ആത്യന്തികമായി മധ്യവർഗത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു. അതിനാൽ, ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുക എന്നത് വെറുമൊരു ക്ഷേമപ്രവർത്തനം മാത്രമല്ല - അത് അവസരങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ കഥയാണ്, പുതിയ ആഗ്രഹങ്ങളുടെ ഉറവിടമാണ്.

സുഹൃത്തുക്കളെ,

കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്ത് ഉയർന്നുവന്ന വലിയൊരു മധ്യവർഗം ഗവൺമെന്റിന്റെ പ്രധാന മുൻഗണനകളിലൊന്നാണ്. മധ്യവർഗത്തിന്റെ ജീവിതം സുഗമമാക്കുന്നതിനായി ഗവൺമെൻറ്  എല്ലാ തലങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തിന്റെ കാര്യം തന്നെ എടുക്കൂ. സ്വന്തമായി ഒരു വീടുണ്ടാകുക എന്നത് ഓരോ മധ്യവർഗ കുടുംബത്തിന്റെയും ആഗ്രഹമാണ്. 2014-ൽ ഒരു കുടുംബത്തിന് വീട് വാങ്ങണമെന്നുണ്ടായിരുന്നെങ്കിൽ, ഭവന വായ്പകൾക്ക് രണ്ടക്ക പലിശ നിരക്കുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ബാങ്കുകളിൽ നിന്ന് 7 മുതൽ 8 ശതമാനം വരെയുള്ള പലിശ നിരക്കിൽ വായ്പകൾ ലഭ്യമാണ്. മുൻപൊക്കെ വായ്പ ലഭിക്കുക എന്നത് ഒരു യുദ്ധം ജയിക്കുന്നത് പോലെയായിരുന്നു, അതിന് കഠിനമായ പരിശ്രമം ആവശ്യമായിരുന്നു. ഇന്നാകട്ടെ, സ്വന്തം വീട്ടിലിരുന്ന് തന്നെ അത് സാധ്യമാകും. ഇവിടെ ഡൽഹി-എൻസിആറിൽ  ആയിരക്കണക്കിന് നഗര മധ്യവർഗ വീടുകളുടെ നിർമ്മാണം എങ്ങനെയാണ് അപൂർണ്ണമായി കുടുങ്ങിക്കിടന്നിരുന്നതെന്ന് ആളുകൾക്കറിയാം. കുടുംബങ്ങൾ തങ്ങളുടെ ജീവിതകാലം മുഴുവൻ സമ്പാദിച്ച തുക ബിൽഡർമാർക്ക് നൽകി, അവർ ആകർഷകമായ ലഘുലേഖകളും സ്വപ്നങ്ങളും കാണിച്ചെങ്കിലും വീടുകൾ ഒടുവിൽ കൈമാറിയതേയില്ല. വീടുകൾക്കായി അനന്തമായി കാത്തിരിക്കുമ്പോൾ തന്നെ ആ കുടുംബങ്ങൾക്ക് വാടകയും നൽകേണ്ടി വന്നു. അത് തികച്ചും ഭയാനകമായ ഒരു സാഹചര്യമായിരുന്നു. ഇങ്ങനെ മുടങ്ങിക്കിടന്ന പദ്ധതികൾ പൂർത്തിയാക്കാൻ ഞങ്ങൾ 25,000 കോടി രൂപയുടെ ഒരു പ്രത്യേക ഫണ്ട് രൂപീകരിച്ചു. രാജ്യമുടനീളം ദീർഘകാലമായി വൈകിക്കിടന്ന ഏകദേശം 60,000 വീടുകൾ ഇപ്പോൾ കൈമാറിക്കഴിഞ്ഞു എന്നറിയുന്നതിൽ നിങ്ങൾക്ക് സന്തോഷമുണ്ടാകും.

സുഹൃത്തുക്കളെ,

ദൈനംദിന ജീവിതത്തെ ബാധിക്കുന്ന മറ്റൊരു പ്രധാന കാര്യം കണക്റ്റിവിറ്റിയും ഗതാഗതവുമാണ്. ഇന്ന് നിങ്ങൾ സോഷ്യൽ മീഡിയ നോക്കുകയാണെങ്കിൽ, ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ നമ്മുടെ മെട്രോ സംവിധാനം കണ്ട് അത്ഭുതപ്പെടുന്നത് കാണാം.

 

സുഹൃത്തുക്കളെ,

2014-ൽ പ്രതിദിനം ഏകദേശം 28 ലക്ഷം (2.8 മില്യൺ) ആളുകളാണ് മെട്രോയിൽ യാത്ര ചെയ്തിരുന്നത്. ഇന്നാകട്ടെ, ഏകദേശം 1 കോടി 28 ലക്ഷത്തോളം (12.8 മില്യൺ) ആളുകൾ ദിവസേന മെട്രോയിലൂടെ യാത്ര ചെയ്യുന്നു. ഇപ്പോൾ വന്ദേ ഭാരത്, നമോ ഭാരത്, അമൃത് ഭാരത് തുടങ്ങിയ അതിവേഗ ട്രെയിനുകൾ രാജ്യത്തെ പരസ്പരം ബന്ധിപ്പിക്കുന്നു. മികച്ച റോഡുകളും ഹൈവേകളും വന്നതോടെ സമയം ലാഭിക്കാൻ സാധിക്കുന്നു എന്ന് മാത്രമല്ല, വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവുകളും കുറഞ്ഞു. സമീപവർഷങ്ങളിൽ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി. ഇത് പല ചെറിയ നഗരങ്ങളിലെയും മധ്യവർഗത്തിന് ആദ്യമായി വിമാനയാത്ര ചെയ്യാനുള്ള അവസരം നൽകി.

സുഹൃത്തുക്കളെ,

കഴിഞ്ഞ 12 വർഷത്തിനിടയിൽ ഇന്ത്യ മധ്യവർഗത്തിന്റെ വരുമാനം വർദ്ധിപ്പിക്കുക മാത്രമല്ല ചെയ്തത്, അവരുടെ സമ്പാദ്യവും ഉയർത്തി. 2013-14 കാലഘട്ടത്തിൽ ഏകദേശം 2 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ചുമത്തിയിരുന്നു, ആ ഭാരം മധ്യവർഗമാണ് ചുമന്നിരുന്നത്. എന്നാൽ ഇന്ന് 12 ലക്ഷം രൂപ വരെയുള്ള വരുമാനം നികുതിരഹിതമാണ്. അതായത്, നികുതിരഹിത വരുമാന പരിധി പലമടങ്ങ് വർദ്ധിച്ചിരിക്കുന്നു.

സുഹൃത്തുക്കളെ,

ജിഎസ്ടി (GST) പരിഷ്കാരങ്ങളും മധ്യവർഗത്തിന് വലിയ ആശ്വാസമാണ് നൽകിയത്. നികുതി അടയ്ക്കുന്നത് കൂടുതൽ എളുപ്പമായി മാറി, ഇത് സമയവും പണവും ലാഭിക്കാൻ സഹായിക്കുന്നു. ഇൻകം ടാക്സ് റിട്ടേണുകൾ ഇപ്പോൾ വീട്ടിലിരുന്ന് തന്നെ ഫയൽ ചെയ്യാം, കൂടാതെ തർക്കപരിഹാര കാര്യങ്ങൾ പോലും ഫേസ്‌ലെസ്സ് (മുഖാമുഖമല്ലാത്ത) രീതിയിലാണ് കൈകാര്യം ചെയ്യുന്നത്.

സുഹൃത്തുക്കളെ,

മധ്യവർഗ കുടുംബങ്ങളുടെ ഒരു വലിയ ചിലവ് പ്രമേഹത്തിനും മറ്റ് ജീവിതശൈലീ രോഗങ്ങൾക്കുമുള്ള ചികിത്സയാണ്. ജൻ ഔഷധി കേന്ദ്രങ്ങളിൽ ഇത്തരം മരുന്നുകൾ 80 ശതമാനം വരെ വിലക്കിഴിവിൽ ലഭ്യമാണ്. മുൻപ് നിങ്ങൾ 1,000 രൂപ ചിലവഴിച്ചിരുന്ന സ്ഥാനത്ത്, ഇന്ന് 200 രൂപ മാത്രം ചിലവഴിച്ചാൽ മതിയാകും, അതായത് 800 രൂപ ലാഭിക്കാം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി, ഇത് എണ്ണമറ്റ കുടുംബങ്ങൾക്ക് ഏകദേശം 40,000 കോടി രൂപയുടെ സമ്പാദ്യമുണ്ടാക്കാൻ സഹായിച്ചിട്ടുണ്ട്. മധ്യവർഗ ബജറ്റിന്റെ മറ്റൊരു വലിയ പങ്ക് നീക്കിവെക്കുന്നത് മുതിർന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിനായാണ്. ഇന്ന് 70 വയസ്സിന് മുകളിലുള്ള ഏതൊരു പൗരനും 5 ലക്ഷം രൂപ വരെയുള്ള സൌജന്യ ചികിത്സയ്ക്ക് അർഹതയുണ്ട്.

 

സുഹൃത്തുക്കളെ,

സൗകര്യങ്ങൾ ഒരു ശീലമായി മാറുമ്പോൾ പഴയ ബുദ്ധിമുട്ടുകൾ മറക്കുക എന്നത് മനുഷ്യസഹജമാണ്. മുൻപ് നിങ്ങൾ 2 ലക്ഷം രൂപ വരുമാനത്തിന് നികുതി നൽകിയിരുന്നു; ഇപ്പോൾ 12 ലക്ഷം രൂപ വരെ നികുതിരഹിതമാണ്. എന്നിരുന്നാലും, ഓർമ്മിപ്പിക്കുമ്പോൾ മാത്രമാണ് ആളുകൾ അഭിനന്ദിക്കുന്നത്. അതേസമയം, ഒരു ബസ്സോ ട്രെയിനോ വൈകിയാൽ പരാതികളുടെ പ്രവാഹമായിരിക്കും. ഇതാണ് ഏറ്റവും കൂടുതൽ പ്രതികരിക്കുന്ന വിഭാഗം.

സുഹൃത്തുക്കളെ,

ഞാൻ പറഞ്ഞതുപോലെ, ആളുകൾ പഴയ ബുദ്ധിമുട്ടുകൾ മറന്നുപോകുന്നു. ഡ്രൈവിംഗ് ലൈസൻസോ പാസ്‌പോർട്ടോ ലഭിക്കാൻ മുൻപ് നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾ ഇപ്പോൾ നിങ്ങൾ ഓർക്കുന്നുപോലും ഉണ്ടാകില്ല. മുൻപൊക്കെ അതൊരു വലിയ പോരാട്ടമായിരുന്നു. ഇന്ന് ഡ്രൈവിംഗ് ലൈസൻസ് നേടുന്നത് വളരെ എളുപ്പമായി മാറി, കൂടാതെ പാസ്‌പോർട്ടുകൾ സാധാരണയായി മൂന്ന് ദിവസത്തിനുള്ളിൽ തന്നെ അനുവദിക്കുകയും ചെയ്യുന്നുണ്ട്.

സുഹൃത്തുക്കളെ,

ഞങ്ങളുടെ ഗവൺമെന്റ് പ്രവർത്തിക്കുന്ന രീതി ജനങ്ങളുടെ ആഗ്രഹങ്ങളെയും പ്രതീക്ഷകളെയും എത്രത്തോളം ഉയർത്തിയെന്ന് എനിക്കറിയാം. ഒരു ആവശ്യം നിറവേറ്റിക്കഴിഞ്ഞാൽ, ആളുകൾ ഉടൻ തന്നെ അതിനേക്കാൾ മികച്ചതും നവീകരിച്ചതുമായ മറ്റൊന്നിനായി ആഗ്രഹിക്കുന്നു. മുൻപ് ഒരു പുതിയ റോഡിനായിരുന്നു ആവശ്യപ്പെട്ടിരുന്നതെങ്കിൽ, അത് നിർമ്മിച്ചുകഴിഞ്ഞാൽ അടുത്ത ചോദ്യം ഇതാണ്: ഇവിടെ എപ്പോഴാണ് മെട്രോ വരുന്നത്? മുൻപൊക്കെ ട്രെയിനുകൾ കൃത്യസമയത്ത് വരണമെന്നും വൃത്തിയുള്ള ഇരിപ്പിടങ്ങൾ ഉണ്ടാകണമെന്നുമായിരുന്നു പ്രതീക്ഷകൾ. എന്നാൽ ഇന്ന് ആവശ്യം മറ്റൊന്നാണ്: എന്തുകൊണ്ടാണ് ഞങ്ങളുടെ റൂട്ടിൽ വന്ദേ ഭാരത് ഓടാത്തത്?

സുഹൃത്തുക്കളെ,

ചിലർ ഇതിനെ അസംതൃപ്തിയായി കാണുന്നുണ്ടാകാം, എന്നാൽ ഇത് വികസനത്തിനായുള്ള തീവ്രമായ ആഗ്രഹമാണ്. വാസ്തവത്തിൽ, കോൺഗ്രസ് പാർട്ടി പോലും നിരന്തരം പറയുന്നുണ്ട്, "മോദി ജി, ഇത് നടക്കണം, അത് നടക്കണം" എന്ന്. എന്തെങ്കിലും നടപ്പിലാക്കാൻ കഴിയുമെങ്കിൽ അത് ഈ ഗവൺമെന്റിന്  മാത്രമാണെന്ന് അവരും വിശ്വസിക്കുന്നു.

സുഹൃത്തുക്കളെ,

സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും എന്ന് ജനങ്ങൾ വിശ്വസിക്കുന്നിടത്ത് മാത്രമേ ഇത്തരം ആഗ്രഹങ്ങൾ ഉയർന്നുവരുകയുള്ളൂ. ഇതാണ് ഇന്ത്യയിലെ യുവാക്കളുടെയും ദരിദ്രരുടെയും മധ്യവർഗത്തിന്റെയും പ്രതീക്ഷ. ഇന്ന് ഇതാണ് ബിജെപി-എൻഡിഎ (BJP-NDA)ഗവൺമെന്റുകളെ മുന്നോട്ട് നയിക്കുന്ന യഥാർത്ഥ ഊർജ്ജം.

സുഹൃത്തുക്കളെ,

ഒരു വശത്ത്, രാജ്യത്തെ ഒരു വലിയ ജനവിഭാഗം പുതിയ പ്രതീക്ഷകളോടെയും ആഗ്രഹങ്ങളോടെയും മുന്നോട്ട് കുതിക്കുന്നു. മറുവശത്താകട്ടെ, എന്തിനെയും "എപ്പോഴും എതിർക്കുക" എന്നത് തങ്ങളുടെ ജീവിതമന്ത്രമാക്കിയ ഒരു രാഷ്ട്രീയ കൂട്ടായ്മയുണ്ട്. വിട്ടുമാറാത്ത അസംതൃപ്തി നിറഞ്ഞ ഒരു കൂട്ടരാണവർ. റിപ്പബ്ലിക് ടിവി പ്രേക്ഷകർക്ക് ഇവരെ തിരിച്ചറിയാൻ സഹായിക്കുന്ന ചില ലക്ഷണങ്ങൾ ഞാൻ പങ്കുവെക്കാം. അവർ ചോദിക്കും, "എന്തുകൊണ്ടാണ് ഈ സ്ഥലത്ത് 24 മണിക്കൂറും വൈദ്യുതിയില്ലാത്തത്?" എന്നാൽ തൊട്ടടുത്ത ദിവസം അവർ അണക്കെട്ടുകൾക്കും, സോളാർ പാർക്കുകൾക്കും, താപനിലയങ്ങൾക്കും, ആണവോർജ്ജ പദ്ധതികൾക്കും എതിരെ സമരം ചെയ്യും. ഒരു ദിവസം വൈദ്യുതിയില്ലാത്തതിനെക്കുറിച്ച് ചോദിക്കുന്ന ഇവർ, അടുത്ത ദിവസം വൈദ്യുതി ഉത്പാദനത്തെ എതിർക്കുന്നു. ഒരുകാലത്ത് ധാതു ഖനനത്തെ എതിർത്തിരുന്ന ഇതേ ആളുകൾ തന്നെയാണ് ഇന്ന് ഇന്ത്യയുടെ അപൂർവ്വ ധാതു ശേഖരവും  അതിന്റെ വിതരണ ശൃംഖലയും എവിടെയെന്നും, മറ്റ് രാജ്യങ്ങളെപ്പോലെ ഇന്ത്യയിൽ എന്തുകൊണ്ട് ഇവി (EV) ഇക്കോസിസ്റ്റം ഇല്ലെന്നും ചോദിക്കുന്നത്. ഒരു കാലത്ത് അവർ "ഡാറ്റയാണോ അതോ മാവാണോ (ഭക്ഷണമാണോ) വേണ്ടത്" എന്ന വിഷയത്തിൽ സംവാദം നടത്തിയവരാണ്, എന്നാൽ ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (AI) ഇന്ത്യ എന്താണ് ചെയ്തതെന്ന് അറിയണമെന്ന് അവർ ആവശ്യപ്പെടുന്നു. ഒരു വശത്ത് AI ഇനിയും മുന്നേറണമായിരുന്നു എന്ന് പറയുന്ന ഇതേ ആളുകൾ തന്നെ, മറുവശത്ത് ഡാറ്റാ സെന്ററുകളെയും സെമികണ്ടക്ടർ പ്ലാന്റുകളെയും എതിർക്കുകയും സോഷ്യൽ മീഡിയയിലും ടിവി ചർച്ചകളിലും പത്രങ്ങളിലും അവയുടെ എണ്ണമറ്റ ദോഷങ്ങൾ നിരത്തുകയും ചെയ്യുന്നു.

സുഹൃത്തുക്കളെ,

ഇന്ത്യയെ പ്രതിക്കൂട്ടിലാക്കാൻ വേണ്ടി ഇക്കൂട്ടർ ലോകമെമ്പാടുമുള്ള അഴിമതി സൂചികകൾ എടുത്തു കാണിക്കാറുണ്ട്. അവരുടെ ഇക്കോസിസ്റ്റത്തിലെ മാധ്യമങ്ങൾ ഇത് 24 മണിക്കൂറും ആഘോഷമാക്കുകയും ചെയ്യും. എന്നാൽ അഴിമതിക്കെതിരെ നടപടിയെടുക്കുമ്പോൾ, റെയ്ഡുകളും അന്വേഷണങ്ങളും പീഡനമാണെന്ന് ആരോപിച്ച് ആദ്യം രംഗത്തുവരുന്നതും ഇവർ തന്നെയാണ്. എന്തുകൊണ്ടാണ് ഇപ്പോൾ നടപടിയെടുക്കുന്നത്, എന്തുകൊണ്ട് മുൻപ് എടുത്തില്ല, എന്തുകൊണ്ട് 'A'-ക്കെതിരെ എടുത്തു 'B'-ക്കെതിരെ എടുത്തില്ല എന്നൊക്കെയാണ് അവർ ചോദ്യങ്ങൾ ഉന്നയിക്കുന്നത്. ഇതാണ് അവരുടെ കളി.

സുഹൃത്തുക്കളെ,

ഇവരുടെ യഥാർത്ഥ സ്വഭാവം രാജ്യം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് നമ്മുടെ യുവാക്കളും, അതിൽ തന്നെ ജെൻ- സീ ജനറേഷനും (Gen Z) ഇവരെ വേഗത്തിൽ തിരിച്ചറിയണം. ഇല്ലെങ്കിൽ, ഞാൻ പറയാറുള്ളതുപോലെ, "സൂര്യവംശി എത്തിക്കഴിഞ്ഞു", അവൻ കാര്യങ്ങൾ പെട്ടെന്ന് തന്നെ വിശദീകരിച്ചു തരും.

സുഹൃത്തുക്കളെ,

സായുധ സേനയ്ക്ക് സ്വാതന്ത്ര്യവും ആയുധങ്ങളും ഇല്ലെന്നാണ് ഇവർ അവകാശപ്പെടുന്നത്. എന്നാൽ സർക്കാർ ഒരു പ്രതിരോധ കരാറിൽ ഏർപ്പെടുകയോ ആധുനിക ആയുധങ്ങൾ വാങ്ങുകയോ ചെയ്യുമ്പോൾ, അതിനെ ആദ്യം ചോദ്യം ചെയ്യുന്നതും ഇവർ തന്നെയാണ്. ആഗോളതലത്തിൽ ഇന്ത്യയുടെ നയതന്ത്രത്തെ അവർ വെല്ലുവിളിക്കുന്നു, എന്നാൽ നയതന്ത്രത്തിനും സുരക്ഷയ്ക്കുമായി ഇന്ത്യ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കുമ്പോൾ അവർ അതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളെ,

ഈ നിർണ്ണായക ഘട്ടത്തിൽ, ഇന്ത്യ അത്തരം ആളുകളെ തിരിച്ചറിയുകയും അവരുടെ തെറ്റായ വാദങ്ങൾ മനസ്സിലാക്കി ജാഗ്രത പാലിക്കുകയും വേണം. നിർഭാഗ്യവശാൽ, ഇന്നത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനെ കീഴടക്കിയിരിക്കുന്നത് ഇത്തരം ശക്തികളാണ്. ഗാന്ധിജിയുടെ കാലത്തുണ്ടായിരുന്നതുപോലെ കോൺഗ്രസ് 'രാഷ്ട്രം ആദ്യം ' എന്നതിനെക്കുറിച്ച് സംസാരിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നത് ഇന്ന് വെറുമൊരു മിഥ്യാസ്വപ്നം മാത്രമാണ്.

സുഹൃത്തുക്കളെ,

ഇന്ന് ലോകം പഴയ മാതൃകകളെ വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്, വലിയ തോതിലുള്ള മാറ്റങ്ങളാണ്  സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ വെല്ലുവിളികൾ പുതിയ അവസരങ്ങളും കൂടെ കൊണ്ടുവരുന്നുണ്ട്. ഇന്ത്യയിലെ ഓരോ യുവാക്കളും, സംരംഭകരും, നവീന ആശയങ്ങൾ കൊണ്ടുവരുന്നവരും , സ്റ്റാർട്ടപ്പുകളും ഈ അവസരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. 'രാഷ്ട്രം ആദ്യം ' എന്ന മനോഭാവത്തോടെ ഗവൺമെന്റ് ജനങ്ങൾക്കൊപ്പം പൂർണ്ണമായി നിലകൊള്ളുന്നു. ഇന്ത്യ ഇപ്പോൾ 'നവീകരണ എക്സ്പ്രസ്സിൽ' സഞ്ചരിക്കുകയാണ്. ഈ വേഗത ഇനിയും വർദ്ധിക്കുകയേയുള്ളൂ. ഈ റിപ്പബ്ലിക് ടിവി വേദിയിൽ നിന്ന് ഞാൻ വീണ്ടും പറയുന്നു: നമ്മുടെ സ്വപ്നങ്ങൾ വളരെ വലുതാണ്, അതിനായുള്ള നമ്മുടെ പരിശ്രമങ്ങളും അത്രതന്നെ വലുതായിരിക്കും. 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ പരിശ്രമം ഒരു വികസിത ഇന്ത്യയെ കെട്ടിപ്പടുക്കും. ഞാൻ നിങ്ങൾക്ക് ഉറപ്പുനൽകുന്നു, ആ വികസിത ഇന്ത്യയെ നിങ്ങളുടെ സ്വന്തം കണ്ണുകൾ കൊണ്ട് നിങ്ങൾ കാണുക തന്നെ ചെയ്യും. വരുംതലമുറകൾക്ക് കാത്തിരിക്കാനായി അത് ബാക്കിവെക്കില്ല. ഈ ആത്മവിശ്വാസത്തോടെ, റിപ്പബ്ലിക് ടിവിക്കും അതിന്റെ പ്രേക്ഷകർക്കും നിങ്ങൾക്കേവർക്കും ഞാൻ ഒരിക്കൽ കൂടി എന്റെ ആശംസകൾ നേരുന്നു. വളരെ നന്ദി!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Inspiring India: Gujarat Woman's Solar Mission Earns PM Modi’s Praise, Invitation to I-Day Ceremony

Media Coverage

Inspiring India: Gujarat Woman's Solar Mission Earns PM Modi’s Praise, Invitation to I-Day Ceremony
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi calls upon people to celebrate National Handloom Day by showcasing India's rich handloom heritage
August 06, 2026

The Prime Minister, Shri Narendra Modi, has called upon citizens to celebrate National Handloom Day on 7th August by promoting India's rich and diverse handloom traditions.

“Share your videos with your favourite handloom products, including GRWM videos on social media”, Shri Modi said.

Shri Modi posted on X;

Tomorrow, 7th August is National Handloom Day. Let’s make India’s handloom diversity popular.

Share your videos with your favourite handloom products, including GRWM videos on social media.

Don’t forget to use #NationalHandloomDay.