കൊച്ചിയില്‍ എത്താന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു.

ആഴക്കടലും കായല്‍പ്രദേശവും മഹത്തായ പെരിയാര്‍ നദിയും പച്ചപ്പും ഊര്‍ജസ്വലരായ ജനതയും കൊച്ചിയെ അക്ഷരാര്‍ഥത്തില്‍ നഗരങ്ങളുടെ റാണിയാക്കി മാറ്റുന്നു.

ഇന്ത്യന്‍ സംസ്‌കാരത്തെ സംരക്ഷിച്ചുനിര്‍ത്താനും രാജ്യത്തെ ഏകോപിപ്പിക്കാനുമായി തന്റെ ചരിത്രപരമായ ഇന്ത്യന്‍ പര്യടനത്തിനു മഹാനായ ഇന്ത്യന്‍ മുനി ആദിശങ്കരന്‍ തുടക്കമിട്ടത് ഇവിടെനിന്നാണ്.

കേരളത്തിലെ ഏറ്റവും വലിയ വ്യാവസായിക സ്ഥാപനം വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുന്ന ചരിത്രദിനമാണ് ഇന്ന്.

ഇതു ദൈവത്തിന്റെ സ്വന്തം നാടിനു മാത്രമല്ല, രാജ്യത്തിനാകെ അഭിമാനപൂര്‍ണമായ നിമിഷമാണ്.

മാലിന്യമുക്ത ഊര്‍ജമായ ദ്രവീകൃത പെട്രോളിയം വാതകം കേരളത്തിലെയും അയല്‍ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതില്‍ 50 വര്‍ഷത്തിലേറെയായി നിര്‍ണായക പങ്കു വഹിച്ചുവരുന്ന സ്ഥാപനമാണ് ഭാരത് പെട്രോളിയത്തിന്റെ കൊച്ചി റിഫൈനറി.

എന്റെ ശൈശവത്തിലും യുവത്വത്തിലും അടുക്കളകളില്‍ വിറകടുപ്പുമായി ബുദ്ധിമുട്ടുന്ന എത്രയോ അമ്മമാരെ കണ്ടിരുന്നത് ഓര്‍ക്കുന്നു.

അക്കാലം മുതല്‍ ആലോചിക്കുന്നതാണ് അവരുടെ സാഹചര്യം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ഇന്ത്യയിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ആരോഗ്യപൂര്‍ണമായ അടുക്കള ലഭ്യമാക്കന്നതിനെക്കുറിച്ചും.

ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഇന്ത്യാ ഗവണ്‍മെന്റിന്റെ ഉജ്വല പദ്ധതി.

ഉജ്വല യോജന പദ്ധതി പ്രകാരം 2016 മെയ് മുതല്‍ ദരിദ്രരില്‍ ദരിദ്രരായവര്‍ക്ക് ആറു കോടിയോളം ദ്രവീകൃത പെട്രോളിയം വാതക കണക്ഷനുകള്‍ നല്‍കാന്‍ സാധിച്ചു എന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്.

സുഹൃത്തുക്കളേ,

23 കോടിയിലേറെ ദ്രവീകൃത പെട്രോളിയം വാതക ഉപഭോക്താക്കള്‍ പഹല്‍ പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ട്. വ്യാജ അക്കൗണ്ടുകളും ഒരേ വ്യക്തിയുടെ പേരിലുള്ള ഒന്നിലേറെ അക്കൗണ്ടുകളും ഉപയോഗിക്കപ്പെടാത്ത അക്കൗണ്ടുകളും കണ്ടെത്താന്‍ പഹല്‍ സഹായകമായി.

നേരിട്ട് ആനുകൂല്യം വിതരണം ചെയ്യുന്ന ലോകത്തിലെ ഏറ്റവും ബൃഹത്തായ പദ്ധതി എന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സില്‍ പഹല്‍ പദ്ധതി ഇടം നേടിയിട്ടുണ്ട്. ‘ഗിവ് ഇറ്റ് അപ്’ പദ്ധതി പ്രകാരം ഒരുകോടിയിലേറെ ഉപഭോക്താക്കള്‍ ദ്രവീകൃത പെട്രോളിയം വാതക സബ്‌സിഡി ഉപേക്ഷിച്ചിട്ടുണ്ട്.

ദ്രവീകൃത പെട്രോളിയം വാതക ഉല്‍പാദനം ഇരട്ടിപ്പിക്കുക വഴി ഉജ്വലയ്ക്കു മഹത്തായ സംഭാവനയാണു കൊച്ചി റിഫൈനറി നല്‍കുന്നത്.

പരിസ്ഥിതി മലിനീകരണം മറികടക്കുന്നതിനായി പരിസ്ഥിതി സൗഹൃദ പരമായ ഇന്ധനമായ അതിസാന്ദ്ര പ്രകൃതിവാതകം ഗതാഗത രംഗത്തു പ്രോല്‍സാഹിപ്പിച്ചുവരികയാണ് കേന്ദ്ര ഗവണ്‍മെന്റ്.

പത്താമതു സി.ജി.ഡി. ബിഡിങ് റൗണ്ട് വിജയകരമായി പൂര്‍ത്തിയാക്കപ്പെടുന്നതോടെ പൈപ്പ് വഴി വാതകവിതരണം നടത്തുന്നതിനുള്ള പദ്ധതി നാനൂറിലേറെ ജില്ലകളിലേക്കു വ്യാപിപ്പിക്കും.

വാതകത്തെ അടിസ്ഥാനമാക്കിയുള്ള സമ്പദ്‌വ്യവസ്ഥ സാധ്യമാക്കുന്നതിനും ഊര്‍ജലഭ്യത വര്‍ധിപ്പിക്കുന്നതിനുമായി ദേശീയ വാതക ശൃംഖല അഥവാ പ്രധാനമന്ത്രി ഊര്‍ജ ഗംഗയ്ക്കു രൂപം നല്‍കിയിട്ടുണ്ട്.

15000 കിലോമീറ്റര്‍ വാതക പൈപ്പ്‌ലൈന്‍കൂടി വികസിപ്പിക്കുന്നതിനെക്കുറിച്ചു ഗവണ്‍മെന്റ് ആലോചിക്കുന്നുണ്ട്. അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവു കുറച്ചുകൊണ്ടുവരുന്നതിനായി ഇറക്കുമതി പത്തു ശതമാനം കുറയ്ക്കുന്നതിനും വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനുമുള്ള നിര്‍ണായക തീരുമാനം ഗവണ്‍മെന്റ് കൈക്കൊണ്ടിട്ടുണ്ട്. ഇതിനായി 11 സംസ്ഥാനങ്ങളിലായി 12 2ജി എഥനോള്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി ലിഗ്നോസെലുലോസ് റൂട്ട് വഴി രണ്ടാം തലമുറ എഥനോള്‍ സ്വീകരിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ആറു ധാരണാപത്രങ്ങള്‍ ഒപ്പുവെക്കപ്പെട്ടിട്ടുണ്ട്.

ആഗോളതലത്തില്‍ത്തന്നെ പ്രമുഖ സ്ഥാനം നേടിയെടുക്കുംവിധമുള്ള മികച്ച പ്രവര്‍ത്തനം ഇന്ത്യന്‍ എണ്ണശുദ്ധീകരണ വ്യവസായം കാഴ്ചവെച്ചിട്ടുണ്ട്. രാജ്യത്തിന് ആവശ്യമായതിലേറെ എണ്ണ ശുദ്ധീകരണം നടത്തുകവഴി ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ സംസ്‌കരണ രാജ്യമായ ഇന്ത്യ എണ്ണ ശുദ്ധീകരണ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്.

നിലവില്‍ ഇന്ത്യയുടെ ശുദ്ധീകരണ ശേഷി 247 എം.എം.പി.ടി.എയില്‍ക്കൂടുതലാണ്.
ഐ.ആര്‍.ഇ.പി. യഥാസമയം പൂര്‍ത്തിയാക്കിയവരെ അഭിനന്ദിക്കാന്‍ ഈ അവസരം ഞാന്‍ ഉപയോഗിക്കുകയാണ്.

 

നിര്‍മാണത്തിനായി രാപകല്‍ പ്രവര്‍ത്തിച്ചവരെ ഏറ്റവും പ്രാധാന്യത്തോടെ ഞാന്‍ ഓര്‍ക്കുകയാണ്.

നിര്‍മാണ പ്രവര്‍ത്തനം ഏറ്റവും സജീവമായ അവസരങ്ങളില്‍ ഇരുപതിനായിരത്തിലേറെ തൊഴിലാളികള്‍ ജോലി ചെയ്തിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. പല അര്‍ഥത്തിലും അവരാണ് ഈ പദ്ധതിയുടെ ശരിയായ നായകര്‍.
ഇന്ധന ഇതര രംഗത്തേക്കുള്ള വൈവിധ്യവല്‍ക്കരണം ഉദ്ദേശിച്ചുള്ളതായിരുന്നു ഭാരത് പെട്രോളിയത്തിന്റെ സമഗ്ര എണ്ണശുദ്ധീകരണ വികസന പദ്ധതി.

എന്റെ സുഹൃത്തുക്കളേ,

നമ്മുടെ ചര്‍ച്ചകളില്‍ ഇല്ലാതെപോകുന്ന രാസവസ്തുക്കളാണു പെട്രോ കെമിക്കലുകള്‍ എങ്കിലും അവ പ്രത്യക്ഷമല്ലാതെ നിലകൊള്ളുകയും നമ്മുടെ നിത്യജീവിതത്തിന്റെ പല ഘടകങ്ങളെയും സ്പര്‍ശിക്കുകയും ചെയ്യുന്നുണ്ട്.

ഇതില്‍ കെട്ടിടനിര്‍മാണ വസ്തുക്കളും പ്ലാസ്റ്റിക്കുകളും പെയിന്റുകളും ചെരുപ്പുകളും വസ്ത്രങ്ങളും മറ്റു തുണിത്തരങ്ങളും വാഹന ഘടകങ്ങളും അലങ്കാരവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടും.

ഏതായാലും ഈ രാസവസ്തുക്കളില്‍ പലതും മറ്റു രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യപ്പെടുന്നവയാണ്. ഇവ ഇന്ത്യയില്‍ തന്നെ ഉല്‍പാദിപ്പിക്കുന്നതിനു നാം ശ്രമിച്ചുവരികയാണ്.

ഐ.ആര്‍.ഇ.പി. നടപ്പാക്കപ്പെടുന്നതോടെ കൊച്ചി റിഫൈനറിയുടെ ശേഷി പ്രൊപ്പിലീന്‍ ഉല്‍പാദിപ്പിക്കാന്‍ ഉപയോഗപ്പെടുത്തും എന്ന് അറിയുന്നതില്‍ സന്തോഷമുണ്ട്.
അക്രലിക് ആസിഡ്, അക്രലൈറ്റുകള്‍, ഓക്‌സോ-ആല്‍ക്കഹോള്‍ എന്നിവ മേക്ക് ഇന്‍ ഇന്ത്യ പ്രകാരം ഉല്‍പാദിപ്പിക്കുന്നതിനായി മൂന്നു ലോകോത്തര പ്ലാന്റുകള്‍ ആരംഭിക്കുന്നതിനായി ബി.പി.സി.എല്‍. മുന്നോട്ടുപോയിക്കഴിഞ്ഞു. പെയിന്റുകള്‍, മഷികള്‍, ആവരണം, സോപ്പ് പൊടി, തുടങ്ങിയ പല വസ്തുക്കളിലും പെട്രോ കെമിക്കല്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും.

ഫോമുകള്‍, ഫൈബറുകള്‍, ചെരിപ്പുകള്‍, അലങ്കാരവസ്തുക്കള്‍, മരുന്നുകള്‍ എന്നിവയുടെ നിര്‍മാണത്തിന് ഉതകുന്ന പോള്യോളുകള്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള പെട്രോ കെമിക്കല്‍ കോംപ്ലക്‌സ് നിര്‍മാണം ആരംഭിക്കുകയാണ് ബി.പി.സി.എല്‍. ഇതെല്ലാം നിമിത്തം പല അനുബന്ധ വ്യവസായങ്ങളും കൊച്ചിയില്‍ ആരംഭിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പാണ്.

സംസ്ഥാന ഗവണ്‍മെന്റ് ആസൂത്രണം ചെയ്യുന്ന പെട്രോ കെമിക്കല്‍ പാര്‍ക്ക് ഉടന്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും ബി.പി.സി.എല്ലിന്റെ പെട്രോ-കെമിക്കല്‍ പദ്ധതി നല്‍കുന്ന ബിസിനസ് സാധ്യതകള്‍ ഉപയോഗപ്പെടുത്തുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.
മറ്റു പൊതുമേഖലാ സംരംഭങ്ങളെപ്പോലെ ബി.പി.സി.എല്ലും യൂവാക്കളെ തൊഴില്‍സജ്ജരാക്കുവാനായി നൈപുണ്യപരിശീലന കേന്ദ്രം ആരംഭിച്ചിട്ടുണ്ട് എന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. പ്രസ്തുത കേന്ദ്രത്തിന്റെ രണ്ടാമതു ക്യാംപസിന് വിശുദ്ധമായ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിനു സമീപം തറക്കല്ലിടാന്‍ സാധിച്ചത് ആഹ്ലാദിപ്പിക്കുന്നു.

50 കോടി രൂപ ചെലവില്‍, ഇവിടെനിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള കൊച്ചി ബോട്ട്‌ലിങ് പ്ലാന്റില്‍ മൗണ്ടഡ് സംഭരണ സംവിധാനം ഒരുക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ തയ്യാറായി എന്നതിലും ഞാന്‍ സന്തോഷിക്കുന്നു. ഇതു ദ്രവീകൃത പെട്രോളിയം വാതക സംഭരണശേഷി വര്‍ധിപ്പിക്കുകയും റോഡ് വഴിയുള്ള വാതകനീക്കം കുറച്ചുകൊണ്ടുവരികയും ചെയ്യും.

കഴിഞ്ഞ ഓഗസ്റ്റില്‍ കേരളം നൂറു വര്‍ഷത്തിനിടെ നേരിട്ടിട്ടില്ലാത്ത വിധം വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ കൊച്ചിന്‍ റിഫൈനറി തടസ്സംകൂടാതെ പ്രവര്‍ത്തിച്ചു എന്ന് അറിയാന്‍ സാധിക്കുന്നത് ആഹ്ലാദകരമാണ്. പെട്രോള്‍, ഡീസല്‍, ദ്രവീകൃത പെട്രോളിയം വാതകം എന്നിവയുടെ തുടര്‍ച്ചയായ ഉല്‍പാദനം ഉറപ്പാക്കാന്‍ എത്രയോ ജീവനക്കാര്‍ എണ്ണ ശുദ്ധീകരണ ശാലയില്‍ത്തന്നെ കഴിയുകയായിരുന്നു എന്നു ഞാന്‍ മനസ്സിലാക്കുന്നു.
ഇതു രക്ഷാവാഹനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും ഭംഗിയായി നടത്തുന്നതിനു സഹായകമായി.

വികസനത്തിന്റെ പുതിയ പടവുകള്‍ താണ്ടുമ്പോഴും കഠിനാധ്വാനത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും നവീനതയുടെയും ഊര്‍ജം നിലനിര്‍ത്തണമെന്നു ബി.പി.സി.എല്‍. കൊച്ചി റിഫൈനറിയോടു ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. രാഷ്ട്രനിര്‍മാണത്തില്‍ കൊച്ചി റിഫൈനറി വഹിക്കുന്ന പങ്കില്‍ നാം അഭിമാനിക്കുന്നു. എന്നാല്‍, ഇനി നാം വെച്ചുപുലര്‍ത്തുന്നത് അതിലേറെ പ്രതീക്ഷകളാണ്.

ദക്ഷിണേന്ത്യയില്‍ പെട്രോ കെമിക്കല്‍ വിപ്ലവം സാധ്യമാക്കാനും നവീന ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാനും കൊച്ചി റിഫൈനറിക്കു സാധിക്കട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു.

ജയ് ഹിന്ദ്.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PLI schemes attract ₹2 lakh crore investment till September, lift output and jobs across sectors

Media Coverage

PLI schemes attract ₹2 lakh crore investment till September, lift output and jobs across sectors
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 13
December 13, 2025

PM Modi Citizens Celebrate India Rising: PM Modi's Leadership in Attracting Investments and Ensuring Security