''നാം ഇന്ത്യക്കാര്‍ ഒത്തൊരുമിക്കുമ്പോഴുണ്ടാകുന്ന കരുത്തു ബ്രിട്ടീഷ് ഗവണ്‍മെന്റിനെ ബോധ്യപ്പെടുത്താന്‍, ബ്രിട്ടീഷുകാരുടെ അനീതിക്കെതിരായി ഗാന്ധിജിയുടെ നേതൃത്വത്തിലുണ്ടായ കൂട്ടായ്മയ്ക്കു സാധിച്ചു''
''യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരെ കാണുമ്പോള്‍ സൂക്ഷിക്കണമെന്ന ധാരണയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതു മാറിയിരിക്കുന്നു. യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരെ കാണുമ്പോള്‍ സഹായം ലഭ്യമാകുമെന്ന ഉറപ്പാണ് ഇപ്പോള്‍ ജനങ്ങള്‍ക്കുള്ളത്''
''രാജ്യത്തിന്റെ സുരക്ഷാസംവിധാനത്തിനു കരുത്തുപകരാന്‍ സമ്മര്‍ദങ്ങളില്ലാത്ത പരിശീലനപ്രവര്‍ത്തനങ്ങളുണ്ടാകേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്''

ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്ജി, ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ, മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍, രാഷ്ട്രീയരക്ഷാ സര്‍വകലാശാല വൈസ് ചാന്‍സലര്‍ വിമല്‍ പട്ടേല്‍ ജി, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, സര്‍വകലാശാലാ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, മറ്റ് വിശിഷ്ട വ്യക്തികള്‍, മഹതികളെ, മഹാന്‍മാരെ!
രാഷ്ട്രീയ രക്ഷാ സര്‍വ്വകലാശാലയില്‍ എത്തിച്ചേരാനായതില്‍ എനിക്ക് പ്രത്യേക സന്തോഷമുണ്ട്. പ്രതിരോധ മേഖലയില്‍ ജോലി ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് അത് യൂണിഫോമും ക്ലബ്ബും മാത്രമല്ല, വളരെ വിശാലമായ ഒന്നാണ്. ഈ മേഖലയില്‍ നല്ല പരിശീലനം ലഭിച്ച മനുഷ്യശക്തി ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. പ്രതിരോധ മേഖലയില്‍ 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികള്‍ക്കനുസൃതമായി നമ്മുടെ സംവിധാനങ്ങള്‍ വികസിപ്പിക്കുകയും ആ സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്ന ആളുകളെ വികസിപ്പിക്കുകയും ചെയ്യുക എന്ന കാഴ്ചപ്പാടോടെയാണ് രാഷ്ട്രീയ രക്ഷാ സര്‍വകലാശാല പിറന്നത്. തുടക്കത്തില്‍ ഇത് ഗുജറാത്തിലെ രക്ഷാ ശക്തി സര്‍വകലാശാല എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട്, ഇന്ത്യാ ഗവണ്‍മെന്റ് രാജ്യത്തെ മുഴുവന്‍ പ്രധാന സര്‍വകലാശാലയായി അംഗീകരിച്ചു. ഇന്ന് ഇത് ഒരുതരത്തില്‍ രാഷ്ട്രത്തിനു ലഭിച്ച സമ്മാനമാണ്, രാജ്യത്തിന്റെ രത്നമാണ്. ഇതു ഭാവിയില്‍ ചര്‍ച്ചകളിലൂടെയും വിദ്യാഭ്യാസത്തിലൂടെയും പരിശീലനത്തിലൂടെയും രാജ്യത്തിന്റെ സുരക്ഷയ്ക്ക് പുതിയ ആത്മവിശ്വാസം സൃഷ്ടിക്കും. ഇന്ന്, ഇവിടെ നിന്ന് ബിരുദം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു.
ഇന്ന് മറ്റൊരു ശുഭ മുഹൂര്‍ത്തമാണ്. ഈ ദിവസം ഉപ്പു സത്യാഗ്രഹത്തിനായി ദണ്ഡീയാത്ര ആരംഭിച്ചത് ഈ മണ്ണില്‍ നിന്നാണ്. ബ്രിട്ടീഷുകാരുടെ അനീതിക്കെതിരെ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന പ്രസ്ഥാനത്തിലൂടെ ഇന്ത്യക്കാരുടെ കൂട്ടായ ശക്തി ബ്രിട്ടീഷ് ഗവണ്‍മെന്റ് തിരിച്ചറിഞ്ഞു. നാം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ ദണ്ഡിയാത്രയില്‍ പങ്കെടുത്ത എല്ലാ സത്യാഗ്രഹികള്‍ക്കും ധീരരായ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും ഞാന്‍ ആദരപൂര്‍വമായ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

സുഹൃത്തുക്കളെ,
ഇന്ന് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു പ്രധാന ദിവസമാണ്. എന്നാല്‍ എനിക്കാകട്ടെ, ഇത് ഒരു അവിസ്മരണീയ സന്ദര്‍ഭമാണ്. അമിത് ഭായ് പറയുന്നതുപോലെ, ഈ സര്‍വ്വകലാശാല ജനിച്ചത് ഈ ഭാവനയില്‍ നിന്നാണ്, ഞാന്‍ വളരെക്കാലമായി നിരവധി വിദഗ്ധരുമായി ചര്‍ച്ചകള്‍ നടത്തുകയും ആശയ വിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്. ഈ ദിശയില്‍ ലോകമെമ്പാടുമുള്ള സംഭവവികാസങ്ങള്‍ ഞങ്ങള്‍ പഠിച്ചു, അതിന്റെ ഫലമായി ഗുജറാത്തിന്റെ മണ്ണില്‍ ഒരു ചെറിയ രൂപം യാഥാര്‍ഥ്യമായി. ബ്രിട്ടീഷുകാരുടെ കാലത്ത് പ്രതിരോധ മേഖല പൊതുവെ രാജ്യത്തെ ക്രമസമാധാന വ്യവസ്ഥയുടെ ഭാഗമായിരുന്നുവെന്ന് ഞങ്ങള്‍ കണ്ടെത്തി. അതിനാല്‍, ബലപ്രയോഗത്തിലൂടെ തങ്ങളുടെ സാമ്രാജ്യം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന കരുത്തുറ്റ ആളുകളെ ബ്രിട്ടീഷുകാര്‍ റിക്രൂട്ട് ചെയ്തു. ചില സമയങ്ങളില്‍ ബ്രിട്ടീഷുകാര്‍ വ്യത്യസ്ത വംശീയ ജനവിഭാഗങ്ങളില്‍ നിന്നുള്ള ആളുകളെ തിരഞ്ഞെടുത്തു, അവരുടെ പ്രവര്‍ത്തനം ഇന്ത്യയിലെ ജനങ്ങള്‍ക്കെതിരെ ബലമായി വടി ഉപയോഗിക്കുക എന്നതായിരുന്നു, അങ്ങനെ അവര്‍ക്ക് എളുപ്പത്തില്‍ ഭരണം തുടരാനാകും. സ്വാതന്ത്ര്യാനന്തരം ഈ രംഗത്ത് പരിഷ്‌കാരങ്ങളും സമൂലമായ മാറ്റങ്ങളും ആവശ്യമായിരുന്നു. പക്ഷേ, നിര്‍ഭാഗ്യവശാല്‍, ഈ മേഖലയില്‍ നാം പിന്നിലായി. തല്‍ഫലമായി, പോലീസ് സേനയില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന പൊതുധാരണ ഇപ്പോഴും നിലനില്‍ക്കുന്നു.
സൈന്യവും യൂണിഫോം ധരിക്കുന്നു. എന്നാല്‍ സൈന്യത്തിന്റെ ധാരണ എന്താണ്? സൈന്യത്തെ കാണുമ്പോഴെല്ലാം ആളുകള്‍ പ്രതിസന്ധിക്ക് അന്ത്യമുണ്ടാകുന്നു. ഇതാണ് സൈന്യത്തിന്റെ ധാരണ. അതിനാല്‍, സാധാരണക്കാരന്റെ മനസ്സില്‍ സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും വികാരം ജനിപ്പിക്കുന്ന അത്തരം മനുഷ്യശക്തിയെ ഇന്ത്യയിലെ സുരക്ഷാ മേഖലയില്‍ തയ്യാറാക്കേണ്ടത് വളരെ പ്രധാനമാണ്. നമ്മുടെ മുഴുവന്‍ പരിശീലന മൊഡ്യൂളുകളും മാറ്റേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്. നീണ്ട ആലോചനകള്‍ക്ക് ശേഷം ഇന്ത്യയില്‍ ആദ്യമായി നടത്തിയ ഈ പരീക്ഷണം ഇന്ന് രാഷ്ട്രീയ രക്ഷാ സര്‍വ്വകലാശാലയുടെ രൂപത്തില്‍ വികസിച്ചിരിക്കുന്നു.
സുരക്ഷയെന്നാല്‍ യൂണിഫോം, പവര്‍, ഫോഴ്സ്, പിസ്റ്റളുകള്‍, തുടങ്ങിവയാണെന്നു കരുതിയിരുന്ന കാലം പിന്നിട്ടു. നിരവധി പുതിയ വെല്ലുവിളികള്‍ ഇപ്പോള്‍ പ്രതിരോധരംഗത്തുണ്ട്. നേരത്തെ, ഒരു സംഭവത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഒരു ഗ്രാമത്തിന്റെ ഏറ്റവും അകലെയുള്ള ഭാഗത്തെത്താന്‍ മണിക്കൂറുകളെടുക്കും, അടുത്ത ഗ്രാമത്തിലേക്ക് ഒരു ദിവസമെടുക്കും. സംഭവം സംസ്ഥാനം മുഴുവന്‍ അറിയാന്‍ 24 മുതല്‍ 48 വരെ മണിക്കൂറെടുക്കും. എങ്കില്‍ മാത്രമേ പോലീസിന് നടപടിയെടുക്കാനും സ്ഥിതിഗതികള്‍ നിയന്ത്രിക്കാനും കഴിയൂ. എന്നാല്‍, ഇന്ന് ആശയവിനിമയം ഒരു സെക്കന്റിന്റെ അംശത്തില്‍ സംഭവിക്കുന്നു.
അത്തരമൊരു സാഹചര്യത്തില്‍ ക്രമീകരണങ്ങള്‍ ഒരിടത്ത് കേന്ദ്രീകരിച്ച് മുന്നോട്ടുപോകാനാകില്ല. അതിനാല്‍, ഓരോ യൂണിറ്റിനും വൈദഗ്ധ്യവും കഴിവും ഒരേ അളവിലുള്ള ശക്തിയും ആവശ്യമാണ്. എങ്കില്‍ മാത്രമേ നമുക്ക് സാഹചര്യം നിയന്ത്രിക്കാന്‍ കഴിയൂ. സംഖ്യാബലത്തേക്കാള്‍, വേണ്ടത് എല്ലാം കൈകാര്യം ചെയ്യാന്‍ കഴിയുന്ന, സാങ്കേതികവിദ്യ അറിയുകയും പിന്‍തുടരുകയും ചെയ്യുന്ന, മനുഷ്യ മനസ്സിനെ മനസ്സിലാക്കുന്ന പരിശീലനം ലഭിച്ച മനുഷ്യശക്തിയാണ്. യുവതലമുറയുമായി എങ്ങനെ ആശയവിനിമയം നടത്തണമെന്ന് അവര്‍ അറിഞ്ഞിരിക്കണം, ബഹുജന മുന്നേറ്റങ്ങളില്‍ നേതാക്കളുമായി ഇടപഴകാനുള്ള ശേഷിയും ചര്‍ച്ച ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം.

സുരക്ഷാ മേഖലയില്‍ പരിശീലനം ലഭിച്ച മനുഷ്യശക്തിയുടെ അഭാവത്തില്‍, ഒരാള്‍ക്ക് ചര്‍ച്ച നടത്തുന്നതിനുള്ള കഴിവ് നഷ്ടപ്പെടാം, ചിലപ്പോള്‍ തെറ്റായ ഒരു വാക്ക് കാരണം അനുകൂല സാഹചര്യം ഭയാനകമായ വഴിത്തിരിവായി മാറാം. എനിക്ക് പറയാനുള്ളത്, ജനാധിപത്യ സംവിധാനങ്ങള്‍ക്കനുസൃതമായി സമൂഹത്തോട് മൃദുവായി പെരുമാറുകയും ജനക്ഷേമം പരമപ്രധാനമായി കണക്കാക്കുകയും ചെയ്യുന്ന, സാമൂഹിക വിരുദ്ധരെ കര്‍ശനമായി നേരിടാന്‍ കഴിയുന്ന മനുഷ്യവിഭവശേഷി വികസിപ്പിക്കണം എന്നാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പോലീസിന്റെ നല്ല പ്രതിച്ഛായയെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മള്‍ പലപ്പോഴും കേള്‍ക്കാറുണ്ട്. പക്ഷേ, നമ്മുടെ നാടിന്റെ ദൗര്‍ഭാഗ്യം എന്തെന്നാല്‍ ഒരു സിനിമ ചെയ്താല്‍ പോലീസുകാരെ വളരെ മോശമായി ചിത്രീകരിക്കുന്നു. പത്രങ്ങളുടെ കാര്യവും അങ്ങനെ തന്നെ. തല്‍ഫലമായി, യഥാര്‍ത്ഥ കഥകള്‍ ചിലപ്പോള്‍ സമൂഹത്തിലെത്തുന്നില്ല. ഈയിടെയായി, കൊറോണ കാലത്ത് യൂണിഫോമില്‍ ആവശ്യക്കാര്‍ക്ക് സേവനം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രാത്രി പുറത്തിറങ്ങി ഒരു പോലീസുകാരന്‍ വിശക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കുന്നു അല്ലെങ്കില്‍ ലോക്ക്ഡൗണ്‍ കാരണം മരുന്നുകള്‍ തീര്‍ന്നവര്‍ക്ക് മരുന്ന് എത്തിക്കുന്ന പോലീസുകാര്‍! കൊറോണ കാലത്ത് ഉയര്‍ന്നുവന്ന പോലീസിന്റെ മനുഷ്യത്വപരമായ മുഖം ഇപ്പോള്‍ ക്രമേണ ക്ഷയിച്ചുവരികയാണ്.
എല്ലാം സ്തംഭിച്ചുപോയി എന്നല്ല. എന്നാല്‍ നിരീക്ഷണം നടത്തിയുളള് വിവരണവും നിഷേധാത്മകമായ അന്തരീക്ഷവും കാരണം ചിലപ്പോള്‍ എന്തെങ്കിലും നല്ലത് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോലും നിരാശ തോന്നുന്നു. യുവാക്കളായ നിങ്ങളെല്ലാവരും ഇത്തരമൊരു പ്രതികൂലമായ ചുറ്റുപാടില്‍ എത്തിയവരാണ്. സാധാരണക്കാരന്റെ അവകാശങ്ങളും സുരക്ഷിതത്വവും സംരക്ഷിക്കപ്പെടുമെന്നും സമൂഹത്തില്‍ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സൗഹാര്‍ദത്തിന്റെയും അന്തരീക്ഷം നിലനിര്‍ത്തപ്പെടുമെന്നുമുള്ള പ്രതീക്ഷയോടെയാണ് നിങ്ങളുടെ മാതാപിതാക്കള്‍ നിങ്ങളെ ഇങ്ങോട്ടയച്ചത്. ഓരോ വ്യക്തിക്കും അവന്റെ ജീവിതം സന്തോഷത്തോടെ നയിക്കുന്നതിനും സമൂഹത്തിന് സന്തോഷത്തോടും അഭിമാനത്തോടും കൂടി ഉത്സവങ്ങള്‍ ആഘോഷിക്കുന്നതിനും സാഹചര്യമൊരുക്കുന്നതില്‍ നിങ്ങള്‍ വഹിക്കേണ്ട പങ്ക് വഹിക്കുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടതുണ്ട്. രാജ്യത്തെ സേവിക്കാനുള്ള ശാരീരിക ശക്തി സുരക്ഷാ സേനയ്ക്ക് വേണമെന്നത് ഒരു പരിധി വരെ ശരിയാണ്. എന്നാല്‍ ഈ മേഖല വികസിച്ചു. അതിനാല്‍ നമുക്കു പരിശീലനം ലഭിച്ച മനുഷ്യശക്തി ആവശ്യമാണ്.
ഇന്നത്തെ കാലഘട്ടത്തില്‍ കുടുംബങ്ങള്‍ ചെറുതായിരിക്കുന്നു. നേരത്തെ തളര്‍ന്നുപോയ ഒരു പോലീസുകാരന്‍ ഡ്യൂട്ടി സമയം കഴിഞ്ഞ് കൂട്ടുകുടുംബമായി കഴിയുന്ന വീട്ടിലേക്ക് മടങ്ങിയെത്തുംവരെ അമ്മയും അച്ഛനും മുത്തശ്ശനും മുത്തശ്ശനും അമ്മായിയമ്മയും അമ്മായിയമ്മമാരും ചേട്ടന്മാരും സഹോദരീ സഹോദരന്മാരും വീടു നോക്കുമായിരുന്നു. അയാള്‍ക്ക് ആശ്വാസപൂര്‍വം അടുത്ത ദിവസം ഡ്യൂട്ടിക്കു പോകാമായിരുന്നു. എന്നാല്‍, ഇന്ന് അണുകുടുംബങ്ങളുടെ കാലമാണ്. ഒരു സൈനികന്‍ ദിവസം 6 മുതല്‍ 16 വരെ മണിക്കൂര്‍ ജോലി ചെയ്യുന്നത് വളരെ പ്രതികൂല സാഹചര്യത്തിലാണ്. എന്നാല്‍ അവന്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍, വീട്ടില്‍ ആരുമില്ല. മാതാപിതാക്കളില്ല.
അത്തരമൊരു സാഹചര്യത്തില്‍ സമ്മര്‍ദ്ദം നമ്മുടെ സുരക്ഷാ സേനയ്ക്ക് വലിയ വെല്ലുവിളിയാണ്. കുടുംബവും ജോലി സംബന്ധമായ പ്രശ്‌നങ്ങളും കാരണം ഒരു സൈനികന്‍ എപ്പോഴും സമ്മര്‍ദ്ദത്തിലാണ്. അതിനാല്‍, സുരക്ഷാ സേനയില്‍ സമ്മര്‍ദം ഒഴിവാക്കുന്നതിനുള്ള സാഹചര്യമൊരുക്കേണ്ടത് ആവശ്യമായി വന്നിരിക്കുന്നു. അതിനായി പരിശീലകരെ വേണം. ആളുകളെ യൂണിഫോമില്‍ സന്തോഷത്തോടെ നിര്‍ത്താന്‍ കഴിയുന്ന ഇത്തരം പരിശീലകരെ തയ്യാറാക്കാന്‍ ഈ രക്ഷാ സര്‍വകലാശാലയ്ക്കു കഴിയും.
ഇന്ന്, സൈന്യത്തിലും പോലീസിലും ഇപ്പോള്‍ യോഗയ്ക്കും മാനസികോല്ലാസത്തിനും ധാരാളം അധ്യാപകരെ ആവശ്യമുണ്ട്. ഈ സാധ്യത ഇനി പ്രതിരോധ മേഖലയ്ക്കു കീഴിലും ഉണ്ടാവും. 
അതുപോലെ, സാങ്കേതികവിദ്യ ഒരു വലിയ വെല്ലുവിളിയാണ്. വൈദഗ്ധ്യത്തിന്റെ അഭാവത്തില്‍ നമുക്ക് ചെയ്യേണ്ടത് കൃത്യസമയത്ത് ചെയ്യാന്‍ കഴിയാതെ വരികയും കാര്യങ്ങള്‍ വൈകുകയും ചെയ്യുന്നത് ഞാന്‍ കണ്ടു. സൈബര്‍ സുരക്ഷയുടെ പ്രശ്നങ്ങളും കുറ്റകൃത്യങ്ങളില്‍ സാങ്കേതികവിദ്യയുടെ ദുരുപയോഗം വര്‍ധിക്കുന്ന രീതിയും പോലെ, കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിന് സാങ്കേതികവിദ്യ സഹായിക്കുന്നു. മുന്‍കാലങ്ങളില്‍ എവിടെയെങ്കിലും മോഷണം നടന്നാല്‍ കള്ളനെ പിടിക്കാന്‍ ഏറെ സമയമെടുക്കുമായിരുന്നു. എന്നാല്‍ ഇന്ന് സിസിടിവി ക്യാമറകളുണ്ട്. സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങളിലൂടെയും നിര്‍മിത ബുദ്ധി ഉപയോഗിച്ചും ഒരാളുടെ നീക്കം മനസ്സിലാക്കുക ഇപ്പോള്‍ വളരെ എളുപ്പമാണ്. അയാള്‍ പിടിക്കപ്പെടുന്നു.
ക്രിമിനല്‍ ലോകം സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുപോലെ, സുരക്ഷാ സേനയ്ക്കും സാങ്കേതികവിദ്യ വളരെ ശക്തമായ ആയുധമായി മാറിയിരിക്കുന്നു. എന്നാല്‍ ശരിയായ ആളുടെ കയ്യില്‍ ശരിയായ ആയുധം ലഭ്യമാകുന്നതും കൃത്യസമയത്ത് ജോലി ചെയ്യാനുള്ള കഴിവു ലഭിക്കുന്നതും പരിശീലനത്തിലൂടെ അല്ലാതെ സാധ്യമല്ല. ഉദാഹരണങ്ങള്‍ പഠിക്കുമ്പോള്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നതിന് കുറ്റവാളികള്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതെങ്ങനെയെന്നും സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ ആ കുറ്റകൃത്യങ്ങള്‍ എങ്ങനെ കണ്ടെത്തിയെന്നും നിങ്ങള്‍ മനസ്സിലാക്കിയിരിക്കണം.
കായികപരിശീലനവും അതിരാവിലെയുള്ള പരേഡുകളും ഇപ്പോള്‍ പ്രതിരോധരംഗത്ത് മാത്രം പോരാ. ശാരീരികമായി അയോഗ്യരാണെങ്കിലും രക്ഷാ സര്‍വകലാശാലയില്‍ നിന്ന് പരിശീലനം നേടിയതിന് ശേഷം എന്റെ ദിവ്യാംഗ സഹോദരികള്‍ക്കും സഹോദരിമാര്‍ക്കും പ്രതിരോധ മേഖലയില്‍ സംഭാവന അര്‍പ്പിക്കാന്‍ കഴിയുമെന്ന് ചിലപ്പോള്‍ എനിക്ക് തോന്നുന്നു. സാധ്യതകള്‍ വളരെ മാറിയിരിക്കുന്നു. അതിനനുയോജ്യമായ സംവിധാനങ്ങള്‍ വികസിപ്പിക്കുന്ന ദിശയിലേക്കാണ് ഈ രക്ഷാ സര്‍വകലാശാല പോകേണ്ടത്.
ആഭ്യന്തരമന്ത്രി ഇപ്പോള്‍ പറഞ്ഞതുപോലെ വിദ്യാഭ്യാസത്തിന്റെ വീക്ഷണകോണില്‍ ഗാന്ധിനഗര്‍ വളരെ ഊര്‍ജ്ജസ്വലമായിക്കൊണ്ടിരിക്കുകയാണ്. നമുക്ക് ഇവിടെ നിരവധി സര്‍വ്വകലാശാലകളുണ്ട്. ലോകത്തു മറ്റൊരിടത്തും ഇല്ലാത്ത രണ്ട് പ്രത്യേക സര്‍വ്വകലാശാലകളുണ്ട്. ഈ രണ്ട് സര്‍വ്വകലാശാലകളും ഉണ്ടെന്ന് അഭിമാനിക്കുന്ന ഇന്ത്യയിലെ ഗാന്ധിനഗര്‍ ഒഴികെ ലോകത്തെവിടെയും ഫോറന്‍സിക് സയന്‍സ് സര്‍വകലാശാലയോ കുട്ടികളുടെ സര്‍വകലാശാലയോ ഇല്ല.
അതുപോലെ, ദേശീയ നിയമ സര്‍വകലാശാല കുറ്റകൃത്യം തിരിച്ചറിയുന്നതു മുതല്‍ നീതിനിര്‍വഹണം വരെ എല്ലാം ഉള്‍ക്കൊള്ളുന്നു. എന്നാല്‍ ഈ മൂന്ന് സര്‍വ്വകലാശാലകളും ഒരുപോലെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ മാത്രമേ ഫലം ലഭിക്കൂ. രാഷ്ട്രീയരക്ഷാ സര്‍വ്വകലാശാല, ഫോറന്‍സിക് സയന്‍സ് സര്‍വകലാശാല, ദേശീയ നിയമ സര്‍വകലാശാല എന്നിവ അവരവരുടേതായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ആഗ്രഹിച്ച ഫലം ഉണ്ടാകില്ല.
ഇന്ന് ഞാന്‍ നിങ്ങളുടെ ഇടയിലായിരിക്കുമ്പോള്‍, വര്‍ഷത്തില്‍ മൂന്ന് മാസത്തിലൊരിക്കല്‍ മൂന്ന് സര്‍വകലാശാലകളിലെയും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഒരു പൊതു സിമ്പോസിയം നടത്താനും രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് ഒരു പുതിയ മാതൃകയുമായി മുന്നോട്ട് വരാനും എല്ലാ ഉദ്യോഗസ്ഥരോടും അഭ്യര്‍ത്ഥിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നീതിന്യായത്തിന് ഫോറന്‍സിക് സയന്‍സ് എങ്ങനെ പ്രയോജനപ്പെടുമെന്ന് ദേശീയ നിയമ സര്‍വകലാശാലയിലെ കുട്ടികള്‍ പഠിക്കണം.
കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്താനും രാജ്യത്തെ സംരക്ഷിക്കാനുമായി ഏതു തെളിവ് ഏതു വകുപ്പിനു കീഴില്‍ പെടുത്തിയാലാണ് ഫോറന്‍സിക് സയന്‍സ് സര്‍വകലാശാലയുടെ സാങ്കേതിക സഹായവും ദേശീയ നിയമ സര്‍വകലാശാലയുടെ നിയമ പിന്‍തുണയും ലഭിക്കുക എന്നു കുറ്റാന്വേഷണത്തെക്കുറിച്ചു പഠിക്കുന്നവര്‍ അറിഞ്ഞിരിക്കണം.
കൃത്യസമയത്ത് നീതി നടപ്പാക്കാനും കുറ്റവാളികളെ ശിക്ഷിക്കാനും നീതിന്യായ വ്യവസ്ഥയ്ക്ക് കഴിയുമ്പോള്‍, കുറ്റവാളികള്‍ക്കിടയില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു.
ജയില്‍ സംവിധാനങ്ങളെക്കുറിച്ച് നന്നായി അറിയുന്നവരായി  വിദ്യാര്‍ത്ഥികളെ മാറ്റാന്‍ രക്ഷാ സര്‍വകലാശാലയ്ക്കു സാധിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ജയില്‍ സംവിധാനങ്ങളെ എങ്ങനെ നവീകരിക്കാം, തടവുകാരെയോ വിചാരണ തടവുകാരെയോ അവരുെട മനസ്സ് മനസ്സിലാക്കി എങ്ങനെ പ്രയോജനപ്പെടുത്താം, കുറ്റകൃത്യങ്ങളുടെ ലോകത്ത് നിന്ന് അവര്‍ എങ്ങനെ പുറത്തുവരണം, ഏത് സാഹചര്യത്തിലാണ് അവര്‍ കുറ്റകൃത്യങ്ങള്‍ ചെയ്തത് തുടങ്ങിയ കാര്യങ്ങള്‍ പഠിക്കാനും രക്ഷാ സര്‍വകലാശാലയില്‍ സംവിധാനം ഉണ്ടായിരിക്കണം.
തടവുകാരില്‍ മാനസിക പരിവര്‍ത്തനം സാധ്യമാക്കാനും ജയിലിന്റെ അന്തരീക്ഷം മാറ്റാനും തടവുകാരുടെ മാനസികാവസ്ഥയില്‍ ശ്രദ്ധ ചെലുത്താനും ജയിലില്‍ നിന്ന് പുറത്തുപോകുമ്പോള്‍ അവരെ മികച്ച വ്യക്തികളാക്കാനും കഴിവുള്ള അത്തരം വിദ്യാര്‍ത്ഥികളെ നമുക്ക് സജ്ജരാക്കാന്‍ കഴിയുമോ? അതിന് കഴിവുള്ള മനുഷ്യവിഭവശേഷി ആവശ്യമാണ്. ഉദാഹരണത്തിന്, പോലീസ് വകുപ്പിലെ ക്രമസമാധാന ചുമതലയുള്ള ഒരാളോട് ജയിലുകളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ പെട്ടെന്ന് ആവശ്യപ്പെട്ടാല്‍. അയാള്‍ അതില്‍ പരിശീലനം നേടിയിട്ടില്ല. കുറ്റവാളികളെ കൈകാര്യം ചെയ്യാന്‍ പരിശീലനം നേടിയിട്ടുണ്ട്. എന്നാല്‍ അതുകൊണ്ടു കാര്യമില്ല. മേഖലകള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും അവയ്ക്കെല്ലാം വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നു.
രക്ഷാ സര്‍വ്വകലാശാലയുടെ മഹത്തായ ഒരു കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ ഇന്ന് എനിക്ക് അവസരം ലഭിച്ചു. ഈ സര്‍വ്വകലാശാലയ്ക്കുള്ള സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നപ്പോള്‍, നിരവധി ചോദ്യങ്ങളും സമ്മര്‍ദ്ദങ്ങളും ഉണ്ടായിരുന്നു. നിങ്ങള്‍ എന്തിനാണ് ഇത് ചെയ്യുന്നത്, അതും ദൂരെയുള്ള സ്ഥലത്ത് വച്ച് എന്നൊക്കെ എല്ലാവരും ചോദിക്കുമായിരുന്നു. എന്നാല്‍ ഗാന്ധിനഗറില്‍ നിന്ന് 25-50 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടിവന്നാല്‍ അത് സര്‍വകലാശാലയുടെ പ്രാധാന്യം കുറയ്ക്കില്ല എന്നായിരുന്നു എന്റെ അഭിപ്രായം. സര്‍വ്വകലാശാലയ്ക്ക് സാധ്യതയുണ്ടെങ്കില്‍, അത് ഗാന്ധിനഗറിന്റെ കേന്ദ്രമായി മാറും. ഇന്ന് കെട്ടിടം കണ്ടതിനുശേഷം ഒരു തുടക്കം ഉണ്ടാക്കിയതായി ഞാന്‍ കരുതുന്നു.
ഈ കെട്ടിടത്തിന്റെ പരിപാലനത്തിന്റെ ഉത്തരവാദിത്തം ഒരു കരാറുകാരനോ ഗവണ്‍മെന്റ് ബജറ്റിനോ അല്ല. ഓരോ താമസക്കാരനും അതിനെ സ്വന്തമായി കണക്കാക്കുകയും എല്ലാ ചുമരുകളും ജനലുകളും ഫര്‍ണിച്ചറും പരിപാലിക്കുകയും അവ മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ കെട്ടിടം ഗംഭീരമാകും.
ഏകദേശം 50 വര്‍ഷം മുമ്പ് അഹമ്മദാബാദില്‍ ഐഐഎം രൂപീകരിച്ചപ്പോള്‍, അതിന്റെ കാമ്പസ് ഇന്ത്യയിലെ ഒരു മാതൃകയായി കണക്കാക്കപ്പെട്ടിരുന്നു. പിന്നീട് ദേശീയ നിയമ സര്‍വ്വകലാശാല പണിതപ്പോള്‍ ഇന്ത്യയിലെമ്പാടുമുള്ള ആളുകള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെട്ടു. വരും നാളുകളില്‍ ഈ രക്ഷാ സര്‍വകലാശാലാ കാമ്പസും ജനങ്ങളെ ആകര്‍ഷിക്കുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഐഐടികള്‍, ഊര്‍ജ സര്‍വകലാശാലകള്‍, ദേശീയ നിയമ സര്‍വകലാശാല, ഫോറന്‍സിക് സയന്‍സ് സര്‍വകലാശാല എന്നിവയുടെ നിലവിലുള്ള കാമ്പസുകള്‍ പോലെ മറ്റൊരു രത്‌നമാണ് രക്ഷാ സര്‍വകലാശാലയുടെ കാമ്പസ്. ഇതിനായി ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു.
സമൂഹത്തിലെ മിടുക്കരായ വിദ്യാര്‍ത്ഥികളോട് അതൊരു അപകര്‍ഷതയായി കണക്കാക്കരുതെന്ന് ഞാന്‍ ആഹ്വാനം ചെയ്യുന്നു. രാജ്യത്തെ സേവിക്കാന്‍ അതു വളരെയധികം സഹായകമാകും. അതുപോലെ ഇവിടെയെത്തിയവരും നമ്മുടെ പോലീസുകാരും ആഭ്യന്തര മന്ത്രാലയവും പോലീസ് സര്‍വകലാശാലയായി തെറ്റിദ്ധരിക്കരുത്. രാജ്യത്തിന്റെ മുഴുവന്‍ പ്രതിരോധത്തിനായി മനുഷ്യശക്തിയെ സജ്ജമാക്കുന്ന ഒരു പ്രതിരോധ സര്‍വകലാശാലയാണിത്. ഇവിടെ നിന്ന് ബിരുദം നേടുന്ന വിദ്യാര്‍ത്ഥികള്‍ വിവിധ മേഖലകളിലേക്ക് പോകും. പ്രതിരോധ ഉദ്യോഗസ്ഥരുടെ പോഷകാഹാരം തീരുമാനിക്കുന്നതില്‍ വൈദഗ്ധ്യമുള്ളവരായിരിക്കും ഇവര്‍. കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള സോഫ്റ്റ്വെയര്‍ വികസിപ്പിക്കുന്നതില്‍ നിരവധി വിദഗ്ധര്‍ ഉള്‍പ്പെടും. അവര്‍ യൂണിഫോമില്‍ ആയിരിക്കണമെന്നില്ല. ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ അവര്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കാന്‍ കഴിയും. ഈ മനോഭാവത്തോടെ ഈ സര്‍വ്വകലാശാലയുടെ പുരോഗതിയില്‍ ഞങ്ങള്‍ മുന്നേറുകയാണ്.
ഫോറന്‍സിക് സയന്‍സ് സര്‍വകലാശാലയും രക്ഷാ സര്‍വകലാശാലയും രാജ്യത്ത് വിപുലീകരിക്കാന്‍ ഞങ്ങള്‍ക്ക് പദ്ധതിയുണ്ട്. പല വിദ്യാര്‍ത്ഥികള്‍ക്കും കുട്ടിക്കാലം മുതല്‍ കായികതാരങ്ങളോ ഡോക്ടര്‍മാരോ എഞ്ചിനീയര്‍മാരോ ആകാനുള്ള ആഗ്രഹമുണ്ട്. യൂണിഫോമിനോട് നിഷേധാത്മക വികാരം ഉള്ള ഒരു വിഭാഗമുണ്ടെങ്കിലും മാനുഷിക മൂല്യങ്ങളെ മാനിച്ചുകൊണ്ട് യൂണിഫോമിട്ട ശക്തികള്‍ കഠിനാധ്വാനം ചെയ്താല്‍ ഈ ധാരണ മാറ്റി സാധാരണക്കാരില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ന് സ്വകാര്യ സുരക്ഷാ മേഖലയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. പ്രതിരോധ മേഖലയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ട്. അത്തരം പുതിയ സ്റ്റാര്‍ട്ടപ്പുകളുടെ ലോകത്തേക്ക് പ്രവേശിക്കാന്‍ നിങ്ങളുടെ പരിശീലനം നിങ്ങളെ പ്രാപ്തമാക്കുന്നു.
രാജ്യത്തെ യുവാക്കള്‍ രാജ്യത്തിന്റെ പ്രതിരോധത്തിന് മുന്‍തൂക്കം നല്‍കുന്ന ഈ സമയത്ത് നാം മനസ്സിലാക്കേണ്ട മറ്റൊരു പ്രധാന വശമുണ്ട്. ഞാന്‍ തുടക്കത്തില്‍ പറഞ്ഞതുപോലെ മധ്യസ്ഥത ഒരു കലയാണ്. ശരിയായ പരിശീലനം ലഭിച്ചാല്‍ മാത്രമേ നല്ല ചര്‍ച്ചകള്‍ നടത്തുന്നവരാകൂ. ആഗോള തലത്തില്‍ മധ്യസ്ഥര്‍ വളരെ ഉപയോഗപ്രദമാണ്. ക്രമേണ, നിങ്ങള്‍ക്ക് ഒരു ആഗോള തലത്തിലുള്ള മധ്യസ്ഥന്‍ ആകാന്‍ കഴിയും.
ഇതും സമൂഹത്തില്‍ വലിയൊരു ആവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുപോലെ, നിങ്ങള്‍ മോബ് സൈക്കോളജി, ക്രൗഡ് സൈക്കോളജി എന്നിവ ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കില്‍, നിങ്ങള്‍ക്ക് അത് കൈകാര്യം ചെയ്യാന്‍ കഴിയില്ല. രക്ഷാ സര്‍വകലാശാലയിലൂടെ, അത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ആളുകളെ തയ്യാറാക്കാന്‍ നാം ആഗ്രഹിക്കുന്നു. രാജ്യത്തെ സംരക്ഷിക്കാന്‍ എല്ലാ തലത്തിലും സമര്‍പ്പിതരായ തൊഴിലാളികളെ നാം തയ്യാറാക്കേണ്ടതുണ്ട്. ആ ദിശയില്‍ നാമെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു. എന്നാല്‍ ഒരിക്കല്‍ യൂണിഫോം ധരിച്ചു കഴിഞ്ഞാല്‍ ലോകം നിങ്ങളുടെ കൈയിലാകുമെന്ന ചിന്താഗതി ഉണ്ടാകുന്ന തെറ്റു സംഭവിക്കരുതെന്ന് ഞാന്‍ അവരോട് പറയാന്‍ ആഗ്രഹിക്കുന്നു. ഇത് യൂണിഫോമിനോടുള്ള ബഹുമാനം വര്‍ദ്ധിപ്പിക്കുന്നില്ല. യൂണിഫോമിന്റെ ബഹുമാനം വര്‍ദ്ധിക്കുന്നത് അതില്‍ മനുഷ്യത്വം ജീവിക്കുകയും അനുകമ്പയുടെ ബോധം ഉണ്ടാകുകയും അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പീഡിതര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ചൂഷണം ചെയ്യപ്പെടുന്നവര്‍ക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ഉണ്ടാകുമ്പോഴാണ്. അതുകൊണ്ട് സുഹൃത്തുക്കളേ, നാം ജീവിതത്തില്‍ മനുഷ്യത്വത്തിന്റെ മൂല്യങ്ങള്‍ പരമപ്രധാനമായി കണക്കാക്കണം. സമൂഹത്തില്‍ സേനയോടുള്ള ഐക്യഭാവം ശക്തിപ്പെടുത്താന്‍ നാം ദൃഢനിശ്ചയം ചെയ്യണം. അതിനാല്‍, യൂണിഫോമിന്റെ സ്വാധീനം ഉണ്ടാകണം എന്നാല്‍ മനുഷ്യത്വത്തിന്റെ അഭാവം ഉണ്ടാകരുത് എന്നു ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ യുവതലമുറ ആവേശപൂര്‍വം ഈ ദിശയിലേക്ക് നീങ്ങിയാല്‍, നമുക്ക് മികച്ച ഫലം ലഭിക്കും.
എത്ര പേരെ ആദരിച്ചു എന്ന് ഓര്‍ക്കുന്നില്ലെങ്കിലും ആദരിക്കപ്പെട്ടതില്‍ കൂടുതല്‍ പെണ്‍കുട്ടികളാണ് എന്നത് എന്നെ സന്തോഷിപ്പിക്കുന്നു. ഇതിനര്‍ത്ഥം പോലീസ് സേനയില്‍ നമുക്കു ധാരാളം പെണ്‍മക്കള്‍ ഉണ്ടെന്നാണ്. ഒരുപാട് പെണ്‍മക്കള്‍ മുന്നോട്ട് വരുന്നുണ്ട്. എന്നു മാത്രമല്ല, നമ്മുടെ പെണ്‍മക്കള്‍ സൈന്യത്തില്‍ സുപ്രധാന പദവികളില്‍ മുന്നേറുന്നു. അതുപോലെ തന്നെ ധാരാളം പെണ്‍മക്കള്‍ എന്‍സിസിയിലും ചേരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇന്ന് ഇന്ത്യാ ഗവണ്‍മെന്റും എന്‍സിസിയുടെ വ്യാപ്തി വിപുലീകരിച്ചു. മുന്‍നിര സ്‌കൂളുകളിലെ എന്‍സിസി കൈകാര്യം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് വളരെയധികം സംഭാവന ചെയ്യാന്‍ കഴിയും.
സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കു പ്രവേശനം നല്‍കുന്നതു സംബന്ധിച്ച് ഇന്ത്യാ ഗവണ്‍മെന്റ് വളരെ പ്രധാനപ്പെട്ട തീരുമാനമെടുത്തിട്ടുണ്ട്. നമ്മുടെ പെണ്‍മക്കള്‍ ഫലപ്രദമായ പങ്ക് വഹിക്കാത്ത ഒരു മേഖലയും ജീവിതത്തിലില്ലെന്ന് നാം കണ്ടു. അതാണ് അവരുടെ ശക്തി. ഒളിമ്പിക്‌സിലും ശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും വിജയം ഉറപ്പിച്ച പെണ്‍മക്കളുടെ എണ്ണം വളരെ കൂടുതലാണ്. നമ്മുടെ പെണ്‍മക്കള്‍ പ്രതിരോധരംഗത്തും ആധിപത്യം സ്ഥാപിക്കുമെന്നും അത് നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഏറെ ആശ്വാസം പകരുമെന്നും എനിക്ക് ഉറപ്പുണ്ട്. നാം സുപ്രധാനമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. അത് വിജയിപ്പിക്കേണ്ടത് ആദ്യ ബാച്ചിന്റെ ഉത്തരവാദിത്തമാണ്.
ഈ സര്‍വ്വകലാശാലയ്ക്ക് എത്ര പ്രധാനപ്പെട്ട മാറ്റം കൊണ്ടുവരാന്‍ കഴിയും, ഒരു മാനവ വിഭവശേഷി വികസന സ്ഥാപനത്തിന് എത്ര പ്രധാനപ്പെട്ട മാറ്റം കൊണ്ടുവരാന്‍ കഴിയും എന്നു വ്യക്തമാക്കുന്നതിന് ഗുജറാത്തിലെ രണ്ട് സംഭവങ്ങള്‍ നിങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഗുജറാത്തില്‍ ഫാര്‍മസി കോളേജ് വേണമെന്ന് അഹമ്മദാബാദിലെ പണമിടപാടുകാരും സമൂഹത്തിലെ പ്രമുഖരും വ്യവസായികളും വളരെക്കാലം മുമ്പ് തീരുമാനിച്ചു. 50 വര്‍ഷം മുമ്പാണ് ഫാര്‍മസി കോളേജ് രൂപീകരിച്ചത്. ഒരു എളിമയുള്ള കോളേജ് അന്ന് പണിതു. എന്നാല്‍ ഇന്ന് ഗുജറാത്ത് ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തില്‍ മുന്നിട്ടുനില്‍ക്കുകയാണെങ്കില്‍, അതിന്റെ ഉത്ഭവം ആ ചെറിയ ഫാര്‍മസി കോളേജിലാണ്. ആ കോളേജില്‍ നിന്ന് ബിരുദം നേടിയ ആണ്‍കുട്ടികള്‍ പിന്നീട് ഗുജറാത്തിനെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിന്റെ കേന്ദ്രമാക്കി മാറ്റാന്‍ സഹായിച്ചു. ഇന്ന്, കൊറോണ കാലഘട്ടത്തിന് ശേഷം ഇന്ത്യയെ ഫാര്‍മയുടെ കേന്ദ്രമായി ലോകം അംഗീകരിക്കുന്നു. എന്നിരുന്നാലും, ഇത് ഒരു ചെറിയ കോളേജില്‍ ആരംഭിച്ചതാണ്.
അതുപോലെ, അഹമ്മദാബാദ് ഐഐഎം ഒരു സര്‍വ്വകലാശാലയല്ല, ബിരുദ കോഴ്സ് വാഗ്ദാനം ചെയ്യുന്നില്ല. ഇത് ഒരു സര്‍വ്വകലാശാലയുടെയും അംഗീകാരമുള്ളതല്ല. സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അത് ആരംഭിച്ചപ്പോള്‍, ആറ്-എട്ട്-പന്ത്രണ്ട് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് എന്ത് സംഭവിക്കുമെന്ന് ആളുകള്‍ ചിന്തിച്ചിട്ടുണ്ടാവാം. എന്നാല്‍ ഐഐഎം  പ്രശസ്തി നേടി. ഇന്ന് ലോകത്തിലെ മിക്ക സിഇഒമാരും ഐഐഎമ്മില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ട്.
സുഹൃത്തുക്കളെ, ഇന്ത്യയുടെ മുഴുവന്‍ പ്രതിരോധ മേഖലയുടെയും ചിത്രം മാറ്റിമറിക്കുകയും പ്രതിരോധത്തിന്റെ കാഴ്ചപ്പാട് മാറ്റുകയും നമ്മുടെ യുവതലമുറയ്ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു സര്‍വകലാശാലയുടെ സാധ്യതകള്‍ ഈ രക്ഷാ സര്‍വകലാശാലയില്‍ എനിക്ക് കാണാന്‍ കഴിയും. ഈ പൂര്‍ണ്ണ ആത്മവിശ്വാസം ആദ്യ തലമുറയില്‍ വലിയ ഉത്തരവാദിത്തം ഏല്‍പിക്കുന്നു. ആദ്യ ബിരുദദാന വേളയിലെ വിദ്യാര്‍ത്ഥികളുടെ ഉത്തരവാദിത്തം കൂടുതല്‍ വര്‍ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ ഈ സര്‍വ്വകലാശാലയില്‍ നിന്ന് നേട്ടമുണ്ടാവുകയും ആദ്യ ബിരുദദാന ചടങ്ങില്‍ തന്നെ വിട വാങ്ങുകയും ചെയ്യുന്നവര്‍ ഈ രക്ഷാ സര്‍വ്വകലാശാലയുടെ യശസ്സ് വര്‍ദ്ധിപ്പിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഇതായിരിക്കണം നിങ്ങളുടെ ജീവിതത്തിന്റെ മന്ത്രം. ഈ രംഗത്ത് മുന്നോട്ട് വരാന്‍ സാധ്യതയുള്ള യുവാക്കളെയും കുട്ടികളെയും നിങ്ങള്‍ പ്രചോദിപ്പിക്കണം. അവര്‍ നിങ്ങളില്‍ നിന്ന് പ്രചോദിതരാകും. സമൂഹത്തില്‍ നിങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാകും.
നിങ്ങള്‍ ഈ ദൗത്യം നിര്‍വഹിച്ചാല്‍, അത്തരമൊരു യാത്ര സ്വാതന്ത്ര്യത്തിന്റെ അമൃത മഹോല്‍സവത്തില്‍ ആരംഭിച്ചു എന്നും രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറു വര്‍ഷം ആഘോഷിക്കുമ്പോള്‍ പ്രതിരോധ മേഖലയുടെ പ്രതിച്ഛായ മറ്റൊന്നായിരിക്കുമെന്നും പ്രതിരോധ മേഖലയെ സംബന്ധിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടു മറ്റൊന്നായിരിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. 
രാജ്യത്തെ സാധാരണ പൗരന്‍, അവന്‍ അതിര്‍ത്തിയിലെ കാവല്‍ക്കാരനായാലും, അല്ലെങ്കില്‍ നിങ്ങളുടെ പ്രദേശത്തിന്റെ കാവല്‍ക്കാരനായാലും, രാജ്യത്തെ സംരക്ഷിക്കാന്‍ സമൂഹവും വ്യവസ്ഥയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് എല്ലാവരും കാണും. രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുമ്പോള്‍, ആ കരുത്തിനൊപ്പം നമ്മള്‍ നില്‍ക്കും. ഈ വിശ്വാസത്തോടെ എല്ലാ യുവജനങ്ങള്‍ക്കും എന്റെ ആശംസകള്‍ നേരുന്നു. അവരുടെ കുടുംബാംഗങ്ങള്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു.
വളരെയധികം നന്ദി!

Explore More
77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
India's innovation ecosystem poised for exponential growth: Industry

Media Coverage

India's innovation ecosystem poised for exponential growth: Industry
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister pays tributes to Dr. Syama Prasad Mookerjee on the day of his martyrdom
June 23, 2024

The Prime Minister, Shri Narendra Modi has paid tributes to Dr. Syama Prasad Mookerjee on the day of his martyrdom.

The Prime Minister said that Dr. Syama Prasad Mookerjee's glowing personality will continue to guide future generations.

The Prime Minister said in a X post;

“देश के महान सपूत, प्रख्यात विचारक और शिक्षाविद् डॉ. श्यामा प्रसाद मुखर्जी को उनके बलिदान दिवस पर सादर नमन। मां भारती की सेवा में उन्होंने अपना जीवन समर्पित कर दिया। उनका ओजस्वी व्यक्तित्व देश की हर पीढ़ी को प्रेरित करता रहेगा।”