മഹാവീർ ജയന്തിയോടനുബന്ധിച്ച് ഗാന്ധിനഗറിലെ കോബ തീർത്ഥിൽ പ്രധാനമന്ത്രി സാമ്രാട്ട് സമ്പ്രതി മ്യൂസിയം ഉദ്ഘാടനം ചെയ്യും.
ജൈനമതത്തിന്റെ സമ്പന്നമായ ചരിത്രപരവും സാംസ്കാരികവും ആത്മീയവുമായ പൈതൃകം ഈ മ്യൂസിയം പ്രദർശിപ്പിക്കുന്നു.
ജൈനമതത്തിന്റെ പരിണാമത്തെക്കുറിച്ചും അതിന്റെ ആഴത്തിലുള്ള സാംസ്കാരിക സ്വാധീനത്തെക്കുറിച്ചും കാലാനുസൃതമായ അറിവ് നേടാൻ ഇത് സന്ദർശകരെ സഹായിക്കും.
ഭാരതത്തിന്റെ സെമികണ്ടക്ടർ മേഖലയിലെ സുപ്രധാന നാഴികക്കല്ലായി സാനന്ദിലെ കെയ്‌ൻസ് സെമികോൺ പ്ലാന്റ്(Kaynes Semicon Plant) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിക്കുന്ന രണ്ടാമത്തെ സെമികണ്ടക്ടർ പ്ലാന്റാണിത്.
ഇന്ത്യയുടെ ചിപ്പ് ആവാസവ്യവസ്ഥയിലെ നിർണ്ണായക വിടവ് നികത്തുന്നതിനും, തദ്ദേശീയമായ സെമികണ്ടക്ടർ പാക്കേജിംഗ് ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നതുകൂടാതെ, 'ആത്മനിർഭർ ഭാരത്' എന്ന കാഴ്ചപ്പാടിലേക്കുള്ള വലിയൊരു ചുവടുവെയ്പ്പായും ഇത് മാറും
വാവ്-തരാദിൽ (Vav-Tharad) 20,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മാർച്ച് 31-ന് ഗുജറാത്ത് സന്ദർശിക്കും; അന്നേ ദിവസം രാവിലെ 10 മണിക്ക് ഗാന്ധിനഗറിലെ സാമ്രാട്ട് സമ്പ്രതി മ്യൂസിയം ഉദ്ഘാടനം ചെയ്യുന്ന അദ്ദേഹം അവിടെ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കും.തുടർന്ന് ഉച്ചയ്ക്ക് 12:45-ഓടെ അഹമ്മദാബാദിലെ സാനന്ദിലുള്ള കെയ്‌ൻസ് സെമികോൺ പ്ലാന്റിൻറെ ഉദ്ഘാടനം നിർവഹിക്കുന്ന പ്രധാനമന്ത്രി  അവിടെ  പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. അതിനുശേഷം വാവ്-തരാദിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി, വൈകുന്നേരം 4 മണിയോടെ 20,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും രാഷ്ട്രത്തിന് സമർപ്പിക്കലും നിർവ്വഹിക്കും. തുടർന്ന് അദ്ദേഹം അവിടെയും ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.


പ്രധാനമന്ത്രി ഗാന്ധിനഗറിൽ

മഹാവീർ ജയന്തി പ്രമാണിച്ച് ഗാന്ധിനഗറിലെ കോബ തീർത്ഥിൽ പ്രധാനമന്ത്രി സാമ്രാട്ട് സമ്പ്രതി മ്യൂസിയം ഉദ്ഘാടനം ചെയ്യും.  അശോക മഹാചക്രവർത്തിയുടെ പേരക്കുട്ടിയും, അഹിംസയോടുള്ള പ്രതിബദ്ധതയിലും  ജൈനമത പ്രചാരണത്തിലും ശ്രദ്ധാലുവും,ജൈന പാരമ്പര്യത്തിലെ ആദരണീയ വ്യക്തിത്വവുമായ സാമ്രാട്ട് സമ്പ്രതിയുടെ പേരാണ് മ്യൂസിയത്തിന് നൽകിയിരിക്കുന്നത്. ജൈനമതത്തിന്റെ സമ്പന്നവും  ചരിത്രപരവും സാംസ്കാരികവും ആത്മീയവുമായ പൈതൃകം ഈ മ്യൂസിയം വിളിച്ചോതുന്നു.

മഹാവീർ ജൈന ആരാധനാ കേന്ദ്രം കാമ്പസിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയത്തിൽ ഭാരതത്തിന്റെ നാഗരിക പാരമ്പര്യത്തിന്റെ വിവിധ വശങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ഏഴ് പ്രത്യേക വിഭാഗങ്ങളുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള അറിവുകളിലൂടെയും പൈതൃകത്തിലൂടെയും സന്ദർശകർക്ക് സമഗ്രമായ ഒരു യാത്രാനുഭവം ഇത് വാഗ്ദാനം ചെയ്യുന്നു. പരമ്പരാഗത പ്രദർശന വസ്തുക്കളെ ആധുനിക ഡിജിറ്റൽ, ഓഡിയോ-വിഷ്വൽ സംവിധാനങ്ങളുമായി സംയോജിപ്പിച്ചിരിക്കുന്നതിനാൽ സന്ദർശകർക്കും ഗവേഷകർക്കും പണ്ഡിതന്മാർക്കും ഇതൊരു വേറിട്ട അനുഭവമായിരിക്കും.

നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ്വ തിരുശേഷിപ്പുകൾ, ജൈന പുരാവസ്തുക്കൾ, പരമ്പരാഗത പൈതൃക ശേഖരങ്ങൾ എന്നിവ മ്യൂസിയം സംരക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നു.കല്ലിലും ലോഹത്തിലും തീർത്ത അതിമനോഹരമായ വിഗ്രഹങ്ങൾ, വലിയ തീർത്ഥ പട്ടങ്ങളും യന്ത്ര പട്ടങ്ങളും ,മിനിയേച്ചർ പെയിന്റിംഗുകൾ, വെള്ളി രഥങ്ങൾ, നാണയങ്ങൾ, പുരാതന കൈയെഴുത്തുപ്രതികൾ എന്നിവ ഏഴ് ഗംഭീര ഗാലറികളിലായി സജ്ജീകരിച്ചിരിക്കുന്നു. വിശാലമായ ഹാളുകളിലായി ക്രമീകരിച്ചിരിക്കുന്ന രണ്ടായിരത്തിലധികം അപൂർവ്വ നിധികളിലൂടെ, ജൈനമതത്തിന്റെ പരിണാമത്തെക്കുറിച്ചും അതിന്റെ ആഴത്തിലുള്ള സാംസ്കാരിക സ്വാധീനത്തെക്കുറിച്ചും കാലാനുസൃതമായ അറിവ് നേടാൻ സന്ദർശകർക്ക് സാധിക്കും.

പ്രധാനമന്ത്രി സാനന്ദിൽ

അഹമ്മദാബാദിലെ സാനന്ദ് ജി.ഐ.ഡി.സി-യിൽ (GIDC) കെയ്‌ൻസ് സെമികോൺ പ്ലാന്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ കേന്ദ്രത്തിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിക്കുന്നത് ഇന്ത്യയുടെ സെമികണ്ടക്ടർ മേഖലയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലായി മാറും.

വാഹനങ്ങളിലും വ്യവസായ മേഖലകളിലും കാര്യക്ഷമവും വിശ്വസനീയവുമായ പവർ സ്വിച്ചിംഗ് സംവിധാനങ്ങൾക്കായി ഉപയോഗിക്കുന്ന അത്യാധുനിക ഇന്റലിജന്റ് പവർ മോഡ്യൂളുകളുടെ (IPMs) നിർമ്മാണത്തോടെയാകും ഇവിടെ ഉൽപ്പാദനം ആരംഭിക്കുക. 17 ചിപ്പുകൾ അടങ്ങുന്ന ഓരോ മോഡ്യൂളും കാലിഫോർണിയ ആസ്ഥാനമായുള്ള 'ആൽഫ ആൻഡ് ഒമേഗ സെമികണ്ടക്ടർ' (AOS) എന്ന കമ്പനിക്കാണ് നൽകുന്നത്. പ്ലാന്റിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തിയാകുമ്പോൾ പ്രതിദിനം 6.33 ദശലക്ഷം യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കാനുള്ള ശേഷി ഇതിനുണ്ടാകും.

ഇന്ത്യ സെമികണ്ടക്ടർ മിഷന്റെ (ISM) കീഴിലുള്ള ഒരു പ്രധാന ചുവടുവെപ്പാണ് കെയ്‌ൻസ് സെമികോൺ പ്ലാന്റിന്റെ ഉദ്ഘാടനം. ഈ പദ്ധതിക്ക് കീഴിൽ അംഗീകാരം ലഭിച്ചവയിൽ, മൈക്രോൺ ടെക്നോളജിക്ക് ശേഷം വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിക്കുന്ന രണ്ടാമത്തെ സെമികണ്ടക്ടർ യൂണിറ്റാണിത്.

ഉൽപ്പാദന ഘട്ടത്തിലേക്ക് കടക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ OSAT/ATMP (ഔട്ട്‌സോഴ്സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് / അസംബ്ലി, ടെസ്റ്റിംഗ്, മാർക്കിംഗ്, ആൻഡ് പാക്കിംഗ്) യൂണിറ്റ് എന്ന നിലയിൽ ഈ പദ്ധതിക്ക് വലിയ പ്രാധാന്യമുണ്ട്. കൂടാതെ, ഒരു ഇന്ത്യൻ വംശജമായ ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് സർവീസസ് (EMS) കമ്പനി സെമികണ്ടക്ടർ നിർമ്മാണ മേഖലയിലേക്ക് പ്രവേശിക്കുന്നു എന്നതും ആഭ്യന്തര ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.

തദ്ദേശീയമായ സെമികണ്ടക്ടർ പാക്കേജിംഗ് ശേഷി കെട്ടിപ്പടുക്കുന്നതിനും, ഇന്ത്യയുടെ ചിപ്പ് ആവാസവ്യവസ്ഥയിലെ നിർണ്ണായക വിടവ് നികത്തുന്നതിനും, ഹൈ-ടെക്നോളജി നിർമ്മാണ മേഖലയിൽ സ്വയംപര്യാപ്തത എന്ന കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനും ഈ പ്ലാന്റ് വലിയ സംഭാവന നൽകും.

പ്രധാനമന്ത്രി വാവ്-തരാദിൽ

വാവ്-തരാദിൽ 20,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കലും പ്രധാനമന്ത്രി നിർവ്വഹിക്കും. ഊർജ്ജം, റെയിൽവേ, റോഡ് ഗതാഗതം, ദേശീയപാതകൾ, ആരോഗ്യം, നഗരവികസനം, ഗോത്രവർഗ്ഗ വികസനം, ഗ്രാമവികസനം തുടങ്ങിയ നിർണ്ണായക മേഖലകളിലുടനീളമുള്ളതാണ് ഈ പദ്ധതികൾ.

5,100 കോടിയിലധികം രൂപ ചെലവിൽ നിർമ്മിച്ച അഹമ്മദാബാദ്-ധോലേര എക്സ്പ്രസ് വേ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ അതിവേഗ പാത പ്രാദേശിക സമ്പർക്കം വർദ്ധിപ്പിക്കുകയും ധോലേര സ്പെഷ്യൽ ഇൻവെസ്റ്റ്‌മെന്റ് റീജിയണിലെ (DSIR) വ്യാവസായിക വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും കരുത്തേകുകയും ചെയ്യും.

വശങ്ങളിൽ ടാറിട്ട പാതകളോടുകൂടിയ ഇദാർ-ബഡോളി ബൈപാസ് സെക്ഷന്റെ (4-വരി പാത) നിർമ്മാണത്തിന് അദ്ദേഹം തറക്കല്ലിടും. കൂടാതെ, NH-754K-യുടെ ധോളാവിര-മൗവാന-വൗവ-സാന്തൽപൂർ സെക്ഷൻ (പാക്കേജ്-II) രണ്ട് വരി പാതയായി നവീകരിക്കുന്നതിനും തറക്കല്ലിടും. ധോളാവിര പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാക്കാനും ലോജിസ്റ്റിക്സ് കാര്യക്ഷമത വർദ്ധിപ്പിക്കാനും ഈ പദ്ധതികൾ സഹായിക്കും.

ഗാന്ധിനഗർ-കോബ-എയർപോർട്ട് റോഡിലെ ഭായ്ജിപുര ജംഗ്ഷനിലെ ഫ്ലൈഓവർ ഉൾപ്പെടെയുള്ള പ്രധാന റോഡ് അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ഇത് ഗതാഗതക്കുരുക്ക് കുറയ്ക്കുകയും പാലത്തിനടിയിൽ പാർക്കിംഗ് സൗകര്യം ഉറപ്പാക്കുകയും ചെയ്യും.ഗാന്ധിനഗർ-കോബ-ആരോദ്രം റോഡിലെ പിഡിപിയു ജംഗ്ഷനിലെ ഫ്ലൈഓവർ പാലവും  പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഗാന്ധിനഗറിനെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റോഡിലൂടെ പ്രതിദിനം 140,000-ത്തിലധികം വാഹനങ്ങൾ സഞ്ചരിക്കുന്നു. അഹമ്മദാബാദിനും ഗാന്ധിനഗറിനും ഇടയിൽ സിഎച്ച്-0 ജംഗ്ഷനിൽ നിന്ന് വിമാനത്താവളത്തിലേക്ക് സുഗമവും തടസ്സമില്ലാത്തതുമായ ഗതാഗതം ഫ്ലൈഓവർ ഉറപ്പാക്കും.

 4.5 ജിഗാവാട്ട് (GW) പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജം കൈമാറുന്നതിനായി ഏകദേശം 3,650 കോടി രൂപ ചെലവിൽ നിർമ്മിച്ച ഖാവ്ദ പൂളിംഗ് സ്റ്റേഷൻ-2 ഉം അനുബന്ധ ട്രാൻസ്മിഷൻ സംവിധാനങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ പദ്ധതികൾ പുനരുപയോഗ ഊർജ്ജ സംയോജനവും വിതരണ ശേഷിയും ശക്തിപ്പെടുത്തും.

രാജ്കോട്ട്-കനാലസ് ഇരട്ടിപ്പിക്കൽ പദ്ധതിയുടെ ഭാഗമായ കനാലസ്-ജാംനഗർ പാത (28 കി.മീ), ഗാന്ധിധാം-ആദിപൂർ പാതയുടെ നാലിരട്ടിപ്പിക്കൽ (10.69 കി.മീ) എന്നിവ അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിക്കും. കൂടാതെ, ഹിമ്മത്‌നഗർ-ഖേഡ്‌ബ്രഹ്മ ഗേജ് മാറ്റം (54.83 കി.മീ) ഉദ്ഘാടനം ചെയ്യുകയും ഖേഡ്‌ബ്രഹ്മ-ഹിമ്മത്‌നഗർ-അസർവ ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യും.ഈ പദ്ധതികൾ റെയിൽ ശേഷി വർദ്ധിപ്പിക്കുകയും തിരക്ക് കുറയ്ക്കുകയും പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുകയും യാത്രക്കാരുടെയും ചരക്കുകളുടെയും വേഗത്തിലുള്ള ഗതാഗതം സാധ്യമാക്കുകയും ചെയ്യും.

ഗുജറാത്തിലുടനീളം ഏകദേശം 5,300 കോടി രൂപയുടെ 44 നഗരവികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവ്വഹിക്കും. അഹമ്മദാബാദിലെ അസർവ സിവിൽ ഹോസ്പിറ്റലിൽ 858 ബെഡുകളുള്ള റൈൻ ബസേര (Rain Basera), ഗാന്ധിനഗർ സിവിൽ ഹോസ്പിറ്റലിലെ സമാനമായ സൗകര്യം എന്നിവയുൾപ്പെടെ വിവിധ ആരോഗ്യ പദ്ധതികളും ഉദ്ഘാടനം ചെയ്യും.

പഠാനിലെ റാണി കി വാവിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ, വഡ്‌നഗറിലെ ശർമിഷ്ഠ തടാകത്തിലെ വാട്ടർ സ്ക്രീൻ പ്രൊജക്ഷൻ ഷോ എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ബനസ്കന്തയിലെ ബാലറാം മഹാദേവ്, വിശ്വേശ്വർ മഹാദേവ് എന്നിവിടങ്ങളിലെ ടൂറിസം വികസന പ്രവർത്തനങ്ങൾക്ക് അദ്ദേഹം തറക്കല്ലിടും.

ബനസ്കന്തയിലെ കസാര-ദന്തിവാഡ പൈപ്പ്‌ലൈൻ, പഠാൻ-ബനസ്കന്ത മേഖലയിലെ ദിന്ദ്രോൾ-മുക്തേശ്വർ പൈപ്പ്‌ലൈൻ എന്നിങ്ങനെ 1,780 കോടി രൂപയുടെ രണ്ട് പ്രധാന ജലപദ്ധതികൾ അദ്ദേഹം രാഷ്ട്രത്തിന്  സമർപ്പിക്കും.അംബാജിയിലും പരിസര ഗ്രാമപ്രദേശങ്ങളിലുമുള്ള ജലവിതരണ പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ബനസ്‌കന്ത ജില്ലയിലെ ദന്ത, അമീർഗഡ് താലൂക്കുകളിലെ ഏകദേശം 1.5 ലക്ഷം ആളുകൾക്ക് ഇത് പ്രയോജനപ്പെടുന്ന തരത്തിൽ 34 ഗ്രാമങ്ങളിലും അംബാജി പട്ടണത്തിലും കുടിവെള്ളം നൽകും. ഏകദേശം 1000 കോടി രൂപയുടെ സംയുക്ത നിക്ഷേപത്തോടെ,ഗാന്ധിനഗർ ജില്ലയിലെ മൂന്ന് സബർമതി നദീതീര വിപുലീകരണ പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിടും.

അഹമ്മദാബാദിലെ വേജൽപൂരിൽ ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്കായുള്ള ഗവൺമെന്റ് ബോയ്‌സ് ഹോസ്റ്റൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് വലിയ സഹായമാകും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Odisha’s Dhenkanal farmers export 3 tonne of mango to London

Media Coverage

Odisha’s Dhenkanal farmers export 3 tonne of mango to London
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 14
May 14, 2026

Kisan Kalyan to Viksit Bharat: PM Modi Delivers Jobs, Markets & Dignity Across Rural and Industrial India