സിവാനിൽ ജലം, റെയിൽ, വൈദ്യുതി മേഖല ഉൾപ്പെടെ നിരവധി വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും
റിപ്പബ്ലിക് ഓഫ് ​ഗിനിയയിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി മാർഹോവ്ര പ്ലാന്റിൽ നിർമ്മിച്ച അത്യാധുനിക ലോക്കോമോട്ടീവ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
ഒഡീഷ സംസ്ഥാന ​ഗവൺമെന്റ് ഒരു വർഷം പൂർത്തിയാക്കുന്ന സംസ്ഥാനതല ചടങ്ങിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും
ഭുവനേശ്വറിൽ 18,600 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും
വിശാഖപട്ടണത്ത് 11-ാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകും
അന്താരാഷ്ട്ര യോ​ഗ ദിനം 2025 ലെ "ഏക ഭൂമി, ഏക ആരോഗ്യത്തിന് യോഗ" എന്ന വിഷയം വ്യക്തിക്കും ഭൂമിക്കും ഇടയിലുള്ള ഐക്യത്തെ എടുത്തു കാട്ടുന്നു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജൂൺ 20 മുതൽ 21 വരെ ബിഹാർ, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. ജൂൺ 20 ന് അദ്ദേഹം ബിഹാറിലെ സിവാൻ സന്ദർശിക്കുകയും ഉച്ചയ്ക്ക് 12 മണിയോടെ ഒന്നിലധികം വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും.

തുടർന്ന്, അദ്ദേഹം ഒഡീഷയിലെ ഭുവനേശ്വർ സന്ദർശിക്കുകയും ഒഡീഷ സംസ്ഥാന ​ഗവൺമെന്റ് ഒരു വർഷം പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന സംസ്ഥാനതല ചടങ്ങിൽ വൈകുന്നേരം 4:15 ന് അധ്യക്ഷത വഹിക്കുകയും ചെയ്യും. 18,600 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കുകയും ചടങ്ങിൽ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

ജൂൺ 21 ന് രാവിലെ 6:30 ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിന- യോഗ പ്രദർശനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.

പ്രധാനമന്ത്രി ബിഹാറിൽ

ബിഹാറിലെ അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹിക-സാമ്പത്തിക വികസനത്തിനും ഒരു പ്രധാന ഉത്തേജനമായി, പ്രധാനമന്ത്രി സിവാനിൽ ഒന്നിലധികം വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. 

മേഖലയിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി, 400 കോടിയിലധികം രൂപയുടെ പുതിയ വൈശാലി-ഡിയോറിയ റെയിൽവേ ലൈൻ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, കൂടാതെ ഈ റൂട്ടിൽ ഒരു പുതിയ ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. കൂടാതെ, വടക്കൻ ബിഹാറിലെ കണക്റ്റിവിറ്റിക്ക് വലിയ പ്രോത്സാഹനമായി, മുസാഫർപൂർ, ബെട്ടിയ വഴി പാട്ലിപുത്രയ്ക്കും ഗോരഖ്പൂരിനും ഇടയിലുള്ള വന്ദേ ഭാരത് എക്‌സ്പ്രസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.

"മെയ്ക്ക് ഇൻ ഇന്ത്യ - മേക്ക് ഫോർ ദി വേൾഡ്" എന്ന ദർശനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി, റിപ്പബ്ലിക് ഓഫ് ഗിനിയയിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി മാർഹോവ്ര പ്ലാന്റിൽ നിർമ്മിച്ച അത്യാധുനിക ലോക്കോമോട്ടീവും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ഈ ഫാക്ടറിയിൽ നിർമ്മിക്കുന്ന ആദ്യത്തെ കയറ്റുമതി ലോക്കോമോട്ടീവാണിത്. ഉയർന്ന കുതിരശക്തിയുള്ള എഞ്ചിനുകൾ, നൂതന എസി പ്രൊപ്പൽഷൻ സിസ്റ്റം, മൈക്രോപ്രൊസസർ അധിഷ്ഠിത നിയന്ത്രണ സംവിധാനങ്ങൾ, എർഗണോമിക് ക്യാബ് ഡിസൈനുകൾ, റീജനറേറ്റീവ് ബ്രേക്കിംഗ് പോലുള്ള സാങ്കേതികവിദ്യകൾ എന്നിവ അവയിൽ സജ്ജീകരിച്ചിരിക്കുന്നു.

ഗംഗാ നദിയുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനുമുള്ള തന്റെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, മേഖലയിലെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 1800 കോടിയിലധികം രൂപയുടെ നമാമി ഗംഗാ പദ്ധതിക്ക് കീഴിലുള്ള ആറ് മലിനജല സംസ്കരണ പ്ലാന്റുകൾ (എസ്ടിപി) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ബിഹാറിലെ വിവിധ പട്ടണങ്ങളിൽ ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 3000 കോടിയിലധികം രൂപയുടെ ജലവിതരണം, ശുചിത്വം, എസ്.ടി.പി.കൾ എന്നിവയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും.

മേഖലയിലെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിൽ വലിയ പുരോഗതി കൈവരിക്കുന്നതിനായി, ബിഹാറിൽ 500 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബി.ഇ.എസ്.എസ്)  പ്രധാനമന്ത്രി തറക്കല്ലിടും. മുസാഫർപൂർ, മോത്തിഹാരി, ബെട്ടിയ, സിവാൻ എന്നിവയുൾപ്പെടെ സംസ്ഥാനത്തെ 15 ഗ്രിഡ് സബ്‌സ്റ്റേഷനുകളിൽ സ്റ്റാൻഡ്‌ എലോൺ ബി.ഇ.എസ്.എസ് സ്ഥാപിക്കുന്നുണ്ട്. ഓരോ സബ്‌സ്റ്റേഷനിലും സ്ഥാപിക്കുന്ന ബാറ്ററിയുടെ ശേഷി 20 മുതൽ 80 മെഗാവാട്ട് വരെയാണ്. ഉപഭോക്താക്കൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന തരത്തിൽ ഇതിനകം സംഭരിച്ചിരിക്കുന്ന വൈദ്യുതി ഗ്രിഡിലേക്ക് തിരികെ നൽകുന്നതിലൂടെ, വിതരണ കമ്പനികൾ വിലകൂടിയ നിരക്കിൽ വൈദ്യുതി വാങ്ങുന്നതിൽ നിന്ന് രക്ഷ നേടാനാകും.

ബിഹാറിലെ പി.എം.എ.വൈ.യു.വിന്റെ 53,600-ലധികം ഗുണഭോക്താക്കൾക്ക് ആദ്യ ഗഡു പ്രധാനമന്ത്രി വിതരണം ചെയ്യും. പിഎംഎവൈ യു വഴി പൂർത്തിയാക്കിയ 6,600-ലധികം വീടുകളുടെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം ഏതാനും ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറും.

 പ്രധാനമന്ത്രി ഒഡീഷയിൽ

ഒഡീഷ ​ഗവൺമെന്റ് ഒരു വർഷം പൂർത്തിയാക്കിയതിന്റെ സ്മരണയ്ക്കായി ഭുവനേശ്വറിൽ നടക്കുന്ന സംസ്ഥാനതല ചടങ്ങിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും.

ഒഡീഷയുടെ സമഗ്ര വികസനത്തിനായുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായി, 18,600 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. കുടിവെള്ളം, ജലസേചനം, കാർഷിക അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ, ഗ്രാമീണ റോഡുകളും പാലങ്ങളും, ദേശീയ പാതകളുടെ ഭാഗങ്ങൾ, ഒരു പുതിയ റെയിൽവേ ലൈൻ എന്നിവയുൾപ്പെടെ നിർണായക മേഖലകൾ ഉൾക്കൊളളുന്നതാണ് ഈ പദ്ധതികൾ. 

ദേശീയ റെയിൽവേ ശൃംഖലയുമായി ജില്ലയുടെ സംയോജനത്തിന്റെ ചരിത്ര നിമിഷം അടയാളപ്പെടുത്തിക്കൊണ്ട്, ബൗധ് ജില്ലയിലേക്ക് റെയിൽ കണക്റ്റിവിറ്റി വ്യാപിപ്പിക്കുന്ന പുതിയ ട്രെയിൻ സർവീസുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.

ശുദ്ധമായ ഊർജ്ജത്തിനും സുസ്ഥിര ഗതാഗതത്തിനും ഒരു പ്രധാന ഉത്തേജനമായി, ആധുനികവും പരിസ്ഥിതി സൗഹൃദവുമായ നഗര മൊബിലിറ്റി ശൃംഖലയെ പിന്തുണയ്ക്കുന്ന ക്യാപിറ്റൽ റീജിയൻ അർബൻ ട്രാൻസ്പോർട്ട് (CRUT) സംവിധാനത്തിന് കീഴിൽ 100 ​​ഇലക്ട്രിക് ബസുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.

പ്രധാനമന്ത്രി ഒഡീഷ ദർശന രേഖ പുറത്തിറക്കും. ഇന്ത്യയുടെ ആദ്യത്തെ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനമായി ഒഡീഷ മാറിയതിന്റെ 100 വർഷം പൂർത്തിയാക്കുന്ന 2036, ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുന്ന 2047 എന്നീ നാഴികക്കല്ലുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ ദർശനത്തിലൂടെ, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കായി അഭിലഷണീയവും ഭാവിയിൽ ഉപയോഗിക്കാൻ കഴിയുന്നതുമായ ഒരു രൂപരേഖ തയ്യാറാക്കും.

പ്രമുഖ ഒഡിയക്കാരുടെ സംഭാവനകൾക്കുള്ള ആദരസൂചകമായി, പ്രധാനമന്ത്രി 'ബാരപുത്ര ഐതിഹ്യ ഗ്രാം യോജന' സംരംഭത്തിന് തുടക്കം കുറിക്കും. സാംസ്കാരിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഒഡീഷയുടെ പൈതൃകത്തെ ആദരിക്കുന്ന മ്യൂസിയങ്ങൾ, വ്യാഖ്യാന കേന്ദ്രങ്ങൾ, പ്രതിമകൾ, ലൈബ്രറികൾ, പൊതു ഇടങ്ങൾ എന്നിവയിലൂടെ അവരുടെ ജന്മസ്ഥലങ്ങളെ ജീവനുള്ള സ്മാരകങ്ങളാക്കി മാറ്റുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

സംസ്ഥാനത്തെ സമൃദ്ധിയുടെയും സ്വാശ്രയത്വത്തിന്റെയും പ്രതീകങ്ങളായി 16.50 ലക്ഷത്തിലധികം ലാഖ്പതി ദീദിമാരെ ആഘോഷിക്കുന്ന പ്രധാനമന്ത്രി, സംസ്ഥാനത്തെ നേട്ടം കൈവരിച്ച വനിതകളെ ആദരിക്കും.

പ്രധാനമന്ത്രി ആന്ധ്രാപ്രദേശിൽ

11-ാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് (IDY) വിശാഖപട്ടണത്ത് നിന്ന് ദേശീയ ആഘോഷത്തിന് പ്രധാനമന്ത്രി നേതൃത്വം നൽകും. വിശാഖപട്ടണത്തിന്റെ കടൽത്തീരത്ത് നടക്കുന്ന കോമൺ യോഗ പ്രോട്ടോക്കോൾ (സി‌വൈ‌പി) സെഷനിൽ ഏകദേശം 5 ലക്ഷം പേർ പങ്കെടുക്കും, അതോടൊപ്പം യോജിച്ച യോഗ പ്രകടനത്തിൽ രാജ്യത്തെ നയിക്കുകയും ചെയ്യും. ഇന്ത്യയിലുടനീളമുള്ള 3.5 ലക്ഷത്തിലധികം സ്ഥലങ്ങളിൽ യോഗ സംഗമ പരിപാടികൾ ഒരേസമയം നടക്കും. ഈ വർഷം, മൈഗവ് (MyGov), മൈഭാരത് (MyBharat) തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ കുടുംബത്തോടൊപ്പം യോഗ, യോഗ അൺപ്ലഗ്ഡ് എന്ന പേരിൽ യുവാക്കൾ കേന്ദ്രീകരിച്ചുള്ള സംരംഭങ്ങൾ തുടങ്ങിയ പ്രത്യേക മത്സരങ്ങൾ ആരംഭിച്ചിട്ടുണ്ട്, ഇത് ബഹുജന പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നു.

ഈ വർഷത്തെ "ഏക ഭൂമി, ഏക ആരോഗ്യത്തിന് യോഗ" എന്ന വിഷയം മനുഷ്യന്റെയും ഭൂമിയുടെയും ആരോഗ്യത്തിന്റെ പരസ്പരബന്ധിതത്വത്തെ എടുത്തുകാണിക്കുകയും ഇന്ത്യയുടെ "സർവേ സന്തു നിരാമയ" (എല്ലാവരും രോഗങ്ങളിൽ നിന്ന് മുക്തരാകട്ടെ) എന്ന തത്ത്വചിന്തയിൽ വേരൂന്നിയ കൂട്ടായ ക്ഷേമത്തിന്റെ ആഗോള ദർശനത്തെ പ്രതിധ്വനിപ്പിക്കുകയും ചെയ്യുന്നു. ജൂൺ 21 ന് അന്താരാഷ്ട്ര യോ​ഗ ദിനമായി ആചരിക്കാനുള്ള ഇന്ത്യയുടെ നിർദ്ദേശം ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി (യു‌എൻ‌ജി‌എ) അംഗീകരിച്ച 2015 ൽ ആരംഭിച്ചതുമുതൽ, പ്രധാനമന്ത്രി ന്യൂഡൽഹി, ചണ്ഡീഗഡ്, ലഖ്‌നൗ, മൈസൂരു, ന്യൂയോർക്ക് (യു‌എൻ ആസ്ഥാനം), ശ്രീനഗർ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിന്ന് ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. ഐ‌ഡി‌വൈ അതിനുശേഷം ശക്തമായ ഒരു ആഗോള ആരോഗ്യ പ്രസ്ഥാനമായി പരിണമിച്ചു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Khichdi To Moringa Paratha: 7 Traditional Foods PM Modi Loves

Media Coverage

Khichdi To Moringa Paratha: 7 Traditional Foods PM Modi Loves
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 26
August 26, 2026

Accountability Meets Ambition: Record Low NPAs, Record Defence Output, Record Digital Adoption Under the Leadership of PM Modi