ജൂൺ 28 ന് രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ആചാര്യ വിദ്യാനന്ദ് ജി മഹാരാജിന്റെ ശതാബ്ദി ആഘോഷങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചടങ്ങിനെ അദ്ദേഹം അഭിസംബോധന ചെയ്യും.
ജൈനമതത്തിലെ ആധ്യാത്മിക നേതാവും സാമൂഹിക പരിഷ്കർത്താവുമായ ആചാര്യ വിദ്യാനന്ദ് ജി മഹാരാജിന്റെ 100-ാം ജന്മവാർഷിക ത്തോടനുബന്ധിച്ച് ഭഗവാൻ മഹാവീർ അഹിംസ ഭാരതി ട്രസ്റ്റുമായി സഹകരിച്ച് ഇന്ത്യാ ഗവൺമെന്റ് സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ദേശീയ ആദരത്തിന് ഔപചാരികമായ തുടക്കം കുറിക്കുന്നതാണ് ഈ പരിപാടി. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ രാജ്യത്തുടനീളം അദ്ദേഹത്തിന്റെ ജീവിതവും പൈതൃകവും ആഘോഷിക്കുന്നതിനും അദ്ദേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സാംസ്കാരിക,സാഹിത്യ, വിദ്യാഭ്യാസ, ആത്മീയ സംരംഭങ്ങൾ ഉൾപ്പെടുന്നതാണ് പരിപാടികൾ.
ജൈന തത്ത്വചിന്തയിലും ധാർമ്മികതയിലും 50-ലധികം കൃതികൾ ആചാര്യ വിദ്യാനന്ദ് ജി മഹാരാജ് രചിച്ചു. ഇന്ത്യയിലുടനീളമുള്ള പുരാതന ജൈന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിലും പുനരുജ്ജീവനത്തിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്, കൂടാതെ പ്രാകൃതം, ജൈന തത്ത്വചിന്ത, ശ്രേഷ്ഠ ഭാഷകൾ എന്നിവയിലെ വിദ്യാഭ്യാസത്തിനായി പ്രവർത്തിച്ചു.


