ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ലോക്‌സഭയിൽ ഇന്ന് നടന്ന പ്രത്യേക ചർച്ചയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഈ സുപ്രധാന അവസരത്തിൽ കൂട്ടായ ചർച്ചയുടെ പാത തിരഞ്ഞെടുത്തതിന് സഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങൾക്കും പ്രധാനമന്ത്രി ഹൃദയംഗമമായ നന്ദി അറിയിച്ചു. ത്യാഗത്തിന്റെയും തപസ്സിന്റെയും പാത കാണിച്ചുതന്ന, രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഊർജ്ജം പകരുകയും പ്രചോദനം നൽകുകയും ചെയ്ത വന്ദേമാതരം എന്ന മന്ത്രവും കാഹളനാദവും ഇന്ന് ഓർമ്മിക്കപ്പെടുന്നുവെന്നും സഭയിലുള്ള എല്ലാവർക്കും ഇത് ഒരു വലിയ ബഹുമതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ ചരിത്രപരമായ അവസരത്തിന് രാഷ്ട്രം സാക്ഷ്യം വഹിക്കുന്നത് അഭിമാനകരമായ കാര്യമാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഈ കാലഘട്ടം ചരിത്രത്തിലെ എണ്ണമറ്റ സംഭവങ്ങൾ നമ്മുടെ മുന്നിൽ കൊണ്ടുവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ചർച്ച സഭയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുക മാത്രമല്ല, എല്ലാവരും കൂട്ടായി ,നന്നായി ഉപയോഗിച്ചാൽ ഭാവി തലമുറകൾക്ക് വിദ്യാഭ്യാസത്തിന്റെ ഉറവിടമായി ഇത് വർത്തിക്കുമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
ചരിത്രത്തിലെ നിരവധി പ്രചോദനാത്മകമായ അധ്യായങ്ങൾ വീണ്ടും നമ്മുടെ മുന്നിൽ വെളിപെടുന്ന ഒരു കാലഘട്ടമാണിതെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ 75-ാം വാർഷികം രാജ്യം അഭിമാനത്തോടെ ആഘോഷിച്ചുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. സർദാർ വല്ലഭായ് പട്ടേലിന്റെയും ഭഗവാൻ ബിർസ മുണ്ടയുടെയും 150-ാം ജന്മവാർഷികവും രാജ്യം ആഘോഷിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്തിടെയാണ് ഗുരു തേജ് ബഹാദൂർ ജിയുടെ 350-ാം രക്തസാക്ഷിത്വ ദിനം രാജ്യം ആചരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച്, സഭ അതിന്റെ കൂട്ടായ ഊർജ്ജം അനുഭവിക്കാൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വന്ദേമാതരത്തിന്റെ 150-ാം വാർഷിക യാത്ര നിരവധി നാഴികക്കല്ലുകളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വന്ദേമാതരത്തിന് 50 വർഷം തികഞ്ഞപ്പോൾ , രാജ്യം കൊളോണിയൽ ഭരണത്തിൻ കീഴിൽ ജീവിക്കാൻ നിർബന്ധിതമായി എന്ന് അനുസ്മരിച്ച ശ്രീ മോദി, 100 വർഷം തികഞ്ഞപ്പോൾ രാജ്യം അടിയന്തരാവസ്ഥയുടെ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരുന്നുവെന്ന് പറഞ്ഞു. വന്ദേമാതരത്തിന്റെ ശതാബ്ദി ആഘോഷ വേളയിൽ, ഇന്ത്യൻ ഭരണഘടന ഞെരുക്കപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വന്ദേമാതരത്തിന്റെ 100-ാം വാർഷികാഘോഷ വേളയിൽ, ദേശസ്‌നേഹത്തിനായി ജീവിക്കുകയും മരിക്കുകയും ചെയ്തവരെ ജയിലിൽ അടച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് ഊർജ്ജം നൽകിയ ഗീതം , 100 വർഷം പൂർത്തിയാക്കുമ്പോൾ, നിർഭാഗ്യവശാൽ ജനാധിപത്യം തന്നെ കടുത്ത സമ്മർദ്ദത്തിലായിരുന്ന നമ്മുടെ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായവുമായി പൊരുത്തപ്പെട്ടു എന്ന് പ്രധാനമന്ത്രി അടിവരയിട്ടു.
"വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ ആ മഹത്തായ അധ്യായവും മഹത്വവും പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു അവസരമാണ് നൽകുന്നത്, സഭയോ രാഷ്ട്രമോ ഈ അവസരം പാഴാക്കാൻ അനുവദിക്കരുത്", ശ്രീ മോദി ഊന്നിപ്പറഞ്ഞു. 1947-ൽ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത് വന്ദേമാതരമാണെന്നും സ്വാതന്ത്ര്യസമരത്തിന്റെ വൈകാരിക നേതൃത്വം അതിന്റെ ആഹ്വാനത്തിൽ ഉൾക്കൊണ്ടിരുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
150 വർഷത്തിനു ശേഷം വന്ദേമാതരത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് തുടക്കം കുറിക്കാൻ താൻ എഴുന്നേറ്റപ്പോൾ, ഭരണ-പ്രതിപക്ഷ വിഭജനം ഉണ്ടായിരുന്നില്ല, കാരണം സഭയിൽ സന്നിഹിതരായ എല്ലാവർക്കും വന്ദേമാതരത്തോടുള്ള കടപ്പാട് അംഗീകരിക്കാനുള്ള ഒരു അവസരമായിരുന്നു ഇതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലക്ഷ്യബോധമുള്ള നേതാക്കളെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ പ്രചോദിപ്പിക്കുകയും ഇന്ന് എല്ലാവർക്കും സഭയിൽ ഇരിക്കാൻ സ്വാതന്ത്ര്യം ലഭ്യമാക്കുകയും ചെയ്ത വന്ദേമാതരത്തോടുള്ള കടപ്പാട് അംഗീകരിക്കാനുള്ള ഒരു അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പാർലമെന്റ് അംഗങ്ങൾക്കും പ്രതിനിധികൾക്കും, ആ കടമ സ്വീകരിക്കാനുള്ള ഒരു പുണ്യ സന്ദർഭമാണിതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ പ്രചോദനത്തിൽ നിന്ന്, വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് പ്രദേശങ്ങൾ ഉൾകൊള്ളുന്ന മുഴുവൻ രാഷ്ട്രത്തേയും ഒരേ സ്വരത്തിൽ ഒന്നിപ്പിച്ചുകൊണ്ട് സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ പങ്കെടുത്ത വന്ദേമാതരത്തിന്റെ ആത്മാവ് വീണ്ടും നമ്മെ നയിക്കണമെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികൾ വിഭാവനം ചെയ്ത സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന്, 150-ാം വയസ്സിൽ വന്ദേമാതരത്തെ പ്രചോദനത്തിന്റെയും ഊർജ്ജത്തിന്റെയും ഉറവിടമാക്കി മാറ്റാൻ അദ്ദേഹം എല്ലാവരോടും ആഹ്വാനം ചെയ്തു. 2047-ഓടെ ഒരു സ്വാശ്രയ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനും വികസിത ഇന്ത്യ എന്ന ദർശനം കൈവരിക്കുന്നതിനുമുള്ള ദൃഢനിശ്ചയം വീണ്ടും ഉറപ്പിക്കാനുള്ള അവസരമാണിതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
1875-ൽ ബങ്കിം ചന്ദ്ര ജിയോടൊപ്പമാണ് വന്ദേമാതരത്തിന്റെ യാത്ര ആരംഭിച്ചതെന്ന് ശ്രീ മോദി പറഞ്ഞു. 1857-ലെ സ്വാതന്ത്ര്യസമരത്തിനുശേഷം, ബ്രിട്ടീഷ് സാമ്രാജ്യം അസ്വസ്ഥമായിരുന്ന സമയത്താണ് ഈ ഗീതം രചിക്കപ്പെട്ടതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയ്ക്കുമേൽ വിവിധ സമ്മർദ്ദങ്ങളും അനീതികളും അടിച്ചേൽപ്പിക്കുകയും ജനങ്ങളെ കീഴ്പ്പെടുത്താൻ നിർബന്ധിക്കുകയും ചെയ്ത സമയത്താണ് ഈ ഗീതം രചിക്കപ്പെട്ടതെന്ന് അദ്ദേഹം അനുസ്മരിച്ചു . ആ കാലഘട്ടത്തിൽ, ബ്രിട്ടീഷുകാരുടെ ദേശീയഗാനമായ 'ഗോഡ് സേവ് ദി ക്വീൻ' ഇന്ത്യയിലെ എല്ലാ വീടുകളിലും വ്യാപിപ്പിക്കാൻ ഗൂഢാലോചന നടന്നിരുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അപ്പോഴാണ് ബങ്കിം *ദാ(സഹോദരൻ എന്നർത്ഥമുള്ള ബംഗാളി പ്രത്യയമാണ് "ദാ") ഒരു വെല്ലുവിളി ഉയർത്തിയത്, അത് കൂടുതൽ ശക്തിയോടെ പ്രതികരിച്ചുവെന്നും, ആ ധിക്കാരത്തിൽ നിന്നാണ് വന്ദേമാതരം പിറന്നതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കുറച്ച് വർഷങ്ങൾക്ക് ശേഷം, 1882-ൽ, ബങ്കിം ചന്ദ്ര 'ആനന്ദ് മഠം' എഴുതിയപ്പോൾ, ഈ ഗീതം കൃതിയിൽ ഉൾപ്പെടുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യയുടെ സിരകളിൽ ആഴത്തിൽ വേരൂന്നിയ ചിന്തയെ വന്ദേമാതരം പുനരുജ്ജീവിപ്പിച്ചുവെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, അതേ വികാരം, അതേ മൂല്യങ്ങൾ, അതേ സംസ്കാരം, അതേ പാരമ്പര്യം എന്നിവയാണ് വന്ദേമാതരം വഴി രാഷ്ട്രത്തിന് ഏറ്റവും മികച്ച വാക്കുകളിലും ഉദാത്തമായ ആത്മാവിലും സമ്മാനിച്ചതെന്ന് എടുത്തുപറഞ്ഞു. വന്ദേമാതരം കേവലം രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായുള്ള ഒരു മന്ത്രമോ ബ്രിട്ടീഷുകാരെ ഓടിച്ച് നമ്മുടേതായ പാത രൂപപ്പെടുത്തുന്നതിനെക്കുറിച്ചോ അല്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു; അത് അതിനപ്പുറത്തേക്ക് പോയി. സ്വാതന്ത്ര്യസമരം മാതൃരാജ്യത്തെ മോചിപ്പിക്കുന്നതിനും ഇന്ത്യാ മാതാവിനെ ചങ്ങലകളിൽ നിന്ന് മോചിപ്പിക്കുന്നതിനുമുള്ള ഒരു വിശുദ്ധ പോരാട്ടം കൂടിയാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. വന്ദേമാതരത്തിന്റെയും അതിന്റെ മൂല്യപ്രവാഹത്തിന്റെയും പശ്ചാത്തലം പരിശോധിക്കുമ്പോൾ, വേദ കാലഘട്ടത്തിലെ ആവർത്തിച്ചുള്ള ഒരു സത്യം നമുക്ക് കാണാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വന്ദേമാതരം എന്ന് പറയുമ്പോൾ, ഈ ഭൂമി എന്റെ അമ്മയാണെന്നും ഞാൻ ആ അമ്മയുടെ മകനാണെന്നും അർത്ഥമാക്കുന്ന വേദ പ്രഖ്യാപനത്തെ അത് ഓർമ്മിപ്പിക്കുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു.
"ജനനി ജന്മഭൂമിശ്ച സ്വര്‍ഗാദപി ഗരിയസി" എന്ന് പ്രഖ്യാപിച്ചുകൊണ്ട് ശ്രീരാമന്‍ ലങ്കയുടെ മഹത്വത്തെ തള്ളിക്കളഞ്ഞപ്പോൾ ഈ ചിന്ത തന്നെയാണ് പ്രതിധ്വനിച്ചതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വന്ദേമാതരം ഈ മഹത്തായ സാംസ്കാരിക പാരമ്പര്യത്തിന്റെ ആധുനിക രൂപമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
ബങ്കിം ദാ വന്ദേമാതരം രചിച്ചപ്പോള്‍, അത് സ്വാഭാവികമായും സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ശബ്ദമായി മാറിയെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. കിഴക്ക് നിന്ന് പടിഞ്ഞാറ് വരെയും, വടക്ക് നിന്ന് തെക്ക് വരെയും, വന്ദേമാതരം ഓരോ ഇന്ത്യക്കാരന്റെയും ദൃഢനിശ്ചയമായി മാറിയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ്, വന്ദേമാതരത്തിന്റെ 150-ാം വയസ്സിന് ആരംഭം കുറിച്ചപ്പോൾ , ആയിരക്കണക്കിന് വർഷത്തെ സാംസ്കാരിക ഊർജ്ജം ഉൾക്കൊള്ളുന്ന, സ്വാതന്ത്ര്യത്തിന്റെ ചൈതന്യം വഹിക്കുന്ന, സ്വതന്ത്ര ഇന്ത്യയുടെ ദർശനം ഉൾക്കൊള്ളുന്ന ഒരു കൃതി വന്ദേമാതരമാണെന്ന് പ്രസ്താവിച്ച കാര്യം ശ്രീ മോദി അനുസ്മരിച്ചു. ബ്രിട്ടീഷ് കാലഘട്ടത്തിൽ, ഇന്ത്യയെ ദുർബലവും, കഴിവുകെട്ടതും, അലസവും , നിഷ്ക്രിയവുമായി ചിത്രീകരിക്കുന്ന ഒരു ഫാഷൻ ഉയർന്നുവന്നിരുന്നുവെന്നും, കൊളോണിയൽ സ്വാധീനത്തിൽ വിദ്യാഭ്യാസം നേടിയവർ പോലും അതേ ഭാഷയിൽ പ്രതിധ്വനിച്ചിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വന്ദേമാതരത്തിലൂടെ ബങ്കിം ദാ ഈ അപകർഷതാബോധത്തെ ഇല്ലാതാക്കി ഇന്ത്യയുടെ ശക്തമായ രൂപം വെളിപ്പെടുത്തിയതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഭാരത മാതാവ് അറിവിന്റെയും സമൃദ്ധിയുടെയും ദേവതയാണെന്നും ശത്രുക്കൾക്കെതിരെ ആയുധം പ്രയോഗിക്കുന്ന ഉഗ്ര ചണ്ഡികയാണെന്നും ഊന്നിപ്പറയുന്ന വരികൾ ബങ്കിം ദാ രചിച്ചതായി അദ്ദേഹം അടിവരയിട്ടു.
അടിമത്തത്തിന്റെ നിരാശയിൽ ഇന്ത്യക്കാർക്ക് ധൈര്യം നൽകിയ വാക്കുകളും വികാരങ്ങളും പ്രചോദനങ്ങളും ഈ വരികൾ അടിവരയിട്ടു. ഈ വരികൾ ദശലക്ഷക്കണക്കിന് ജനങ്ങളെ, പോരാട്ടം ഒരു തുണ്ട് ഭൂമിക്കു വേണ്ടിയോ അധികാര സിംഹാസനം പിടിച്ചെടുക്കാൻ വേണ്ടിയോ അല്ലെന്നും, മറിച്ച് കൊളോണിയലിസത്തിന്റെ ചങ്ങലകൾ പൊട്ടിച്ച് ആയിരക്കണക്കിന് വർഷത്തെ മഹത്തായ പാരമ്പര്യങ്ങളെയും മഹത്തായ സംസ്കാരത്തെയും അഭിമാനകരമായ ചരിത്രത്തെയും പുനരുജ്ജീവിപ്പിക്കാനാണെന്നും മനസ്സിലാക്കാൻ സഹായിച്ചുവെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു.
വന്ദേമാതരവും ജനങ്ങളുമായുള്ള ആഴത്തിലുള്ള ബന്ധം നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ ഒരു നീണ്ട ചരിത്രമായി സ്വയം പ്രകടിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സിന്ധു, സരസ്വതി, കാവേരി, ഗോദാവരി, ഗംഗ, യമുന എന്നിങ്ങനെ ഒരു നദിയെക്കുറിച്ച് പരാമർശിക്കുമ്പോഴെല്ലാം അത് സംസ്കാരത്തിന്റെയും വികസനത്തിന്റെയും പ്രവാഹത്തെയും മനുഷ്യജീവിതത്തിന്റെ സ്വാധീനത്തെയും വഹിക്കുന്നുണ്ടെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. അതുപോലെ, സ്വാതന്ത്ര്യസമരത്തിന്റെ ഓരോ ഘട്ടവും വന്ദേമാതരത്തിന്റെ ആത്മാവിനൊപ്പം ഒഴുകിയെത്തി, അതിന്റെ തീരങ്ങൾ ആ വികാരത്തെ പരിപോഷിപ്പിച്ചു എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ മുഴുവൻ യാത്രയും വന്ദേമാതരത്തിന്റെ വികാരങ്ങളുമായി ഇഴചേർന്ന അത്തരമൊരു കാവ്യാത്മക ആവിഷ്കാരം ഒരുപക്ഷേ ലോകത്ത് മറ്റൊരിടത്തും കണ്ടെത്താൻ കഴിയില്ലെന്ന് പ്രധാനമന്ത്രി അടിവരയിട്ടു.
1857 ന് ശേഷം ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ കൂടുതൽ കാലം തുടരാൻ പ്രയാസമാണെന്ന് അവർ തിരിച്ചറിഞ്ഞിരുന്നുവെന്നും, അവർ മനസ്സിൽ കരുതിയതുപോലെ , ഇന്ത്യ വിഭജിക്കപ്പെട്ടില്ലെങ്കിൽ, ഇവിടത്തെ ജനങ്ങളെ പരസ്പരം പോരടിക്കാൻ പ്രേരിപ്പിച്ചില്ലെങ്കിൽ, ഇവിടെ ഭരിക്കുക അസാധ്യമാണെന്ന് അവർ കരുതിയിരുന്നുവെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. അക്കാലത്ത് ബംഗാളിന്റെ ബൗദ്ധിക ശക്തി രാഷ്ട്രത്തിന് ദിശാബോധവും ശക്തിയും പ്രചോദനവും നൽകിയെന്നും, ഇന്ത്യയുടെ കൂട്ടായ ശക്തിയുടെ കേന്ദ്രബിന്ദുവായി മാറിയെന്നും അവർക്കറിയാവുന്നതിനാൽ, ബ്രിട്ടീഷുകാർ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള പാത തിരഞ്ഞെടുത്തുവെന്നും ബംഗാളിനെ അവരുടെ പരീക്ഷണശാലയാക്കി എന്നും അദ്ദേഹം എടുത്തുപറഞ്ഞു. ബംഗാൾ വിഭജിക്കപ്പെട്ടാൽ, രാജ്യവും തകരുമെന്നും, അവർക്ക് അവരുടെ ഭരണം തുടരാനാകുമെന്നും വിശ്വസിച്ചുകൊണ്ട്, ബംഗാളിനെ തകർക്കാൻ ബ്രിട്ടീഷുകാർ ആദ്യം പ്രവർത്തിച്ചത് ഇതുകൊണ്ടാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 1905 ൽ, ബ്രിട്ടീഷുകാർ ബംഗാൾ വിഭജിക്കുക എന്ന പാപം ചെയ്തപ്പോൾ, വന്ദേമാതരം ഒരു പാറപോലെ ഉറച്ചുനിന്നതായി അദ്ദേഹം ഓർമ്മിപ്പിച്ചു. ബംഗാളിന്റെ ഐക്യത്തിനായി, വന്ദേമാതരം എല്ലാ തെരുവുകളിലും പ്രതിധ്വനിക്കുന്ന ആഹ്വാനമായി മാറി, ജനങ്ങളെ പ്രചോദിപ്പിച്ചു. ബംഗാൾ വിഭജനത്തോടെ, ഇന്ത്യയെ ദുർബലപ്പെടുത്തുന്നതിനുള്ള വിത്തുകൾ കൂടുതൽ ആഴത്തിൽ വിതയ്ക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചു, എന്നാൽ ഒറ്റ ശബ്ദമായും ഏകീകരണ നൂലായും വന്ദേമാതരം ബ്രിട്ടീഷുകാർക്ക് ഒരു വെല്ലുവിളിയും രാഷ്ട്രത്തിന് ശക്തിയുടെ ശിലയുമായി മാറിയെന്ന് പ്രധാനമന്ത്രി അടിവരയിട്ടു.
ബംഗാൾ വിഭജനം നടന്നെങ്കിലും, അത് വലിയൊരു സ്വദേശി പ്രസ്ഥാനത്തിന് തുടക്കമിട്ടുവെന്നും, ആ സമയത്ത് വന്ദേമാതരം എല്ലായിടത്തും പ്രതിധ്വനിച്ചുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബങ്കിം ചന്ദ്ര ചാറ്റർജി സൃഷ്ടിച്ച വികാരത്തിന്റെ ശക്തി ബ്രിട്ടീഷുകാർ തിരിച്ചറിഞ്ഞുവെന്നും, അദ്ദേഹത്തിന്റെ ഗീതം അവരുടെ അടിത്തറ ഇളക്കിമറിച്ചതിനാൽ അതിന് നിയമപരമായ വിലക്കുകൾ ഏർപ്പെടുത്താൻ അവർ നിർബന്ധിതരായി എന്നും അദ്ദേഹം എടുത്തുപറഞ്ഞു. അന്ന് അത് പാടുന്നത് ശിക്ഷാർഹമാണെന്നും, അച്ചടിക്കുന്നത് ശിക്ഷാർഹമാണെന്നും, വന്ദേമാതരം എന്ന വാക്കുകൾ ഉച്ചരിക്കുന്നത് പോലും കഠിനമായ നിയമങ്ങൾക്ക് കീഴിൽ ശിക്ഷയെ ക്ഷണിച്ചുവരുത്തുമായിരുന്നെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു . വന്ദേമാതരം ആലപിച്ചതിന് ഏറ്റവും വലിയ അതിക്രമങ്ങൾ നടന്ന ബാരിസാലിന്റെ ഉദാഹരണം ഉദ്ധരിച്ച് നൂറുകണക്കിന് സ്ത്രീകൾ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകുകയും സംഭാവന നൽകുകയും ചെയ്തുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വന്ദേമാതരത്തിന്റെ അന്തസ്സ് സംരക്ഷിക്കാൻ ബാരിസാലിൽ അമ്മമാരും സഹോദരിമാരും കുട്ടികളും മുന്നോട്ടുവന്നത് അദ്ദേഹം അനുസ്മരിച്ചു. വന്ദേമാതരത്തിന്റെ നിരോധനം പിൻവലിക്കുന്നതുവരെ താൻ വളകൾ ഊരിവയ്ക്കുമെന്നും ഇനി അവ ധരിക്കില്ലെന്നും പ്രഖ്യാപിച്ച ധീരയായ സരോജിനി ഘോഷിനെ ശ്രീ മോദി പരാമർശിച്ചു, ആ കാലഘട്ടത്തിൽ അത് വളരെ പ്രാധാന്യമുള്ള ഒരു പ്രതിജ്ഞയായിരുന്നു. കുട്ടികളെ പോലും അവർ
വെറുതേവിട്ടില്ലെന്നും, അവരെ ചമ്മട്ടികൊണ്ട് അടിക്കുകയും, ചെറുപ്രായത്തിൽ തന്നെ ജയിലിലടയ്ക്കുകയും ചെയ്തിട്ടും, ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച് വന്ദേമാതരം ചൊല്ലിക്കൊണ്ട് രാവിലെ ഘോഷയാത്രകളിൽ കുട്ടികൾ മാർച്ച് നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗാളിലെ തെരുവുകളിൽ, "പ്രിയപ്പെട്ട അമ്മേ, നിന്നെ സേവിക്കുകയും വന്ദേമാതരം ചൊല്ലുകയും ചെയ്യുക, ജീവൻ നഷ്ടപ്പെട്ടാലും, ആ ജീവിതം അനുഗ്രഹീതമാണ്" എന്നർത്ഥമുള്ള ഒരു ബംഗാളി ഗാനം പ്രതിധ്വനിക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. അത് കുട്ടികളുടെ ശബ്ദമായി മാറുകയും രാഷ്ട്രത്തിന് ധൈര്യം നൽകുകയും ചെയ്തു.
1905-ൽ ഹരിത്പൂർ ഗ്രാമത്തിൽ വന്ദേമാതരം ചൊല്ലുന്ന കൊച്ചുകുട്ടികളെ ക്രൂരമായി മർദ്ദിക്കുകയും ജീവിതത്തിനും മരണത്തിനുമിടയിലുള്ള പോരാട്ടത്തിലേക്ക് അവരെ തള്ളിവിടുകയും ചെയ്ത കാര്യം ശ്രീ മോദി അനുസ്മരിച്ചു. അതുപോലെ, 1906-ൽ നാഗ്പൂരിലെ നീൽ സിറ്റി ഹൈസ്കൂളിലെ കുട്ടികൾ വന്ദേമാതരം ഏകസ്വരത്തിൽ ചൊല്ലിയ അതേ "കുറ്റത്തിന്" അതിക്രമങ്ങൾ നേരിട്ടു, അത് മന്ത്രത്തിന്റെ ശക്തി തെളിയിച്ചു. ഇന്ത്യയുടെ ധീരരായ പുത്രന്മാർ ഭയമില്ലാതെ തൂക്കുമരത്തിൽ കയറി, അവസാന ശ്വാസത്തോടെ വന്ദേമാതരം ചൊല്ലിയതായി പ്രധാനമന്ത്രി അടിവരയിട്ടു - ഖുദിറാം ബോസ്, മദൻലാൽ ധിംഗ്ര, രാം പ്രസാദ് ബിസ്മിൽ, അഷ്ഫാഖുള്ള ഖാൻ, റോഷൻ സിംഗ്, രാജേന്ദ്രനാഥ് ലാഹിരി, രാമകൃഷ്ണ ബിശ്വാസ്, തുടങ്ങി എണ്ണമറ്റ രാജ്യസ്നേഹികൾ വന്ദേമാതരം ചുണ്ടിൽ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്തു. വ്യത്യസ്ത ജയിലുകളിലും വ്യത്യസ്ത പ്രദേശങ്ങളിലും വ്യത്യസ്ത മുഖങ്ങളിലും ഭാഷകളിലുമാണ് ഈ ത്യാഗങ്ങൾ നടന്നതെങ്കിലും, മന്ത്രം ഒന്നായിരുന്നു - വന്ദേമാതരം, ഒരു ഇന്ത്യയെ, ഒരു മഹത്തായ ഇന്ത്യയെ പ്രതീകപ്പെടുത്തുന്നു. ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച യുവ വിപ്ലവകാരികളായ ഹർഗോപാൽ ബാൽ, പുലിൻ ബികാഷ് ഘോഷ്, ത്രിപൂർ സെൻ തുടങ്ങിയ പേരുകളെ ചരിത്രത്തിൽ ജ്വലിപ്പിച്ച് നിർത്തിയ ചിറ്റഗോംഗ് കലാപത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. 1934-ൽ മാസ്റ്റർ സൂര്യ സെൻ തൂക്കിലേറ്റപ്പെട്ടപ്പോൾ അദ്ദേഹം തന്റെ സഖാക്കൾക്ക് ഒരു കത്തെഴുതിയെന്നും അതിൽ വന്ദേമാതരം എന്ന ഒറ്റ വാക്ക് മാത്രമേ പ്രതിധ്വനിച്ചിരുന്നുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നൂറ്റാണ്ടുകളായി ദശലക്ഷക്കണക്കിന് ആളുകളെ ഒരൊറ്റ ലക്ഷ്യത്തിലേക്ക് പ്രചോദിപ്പിച്ച, വന്ദേമാതരം പോലെ ജീവിതം സമർപ്പിക്കാൻ പ്രേരിപ്പിച്ച ഒരു കവിതയോ ഗീതമോ, ലോകചരിത്രത്തിൽ മറ്റൊരിടത്തും കാണാൻ കഴിയില്ല എന്നതിൽ ഇന്ത്യയിലെ ജനങ്ങൾക്ക് അഭിമാനം തോന്നണമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. കൊളോണിയലിസത്തിന്റെ കാലഘട്ടത്തിൽ പോലും, ഇന്ത്യ, ഇത്രയും ആഴത്തിലുള്ള ഒരു വികാര ഗാനം സൃഷ്ടിക്കാൻ കഴിവുള്ള വ്യക്തികൾക്ക് ജന്മം നല്കിയിരുന്നുവെന്ന് ലോകം അറിയണമെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു, അത് മനുഷ്യരാശിക്ക് ഒരു അത്ഭുതമാണ്. ഇത് അഭിമാനത്തോടെ പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു, അപ്പോൾ ലോകവും അത് ആഘോഷിക്കാൻ തുടങ്ങും. വന്ദേമാതരം സ്വാതന്ത്ര്യത്തിന്റെ മന്ത്രവും, ത്യാഗത്തിന്റെ മന്ത്രവും, ഊർജ്ജ മന്ത്രവും, വിശുദ്ധിയുടെ മന്ത്രവും, സമർപ്പണത്തിന്റെ മന്ത്രവും, ത്യാഗത്തിന്റെയും തപസ്സിന്റെയും മന്ത്രവും, കഷ്ടപ്പാടുകൾ സഹിക്കാൻ ശക്തി നൽകുന്ന മന്ത്രവുമാണെന്ന് അദ്ദേഹം അടിവരയിട്ടു. ഈ മന്ത്രം വന്ദേമാതരം ആണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഗുരുദേവ് രവീന്ദ്രനാഥ ടാഗോർ എഴുതിയത് പ്രധാനമന്ത്രി അനുസ്മരിച്ചു, "ഒരു നൂലിൽ ബന്ധിക്കപ്പെട്ട ആയിരക്കണക്കിന് മനസ്സുകൾ, ഒരു ലക്ഷ്യത്തിനായി സമർപ്പിക്കപ്പെട്ട ആയിരക്കണക്കിന് ജീവിതങ്ങൾ - വന്ദേമാതരം."
ആ കാലഘട്ടത്തിൽ വന്ദേമാതരത്തിന്റെ റെക്കോർഡിംഗുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ഒരുതരത്തിൽ വിപ്ലവകാരികളുടെ തീർത്ഥാടന കേന്ദ്രമായി മാറിയ ലണ്ടനിലേക്കും എത്തിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ത്യാ ഹൗസിൽ വീർ സവർക്കർ വന്ദേമാതരം ആലപിക്കുന്നത് ആളുകൾ കണ്ടതായും അവിടെ ആ ഗാനം ആവർത്തിച്ച് പ്രതിധ്വനിക്കുന്നതായും രാജ്യത്തിനുവേണ്ടി ജീവിക്കാനും മരിക്കാനും തയ്യാറായവർക്ക് പ്രചോദനത്തിന്റെ ഒരു വലിയ ഉറവിടമായി വർത്തിച്ചതായും പറഞ്ഞു. അതേസമയം, ബിപിൻ ചന്ദ്ര പാലും മഹർഷി അരബിന്ദോ ഘോഷും ഒരു പത്രം ആരംഭിക്കുകയും അതിന് 'വന്ദേമാതരം' എന്ന് പേരിടുകയും ചെയ്തുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു, കാരണം ബ്രിട്ടീഷുകാരുടെ ഓരോ ഘട്ടത്തിലും അവരുടെ ഉറക്കം കെടുത്താൻ ആ ഗീതം മാത്രം മതിയായിരുന്നു. ബ്രിട്ടീഷുകാർ പത്രങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ, മാഡം ഭികാജി കാമ പാരീസിൽ ഒരു പത്രം പ്രസിദ്ധീകരിച്ച് അതിന് 'വന്ദേമാതരം' എന്ന് പേരിട്ടതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
"വന്ദേമാതരം ഇന്ത്യയ്ക്ക് സ്വാശ്രയത്വത്തിന്റെ പാത കാണിച്ചുതന്നു", ശ്രീ മോദി ഉദ്ഘോഷിച്ചു, ആ കാലത്ത്, തീപ്പെട്ടികളിൽ തുടങ്ങി വലിയ കപ്പലുകളിൽ വരെ, വന്ദേമാതരം ആലേഖനം ചെയ്യുന്ന പാരമ്പര്യം വിദേശ കമ്പനികളെ വെല്ലുവിളിക്കാനുള്ള ഒരു മാധ്യമമായി മാറുകയും സ്വദേശിയുടെ മന്ത്രമായി മാറുകയും ചെയ്തുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. സ്വാതന്ത്ര്യ മന്ത്രം സ്വദേശിയുടെ മന്ത്രമായി വികസിച്ചുവെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
1907-ൽ വി.ഒ. ചിദംബരം പിള്ള സ്വദേശി കമ്പനിക്കായി ഒരു കപ്പൽ നിർമ്മിച്ച് അതിൽ വന്ദേമാതരം ആലേഖനം ചെയ്തപ്പോൾ നടന്ന മറ്റൊരു സംഭവം പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ദേശീയ കവി സുബ്രഹ്മണ്യ ഭാരതി വന്ദേമാതരം തമിഴിലേക്ക് വിവർത്തനം ചെയ്യുകയും ദേശഭക്തി ഗീതങ്ങൾ രചിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, കൂടാതെ വന്ദേമാതരം ആലേഖനം ചെയ്ത പതാകയെ വിവരിക്കുന്ന ഇന്ത്യയുടെ പതാക ഗാനം കവി രചിച്ചതും പ്രധാനമന്ത്രി അനുസ്മരിച്ചു . "ഓ ദേശസ്നേഹികളേ, നോക്കൂ, ആദരവോടെ എന്റെ അമ്മയുടെ ദിവ്യ പതാകയെ വണങ്ങൂ" എന്ന് വിവർത്തനം ചെയ്ത തമിഴ് വാക്യം അദ്ദേഹം ഉദ്ധരിച്ചു.
വന്ദേമാതരത്തിനുമേൽ മഹാത്മാഗാന്ധിയ്ക്കുണ്ടായിരുന്ന വികാരവായ്പുകൾ സഭയ്ക്ക് മുന്നിൽ വയ്ക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ നിന്ന് പ്രസിദ്ധീകരിച്ച 'ഇന്ത്യൻ ഒപീനിയൻ' എന്ന വാരികയിൽ 1905 ഡിസംബർ 2 ന് മഹാത്മാഗാന്ധി എഴുതിയ കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. ബങ്കിം ചന്ദ്ര രചിച്ച വന്ദേമാതരം ബംഗാളിൽ ഉടനീളം വളരെയധികം പ്രചാരത്തിലായി എന്നും സ്വദേശി പ്രസ്ഥാനകാലത്ത് ലക്ഷക്കണക്കിന് ആളുകൾ ബങ്കിമിന്റെ ഗീതം ആലപിച്ച് വൻ സമ്മേളനങ്ങൾ നടന്നതായും ഗാന്ധിജി ചൂണ്ടിക്കാട്ടി. ഗീതം വളരെ ജനപ്രിയമായിത്തീർന്നതിനാൽ അത് ദേശീയ ഗാനം പോലെയാണെന്ന് പ്രസ്താവിച്ച ഗാന്ധിജിയുടെ വാക്കുകൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മറ്റ് രാജ്യങ്ങളുടെ ഗാനങ്ങളെക്കാൾ ശ്രേഷ്ഠവും മധുരമുള്ളതുമായിരുന്നു അതിന്റെ വികാരങ്ങൾ എന്നും നമ്മുടെ ഉള്ളിൽ ദേശസ്‌നേഹം ഉണർത്തുക എന്നതായിരുന്നു അതിന്റെ ഏക ലക്ഷ്യമെന്നും ഗാന്ധിജി എഴുതി. ഇന്ത്യയെ അമ്മയായി കാണുകയും ആ അമ്മയെ ആദരിക്കുകയും ചെയ്യുന്ന ഗീതമായി ഗാന്ധിജി വന്ദേമാതരത്തെ വിശേഷിപ്പിച്ചതായി അദ്ദേഹം ഊന്നിപ്പറഞ്ഞു.
1905-ൽ മഹാത്മാഗാന്ധി ദേശീയഗാനമായി കണ്ടതും രാജ്യത്തിനകത്തും പുറത്തുമുള്ള ഓരോ ഇന്ത്യക്കാരനും വലിയ ശക്തി നൽകിയതുമായ വന്ദേമാതരം കഴിഞ്ഞ നൂറ്റാണ്ടിൽ ഗുരുതരമായ അനീതിക്ക് വിധേയമായെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വന്ദേമാതരത്തിൽ എന്തുകൊണ്ടാണ് ഇത്തരമൊരു വഞ്ചന നടന്നതെന്നും, എന്തുകൊണ്ടാണ് ഇത്തരമൊരു അനീതി നടന്നതെന്നും, ബഹുമാന്യനായ ബാപ്പുവിന്റെ വികാരങ്ങളെ പോലും മറച്ചുവെച്ച് ഈ പവിത്രമായ പ്രചോദനത്തെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്ന ശക്തികൾ ഏതൊക്കെയാണെന്നും അദ്ദേഹം ചോദിച്ചു. വന്ദേമാതരത്തിന്റെ 150 വർഷം ആഘോഷിക്കുമ്പോൾ, ഈ വഞ്ചനയിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പുതിയ തലമുറകളെ അറിയിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. വന്ദേമാതരത്തിനെതിരായ മുസ്ലീം ലീഗിന്റെ രാഷ്ട്രീയം കൂടുതൽ ശക്തമാവുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു, 1937 ഒക്ടോബർ 15 ന് ലഖ്‌നൗവിൽ നിന്ന് മുഹമ്മദ് അലി ജിന്ന വന്ദേമാതരത്തിനെതിരെ ഒരു മുദ്രാവാക്യം വിളിച്ചതിനെയും പ്രധാനമന്ത്രി അനുസ്മരിച്ചു. അന്ന് മുസ്ലീം ലീഗിന്റെ അടിസ്ഥാനരഹിതമായ പ്രസ്താവനകളെ ശക്തമായി എതിർക്കുകയും അവയെ അപലപിക്കുകയും ചെയ്യുന്നതിനുപകരം, അന്നത്തെ കോൺഗ്രസ് പ്രസിഡന്റായിരുന്ന ജവഹർലാൽ നെഹ്‌റു, വന്ദേമാതരത്തോടുള്ള തന്റെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐഎൻസി) പാർട്ടിയുടെയും പ്രതിബദ്ധത വീണ്ടും ഉറപ്പിക്കാതെ വന്ദേമാതരത്തെ തന്നെ ചോദ്യം ചെയ്യാൻ തുടങ്ങിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജിന്നയുടെ എതിർപ്പിന് വെറും അഞ്ച് ദിവസങ്ങൾക്ക് ശേഷം, 1937 ഒക്ടോബർ 20 ന്, ജിന്നയുടെ വികാരത്തോട് യോജിച്ച്, വന്ദേമാതരത്തിന്റെ 'ആനന്ദ മഠം' പശ്ചാത്തലം മുസ്ലീങ്ങളെ പ്രകോപിപ്പിക്കുമെന്ന് പ്രസ്താവിച്ചുകൊണ്ട് നെഹ്‌റു നേതാജി സുഭാഷ് ചന്ദ്രബോസിന് ഒരു കത്തെഴുതിയതായി അദ്ദേഹം ഓർമ്മിപ്പിച്ചു. "വന്ദേമാതരം ഗീതത്തിന്റെ പശ്ചാത്തലം ഞാൻ വായിച്ചിട്ടുണ്ട്. ഈ പശ്ചാത്തലം മുസ്ലീങ്ങളെ പ്രകോപിപ്പിച്ചേക്കാം എന്ന് എനിക്ക് തോന്നുന്നു" എന്ന് നെഹ്‌റുവിന്റെ വാക്കുകൾ പ്രധാനമന്ത്രി ഉദ്ധരിച്ചു.
ഇതിനെത്തുടർന്ന്, വന്ദേമാതരത്തിന്റെ ഉപയോഗം അവലോകനം ചെയ്യുന്നതിനായി 1937 ഒക്ടോബർ 26 മുതൽ കൊൽക്കത്തയിൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരുമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് ഒരു പ്രസ്താവന വന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ അവലോകനത്തിനായി തിരഞ്ഞെടുത്തത് ബങ്കിം ബാബുവിന്റെ ബംഗാൾ, ബങ്കിം ബാബുവിന്റെ കൊൽക്കത്തയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.ഇത് കേട്ട് മുഴുവൻ രാജ്യവും സ്തബ്ധവും
ഞെട്ടിപ്പോവുകയും ചെയ്തതായും രാജ്യമെമ്പാടുമുള്ള ദേശസ്നേഹികൾ രാവിലെ ഘോഷയാത്രകൾ സംഘടിപ്പിച്ചും വന്ദേമാതരം ആലപിച്ചും ഈ നിർദ്ദേശത്തെ എതിർത്തതായും പ്രധാനമന്ത്രി പറഞ്ഞു. നിർഭാഗ്യവശാൽ, 1937 ഒക്ടോബർ 26 ന് കോൺഗ്രസ് വന്ദേമാതരത്തിൽ വിട്ടുവീഴ്ച ചെയ്യുകയും അവരുടെ തീരുമാനത്തിൽ അത് വിഭജിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സാമൂഹിക ഐക്യത്തിന്റെ മറവിൽ ഈ തീരുമാനം മറച്ചുവെച്ചെങ്കിലും, ഐഎൻസി മുസ്ലീം ലീഗിന് മുന്നിൽ തലകുനിക്കുകയും അവരുടെ സമ്മർദ്ദത്തിന് വഴങ്ങി പ്രവർത്തിക്കുകയും പ്രീണന രാഷ്ട്രീയം സ്വീകരിക്കുകയും ചെയ്തതിന് ചരിത്രം സാക്ഷിയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സഭയെ അഭിസംബോധന ചെയ്തുകൊണ്ട് , പ്രീണന രാഷ്ട്രീയത്തിന്റെ സമ്മർദ്ദത്തിൽ കോൺഗ്രസ് വന്ദേമാതരം വിഭജിക്കാൻ തീരുമാനിച്ചുവെന്നും അതിനാൽ ഒരു ദിവസം ഇന്ത്യയെ വിഭജിക്കാൻ വഴങ്ങേണ്ടി വന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് തീരുമാനങ്ങൾക്ക് പുറംകരാർ നൽകിയെന്നും ഖേദകരമെന്നു പറയട്ടെ, അതിന്റെ നയങ്ങളിൽ ഇതുവരെയും മാറ്റമില്ലെന്നും അദ്ദേഹം വാദിച്ചു. പ്രതിപക്ഷവും സഖ്യകക്ഷികളും പ്രീണന രാഷ്ട്രീയം അവലംബിക്കുന്നതിനെയും വന്ദേമാതരത്തിന് ചുറ്റും വിവാദങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനെയും പ്രധാനമന്ത്രി വിമർശിച്ചു.
ഏതൊരു രാഷ്ട്രത്തിന്റെയും യഥാർത്ഥ സ്വഭാവം വെളിപ്പെടുന്നത് അതിന്റെ നല്ല സമയങ്ങളിലല്ല, മറിച്ച് വെല്ലുവിളികളുടെയും പ്രതിസന്ധികളുടെയും കാലഘട്ടങ്ങളിലാണെന്നും ,അത് പ്രതിരോധശേഷി, ശക്തി, കഴിവ് എന്നിവയുടെ ഉരകല്ലിലൂടെ പരീക്ഷിക്കപ്പെടുകയും തെളിയിക്കപ്പെടുകയും ചെയ്യുമ്പോഴാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 1947-ൽ സ്വാതന്ത്ര്യത്തിനുശേഷം, രാജ്യത്തിന്റെ വെല്ലുവിളികളും മുൻഗണനകളും മാറിയപ്പോഴും, രാഷ്ട്രത്തിന്റെ ചൈതന്യവും ജീവശക്തിയും അതേപടി നിലനിൽക്കുകയും അവ പ്രചോദനം നൽകിക്കൊണ്ടിരുന്നത് തുടരുകയും ചെയ്തുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യ പ്രതിസന്ധികളെ നേരിട്ടപ്പോഴെല്ലാം, രാഷ്ട്രം വന്ദേമാതരത്തിന്റെ ചൈതന്യത്തോടെ മുന്നേറിയെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഓഗസ്റ്റ് 15, ജനുവരി 26 പോലുള്ള അവസരങ്ങളിൽ ഇന്നും, എല്ലാ വീട്ടിലും ത്രിവർണ്ണ പതാക അഭിമാനത്തോടെ പറക്കുമ്പോൾ, എല്ലായിടത്തും ആ വികാരം ദൃശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭക്ഷ്യപ്രതിസന്ധിയുടെ സമയത്ത്, രാജ്യത്തിന്റെ കളപ്പുരകൾ നിറയ്ക്കാൻ കർഷകരെ പ്രചോദിപ്പിച്ചത് വന്ദേമാതരത്തിന്റെ ചൈതന്യമാണെന്ന് അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ തകർക്കാൻ ശ്രമങ്ങൾ നടന്നപ്പോൾ, ഭരണഘടന കുത്തേറ്റപ്പോൾ, അടിയന്തരാവസ്ഥ ഏർപ്പെടുത്തിയപ്പോൾ, രാഷ്ട്രത്തിന് ഉയർന്നുവരാനും മറികടക്കാനും കഴിഞ്ഞത് വന്ദേമാതരത്തിന്റെ ശക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിനുമേൽ യുദ്ധങ്ങൾ അടിച്ചേൽപ്പിക്കപ്പെട്ടപ്പോഴെല്ലാം , പോരാട്ടങ്ങൾ ഉയർന്നുവന്നപ്പോഴെല്ലാം, അതിർത്തികളിൽ സൈനികരെ ഉറച്ചുനിൽക്കാൻ പ്രേരിപ്പിച്ചതും അതുവഴി ഭാരതമാതാവിന്റെ പതാക വിജയത്തിൽ പാറുന്നത് ഉറപ്പാക്കിയതും വന്ദേമാതരത്തിന്റെ ആത്മാവാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു,അങ്ങനെ കോവിഡ്-19 ന്റെ ആഗോള പ്രതിസന്ധിയിലും രാഷ്ട്രം അതേ ആവേശത്തോടെ നിലകൊള്ളുകയും വെല്ലുവിളിയെ പരാജയപ്പെടുത്തി, മുന്നോട്ട് നീങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതാണ് രാഷ്ട്രത്തിന്റെ ശക്തിയെന്നും, വികാരങ്ങൾ, ബോധപ്രവാഹം, പുരോഗതിയെ മുന്നോട്ട് നയിക്കുന്ന അചഞ്ചലമായ സാംസ്കാരിക പ്രവാഹത്തിന്റെ പ്രതിഫലനം എന്നിവയുമായി രാജ്യത്തെ ബന്ധിപ്പിക്കുന്ന ശക്തമായ ഊർജ്ജ പ്രവാഹമാണിതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. "വന്ദേമാതരം കേവലം ഒരു ഓർമ്മപ്പെടുത്തലിൻ്റെ കാലഘട്ടമല്ല, മറിച്ച് പുതിയ ഊർജ്ജവും പ്രചോദനവും ആകർഷിക്കാനും അതിനായി സ്വയം സമർപ്പിക്കാനുമുള്ള സമയമാണ്", ശ്രീ മോദി ഊന്നിപ്പറഞ്ഞു, നമ്മെ ഇവിടെ എത്തിച്ച പാത സൃഷ്ടിച്ച വന്ദേമാതരത്തോട് രാഷ്ട്രം കടപ്പെട്ടിരിക്കുന്നുവെന്നും അതിനാൽ അതിനെ ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണെന്നും ആവർത്തിച്ചു. എല്ലാ വെല്ലുവിളികളെയും മറികടക്കാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ടെന്നും വന്ദേമാതരത്തിന്റെ ആത്മാവ് ആ ശക്തിയെ ഉൾക്കൊള്ളുന്നുവെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. വന്ദേമാതരം വെറുമൊരു പാട്ടോ സ്തുതിഗീതമോ അല്ല, മറിച്ച് രാഷ്ട്രത്തോടുള്ള നമ്മുടെ കടമകളിലേക്ക് നമ്മെ ഉണർത്തുന്ന പ്രചോദനത്തിന്റെ ഉറവിടമാണെന്നും അത് നിരന്തരം ഉയർത്തിപ്പിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. ആത്മനിർഭർ ഭാരത് എന്ന സ്വപ്നം നാം പിന്തുടരുമ്പോൾ, വന്ദേമാതരം നമ്മുടെ പ്രചോദനമായി തുടരുമെന്ന് അദ്ദേഹം അടിവരയിട്ടു. കാലങ്ങളും രൂപങ്ങളും മാറിയേക്കാം, പക്ഷേ മഹാത്മാഗാന്ധി പ്രകടിപ്പിച്ച വികാരം ഇന്നും ശക്തമായി തുടരുന്നുവെന്നും വന്ദേമാതരം നമ്മെ ഒന്നിപ്പിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മഹാന്മാരായ നേതാക്കളുടെ സ്വപ്നം സ്വതന്ത്ര ഇന്ത്യയായിരുന്നുവെന്നും ഇന്നത്തെ തലമുറയുടെ സ്വപ്നം സമ്പന്നമായ ഇന്ത്യയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വന്ദേമാതരത്തിന്റെ ആത്മാവ് സ്വാതന്ത്ര്യ സ്വപ്നത്തെ പരിപോഷിപ്പിച്ചതുപോലെ, അത് സമൃദ്ധിയുടെ സ്വപ്നത്തെയും പരിപോഷിപ്പിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ വികാരത്തോടെ മുന്നോട്ട് പോകാനും, സ്വയംപര്യാപ്തമായ ഇന്ത്യ കെട്ടിപ്പടുക്കാനും, 2047 ഓടെ വികസിത ഇന്ത്യ എന്ന ദർശനം കൈവരിക്കാനും അദ്ദേഹം എല്ലാവരോടും ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യത്തിന് 50 വർഷം മുമ്പ് ആരൊക്കയോ സ്വതന്ത്ര ഇന്ത്യയെക്കുറിച്ച് സ്വപ്നം കണ്ടെങ്കിൽ, 2047 ന് 25 വർഷം മുമ്പ് നമുക്കും സമ്പന്നവും വികസിതവുമായ ഒരു ഇന്ത്യയെക്കുറിച്ച് സ്വപ്നം കാണാനും അത് സാക്ഷാത്കരിക്കാൻ സ്വയം സമർപ്പിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഈ മന്ത്രവും ദൃഢനിശ്ചയവും ഉപയോഗിച്ച്, വന്ദേമാതരം പ്രചോദനം നൽകുകയും, നമ്മുടെ കടമയെ ഓർമ്മിപ്പിക്കുകയും, അതിന്റെ ആത്മാവുകൊണ്ട് നമ്മെ നയിക്കുകയും, ഈ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് രാജ്യത്തെ ഒന്നിപ്പിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ചർച്ച രാജ്യത്തെ വികാരം കൊണ്ട് നിറയ്ക്കാനും, രാജ്യത്തെ പ്രചോദിപ്പിക്കാനും, പുതിയ തലമുറയെ ഊർജ്ജസ്വലമാക്കാനും ഒരു കാരണമായി മാറുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു, ഈ അവസരലബ്ധിക്ക് അദ്ദേഹം തന്റെ അഗാധമായ നന്ദി അറിയിച്ചു.
പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Vande Mataram energised our freedom movement. pic.twitter.com/mVIsgP9ReC
— PMO India (@PMOIndia) December 8, 2025
It is a matter of pride for all of us that we are witnessing 150 years of Vande Mataram. pic.twitter.com/flDfMayNkQ
— PMO India (@PMOIndia) December 8, 2025
Vande Mataram is the force that drives us to achieve the dreams our freedom fighters envisioned. pic.twitter.com/E8Wz4JOk5C
— PMO India (@PMOIndia) December 8, 2025
Vande Mataram rekindled an idea deeply rooted in India for thousands of years. pic.twitter.com/jTOLlgoeyO
— PMO India (@PMOIndia) December 8, 2025
वंदेमातरम् में हजारों वर्ष की सांस्कृतिक ऊर्जा भी थी, इसमें आजादी का जज्बा भी था और आजाद भारत का विजन भी था। pic.twitter.com/Iccb21NsP4
— PMO India (@PMOIndia) December 8, 2025
The deep connection of Vande Mataram with the people reflects the journey of our freedom movement. pic.twitter.com/dMp9jbZMsJ
— PMO India (@PMOIndia) December 8, 2025
Vande Mataram gave strength and direction to our freedom movement. pic.twitter.com/2gLniGt4Sa
— PMO India (@PMOIndia) December 8, 2025
Vande Mataram! pic.twitter.com/QRAYjrjPp8
— PMO India (@PMOIndia) December 8, 2025


