Sardar Patel and Birsa Munda shared the vision of national unity: PM Modi
Let’s pledge to make India a global animation powerhouse: PM Modi
Journey towards Aatmanirbhar Bharat has become a Jan Abhiyan: PM Modi
Stop, think and act: PM Modi on Digital arrest frauds
Many extraordinary people across the country are helping to preserve our cultural heritage: PM
Today, people around the world want to know more about India: PM Modi
Glad to see that people in India are becoming more aware of fitness: PM Modi

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ,  നമസ്കാരം.  മൻ കി ബാത്തിലേക്ക് ഏവർക്കും സ്വാഗതം . എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങൾ ഏതാണെന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, നിരവധി സംഭവങ്ങളാകും എനിക്ക് ഓർമ്മ വരുന്നത്, എന്നാൽ അവയിൽ വളരെ പ്രത്യേകതയുള്ള ഒരു നിമിഷമുണ്ട്, അത് കഴിഞ്ഞ വർഷം നവംബർ 15 ന് ബിർസമുണ്ടയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഝാർഖണ്ഡിലെ ഉലിഹാതു ഗ്രാമത്തിലേക്ക് പോയതാണ്. ഈ യാത്ര എന്നിൽ വലിയ സ്വാധീനം ചെലുത്തി. ആ പുണ്യഭൂമിയുടെ മൺ തരി നെറുകയിൽ തൊടാൻ ഭാഗ്യം ലഭിച്ച രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ഞാൻ. ആ നിമിഷം, സ്വാതന്ത്ര്യസമരത്തിന്റെ ശക്തിയും ഊർജവും എനിക്ക് അനുഭവവേദ്യമായി, മാത്രമല്ല ഈ ഭൂമിയുടെ ശക്തിയുമായി ചേർന്നു നില്ക്കാനുള്ള അവസരവും എനിക്ക് ലഭിച്ചു. ഒരു ഉദ്ദേശ്യം നിറവേറ്റാനുള്ള ധൈര്യം എങ്ങനെയാണ് രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ വിധി തന്നെ മാറ്റിയെഴുതുന്നതെന്നും ഞാൻ മനസ്സിലാക്കി.

സുഹൃത്തുക്കളേ, നമ്മുടെ ഭാരതം ഓരോ കാലഘട്ടത്തിലും ചില വെല്ലുവിളികളെ അഭിമുഖീകരിച്ചിട്ടുണ്ട്, ഓരോ കാലഘട്ടത്തിലും ഇത്തരം  വെല്ലുവിളികളെ നേരിടാനായി ഇവിടെ  അസാധാരണക്കാരായ  ഭാരതീയർ ജനിച്ചിട്ടുമുണ്ട്. ഇന്നത്തെ 'മൻ കി ബാത്തിൽ', ഉറച്ച ധൈര്യവും ദീർഘവീക്ഷണവുമുള്ള അത്തരം രണ്ട് മഹാനായകന്മാരെ പറ്റി നമുക്ക് ചർച്ച ചെയ്യാം. അവരുടെ  150-ാം ജന്മദിനം ആഘോഷിക്കാൻ രാജ്യം തീരുമാനിച്ചിട്ടുണ്ട്. സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികം  ഒക്ടോബർ 31 മുതൽ ആരംഭിക്കും. ഇതിനുശേഷം നവംബർ 15 മുതൽ ബിർസ മുണ്ട പ്രഭുവിന്റെ  150-ാം ജന്മവാർഷികം ആരംഭിക്കും. വ്യത്യസ്തമായ വെല്ലുവിളികൾ നേരിട്ടവർ ആയിരുന്നു ഈ രണ്ട് മഹാന്മാർ, എങ്കിലും  'രാജ്യത്തിന്റെ ഐക്യം' എന്ന കാഴ്ചപ്പാട് രണ്ടുപേർക്കും ഒന്നായിരുന്നു.

സുഹൃത്തുക്കളെ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി, ഇത്തരം മഹദ് വ്യക്തികളുടെ ജന്മദിനങ്ങൾ പുത്തൻ ഊർജ്ജവുമായി ആഘോഷിക്കുന്നതിലൂടെ രാജ്യം പുതുതലമുറയ്ക്ക് പ്രേരണയും പ്രചോദനവും നൽകി വരികയാണ്. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം നാം ആഘോഷിച്ചത് എത്രമാത്രം സവിശേഷമായ രീതിയിലായിരുന്നുവെന്ന് നിങ്ങൾക്കോർയുണ്ടാകും. ന്യൂയോർക്കിലെ ടൈംസ് സ്ക്വയർ മുതൽ ആഫ്രിക്കയിലെ ചെറിയ ഗ്രാമങ്ങൾവരെ, ലോകമെമ്പാടുമുള്ള ആളുകൾ ഭാരതത്തിന്റെ സത്യത്തിന്റെയും അഹിംസയുടെയും സന്ദേശം അറിയുകയും, മനസ്സിലാക്കുകയും അവ ജീവിതത്തിൽ കണ്ടെത്തുകയും ചെയ്തു. ചെറുപ്പക്കാർ മുതൽ മുതിർന്നവർ വരെ, ഭാരതീയർ മുതൽ വിദേശികൾവരെ ഏവരും  ആധുനിക  പശ്ചാത്തലത്തിൽ ഗാന്ധിജിയുടെ ഉപദേശങ്ങളുടെ പ്രസക്തി മനസ്സിലാക്കി, പുതിയ ആഗോള സാഹചര്യങ്ങളിൽ അവ അറിയാൻ തുടങ്ങി. സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാർഷികം നാം ആഘോഷിച്ചപ്പോൾ, രാജ്യത്തെ യുവജനങ്ങൾ ഭാരതത്തിന്റെ ആത്മീയവും സാംസ്കാരികവുമായ ശക്തിയുടെ പുതിയ നിർവചനങ്ങൾ മനസ്സിലാക്കുകയുണ്ടായി. നമ്മുടെ മഹാന്മാരുടെ ചിന്തകൾ മൺമറഞ്ഞു പോയിട്ടില്ലയെന്ന് ഇത്തരം ആഘോഷങ്ങളിലൂടെ നാം മനസ്സിലാക്കി. മറിച്ച്, അവരുടെ ജീവിതം നമ്മുടെ വർത്തമാനകാലത്തിന് ഭാവിയിലേക്കുള്ള വഴി കാട്ടുന്നു.

സുഹൃത്തുക്കളേ, ഈ മഹാരഥന്മാരുടെ 150-ാം ജന്മവാർഷികം ദേശീയതലത്തിൽ ആഘോഷിക്കാൻ ​ഗവൺമെന്റ് തീരുമാനിച്ചിട്ടുണ്ടെങ്കിലും നിങ്ങളുടെ പങ്കാളിത്തം മാത്രമേ ഈ പ്രചാരണത്തിന് ജീവൻ നൽകുകയും അതിനെ സജീവമാക്കുകയും ചെയ്യുകയുള്ളൂ. ഈ പ്രചരണത്തിന്റെ ഭാഗമാകാൻ ഞാൻ നിങ്ങളെല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ പട്ടേലുമായി ബന്ധപ്പെട്ട നിങ്ങളുടെ ചിന്തകളും പ്രവർത്തനങ്ങളും #Sardar150-മായി പങ്കിടുകയും ‘ധർത്തി-ആബ’ (ഭൂമിയുടെ പിതാവ്) എന്നറിയപ്പെടുന്ന ബിർസ മുണ്ടയുടെ പ്രേരണാപ്രദമായ വസ്തുതകൾ #BirsaMunda150-ലൂടെ ലോകത്തിനു മുന്നിലേക്ക്‌  കൊണ്ടുവരികയും ചെയ്യണം. നമുക്കൊരുമിച്ച് ഈ ഉത്സവം ഭാരതത്തിന്റെ നാനാത്വത്തിൽ ഏകത്വത്തിന്റെ ആഘോഷമാക്കാം, പൈതൃകത്തിലൂടെയുള്ള വികസനത്തിന്റെ ആഘോഷമാക്കാം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, "ഛോട്ടാ ഭീം" ടിവിയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയ ആ നാളുകൾ നിങ്ങൾ ഓർക്കുന്നുണ്ടാകും. കുട്ടികൾക്ക് ഒരിക്കലും 'ഛോട്ടാ ഭീമിനെ' മറക്കാൻ കഴിയില്ല. എന്തൊരു  ആവേശം ആയിരുന്നു അവർക്ക്! അതുപോലെ 'ഢോലക്പൂർ കാ ഢോൽ' ഇന്ന് ഭാരതത്തിൽ മാത്രമല്ല, മറ്റ് രാജ്യങ്ങളിലേയും ധാരാളം കുട്ടികളെ ആകർഷിക്കുന്നു എന്നത് നിങ്ങളെ അത്ഭുതപ്പെടുത്തും. അതുപോലെ, നമ്മുടെ  മറ്റ് ആനിമേഷൻ സീരിയലുകളായ ‘കൃഷ്ണ’, ‘ഹനുമാൻ’, ‘മോട്ടു-പതലു’ എന്നിവയ്ക്കും ലോകമെമ്പാടും ആരാധകരുണ്ട്. ഇന്ത്യൻ ആനിമേഷൻ കഥാപാത്രങ്ങൾ, ഇവിടെയുള്ള ആനിമേഷൻ സിനിമകൾ എന്നിവ  അവയുടെ ഉള്ളടക്കവും സർഗ്ഗാത്മകതയും കാരണം ലോകമെമ്പാടും ഇഷ്ടപ്പെടുന്നു. സ്മാർട്ട്‌ഫോൺ മുതൽ സിനിമാ സ്‌ക്രീൻവരെ, ഗെയിമിംഗ് കൺസോൾ മുതൽ വെർച്വൽ റിയാലിറ്റിവരെ, എല്ലായിടത്തും ആനിമേഷൻ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമല്ലോ. ആനിമേഷൻ ലോകത്ത് പുതിയ വിപ്ലവം സൃഷ്ടിക്കാനുള്ള പാതയിലാണ് ഭാരതം. ഭാരതത്തിന്റെ ഗെയിമിംഗ് മേഖലയും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യൻ ഗെയിമുകളും ഇന്ന്  ലോകമെമ്പാടും പ്രചാരത്തിലുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ്, ഭാരതത്തിലെ പ്രമുഖ ഗെയിമർമാരെ ഞാൻ കണ്ടിരുന്നു. അവരിലൂടെ ഇന്ത്യൻ ഗെയിമുകളുടെ അതിശയകരമായ സർഗ്ഗാത്മകതയും ഗുണനിലവാരവും അറിയാനും മനസ്സിലാക്കാനും എനിക്ക് അവസരം ലഭിച്ചു. തീർച്ചയായും, സർഗ്ഗാത്മക ഊർജ്ജത്തിന്റെ ഒരു തരംഗമാണ് ഇന്ന് രാജ്യത്ത് അലയടിക്കുന്നത്. ആനിമേഷൻ ലോകത്ത് 'മെയ്ഡ് ഇൻ ഇന്ത്യ', 'മെയ്ഡ് ബൈ ഇൻഡ്യൻസ്' എന്നിവ പ്രബലമായിരിക്കുന്നു. ഇന്ന് ഭാരത പ്രതിഭകളും വിദേശ നിർമ്മാണത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു എന്നറിയുന്നത് എന്ത് സന്തോഷം തരുന്ന കാര്യമാണ്. ഇപ്പോഴത്തെ സ്‌പൈഡർമാൻ ആയാലും ട്രാൻസ്‌ഫോർമർ ആയാലും, ഈ രണ്ട് സിനിമകളിലും ഹരിനാരായൺ രാജീവിന്റെ സംഭാവനകളെ ജനങ്ങൾ വളരെയധികം വിലമതിച്ചിട്ടുണ്ട്. ഭാരതത്തിലെ ആനിമേഷൻ സ്റ്റുഡിയോകൾ ഡിസ്‌നി, വാർണർ ബ്രദേഴ്‌സ് തുടങ്ങിയ ലോകപ്രശസ്ത നിർമ്മാണ കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്നു.

സുഹൃത്തുക്കളേ, ഇന്ന് നമ്മുടെ യുവാക്കൾ നമ്മുടെ സംസ്കാരത്തിനെ പ്രതിഫലിപ്പിക്കുന്ന യഥാർത്ഥ ഇന്ത്യൻ ഉള്ളടക്കം  തയ്യാറാക്കുകയാണ്. ഇവ ലോകമെമ്പാടും കണ്ടുവരുന്നു. ആനിമേഷൻ മേഖല ഇന്ന് മറ്റു വ്യവസായങ്ങൾക്ക് ശക്തി പകരുന്ന ഒരു വ്യവസായമേഖലയായി വളർന്നു കഴിഞ്ഞിരിക്കുന്നു. ഉദാഹരണമായി പറഞ്ഞാൽ വി. ആർ ടൂറിസം ഇക്കാലത്ത് വളരെ പ്രശസ്തമാണ്. ഒരു വെർച്വൽ ടൂർ വഴി നിങ്ങൾക്ക് അജന്ത ഗുഹകൾ കാണാം, കൊണാർക്ക് ക്ഷേത്രത്തിന്റെ ഇടനാഴികളിലൂടെ നടക്കാം, അല്ലെങ്കിൽ വാരണാസിയിലെ പടിക്കെട്ടുകൾ സന്ദർശിക്കാം.  ഈ വി.ആർ. ആനിമേഷനുകളെല്ലാം തയ്യാറാക്കിയത് ഭാരതീയരാണ്. വി.ആർ. വഴി ഈ സ്ഥലങ്ങൾ കണ്ടതിനുശേഷം പലരും ഈ ടൂറിസ്റ്റ് സ്ഥലങ്ങൾ യഥാർത്ഥത്തിൽ സന്ദർശിക്കാൻ ആഗ്രഹിക്കുന്നു. അതായത് ടൂറിസ്റ്റ് ഡെസ്റ്റിനേഷന്റെ വെർച്വൽ ടൂർ, ആളുകളുടെ മനസ്സിൽ ജിജ്ഞാസ സൃഷ്ടിക്കുന്നതിനുള്ള ഒരു മാധ്യമമായി മാറിയിരിക്കുന്നു. ഇന്ന്, ഈ മേഖലയിൽ, ആനിമേറ്റർമാരുടെയും അതുപോലെ തന്നെ സ്റ്റോറി ടെല്ലർമാർ, എഴുത്തുകാർ, വോയ്സ് ഓവർ ആർട്ടിസ്റ്റ്, സംഗീതജ്ഞർ, ഗെയിം ഡെവലപ്പർമാർ, വി.ആർ., എ.ആർ. വിദഗ്ധർ എന്നിവരുടെ സേവനങ്ങളുടെ ആവശ്യവും  നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട്, ഭാരതത്തിലെ യുവാക്കളോട് ഞാൻ പറയുന്നത് ഇതാണ് - നിങ്ങളുടെ സർഗ്ഗാത്മകത വികസിപ്പിക്കുക. ആർക്കറിയാം, ലോകത്തിലെ അടുത്ത സൂപ്പർ ഹിറ്റ് ആനിമേഷൻ നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്ന് പുറത്തുവന്നേക്കാം! അടുത്ത വൈറൽ ഗെയിം നിങ്ങളുടെ സൃഷ്ടിയായിരിക്കാം! വിദ്യാഭ്യാസ ആനിമേഷനുകളിലെ നിങ്ങളുടെ പുതിയ ആശയങ്ങൾക്ക് മികച്ച വിജയം നേടാൻ കഴിയും. ഈ ഒക്ടോബർ 28-ന് അതായത് നാളെ 'ലോക ആനിമേഷൻ ദിനം' ആഘോഷിക്കുന്നു. വരൂ, ഭാരതത്തെ ആഗോള ആനിമേഷൻ പവർ ഹൗസാക്കി മാറ്റാൻ നമുക്ക് ദൃഢനിശ്ചയം എടുക്കാം.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, സ്വാമി വിവേകാനന്ദൻ ഒരിക്കൽ വിജയത്തിന്റെ ഒരു മന്ത്രം പറഞ്ഞു തന്നിരുന്നു, അദ്ദേഹത്തിന്റെ മന്ത്രം ഇതായിരുന്നു - 'ഒരു ആശയം എടുക്കുക, ആ ആശയത്തെ നമ്മുടെ  ജീവിതമാക്കുക, അതിനെക്കുറിച്ച് ചിന്തിക്കുക, സ്വപ്നം കാണുക,  അതിലൂടെ ജീവിക്കാൻ തുടങ്ങുക.' ഇന്ന് ‘ആത്മനിർഭർ ഭാരത്’ കാമ്പയിനും ഈ മന്ത്രം അനുസരിക്കുന്നു. ഇന്ന് ഈ പ്രചരണം നമ്മുടെ പൊതു ബോധത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. നിരന്തരമായി ഓരോ ഘട്ടത്തിലും ഈ മന്ത്രം നമുക്ക് പ്രേരണയും പ്രചോദനവും നല്കുന്നു. സ്വാശ്രയത്വം നമ്മുടെ നയം മാത്രമല്ല, അത് നമ്മുടെ അഭിനിവേശവും കൂടിയാണ്. ഏറെ വർഷങ്ങൾ ആയിട്ടില്ല, 10 വർഷം മുൻപുള്ള ഒരു കാര്യമാണ്, ഭാരതത്തിൽ ചില സങ്കീർണ്ണ സാങ്കേതിക വിദ്യകൾ വികസിക്കേണ്ടതുണ്ടെന്ന് പറഞ്ഞപ്പോൾ ആരും അത് വിശ്വസിച്ചില്ല, പലരും പരിഹസിക്കുകയും എന്നാൽ ഇന്ന് അതേ ആളുകൾ നമ്മുടെ നാടിന്റെ വിജയം കണ്ട് അമ്പരന്നു നിൽക്കുന്നു. എല്ലാ മേഖലയിലും അത്ഭുതങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഭാരതം ഇന്ന് സ്വയം പര്യാപ്തത കൈവരിച്ചു കൊണ്ട് മുന്നേറുന്നു. ഒന്ന് സങ്കൽപ്പിച്ചു നോക്കൂ, ഒരു കാലത്ത് മൊബൈൽ ഫോണുകളുടെ ഇറക്കുമതിക്കാരായിരുന്ന ഭാരതം ഇന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ നിർമ്മാതാവായി മാറിയിരിക്കുന്നു. ഒരിക്കൽ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിരോധ ഉപകരണങ്ങൾ വാങ്ങിയിരുന്ന ഭാരതം ഇന്ന് 85 രാജ്യങ്ങളിലേക്കും അവ കയറ്റുമതി ചെയ്യുന്നു. ബഹിരാകാശ സാങ്കേതികവിദ്യയിൽ ഇന്ന് ഭാരതം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യത്തെ രാജ്യമായി മാറിയിരിക്കുന്നു. എന്നെ വളരെയേറെ ആഹ്ലാദിപ്പിച്ച ഒരു കാര്യം എന്താണെന്ന് വച്ചാൽ, ഇന്ന് ഈ സ്വാശ്രയ ഭാരതം എന്ന  പ്രചരണം ഒരു ​ഗവൺമെന്റ് പ്രചരണം മാത്രമല്ല, മറിച്ച് ഇത് ഒരു ബഹുജന പ്രചരണമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ എല്ലാ മേഖലയിലും നമുക്ക് വിജയം കൈവരിക്കാൻ കഴിയുന്നു. ഉദാഹരണത്തിന്, ഈ മാസം നാം ലഡാക്കിലെ ഹാൻലെയിൽ ഏഷ്യയിലെ ഏറ്റവും വലിയ 'ഇമേജിംഗ് ടെലിസ്കോപ്പ് ആയ MACE ഉദ്ഘാടനം ചെയ്തു. 4300 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ പ്രത്യേകത എന്താണെന്ന് അറിയാമോ ! ഇത് 'മെയ്ഡ് ഇൻ ഇന്ത്യ' ആണ്. ഒന്ന് ആലോചിച്ച് നോക്കൂ, മൈനസ് 30 ഡിഗ്രി തണുപ്പുള്ള ഒരു സ്ഥലത്ത്, ഓക്സിജൻ പോലും ശരിയായി കിട്ടാത്ത സ്ഥലത്ത്, നമ്മുടെ ശാസ്ത്രജ്ഞരും പ്രാദേശിക വ്യവസായമേഖലയും ചെയ്ത ഇക്കാര്യം ഏഷ്യയിലെ ഒരു ദേശത്തും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഹാൻലെയിലെ ദൂരദർശിനി വിദൂരമായ  ലോകത്തെ കാണുന്നുണ്ടാകാം, പക്ഷേ അത് നമുക്ക് ഒരു കാര്യംകൂടി കാണിച്ചുതരുന്നു, അത് സ്വാശ്രയ ഭാരതത്തിന്റെ ശക്തിയാണ്.

സുഹൃത്തുക്കളേ, നിങ്ങളും ഒരു കാര്യം ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഭാരതം സ്വയംപര്യാപ്തത കൈവരിച്ചതിന്റെയും  അതിനുള്ള ശ്രമങ്ങളുടെയും പരമാവധി ഉദാഹരണങ്ങൾ പങ്കിടുക. നിങ്ങളുടെ അയൽപക്കത്ത് നിങ്ങൾ കണ്ട പുതിയ കണ്ടുപിടുത്തം ഏതാണ്, ഏത് പ്രാദേശിക സ്റ്റാർട്ട്-അപ്പ് ആണ് നിങ്ങളെ ഏറ്റവും ആകർഷിച്ചത്, ഈ വിവരങ്ങൾ #AatmanirbharInnovation എന്നതിനൊപ്പം സോഷ്യൽ മീഡിയയിൽ കുറിക്കുകയും സ്വാശ്രയഭാരതത്തെ ആഘോഷിക്കുകയും ചെയ്യുക. ഉത്സവങ്ങളുടെ ഈ സീസണിൽ, സ്വാശ്രയഭാരതത്തിന്റെ ഈ പ്രചരണത്തെ നമുക്കേവർക്കും ചേർന്ന്  കൂടുതൽ ശക്തിപ്പെടുത്താം. വോക്കൽ ഫോർ ലോക്കൽ എന്ന മന്ത്രം ഓർത്തുകൊണ്ട് സാധനങ്ങൾ വാങ്ങുക . ഇത് പുതിയ ഭാരതമാണ്, ഇവിടെ അസാധ്യം എന്നത് ഒരു വെല്ലുവിളി മാത്രമാണ്. ഇവിടെ മേക്ക് ഇൻ ഇന്ത്യ ഇപ്പോൾ മേക്ക് ഫോർ വേൾഡ്  ആയി  മാറിയിരിക്കുന്നു, ഇവിടെ ഓരോ പൗരനും ഒരു നൂതനാശയക്കാരാണ്, ഓരോ വെല്ലുവിളിയും അവസരമാണ്. നമുക്ക് ഭാരതത്തെ സ്വയം പര്യാപ്തമാക്കുന്നതിനൊപ്പം  നവീകരണത്തിന്റെ ആഗോള ശക്തികേന്ദ്രമായി പുഷ്ടിപ്പെടുത്തുകയും വേണം.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഞാൻ നിങ്ങൾക്ക് ഒരു ശബ്ദശകലം കേൾപ്പിക്കാം

Fraud Caller 1: Hello

Victim : सर नमस्ते सर

Fraud Caller 1: नमस्ते

Victim : सर बोलिये सर

Fraud Caller 1: देखिये ये जो आपने FIR नंबर मुझे send किया है, इस नंबर के खिलाफ 17 complaints हैं हमारे पास, आप ये नंबर use कर रहे हैं?

Victim : मैं ये नहीं use करता हूँ सर

Fraud Caller 1: अभी कहाँ से बात कर रहे हो?

Victim : सर कर्नाटका सर, अभी घर में हूँ सर

Fraud Caller 1: Ok, चलिए आप अपने statement record कारवाईये ताकि ये नंबर block कर लिया जाए | future में आपको कोई problem न हो, Ok

Victim : Yes Sir

Fraud Caller 1: अभी मैं आपको connect कर रहा हूँ, ये आपका Investigation Officer है | आप अपनी statement record कारवाईये ताकि ये नंबर block कर दिया जाए, Ok        
 
Victim : Yes Sir

Fraud Caller 1: हाँ जी बताइये, क्या मैं किसके साथ बात कर रहा हूँ? अपना आधार कार्ड मुझे show कीजिएगा,  verify करने के लिए बताईये  

Victim :  सर मेरे पास अभी नहीं है सर आधार कार्ड सर, please sir  

Fraud Caller 1: फोन, आपके फोन में है?

Victim : नहीं सर

Fraud Caller 1: फोन में आधार कार्ड की picture नहीं है आपके पास?    

Victim : नहीं सर

Fraud Caller 1: नंबर याद है आपको?

Victim : सर नहीं है सर, नंबर भी याद नहीं है सर
Fraud Caller 1: हमने सिर्फ verify करना है, ok, verify करने के लिए

Victim : नहीं सर

Fraud Caller 1: आप डरिए न, डरिए न, अगर आपने कुछ नहीं किया है तो आप डरिए न

Victim : हाँ सर, हाँ सर

Fraud Caller 1: आपके पास आधार कार्ड है तो मुझे दिखा दीजिये verify करने के लिए  

Victim : नहीं सर, नहीं सर, मैं गाँव पर आया था सर उधर घर में है सर

Fraud Caller 1: Ok

दूसरी आवाज May I come in sir

Fraud Caller 1: Come in

Fraud Caller 2: जय हिन्द

Fraud Caller  1: जय हिन्द
Fraud Caller 1: इस व्यक्ति की one sided video call record करो as per the protocol, ok.  

ഈ ഓഡിയോ, വെറുതെ വിവരങ്ങൾ നൽകുന്നത്തിനു വേണ്ടിയുള്ളതല്ല, ഇതൊരു നേരമ്പോക്ക് ഓഡിയോയും അല്ല, വളരെ ​ഗൗരവമായ  ആശങ്കയാണ് ഈ ഓഡിയോ പങ്കുവക്കുന്നത്. നിങ്ങൾ ഇപ്പോൾ കേട്ട സംഭാഷണം ഡിജിറ്റൽ അറസ്റ്റിന്റെ തട്ടിപ്പിനെക്കുറിച്ചാണ്. ഇരയും തട്ടിപ്പുകാരനും തമ്മിലാണ്  ഈ സംഭാഷണം നടന്നത്. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ, വിളിക്കുന്നവർ, ചിലപ്പോൾ പോലീസ്, ചിലപ്പോൾ C.B.I, ചിലപ്പോൾ നർക്കോട്ടിക്സ്, ചിലപ്പോൾ R.B.I, വിവിധ ലേബലുകൾ പ്രയോഗിക്കുകയും വ്യാജ ഉദ്യോഗസ്ഥർ ചമഞ്ഞ് സംസാരിക്കുകയും വളരെ ആത്മവിശ്വാസത്തോടെ അത് അവതരിപ്പിക്കുകയും ചെയ്യുന്നു. ഇത് തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടതാണെന്ന് ‘മൻ കി ബാത്ത്’ ശ്രോതാക്കളിൽ പലരും എന്നോട് പറഞ്ഞിരുന്നു. ഈ തട്ടിപ്പ് സംഘം എങ്ങനെ പ്രവർത്തിക്കുന്നു എന്നു ഞാൻ നിങ്ങളോട് പറഞ്ഞു തരാം, ഒപ്പം ഈ അപകടകരമായ ചതിക്കുഴി എന്താണെന്നും ഇതിനെക്കുറിച്ച് നിങ്ങൾ മനസ്സിലാക്കേണ്ടത്  അത്യാവശ്യമാണ്, മറ്റുള്ളവരെ മനസ്സിലാക്കിക്കുന്നതും അതുപോലെതന്നെ പ്രധാനമാണ്.

ആദ്യത്തെനീക്കം – നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ, അവർ ശേഖരിച്ചു വക്കുന്നു. “നിങ്ങൾ കഴിഞ്ഞ മാസം ഗോവയിൽപോയി, അല്ലേ? നിങ്ങളുടെ മകൾ ഡൽഹിയിൽ പഠിക്കുന്നു അല്ലേ? നിങ്ങളെ അമ്പരപ്പിക്കുംവിധം അവർ നിങ്ങളെ കുറിച്ച് ധാരാളം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടാകും. രണ്ടാമത്തെനീക്കം  - ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുക, യൂണിഫോം, ​ഗവൺമെന്റ് ഓഫീസിന്റെ സജ്ജീകരണം, നിയമവിഭാഗങ്ങൾ, ഫോണിൽ സംസാരിക്കുമ്പോൾ നിങ്ങൾക്ക് ചിന്തിക്കാൻപോലും കഴിയാത്തവിധം, അവർ നിങ്ങളെ ഭയപ്പെടുത്തും. തുടർന്ന് അവരുടെ മൂന്നാമത്തെ തന്ത്രം ആരംഭിക്കുന്നു. സമയത്തിന്റെ സമ്മർദ്ദം, 'ഇപ്പോൾ നിങ്ങൾ തീരുമാനിക്കണം, അല്ലാത്തപക്ഷം നിങ്ങളെ അറസ്റ്റ്ചെയ്യേണ്ടി വരും' – ഈ ആളുകൾ ഇരയുടെ മേൽ വളരെയധികം മാനസികസമ്മർദ്ദം ചെലുത്തുന്നു, അങ്ങനെ ഇര ഭയപ്പെടുന്നു. ഡിജിറ്റൽ അറസ്റ്റിന്റെ ഇരകളിൽ എല്ലാ വിഭാഗത്തിലും പ്രായത്തിലുമുള്ള ആളുകളുണ്ട്. ഭയംമൂലം ജനങ്ങൾക്ക് തങ്ങളുടെ അധ്വാനത്തിലൂടെ സമ്പാദിച്ച ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായത്. എപ്പോഴെങ്കിലും ഇങ്ങനെ ഒരു കോൾ വന്നാൽ പേടിക്കേണ്ടതില്ല. ഒരു അന്വേഷണ ഏജൻസിയും ഫോൺ കോളിലൂടെയോ വീഡിയോകോളിലൂടെയോ ഇതുപോലെ അന്വേഷണം നടത്തുന്നില്ലെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ഡിജിറ്റൽ സുരക്ഷയുടെ മൂന്നു ഘട്ടങ്ങൾ ഞാൻ നിങ്ങളോട് പറയാം. 'നിൽക്കൂ – ചിന്തിക്കൂ – നടപടി സ്വീകരിക്കൂ'. കോൾ വന്നയുടൻ, സംയമനം പാലിക്കുക. പരിഭ്രാന്തരാകരുത്, ശാന്തത പാലിക്കുക, തിടുക്കത്തിൽ ഒരു നടപടിയും എടുക്കരുത്, നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ആർക്കും നൽകരുത്, സാധ്യമെങ്കിൽ സ്ക്രീൻഷോട്ട് എടുത്തു റിക്കാർഡിംഗ് നടത്തുക. ഇതിനുശേഷം രണ്ടാംഘട്ടം വരുന്നു, ഒരു ​ഗവൺമെന്റ് ഏജൻസിയും ഫോണിലൂടെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തുകയോ വീഡിയോ കോളുകൾ വഴി അന്വേഷണം നടത്തുകയോ പണം ആവശ്യപ്പെടുകയോ ചെയ്യുന്നില്ല. നിങ്ങൾക്ക് ഭയം തോന്നുന്നുവെങ്കിൽ, എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കുക. ആദ്യഘട്ടം, രണ്ടാംഘട്ടം കഴിഞ്ഞു. ഇനി ഞാൻ മൂന്നാംഘട്ടം പറയാം. 'നടപടി സ്വീകരിക്കുക'. നാഷണൽ സൈബർ ഹെൽപ്ലൈൻ 1930 ഡയൽ ചെയ്യുക, cybercrime.gov.in-ൽ റിപ്പോർട്ട് ചെയ്യുക, കുടുംബത്തെയും പോലീസിനെയും അറിയിക്കുക, തെളിവുകൾ സൂക്ഷിക്കുക. 'നിൽക്കൂ', 'ചിന്തിക്കൂ', 'നടപടി' സ്വീകരിക്കൂ, ഈ മൂന്നു ഘട്ടങ്ങൾ നിങ്ങളുടെ ഡിജിറ്റൽ സുരക്ഷയുടെ സംരക്ഷകനാകും.

സുഹൃത്തുക്കളേ, നിയമത്തിൽ ഡിജിറ്റൽ അറസ്റ്റ്പോലൊരു സംവിധാനമില്ലെന്ന് ഞാൻ വീണ്ടും പറയുന്നു, അത് വെറും തട്ടിപ്പാണ്., വഞ്ചന, നുണ ഒരു കൂട്ടം കുബുദ്ധികളുടെ പണിയാണ്, ഇത് ചെയ്യുന്നവർ  സമൂഹത്തിന്റെ ശത്രുക്കളാണ്. ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ നടക്കുന്ന തട്ടിപ്പ് നേരിടാൻ എല്ലാ അന്വേഷണ ഏജൻസികളും സംസ്ഥാന ​ഗവൺമെന്റുകളുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ്. ഈ ഏജൻസികൾക്കിടയിൽ ഏകോപനം സൃഷ്ടിക്കുന്നതിനായി നാഷണൽ സൈബർ കോ-ഓർഡിനേഷൻ സെന്റർ സ്ഥാപിച്ചു. ഇത്തരം തട്ടിപ്പിൽ ഉൾപ്പെട്ട ആയിരക്കണക്കിന് വീഡിയോകാൾ ഐഡികൾ ഏജൻസികൾ ബ്ലോക്ക്‌ ചെയ്തിട്ടുണ്ട്. ലക്ഷകണക്കിന് സിംകാർഡുകൾ, മൊബൈൽ ഫോണുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവയും ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഏജൻസികൾ അവരുടെ ജോലിചെയ്യുന്നു, എന്നാൽ ഡിജിറ്റൽ അറസ്റ്റിന്റെ പേരിലുള്ള തട്ടിപ്പുകൾ ഒഴിവാക്കാൻ, എല്ലാവരുടെയും അവബോധം, ഓരോ പൗരന്റെയും അവബോധം വളരെ പ്രധാനമാണ്. ഇത്തരത്തിലുള്ള സൈബർതട്ടിപ്പിന് ഇരയാകുന്നവർ ഇതിനെ കുറിച്ച് കഴിയുന്നത്ര ആളുകളോട് പറയണം. ബോധവൽക്കരണത്തിനായി നിങ്ങൾക്ക് #SafeDigitalIndia ഉപയോഗിക്കാം. സൈബർ തട്ടിപ്പിനെതിരെയുള്ള പ്രചരണത്തിൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്താൻ ഞാൻ സ്കൂളുകളോടും കോളേജുകളോടും ആവശ്യപ്പെടും. സമൂഹത്തിലെ എല്ലാവരുടെയും പ്രയത്നത്തിലൂടെ മാത്രമേ നമുക്ക് ഈ വെല്ലുവിളിയെ നേരിടാൻകഴിയൂ.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ സ്കൂൾ കുട്ടികളിൽ പലരും കാലിഗ്രാഫിയിൽ വളരെ താല്പര്യമുള്ളവരാണ്. ഇതിലൂടെ നമ്മുടെ കൈയക്ഷരം ശുദ്ധവും മനോഹരവും ആകർഷകവുമാക്കുന്നു. ഇന്ന് ജമ്മുകാശ്മീരിൽ പ്രാദേശിക സംസ്കാരത്തെ ജനകീയമാക്കാൻ ഇത് ഉപയോഗിക്കുന്നു. ഇവിടെ, അനന്തനാഗിലെ ശ്രീമതി. ഫിർദൗസ ബഷീറിന്  കാലിഗ്രാഫിയിൽ വൈദഗ്ദ്ധ്യമുണ്ട്, ഇതിലൂടെ അവർ പ്രാദേശിക സംസ്കാരത്തിന്റെ പലവശങ്ങളും ജനങ്ങളിലേക്ക് കൊണ്ട് വരുന്നു. ശ്രീമതി. ഫിർദൗസിയുടെ കാലിഗ്രാഫി നാട്ടുകാരെ പ്രത്യേകിച്ച് യുവാക്കളെ ആകർഷിച്ചിട്ടുണ്ട്. ഉധംപൂരിലെ ശ്രീ. ഗോരിനാഥും സമാനമായ ശ്രമം നടത്തുന്നുണ്ട്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള സാരംഗിയിലൂടെ ഡോഗ്ര സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും വിവിധരൂപങ്ങൾ സംരക്ഷിക്കുന്ന തിരക്കിലാണ് അദ്ദേഹം. സാരംഗിയുടെ ഈണങ്ങൾക്കൊപ്പം അവരുടെ സംസ്കാരവുമായി ബന്ധപ്പെട്ട പുരാതനകഥകളും ചരിത്രസംഭവങ്ങളും രസകരമായി പറയുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽപോലും സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കാൻ മുന്നിട്ടിറങ്ങിയ നിരവധി അസാമാന്യ വ്യക്തികളെ കാണാം. ഡി. വൈകുണ്ഠം 50 വർഷത്തോളമായി ചെറിയാൽ ആർട്ടിനെ ജനകീയമാക്കുന്നതിൽ വ്യാപൃതനാണ്. തെലങ്കാനയുമായി ബന്ധപ്പെട്ട ഈ കലയെ മുന്നോട്ട്കൊണ്ടു പോകാനുള്ള അദ്ദേഹത്തിന്റെ ശ്രമം അതിശയകരമാണ്. ചെറിയാൽ പെയിന്റിംഗ്  തയ്യാറാക്കുന്ന രീതി  സമാനതകളില്ലാത്തതാണ്. ഇതൊരു സ്ക്രോൾപോലെ 'കഥകൾ' ആവിഷ്കരിക്കുന്നു. ഇതിൽ നമ്മുടെ ചരിത്രത്തിന്റെയും പുരാണങ്ങളുടെയും പൂർണ്ണമായ ഒരു ദൃശ്യം ലഭിക്കും. അതുപോലെ തന്നെ ഛത്തീസ്ഗഡിലെ നാരായൺപൂരിലെ ശ്രീ. ബുടളൂ റാം മാഥ്ര, അബുഝ്മാടിയ ഗോത്രത്തിന്റെ നാടോടികലകളെ സംരക്ഷിക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടായി അദ്ദേഹം ഈ ദൗത്യത്തിൽ മുഴുകിയിരിക്കുന്നു. 'ബേട്ടി ബചാവോ - ബേട്ടി പഠാവോ', 'സ്വച്ഛ്ഭാരത്' തുടങ്ങിയ പ്രചാരണങ്ങളുമായി ആളുകളെ ബന്ധിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ കലാവിരുത് ഏറെ ഫലപ്രദമാണ്.

സുഹൃത്തുക്കളേ, കാശ്മീരിലെ സമതലങ്ങൾ മുതൽ ഛത്തീസ്ഗഢിലെ വനങ്ങൾവരെ  നമ്മുടെ കലയും സംസ്കാരവും എങ്ങനെ പുതിയ നിറങ്ങൾ പരത്തുന്നു എന്നതിനെ കുറിച്ചാണ് നാം  ഇപ്പോൾ സംസാരിച്ചത്, പക്ഷേ ഇത് ഇവിടെ അവസാനിക്കുന്നില്ല. നമ്മുടെ ഈ കലകളുടെ സൗരഭ്യം ഏറെ അകലെയും പരക്കുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ജനങ്ങൾ ഭാരതീയ കലയിലും സംസ്കാരത്തിലും മുഴുകുകയാണ്. ഉധംപൂരിലെ പ്രതിധ്വനിക്കുന്ന സാരംഗിയെക്കുറിച്ച് ഞാൻ നിങ്ങളോട് പറയുമ്പോൾ, ആയിരക്കണക്കിനു മൈലുകളകലെ, റഷ്യൻ നഗരമായ യാകുത്സ്കിൽ, ഭാരതീയകലയുടെ മധുരരാഗം പ്രതിധ്വനിക്കുന്നതെങ്ങനെയെന്നു  ഞാൻ ഓർത്തുപോകുന്നു. ഒരു ശീതകാലദിനം, മൈനസ് 65 ഡിഗ്രി താപനില, ചുറ്റും മഞ്ഞിന്റെ വെളുത്ത പുതപ്പ്. ഒരു തിയേറ്ററിലെ പ്രേക്ഷകർ കാളിദാസന്റെ "അഭിജ്ഞാനശാകുന്തളം" കണ്ട് മനംമയങ്ങിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും തണുപ്പുള്ള നഗരമായ യാകുത്സ്കിൽ ഭാരതീയ സാഹിത്യത്തിന്റെ ഊഷ്മളത. നിങ്ങൾക്ക് ഊഹിക്കാനാകുമോ? ഇത് ഭാവനയല്ല  സത്യമാണ് – നമ്മിൽ  അഭിമാനവും ആനന്ദവും നിറയ്ക്കുന്ന ഒരു സത്യം.

സുഹൃത്തുക്കളേ, ഏതാനും ആഴ്ചകൾക്ക് മുമ്പ്  ഞാൻ  ലാവോസിൽ പോയിരുന്നു. നവരാത്രിയുടെ സമയമായിരുന്നു, അവിടെ ഞാൻ ഒരു അത്ഭുതം കണ്ടു. പ്രാദേശിക കലാകാരന്മാർ, ലാവോസിലെ രാമായണമായ ‘ഫ്ര ലാക് ഫ്രാ രാം’ അവതരിപ്പിക്കുകയായിരുന്നു. രാമായണത്തോടുള്ള നമ്മുടെ അതേ ഭക്തി, അദ്ദേഹത്തിന്റെ സ്വരത്തിലെ അതേ സമർപ്പണം. അതുപോലെ കുവൈറ്റിൽ ശ്രീ. അബ്ദുല്ല അൽബറൂൺ രാമായണവും മഹാഭാരതവും അറബിയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഈ കൃതി ഒരു വിവർത്തനം മാത്രമല്ല, രണ്ട് മഹത്തായ സംസ്കാരങ്ങൾ തമ്മിലുള്ള പാലമാണ്. അദ്ദേഹത്തിന്റെ ശ്രമങ്ങൾ അറബ് ലോകത്ത് ഭാരതീയ സാഹിത്യത്തെക്കുറിച്ച് ഒരു പുതിയ ധാരണ വളർത്തിയെടുക്കുന്നു. പ്രചോദനാത്മകമായ മറ്റൊരു ഉദാഹരണം പെറുവിൽ നിന്നാണ് – ശ്രീമതി. എർലിൻഡ ഗാർഷ്യ അവിടെ യുവാക്കളെ ഭരതനാട്യം പഠിപ്പിക്കുന്നു, ശ്രീമതി. മരിയ വാൽഡെസ് ഒഡീസി നൃത്തം പരിശീലിപ്പിക്കുന്നു. തെക്കേ അമേരിക്കയിലെ പല രാജ്യങ്ങളിലും ഭാരതീയ ശാസ്ത്രീയ നൃത്തങ്ങളുടെ പ്രചാരം തരംഗമാകുന്നുണ്ട്.
സുഹൃത്തുക്കളേ, വിദേശ മണ്ണിൽ ഭാരതത്തിന്റെ ഈ ഉദാഹരണങ്ങൾ ഭാരതസംസ്കാരത്തിന്റെ ശക്തി എത്ര അത്ഭുതകരമാണെന്ന് കാണിക്കുന്നു. ഇവ ലോകത്തെ നിരന്തരം നമ്മിലേക്ക്‌ ആകർഷിക്കുന്നു.

‘എവിടെയെല്ലാം കലകളുണ്ടോ അവിടെയെല്ലാം ഭാരതമുണ്ട്’
‘എവിടെയെല്ലാം സംസ്ക്കാരമുണ്ടോ അവിടെയും ഭാരതമുണ്ട്’
ഇന്ന് ലോകത്തെമ്പാടുമുള്ള ആളുകൾ ഭാരതത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു, ഭാരതീയരെ അറിയാൻ ആഗ്രഹിക്കുന്നു. അതിനാൽ, നിങ്ങളോടെല്ലാവരോടും ഒരു അഭ്യർത്ഥനയുണ്ട്, നിങ്ങൾക്ക് ചുറ്റുമുള്ള ഇത്തരം സാംസ്കാരിക സംരംഭങ്ങൾ #CulturalBridges-മായി പങ്കിടുക. അത്തരം ഉദാഹരണങ്ങൾ നമ്മൾ 'മൻ കി ബാത്തിൽ' കൂടുതൽ ചർച്ച ചെയ്യും.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, രാജ്യത്തിന്റെ നല്ലൊരുപാതിയും തണുപ്പുകാലം ആരംഭിച്ചിരിക്കുന്നു, എന്നാൽ ഫിറ്റ്നസിനോടുള്ള അഭിനിവേശം, ഫിറ്റ്ഇന്ത്യയുടെ ഊർജം – ഇവയ്ക്ക് ഒരു കാലാവസ്ഥയിലും മാറ്റം വരുന്നില്ല. ആരോഗ്യത്തോടെ  ഇരിക്കാൻ  ശീലമുള്ള ഒരാൾ തണുപ്പും ചൂടും മഴയും ഒന്നും കാര്യമാക്കാറില്ല. ഭാരതത്തിലെ ആളുകൾ ഇപ്പോൾ ഫിറ്റ്നസിനെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെ ചുറ്റുമുള്ള പാർക്കുകളിൽ ആളുകളുടെ എണ്ണം വർദ്ധിക്കുന്നതും നിങ്ങൾ ശ്രദ്ധിച്ചിരിക്കണം. പ്രായമായവരും യുവാക്കളും കുടുംബങ്ങളും പാർക്കിൽ ഉലാത്തുന്നതും യോഗ ചെയ്യുന്നതും കാണുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു. ഞാൻ ഓർക്കുന്നു, യോഗാദിനത്തിൽ ശ്രീനഗറിൽ ആയിരുന്നപ്പോൾ, മഴയെ വകവെക്കാതെ, നിരവധി ആളുകൾ 'യോഗ'ക്കായി ഒത്തുകൂടി. കുറച്ചു ദിവസങ്ങൾക്ക്മുമ്പ്, ശ്രീനഗറിൽ നടന്ന മാരത്തണിൽ, ഫിറ്റ്നസ് നിലനിർത്താനുള്ള അതേ ആവേശം ഞാൻ കണ്ടു. ഫിറ്റ്ഇന്ത്യ എന്ന ഈ വികാരം ഇപ്പോൾ ഒരു ബഹുജനപ്രസ്ഥാനമായി മാറുകയാണ്.

സുഹൃത്തുക്കളെ, നമ്മുടെ സ്കൂളുകൾ ഇപ്പോൾ കുട്ടികളുടെ ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധചെലുത്തുന്നത്  കാണുന്നതിൽ എനിക്കും സന്തോഷമുണ്ട്. ഫിറ്റ് ഇന്ത്യ സ്കൂൾ അവേഴ്സ് ഒരു അതുല്യ സംരംഭം കൂടിയാണ്. വിവിധ ഫിറ്റ്നസ് പ്രവർത്തനങ്ങൾക്കായി സ്കൂളുകൾ അവരുടെ കുറച്ചു സമയം മാറ്റിയിട്ട് അവരുടെ ആദ്യ പീരിയഡ് വിനിയോഗിക്കുന്നു. പല സ്കൂളുകളിലും, ചില ദിവസങ്ങളിൽ കുട്ടികളെ യോഗ ചെയ്യിപ്പിക്കുന്നു, ചില ദിവസങ്ങളിൽ എയ്റോബിക് സെഷനുകൾ ഉണ്ട്, ചില ദിവസങ്ങളിൽ സ്പോർട്സ് പരിശീലനം  നൽകുന്നു,  ചില ദിവസങ്ങളിൽ ഖോ-ഖോ, കബഡി തുടങ്ങിയ പരമ്പരാഗത കളികളിൽ ഏർപ്പെടുന്നു. അതിന്റെ ഫലവും വളരെ ഗംഭീരമാണ്. ഹാജർ നില മെച്ചപ്പെടുന്നു, കുട്ടികളുടെ ഏകാഗ്രത വർധിക്കുന്നു, കുട്ടികളും ഉല്ലസിക്കുന്നു.

സുഹൃത്തുക്കളേ, ആരോഗ്യത്തിന്റെ ഈ ഊർജ്ജം ഞാൻ എല്ലായിടത്തും കാണുന്നു. 'മൻ കി ബാത്' കേൾക്കുന്ന നിരവധിപേർ അവരുടെ അനുഭവങ്ങൾ എനിക്ക് അയച്ചുതന്നിട്ടുണ്ട്. ചില ആളുകൾ വളരെ രസകരമായ പരീക്ഷണങ്ങൾ നടത്തുന്നു. ഉദാഹരണത്തിന്, ഫാമിലിഫിറ്റ്നസ് മണിക്കൂർ‍ എന്നതിനർത്ഥം ഒരു കുടുംബം എല്ലാ വാരാന്ത്യത്തിലും ഒരുമണിക്കൂർ ഫാമിലിഫിറ്റ്നസ് ആക്റ്റിവിറ്റിക്കായി നീക്കിവയ്ക്കുന്നു എന്നാണ്. മറ്റൊരു ഉദാഹരണം തദ്ദേശീയ കളികളുടെ പുനരുജ്ജീവനമാണ്, അതായത്, ചില കുടുംബങ്ങൾ തങ്ങളുടെ കുട്ടികളെ പരമ്പരാഗത ഗെയിമുകൾ പഠിപ്പിക്കുന്നു, കളിപ്പിക്കുന്നു. നിങ്ങളും #fitIndia എന്ന പ്ലാറ്റ്ഫോമിൽ സോഷ്യൽ മീഡിയയിലൂടെ  നിങ്ങളുടെ ഫിറ്റ്നസ് റുട്ടീൻ പങ്കിടൂ . രാജ്യത്തെ ജനങ്ങൾക്ക് ഒരു പ്രധാനപ്പെട്ട വിവരം  നല്കാൻ ആഗ്രഹിക്കുന്നു. ഇത്തവണയും ദീപാവലി ആഘോഷം സർദാർ പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31നാണ്. എല്ലാവർഷവും ഒക്ടോബർ 31-ന് "ദേശീയ ഏകതാദിനത്തിൽ" നാം 'റൺ ഫോർ യൂണിറ്റി' സംഘടിപ്പിക്കാറുണ്ട്. ഇത്തവണയും ദീപാവലി പ്രമാണിച്ച് ഒക്ടോബർ 29-ന് അതായത് ചൊവ്വാഴ്ച 'റൺ ഫോർ യൂണിറ്റി' സംഘടിപ്പിക്കും. ഇതിൽ പരമാവധി പങ്കാളികളാകാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു – ദേശീയ ഐക്യത്തിന്റെ മന്ത്രത്തോടൊപ്പം, എല്ലായിടത്തും ഫിറ്റ്നസ് മന്ത്രവും  പ്രചരിപ്പിക്കുക.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,  'മൻ കി ബാത്തിൽ' ഇക്കാലമത്രയും നിങ്ങൾ പ്രതികരണങ്ങൾ അയച്ചതുപോലെ ഇനിയും അയച്ചുകൊണ്ടിരിക്കണം. ഇത് ഉത്സവങ്ങളുടെ കാലമാണ്. ധൻതേരസ്, ദീപാവലി, ഛഠ് പൂജ, ഗുരുനാനാക്ക് ജയന്തി, തുടങ്ങിയ എല്ലാ ഉത്സവങ്ങൾക്കായും 'മൻ കി ബാത്ത്' ശ്രോതാക്കൾക്ക് ഞാൻ ആശംസകൾ നേരുന്നു. വരൂ, ഏവർക്കും പൂർണ്ണ ഉത്സാഹത്തോടെ ഉത്സവങ്ങൾ ആഘോഷിക്കാം - വോക്കൽ ഫോർ ലോക്കൽ എന്ന മന്ത്രം ഓർക്കൂ, പ്രാദേശിക കടയുടമകളിൽ നിന്ന് വാങ്ങുന്ന സാധനങ്ങൾ ഉത്സവസമയത്ത് നിങ്ങളുടെ വീട്ടിലെത്തുന്നുവെന്ന് ഉറപ്പാക്കാൻ ശ്രമിക്കുക. ഒരിക്കൽകൂടി, വരാനിരിക്കുന്ന ഉത്സവങ്ങൾക്ക് എല്ലാവർക്കും ആശംസകൾ. നന്ദി.

 

 

 

 

 

 

 

 

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Over 1,700 agri startups supported with Rs 122 crore: Govt

Media Coverage

Over 1,700 agri startups supported with Rs 122 crore: Govt
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 12
December 12, 2024

Transforming Lives: Appreciation for PM Modi's Initiatives Bringing Development to all