ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മെയ് 20-നു റോമിൽ ഔദ്യോഗിക ചർച്ചകൾ നടത്തി.
ഉന്നതതല കൈമാറ്റങ്ങളുടെ കരുത്തുറ്റ മുന്നേറ്റത്തെയും ഉഭയകക്ഷിസഹകരണത്തിന്റെ മികച്ച വളർച്ചയെയും വൈവിധ്യവൽക്കരണത്തെയും ഇരുപ്രധാനമന്ത്രിമാരും സ്വാഗതംചെയ്തു. ഇന്ത്യ-ഇറ്റലി തന്ത്രപ്രധാന പങ്കാളിത്തത്തെ ‘പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം’ എന്ന നിലയിലേക്ക് ഉയർത്താൻ അവർ തീരുമാനിച്ചു. ബഹുരാഷ്ട്ര പരിപാടികളോട് അനുബന്ധിച്ചുള്ളവ ഉൾപ്പെടെ, നേതാക്കളുടെ വാർഷിക യോഗങ്ങളും കൃത്യമായ ഇടവേളകളിൽ മന്ത്രിതല-സ്ഥാപനതല യോഗങ്ങളും ചേരാനും അവർ ധാരണയായി.
ഇന്ത്യ-ഇറ്റലി പങ്കാളിത്തത്തിന്റെ എല്ലാ മേഖലകളും ഉൾക്കൊള്ളുന്ന സമഗ്ര ചർച്ചകളിൽ ഇരുനേതാക്കളും വ്യാപൃതരായി. ‘സംയുക്ത തന്ത്രപ്രധാന കർമപദ്ധതി 2025-2029’-ന്റെ എല്ലാ മേഖലകളിലും ഉഭയകക്ഷിസഹകരണത്തിൽ കൈവരിച്ച പുരോഗതി ഇരുനേതാക്കളും വിലയിരുത്തി. വ്യാപാരവും നിക്ഷേപവും, രാജ്യരക്ഷയും സുരക്ഷയും, ശാസ്ത്രവും സാങ്കേതികവിദ്യയും, ഗവേഷണവും നൂതനാശയങ്ങളും, ബഹിരാകാശം, ഊർജം, നിർമിതബുദ്ധിയും നിർണായക സാങ്കേതികവിദ്യകളും, വിദ്യാഭ്യാസം, സംസ്കാരം, ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിലുടനീളം സഹകരണം കൂടുതൽ വ്യാപിപ്പിക്കാൻ ഇരുനേതാക്കളും ധാരണയായി. സംയുക്ത തന്ത്രപ്രധാന കർമപദ്ധതി കൃത്യമായി വിലയിരുത്താൻ വിദേശകാര്യ മന്ത്രിതല സംവിധാനത്തിനു രൂപംനൽകാനും അവർ തീരുമാനിച്ചു.

ഉഭയകക്ഷി സാമ്പത്തിക-വ്യാപാര ബന്ധങ്ങളിലെ പുതിയ മുന്നേറ്റവും വർധിച്ചുവരുന്ന നിക്ഷേപങ്ങളും ദീർഘകാല സഹകരണം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങളും നേതാക്കൾ വിലയിരുത്തി. ഈ പശ്ചാത്തലത്തിൽ, കഴിഞ്ഞ വർഷം മൂന്നു വ്യാവസായിക ചർച്ചാവേദികൾ പരസ്പരം സംഘടിപ്പിച്ചതിനെ അവർ സ്വാഗതംചെയ്തു. രാജ്യരക്ഷ, ഡിജിറ്റൽ, ഊർജപരിവർത്തനം, അടിസ്ഥാനസൗകര്യം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളെ പ്രതിനിധാനംചെയ്യുന്ന തെരഞ്ഞെടുത്ത ഇറ്റാലിയൻ-ഇന്ത്യൻ സിഇഒമാരുമായും അവർ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷിവ്യാപാരം 2029-ഓടെ 20 ശതകോടി യൂറോയായി വർധിപ്പിക്കുകയെന്ന പൊതുലക്ഷ്യം മുൻനിർത്തി, ഇന്ത്യ-EU സ്വതന്ത്ര വ്യാപാര കരാറിൽനിന്നുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഇരുനേതാക്കളും ധാരണയാകുകയും അത് എത്രയും വേഗം നടപ്പാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
മന്ത്രിതല-ഔദ്യോഗികതല ഇടപെടലുകൾ, തുറമുഖ സന്ദർശനങ്ങൾ, പ്രതിരോധസേനകളുടെ കൃത്യമായ ഇടപെടലുകൾ എന്നിവയിലൂടെ പ്രതിരോധ സഹകരണം ആഴത്തിലാക്കുന്നതിൽ ഇരുനേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. പ്രതിരോധ ഉൽപ്പന്നങ്ങളുടെ സംയുക്ത രൂപകൽപ്പന, സംയുക്തവികസനം, സംയുക്ത ഉൽപ്പാദനം എന്നിവയിലെ സഹകരണത്തിനായുള്ള വ്യാവസായിക മാർഗരേഖയായ ‘സംയുക്ത താൽപ്പര്യപ്രഖ്യാപനം’ ഒപ്പുവച്ചതിനെ അവർ സ്വാഗതംചെയ്തു.

ഇരുരാജ്യങ്ങളിലെയും ഗവേഷകരും ശാസ്ത്രസ്ഥാപനങ്ങളും തമ്മിൽ വളർന്നുവരുന്ന ഇടപെടലുകളിൽ നേതാക്കൾ സംതൃപ്തി രേഖപ്പെടുത്തി. ഇറ്റാലിയൻ സ്പേസ് ഏജൻസിയും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സംഘടനയും (ISRO) തമ്മിൽ നിലവിലുള്ള സഹകരണത്തെയും വാണിജ്യ ബഹിരാകാശ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെയും അവർ സ്വാഗതംചെയ്തു. ഇന്ത്യയിലെ കഴിവുറ്റ തൊഴിൽശക്തിയും ഇറ്റലിയുടെ സാങ്കേതിക മികവും കൂട്ടിയോജിപ്പിച്ച്, നിർമിതബുദ്ധി, സെമികണ്ടക്ടർ, നിർണായക ധാതുക്കൾ, മറ്റ് അത്യാധുനിക സാങ്കേതികവിദ്യകൾ എന്നീ മേഖലകളിൽ കൂടുതൽ സഹകരണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
ഭീകരവാദമെന്ന വിപത്തിനെതിരെ പോരാടാനുള്ള കരുത്തുറ്റ പ്രതിജ്ഞാബദ്ധത ആവർത്തിച്ച ഇരുനേതാക്കളും ഉഭയകക്ഷി-ബഹുരാഷ്ട്ര തലങ്ങളിൽ സഹകരണം തുടരാൻ ധാരണയായി. 2025 നവംബറിൽ അംഗീകരിച്ച ‘ഭീകരർക്കുള്ള ധനസഹായം തടയുന്നതിനുള്ള സംയുക്തസംരംഭം’ നടപ്പാക്കിയതിൽ അവർ സംതൃപ്തി രേഖപ്പെടുത്തി.
ഇറ്റലിയിലെ ഇന്ത്യൻ സമൂഹത്തിന്റെ വിലയേറിയ സംഭാവനകളെ ഇരുനേതാക്കളും അംഗീകരിക്കുകയും വിദ്യാർഥികൾ, ഗവേഷകർ, അക്കാദമിക് വിദഗ്ധർ എന്നിവരുടെ സുഗമമായ യാത്രയ്ക്കു സൗകര്യമൊരുക്കാൻ ധാരണയാകുകയും ചെയ്തു. 2027 “ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള സാംസ്കാരിക-വിനോദസഞ്ചാര വർഷ”മായി ആഘോഷിക്കാൻ അവർ ധാരണയായി. ഗുജറാത്തിലെ ലോഥലിൽ ദേശീയ സമുദ്ര പൈതൃക സമുച്ചയം വികസിപ്പിക്കുന്നതിലെ സഹകരണത്തിനും ഇന്ത്യയിൽനിന്നു നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനും ഇന്ത്യയും ഇറ്റലിയും ധാരണാപത്രങ്ങൾ ഒപ്പുവച്ചതിനെ അവർ സ്വാഗതംചെയ്തു.

പ്രായോഗികമായ പദ്ധതികളിലൂടെ കണക്റ്റിവിറ്റി അടിസ്ഥാനസൗകര്യങ്ങൾ കെട്ടിപ്പടുക്കാനുള്ള തീവ്രമായ ആഗ്രഹം ഇരുനേതാക്കളും പ്രകടിപ്പിക്കുകയും ഇന്ത്യ-മധ്യപൂർവദേശ-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) നടപ്പാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിക്കുകയും ചെയ്തു.
ഇൻഡോ-പസഫിക് മേഖലയിലെ സംഭവവികാസങ്ങൾ, ഇന്ത്യ-EU ബന്ധങ്ങൾ, പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും സംഘർഷങ്ങൾ എന്നിവയുൾപ്പെടെ, പരസ്പരതാൽപ്പര്യമുള്ള ആഗോള-പ്രാദേശിക വിഷയങ്ങളിലും ഇരുനേതാക്കളും കാഴ്ചപ്പാടുകൾ പങ്കുവച്ചു. നിലവിലുള്ള സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിൽ, ചർച്ചകളുടെയും നയതന്ത്രത്തിന്റെയും പ്രാധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഗവണ്മെന്റും ഇറ്റലിയിലെ ജനങ്ങളും നൽകിയ ഊഷ്മളമായ ആതിഥ്യമര്യാദയ്ക്കു പ്രധാനമന്ത്രി മെലോനിക്ക് പ്രധാനമന്ത്രി ശ്രീ മോദി നന്ദി അറിയിച്ചു. പരസ്പരം സൗകര്യപ്രദമായ സമയത്ത് ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി മെലോനിയെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.
The talks with Prime Minister Meloni were excellent. Her commitment to furthering the India-Italy friendship is commendable. Bilateral ties between our nations have advanced significantly in sectors like trade, space, technology and more. In order to further deepen linkages, we… pic.twitter.com/0Q6m7C9Sub
— Narendra Modi (@narendramodi) May 20, 2026
PM Meloni and I reviewed the progress on the India-Italy Joint Strategy Action Plan 2025-2029. We agreed that investment and economic linkages have to be strengthened even further. The India-EU FTA presents a historic opportunity to do so. We even talked about areas such as… pic.twitter.com/q44wAiRMbZ
— Narendra Modi (@narendramodi) May 20, 2026
I colloqui con il Primo Ministro Meloni sono stati eccellenti. Il suo impegno nel promuovere l'amicizia tra India e Italia è encomiabile. I legami bilaterali tra le nostre nazioni hanno compiuto progressi significativi in settori come il commercio, lo spazio, la tecnologia e… pic.twitter.com/Rr40MXzVZZ
— Narendra Modi (@narendramodi) May 20, 2026
Il Primo Ministro Meloni ed io abbiamo esaminato i progressi del Piano d'Azione Strategico Congiunto India-Italia 2025-2029. Abbiamo concordato sulla necessità di rafforzare ulteriormente gli investimenti e i legami economici. L'accordo di libero scambio tra India e UE… pic.twitter.com/8rvMRPjvuc
— Narendra Modi (@narendramodi) May 20, 2026


