പങ്കിടുക
 
Comments
മംഗളൂരുവില്‍ 3800 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു
''വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന്, മെയ്ക്ക് ഇന്‍ ഇന്ത്യയും രാജ്യത്തിന്റെ നിര്‍മ്മാണ മേഖലയും വിപുലീകരിക്കേണ്ടത് വളരെ അത്യാവശ്യമാണ്''
''സാഗര്‍മാല പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ ഒരു സംസ്ഥാനം കര്‍ണാടകമാണ്''
''കര്‍ണാടകയിലെ 30 ലക്ഷത്തിലധികം ഗ്രാമീണ കുടുംബങ്ങളില്‍ ആദ്യമായി പൈപ്പ് വെള്ളം എത്തി''
''കര്‍ണാടകയിലെ 30 ലക്ഷത്തിലധികം രോഗികള്‍ക്ക് ആയുഷ്മാന്‍ ഭാരതിന്റെ ഗുണം ലഭിച്ചു''
''ടൂറിസം വളരുമ്പോള്‍ അത് നമ്മുടെ കുടില്‍ വ്യവസായങ്ങള്‍, കരകൗശല തൊഴിലാളികള്‍, ഗ്രാമവ്യവസായങ്ങള്‍, തെരുവ് കച്ചവടക്കാര്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് പ്രയോജനം ചെയ്യും''
''ഇന്ന് ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ചരിത്രപരമായ തലത്തിലാണ്, ബീം-യു.പി.ഐ പോലുള്ള നമ്മുടെ നൂതനാശയങ്ങള്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്''
''ഏകദേശം 6 ലക്ഷം കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിച്ച് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നു'ദ
''418 ബില്യണ്‍ ഡോളറിന്റെ അതായത് 31 ലക്ഷം കോടി രൂപയുടെ ചരക്ക് കയറ്റുമതിയിലൂടെ ഇന്ത്യ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു''
'പിഎം ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന് കീഴില്‍, ഇരുനൂറ്റമ്പതിലധികം റെയില്‍വേ, റോഡു പദ്ധതികള്‍ കണ്ടെത്തിയിട്ടുണ്ട്, ഇവ തടസ്സരഹിതമായ തുറമുഖ ബന്ധിപ്പിക്കലിന് സഹായകമാകും''

മാംഗളൂരില്‍ 3800 കോടി രൂപയുടെ യന്ത്രവല്‍ക്കരണ, വ്യവസായവല്‍ക്കരണ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വഹിച്ചു.

ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്ന് വളരെയധികം വിലമതിക്കുന്നതും ഓര്‍ത്തുവയ്‌ക്കേണ്ടതുമായ ഒരു ദിനമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അത് പ്രാദേശിക സുരക്ഷയോ സാമ്പത്തിക സുരക്ഷയോ ആകട്ടെ, ഇന്ത്യ വലിയ അവസരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. ഇന്ന് രാവിലെ ഐ.എന്‍.എസ് വിക്രാന്ത് കമ്മീഷന്‍ ചെയ്ത കാര്യം അനുസ്മരിച്ചുകൊണ്ട്, ഓരോ ഇന്ത്യക്കാരനും അനുഭവിക്കുന്ന അഭിമാനത്തെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു.

ഈ പദ്ധതികള്‍ കര്‍ണാടകയിലെ ജീവിതം സുഗമമാക്കലും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കുമെന്നും പ്രത്യേകിച്ച് 'ഒരു ജില്ല, ഒരു ഉല്‍പ്പന്നം പദ്ധതി' ഈ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍, കരകൗശല തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവരുടെ ഉല്‍പ്പന്നങ്ങളുടെ വിപണി ലഭ്യത സുഗമമാക്കുമെന്നും ഉദ്ഘാടനം ചെയ്തതോ തറക്കല്ലിട്ടതോ ആയ പദ്ധതികളെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

താന്‍ ചുവപ്പുകോട്ടയില്‍ നിന്ന് സംസാരിച്ച അഞ്ച് പ്രതിജ്ഞകളെ (പഞ്ചപ്രാൺ ) പരാമര്‍ശിച്ചുകൊണ്ട് അതില്‍ ആദ്യത്തേത് വികസിത ഇന്ത്യയുടെ സൃഷ്ടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന്, മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന രാജ്യത്തിന്റെ ഉല്‍പ്പാദന മേഖല വിപുലീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്'' പ്രധാനമന്ത്രി പറഞ്ഞു.

തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള വികസനത്തിന് രാജ്യം നടത്തിയ ശ്രമങ്ങളെ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, വികസനത്തിനുള്ള സുപ്രധാന മന്ത്രമാണിതെന്ന് ഊന്നിപ്പറഞ്ഞു. അത്തരം ശ്രമങ്ങളുടെ ഫലമായി, വെറും 8 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ തുറമുഖങ്ങളുടെ ശേഷി ഏകദേശം ഇരട്ടിയായി.

കഴിഞ്ഞ 8 വര്‍ഷത്തെ മുന്‍ഗണനാടിസ്ഥാനത്തിലുള്ള അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട്, കര്‍ണാടകയാണ് അതില്‍ നിന്ന് വളരെയധികം പ്രയോജനം നേടിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാഗര്‍മാല പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ ഒരു സംസ്ഥാനം കര്‍ണാടകയാണ്'', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 8 വര്‍ഷത്തിനിടെ സംസ്ഥാനത്ത് 70,000 കോടി രൂപയുടെ ഹൈവേ പദ്ധതികള്‍ കൂട്ടിച്ചേര്‍ക്കുകയും ഒരു ലക്ഷം കോടിയി രൂപയിലധികം ചെലവുവരുന്ന പദ്ധതികള്‍ പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയിലെ പദ്ധതികള്‍ക്കായുള്ള റെയില്‍വേ ബജറ്റ് കഴിഞ്ഞ 8 വര്‍ഷത്തിനിടെ നാലിരട്ടിയായി വര്‍ദ്ധിച്ചു.

രാജ്യത്ത് ദരിദ്രര്‍ക്കായി 3 കോടിയിലധികം വീടുകള്‍ നിര്‍മ്മിച്ചുവെന്നും പാവപ്പെട്ടവര്‍ക്കായി കര്‍ണാടകയില്‍ 8 ലക്ഷത്തിലധികം പക്കാ വീടുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും കഴിഞ്ഞ 8 വര്‍ഷത്തെ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുകൊണ്ട് പ്രധാനമന്ത്രി, പറഞ്ഞു. '' ആയിരക്കണക്കിന് ഇടത്തരം കുടുംബങ്ങള്‍ക്ക് അവരുടെ വീടുകള്‍ പണിയുന്നതിന് കോടിക്കണക്കിന് രൂപയുടെ സഹായവും നല്‍കി'', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ജല്‍ ജീവന്‍ മിഷനു കീഴില്‍, വെറും 3 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 6 കോടിയിലധികം കുടുംബങ്ങളെ പൈപ്പ് ജല സൗകര്യവുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നുള്ളത് അദ്ദേഹം തുടര്‍ന്ന് ഉയര്‍ത്തിക്കാട്ടി. ''കര്‍ണാടകയിലെ 30 ലക്ഷത്തിലധികം ഗ്രാമീണ കുടുംബങ്ങളില്‍ ആദ്യമായി പൈപ്പ് വെള്ളം എത്തി'', പ്രധാനമന്ത്രി പറഞ്ഞു. ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം ആശുപത്രികളില്‍ പ്രവേശിപ്പിച്ച രാജ്യത്തെ 4 കോടിയോളം പാവപ്പെട്ട ആളുകള്‍ക്ക് സൗജന്യ ചികിത്സ ലഭിച്ചതായി പ്രധാനമന്ത്രി പരാമര്‍ശിച്ചു. ''ഇതുമൂലം ഏകദേശം 50,000 കോടി രൂപ പാവപ്പെട്ടവര്‍ ചെലവഴിക്കുന്നതില്‍ നിന്ന് ലാഭിച്ചു. കര്‍ണാടകയില്‍ 30 ലക്ഷത്തിലധികം രോഗികള്‍ക്ക് ആയുഷ്മാന്‍ ഭാരതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്'', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ദുര്‍ബലമായ സാമ്പത്തിക സ്ഥിതി കാരണം മറന്നുപോയവര്‍ അവഗണിക്കപ്പെടുന്നില്ലെന്ന് ഗവണ്‍മെന്റ് ഉറപ്പുവരുത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെറുകിട കര്‍ഷകര്‍, ചെറുകിട വ്യാപാരികള്‍, മത്സ്യത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, അങ്ങനെയുള്ള കോടിക്കണക്കിന് ആളുകള്‍ക്ക് രാജ്യത്തിന്റെ വികസനത്തിന്റെ നേട്ടങ്ങള്‍ ആദ്യമായി ലഭിച്ചു തുടങ്ങിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ''അവര്‍ ഇന്ത്യയുടെ വികസനത്തിന്റെ മുഖ്യധാരയില്‍ ഒത്തുചേരുകയാണ്'', അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ഈ സാദ്ധ്യതകള്‍ നാം പൂര്‍ണമായി പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യയുടെ 7,500കിലോമീറ്റര്‍ തീരപ്രദേശത്തേക്ക് എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. ''ടൂറിസം വളരുമ്പോള്‍ അത് നമ്മുടെ കുടില്‍ വ്യവസായങ്ങള്‍, കരകൗശല തൊഴിലാളികള്‍, ഗ്രാമവ്യവസായങ്ങള്‍, വഴിയോര കച്ചവടക്കാര്‍, ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് പ്രയോജനം ചെയ്യും. ക്രൂയിസ് ടൂറിസം വര്‍ദ്ധിപ്പിക്കുന്നതിനായി ന്യൂ മാംഗളൂര്‍ തുറമുഖം തുടര്‍ച്ചയായി പുതിയ സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്'' പ്രധാനമന്ത്രി പറഞ്ഞു.

'' ഇന്ന് ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ചരിത്രപരമായ തലത്തിലാണ്, ബീം-യു.പി.ഐ പോലുള്ള നമ്മുടെ നൂതനാശയങ്ങള്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്'', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കരുത്തുറ്റ ബന്ധിപ്പിക്കലോടുകൂടിയ വേഗതയേറിയതും വിലകുറഞ്ഞതുമായ ഇന്റര്‍നെറ്റാണ് ഇന്ന് രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഏകദേശം 6 ലക്ഷം കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിച്ച് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുകയാണെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. '' 5ജിയുടെ സൗകര്യം ഈ രംഗത്ത് ഒരു പുതിയ വിപ്ലവം കൊണ്ടുവരാന്‍ പോകുകയാണ്. കര്‍ണാടകയിലെ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റും ജനങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും വേഗത്തില്‍ നിറവേറ്റുന്നതിനായി പ്രവര്‍ത്തിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊറോണ കാലത്ത് ഇന്ത്യ കൈക്കൊണ്ട നയങ്ങളും എടുത്ത തീരുമാനങ്ങളും ഇന്ത്യയുടെ വികസനത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്ന ജി.ഡി.പി കണക്കുകളില്‍ പ്രതിഫലിച്ചത് ചൂണ്ടിക്കാട്ടികൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. ''കഴിഞ്ഞ വര്‍ഷം, നിരവധി ആഗോള തടസ്സങ്ങള്‍ക്കിടയിലും, ഇന്ത്യയുടെ കയറ്റുമതി മൊത്തം 670 ബില്യണ്‍ ഡോളറായിരുന്നു, അതായത് 50 ലക്ഷം കോടി രൂപ. എല്ലാ വെല്ലുവിളികളേയും അതിജീവിച്ച്, 418 ബില്യണ്‍ ഡോളറിന്റെ അതായത് 31 ലക്ഷം കോടി രൂപയുടെ ചരക്ക് കയറ്റുമതിയുടെ പുതിയ റെക്കാര്‍ഡ് ഇന്ത്യ സൃഷ്ടിച്ചു'', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ വളര്‍ച്ചാ എന്‍ജിനുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാ മേഖലകളും ഇന്ന് പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സേവന മേഖലയും അതിവേഗ വളര്‍ച്ചയിലേക്ക് നീങ്ങുകയാണ്. പി.എല്‍.ഐ (ഉല്‍പ്പാദന ബന്ധിത ആനകൂല്യം) പദ്ധതികളുടെ സ്വാധീനം ഉല്‍പ്പാദന മേഖലയില്‍ വളരെ വ്യക്തമായി കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ''മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ മുഴുവന്‍ ഇലക്‌ട്രോണിക് നിര്‍മ്മാണ മേഖലയും പലമടങ്ങ് വളര്‍ന്നു'', അദ്ദേഹം പറഞ്ഞു. 3 വര്‍ഷത്തിനിടെ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി കുറയുകയും അത്രതന്നെ കയറ്റുമതി വര്‍ദ്ധിക്കുകയും ചെയ്ത തരത്തില്‍ ഇന്ത്യയിലെ കളിപ്പാട്ട മേഖലയിലുണ്ടായിട്ടുള്ള വളര്‍ച്ചയിലേക്കും പ്രധാനമന്ത്രി എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. '' മാംഗളൂരു പോലെ പ്രധാന തുറമുഖങ്ങളുള്ള ഇന്ത്യന്‍ ചരക്കുകള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള വിഭവങ്ങള്‍ നല്‍കുന്ന രാജ്യത്തിന്റെ തീരപ്രദേശങ്ങള്‍ക്കാണ് ഇവയുടെയെല്ലാം നേരിട്ടുള്ള പ്രയോജനം ലഭിക്കുന്നത്'', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗവണ്‍മെന്റിന്റെ ശ്രമഫലമായി, വര്‍ഷങ്ങളായി തീരദേശ ഗതാഗതത്തില്‍ ഗണ്യമായ വര്‍ദ്ധനവിന് രാജ്യം സാക്ഷ്യം വഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ''രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിലെ വര്‍ദ്ധിച്ച സൗകര്യങ്ങളും വിഭവങ്ങളും കാരണം തീരദേശ സഞ്ചാരം ഇപ്പോള്‍ എളുപ്പമായിരിക്കുന്നു'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''തുറമുഖ ബന്ധിപ്പിക്കല്‍ മികച്ചതായിരിക്കണം, അത് ത്വരിതപ്പെടുത്തേണം എന്നതാണ് ഗവണ്‍മെന്റിന്റെ പരിശ്രമം. അതിനാല്‍, തടസ്സങ്ങളില്ലാത്ത തുറമുഖ ബന്ധിപ്പിക്കലിന് സഹായിക്കുന്ന ഇരുനൂറ്റി അന്‍പതിലധികം റെയില്‍വേകളുടെയും റോഡുകളുടെയും പദ്ധതികള്‍ പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന് കീഴില്‍,കണ്ടെത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

അടിമത്തത്തിന്റെ പിടിയില്‍ നിന്ന് ഇന്ത്യയുടെ മണ്ണിനെ രക്ഷിക്കാന്‍ രാജ്ഞി അബ്ബാക്കയും ചെന്നഭൈര ദേവിയും നേരിട്ട പോരാട്ടങ്ങളെ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ആഘോഷങ്ങളില്‍ ശ്രദ്ധ ചെലുത്തികൊണ്ട് പ്രധാനമന്ത്രി, അനുസ്മരിച്ചു. ''ഇന്ന്, കയറ്റുമതി രംഗത്ത് ഇന്ത്യ മുന്നേറുന്നതിന് വലിയ പ്രചോദനമാണ് ഈ ധീര വനിതകള്‍'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയിലെ കരാവലി മേഖലയെ പരാമര്‍ശിച്ചാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. 

 " രാജ്യസ്‌നേഹത്തിന്റെയും ദേശത്തോടുള്ള പ്രതിജ്ഞയുടെയും ഊര്‍ജ്ജത്തില്‍ നിന്ന് എനിക്ക് എപ്പോഴും പ്രചോദനം തോന്നാറുണ്ട്. മംഗളൂരുവില്‍ കാണുന്ന ഈ ഊര്‍ജം അത്തരം വികസനത്തിന്റെ പാതയെ പ്രകാശപൂരിതമാക്കുന്നത് തുടരട്ടെ, അതേ ആഗ്രഹത്തോടെ, ഈ വികസന പദ്ധതികള്‍ക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും നിരവധി അഭിനന്ദനങ്ങളും ആശംസകളും നേരുന്നു'' അദ്ദേഹം പറഞ്ഞു,.

കര്‍ണാടക ഗവര്‍ണര്‍ ശ്രീ തവര്‍ ചന്ദ് ഗെഹ്‌ലോട്ട്, കര്‍ണാടക മുഖ്യമന്ത്രി ശ്രീ ബസവരാജ് ബൊമ്മൈ, കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി, കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ശ്രീ ബി.എസ്. യെദ്യൂരപ്പ , കേന്ദ്ര സഹമന്ത്രിമാരായ ശ്രീ ശ്രീപദ് യെസ്സോ നായിക്, ശ്രീ ശന്തനു ഠാക്കൂര്‍, സുശ്രീ ശോഭ കരന്ദ്‌ലാഞ്‌ജെ, പാര്‍ലമെന്റ് അംഗം ശ്രീ നളിന്‍ കുമാര്‍ കട്ടീല്‍, സംസ്ഥാന മന്ത്രിമാരായ ശ്രീ അംഗാര എസ്, ശ്രീ സുനില്‍ കുമാര്‍ വി, ശ്രീ കോട്ട ശ്രീനിവാസ് പൂജാരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

പദ്ധതികളുടെ വിശദാംശങ്ങള്‍ :

മംഗളൂരുവില്‍ 3800 കോടി രൂപയുടെ യന്ത്രവല്‍ക്കരണ, വ്യവസായവല്‍ക്കരണ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.

ന്യൂ മംഗളൂരു തുറമുഖ അതോറിറ്റി ഏറ്റെടുത്ത കണ്ടെയ്‌നറുകളും മറ്റ് ചരക്കുകളും കൈകാര്യം ചെയ്യുന്നതിനുള്ള ബര്‍ത്ത് നമ്പര്‍ 14 യന്ത്രവല്‍ക്കരിക്കുന്നതിനുള്ള 280 കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. യന്ത്രവത്കൃത ടെര്‍മിനല്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ടേണ്‍റൗണ്ട് സമയം, പ്രീ-ബര്‍ത്തിംഗ് കാലതാമസം, തുറമുഖത്ത് വൈകുന്നതുമൂലമുണ്ടാകുന്ന സമയ നഷ്ടം എന്നിവയില്‍ ഏകദേശം 35% കുറയ്ക്കുകയും, അങ്ങനെ വ്യാപാരഅന്തരീക്ഷത്തിന് ഉത്തേജനം നല്‍കുകയും ചെയ്യും. പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചു, അതുവഴി കൈകാര്യശേഷിയിലേക്ക് 4.2 എം.ടി.പി.എ (മില്യണ്‍ ടണ്‍ പ്രതിവർഷം ) കൂട്ടിച്ചേര്‍ക്കുന്നുണ്ട്, ഇത് 2025 ആകുമ്പോഴേക്കും 6 എം.ടി.പി.എ ആയി വീണ്ടും വര്‍ദ്ധിക്കും.

പോര്‍ട്ട് ഏറ്റെടുത്ത ഏകദേശം 1000 കോടി രൂപയുടെ അഞ്ച് പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. അത്യാധുനിക ക്രയോജനിക് എല്‍.പി.ജി സംഭരണ ടാങ്ക് ടെര്‍മിനല്‍ കൊണ്ട് സജ്ജീകരിച്ചിട്ടുള്ള സംയോജിത എല്‍.പി.ജി, ബള്‍ക്ക് ലിക്വിഡ് പി.ഒ.എല്‍ സൗകര്യം, 45,000 ടണ്‍ ഫുള്‍ ലോഡ് വി.എല്‍.ജി.സി (വളരെ വലിയ വാതക  വാഹകര്‍) വളരെ കാര്യക്ഷമമായി രീതിയില്‍ അണ്‍ലോഡ് ചെയ്യാന്‍ പ്രാപ്തമായിരിക്കും. രാജ്യത്തെ ഏറ്റവും മികച്ച എല്‍.പി.ജി ഇറക്കുമതി ചെയ്യുന്ന തുറമുഖങ്ങളിലൊന്നായി തുറമുഖത്തിന്റെ പദവി വീണ്ടും ഉറപ്പിക്കുന്നതോടൊപ്പം ഈ സൗകര്യം ഈ മേഖലയില്‍ പ്രധാന്‍ മന്ത്രി ഉജ്ജ്വല യോജനയെ ശക്തിപ്പെടുത്തുകയും ചെയ്യും. സംഭരണ ടാങ്കുകളുടെയും ഭക്ഷ്യ എണ്ണ ശുദ്ധീകരണശാലയുടെയും നിര്‍മ്മാണം, ബിറ്റുമെന്‍ സംഭരണത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും നിര്‍മ്മാണം ബിറ്റുമെന്നിന്റെയും ഭക്ഷ്യ എണ്ണയുടെയും സംഭരണത്തിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമുള്ള നിര്‍മ്മാണം എന്നിവയ്ക്കായുള്ള പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഈ പദ്ധതികള്‍ ബിറ്റുമെന്‍, ഭക്ഷ്യ എണ്ണ വെസലുകളുടെ ടേണ്‍റൗണ്ട് സമയം (പ്രവര്‍ത്തിപൂര്‍ത്തികരിക്കാന്‍ എടുക്കുന്ന സമയം) മെച്ചപ്പെടുത്തുകയും വ്യാപാരത്തിനായുള്ള മൊത്തത്തിലുള്ള ചരക്ക് ചെലവ് കുറയ്ക്കുകയും ചെയ്യും. മത്സ്യബന്ധനം സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും ആഗോള വിപണിയില്‍ മികച്ച വില ലഭ്യമാക്കുന്നതിനും സഹായിക്കുന്ന കുലായിയിലെ ഫിഷിംഗ് ഹാര്‍ബര്‍ വികസനത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. സാഗര്‍മാല പദ്ധതിയുടെ കുടക്കീഴില്‍ നടക്കുന്ന ഈ പ്രവൃത്തി മത്സ്യത്തൊഴിലാളി സമൂഹത്തിന് കാര്യമായ സാമൂഹിക-സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കും.

മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ് ഏറ്റെടുത്ത ബി.എസ് 4 നവീകരണ പദ്ധതി, കടല്‍ വെള്ളത്തില്‍ നിന്ന് ഉപ്പ് വേര്‍തിരിക്കല്‍ (ഡീസാലിനേഷന്‍) പ്ലാന്റ് എന്നീ രണ്ട് പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഏകദേശം 1830 കോടി രൂപ വിലമതിക്കുന്ന ബിഎസ് 4 നവീകരണ പദ്ധതി, അള്‍ട്രാ പ്യുവര്‍ (ഏറ്റവും ശുദ്ധമായ) പരിസ്ഥിതി സൗഹൃദ ബി.എസ് 4 ഗ്രേഡ് ഇന്ധനം (10 പി.പി.എമ്മില്‍ താഴെ സള്‍ഫറിന്റെ അളവുള്ളത്) ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കും. ഏകദേശം 680 കോടിയോളം രൂപ ചെലവില്‍ സ്ഥാപിക്കുന്ന കടല്‍ജലത്തില്‍ നിന്ന് ഉപ്പ് വേര്‍തിരിച്ചെടുക്കുന്ന പ്ലാന്റ്. ശുദ്ധജലത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും വര്‍ഷം മുഴുവനും ഹൈഡ്രോകാര്‍ബണുകളുടെയും പെട്രോകെമിക്കലുകളുടെയും ക്രമമായ വിതരണം ഉറപ്പാക്കാനും സഹായിക്കും. പ്രതിദിനം 30 ദശലക്ഷം ലിറ്റര്‍ (എം.എല്‍.ഡി) ശേഷിയുള്ള പ്ലാന്റ്, റിഫൈനറിക്ക് പ്രക്രിയകള്‍ക്ക് ആവശ്യമായ സമുദ്രജലത്തെ വെള്ളമാക്കി മാറ്റും.

 

 

 

 

 

 

 

 

 

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക"

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
PM Modi shares 'breathtaking' images of Gujarat taken by EOS-06 satellite

Media Coverage

PM Modi shares 'breathtaking' images of Gujarat taken by EOS-06 satellite
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2022 ഡിസംബർ 3
December 03, 2022
പങ്കിടുക
 
Comments

India’s G20 Presidency: A Moment of Pride For All Indians

India Witnessing Transformative Change With The Modi Govt’s Thrust Towards Good Governance