പങ്കിടുക
 
Comments
“ഇന്ന്, നിങ്ങളെപ്പോലുള്ള കളിക്കാര്‍ക്കു മികച്ച മനോഭാവമാണുള്ളത്. പരിശീലനവും മെച്ചപ്പെട്ടുവരുന്നു. രാജ്യത്തു കായികരംഗത്തിനുള്ള അന്തരീക്ഷവും വളരെ മികച്ചതാണ്”
“ത്രിവര്‍ണപതാക ഉയരത്തില്‍ പാറുന്നതു കാണുകയും ദേശീയഗാനം കേള്‍ക്കുകയുമാണു ലക്ഷ്യം”
“രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണു കായികതാരങ്ങള്‍ കോമണ്‍വെല്‍ത്ത് ഗെയിംസിനു പോകുന്നത്”
“നിങ്ങളേവരും മികച്ച പരിശീലനം നേടിയവരാണ്. ലോകത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളോടെ പരിശീലനം നേടിയവരാണ്. ആ പരിശീലനമികവും നിങ്ങളുടെ ഇച്ഛാശക്തിയും സംയോജിപ്പിക്കാനുള്ള സമയമാണിത്”
“നിങ്ങളുടെ ഇതുവരെയുള്ള നേട്ടങ്ങളെല്ലാം പ്രചോദനമേകുന്നതാണ്. എന്നാലിനി നിങ്ങള്‍ നിങ്ങളിലെ മികച്ചവ പുറത്തെടുക്കണം; പുതിയ റെക്കോര്‍ഡുകളിലേക്കു കുതിക്കണം”

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനു (സിഡബ്ല്യുജി) പോകുന്ന ഇന്ത്യന്‍ സംഘവുമായി വിദൂരദൃശ്യസംവിധാനത്തിലൂടെ സംവദിച്ചു. കായികതാരങ്ങളും അവരുടെ പരിശീലകരും പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തി. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി അനുരാഗ് സിങ് താക്കൂര്‍, കായികസെക്രട്ടറി എന്നിവരും പങ്കെടുത്തു.

അന്താരാഷ്ട്ര ചെസ് ദിനത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തിനു പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു. ജൂലൈ 28 മുതല്‍ തമിഴ്‌നാട്ടില്‍ ചെസ് ഒളിമ്പ്യാഡും നടക്കുകയാണ്. മുന്‍ഗാമികള്‍ ചെയ്തതുപോലെ ഇന്ത്യയുടെ അഭിമാനമുയര്‍ത്താന്‍ നിലവിലെ താരങ്ങള്‍ക്കും കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഇതാദ്യമായി 65ലധികം കായികതാരങ്ങള്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നുണ്ടെന്നും അവര്‍ക്കു മികച്ച നേട്ടമുണ്ടാക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. “പൂര്‍ണമനസോടെ കളിക്കുക, ഉറപ്പോടെ കളിക്കുക, പൂര്‍ണശക്തിയോടെ കളിക്കുക, സമ്മര്‍ദമില്ലാതെ കളിക്കുക” - പ്രധാനമന്ത്രി ഉപദേശിച്ചു.

ആശയവിനിമയത്തിനിടെ, മഹാരാഷ്ട്രയില്‍നിന്നുള്ള കായികതാരം അവിനാഷ് സാബിളിനോടു മഹാരാഷ്ട്രയില്‍നിന്നു സിയാച്ചിനിലെത്തി ഇന്ത്യന്‍ സൈന്യത്തില്‍ ജോലിചെയ്ത അനുഭവത്തെക്കുറിച്ചു പ്രധാനമന്ത്രി ആരാഞ്ഞു. നാലുവര്‍ഷത്തെ സൈനികജീവിതത്തില്‍നിന്നു നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തില്‍നിന്നു ലഭിച്ച അച്ചടക്കവും പരിശീലനവും താന്‍ ഏതുമേഖലയില്‍ പോയാലും തിളങ്ങാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിയാച്ചിനില്‍ ജോലി ചെയ്യുമ്പോള്‍ എന്തുകൊണ്ടാണു സ്റ്റീപ്പിള്‍ ചേസ് മേഖല തെരഞ്ഞെടുത്തതെന്നു പ്രധാനമന്ത്രി ചോദിച്ചു. പ്രതിബന്ധങ്ങള്‍ മറികടക്കുന്നതാണു സ്റ്റീപ്പിള്‍ ചേസ് എന്നും സൈന്യത്തില്‍ തനിക്കു സമാനമായ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്രപെട്ടെന്നു തടി കുറച്ചതെങ്ങനെയെന്നും പ്രധാനമന്ത്രി ചോദിച്ചു. സൈന്യമാണു തന്നെ കായികരംഗത്തിന്റെ ഭാഗമാകാന്‍ പ്രേരിപ്പിച്ചതെന്നും സ്വയം പരിശീലിക്കാന്‍ അധികസമയം ലഭിച്ചെന്നും ഇതു ശരീരഭാരം കുറയ്ക്കാന്‍ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.

73 കിലോഗ്രാം വിഭാഗം ഭാരോദ്വഹനതാരമായ പശ്ചിമ ബംഗാളിലെ അചിന്താ ഷീയുലിയോടു സംസാരിച്ച പ്രധാനമന്ത്രി, ശാന്തമായ അദ്ദേഹത്തിന്റെ സ്വഭാവവും കായികരംഗത്തു ഭാരോദ്വഹനത്തിന്റെ കരുത്തും എങ്ങനെയാണു സന്തുലിതമാക്കുന്നതെന്ന് ആരാഞ്ഞു. പതിവായി യോഗ ചെയ്യുന്നതു മനസിനെ ശാന്തമാക്കാന്‍ സഹായിക്കുന്നെന്ന് അചിന്ത പറഞ്ഞു. പ്രധാനമന്ത്രി അദ്ദേഹത്തോടു കുടുംബത്തെക്കുറിച്ചു ചോദിച്ചപ്പോള്‍, ഉയര്‍ച്ചതാഴ്ചകളിലെല്ലാം തനിക്കു പിന്തുണയുമായി അമ്മയും ജ്യേഷ്ഠനുമുണ്ടെന്ന് അചിന്ത മറുപടി നല്‍കി. കായികരംഗത്തുണ്ടാകുന്ന പരിക്കിന്റെ പ്രശ്നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി ആരാഞ്ഞു. പരിക്കുകള്‍ മത്സരത്തിന്റെ ഭാഗമാണെന്നും വളരെ ശ്രദ്ധയോടെയാണ് അക്കാര്യം നോക്കുന്നതെന്നും അചിന്ത പ്രതികരിച്ചു. പരിക്കിനു കാരണമാകുന്നതെന്താണെന്നു താന്‍ വിശകലനം ചെയ്യുകയും ഭാവിയില്‍ അവ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ പ്രയത്നങ്ങള്‍ക്കു പ്രധാനമന്ത്രി ആശംസകള്‍ നേരുകയും അചിന്തയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി എന്ന് ഉറപ്പുവരുത്തിയതിന് അദ്ദേഹത്തിന്റെ കുടുംബത്തെയും പ്രത്യേകിച്ച്, അമ്മയെയും സഹോദരനെയും അഭിനന്ദിക്കുകയും ചെയ്തു.

കേരളത്തില്‍ നിന്നുള്ള ബാഡ്മിന്റണ്‍ താരം ട്രീസ ജോളിയുമായി പ്രധാനമന്ത്രി സംവദിച്ചു. ട്രീസയുടെ നാടായ കണ്ണൂര്‍ ഫുട്ബോളിനും കൃഷിക്കും പ്രശസ്തമാണെന്നിരിക്കെ എങ്ങനെയാണു ബാഡ്മിന്റണിലേക്കു തിരിഞ്ഞതെന്നു പ്രധാനമന്ത്രി ആരാഞ്ഞു. തന്റെ പിതാവാണു കായികരംഗത്തേക്കു തിരിയാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അവര്‍ പറഞ്ഞു. ഗായത്രി ഗോപിചന്ദുമായുള്ള സൗഹൃദത്തെക്കുറിച്ചും കളിക്കളത്തിലെ പങ്കാളിത്തത്തെക്കുറിച്ചും പ്രധാനമന്ത്രി ആരാഞ്ഞു. കളിക്കളത്തിലെ തന്റെ കൂട്ടാളിയുമായുള്ള മികച്ച സൗഹൃദം തന്റെ പ്രകടനത്തിലും സഹായകമാകുമെന്ന് അവര്‍ പറഞ്ഞു. തിരിച്ചുവരുമ്പോള്‍ ആഘോഷത്തിനായി എന്തൊക്കെയാണു പദ്ധതികളെന്നും പ്രധാനമന്ത്രി ചോദിച്ചു.

ജാര്‍ഖണ്ഡില്‍ നിന്നുള്ള ഹോക്കി താരം സലിമ ടെറ്റെയുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. ഹോക്കിയിലെ അവളുടെയും അച്ഛന്റെയും യാത്രയെക്കുറിച്ചു പ്രധാനമന്ത്രി ചോദിച്ചു. അച്ഛന്‍ ഹോക്കി കളിക്കുന്നതു കണ്ടതാണു തനിക്കു പ്രചോദനമായതെന്ന് അവര്‍ പറഞ്ഞു. ടോക്കിയോ ഒളിമ്പിക്സിലെ അനുഭവം പങ്കുവയ്ക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ടോക്കിയോയിലേക്കു പോകുന്നതിനുമുമ്പു പ്രധാനമന്ത്രിയുമായി നടത്തിയ ആശയവിനിമയം തനിക്കു പ്രചോദനമായെന്നും അവര്‍ പറഞ്ഞു.

 

ഹരിയാനയില്‍ നിന്നുള്ള ഷോട്ട്പുട്ട് പാരാ അത്‌ലറ്റ് ഷര്‍മിളയുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി. 34-ാം വയസില്‍ കായികരംഗത്ത് കരിയര്‍ ആരംഭിക്കാനും രണ്ടുവര്‍ഷത്തിനുള്ളില്‍ സ്വര്‍ണമെഡല്‍ നേടാനുമുള്ള പ്രചോദനത്തെക്കുറിച്ചു പ്രധാനമന്ത്രി അവരോടു ചോദിച്ചു. ചെറുപ്പംമുതലേ തനിക്ക് കായികരംഗത്തോടു താല്‍പ്പര്യമുണ്ടായിരുന്നെങ്കിലും കുടുംബത്തിന്റെ സാമ്പത്തികസ്ഥിതിയെത്തുടര്‍ന്നു ചെറുപ്പത്തില്‍തന്നെ വിവാഹിതയായ തനിക്കു ഭര്‍ത്താവില്‍നിന്നു ക്രൂരതകള്‍ നേരിടേണ്ടി വന്നെന്നും ശര്‍മിള പറഞ്ഞു. ശര്‍മിളയ്ക്കും അവരുടെ രണ്ടു പെണ്‍മക്കള്‍ക്കും ആറുവര്‍ഷമായി തിരികെ അവരുടെ മാതാപിതാക്കള്‍ക്കൊപ്പം കഴിയേണ്ട അവസ്ഥ വന്നു. പതാകവാഹകനായിരുന്ന അവരുടെ ബന്ധു തേക്ചന്ദ് ഭായ് ശര്‍മിളയ്ക്കു പിന്തുണയേകുകയും ദിവസത്തില്‍ എട്ടുമണിക്കൂര്‍ കഠിനമായി പരിശീലിപ്പിക്കുകയും ചെയ്തു. ശര്‍മിളയുടെ പെണ്‍മക്കളെക്കുറിച്ചും ആരാഞ്ഞ പ്രധാനമന്ത്രി, അവര്‍ തന്റെ പെണ്‍മക്കള്‍ക്കു മാത്രമല്ല രാജ്യത്തിനു മുഴുവന്‍ മാതൃകയാണെന്നു വ്യക്തമാക്കി. തന്റെ മകള്‍ കായികരംഗത്തിന്റെ ഭാഗമായി രാജ്യത്തിനു സംഭാവന നല്‍കണമെന്നാണു തന്റെ ആഗ്രഹമെന്നും ശര്‍മിള കൂട്ടിച്ചേര്‍ത്തു. പരിശീലകനായ മുന്‍ പാരാലിമ്പ്യന്‍ തേക്ചന്ദിനെക്കുറിച്ചും പ്രധാനമന്ത്രി ആരാഞ്ഞു. തന്റെ കരിയറില്‍ ഉടനീളം അദ്ദേഹം തനിക്കു പ്രചോദനമായിരുന്നുവെന്നു ശര്‍മിള പ്രതികരിച്ചു. ശര്‍മിളയുടെ പരിശീലനത്തോടുള്ള അദ്ദേഹത്തിന്റെ അര്‍പ്പണബോധമാണു ശര്‍മിളയ്ക്കു കായികമത്സരങ്ങളില്‍ പങ്കെടുക്കാന്‍ പ്രേരണയായത്. അവര്‍ കരിയര്‍ ആരംഭിച്ച പ്രായം കണക്കിലെടുത്തു മറ്റാരെങ്കിലുമായിരുന്നെങ്കില്‍ കൈയൊഴിഞ്ഞേനെയെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വിജയം കൊയ്തതിന് അവരെ അഭിനന്ദിച്ച പ്രധാനമന്ത്രി കോമണ്‍വെല്‍ത്ത് ഗെയിംസിന് എല്ലാ ആശംസകളും നേരുകയും ചെയ്തു.

 

ആന്‍ഡമാന്‍ നിക്കോബാറില്‍ നിന്നുള്ള സൈക്ലിങ് താരം ഡേവിഡ് ബെക്ഹാമുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. ഇതിഹാസ ഫുട്‌ബോള്‍ കളിക്കാരന്റെ പേരുള്ള താരത്തിനു ഫുട്‌ബോളിനോടു താല്‍പ്പര്യമില്ലേ എന്നു പ്രധാനമന്ത്രി ചോദിച്ചു. തനിക്കു ഫുട്‌ബോളിനോട് അഭിനിവേശമുണ്ടെന്നും എന്നാല്‍ ആന്‍ഡമാനിലെ അടിസ്ഥാനസൗകര്യങ്ങള്‍ ആ മേഖലയില്‍ തുടരാന്‍ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കാലം ഈ കായികരംഗത്തു തുടരാന്‍ പ്രേരണയുണ്ടായത് എങ്ങനെയെന്നു പ്രധാനമന്ത്രി ചോദിച്ചു. ചുറ്റുമുള്ളവര്‍ ഒരുപാടു പ്രചോദനം നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. ‘ഖേലോ ഇന്ത്യ’ എങ്ങനെയാണു സഹായിച്ചതെന്നു പ്രധാനമന്ത്രി ചോദിച്ചു. ‘ഖേലോ ഇന്ത്യ’യിലൂടെയാണു തന്റെ യാത്ര ആരംഭിച്ചതെന്നും ‘മന്‍ കി ബാത്തി’ല്‍ പ്രധാനമന്ത്രി തന്നെക്കുറിച്ചു സംസാരിച്ചതു തന്നെ കൂടുതല്‍ പ്രചോദിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. സുനാമിയില്‍ പിതാവിനെ നഷ്ടപ്പെട്ടിട്ടും പിന്നീട് അമ്മയെ നഷ്ടപ്പെട്ടിട്ടും കായികരംഗത്ത് ഉത്സാഹത്തോടെ നിലകൊണ്ടതിനു പ്രധാനമന്ത്രി അദ്ദേഹത്തെ പ്രശംസിച്ചു.

 

ആശയവിനിമയത്തിനുശേഷം കായികതാരങ്ങളെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി, പാര്‍ലമെന്റിലെ തിരക്കുകളിലായതിനാലാണു താന്‍ ആഗ്രഹിച്ചിട്ടും താരങ്ങളെ നേരിട്ടു കാണാന്‍ കഴിയാത്തതെന്നു പറഞ്ഞു. തിരികെയെത്തുമ്പോള്‍ കാണാമെന്നും വിജയം ഒരുമിച്ച് ആഘോഷിക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

 

ഇന്ത്യന്‍ കായികചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണ് ഇതെന്നു പ്രധാനമന്ത്രി പറഞ്ഞു. “ഇന്ന്, നിങ്ങളെപ്പോലുള്ള കളിക്കാര്‍ക്കു മികച്ച മനോഭാവമാണുള്ളത്. പരിശീലനവും മെച്ചപ്പെട്ടുവരുന്നു. രാജ്യത്തു കായികരംഗത്തിനുള്ള അന്തരീക്ഷവും വളരെ മികച്ചതാണ്. നിങ്ങളെല്ലാവരും പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്; പുതിയ ഉയരങ്ങള്‍ സൃഷ്ടിക്കുകയാണ്” - അദ്ദേഹം പറഞ്ഞു.

 

അന്താരാഷ്ട്രരംഗത്തേക്ക് ആദ്യമായി കടന്നുവരുന്നവരോട്, വേദി മാത്രമേ മാറിയിട്ടുള്ളൂവെന്നും വിജയത്തിനായുള്ള മനോഭാവവും നിര്‍ബന്ധബുദ്ധിയും മാറിയിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. “ത്രിവര്‍ണപതാക ഉയരത്തില്‍ പാറുന്നതു കാണുകയും ദേശീയ ഗാനം കേള്‍ക്കുകയുമാണു ലക്ഷ്യം. അതുകൊണ്ടുതന്നെ സമ്മര്‍ദത്തിന് അടിപ്പെടരുത്. മികച്ചതും കരുത്തുറ്റതുമായ മത്സരത്തിലൂടെ തിളങ്ങുക.” - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുന്ന വേളയിലാണു കായികതാരങ്ങള്‍ കോമണ്‍വെല്‍ത്ത് ഗെയിംസിനു പോകുന്നതെന്നും അവര്‍ തങ്ങളുടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും അതു രാജ്യത്തിനു സമ്മാനമാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എതിരാളി ആരാണെന്നതു പ്രശ്നമല്ല. ലോകത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് എല്ലാ കായികതാരങ്ങളും പരിശീലനം നേടിയതെന്നു പ്രധാനമന്ത്രി പറഞ്ഞു. പരിശീലനത്തെക്കുറിച്ച് ഓര്‍ക്കാനും ഇച്ഛാശക്തിയില്‍ വിശ്വാസമര്‍പ്പിക്കാനും പ്രധാനമന്ത്രി പറഞ്ഞു. നിങ്ങളുടെ ഇതുവരെയുള്ള നേട്ടങ്ങളെല്ലാം പ്രചോദനമേകുന്നതാണ്. എന്നാലിനി നിങ്ങള്‍ പുതിയ റെക്കോര്‍ഡുകളിലേക്കു കുതിക്കണം. രാജ്യത്തിനും രാജ്യത്തെ പൗരന്മാര്‍ക്കുംവേണ്ടി അവരുടെ കഴിവു മുഴുവന്‍ പുറത്തെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാന കായികമേളകളില്‍ പങ്കെടുക്കുന്നതിനു മുന്നോടിയായി കായികതാരങ്ങള്‍ക്കു പ്രചോദനമേകുന്നതിന്റെ ഭാഗമായാണു പ്രധാനമന്ത്രി ആശയവിനിമയം നടത്തിയത്. കഴിഞ്ഞ വര്‍ഷം ടോക്കിയോ 2020 ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ കായികതാരങ്ങളുടെ സംഘവുമായും ടോക്കിയോ 2020 പാരാലിമ്പിക് ഗെയിംസിനുള്ള ഇന്ത്യന്‍ പാരാ അത്‌ലറ്റുകളുടെ സംഘവുമായും പ്രധാനമന്ത്രി സംവദിച്ചു.

കായികമത്സരങ്ങള്‍ നടക്കുമ്പോള്‍പോലും താരങ്ങളുടെ പുരോഗതിയില്‍ പ്രധാനമന്ത്രി അതീവ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പല അവസരങ്ങളിലും, കായികതാരങ്ങളുടെ വിജയത്തിനും ആത്മാര്‍ത്ഥമായ പ്രയത്നത്തിനും അഭിനന്ദിക്കാന്‍ അദ്ദേഹം വ്യക്തിപരമായി അവരെ വിളിച്ചിരുന്നു. മികച്ച പ്രകടനം നടത്താന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. കൂടാതെ, രാജ്യത്തു മടങ്ങിയെത്തിയശേഷം, പ്രധാനമന്ത്രി കായികസംഘത്തെ കാണുകയും ആശയവിനിമയം നടത്തുകയും ചെയ്തു.

 കോമണ്‍വെല്‍ത്ത് ഗെയിംസ് 2022 ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 8 വരെ ബര്‍മിങ്ഹാമിലാണു നടക്കുന്നത്. 19 കായിക ശാഖകളിലായി 141 ഇനങ്ങളില്‍ 215 കായികതാരങ്ങള്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യും.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
First batch of Agniveers graduates after four months of training

Media Coverage

First batch of Agniveers graduates after four months of training
...

Nm on the go

Always be the first to hear from the PM. Get the App Now!
...
ചെന്നൈ തുറമുഖത്തിന്റെ ഫ്ലോട്ട് ഓൺ ഫ്ലോട്ട് ഓഫ് പ്രവർത്തനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു
March 28, 2023
പങ്കിടുക
 
Comments

ചെന്നൈ തുറമുഖത്തിന്റെ ഫ്ലോട്ട്-ഓൺ-ഫ്‌ളോട്ട്-ഓഫ് പ്രവർത്തനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു, ഇത് ഒരു റെക്കോർഡാണ്, ഒരു കപ്പൽ മറ്റൊരു രാജ്യത്തേക്ക് എങ്ങനെ കയറ്റി അയച്ചുവെന്നത് ആഘോഷിക്കാനുള്ള നേട്ടമായി കാണുന്നു.

കേന്ദ്ര സഹമന്ത്രി ശ്രീ ശന്തനു ഠാക്കൂറിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

"നമ്മുടെ തുറമുഖങ്ങൾക്കും ഷിപ്പിംഗ് മേഖലയ്ക്കും ഒരു നല്ല വാർത്ത."