1.48 ലക്ഷം കോടി രൂപയുടെ വിവിധ എണ്ണ - വാതക പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു
ബിഹാറില്‍ 13,400 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു
ബറൗനിയില്‍ ഹിന്ദുസ്ഥാന്‍ ഉര്‍വരക് & രസായന്‍ ലിമിറ്റഡ് (HURL) വളം പ്ലാന്റ് ഉദ്ഘാടനം ചെയ്തു
ഏകദേശം 3917 കോടി രൂപയുടെ വിവിധ റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു
രാജ്യത്തെ കന്നുകാലികള്‍ക്കായുള്ള ഡിജിറ്റല്‍ ഡാറ്റാബേസ് 'ഭാരത് പശുധന്‍' നാടിനു സമര്‍പ്പിച്ചു
'1962 കര്‍ഷക ആപ്പ്' പുറത്തിറക്കി
''ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ ശക്തിയാല്‍ ബിഹാറില്‍ ആവേശവും ആത്മവിശ്വാസവും നിറഞ്ഞു''
''ബിഹാര്‍ വികസിച്ചാല്‍ ഇന്ത്യയും വികസിക്കും''
''ബിഹാറും കിഴക്കന്‍ ഇന്ത്യയും സമൃദ്ധമായിരുന്നപ്പോള്‍ ഇന്ത്യ ശാക്തീകരിക്കപ്പെട്ടു എന്നതിനു ചരിത്രം തെളിവാണ്''
''യഥാര്‍ത്ഥ സാമൂഹ്യനീതി കൈവരിക്കുന്നത് 'സന്തുഷ്ടീകരണ'ത്തിലൂടെയാണ്; 'തുഷ്ടികരണ'ത്തിലൂടെയല്ല. യഥാര്‍ഥ സാമൂഹിക നീതി കൈവരിക്കുന്നത് പരിപൂര്‍ണതയിലൂടെയാണ്''
''ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ ഇരട്ട പ്രയത്‌നത്താല്‍ ബിഹാര്‍ വികസിതമാകും''

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള 1.48 ലക്ഷം കോടി രൂപയുടെ വിവിധ എണ്ണ-വാതക മേഖലാ പദ്ധതികളും ബിഹാറിലെ 13,400 രൂപയിലധികം വിലമതിക്കുന്ന നിരവധി വികസന പദ്ധതികളും ഇന്ന് ബിഹാറിലെ ബെഗുസരായിയില്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു.

വികസിത ഭാരതം സൃഷ്ടിക്കുന്നതിലൂടെ ബിഹാറിനെ വികസിപ്പിക്കുക എന്ന ദൃഢനിശ്ചയവുമായാണ് താന്‍ ഇന്ന് ബിഹാറിലെ ബെഗുസരായിയില്‍ എത്തിയിരിക്കുന്നതെന്ന് സദസിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. വലിയ ജനക്കൂട്ടത്തെ അദ്ദേഹം അംഗീകരിക്കുകയും ജനങ്ങളുടെ സ്‌നേഹവും അനുഗ്രഹവും നേടാനായതില്‍ നന്ദി പറയുകയും ചെയ്തു.

 

കഴിവുള്ള യുവാക്കളുടെ നാടാണ് ബെഗുസരായിയെന്നും രാജ്യത്തെ കര്‍ഷകരെയും തൊഴിലാളികളെയും അത് എല്ലായ്പ്പോഴും ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഏകദേശം 1.50 ലക്ഷം കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടക്കുമ്പോള്‍ ബെഗുസരായിയുടെ പഴയ പ്രതാപം തിരിച്ചുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ഇത്തരം പരിപാടികള്‍ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലാണ് നടന്നിരുന്നതെങ്കില്‍,  ഇപ്പോള്‍ മോദി ഡല്‍ഹിയെ ബെഗുസരായിയിലെത്തിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 30,000 കോടി രൂപയുടെ പദ്ധതികള്‍ ബിഹാറുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ തോത് ഇന്ത്യയുടെ കഴിവുകള്‍ കാണിക്കുകയും ബിഹാറിലെ യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇന്നത്തെ വികസന പദ്ധതികള്‍ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിനുള്ള മാധ്യമമായി മാറുമെന്നും ബിഹാറില്‍ സേവനത്തിനും സമൃദ്ധിക്കും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലേക്കുള്ള പുതിയ ട്രെയിന്‍ സര്‍വീസുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി പരാമര്‍ശിച്ചു.

2014ല്‍ അധികാരത്തില്‍ വന്നതു മുതല്‍ ദ്രുതഗതിയിലുള്ള വികസനത്തിനാണ് ഗവണ്‍മെന്റ് മുന്‍ഗണന നല്‍കുന്നതെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ''ബിഹാറും കിഴക്കന്‍ ഇന്ത്യയും സമൃദ്ധമായിരുന്നപ്പോള്‍ ഇന്ത്യ ശാക്തീകരിക്കപ്പെട്ടു എന്നതിനു ചരിത്രം തെളിവാണ്'' - ബിഹാറിന്റെ മോശമായ അവസ്ഥ രാജ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിന്റെ വികസനം വികസിതഭാരതം സൃഷ്ടിക്കുമെന്ന് അദ്ദേഹം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ''ഇത് വാഗ്ദാനമല്ല, ഇതൊരു ദൗത്യമാണ്, ദൃഢനിശ്ചയമാണ്'' - പ്രധാനമായും പെട്രോളിയം, വളം, റെയില്‍വേ എന്നിവയുമായി ബന്ധപ്പെട്ട ഇന്നത്തെ പദ്ധതികള്‍ ഈ ദിശയിലേക്കുള്ള വലിയ ചുവടുവയ്പ്പാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ''ഊര്‍ജം, വളം, സമ്പര്‍ക്കസൗകര്യം എന്നിവയാണ് വികസനത്തിന്റെ അടിസ്ഥാനം. കൃഷിയായാലും വ്യവസായമായാലും എല്ലാം അവയെ ആശ്രയിച്ചിരിക്കുന്നു''- തൊഴിലും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ മുന്‍ഗണനാ മേഖലകള്‍ക്ക് അടിവരയിട്ടു പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് പൂര്‍ത്തീകരിക്കുന്ന ഉറപ്പായ ബറൗണി വളം പ്ലാന്റ് ആരംഭിക്കുന്നതിനെ കുറിച്ചും പ്രധാനമന്ത്രി അവരെ ഓര്‍മ്മിപ്പിച്ചു. ''ബിഹാറില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ രാജ്യത്തെ കര്‍ഷകര്‍ക്ക് ഇത് വലിയ നേട്ടമാണ്'' അദ്ദേഹം പറഞ്ഞു. ഗോരഖ്പൂര്‍, രാമഗുണ്ടം, സിന്ദ്രി എന്നിവിടങ്ങളിലെ പ്ലാന്റുകള്‍ അടച്ചുപൂട്ടിയിരുന്നു; എന്നാല്‍ ഇന്ന് ഇന്ത്യയുടെ യൂറിയ സ്വാശ്രയത്വത്തിന്റെ നെടുംതൂണായി അവ മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ''അതുകൊണ്ടാണ് മോദിയുടെ ഉറപ്പുകള്‍ എന്നാല്‍ പൂര്‍ത്തീകരണത്തിന്റെ ഉറപ്പെന്ന് രാജ്യം പറയുന്നത്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് മാസങ്ങളോളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച ബറൗണി റിഫൈനറിയുടെ പ്രവര്‍ത്തന വ്യാപ്തി വിപുലീകരിക്കുന്നതിലും പ്രധാനമന്ത്രി മോദി സ്പര്‍ശിച്ചു. ബീഹാറിലെ വ്യാവസായിക വികസനത്തിന് ബറൗണി റിഫൈനറി പുതിയ ഊര്‍ജ്ജം നല്‍കുമെന്നും ഇന്ത്യയെ ആത്മനിര്‍ഭര്‍ ആക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം തറപ്പിച്ചുപറഞ്ഞു. പെട്രോളിയം, പ്രകൃതി വാതകം എന്നിവയുമായി ബന്ധപ്പെട്ട ബിഹാറിലെ 65,000 കോടി രൂപയുടെ വികസന പദ്ധതികളില്‍ മിക്കവയും പൂര്‍ത്തീകരിച്ചതില്‍ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു. ഗ്യാസ് പൈപ്പ്‌ലൈന്‍ ശൃംഖലകള്‍ വിപുലീകരിക്കുന്നതിലൂടെ ബീഹാറിലെ സ്ത്രീകള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഗ്യാസ് വിതരണം ചെയ്യുന്നതിനുണ്ടാകുന്ന സൗകര്യം ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, ഇത് മേഖലയില്‍ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നത് സുഗമമാക്കുമെന്നും പറഞ്ഞു.


കെ.ജി ബേസിനില്‍ നിന്ന് രാജ്യത്തേക്കുള്ള 'ഫസ്റ്റ് ഓയില്‍ലും', ഒ.എന്‍.ജി.സി കൃഷ്ണ ഗോദാവരി ആഴക്കടല്‍ പദ്ധതിയില്‍ നിന്നുള്ള ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്ത ആദ്യത്തെ ക്രൂഡ് ഓയില്‍ ടാങ്കറും ഈ സുപ്രധാന മേഖലയില്‍ സ്വാശ്രയത്വം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇങ്ങനെയാണ് ഗവണ്‍മെന്റ് രാജ്യതാല്‍പ്പര്യ പ്രവര്‍ത്തനത്തിന് സമര്‍പ്പിതമാകുന്നത് സ്വാര്‍ത്ഥ കുടുംബ രാഷ്ട്രീയത്തെ വിമര്‍ശിക്കുന്നതുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇപ്പോള്‍ ഇന്ത്യയുടെ റെയില്‍വേ നവീകരണം ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വൈദ്യുതീകരണവും സ്‌റ്റേഷന്‍ നവീകരണവും അദ്ദേഹം പരാമര്‍ശിച്ചു.


കുടുംബ രാഷ്ട്രീയവും സാമൂഹിക നീതിയും തമ്മില്‍ നഗ്നമായ വൈരുദ്ധ്യത്തെ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. കുടുംബരാഷ്ട്രീയ പ്രതിഭകളുടെയും യുവജനങ്ങളുടെയും ക്ഷേമത്തിന് പ്രത്യേകിച്ച് ഹാനികരമാണെന്നും അദ്ദേഹം പറഞ്ഞു.

 

''യഥാര്‍ത്ഥ സാമൂഹ്യനീതി കൈവരിക്കുന്നത് 'സന്തുഷ്ടികരണം' കൊണ്ടാണ്, 'ദുഷ്ടികരണം' കൊണ്ടല്ല, പരിപൂര്‍ണ്ണതയിലൂടെ മാത്രമേ അത് നേടാന്‍ കഴിയുകയുള്ളു'' മതേതരത്വത്തിന്റെയും സാമൂഹിക നീതിയുടെയും അത്തരം രൂപങ്ങളെ മാത്രമേ താന്‍ അംഗീകരിക്കുന്നുള്ളൂവെന്നത് ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പ്രസ്താവിച്ചു. സൗജന്യ റേഷന്‍, പക്കാ വീടുകള്‍, ഗ്യാസ് കണക്ഷനുകള്‍, ടാപ്പുകളിലൂടെയുള്ള ജലവിതരണം, ശൗച്യാലയങ്ങള്‍, സൗജന്യ ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍, കര്‍ഷകര്‍ക്കുള്ള കിസാന്‍ സമ്മാന്‍ നിധി എന്നിവയുടെ പരിപൂര്‍ണ്ണതയിലൂടെയും വിതരണത്തിലൂടെയും, മാത്രമേ യഥാര്‍ത്ഥ സാമൂഹിക നീതി കൈവരിക്കാനാകുകയുള്ളുവെന്നതിനും അദ്ദേഹം അടിവരയിട്ടു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഗവണ്‍മെന്റ് പദ്ധതികളുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ദളിത്, പിന്നാക്ക വിഭാഗങ്ങളും അങ്ങേയറ്റം പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങളുമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.


നമ്മെ സംബന്ധിച്ചിടത്തോളം സാമൂഹ്യനീതി എന്നത് സ്ത്രീശക്തിയുടെ ശാക്തീകരണമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു കോടി സ്ത്രീകളെ ലക്ഷാധിപതി ദീദികളാക്കിയ നേട്ടം ആവര്‍ത്തിച്ച അദ്ദേഹം 3 കോടി ലക്ഷാധിപതി ദീദികളെ സൃഷ്ടിക്കാനുള്ള തന്റെ ദൃഢനിശ്ചയവും പ്രകടിപ്പിക്കുകയും, അവരില്‍ പലരും ബിഹാറില്‍ നിന്നുള്ളവരാണെന്നും അറിയിക്കുകയും ചെയ്തു. വൈദ്യുതി ബില്ലുകള്‍ കുറയ്ക്കുകയും അധിക വരുമാനം നല്‍കുകയും ചെയ്യുന്ന പ്രധാനമന്ത്രി സൂര്യാഘര്‍ മുഫ്ത് ബിജിലി യോജനയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ബിഹാറിലെ എന്‍.ഡി.എ ഗവണ്‍മെന്റ് പാവപ്പെട്ടവര്‍, സ്ത്രീകള്‍, കര്‍ഷകര്‍, കരകൗശലത്തൊഴിലാളികള്‍, പിന്നോക്കക്കാര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ എന്നിവര്‍ക്കായി അക്ഷീണം പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ''ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ ഇരട്ട പ്രയത്‌നത്താല്‍ ബീഹാര്‍ വികസിതമാകാന്‍ കുതിക്കുകയാണ്'', പ്രധാനമന്ത്രി പറഞ്ഞു.
ആയിരക്കണക്കിന് കോടിരൂപയുടെ വികസന പദ്ധതികള്‍ക്ക് ജനങ്ങളോട് നന്ദി പ്രകടിപ്പിച്ചും അവരെ അഭിനന്ദിച്ചുകൊണ്ടും പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചു. വന്‍തോതില്‍ ഇന്നുണ്ടായ പങ്കാളിത്തത്തിന് അദ്ദേഹം സ്ത്രീകളോട് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.


ബീഹാര്‍ ഗവര്‍ണര്‍, ശ്രീ രാജേന്ദ്ര വി അര്‍ലേക്കര്‍, ബീഹാര്‍ മുഖ്യമന്ത്രി, ശ്രീ നിതീഷ് കുമാര്‍, ബീഹാര്‍ ഉപമുഖ്യമന്ത്രിമാരായ ശ്രീ സാമ്രാട്ട് ചൗധരി, ശ്രീ വിജയ് കുമാര്‍ സിന്‍ഹ, കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രീ ഹര്‍ദീപ് പുരി, പാര്‍ലമെന്റ് അംഗം, ശ്രീ ഗിരിരാജ് സിംഗ് തുടങ്ങിയവരും മറ്റുള്ളവര്‍ക്കൊപ്പം ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പശ്ചാത്തലം

1.48 ലക്ഷം കോടി രൂപയുടെ ഒന്നിലധികം എണ്ണ-വാതക പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. കെജി സംഭരണിയോടൊപ്പം ബീഹാര്‍, ഹരിയാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക തുടങ്ങി വിവിധ സംസ്ഥാനങ്ങളിലായി പദ്ധതികള്‍ രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്നു.

 

കെ.ജിയില്‍ നിന്നുള്ള'ആദ്യ എണ്ണ' പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു. ഊര്‍ജ സുരക്ഷയും സാമ്പത്തിക പ്രതിരോധവും ഊര്‍ജസ്വലമാക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതി ഇന്ത്യയുടെ ഊര്‍ജ മേഖലയില്‍ ഒരു പുതിയ യുഗത്തിന് തുടക്കമിടുന്നു.


ബിഹാറില്‍ എണ്ണ- വാതക മേഖലയിലെ ഏകദേശം 14,000 കോടി രൂപയുടെ പദ്ധതികള്‍ ഏറ്റെടുത്തു. 11,400 കോടി രൂപയിലധികം പദ്ധതിച്ചെലവുള്ള ബറൗണി റിഫൈനറിയുടെ വിപുലീകരണത്തിന്റെ തറക്കല്ലിടലും ബറൗണി റിഫൈനറിയിലെ ഗ്രിഡ് അടിസ്ഥാനസൗകര്യം പോലുള്ള പദ്ധതികളുടെ ഉദ്ഘാടനവും ഇതില്‍പ്പെടുന്നു; പാരദീപ് - ഹാല്‍ദിയ - ദുര്‍ഗാപൂര്‍ എല്‍പിജി പൈപ്പ് ലൈന്‍ പട്നയിലേക്കും മുസാഫര്‍പൂരിലേക്കും നീട്ടുന്നു.
ഹരിയാനയിലെ പാനിപ്പത്ത് റിഫൈനറി - പെട്രോകെമിക്കല്‍ കോംപ്ലക്സിന്റെ വിപുലീകരണവും രാജ്യത്തുടനീളം ഏറ്റെടുക്കുന്ന മറ്റ് പ്രധാന എണ്ണ-വാതക പദ്ധതികളില്‍പ്പെടുന്നു; പാനിപ്പത്ത് റിഫൈനറിയിലെ 3ജി എത്തനോള്‍ പ്ലാന്റും കാറ്റലിസ്റ്റ് പ്ലാന്റും; ആന്ധ്രാപ്രദേശിലെ വിശാഖ് റിഫൈനറി ആധുനീകരണ പദ്ധതി (വിആര്‍എംപി); പഞ്ചാബിലെ ഫാസില്‍ക, ഗംഗാനഗര്‍, ഹനുമാന്‍ഗഡ് ജില്ലകളെ ഉള്‍ക്കൊള്ളുന്ന സിറ്റി ഗ്യാസ് വിതരണ ശൃംഖലാ പദ്ധതി; കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലെ പുതിയ പിഒഎല്‍ ഡിപ്പോ, മഹാരാഷ്ട്രയിലെ മുംബൈ ഹൈ നോര്‍ത്ത് പുനര്‍വികസനം നാലാം ഘട്ടം എന്നിവയാണ് മറ്റുള്ളവ. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജിയുടെ (ഐഐപിഇ) തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.

 

ബറൗണിയില്‍ ഹിന്ദുസ്ഥാന്‍ ഉര്‍വരക് - രസായന്‍ ലിമിറ്റഡ് (എച്ച് യു ആര്‍ എല്‍) വളം പ്ലാന്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 9500 കോടിയിലധികം രൂപ ചെലവഴിച്ച് വികസിപ്പിച്ച പ്ലാന്റ് കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയ്ക്ക് യേൂറിയ ലഭ്യമാക്കുകയും അവരുടെ ഉല്‍പ്പാദനക്ഷമതയും സാമ്പത്തിക സ്ഥിരതയും വര്‍ദ്ധിപ്പിക്കുകയും ചെയ്യും. രാജ്യത്ത് പുനരുജ്ജീവിപ്പിക്കുന്ന നാലാമത്തെ വളം പ്ലാന്റാണിത്.


ഏകദേശം 3917 കോടി രൂപയുടെ നിരവധി റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഇതില്‍ രാഘോപൂര്‍ - ഫോര്‍ബ്‌സ്ഗഞ്ച് ഗേജ് മാറ്റത്തിനുള്ള പദ്ധതിയും ഉള്‍പ്പെടുന്നു; മുകുരിയ-കതിഹാര്‍-കുമേദ്പൂര്‍ റെയില്‍ പാത ഇരട്ടിപ്പിക്കല്‍; ബറൗണി-ബച്ച്വാര 3-ഉം 4-ഉം പാതകള്‍ക്കുള്ള പദ്ധതി, കതിഹാര്‍-ജോഗ്ബാനി റെയില്‍ സെക്ഷന്റെ വൈദ്യുതീകരണം എന്നിവയും ഇതിന്റെ ഭാഗമാണ്. ഈ പദ്ധതികള്‍ യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കുകയും മേഖലയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് വഴിയൊരുക്കുകയും ചെയ്യും. ദനാപൂര്‍ - ജോഗ്ബാനി എക്‌സ്പ്രസ് (ദര്‍ഭംഗ - സക്രി വഴി) ഉള്‍പ്പെടെ നാല് ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. ജോഗ്ബാനി- സഹര്‍സ എക്‌സ്പ്രസ്; സോന്‍പൂര്‍-വൈശാലി എക്‌സ്പ്രസ്; ഒപ്പം ജോഗ്ബാനി-സിലിഗുരി എക്‌സ്പ്രസ് എന്നിവയും ഇതില്‍പ്പെടുന്നു.

രാജ്യത്തെ കന്നുകാലികള്‍ക്കായുള്ള ഡിജിറ്റല്‍ അടിസ്ഥാനവിവരരേഖയായ 'ഭാരത് പശുധന്‍' പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. നാഷണല്‍ ഡിജിറ്റല്‍ ലൈവ്സ്റ്റോക്ക് മിഷന്റെ (എന്‍ഡിഎല്‍എം) കീഴില്‍ വികസിപ്പിച്ചെടുത്ത 'ഭാരത് പശുധന്‍' ഓരോ കന്നുകാലികള്‍ക്കും അനുവദിച്ചിട്ടുള്ള 12 അക്ക ടാഗ് ഐഡി ഉപയോഗിക്കുന്നു. പദ്ധതിക്ക് കീഴില്‍, കണക്കാക്കിയ 30.5 കോടി പശുക്കളില്‍, ഏകദേശം 29.6 കോടി ഇതിനകം ടാഗ് ചെയ്തിട്ടുണ്ട്, അവയുടെ വിശദാംശങ്ങള്‍ വിവരരേഖയില്‍ ലഭ്യമാണ്. 'ഭാരത് പശുധന്‍', പശുക്കളെ കണ്ടെത്താനുള്ള സംവിധാനം ഒരുക്കി കര്‍ഷകരെ ശാക്തീകരിക്കുകയും രോഗ നിരീക്ഷണത്തിനും നിയന്ത്രണത്തിനും സഹായിക്കുകയും ചെയ്യും.

 

കര്‍ഷകര്‍ക്ക് ഉപയോഗിക്കാവുന്ന 'ഭാരത് പശുധന്‍' വിവര രേഖയ്ക്ക് കീഴിലുള്ള എല്ലാ വിവരങ്ങളും വിവരങ്ങളും രേഖപ്പെടുത്തുന്ന ആപ്പായ '1962 ഫാര്‍മേഴ്‌സ് ആപ്പ്' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
Indian Air Force's first LCA Mark 1A fighter aircraft set for July delivery, HAL accelerates indigenous aircraft program

Media Coverage

Indian Air Force's first LCA Mark 1A fighter aircraft set for July delivery, HAL accelerates indigenous aircraft program
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 മെയ് 17
May 17, 2024

Bharat undergoes Growth and Stability under the leadership of PM Modi