പുതുതായി നിയമനം ലഭിച്ചവരുമായി ആശയവിനിമയം നടത്തി
“പതിവായി നടക്കുന്ന തൊഴിൽ മേളകൾ ഈ ഗവണ്മെന്റിന്റെ അടയാളമായി മാറിയിരിക്കുന്നു”
“കേന്ദ്രത്തിനു കീഴിലുള്ള ജോലികളിൽ, നിയമനപ്രക്രിയ കാര്യക്ഷമമേറിയതും സമയബന്ധിതവുമാണ്”
“സുതാര്യമായ നിയമനവും സ്ഥാനക്കയറ്റങ്ങളും യുവാക്കൾക്കിടയിൽ വിശ്വാസം ജനിപ്പിക്കുന്നു”
“‘പൗരനാണ് എപ്പോഴും ശരി’ എന്ന നിലയിൽ സേവന മനോഭാവത്തോടെ ജോലിചെയ്യണം”
“സാങ്കേതികവിദ്യയിലൂടെയുള്ള സ്വയംപഠനം ഇന്നത്തെ തലമുറയ്ക്കുള്ള അവസരമാണ്”
“ഇന്നത്തെ ഇന്ത്യ സ്വയംതൊഴിൽ അവസരങ്ങളുടെ വൻതോതിലുള്ള വിപുലീകരണത്തിലേക്കു നയിക്കുന്ന അതിവേഗ വളർച്ചയ്ക്കു സാക്ഷ്യംവഹിക്കുന്നു”
“രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാൻ നിങ്ങൾ പഠിക്കുകയും സ്വയം പ്രാപ്തരാകുകയും വേണം”

ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 71,000 പേർക്കുള്ള നിയമനക്കത്തുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ വിതരണം ചെയ്തു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ചുവടുവയ്പാണു തൊഴിൽ മേള. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും യുവാക്കൾക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തിൽ പങ്കാളിത്തത്തിനും അർഥവത്തായ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനുമുള്ള ഉൾപ്രേരകമായി തൊഴിൽ മേള പ്രവർത്തിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

നിയമനം ലഭിച്ചവരുമായി ചടങ്ങിൽ പ്രധാനമന്ത്രി ആശയവിനിമയം നടത്തി.

പഞ്ചാബ് നാഷണൽ ബാങ്കിലേക്കുള്ള നിയമനക്കത്തു ലഭിച്ച പശ്ചിമ ബംഗാളിൽ നിന്നുള്ള കുമാരി സുപ്രഭ ബിശ്വാസാണു പ്രധാനമന്ത്രിയുമായി ആദ്യം ആശയവിനിമയം നടത്തിയത്. നിയമനത്തിന്റെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കിയതിനും സേവനമനുഷ്ഠിക്കാനുള്ള അവസരമൊരുക്കിയതിനും അവർ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. അവരുടെ തുടർപഠനത്തെക്കുറിച്ചും പ്രധാനമന്ത്രി ആരാഞ്ഞു. ഐഗോട്ട് മൊഡ്യൂളുമായുള്ള സഹകരണം അവർ വിശദീകരിക്കുകയും മൊഡ്യൂളിന്റെ പ്രയോജനത്തെക്കുറിച്ചു പറയുകയും ചെയ്തു. ജോലിയിൽ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും ശ്രീ മോദി ആരാഞ്ഞു. എല്ലാ മേഖലയിലും പെൺകുട്ടികൾ പുതിയ കുതിപ്പ് നടത്തുന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

ശ്രീനഗർ എൻഐടിയിൽ ജൂനിയർ അസിസ്റ്റന്റായി നിയമിതനായ ജമ്മു കശ്മീരിലെ ശ്രീനഗറിൽ നിന്നുള്ള ശ്രീ ഫൈസൽ ഷൗക്കത്ത് ഷാ പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തുകയും ഗവണ്മെന്റ് ജോലിയിൽ പ്രവേശിക്കുന്ന, കുടുംബത്തിലെ ആദ്യ അംഗം താനാണെന്ന് അറിയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിയമനം സമപ്രായക്കാരിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പ്രധാനമന്ത്രി അദ്ദേഹത്തോട് ചോദിച്ചു. ഗവണ്മെന്റ് ജോലി സ്വന്തമാക്കാൻ തന്റെ സുഹൃത്തുക്കൾക്ക് പ്രചോദനം ലഭിച്ചെന്നു ശ്രീ ഫൈസൽ പ്രധാനമന്ത്രിയെ അറിയിച്ചു. ഐഗോട്ട് മൊഡ്യൂളിന്റെ നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ശ്രീ ഫൈസലിനെപ്പോലെ ജമ്മു കശ്മീരിശല മുഴുവൻ യുവാക്കളും പുതിയ ഉയരങ്ങളിലെത്തുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പഠനം തുടരണമെന്നും പുതുതായി നിയമനം ലഭിച്ച യുവാവിനോട് ശ്രീ മോദി ആവശ്യപ്പെട്ടു.

മണിപ്പൂരിൽ നിന്നുള്ള കുമാരി വാഹ്നി ചോങ്ങിന് ഗുവാഹത്തി എയിംസിൽ നഴ്‌സിങ് ഓഫീസറായാണു നിയമനക്കത്ത് ലഭിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുക എന്നത് തന്റെ സ്വപ്നമാണെന്നും അവർ പറഞ്ഞു. മറ്റുള്ളവരെപ്പോലെ, കുടുംബത്തിൽ നിന്ന് ഗവണ്മെന്റ് ജോലി ലഭിച്ച ആദ്യ വ്യക്തിയാണ് ഇവരും. നിയമനപ്രക്രിയയിൽ എന്തെങ്കിലും തടസങ്ങൾ നേരിട്ടിട്ടുണ്ടോ എന്നു പ്രധാനമന്ത്രി ആരായുകയും ഇക്കാര്യത്തിലെ അനുഭവം പങ്കിടാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്നു പഠിക്കാനുള്ള ആഗ്രഹവും അവർ വ്യക്തമാക്കി. ജോലിസ്ഥലത്തെ ലൈംഗികാതിക്രമങ്ങൾ കൈകാര്യം ചെയ്യുന്ന വ്യവസ്ഥകളെക്കുറിച്ചുള്ള ബോധവൽക്കരണത്തെക്കുറിച്ചും പഠിക്കുന്നതിനെക്കുറിച്ചും അവർ സംസാരിച്ചു. വടക്കുകിഴക്കൻ മേഖലയിൽ നിയമനം ലഭിച്ചതിന് അവരെ അഭിനന്ദിച്ച പ്രധാനമന്ത്രി, മേഖലയുടെ വികസനത്തിന് ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു.

ബിഹാറിൽ നിന്നുള്ള ദിവ്യാംഗനായ ശ്രീ രാജു കുമാറിന് ഇന്ത്യയുടെ കിഴക്കൻ റെയിൽവേയിൽ ജൂനിയർ എൻജിനിയറായുള്ള നിയമനക്കത്ത് ലഭിച്ചു. ദിവ്യാംഗനായ ശ്രീ രാജു തന്റെ യാത്രയെക്കുറിച്ചു വിവരിക്കുകയും ജീവിതത്തിൽ കൂടുതൽ മുന്നോട്ട് പോകാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു. സഹപ്രവർത്തകരിൽ നിന്നും കുടുംബത്തിൽ നിന്നും ലഭിച്ച പിന്തുണയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കർമയോഗി പ്രാരംഭ പരിശീലനത്തിൽ ശ്രീ രാജു  8 കോഴ്സുകൾ ചെയ്തിട്ടുണ്ട്. സമ്മർദം കൈകാര്യം ചെയ്യലിനെയും പെരുമാറ്റച്ചട്ടത്തെയും കുറിച്ചുള്ള കോഴ്സിൽ നിന്ന് വളരെയധികം പ്രയോജനം ലഭിച്ചു. യുപിഎസ്‌സിയുടെ സിവിൽ സർവീസ് പരീക്ഷയ്ക്ക് ശ്രമിക്കുമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് പറഞ്ഞു. അദ്ദേഹത്തിന്റെ യാത്രയ്ക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു.

തെലങ്കാനയിൽ നിന്നുള്ള ശ്രീ കണ്ണമല വംശി കൃഷ്ണയ്ക്ക് കോൾ ഇന്ത്യ ലിമിറ്റഡിൽ മാനേജ്‌മെന്റ് ട്രെയിനിയായി നിയമനക്കത്ത് ലഭിച്ചു. മാതാപിതാക്കളുടെ കഠിനാധ്വാനത്തെയും പ്രയാസങ്ങളെയും കുറിച്ചു പ്രധാനമന്ത്രിയോടു പറഞ്ഞ അദ്ദേഹം തന്റെ യാത്രയെക്കുറിച്ചു വിവരിക്കുകയും തൊഴിൽ മേള സംഘടിപ്പിച്ചതിനു പ്രധാനമന്ത്രിയോട് നന്ദി പറയുകയും ചെയ്തു. ശ്രീ കണ്ണമല വംശി കൃഷ്ണയും മൊഡ്യൂൾ വളരെ ഉപയോഗപ്രദമാണെന്നു വ്യക്തമാക്കുകയും ഇതു മൊബൈൽ ഫോണുകളിൽ ലഭ്യമാണെന്നു പറയുകയും ചെയ്തു. ശ്രീ മോദി അദ്ദേഹത്തിന് ആശംസകൾ നേരുകയും ഔദ്യോഗികവൃത്തിക്കിടെ തുടർന്നും പഠിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നു പറയുകയും ചെയ്തു.

71,000 കുടുംബങ്ങൾക്ക് ഗവണ്മെന്റ് തൊഴിലവസരം എന്ന വിലയേറിയ സമ്മാനം കൊണ്ടുവന്ന 2023ലെ ആദ്യ തൊഴിൽ മേളയാണ് ഇതെന്ന് സദസിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. പുതുതായി നിയമിക്കപ്പെട്ടവരെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഈ തൊഴിലവസരങ്ങൾ നിയമിതരായവരിൽ മാത്രമല്ല, കോടിക്കണക്കിന് കുടുംബങ്ങൾക്കിടയിലും പ്രതീക്ഷയുടെ പുതിയ കിരണങ്ങൾ പകരുമെന്ന് ചൂണ്ടിക്കാട്ടി. എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പതിവായി തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നതിനാൽ വരും ദിവസങ്ങളിൽ ലക്ഷക്കണക്കിന് പുതിയ കുടുംബങ്ങൾക്ക് ഗവണ്മെന്റ് ജോലിയിൽ നിയമനം ലഭിക്കുമെന്നു പ്രധാനമന്ത്രി അറിയിച്ചു. അസം ഗവണ്മെന്റ് ഇന്നലെയാണു തൊഴിൽ മേള സംഘടിപ്പിച്ചതെന്നും മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ ഉടൻ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. “പതിവായി നടക്കുന്ന തൊഴിൽ മേളകൾ ഈ ഗവണ്മെന്റിന്റെ അടയാളമായി മാറി. ഈ ഗവണ്മെന്റ് എന്ത് തീരുമാനമെടുത്താലും അത് യാഥാർഥ്യമാകുമെന്ന് തെളിയിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു. 

പുതിയതായി നിയമിക്കപ്പെട്ടവരുടെ മുഖത്തെ സന്തോഷവും സംതൃപ്തിയും തനിക്ക് വ്യക്തമായി കാണാൻ കഴിയുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ ഉദ്യോഗാർഥികളിൽ ഭൂരിഭാഗവും സാധാരണ പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. അഞ്ചുതലമുറകളായി അവരുടെ കുടുംബത്തിൽ ഇതാദ്യമായാണു പലർക്കും ഗവണ്മെന്റ് ജോലി ലഭിക്കുന്നത്. ഇത് ഗവണ്മെന്റ് ജോലി ലഭിക്കുന്നതിനപ്പുറമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സുതാര്യവും വ്യക്തവുമായ നിയമനപ്രക്രിയയിലൂടെ തങ്ങളുടെ കഴിവുകൾ അംഗീകരിക്കപ്പെട്ടതിൽ ഉദ്യോഗാർഥികൾ സന്തുഷ്ടരാണ്. “നിങ്ങൾക്ക് നിയമനപ്രക്രിയയിൽ വലിയ മാറ്റം കാണാൻ കഴിഞ്ഞിട്ടുണ്ടാകും. കേന്ദ്രത്തിനു കീഴിലുള്ള ജോലികളിൽ, നിയമനപ്രക്രിയ കാര്യക്ഷമമേറിയതും സമയബന്ധിതവുമായി മാറിക്കഴിഞ്ഞു”- പ്രധാനമന്ത്രി പറഞ്ഞു.

ഇന്നത്തെ ഈ നിയമനപ്രക്രിയയുടെ സുതാര്യതയും വേഗതയും ഇന്നത്തെ ഗവൺമെന്റിന്റെ പ്രവർത്തനത്തിന്റെ എല്ലാ വശങ്ങളുടെയും സവിശേഷതയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പതിവ് സ്ഥാനക്കയറ്റങ്ങൾക്കു പോലും കാലതാമസവും തർക്കങ്ങളുമുണ്ടായ സമയത്തെക്കുറിച്ചു ശ്രീ മോദി പറഞ്ഞു. ഈ ഗവണ്മെന്റ് ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് സുതാര്യമായ നടപടി ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “സുതാര്യമായ നിയമനനടപടികളും സ്ഥാനക്കയറ്റവും യുവാക്കൾക്കിടയിൽ വിശ്വാസം ജനിപ്പിക്കുന്നു”- അദ്ദേഹം പറഞ്ഞു.

ഇന്ന് നിയമനക്കത്തുകൾ ലഭിച്ചവർക്ക് ഇത് പുതിയ യാത്രയുടെ തുടക്കമാണെന്ന് ചൂണ്ടിക്കാട്ടി, രാജ്യത്തിന്റെ വികസന യാത്രയിൽ ഗവണ്മെന്റ് സംവിധാനത്തിന്റെ ഭാഗമാകുന്നതിലൂടെ അവർ നൽകുന്ന സംഭാവനകളെക്കുറിച്ചും പങ്കാളിത്തത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. പുതിയതായി നിയമിതരായ പലരും ഗവണ്മെന്റിന്റെ നേരിട്ടുള്ള പ്രതിനിധികളായി പൊതുജനങ്ങളുമായി സംവദിക്കുമെന്നും അവർ അവരുടേതായ രീതിയിൽ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉപഭോക്താവാണ് എല്ലായ്‌പ്പോഴും ശരി എന്ന വ്യാവസായിക ലോകത്തെ ചൊല്ലിനോട് സാമ്യമുള്ള, 'പൗരനാണ് എപ്പോഴും ശരി' എന്ന തത്വം ഭരണത്തിലും നടപ്പാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഇത് സേവന മനോഭാവം ജനിപ്പിക്കുകയും അതിനു കരുത്തേകുകയും ചെയ്യും”. ഒരാൾ ഗവണ്മെന്റ് ജോലിയിൽ നിയമിക്കപ്പെടുമ്പോൾ, അത് സേവനമായാണ് പരാമർശിക്കപ്പെടുന്നത്, ജോലിയായല്ല -  പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 140 കോടി ഇന്ത്യൻ പൗരന്മാരെ സേവിക്കുന്നതിലൂടെ അനുഭവിക്കാൻ കഴിയുന്ന സന്തോഷവും അദ്ദേഹം ചൂണ്ടിക്കാട്ടി. അത് ജനങ്ങളിൽ മികച്ച സ്വാധീനം ചെലുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

ഐഗോട്ട് കർമയോഗി പ്ലാറ്റ്‌ഫോമിൽ ഓൺലൈൻ കോഴ്സുകളിൽ പങ്കെടുക്കുന്ന നിരവധി ഗവണ്മെന്റ് ജീവനക്കാരുടെ കാര്യം പരാമർശിച്ച്, ഔദ്യോഗിക പരിശീലനത്തിന് പുറമേ, ഈ പ്ലാറ്റ്‌ഫോമിൽ വ്യക്തിത്വ വികസനത്തിനായും നിരവധി കോഴ്സുകളുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയിലൂടെയുള്ള സ്വയംപഠനം ഇന്നത്തെ തലമുറയ്ക്ക് അവസരമാണെന്നും അദ്ദേഹം പറഞ്ഞു. തന്നിലെ വിദ്യാർഥിയെ മരിക്കാൻ താൻ ഒരിക്കലും അനുവദിച്ചിട്ടില്ലെന്ന് ശ്രീ മോദി പറഞ്ഞു. “സ്വന്തമായി പഠിക്കാനുള്ള മനോഭാവം പഠിതാവിന്റെയും സ്ഥാപനങ്ങളുടെയും  കഴിവുകൾ മാത്രമല്ല, ഇന്ത്യയുടെ കഴിവുകളും മെച്ചപ്പെടുത്തും”-  അദ്ദേഹം പറഞ്ഞു.

“അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയിൽ, തൊഴിലിനും സ്വയംതൊഴിലിനുമുള്ള അവസരങ്ങൾ തുടർച്ചയായി മെച്ചപ്പെടുകയാണ്. വേഗത്തിലുള്ള വളർച്ച സ്വയംതൊഴിൽ അവസരങ്ങളുടെ വൻതോതിലുള്ള വിപുലീകരണത്തിലേക്ക് നയിക്കുന്നു. ഇന്നത്തെ ഇന്ത്യ ഇതിന് സാക്ഷ്യം വഹിക്കുന്നു”-  ശ്രീ മോദി പറഞ്ഞു.

രാജ്യത്തെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള സമഗ്രമായ സമീപനത്തിലൂടെ കഴിഞ്ഞ എട്ട് വർഷത്തിനിടെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാനസൗകര്യമേഖലയിൽ നൂറു ലക്ഷം കോടി നിക്ഷേപം നടത്തിയത് ഉദാഹരണമാക്കിയ അദ്ദേഹം, പുതുതായി നിർമിച്ച റോഡ് എങ്ങനെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നു വ്യക്തമാക്കി. പുതിയ റോഡുകളുടെയോ റെയിൽവേ പാതകളുടെയോ ചുറ്റളവിൽ പുതിയ വിപണികൾ ഉയർന്നുവരുന്നുവെന്നും വിനോദസഞ്ചാരത്തിന് വഴിയൊരുക്കുന്നതോടൊപ്പം കൃഷിയിടങ്ങളിൽ നിന്നുള്ള ഭക്ഷ്യധാന്യങ്ങളുടെ ഗതാഗതം വളരെ എളുപ്പമാക്കുന്നുവെന്നും പ്രധാനമന്ത്രി പരാമർശിച്ചു. “ഈ സാധ്യതകളെല്ലാം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

എല്ലാ ഗ്രാമങ്ങളിലും ബ്രോഡ്‌ബാൻഡ് സൗകര്യം നൽകുന്ന ഭാരത്-നെറ്റ് പദ്ധതിയെ പരാമർശിച്ച്, ഈ സൗകര്യങ്ങൾ വരുമ്പോഴുണ്ടാകുന്ന പുതിയ തൊഴിലവസരങ്ങളെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതിക വൈദഗ്ധ്യം തീരെയില്ലാത്തവർ പോലും അതിന്റെ ഗുണം മനസ്സിലാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് ഗ്രാമങ്ങളിൽ ഓൺലൈൻ സേവനങ്ങൾ നൽകിക്കൊണ്ട് സംരംഭകത്വത്തിന്റെ പുതിയ മേഖല തുറന്നു. രണ്ടാംനിര, മൂന്നാം നിര നഗരങ്ങളിൽ സ്റ്റാർട്ടപ്പ് രംഗം  അഭിവൃദ്ധി പ്രാപിക്കുന്നതു ശ്രദ്ധയിൽപ്പെടുത്തിയ ശ്രീ മോദി, ഈ വിജയം ലോകത്ത് യുവാക്കൾക്ക് പുതിയ വ്യക്തിത്വം സൃഷ്ടിച്ചുവെന്നും പറഞ്ഞു.

പുതുതായി നിയമിക്കപ്പെട്ടവരുടെ യാത്രയെയും പ്രയത്നത്തെയും ശ്ലാഘിച്ച പ്രധാനമന്ത്രി, രാജ്യത്തെ ജനങ്ങളെ സേവിക്കാൻ അവസരം ലഭിച്ചതിന് അവരെ അഭിനന്ദിച്ചു. അവരെ ഇവിടെ എത്തിച്ചത് എന്താണെന്ന് ഓർക്കണമെന്നു പറഞ്ഞ പ്രധാനമന്ത്രി, പഠനവും സേവനവും തുടരണമെന്നും ആവശ്യപ്പെട്ടു. “രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാൻ നിങ്ങൾ പഠിക്കുകയും സ്വയം പ്രാപ്തരാകുകയും വേണം”- പ്രധാനമന്ത്രി ഉപസംഹരിച്ചു.

പശ്ചാത്തലം

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയുടെ പൂര്‍ത്തീകരണത്തിലേക്കുള്ള ചുവടുവയ്പ്പാണ് തൊഴില്‍മേള. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും യുവാക്കള്‍ക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തില്‍ പങ്കാളിത്തത്തിനും അർഥവത്തായ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനുമുള്ള ഉള്‍പ്രേരകമായി തൊഴില്‍മേള പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യമെമ്പാടുനിന്നും തെരഞ്ഞെടുക്കപ്പെട്ട, പുതുതായി നിയമനം ലഭിച്ചവർ ജൂനിയര്‍ എൻജിനിയര്‍മാര്‍, ലോക്കോ പൈലറ്റുകള്‍, ടെക്നീഷ്യന്‍മാര്‍, ഇന്‍സ്പെക്ടര്‍, സബ് ഇന്‍സ്പെക്ടര്‍മാര്‍, കോണ്‍സ്റ്റബിള്‍, സ്റ്റെനോഗ്രാഫര്‍, ജൂനിയര്‍ അക്കൗണ്ടന്റ്, ഗ്രാമീണ്‍ ഡാക് സേവക്, ഇന്‍കം ടാക്സ് ഇന്‍സ്പെക്ടര്‍, അധ്യാപകര്‍, നേഴ്സുമാർ, ഡോക്ടര്‍മാര്‍, സാമൂഹ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍, പിഎ, എംടിഎസ് തുടങ്ങി കേന്ദ്ര ഗവണ്‍മെന്റിനു കീഴിലുള്ള വിവിധ തസ്തികകളിൽ/സ്ഥാനങ്ങളില്‍  പ്രവർത്തിക്കും.

പുതുതായി ചുമതലയേല്‍ക്കുന്ന ഉദ്യോഗസ്ഥര്‍ കർമയോഗി പ്രാരംഭ മൊഡ്യൂളില്‍ നിന്ന് പഠിച്ചതിന്റെ അനുഭവവും തൊഴില്‍മേള പരിപാടിയില്‍ പങ്കുവച്ചു. ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളിലെ എല്ലാ പുതിയ നിയമനങ്ങള്‍ക്കും വേണ്ടിയുള്ള ഓണ്‍ലൈന്‍ ഓറിയന്റേഷന്‍ കോഴ്സാണ് കർമയോഗി പ്രാരംഭ മൊഡ്യൂള്‍.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
2.396 million households covered under solar rooftop scheme PMSGMBY

Media Coverage

2.396 million households covered under solar rooftop scheme PMSGMBY
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister Highlights Sanskrit Wisdom in Doordarshan’s Suprabhatam
December 09, 2025

Prime Minister Shri Narendra Modi today underscored the enduring relevance of Sanskrit in India’s cultural and spiritual life, noting its daily presence in Doordarshan’s Suprabhatam program.

The Prime Minister observed that each morning, the program features a Sanskrit subhāṣita (wise saying), seamlessly weaving together values and culture.

In a post on X, Shri Modi said:

“दूरदर्शनस्य सुप्रभातम् कार्यक्रमे प्रतिदिनं संस्कृतस्य एकं सुभाषितम् अपि भवति। एतस्मिन् संस्कारतः संस्कृतिपर्यन्तम् अन्यान्य-विषयाणां समावेशः क्रियते। एतद् अस्ति अद्यतनं सुभाषितम्....”