മുൻകരുതൽ സ്വീകരിക്കാനും ജാഗ്രത പാലിക്കാനും പ്രധാനമന്ത്രി നിർദേശിച്ചു
ശ്വാസകോശ സംബന്ധമായ ഗുരുതര അസുഖങ്ങൾ (എസ്എആർഐ) ബാധിച്ചവരുടെ കാര്യത്തിൽ ലാബ് നിരീക്ഷണവും പരിശോധനയും വർധിപ്പിക്കേണ്ടതിന്റെയും ജനിതകശ്രേണീകരണം വർധിപ്പിക്കേണ്ടതിന്റെയും ആവശ്യകതയ്ക്കു പ്രധാനമന്ത്രി ഊന്നൽ നൽകി
തയ്യാറെടുപ്പുകൾ ഉറപ്പാക്കാൻ ആശുപത്രികളിൽ വീണ്ടും മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കും
ശ്വസനശുചിത്വവും കോവിഡ് അനുസൃത പെരുമാറ്റങ്ങളും പാലിക്കണമെന്നും പ്രധാനമന്ത്രി

കോവിഡ് -19, പകർച്ചപ്പനി സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേർന്നു. ആരോഗ്യ അടിസ്ഥാനസൗകര്യത്തിന്റെയും ലോജിസ്റ്റിക്സിന്റെയും തയ്യാറെടുപ്പ്, വാക്സിനേഷൻ യജ്ഞത്തിന്റെ സ്ഥിതി, പുതിയ കോവിഡ് -19 വകഭേദങ്ങളുടെയും പകർച്ചപ്പനികളുടെയും ആവിർഭാവം, രാജ്യത്ത് അവ സൃഷ്ടിക്കുന്ന പൊതുജനാരോഗ്യ പ്രത്യാഘാതങ്ങൾ എന്നിവ കണക്കിലെടുത്താണു യോഗം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് പകർച്ചപ്പനിബാധിതരുടെയും കോവിഡ് -19 ബാധിതരുടെയും എണ്ണം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഉന്നതതല അവലോകന യോഗം ചേർന്നത്.

ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം വർധിച്ചുവരുന്നതുൾപ്പെടെയുള്ള ആഗോള കോവിഡ് -19 സാഹചര്യം ഉൾക്കൊള്ളുന്ന സമഗ്രമായ അവതരണം കേന്ദ്ര ആരോഗ്യ സെക്രട്ടറി നടത്തി. 2023 മാർച്ച് 22ന് അവസാനിച്ച ആഴ്ചയിൽ ശരാശരി‌ പ്രതിദിന രോഗബാധിതർ 888 ഉം പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.98% ഉം റിപ്പോർട്ട് ചെയ്തു. പുതിയ രോഗബാധിതരുടെ എണ്ണത്തിൽ നേരിയ വർധനയാണ് രാജ്യം നേരിടുന്നതെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. എന്നിരുന്നാലും അതേ ആഴ്ചയിൽ ആഗോളതലത്തിൽ പ്രതിദിനം ശരാശരി 1.08 ലക്ഷം പേർക്കാണു രോഗം സ്ഥിരീകരിച്ചത്.

2022 ഡിസംബർ 22ന് നടന്ന കഴിഞ്ഞ കോവിഡ് -19 അവലോകനത്തിൽ പ്രധാനമന്ത്രി നൽകിയ നിർദേശങ്ങളിൽ സ്വീകരിച്ച നടപടികളും വിശദീകരിച്ചു. 20 പ്രധാന കോവിഡ് മരുന്നുകൾ, 12 മറ്റു മരുന്നുകൾ, 8 ബഫർ മരുന്നുകൾ, പകർച്ചപ്പനിക്കുള്ള മരുന്ന് എന്നിവയുടെ ലഭ്യതയും വിലയും നിരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു. 2022 ഡിസംബർ 27-ന് 22,000 ആശുപത്രികളിൽ മോക്ക് ഡ്രില്ലും നടത്തി. അതിനുശേഷം ആശുപത്രികൾ പ്രതിവിധിക്കായി പല നടപടികളും സ്വീകരിച്ചു.

കഴിഞ്ഞ ഏതാനും മാസങ്ങളായി എച്ച് 1 എൻ 1, എച്ച് 3 എൻ 2 രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ പകർച്ചപ്പനിയുടെ സ്ഥിതിയെക്കുറിച്ചു പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

നിയുക്ത ഇൻസകോഗ് ജനിതകശ്രേണീകരണ ലബോറട്ടറികളുമായി ചേർന്ന് പോസിറ്റീവ് സാമ്പിളുകളുടെയാകെ ജനിതകശ്രേണീകരണം വർധിപ്പിക്കാൻ പ്രധാനമന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. പുതിയ വകഭേദങ്ങളുണ്ടെങ്കിൽ അവ നിരീക്ഷിക്കാനും സമയബന്ധിത പ്രതികരണത്തിനും ഇതു സഹായിക്കും.

രോഗികളും ആരോഗ്യവിദഗ്ധരും ആരോഗ്യപ്രവർത്തകരും ആശുപത്രി പരിസരത്തു മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള കോവിഡ് അനുസൃത ശീലങ്ങൾക്കു പ്രധാനമന്ത്രി ഊന്നൽ നൽകി. മുതിർന്ന പൗരന്മാരും രോഗാവസ്ഥയുള്ളവരും തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ മാസ്ക് ധരിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

ഐആർഐ / എസ്എആർഐ കേസുകളുടെ ഫലപ്രദമായ നിരീക്ഷണവും പകർച്ചപ്പനി, സാർസ്-കോവ്-2, അഡെനോവൈറസ് എന്നിവയുടെ പരിശോധനയും സംസ്ഥാനങ്ങൾക്കൊപ്പം തുടർച്ചയായി നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു. കൂടാതെ, പകർച്ചപ്പനിക്കും കോവിഡ് -19നും ആവശ്യമായ മരുന്നുകളുടെയും ലോജിസ്റ്റിക്സിന്റെയും ലഭ്യതയ്ക്കും മതിയായ കിടക്കകളുടെയും ആരോഗ്യ മാനവവിഭവശേഷിയുടെയും ലഭ്യത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയ്ക്കും പ്രധാനമന്ത്രി ഊന്നൽ നൽകി.

കോവിഡ് -19 മഹാമാരിക്ക് അന്ത്യമായിട്ടില്ലെന്നും രാജ്യത്തുടനീളമുള്ള സ്ഥിതി പതിവായി നിരീക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിശോധന - നിരീക്ഷണം - ചികിത്സ - പ്രതിരോധ കുത്തിവയ്പ്, കോവിഡ് അനുസൃത ശീലങ്ങൾ എന്നീ അഞ്ചിനതന്ത്രങ്ങളിൽ തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു പറഞ്ഞ പ്രധാനമന്ത്രി, ശ്വാസകോശ സംബന്ധമായ ഗുരുതരമായ അസുഖങ്ങൾ (എസ്എആർഐ) ബാധിച്ചവരുടെ കാര്യത്തിൽ ലാബ് നിരീക്ഷണവും പരിശോധനയും വർധിപ്പിക്കാനും നിർദേശിച്ചു. നമ്മുടെ ആശുപത്രികൾ എല്ലാ അടിയന്തരഘട്ടങ്ങൾക്കും സജ്ജമാണെന്ന് ഉറപ്പാക്കാൻ മോക്ക് ഡ്രില്ലുകൾ പതിവായി നടത്തണം.

ശ്വസനശുചിത്വം പാലിക്കാനും തിരക്കേറിയ പൊതു ഇടങ്ങളിൽ കോവിഡ് അനുസൃത ശീലങ്ങൾ പാലിക്കാനും പ്രധാനമന്ത്രി സമൂഹത്തോട് ആഹ്വാനംചെയ്തു.

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ പി കെ മിശ്ര, നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി കെ പോൾ, കേന്ദ്ര കാബിനറ്റ് സെക്രട്ടറി ശ്രീ. രാജീവ് ഗൗബ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി, കേന്ദ്ര ഫാർമസ്യൂട്ടിക്കൽസ് സെക്രട്ടറി, ബയോടെക്നോളജി സെക്രട്ടറി, ഐസിഎംആർ ഡിജി, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ശ്രീ അമിത് ഖരെ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India to add 100 merchant ships to its fleet in 5 years: Sarbananda Sonowal

Media Coverage

India to add 100 merchant ships to its fleet in 5 years: Sarbananda Sonowal
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
പ്രധാനമന്ത്രി ഓഗസ്റ്റ് 27ന് ഖേലോ ഇന്ത്യ ഡയലോഗിൽ യുവാക്കളെ അഭിസംബോധന ചെയ്യും
August 26, 2026
ഖേലോ ഇന്ത്യ ഡയലോഗ് കായികരംഗം, യുവ നേതൃത്വം, പൗര ഉത്തരവാദിത്വം, സന്നദ്ധസേവനം, ശാരീരികക്ഷമത, രാഷ്ട്രനിർമാണം എന്നിവയെ ഒരു വേദിയിൽ അണിനിരത്തും
ഖേലോ ഇന്ത്യ ഡയലോഗിൻ്റെ ഭാഗമായി നടക്കുന്ന ‘യുവസംവാദം’ കായികരംഗം, ഒളിമ്പിക്സ് സ്വപ്നങ്ങൾ, യുവ നേതൃത്വം, വികസിത ഇന്ത്യ, ലഹരിമുക്ത യുവത എന്നീ അഞ്ച് പ്രധാന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓഗസ്റ്റ് 27-നു പകൽ 11-നു വീഡിയോ കോൺഫറൻസിങ് വഴി ഖേലോ ഇന്ത്യ ഡയലോഗിനെ അഭിസംബോധന ചെയ്യും. ഇന്ത്യയുടെ കായിക മുന്നേറ്റവുമായി യുവാക്കളെ കൂടുതൽ അടുപ്പിക്കുക, കായികസ്വപ്നങ്ങളും അഭിലാഷങ്ങളും പങ്കുവയ്ക്കാൻ അവസരമൊരുക്കുക, യുവാക്കളുടെ നേതൃത്വത്തിലുള്ള കരുത്തുറ്റ വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവയ്ക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക എന്നിവയാണു പരിപാടിയുടെ ലക്ഷ്യം.

‘മേരാ യുവ ഭാരത്’ (MY Bharat) സംഘടിപ്പിക്കുന്ന പരിപാടി 2026-ലെ ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായാണു നടത്തുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി, ഓരോ ജില്ലയിലെയും രണ്ടു കോളേജുകളിലെ യുവാക്കളുടെ പങ്കാളിത്തത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വികസന കാര്യപരിപാടിയുടെ കാതലിൽ യുവാക്കളുടെ അഭിലാഷങ്ങൾക്കു പ്രാധാന്യം നൽകുന്നതിനൊപ്പം, കായികക്ഷമതയും അച്ചടക്കവും കായികമേഖലയിൽ മുന്നിട്ടുനിൽക്കുന്നതുമായ രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണു പരിപാടി.

രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഖേലോ ഇന്ത്യ ഡയലോഗ് കായികരംഗം, യുവജന നേതൃത്വം, പൗരബോധം, സന്നദ്ധസേവനം, കായികക്ഷമത, രാഷ്ട്രനിർമാണം എന്നീ മേഖലകളെ ഒരൊറ്റ വേദിയിൽ കൊണ്ടുവരും. രാജ്യത്തിന്റെ കായിക അഭിലാഷങ്ങളുമായി നേരിട്ടു സംവദിക്കാൻ യുവാക്കൾക്ക് ഇതവസരമൊരുക്കും. അതോടൊപ്പം, ഇന്ത്യയുടെ യുവജന-കായിക ആവാസവ്യവസ്ഥയെക്കുറിച്ചുള്ള തുടർച്ചയായ സംവാദത്തിന്റെ ഭാഗമാകാൻ അവരുടെ ആശയങ്ങൾക്കും കാഴ്ചപ്പാടുകൾക്കും അവസരം ലഭിക്കുകയുംചെയ്യും.

ദേശീയ പരിപാടിയുടെ ഭാഗമായി യുവജന പങ്കാളികൾ, MY ഭാരത് സന്നദ്ധപ്രവർത്തകർ, പ്രാദേശിക കായികതാരങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന പ്രാദേശിക സംവാദങ്ങളും നടക്കും. കായികരംഗത്തോടു താൽപ്പര്യമുള്ള യുവാക്കൾക്ക് ഇന്ത്യയിലെ പ്രമുഖ കായികതാരങ്ങളുമായും മെഡൽ ജേതാക്കളുമായും നേരിട്ടു സംവദിക്കാനുള്ള അവസരം ലഭിക്കും എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്. പരിപാടിയുടെ പ്രധാന ഘടകമായിരിക്കും ‘യുവസംവാദം’. ഇതിലൂടെ യുവജന പങ്കാളികൾക്ക് ആശയങ്ങളും കാഴ്ചപ്പാടുകളും അഭിലാഷങ്ങളും സ്വന്തം വാക്കുകളിൽ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും. അഞ്ച് പ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും സംവാദം:

* മെച്ചപ്പെട്ട സൗകര്യങ്ങൾ, പരിശീലനം, കായികശാസ്ത്രം, ഏവരെയും ഉൾക്കൊള്ളൽ എന്നിവയിലൂടെ ഇന്ത്യയുടെ കായിക ആവാസവ്യവസ്ഥയ്ക്കു കൂടുതൽ കരുത്തേകൽ;
* ശാസ്ത്രീയമായ പ്രതിഭാന്വേഷണം, സുതാര്യമായ തെരഞ്ഞെടുപ്പ്, ദീർഘകാലാടിസ്ഥാനത്തിൽ കായികതാരങ്ങളെ വളർത്തിയെടുക്കൽ എന്നിവയിലൂടെ 2036ലെ ഒളിമ്പിക്സിനായി കായിക പ്രതിഭകളെ പരിപോഷിപ്പിക്കൽ;
* ഭരണതലവേദികളിലൂടെയും MY ഭാരതിന്റെ നേതൃത്വത്തിലുള്ള സന്നദ്ധപ്രവർത്തനങ്ങളിലൂടെയും യുവജന നേതാക്കളെ സൃഷ്ടിക്കൽ;
* പൗരബോധം, ഭാവിയെ നേരിടാൻ സജ്ജമായ കഴിവുകൾ, ചിട്ടയായ സന്നദ്ധപ്രവർത്തനം എന്നിവ വളർത്തിയെടുത്തു വികസിത ഇന്ത്യക്കായി യുവാക്കളെ ശാക്തീകരിക്കൽ;
* കായികരംഗവും സഹപാഠി കൂട്ടായ്മകളും പ്രയോജനപ്പെടുത്തി ലഹരിദുരുപയോഗത്തിനെതിരെ പോരാടുന്ന ‘ലഹരിമുക്ത യുവജന’ പ്രസ്ഥാനത്തിന് പ്രോത്സാഹനം നൽകൽ. പ്രധാനമന്ത്രി 2026 ഓഗസ്റ്റ് രണ്ടിനാരംഭിച്ച 100 ആഴ്ച നീളുന്ന രാജ്യവ്യാപക യജ്ഞത്തിന്റെ ഭാഗമായി ആഴ്ചതോറും സംഘടിപ്പിക്കുന്ന ജനപങ്കാളിത്ത പ്രവർത്തനങ്ങളിലൂടെ ഈ ശ്രമങ്ങൾക്കു കൂടുതൽ കരുത്തേകും.