പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിക്കോളാ-ലോണൽ സിയുകയുമായി ടെലിഫോണിൽ സംസാരിച്ചു .
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുക്രെയ്നിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ റൊമാനിയ നൽകിയ സഹായത്തിന് പ്രധാനമന്ത്രി നിക്കോളാ-ലോണൽ സിയുകയെ നന്ദി അറിയിച്ചു. വിസയില്ലാതെ റൊമാനിയയിലേക്ക് പ്രവേശിക്കാൻ ഇന്ത്യൻ പൗരന്മാരെ അനുവദിച്ച റൊമാനിയയുടെ നടപടിയെയും, ഒഴിപ്പിക്കലിനായി ഇന്ത്യയുടെ പ്രത്യേക വിമാനങ്ങൾക്ക് അനുമതി നല്കിയതിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
പ്രാദേശിക അധികാരികളുമായി ഏകോപിച്ച് കൊണ്ട് അടുത്ത കുറച്ച് ദിവസങ്ങളിൽ ഇന്ത്യൻ പൗരന്മാരുടെ ഒഴിപ്പിക്കൽ ശ്രമങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ സിവിൽ ഏവിയേഷൻ മന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യയെ തന്റെ പ്രത്യേക ദൂതനായി നിയോഗിച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി ശ്രീ സിയുക്കയെ അറിയിച്ചു.
ഉക്രെയ്‌നിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളിലും മാനുഷിക പ്രതിസന്ധിയിലും പ്രധാനമന്ത്രി തന്റെ വേദന പ്രകടിപ്പിക്കുകയും, ശത്രുത അവസാനിപ്പിച്ച് സംഭാഷണത്തിലേക്ക് മടങ്ങാനുള്ള ഇന്ത്യയുടെ നിരന്തരമായ അഭ്യർത്ഥന ആവർത്തിക്കുകയും ചെയ്തു. രാഷ്ട്രങ്ങളുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു.


