ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, പരിസ്ഥിതി സംരക്ഷണത്തിനും ഹരിത ഗതാഗതത്തിനും ഇന്ത്യയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു കൊണ്ട് , 2025 ജൂൺ 5 ന് രാവിലെ 10:15 ന് ന്യൂഡൽഹിയിലെ ഭഗവാൻ മഹാവീർ വനസ്ഥലി പാർക്കിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രത്യേക വൃക്ഷത്തൈ നടീൽ സംരംഭത്തിന് നേതൃത്വം നൽകും.
ഏക് പേഡ് മാ കേ നാം പദ്ധതി പ്രകാരം പ്രധാനമന്ത്രി ഒരു ആൽമരം നടും. 700 കിലോമീറ്റർ ദൈർഘ്യമുള്ള ആരവല്ലി നിരകളിൽ വനവൽക്കരണം ലക്ഷ്യമിടുന്ന 'ആരവല്ലി ഗ്രീൻ വാൾ പദ്ധതിയുടെ' ഭാഗമാണിത്.
ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത് എന്നിവയുൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ 29 ജില്ലകളിലായുളള ആരവല്ലി മലനിരകൾക്ക് ചുറ്റുമുള്ള 5 കിലോമീറ്റർ ബഫർ പ്രദേശത്ത് പച്ചപ്പ് വ്യാപിപ്പിക്കുന്നതിനുള്ള ഒരു പ്രധാന സംരംഭമാണ് ഈ പദ്ധതി. വനവൽക്കരണം, പുനർവനവൽക്കരണം, ജലാശയങ്ങളുടെ പുനഃസ്ഥാപനം എന്നിവയിലൂടെ ആരവല്ലികളുടെ ജൈവവൈവിധ്യം വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പ്രദേശത്തിന്റെ മണ്ണിന്റെ ഫലഭൂയിഷ്ഠത, ജലലഭ്യത, കാലാവസ്ഥാ പ്രതിരോധം എന്നിവ മെച്ചപ്പെടുത്തുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. തൊഴിലവസരങ്ങളും വരുമാന ഉൽപ്പാദന അവസരങ്ങളും നൽകുന്നതിലൂടെ തദ്ദേശീയ സമൂഹങ്ങൾക്ക് ഈ പദ്ധതി പ്രയോജനകരമാകും.
ഡൽഹി ഗവൺമെന്റിന്റെ സുസ്ഥിര ഗതാഗത സംരംഭത്തിന് കീഴിൽ പ്രധാനമന്ത്രി 200 ഇലക്ട്രിക് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്യും, ഇത് മലിനീകരണ രഹിതമായ ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുകയും പാരിസ്ഥിതിക സന്തുലിതാവസ്ഥയോടുള്ള രാജ്യത്തിന്റെ കൂട്ടായ ഉത്തരവാദിത്തത്തെ പ്രതീകവൽക്കരിക്കുകയും ചെയ്യും.


