ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ചട്ടക്കൂട് കൺവെൻഷൻ (യുഎൻഎഫ്‌സിസിസി), പാരീസ് ഉടമ്പടി എന്നിവയുടെ അടിസ്ഥാന തത്വങ്ങളെയും കടമകളെയും മാനിച്ച്, ആഗോളതലത്തിലെ കൂട്ടായ പ്രവർത്തനത്തിലൂടെ കാലാവസ്ഥാ വ്യതിയാനമുയർത്തുന്ന ആഗോള വെല്ലുവിളിയെ അഭിമുഖീകരിക്കേണ്ടത് അടിയന്തിര ആവശ്യമാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വ്യക്തമാക്കി. കാലാവസ്ഥാ വിഷയങ്ങൾ, ഡീകാർബണൈസേഷൻ, സംശുദ്ധ ഊർജം എന്നിവയിൽ സഹകരണം വർധിപ്പിക്കാനും UNFCCC കക്ഷികളുടെ സമ്മേളനത്തിന്റെ  28-ാം സെഷനിൽനിന്ന് പ്രത്യക്ഷവും അർഥവത്തായതുമായ ഫലങ്ങൾ കൈവരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാനുമുള്ള പ്രതിബദ്ധത നേതാക്കൾ അറിയിച്ചു.

2023-ൽ സിഒപി28ന്റെ ആതിഥേയ രാജ്യമായി തെരഞ്ഞെടുക്കപ്പെട്ട യുഎഇയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. വരാനിരിക്കുന്ന യുഎഇയുടെ സിഒപി 28 അധ്യക്ഷപദത്തിന് പൂർണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. ജി20 ലെ ഇന്ത്യയുടെ നേതൃത്വപരമായ പങ്കിനെ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിച്ചു.

 

ദേശീയതലത്തിൽ നിർണയിച്ച പ്രതിബദ്ധതകൾ നിറവേറ്റുന്നതിലൂടെയും ഐക്യദാർഢ്യവും പിന്തുണയും പ്രകടിപ്പിക്കുന്നതിലൂടെയും പാരീസ് ഉടമ്പടിയുടെ ദീർഘകാല ലക്ഷ്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ ഇരുനേതാക്കളും അന്താരാഷ്ട്ര സമൂഹത്തോട് അടിയന്തിരമായി ആവശ്യപ്പെട്ടു. ഓരോ രാജ്യത്തിന്റെയും വൈവിധ്യമാർന്ന ദേശീയ സാഹചര്യങ്ങൾ കണക്കിലെടുത്ത്, തുല്യവും പൊതുവായതും വ്യത്യസ്തവുമായ ഉത്തരവാദിത്വങ്ങളും അതതു കഴിവുകളും ഉൾപ്പെടെ, UNFCCC-യിലും പാരീസ് ഉടമ്പടിയിലും പ്രതിപാദിച്ചിരിക്കുന്ന തത്വങ്ങളും വ്യവസ്ഥകളും ദൃഢമായി ഉയർത്തിപ്പിടിച്ചു.

ആഗോള കാലാവസ്ഥാ പ്രവർത്തനത്തിന്റെ എല്ലാ പ്രധാന സ്തംഭങ്ങളിലും, അതായത് ലഘൂകരണം, പൊരുത്തപ്പെടുത്തൽ, നഷ്ടം, കേടുപാടുകൾ, കാലാവസ്ഥാ ധനസഹായം ഉൾപ്പെടെയുള്ള നടപ്പാക്കൽ മാർഗങ്ങളിൽ, സിഒപി 28-ൽ വികസനാത്മകവും സന്തുലിതവും നടപ്പാക്കൽ അടിസ്ഥാനപ്പെടുത്തിയതുമായ ഫലങ്ങൾ കൈവരിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ഇരുനേതാക്കളും സൂചിപ്പിച്ചു. ഈ ഫലങ്ങൾ പിന്തുടരുന്നതിൽ ക്രിയാത്മകമായി ഇടപെടാനും ഐക്യദാർഢ്യം പ്രകടിപ്പിക്കാനും നേതാക്കൾ എല്ലാ കക്ഷികളോടും ആഹ്വാനം ചെയ്തു.

ഈ സന്ദർഭത്തിൽ, കൺവെൻഷന്റെയും പാരീസ് ഉടമ്പടിയുടെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആഗോളതലത്തിലെ കൂട്ടായ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി രൂപകൽപ്പന ചെയ്ത, സിഒപി 28-ലെ ഗ്ലോബൽ സ്റ്റോക്ക്ടേക്കിന്റെ (GST) പ്രാധാന്യവും അതിന്റെ വിജയകരമായ പരിസമാപ്തിയും ഇരു നേതാക്കളും എടുത്തുപറഞ്ഞു. സിഒപ‌ി 28-ലെ ഗ്ലോബൽ സ്റ്റോക്ക്‌ടേക്കിനോടു സന്തുലിതമായ സമീപനം നടപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തിന് അവർ ഊന്നൽ നൽകി. വികസ്വര രാജ്യങ്ങൾക്കുള്ള കൂടുതൽ ധനസഹായവും പിന്തുണയും ഉൾപ്പെടെയുള്ള ദേശീയ പ്രതിബദ്ധതകൾ ശക്തിപ്പെടുത്തുന്നതിന് ജിഎസ്‌ടിയുടെ ഫലങ്ങൾ ഉപയോഗപ്പെടുത്താൻ രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. കൺവെൻഷന്റെയും പാരീസ് ഉടമ്പടിയുടെയും വ്യവസ്ഥകൾക്കനുസൃതമായി കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂലഫലങ്ങളോട് ഫലപ്രദമായി പ്രതികരിക്കാൻ വികസ്വര രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിൽ അന്താരാഷ്ട്ര സഹകരണത്തിന്റെ ആവശ്യകതയ്ക്കും അവർ ഊന്നൽ നൽകി.

കാലാവസ്ഥാവ്യതിയാനങ്ങളുടെ പശ്ചാത്തലത്തിൽ വികസ്വര രാജ്യങ്ങളുടെ പൊരുത്തപ്പെടുത്തൽ ശേഷി ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇരു നേതാക്കളും പറഞ്ഞു. ഭക്ഷ്യ സംവിധാനങ്ങൾ പരിവർത്തനം ചെയ്യൽ, ജലപരിപാലനം, കണ്ടൽക്കാടുകൾ ഉൾപ്പെടെയുള്ള പ്രകൃതിദത്ത കാർബൺ സിങ്കുകളുടെ സംരക്ഷണം, ജൈവ വൈവിധ്യ സംരക്ഷണവും സുസ്ഥിര ഉപയോഗവും, പൊതുജനാരോഗ്യ സംരക്ഷണവും തുടങ്ങിയ നിർണായക മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, പൊരുത്തപ്പെടുത്തലിനായുള്ള ആഗോള ലക്ഷ്യം (ജിജിഎ) വികസിപ്പിക്കുന്നതിൽ ദൃഢമായ പുരോഗതി അനിവാര്യമാണ്.

പാരീസ് ഉടമ്പടിയുടെ വ്യവസ്ഥകൾക്കനുസൃതമായി, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും പ്രതികൂലമായ പ്രത്യാഘാതങ്ങളോട് ഫലപ്രദമായി പ്രതികരിക്കാൻ ദുർബലരായ സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിൽ അന്താരാഷ്ട്ര സഹകരണത്തിന്റെ ആവശ്യകത ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്, സിഒപി28-ന്റെ നഷ്ട-നാശനഷ്ട ധനസഹായവും സഹായത്തിനായുള്ള ക്രമീകരണങ്ങളും പ്രവർത്തനക്ഷമമാക്കാൻ കക്ഷികളെ പ്രേരിപ്പിച്ചുകൊണ്ട്,  നഷ്ടത്തിന്റെയും നാശനഷ്ടങ്ങളുടെയും പ്രശ്നങ്ങളോട് പ്രതികരിക്കാനും കാലാവസ്ഥയുടെ പ്രതികൂല പ്രത്യാഘാതങ്ങൾ പരിഹരിക്കാനുമുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും പ്രകടിപ്പിച്ചു.

 

പുനരുൽപ്പാദക ഊർജം, ഹരിത ഹൈഡ്രജൻ, വിനിയോഗ-സംഭരണ സാങ്കേതികവിദ്യകൾ, ഊർജ കാര്യക്ഷമത, കാർബൺ ഉപയോഗം കുറച്ചുകൊണ്ടുള്ള മറ്റു പ്രതിവിധികൾ എന്നിവയിലെ നിക്ഷേപങ്ങൾ സുസ്ഥിര സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുമെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. സമഗ്രമായ സുസ്ഥിര വികസനം പ്രാപ്തമാക്കുന്ന നീതിയുക്തമായ പരിവർത്തനം ഉറപ്പാക്കുന്നതിനൊപ്പം, കാർബൺ പുറന്തള്ളൽ ഫലപ്രദമായി അഭിസംബോധന ചെയ്യുന്നതിനും കുറയ്ക്കുന്നതിനുമായി എല്ലാ സാങ്കേതികവിദ്യകളെയും പിന്തുണയ്ക്കുകയും വിന്യസിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത നേതാക്കൾ ഊന്നിപ്പറഞ്ഞു. ഇക്കാര്യത്തിൽ, വികസ്വര രാജ്യങ്ങൾക്ക് നിർണായക സാങ്കേതികവിദ്യകളുടെ ലഭ്യതയും പ്രവേശനക്ഷമതയും താങ്ങാനാകുന്ന നിരക്കും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ ഇരട്ടിയാക്കാൻ ഇരു നേതാക്കളും അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ചട്ടക്കൂടിനുള്ളിൽ നീതിയുക്തമായ ഊർജപരിവർത്തനത്തിന്റെ പ്രാധാന്യം ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. അത് ഊർജസുരക്ഷയും പ്രവേശനക്ഷമതയും, സാമ്പത്തിക അഭിവൃദ്ധി, ഹരിതഗൃഹ വാതക പുറന്തള്ളൽ ലഘൂകരിക്കൽ എന്നീ മൂന്ന് സ്തംഭങ്ങളിൽ അധിഷ്ഠിതമാണ്. ദശലക്ഷക്കണക്കിന് വ്യക്തികൾക്ക് ഊർജം ലഭ്യമല്ലെന്ന് തിരിച്ചറിഞ്ഞ്, കാർബൺ കുറവുള്ള വിശാലമായ വികസന പാതയുടെ അവിഭാജ്യ ഘടകമെന്ന നിലയിൽ, എല്ലാവർക്കും താങ്ങാനാകുന്നതും വിശ്വസനീയവും സുസ്ഥിരവുമായ ഊർജത്തിലേക്കുള്ള സാർവത്രിക ലഭ്യതയെ യുഎഇയും ഇന്ത്യയും അസന്ദിഗ്ധമായി പിന്തുണയ്ക്കുന്നുവെന്ന് നേതാക്കൾ ആവർത്തിച്ചു.

വികസിത രാജ്യങ്ങൾ 100 ബില്യൺ ഡോളറിന്റെ വിതരണപദ്ധതി നിറവേറ്റേണ്ടതിന്റെ അടിയന്തിര ആവശ്യകത ഇരുനേതാക്കളും ചൂണ്ടിക്കാട്ടി. അതിലൂടെ 2023ൽ ലക്ഷ്യം കൈവരിക്കാനാകും. വിശ്വാസ്യത വളർത്തിയെടുക്കാനും കാലാവസ്ഥയുടെ പ്രത്യാഘാതങ്ങളോടു പ്രതികരിക്കാൻ വികസ്വര രാജ്യങ്ങളെ പിന്തുണയ്‌ക്കുന്നതിനുള്ള ധനസഹായത്തിന്റെ ലഭ്യതയെയും പിന്തുണയ്ക്കാനാകും. യുഎൻഎഫ്‌സിസിസിയുടെയും പാരീസ് ഉടമ്പടിയുടെയും കീഴിലുള്ള ബാധ്യതകൾ അനുസ്മരിച്ച നേതാക്കൾ, ലഘൂകരണവും പൊരുത്തപ്പെടുത്തലും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, വികസ്വര രാജ്യങ്ങളുമായി പൊരുത്തപ്പെടുന്നതിനുള്ള കാലാവസ്ഥാ ധനസഹായം 2019ലെ തലത്തിൽ നിന്ന് 2025-ഓടെ ഇരട്ടിയാക്കാനുള്ള വ്യവസ്ഥകൾ കൊണ്ടുവരുന്നതിനു നടപടിയെടുക്കാൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

വികസ്വര രാജ്യങ്ങള‌ിലെ കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യാൻ ലക്ഷ്യമിട്ടുള്ള ദേശീയതലത്തിൽ നിർണയിക്കപ്പെട്ട പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി സാമ്പത്തിക സംവിധാനങ്ങൾ പരിഷ്കരിക്കുക, അപകടസാധ്യത കൈകാര്യം ചെയ്യുക, അധിക സ്വകാര്യ മൂലധനം ആകർഷിക്കുക എന്നിവയിൽ ഈ വർഷം വ്യക്തമായ പുരോഗതി കൈവരിക്കാൻ നേതാക്കൾ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളോടും (ഐഎഫ്ഐ) ബഹുമുഖ വികസന ബാങ്കുകളോടും (എംഡിബി) ആഹ്വാനം ചെയ്തു. 21-ാം നൂറ്റാണ്ടിലെ ആഗോള വെല്ലുവിളികളെ അഭിസംബോധന ചെയ്യാനും വികസന ധനസഹായത്തിൽ തങ്ങളുടെ പങ്കിൽ വിട്ടുവീഴ്ച ചെയ്യാതെ ആഗോള പൊതു സാമഗ്രികൾക്കു ധനസഹായം നൽകാനും എംഡിബികൾക്ക് കഴിയണം.

വ്യക്തികളുടെ സുസ്ഥിരവും പരിസ്ഥിതി സൗഹാർദപരവുമായ പെരുമാറ്റങ്ങൾ വലിയ തോതിൽ കണക്കാക്കുമ്പോൾ, ആഗോള കാലാവസ്ഥാ പ്രവർത്തനത്തിന് ഗണ്യമായ സംഭാവന നൽകാനാകുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. സുസ്ഥിരമായ ജീവിതശൈലിയെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും പരിസ്ഥിതിസൗഹൃദ തിരഞ്ഞെടുപ്പുകളും പെരുമാറ്റങ്ങളും സ്വീകരിക്കുന്നതിലേക്ക് വ്യക്തികളെ പ്രേരിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം അവർ എടുത്തുകാട്ടി. ഇക്കാര്യത്തിൽ, ഇന്ത്യയുടെ മിഷൻ ലൈഫ് സംരംഭത്തെ ഇരുനേതാക്കളും അഭിനന്ദിച്ചു. സിഒപി 28 കാര്യപരിപാടി പരിസ്ഥിതിക്കനുയോജ്യമായ ശരിയായ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിന് ജനങ്ങൾക്കിടയിൽ ഈ അവബോധം പ്രോത്സാഹിപ്പിക്കുമെന്ന് ഇരു നേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു.

ഇരുനേതാക്കളും ഇന്ത്യയുടെ ജി20 അധ്യക്ഷപദത്തിന്റെ പ്രാധാന്യം സ്ഥിരീകരിക്കുകയും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമുള്ള ജി20 യുടെ പങ്ക് സ്ഥിരീകരിക്കുകയും ചെയ്തു.

മെച്ചപ്പെട്ട അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും അനുഭവങ്ങളും അറിവുകളും പങ്കിടുന്നതിനും കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ നൂതനവും ഫലപ്രദവുമായ പരിഹാരങ്ങൾ രൂപപ്പെടുത്തുന്നതിനും യുഎഇ ആതിഥേയത്വം വഹിക്കുന്ന സിഒപി28ന്റെ പ്രാധാന്യം ഇരുനേതാക്കളും ചൂണ്ടിക്കാട്ടി.

യു‌എൻ‌എഫ്‌സി‌സിയുടെയും പാരീസ് ഉടമ്പടിയുടെയും ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഫലപ്രദമായ കാലാവസ്ഥാ പ്രവർത്തനത്തിനും അന്താരാഷ്ട്ര സഹകരണത്തിനും പുതിയ ഗതിവേഗം സൃഷ്ടിക്കുന്ന, സമഗ്രവും പ്രവർത്തനാധിഷ്ഠിതവുമായ സമ്മേളനം എന്ന നിലയിൽ സിഒപി28-ൽ വിജയകരമായ ഫലം ഉറപ്പാക്കാനുള്ള ദൃഢനിശ്ചയത്തിൽ യുഎഇയും ഇന്ത്യയും കൂട്ടായി പ്രവർത്തിക്കും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
2025 a year of 'pathbreaking reforms' across sectors, says PM Modi

Media Coverage

2025 a year of 'pathbreaking reforms' across sectors, says PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister Emphasizes Power of Benevolent Thoughts for Social Welfare through a Subhashitam
December 31, 2025

The Prime Minister, Shri Narendra Modi, has underlined the importance of benevolent thinking in advancing the welfare of society.

Shri Modi highlighted that the cultivation of noble intentions and positive resolve leads to the fulfillment of all endeavors, reinforcing the timeless message that individual virtue contributes to collective progress.

Quoting from ancient wisdom, the Prime Minister in a post on X stated:

“कल्याणकारी विचारों से ही हम समाज का हित कर सकते हैं।

यथा यथा हि पुरुषः कल्याणे कुरुते मनः।

तथा तथाऽस्य सर्वार्थाः सिद्ध्यन्ते नात्र संशयः।।”