2024 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് (IFS) ഓഫീസർ ട്രെയിനികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. ലോക് കല്യാൺ മാർഗിലെ അദ്ദേഹത്തിന്റെ ഏഴാം നമ്പർ വസതിയിൽ ഇന്നു രാവിലെയാണ് IFS ട്രെയിനികൾ പ്രധാനമന്ത്രിയെ സന്ദർശിച്ചത്. 2024 ബാച്ചിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നുമുള്ള 33 IFS ഓഫീസർ ട്രെയിനികളാണുള്ളത്.
നിലവിലെ ബഹുധ്രുവലോകത്തെക്കുറിച്ചും ഏവരുമായും സൗഹൃദം ഉറപ്പാക്കുന്ന വിശ്വബന്ധു എന്ന നിലയിൽ ഇന്ത്യടെ സവിശേഷമായ പങ്കിനെക്കുറിച്ചും പ്രധാനമന്ത്രി ചർച്ച ചെയ്തു. രാജ്യങ്ങൾക്കു സഹായം ആവശ്യമുള്ള സന്ദർഭങ്ങളിൽ ആദ്യം പ്രതികരിക്കുന്ന രാജ്യമായി ഇന്ത്യ എങ്ങനെ ഉയർന്നുവന്നുവെന്നതിന്റെ ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്ലോബൽ സൗത്തിനു സഹായഹസ്തം നൽകാൻ ഇന്ത്യ ഏറ്റെടുത്ത ശേഷിവികസന പ്രവർത്തനങ്ങളും മറ്റു ശ്രമങ്ങളും അദ്ദേഹം എടുത്തുകാട്ടി. വളർന്നുവരുന്ന വിദേശനയ മേഖലയെയും ആഗോള വേദികളിൽ അതിന്റെ പ്രാധാന്യത്തെയുംകുറിച്ചു പ്രധാനമന്ത്രി വിശദീകരിച്ചു. ആഗോള വേദിയിൽ വിശ്വബന്ധു എന്ന നിലയിലുള്ള രാജ്യത്തിന്റെ പരിണാമത്തിൽ നയതന്ത്രജ്ഞർ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. 2047-ഓടെ വികസിത രാഷ്ട്രമാകാനുള്ള ലക്ഷ്യത്തിലേക്കു രാജ്യം മുന്നേറുമ്പോൾ ഭാവിയിലെ നയതന്ത്രജ്ഞരെന്ന നിലയിൽ ഓഫീസർ ട്രെയിനികളുടെ പ്രാധാന്യത്തിന് അദ്ദേഹം സവിശേഷ ഊന്നൽ നൽകി.
പ്രധാനമന്ത്രി ഓഫീസർ ട്രെയിനികളുമായി വിപുലമായ ആശയവിനിമയം നടത്തി. ഗവണ്മെന്റ് സർവീസിൽ ചേർന്നതിനുശേഷം ഇതുവരെയുള്ള അവരുടെ അനുഭവങ്ങളെക്കുറിച്ച് ആരാഞ്ഞു. സമുദ്ര നയതന്ത്രം, നിർമിതബുദ്ധിയും സെമികണ്ടക്ടറും, ആയുർവേദം, സാംസ്കാരികബന്ധം, ഭക്ഷണം, സോഫ്റ്റ് പവർ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടെ അവർ നടത്തിയ പരിശീലന-ഗവേഷണ പ്രവർത്തനങ്ങളിൽനിന്നുള്ള അനുഭവങ്ങൾ ഓഫീസർ ട്രെയിനികൾ പങ്കുവച്ചു.
വിവിധ രാജ്യങ്ങളിലെ യുവാക്കളിൽ ഇന്ത്യയെക്കുറിച്ചുള്ള കൗതുകം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. അതിനായി ‘നമ്മുടെ ഇന്ത്യയെ അറിയാം’ പ്രശ്നോത്തരികളും സംവാദങ്ങളും സംഘടിപ്പിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ഈ പ്രശ്നോത്തരിയിലെ ചോദ്യങ്ങൾ നിരന്തരം പുതുക്കണമെന്നും മഹാകുംഭമേള, ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രം 1000 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷം തുടങ്ങി ഇന്ത്യയിലെ സമകാലിക വിഷയങ്ങൾ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതികവിദ്യാധിഷ്ഠിത ലോകത്ത് ആശയവിനിമയത്തിന്റെ പ്രധാന പങ്കിനും പ്രധാനമന്ത്രി ഊന്നൽ നൽകി. മിഷനുകളുടെ എല്ലാ വെബ്‌സൈറ്റും പരിശോധിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യൻ പ്രവാസികളുമായി ഫലപ്രദമായ ആശയവിനിമയത്തിനായി ഈ വെബ്‌സൈറ്റുകൾ മെച്ചപ്പെടുത്തുന്നതിന് എന്തുചെയ്യാനാകുമെന്നു കണ്ടെത്താൻ ശ്രമിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
സ്വകാര്യ കമ്പനികൾക്കായി ബഹിരാകാശമേഖല തുറന്നുകൊടുക്കുന്നതിനെക്കുറിച്ചു ചർച്ചചെയ്ത പ്രധാനമന്ത്രി, ഈ മേഖലയിൽ ഉയർന്നുവരുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ വ്യാപ്തി വികസിപ്പിക്കാൻ മറ്റു രാജ്യങ്ങളിലെ അവസരങ്ങൾ പര്യവേക്ഷണം ചെയ്യേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകി. ബഹിരാകാശ മേഖലയിലെ ഈ ശൂന്യത നികത്താനുള്ള കഴിവ് ഇന്ത്യക്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Interacted with Officer Trainees of 2024 Batch of IFS. Discussed many aspects, including various global challenges, how they can increase the use of technology, deepening the interface with the diaspora and more. https://t.co/KcLdRPAnh3 pic.twitter.com/Kyw3pbPDMu
— Narendra Modi (@narendramodi) August 19, 2025


