6100 കോടിയിലധികം രൂപയുടെ വിവിധ വിമാനത്താവള പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു
ഇന്നത്തെ വികസന സംരംഭങ്ങൾ പൗരന്മാർക്ക്, പ്രത്യേകിച്ച് നമ്മുടെ യുവശക്തിക്ക്, വലിയ പ്രയോജനം ചെയ്യും: പ്രധാനമന്ത്രി
കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, രാജ്യത്ത് അടിസ്ഥാനസൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിനായി ഞങ്ങൾ വലിയ യജ്ഞത്തിനു തുടക്കംകുറിച്ചു: പ്രധാനമന്ത്രി
പൈതൃക സംരക്ഷണത്തോടൊപ്പം വികസനവും നടക്കുന്ന മാതൃകാനഗരമാണ് കാശി: പ്രധാനമന്ത്രി
സ്ത്രീശാക്തീകരണത്തിന് ഗവണ്മെന്റ് പുതിയ ഊന്നൽ നൽകി; സമൂഹത്തിലെ സ്ത്രീകളും യുവാക്കളും ശാക്തീകരിക്കപ്പെടുമ്പോൾ സമൂഹം വികസിക്കും: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു. ഇന്നത്തെ പദ്ധതികളിൽ 6100 കോടി രൂപയുടെ വിവിധ  വിമാനത്താവള പദ്ധതികളും വാരാണസിയിലെ വിവിധ വികസന സംരംഭങ്ങളും ഉൾപ്പെടുന്നു.

 

ഇന്ന് നേരത്തെ ആർജെ ശങ്കരാ നേത്രാലയം ഉദ്ഘാടനം ചെയ്ത കാര്യം സൂചിപ്പിച്ച പ്രധാനമന്ത്രി, കാശിയെ സംബന്ധിച്ച് ഇന്ന് വളരെ ശുഭകരമായ അവസരമാണെന്ന് ചൂണ്ടിക്കാട്ടി. വയോധികർക്കും കുട്ടികൾക്കും ആശുപത്രി ഏറെ സഹായകമാകുമെന്ന് അ‌ദ്ദേഹം പറഞ്ഞു. ഇന്നത്തെ വികസന പദ്ധതികൾ പരാമർശിച്ച്, ആഗ്രയിലെയും സഹാരൻപുരിലെയും ബബത്​പുർ വിമാനത്താവളവും സർസാവ വിമാനത്താവളവും ഉൾപ്പെടെ, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ പുതിയ വിമാനത്താവള ടെർമിനലുകളുടെ ഉദ്ഘാടനത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസം, നൈപുണ്യ വികസനം, കായികം, ആരോഗ്യം, വിനോദസഞ്ചാരം എന്നിവയുമായി ബന്ധപ്പെട്ട വികസന പദ്ധതികൾ ഇന്ന് വാരാണസിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇത് സേവനങ്ങൾ മെച്ചപ്പെടുത്തുക മാത്രമല്ല, യുവാക്കൾക്ക് തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അഭിധമ്മ ദിനാചരണത്തിൽ പങ്കെടുത്തത് അനുസ്മരിച്ച ശ്രീ മോദി, ഭഗവാൻ ബുദ്ധൻ്റെ പ്രഭാഷണങ്ങളുടെ നാടായ സാരാനാഥിന്റെ വികസനവുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ വിവിധ വികസന പദ്ധതികൾ ഇന്ന് ഉദ്ഘാടനം ചെയ്യുന്നതിനെക്കുറിച്ച് പരാമർശിച്ചു. സാരാനാഥിനും വാരാണസിക്കും പാലി-പ്രാകൃത് ഭാഷകളുമായുള്ള ബന്ധം പ്രധാനമന്ത്രി ഉയർത്തിക്കാട്ടുകയും അവയ്ക്ക് അടുത്തിടെ ശ്രേഷ്ഠഭാഷാ പദവി നൽകിയ കാര്യം പരാമർശിക്കുകയും ചെയ്തു. പൌരാണിക ഗ്രന്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷകൾക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചുവെന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ വികസന പദ്ധതികൾക്ക് കാശിയിലെയും ഇന്ത്യയിലെയും ജനങ്ങൾക്ക്  പ്രധാനമന്ത്രി ആശംസകൾ നേർന്നു.

വാരാണസിയിലെ ജനങ്ങളെ സേവിക്കാൻ അവസരം ലഭിച്ചപ്പോൾ മൂന്നിരട്ടി കൂടുതൽ പ്രവർത്തനം നടത്തുമെന്ന വാഗ്ദാനത്തെ അനുസ്മരിച്ച പ്രധാനമന്ത്രി, ഗവണ്മെന്റിനു രൂപം നൽകി 125 ദിവസത്തിനുള്ളിൽ  15 ലക്ഷം കോടി രൂപയുടെ വിവിധ പദ്ധതികളുടെ  പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചതായി പറഞ്ഞു. ഇവയുടെ പരമാവധി ബജറ്റ് പാവപ്പെട്ടവർക്കും കർഷകർക്കും യുവാക്കൾക്കും വേണ്ടി നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പതിറ്റാണ്ട് മുമ്പ് പത്രങ്ങളിൽ വന്നിരുന്ന അഴിമതികളുടെ വാർത്തകൾക്കു പകരം15 ലക്ഷം കോടി രൂപയുടെ പ്രവർത്തനങ്ങളെക്കുറിച്ചാണ് ഇന്ന് ഓരോ വീട്ടിലും ചർച്ച ചെയ്യുന്നതെന്ന് ശ്രീ മോദി പറഞ്ഞു. അങ്ങേയറ്റം സത്യസന്ധതയോടെ രാജ്യത്തിന്റെ പുരോഗതിക്കൊപ്പം ജനങ്ങളുടെ പണം ജനങ്ങൾക്കായി ചെലവഴിക്കുക എന്ന രാജ്യം ആഗ്രഹിക്കുന്ന മാറ്റമാണ് ഗവണ്മെന്റിന്റെ മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങൾക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുക, യുവാക്കൾക്ക് നിക്ഷേപത്തിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ രണ്ട് പ്രധാന ലക്ഷ്യങ്ങളോടെ കഴിഞ്ഞ 10 വർഷമായി രാജ്യത്ത് അടിസ്ഥാനസൗകര്യ വികസനത്തിനായി ഗവണ്മെന്റ് വലിയൊരു യജ്ഞം ആരംഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ആധുനിക ഹൈവേകളുടെ വികസന പ്രവർത്തനങ്ങൾ, പുതിയ പാതകളിൽ റെയിൽവേ ട്രാക്കുകൾ സ്ഥാപിക്കൽ, പുതിയ വിമാനത്താവളങ്ങൾ സ്ഥാപിക്കൽ എന്നിവയുടെ ഉദാഹരണങ്ങൾ നിരത്തി, ഇത് ജനജീവിതം മെച്ചപ്പെടുത്തുകയും ഒരേ സമയം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബബത്പൂർ വിമാനത്താവളത്തിനായുള്ള ഹൈവേയുടെ നിർമാണം യാത്രക്കാർക്ക് മാത്രമല്ല, കൃഷി, വ്യവസായം, വിനോദസഞ്ചാരം എന്നിവയ്ക്കും ഉത്തേജനം നൽകിയെന്ന് അദ്ദേഹം പറഞ്ഞു. ബബത്പൂർ വിമാനത്താവളത്തിന്റെ വിമാനം ​കൈകാര്യം ചെയ്യൽശേഷി വർധിപ്പിക്കുന്നതിനുള്ള വിപുലീകരണ പ്രവർത്തനങ്ങൾ ഇതിനകം നടന്നുവരികയാണെന്ന് അദ്ദേഹം അറിയിച്ചു.

 

ഇന്ത്യയിലെ വിമാനത്താവളങ്ങളും അതിശയകരമായ സൗകര്യങ്ങളുള്ള അവയുടെ മഹത്തായ കെട്ടിടങ്ങളും ലോകമെമ്പാടും ചർച്ചാവിഷയമാണെന്ന് ശ്രീ മോദി പറഞ്ഞു. 2014ൽ 70 വിമാനത്താവളങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇന്ന് പഴയ വിമാനത്താവളങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾക്കൊപ്പം 150ലധികം വിമാനത്താവളങ്ങളുമുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. അലിഗഢ്, മൊറാദാബാദ്, ശ്രാവസ്തി, ചിത്രകൂട് വിമാനത്താവളങ്ങൾ ഉൾപ്പെടുന്ന രാജ്യത്തെ ഒരു ഡസനിലധികം വിമാനത്താവളങ്ങളിൽ കഴിഞ്ഞ വർഷം പുതിയ സൗകര്യങ്ങളുടെ നിർമാണം പൂർത്തിയായതായും അദ്ദേഹം കൂട്ടിച്ചേർത്തു. അയോധ്യയിലെ മഹത്തായ അന്താരാഷ്ട്ര വിമാനത്താവളം എല്ലാ ദിവസവും രാമഭക്തരെ സ്വാഗതം ചെയ്യുന്നുണ്ടെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. തകർന്ന റോഡുകളുടെ പേരിൽ ചീത്തപ്പേരു കേട്ടിരുന്ന ഉത്തർപ്രദേശ് ഇന്ന് 'അ‌തിവേഗ പാതകളുടെ  സംസ്ഥാനം' എന്നാണ് അറിയപ്പെടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനമായി ഇന്ന് ഉത്തർപ്രദേശ് അറിയപ്പെടുന്നുവെന്നും നോയിഡയിലെ ജേവറിൽ വലിയ അന്താരാഷ്ട്ര വിമാനത്താവളം ഉടൻ നിർമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിന്റെ പുരോഗതിക്ക് മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിമാരെയും മുഴുവൻ സംഘത്തെയും ശ്രീ മോദി അഭിനന്ദിച്ചു.

വാരാണസിയിൽ നിന്നുള്ള പാർലമെന്റ് അംഗമെന്ന നിലയിൽ പുരോഗതിയുടെ നിരക്കിൽ പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. പുരോഗതിയും പൈതൃകവും കൈകോർത്ത് പോകുന്ന നഗരവികസനത്തിന്റെ മാതൃകാനഗരമായി കാശിയെ മാറ്റുക എന്ന സ്വപ്നം അ‌ദ്ദേഹം ആവർത്തിച്ചു. ബാബ വിശ്വനാഥിൻ്റെ മഹത്തായതും പവിത്രവുമായ ധാം, രുദ്രാക്ഷ് കൺവെൻഷൻ സെന്റർ, റിങ് റോഡ്, ഗഞ്ചാരി സ്റ്റേഡിയം തുടങ്ങിയ അടിസ്ഥാനസൗകര്യ പദ്ധതികളും റോപ്പ് വേ പോലുള്ള ആധുനിക സൗകര്യങ്ങളും ഇന്ന് കാശിയുടെ സവിശേഷതകളാണെന്ന് അ‌ദ്ദേഹം പറഞ്ഞു. “നഗരത്തിലെ വിശാലമായ റോഡുകളും ഗംഗാജിയുടെ മനോഹരമായ ഘാട്ടുകളും ഇന്ന് എല്ലാവരെയും ആകർഷിക്കുന്നു” - അദ്ദേഹം കൂട്ടിച്ചേർത്തു.

കാശിയെയും പൂർവാഞ്ചലിനെയും വലിയ വാണിജ്യ-വ്യവസായ കേന്ദ്രമാക്കി മാറ്റാനുള്ള ഗവൺമെൻ്റിൻ്റെ നിരന്തര ശ്രമമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗംഗാ നദിക്ക് കുറുകെ ആറുവരി ഹൈവേയും നിരവധി ട്രെയിനുകൾക്കായി റെയിൽപ്പാതകളും ഉൾപ്പെടുന്ന പുതിയ റെയിൽ-റോഡ് പാലം ഏതാനും ദിവസങ്ങൾക്ക് മുമ്പ് നിർമിച്ചതും അദ്ദേഹം പരാമർശിച്ചു. വാരാണസിയിലെയും ചന്ദൗലിയിലെയും ജനങ്ങൾക്ക് ഇത് വലിയ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

 

''നമ്മുടെ കാശി ഇപ്പോള്‍ കായിക വിനോദങ്ങളുടെ ഒരു വലിയ കേന്ദ്രമായി മാറുകയാണ്'', ശ്രീ മോദി പറഞ്ഞു.നവീകരിച്ച സിഗ്ര സ്റ്റേഡിയം ഇപ്പോള്‍ ജനങ്ങള്‍ക്കുമുന്നിലുണ്ടെന്ന് കൂട്ടിച്ചേര്‍ത്ത അദ്ദേഹം, ഈ പുതുക്കിയ സ്റ്റേഡിയത്തില്‍ കായിവിനോദങ്ങള്‍ക്കുള്ള ആധുനിക സൗകര്യങ്ങളോടെ ദേശീയ മത്സരങ്ങള്‍ മുതല്‍ ഒളിമ്പിക്സ് വരെയുള്ളവയുള്ളവയുടെ ഒരുക്കങ്ങള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പറഞ്ഞു. കാശിയിലെ യുവ കായികതാരങ്ങളുടെ കഴിവ് ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി ഇത് പാര്‍ലമെന്റ് അംഗങ്ങളുടെ കായിക മത്സരത്തിനിടെ പ്രകടമായിരുന്നുവെന്നും, വലിയ മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നതിന് പൂര്‍വാഞ്ചലിലെ യുവജനങ്ങള്‍ക്ക് ഇപ്പോള്‍ മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി.

സ്ത്രീകളും യുവജനങ്ങളും ശാക്തീകരിക്കപ്പെടുമ്പോഴാണ് സമൂഹത്തിന്റെ വികസനം സംഭവിക്കുന്നതെന്നതിന് അടിവരയിട്ട പ്രധാനമന്ത്രി, സ്ത്രീകള്‍ക്ക് ഗവണ്‍മെന്റ് പുതിയ കരുത്ത് നല്‍കിയെന്നും ഊന്നിപ്പറഞ്ഞു. കോടിക്കണക്കിന് സ്ത്രീകള്‍ക്ക് സ്വന്തം വ്യാപാരം തുടങ്ങാന്‍ വായ്പ അനുവദിച്ച മുദ്ര യോജന പോലുള്ള പദ്ധതികളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. ''ഗ്രാമങ്ങളില്‍ ലാഖ്പതി ദിദിമാരെ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഇന്ന് നടക്കുന്നു, സ്ത്രീകള്‍ ഡ്രോണ്‍ പൈലറ്റുമാര്‍ പോലുമാകുന്നു'', പ്രധാനമന്ത്രി മോദി പറഞ്ഞു. അന്നപൂര്‍ണാ ദേവിയോട് പരമശിവന്‍ പോലും ഭിക്ഷ യാചിക്കുന്നു എന്ന കാശിയിലെ വിശ്വാസം ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി മോദി, വികസിത് ഭാരതത്തിന്റെ ലക്ഷ്യത്തിനായുള്ള എല്ലാ മുന്‍കൈകളുടെയും കേന്ദ്രസ്ഥാനത്ത് നാരീശക്തിയെ പ്രതിഷ്ഠിക്കാന്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിച്ചത് ഈ വിശ്വാസമാണെന്നും പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍, വാരാണസിയിലുള്‍പ്പെടെ ദശലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് സ്വന്തം വീട് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മൂന്ന് കോടി വീടുകള്‍ കൂടി നിര്‍മ്മിക്കാന്‍ ഗവണ്‍മെന്റ് ഒരുങ്ങുകയാണെന്നും പ്രധാനമന്ത്രി ആവാസ് പദ്ധതിക്ക് കീഴില്‍ ഇനിയും വീടുകള്‍ ലഭിക്കാത്ത സ്ത്രീകള്‍ക്ക് താമസിയാതെ വീട് നല്‍കുമെന്നും പ്രധാനമന്ത്രി ഉറപ്പും നല്‍കി. പൈപ്പ് വെള്ളം, ഉജ്ജ്വല ഗ്യാസ്, വൈദ്യുതി എന്നിവ ലഭ്യമാക്കുന്നതിന് പുറമേ, പുതിയ പ്രധാനമന്ത്രി സൂര്യഘര്‍ സൗജന്യ വൈദ്യുതി പദ്ധതി സ്ത്രീകളുടെ ജീവിതം കൂടുതല്‍ സുഗമമാക്കുമെന്നും, സൗജന്യ വൈദ്യുതിയില്‍ നിന്ന് പ്രയോജനം നേടുന്നതിനൊപ്പം അവര്‍ക്ക് അതില്‍ നിന്ന് സമ്പാദിക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

''ഭഗവാന്‍ ശങ്കറിന്റെ വിശുദ്ധ ജ്യോതിര്‍ലിംഗവും മണികര്‍ണിക പോലുള്ള മോക്ഷ തീര്‍ത്ഥവും സാരാനാഥിനെപ്പോലുള്ള വിജ്ഞാന സ്ഥലത്തോടും കൂടിയ നമ്മുടെ കാശി, ഒരു ബഹുസ്വര സാംസ്കാരിക നഗരമാണ്'', ശ്രീ മോദി പറഞ്ഞു. ഒരേസമയം ഇത്രയധികം പ്രവര്‍ത്തനങ്ങള്‍ ബനാറസിന്റെ വികസനത്തിനായി നടത്തിയത് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വരാണസിയുടെ മോശം വികസനത്തിനും പുരോഗതിയില്ലായ്മയ്ക്കും മുന്‍ ഗവണ്‍മെന്റുകളെ ചോദ്യം ചെയ്ത ശ്രീ മോദി, പദ്ധതികളിലൊന്നിലും ഒരു വിവേചനവുമില്ലാതെ സബ്കാ സാത്ത്, സബ് കാ വികാസ് (എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികസനം) എന്ന മന്ത്രത്തിലാണ് തന്റെ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നതെന്നും അഭിപ്രായപ്പെട്ടു. തങ്ങളുടെ വാക്കുകളില്‍ ഗവണ്‍മെന്റ് ഉറച്ചുനില്‍ക്കുകയാണെന്ന് കൂട്ടിച്ചേര്‍ത്ത അദ്ദേഹം വാഗ്ദാനം ചെയ്തതുപോലെ അയോദ്ധ്യയില്‍ മഹത്തായ രാമക്ഷേത്രം നിര്‍മ്മിച്ചതിന്റെ ഉദാഹരണം എടുത്തുപറയുകയും ചെയ്തു. കാലാവധി പൂര്‍ത്തിയാക്കിയ ഗവണ്‍മെന്റ് നിമയസഭകളിലും ലോക്സഭയിലും ചരിത്രപരമായ വനിതാ സംവരണം സാദ്ധ്യമാക്കിയതും അദ്ദേഹം പരാമര്‍ശിച്ചു. മുത്തലാഖ് റദ്ദാക്കല്‍, പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നല്‍കല്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജന വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം അനുവദിച്ചത് തുടങ്ങിയ നേട്ടങ്ങളും ശ്രീ മോദി പരാമര്‍ശിച്ചു.

 

''ഞങ്ങൾ ഞങ്ങളുടെ ജോലി ആത്മാര്‍ത്ഥതയോടെ ചെയ്തു, നല്ല ഉദ്ദേശ്യത്തോടെ നയങ്ങള്‍ നടപ്പിലാക്കി, രാജ്യത്തെ എല്ലാ കുടുംബങ്ങളുടെയും ജീവിതം മെച്ചപ്പെടുത്താന്‍ പരിശ്രമിക്കുന്നു'', പ്രധാനമന്ത്രി മോദി പറഞ്ഞു. തുടര്‍ച്ചയായി മൂന്നാമതും ഭരണം ഉറപ്പിച്ച ഹരിയാനയില്‍ ഈയിടെ കണ്ടതുപോലെ, ഗവണ്‍മെന്റിന്റെ ശ്രമങ്ങളുടെ ഫലമാണ് രാജ്യത്തിന്റെ തുടര്‍ച്ചയായ അനുഗ്രഹങ്ങളെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ജമ്മു കശ്മീരില്‍ ലഭിച്ച വോട്ടുകളുടെ എണ്ണത്തിലെ റെക്കോഡും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുടുംബവാഴ്ച രാഷ്ട്രീയം രാജ്യത്തിന്, പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക് കാര്യമായ അപകടമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അത്തരം രാഷ്ട്രീയം പലപ്പോഴും യുവജനങ്ങളുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്നും വിശദീകരിച്ചു. ഒരു രാഷ്ട്രീയ പശ്ചാത്തലവുമില്ലാത്ത ഒരു ലക്ഷം യുവജനങ്ങളെ രാഷ്ട്രീയത്തിലേയ്ക്ക് കൊണ്ടുവരാനായി ചെങ്കോട്ടയിൽ നിന്ന് താന്‍ നടത്തിയ ആഹ്വാനം അദ്ദേഹം ആവര്‍ത്തിച്ചു. അഴിമതിയും കുടുംബാധിഷ്ഠിത ചിന്താഗതിയും തുടച്ചുനീക്കികൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദിശ തന്നെ ഈ മുന്‍കൈ മാറ്റുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ''ഈ പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കേന്ദ്ര ബിന്ദുക്കളായി മാറാന്‍ ഞാന്‍ യുവജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. കാശിയിലെ പാര്‍ലമെന്റ് അംഗമെന്ന നിലയില്‍, കഴിയുന്നത്ര യുവജനങ്ങളെ മുന്നോട്ട് കൊണ്ടുവരാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്'' കാശിയിലേയും ഉത്തര്‍പ്രദേശിലേയും യുവജനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ മുഴുവന്‍ വികസന മാനദണ്ഡങ്ങളുടെയും പുതിയ പ്രതീകമായി കാശി നിലകൊള്ളുന്നുവെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് സമാരംഭം കുറിച്ച പുതിയ വികസന പരിപാടികള്‍ക്ക് സംസ്ഥാനങ്ങളേയും കാശിയിലെ ജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

 

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ കിഞ്ജരാപ്പു രാംമോഹന്‍ നായിഡു എന്നിവരും മറ്റുള്ളവര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കാനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, വരാണസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വിമാനത്താവള റണ്‍വേ വിപുലീകരണത്തിനും പുതിയ ടെര്‍മിനല്‍ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനും 2870 കോടി രൂപ ചെലവിലുള്ള മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. ആഗ്ര വിമാനത്താവളത്തില്‍ 570 കോടിയിലധികം രൂപയും ദര്‍ഭംഗ വിമാനത്താവളത്തില്‍ 910 കോടി രൂപയും ബാഗ്ഡോഗ്ര വിമാനത്താവളത്തില്‍ ഏകദേശം 1550 കോടി രൂപയും ചെലവു വരുന്ന പുതിയ സിവില്‍ എന്‍ക്ലേവിനും അദ്ദേഹം തറക്കല്ലിട്ടു.

രേവ വിമാനത്താവളം, മാ മഹാമായ വിമാനത്താവളം, അംബികാപൂര്‍ - സര്‍സാവ വിമാനത്താവളം എന്നിവിടങ്ങളില്‍ 220 കോടിയിലധികം രൂപ ചെലവില്‍ നിര്‍മിച്ച പുതിയ ടെര്‍മിനല്‍ കെട്ടിടങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മൊത്തം യാത്രികരെ ഉള്‍ക്കൊള്ളാനുള്ള ഈ വിമാനത്താവളങ്ങളുടെ സംയുക്ത ശേഷി ഇതോടെ പ്രതിവര്‍ഷം 2.3 കോടിയിലധികമായി വര്‍ദ്ധിക്കും. പ്രദേശത്തിന്റെ പൈതൃക സ്വഭാവഭാഗങ്ങളിലെ പൊതുവായ ഘടകങ്ങളുടെ സ്വാധീനത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് ഈ വിമാനത്താവളങ്ങളുടെ രൂപകല്‍പ്പന.

 

കായികരംഗത്തിന് ഉയര്‍ന്ന നിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുകയെന്ന കാഴ്ചപ്പാടിന് അനുസൃതമായി, ഖേലോ ഇന്ത്യ പദ്ധതിക്കും സ്മാര്‍ട്ട് സിറ്റി ദൗത്യത്തിനും കീഴില്‍ 210 കോടിയിലധികം രൂപ ചെലവില്‍ പുനര്‍വികസിപ്പിക്കുന്ന വാരാണസി കായിക സമുച്ചയത്തിന്റെ 2, 3 ഘട്ടങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മറ്റുള്ളവയ്ക്കൊപ്പം ദേശീയ മികവിന്റെ കേന്ദ്രം, കായികതാരങ്ങളുടെ ഹോസ്റ്റലുകള്‍, സ്പോര്‍ട്സ് സയന്‍സ് സെന്റര്‍, വിവിധ കായിക ഇനങ്ങള്‍ക്കായുള്ള പരിശീലന ഇടങ്ങള്‍, ഇന്‍ഡോര്‍ ഷൂട്ടിങ് റേഞ്ചുകള്‍, കോംബാറ്റ് സ്പോര്‍ട്സ് അരീനകള്‍ എന്നിവയും ഉള്‍ക്കൊള്ളുന്ന അത്യാധുനിക കായിക സമുച്ചയം സൃഷ്ടിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ലാല്‍പൂരിലെ ഡോ. ഭീംറാവു അംബേദ്കര്‍ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ 100 കിടക്കകളുള്ള പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ഹോസ്റ്റലുകളുടെയും പൊതു പവലിയന്റെയും ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

സാരാനാഥില്‍ ബുദ്ധമതവുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ വിനോദ സഞ്ചാര വികസന പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മറ്റുള്ളവയ്ക്കൊപ്പം കാല്‍നടയാത്ര സൗഹൃദ തെരുവുകള്‍, പുതിയ മലിനജലനിര്‍ഗമന സംവിധാനം, നവീകരിച്ച ഡ്രെയിനേജ് സംവിധാനം, പ്രാദേശിക കരകൗശല വില്‍പ്പനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ആധുനിക രീതിയിലുള്ള വില്‍പ്പന ശാലകളുള്ള ഏകോപിപ്പിച്ച കച്ചവട മേഖല എന്നിവയും ഈ വികസനപദ്ധതികളില്‍ ഉള്‍പ്പെടുന്നു. ബാണാസൂര്‍ ക്ഷേത്രം, ഗുരുധാം ക്ഷേത്രം എന്നിവിടങ്ങളിലെ വിനോദസഞ്ചാര വികസന പ്രവര്‍ത്തനങ്ങളോടൊപ്പം പാര്‍ക്കുകളുടെ സൗന്ദര്യവല്‍ക്കരണം, പുനര്‍വികസനം, തുടങ്ങിയ നിരവധി മുന്‍കൈകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Indian professionals flagbearers in global technological adaptation: Report

Media Coverage

Indian professionals flagbearers in global technological adaptation: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM congratulates Indian contingent for their historic performance at the 10th Asia Pacific Deaf Games 2024
December 10, 2024

The Prime Minister Shri Narendra Modi today congratulated the Indian contingent for a historic performance at the 10th Asia Pacific Deaf Games 2024 held in Kuala Lumpur.

He wrote in a post on X:

“Congratulations to our Indian contingent for a historic performance at the 10th Asia Pacific Deaf Games 2024 held in Kuala Lumpur! Our talented athletes have brought immense pride to our nation by winning an extraordinary 55 medals, making it India's best ever performance at the games. This remarkable feat has motivated the entire nation, especially those passionate about sports.”