ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെലിഫോൺ സംഭാഷണം നടത്തി.
നിക്ഷേപം, പ്രതിരോധം, സുരക്ഷ, ബഹിരാകാശം, ശാസ്ത്ര സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം, ഭീകരവാദത്തിനെതിരായ പോരാട്ടം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി തന്ത്രപരമായ പങ്കാളിത്തം ഇരു നേതാക്കളും അവലോകനം ചെയ്യുകയും അതിലെ പുരോഗതി അനുകൂലമായ രീതിയിൽ വിലയിരുത്തുകയും ചെയ്തു. 2025-29 ലെ സംയുക്ത തന്ത്രപരമായ കർമ്മ പദ്ധതിക്ക് അനുസൃതമായി പരസ്പര പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചുറപ്പിച്ചു.
പരസ്പര താൽപ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ വിഷയങ്ങളെക്കുറിച്ചും നേതാക്കൾ കാഴ്ചപ്പാടുകൾ കൈമാറി. യുക്രെയ്ൻ സംഘർഷം വേഗത്തിലും സമാധാനപരമായും പരിഹരിക്കേണ്ടതിന്റെ ആവശ്യകതയിലും അവർ യോജിപ്പ് പ്രകടമാക്കി. ഈ ദിശയിലുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ പ്രധാനമന്ത്രി മോദി ആവർത്തിച്ചു.
പരസ്പരം പ്രയോജനകരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ എത്രയും വേഗം പൂർത്തിയാക്കുന്നതിനും 2026-ൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇംപാക്റ്റ് ഉച്ചകോടിയുടെ വിജയത്തിനും ഇറ്റലിയുടെ ശക്തമായ പിന്തുണ പ്രധാനമന്ത്രി മെലോണി ആവർത്തിച്ചു. ഇന്ത്യ- മധ്യ കിഴക്കൻ-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEEEC) ഉദ്യമത്തിന് കീഴിൽ ഗതാഗത ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാനും നേതാക്കൾ സമ്മതമറിയിച്ചു.
പരസ്പര സമ്പർക്കം നിലനിർത്താനും നേതാക്കൾ സമ്മതിച്ചു.


