"ഒരു കൃഷി മന്ത്രിയുടെ ഉത്തരവാദിത്വം സമ്പദ്‌വ്യവസ്ഥയുടെ ഒരു മേഖല കൈകാര്യം ചെയ്യുന്നതിൽ മാത്രമായി പരിമിതപ്പെടുന്നില്ല; മറിച്ച്, മാനവികതയുടെ ഭാവി സുരക്ഷിതമാക്കുന്നതിലേക്കും വ്യാപിക്കുന്നു"
"'അടിസ്ഥാന കാര്യങ്ങളിലേക്കു മടങ്ങൽ', 'ഭാവിയിലേക്കുള്ള യാത്ര' എന്നിവയുടെ സംയോജനമാണ് ഇന്ത്യയുടെ നയം"
"നമുക്ക് ഇഷ്ടമുള്ള ഭക്ഷണമായി ശ്രീ അന്ന ചെറുധാന്യങ്ങൾ സ്വീകരിക്കാം"
"ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പരമ്പരാഗത രീതികൾ പുനരുൽപ്പാദക കൃഷിക്ക് ബദലുകൾ വികസിപ്പിക്കാൻ നമ്മെ പ്രചോദിപ്പിച്ചേക്കാം"
"നമ്മുടെ 'ഏകഭൂമി'യെ പരിചരിക്കുക, നമ്മുടെ 'ഏകകുടുംബ'ത്തിൽ ഐക്യം സൃഷ്ടിക്കുക, ശോഭനമായ 'ഒരു ഭാവി'ക്കായി പ്രതീക്ഷയേകുക എന്നിവയാണ് കാർഷിക മേഖലയിലെ ഇന്ത്യയുടെ ജി20 മുൻഗണനകൾ"

ആദരണീയരേ, മാന്യരേ, മഹതികളേ, നമസ്കാരം!

ഞാൻ നിങ്ങളെ ഏവരെയും ഇന്ത്യയിലേക്കു സ്വാഗതം ചെയ്യുന്നു. കൃഷി മനുഷ്യ നാഗരികതയുടെ കാതലാണ്. അതിനാൽ, കാർഷിക മന്ത്രിമാർ എന്ന നിലയിൽ നിങ്ങളുടെ ചുമതല സമ്പദ്‌വ്യവസ്ഥയുടെ ഒരു മേഖല കൈകാര്യം ചെയ്യുക എന്നതു മാത്രമല്ല. മനുഷ്യരാശിയുടെ ഭാവിയുടെ കാര്യത്തിൽ വലിയ ഉത്തരവാദിത്വമാണു നിങ്ങൾ വഹിക്കുന്നത്. ആഗോളതലത്തിൽ, കൃഷി 250 കോടിയിലധികം പേരുടെ ഉപജീവനമാർഗമാണ്. ഗ്ലോബൽ സൗത്ത് മേഖലയിൽ, ജിഡിപിയുടെ ഏകദേശം 30 ശതമാനവും തൊഴിലവസരങ്ങളുടെ 60 ശതമാനവും കാർഷികമേഖലയാണ്. ഇന്ന്, ഈ മേഖല നിരവധി വെല്ലുവിളികൾ നേരിടുന്നു. മഹാമാരിയെത്തുടർന്നു വിതരണ ശൃംഖലയിലുണ്ടായ തടസങ്ങൾ ഭൗമ-രാഷ്ട്രീയ സംഘർഷങ്ങളുടെ ആഘാതത്താൽ കൂടുതൽ പ്രതിസന്ധിയിലായി. കാലാവസ്ഥാ വ്യതിയാനം കാലാവസ്ഥയിൽ ആഴത്തിലുള്ള പ്രത്യാഘാതങ്ങൾക്കു കാരണമാകുന്നു.  ഈ വെല്ലുവിളികൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ഗ്ലോബൽ സൗത്ത് മേഖലയാണ്.

സുഹൃത്തുക്കളേ,

ഈ സുപ്രധാന മേഖലയിൽ ഇന്ത്യ എന്താണ് ചെയ്യുന്നതെന്ന കാര്യം നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 'അടിസ്ഥാന കാര്യങ്ങളിലേക്ക് മടങ്ങുക', 'ഭാവിയിലേക്കുള്ള യാത്ര' എന്നിവയുടെ സംയോജനമാണു ഞങ്ങളുടെ നയം. പ്രകൃതിദത്തകൃഷിയും സാങ്കേതികവിദ്യാധിഷ്ഠിത കൃഷിയും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യയിലുടനീളമുള്ള കർഷകർ ഇപ്പോൾ പ്രകൃതിദത്ത കൃഷി ഏറ്റെടുക്കുകയാണ്. അവർ കൃത്രിമ വളങ്ങളോ കീടനാശിനികളോ ഉപയോഗിക്കുന്നില്ല. ഭൂമിമാതാവിനെ പുനരുജ്ജീവിപ്പിക്കൽ, മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കൽ, 'ഓരോ തുള്ളിയിലും കൂടുതൽ വിളവ്' ഉൽപ്പാദിപ്പിക്കൽ, ജൈവ വളങ്ങളും കീടനിയന്ത്രണ പരിഹാരങ്ങളും പ്രോത്സാഹിപ്പിക്കൽ എന്നിവയിലാണ് അവരുടെ ശ്രദ്ധ. അതേസമയം, ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ നമ്മുടെ കർഷകർ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുമുണ്ട്. അവർ കൃഷിയിടങ്ങളിൽ സൗരോർജം ഉൽപ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. വിള തിരഞ്ഞെടുക്കൽ മെച്ചപ്പെടുത്തുന്നതിന് കർഷകർ സോയിൽ ഹെൽത്ത് കാർഡുകളും, പോഷകങ്ങൾ തളിക്കാനും വിളകൾ നിരീക്ഷിക്കാനും ഡ്രോണുകളും ഉപയോഗിക്കുന്നു. കാർഷിക മേഖലയിലെ നിരവധി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ഈ ''സംയോജിത സമീപനം'' എന്നു ഞാൻ വിശ്വസിക്കുന്നു.

സുഹൃത്തുക്കളേ,

നിങ്ങൾക്കറിയാവുന്നതുപോലെ, 2023 അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആഘോഷിക്കുകയാണ്. ഹൈദരാബാദിലെ നിങ്ങളുടെ ഭക്ഷണപ്പാത്രങ്ങളിൽ ഇതിന്റെ പ്രതിഫലനം നിങ്ങൾക്കു കാണാനാകും. ഇന്ത്യയിൽ 'ശ്രീ അന്ന' എന്നു ഞങ്ങൾ വിളിക്കുന്ന,  ചെറുധാന്യങ്ങൾ അടിസ്ഥാനമാക്കിയുള്ള നിരവധി വിഭവങ്ങൾ നിങ്ങൾക്കു ലഭിക്കും. ഈ സൂപ്പർഫുഡുകൾക്ക് ആരോഗ്യകരമായ ഭക്ഷ്യവിഭവങ്ങൾ എന്ന സവിശേഷത മാത്രമല്ല ഉള്ളത്. കുറച്ചു വെള്ളം മാത്രം ഉപയോഗിക്കുന്നതിനാലും വളം കുറച്ചുമാത്രം ആവശ്യമുള്ളതിനാലും കൂടുതൽ കീടങ്ങളെ പ്രതിരോധിക്കുന്നതിലൂടെയും നമ്മുടെ കർഷകരുടെ വരുമാനം ഉയർത്താൻ അവ സഹായിക്കുന്നു. തീർച്ചയായും, ചെറുധാന്യങ്ങൾ പുതിയ കാര്യമല്ല. ആയിരക്കണക്കിനു വർഷങ്ങളായി അവ കൃഷിചെയ്യുന്നുണ്ട്. എന്നാൽ വിപണിയും വിപണനവും നമ്മുടെ തിരഞ്ഞെടുപ്പുകളെ വളരെയധികം സ്വാധീനിച്ചു. പരമ്പരാഗതമായി കൃഷി ചെയ്യുന്ന ഭക്ഷ്യവിളകളുടെ മൂല്യം നാം മറന്നു. നമുക്കിഷ്ടമുള്ള ഭക്ഷണമായി ശ്രീ അന്ന ചെറുധാന്യങ്ങളെ സ്വീകരിക്കാം. നമ്മുടെ പ്രതിബദ്ധതയുടെ ഭാഗമായി, ചെറുധാന്യങ്ങളിലെ മികച്ച സമ്പ്രദായങ്ങളും ഗവേഷണങ്ങളും സാങ്കേതികവിദ്യകളും പങ്കിടുന്നതിനായി ഇന്ത്യ ചെറുധാന്യ ഗവേഷണ സ്ഥാപനത്തെ മികവിന്റെ കേന്ദ്രമായി വികസിപ്പിക്കുകയാണ്.

സുഹൃത്തുക്കളേ,

ആഗോള ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിന് കൂട്ടായ പ്രവർത്തനം നടത്തേണ്ടതെങ്ങനെയെന്നു ചർച്ച ചെയ്യാൻ ഞാൻ നിങ്ങളോട് അഭ്യർഥിക്കുകയാണ്. പാർശ്വവൽക്കൃത കർഷകരെ കേന്ദ്രീകരിച്ചു സുസ്ഥിരവും സമഗ്രവുമായ ഭക്ഷ്യ സമ്പ്രദായങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള വഴികൾ നാം കണ്ടെത്തണം. ആഗോള രാസവള വിതരണ ശൃംഖല ശക്തിപ്പെടുത്താനുള്ള വഴികൾ നാം കണ്ടെത്തണം. അതോടൊപ്പം മണ്ണിന്റെ മെച്ചപ്പെട്ട ആരോഗ്യം, വിളകളുടെ ആരോഗ്യം, വിളവ് എന്നിവയ്ക്കായി കാർഷിക രീതികൾ സ്വീകരിക്കണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പരമ്പരാഗത രീതികൾ പുനരുൽപ്പാദക കൃഷിക്ക് ബദലുകൾ വികസിപ്പിക്കാൻ നമ്മെ പ്രചോദിപ്പിച്ചേക്കാം. നവീകരണവും ഡിജിറ്റൽ സാങ്കേതികവിദ്യയും ഉപയോഗിച്ച് നമ്മുടെ കർഷകരെ ശാക്തീകരിക്കേണ്ടതുണ്ട്. ഗ്ലോബൽ സൗത്തിലെ ചെറുകിട - പാർശ്വവൽക്കൃത കർഷകർക്ക് ചെലവുകുറഞ്ഞ രീതിയുള്ള പ്രതിവിധികളും നാം നൽകണം. കാർഷിക-ഭക്ഷ്യ മാലിന്യങ്ങൾ കുറയ്ക്കുകയും പകരം മാലിന്യത്തിൽ നിന്ന് സമ്പത്ത് സൃഷ്ടിക്കുന്നതിൽ നിക്ഷേപം നടത്തുകയും ചെയ്യേണ്ടത് അടിയന്തിര ആവശ്യമാണ്.

സുഹൃത്തുക്കളേ,

നമ്മുടെ 'ഏകഭൂമി'യെ പരിചരിക്കുക, നമ്മുടെ 'ഏകകുടുംബ'ത്തിൽ ഐക്യം സൃഷ്ടിക്കുക, ശോഭനമായ 'ഒരു ഭാവി'ക്കായി പ്രതീക്ഷയേകുക എന്നിവയാണ് കാർഷിക മേഖലയിലെ ഇന്ത്യയുടെ ജി20 മുൻഗണനകൾ. നിങ്ങൾ രണ്ട് വ്യക്തമായ ഫലങ്ങളിൽ പ്രവർത്തിക്കുന്നു എന്നറിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. 'ഭക്ഷ്യ സുരക്ഷയും പോഷകാഹാരവും സംബന്ധിച്ച ഡെക്കാൻ ഉന്നത തല തത്വങ്ങൾ'; ചെറുധാന്യങ്ങൾക്കും മറ്റു ധാന്യങ്ങൾക്കുമായുള്ള ''മഹാഋഷി'' സംരംഭം എന്നിവയാണവ. ഈ രണ്ട് സംരംഭങ്ങൾക്കുള്ള പിന്തുണ സമഗ്രവും സുസ്ഥിരവും അതിജീവനശേഷിയുള്ളതുമായ കൃഷിയെ പിന്തുണയ്ക്കുന്നതിനുള്ള ഒരു നിർദേശമാണ്. നിങ്ങളുടെ ചർച്ചകൾക്ക് എല്ലാ വിജയവും ഞാൻ ആശംസിക്കുന്നു.

നന്ദി.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Why The SHANTI Bill Makes Modi Government’s Nuclear Energy Push Truly Futuristic

Media Coverage

Why The SHANTI Bill Makes Modi Government’s Nuclear Energy Push Truly Futuristic
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 19
December 19, 2025

Citizens Celebrate PM Modi’s Magic at Work: Boosting Trade, Tech, and Infrastructure Across India