ഈ ഉദ്യമങ്ങൾ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും: പ്രധാനമന്ത്രി
രാജ്യത്തുടനീളം റെയിൽവേ നവീകരിക്കുന്നതിനായി ശക്തമായ പ്രചാരണം നടന്നുവരികയാണ്. ഇതിൽ പശ്ചിമ ബംഗാൾ പിന്നിലാകരുത് എന്നത് ഞങ്ങളുടെ ഉറച്ച തീരുമാനമാണ്. അതുകൊണ്ടാണ് കേന്ദ്ര ഗവൺമെന്റ് പശ്ചിമ ബംഗാളിലെ റെയിൽവേ അടിസ്ഥാനസൗകര്യങ്ങൾ അതിവേഗം വികസിപ്പിക്കുന്നത്: പ്രധാനമന്ത്രി
കൊൽക്കത്ത, ഹാൽദിയ പോലുള്ള തുറമുഖങ്ങൾ വളരെക്കാലമായി കിഴക്കൻ ഇന്ത്യയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളാണ്; ഹാൽദിയ ഡോക്ക് സമുച്ചയം യന്ത്രവൽക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇത് ചരക്കുനീക്ക പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും തുറമുഖത്തിന്റെ ശേഷി വർദ്ധിപ്പിക്കുകയും പുതിയ വ്യാപാര സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും: പ്രധാനമന്ത്രി
"ഇന്ന് കൊൽക്കത്തയുടെ മണ്ണിൽ നിന്ന് പശ്ചിമ ബംഗാളിനും കിഴക്കൻ ഇന്ത്യയ്ക്കുമായി വികസനത്തിന്റെ പുതിയൊരു അധ്യായം കുറിക്കുകയാണ്
"ഈ ട്രെയിൻ സർവീസ് പശ്ചിമ ബംഗാളിൽ മാത്രമല്ല, ജാർഖണ്ഡ്, ബീഹാർ, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലെ ജനങ്ങൾക്കും ഗുണകരമാകും," ശ്രീ മോദി പറഞ്ഞു

ഗവർണർ ശ്രീ ആർ.എൻ. രവി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ശാന്തനു താക്കൂർ ജി, സുകാന്ത മജുംദാർ ജി, പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ശുഭേന്ദു അധികാരി ജി, സഹ പാർലമെന്റ് അംഗം ഷമിക് ഭട്ടാചാര്യ ജി, മറ്റ് ജനപ്രതിനിധികളെ, സഹോദരി സഹോദരന്മാരെ,

ഇന്ന് കൊൽക്കത്തയുടെ മണ്ണിൽ നിന്ന് പശ്ചിമ ബംഗാളിന്റെയും കിഴക്കൻ ഇന്ത്യയുടെയും വികസനത്തിന്റെ പുതിയൊരു അധ്യായം എഴുതപ്പെടുകയാണ്. 18 ആയിരം കോടിയിലധികം രൂപയുടെ റോഡ്, റെയിൽവേ, തുറമുഖ അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഇന്ന് നടന്നു. ഈ പദ്ധതികൾ പശ്ചിമ ബംഗാളിനും കിഴക്കൻ ഇന്ത്യയ്ക്കും പുതിയ വേഗത നൽകും, വ്യാപാരവും വ്യവസായവും പ്രോത്സാഹിപ്പിക്കും, ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം എളുപ്പമാക്കുകയും അവർക്ക് പുതിയ അവസരങ്ങൾ നൽകുകയും ചെയ്യും. ഖരഗ്‌പൂർ-മോറെഗ്രാം എക്‌സ്‌പ്രസ് വേ പൂർത്തിയാകുന്നതോടെ പശ്ചിമ ബംഗാളിന്റെ പല ഭാഗങ്ങളിലും സാമ്പത്തിക പ്രവർത്തനങ്ങൾ വേഗത്തിലാകും. ദുബ്രാജ്പൂർ ബൈപാസും കംഷബതി, ശിലാബതി നദികൾക്ക് കുറുകെ നിർമ്മിക്കുന്ന വലിയ പാലങ്ങളും കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുത്തും. ഈ പദ്ധതികളുടെ പേരിൽ പശ്ചിമ ബംഗാളിലെയും കിഴക്കൻ ഇന്ത്യയിലെയും ജനങ്ങളെ ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.

 

സുഹൃത്തുക്കളെ,

ഇന്ന് രാജ്യത്തെ റെയിൽവേയുടെ  നവീകരിക്കുന്നതിനായി അതിവേഗത്തിലുള്ള ഒരു ക്യാമ്പയിൻ നടന്നുവരികയാണ്. ഈ ക്യാമ്പയിനിൽ പശ്ചിമ ബംഗാൾ പിന്നിലായിപ്പോകരുത് എന്നതാണ് ഞങ്ങളുടെ ദൃഢനിശ്ചയം! അതിനായി, പശ്ചിമ ബംഗാളിന്റെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന് കേന്ദ്ര ഗവൺമെൻറ് ശക്തമായ ശ്രമങ്ങളാണ് നടത്തുന്നത്. ഇന്ന്, കലൈകുണ്ട , കനിമഹൂലി സെക്ഷനുകളിലെ  ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിംഗ് സംവിധാനം രാജ്യത്തിനായി സമർപ്പിച്ചു. ഇത് തിരക്കേറിയ റെയിൽ പാതകളുടെ ശേഷി വർദ്ധിപ്പിക്കുകയും യാത്ര കൂടുതൽ സുരക്ഷിതമാക്കുകയും യാത്രക്കാർക്ക് വേഗതയും സൗകര്യവും ഉറപ്പാക്കുകയും ചെയ്യും.

സുഹൃത്തുക്കളെ,

ഇന്ന് ആറ് സ്റ്റേഷനുകൾ—കാമാഖ്യ ഗുഡി , അനാര , തംലൂക് , ഹാൽദിയ , ബാരാഭും, സിയൂരി —എന്നിവ അമൃത് സ്റ്റേഷനുകളായി  ഉദ്ഘാടനം ചെയ്യപ്പെട്ടു. ബംഗാളിന്റെ മഹത്തായ സംസ്കാരം ഈ സ്റ്റേഷനുകളിൽ ഇപ്പോൾ കൂടുതൽ പ്രഭയോടെ തിളങ്ങുകയാണ്. ഇനിയും നിരവധി സ്റ്റേഷനുകൾ ഇവിടെ പുനർവികസിപ്പിച്ചുകൊണ്ടിരിക്കുന്നു. പുരുലിയയ്ക്കും  ആനന്ദ് വിഹാർ ടെർമിനലിനും  ഇടയിലുള്ള പുതിയ എക്‌സ്‌പ്രസ് ട്രെയിൻ സർവീസും ഫ്ലാഗ് ഓഫ് ചെയ്തു. ഈ ട്രെയിൻ സർവീസ് പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് മാത്രമല്ല, ജാർഖണ്ഡ്, ബിഹാർ, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലെ ജനങ്ങൾക്കും പ്രയോജനപ്പെടും.

 

സുഹൃത്തുക്കളെ,

റോഡ്, റെയിൽ കണക്റ്റിവിറ്റികൾ എത്രത്തോളം പ്രധാനമാണോ, അത്രതന്നെ നിർണ്ണായക പങ്കാണ് തുറമുഖങ്ങളും ജലഗതാഗതവും വഹിക്കുന്നത്. പതിറ്റാണ്ടുകളോളം, കിഴക്കൻ ഇന്ത്യയ്ക്ക് ഈ കാര്യത്തിലുള്ള സാധ്യതകൾ അവഗണിക്കപ്പെട്ടു. എന്നാൽ ഇന്ന്, ജലപാതകൾ വ്യാപാരത്തിനും വ്യാവസായിക പുരോഗതിക്കുമായി പുതിയ പാതകൾ തുറന്നിടുകയാണ്. ഈ ദിശയിലുള്ള പ്രധാന തുറമുഖ അടിസ്ഥാന സൗകര്യ പദ്ധതികൾ ഇന്ന് ഉദ്ഘാടനം ചെയ്യുകയും അവയ്ക്ക് തറക്കല്ലിടുകയും ചെയ്തിട്ടുണ്ട്. കൊൽക്കത്ത, ഹാൽദിയ തുടങ്ങിയ തുറമുഖങ്ങൾ ദീർഘകാലമായി കിഴക്കൻ ഇന്ത്യയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളാണ്. ഹാൽദിയ ഡോക്ക് കോംപ്ലക്‌സ് ഇപ്പോൾ യന്ത്രവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് . ഇത് ചരക്ക് നീക്കം വേഗത്തിലാക്കുകയും തുറമുഖത്തിന്റെ ശേഷി വർദ്ധിപ്പിക്കുകയും വ്യാപാരത്തിനായി പുതിയ സൗകര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. കൊൽക്കത്ത ഡോക്ക് സിസ്റ്റത്തിലെ ബാസ്‌കുൾ ബ്രിഡ്ജിന്റെ (Bascule bridge) നവീകരണവും നടന്നുവരികയാണ്. ഖിദ്ദർപൂർ ഡോക്കിലെ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി വർദ്ധിപ്പിക്കുന്നതിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഈ പദ്ധതികളെല്ലാം കിഴക്കൻ ഇന്ത്യയുടെ ലോജിസ്റ്റിക്സ് സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തും.

 

സുഹൃത്തുക്കളെ,

റോഡുകൾ, റെയിൽവേകൾ, തുറമുഖങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഈ പുതിയ പദ്ധതികൾ പശ്ചിമ ബംഗാളിന്റെ ആധുനിക ഭാവിയിലേക്കുള്ള പുതിയ പാതകൾ തുറക്കുകയാണ്. കർഷകർ, വ്യാപാരികൾ, സംരംഭകർ, വിദ്യാർത്ഥികൾ തുടങ്ങി എല്ലാവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ടൂറിസം പോലുള്ള മേഖലകളിലും പുതിയ അവസരങ്ങൾ കൈവരും. പ്രാദേശിക വ്യവസായങ്ങൾക്കും സേവനങ്ങൾക്കും പുതിയ ഉണർവ് ലഭിക്കും. ഇന്ത്യയ്ക്ക്  എപ്പോഴും വഴികാട്ടിയായിരുന്ന ബംഗാൾ, ഒരു 'വികസിത ബംഗാൾ' ആയി മാറിക്കൊണ്ട് ആ പ്രതാപം വീണ്ടും കൈവരിക്കണം എന്നതാണ് ഞങ്ങളുടെ ദൃഢനിശ്ചയം. ശക്തമായ കണക്റ്റിവിറ്റിയും ആധുനിക അടിസ്ഥാന സൗകര്യങ്ങളും ഒരു വികസിത ബംഗാളിന്റെ അടിത്തറയായി മാറുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. ഈ ആഗ്രഹത്തോടെ, വികസന പദ്ധതികൾക്കായി നിങ്ങളെ എല്ലാവരെയും ഞാൻ ഒരിക്കൽ കൂടി ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. ഇപ്പോൾ, ഈ ഔദ്യോഗിക പരിപാടി അവസാനിച്ചാലുടൻ, ബംഗാൾ ജനത മുഴുവൻ ഒത്തുചേർന്നിരിക്കുന്ന പൊതു മൈതാനത്തേക്ക് ഞാൻ പോകും. ബംഗാളിലെ ജനങ്ങളെ നേരിൽ കാണാനും വളരെ പ്രധാനപ്പെട്ട വിഷയങ്ങൾ അവർക്കിടയിൽ ചർച്ച ചെയ്യാനും എനിക്ക് അവിടെ അവസരം ലഭിക്കും. ഈ പരിപാടിയെ സംബന്ധിച്ചിടത്തോളം ഇത്രയും മതിയാകും.

ഏവർക്കും നന്ദി!

എല്ലാവർക്കും ആശംസകൾ!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
ISRO Successfully Tests CE20 Cryogenic Engine At Uprated 220 KN Thrust For C32 Stage Of Upcoming LVM3 Mission

Media Coverage

ISRO Successfully Tests CE20 Cryogenic Engine At Uprated 220 KN Thrust For C32 Stage Of Upcoming LVM3 Mission
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 11
September 11, 2026

Seva Pakhwada to Superpower Status: Why Citizens Are Hailing PM Modi’s Relentless Push