ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
മൈ ദന്തേശ്വരി കീ ജയ്!
മാ മഹാമായ കീ ജയ്!
മാ ബംലേശ്വരി കീ ജയ്!
ഛത്തീസ്ഗഢ് മഹാതാരി കീ ജയ്!
ബഹുമാനപ്പെട്ട ഛത്തീസ്ഗഢ് ഗവർണർ രാമൻ ദേക ജി, സംസ്ഥാനത്തിന്റെ ജനപ്രിയനും ഊർജ്ജസ്വലനുമായ മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ മുതിർന്ന സഹപ്രവർത്തകർ, ജുവൽ ഓറം ജി, ദുർഗാ ദാസ് ഉയികെ ജി, തോഖൻ സാഹു ജി, സംസ്ഥാന അസംബ്ലി സ്പീക്കർ, രമൺ സിംഗ് ജി, ഉപമുഖ്യമന്ത്രിമാരായ അരുൺ സാവോ ജിയും , വിജയ് ശർമ്മ ജിയും , മന്ത്രിമാർ, പൊതു പ്രതിനിധികൾ, ഛത്തീസ്ഗഢിന്റെ എല്ലാ കോണുകളിൽ നിന്നും ഇവിടെ വൻതോതിൽ എത്തിയ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാർ,
ഛത്തീസ്ഗഢിലെ എന്റെ എല്ലാ സഹോദരീ സഹോദരന്മാർക്കും, കുട്ടികൾക്കും, മുതിർന്നവർക്കും, അമ്മമാർക്കും, കൂപ്പുകൈകളോടെ ജയ് ജോഹർ!
ഛത്തീസ്ഗഢ് രൂപീകരിച്ചിട്ട് ഇന്ന് 25 വർഷം പൂർത്തിയാകുന്നു. ഈ സുപ്രധാന അവസരത്തിൽ, ഛത്തീസ്ഗഢിലെ എല്ലാ ജനങ്ങൾക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.

സഹോദരീ സഹോദരന്മാരേ,
ഛത്തീസ്ഗഢ് രൂപീകരണത്തിന്റെ രജതജൂബിലി ആഘോഷങ്ങളിൽ ഈ സംസ്ഥാനത്തെ എന്റെ സഹോദരീ സഹോദരന്മാരോടൊപ്പം പങ്കെടുക്കാൻ കഴിഞ്ഞത് എനിക്ക് വലിയ അംഗീകാരമാണ്. ഛത്തീസ്ഗഢ് രൂപീകരണത്തിന് മുമ്പുള്ള കാലഘട്ടത്തിൽ ഒരു ഭാരതീയ ജനതാ പാർട്ടി പ്രവർത്തകനെന്ന നിലയിൽ ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്, അതിനുശേഷം അതിന്റെ 25 വർഷത്തെ യാത്രയിലും ഞാൻ ഒരു സാക്ഷിയായിരുന്നു എന്ന് നിങ്ങൾക്കെല്ലാവർക്കും നന്നായി അറിയാം. അതിനാൽ, ഈ മഹത്തായ നിമിഷത്തിന്റെ ഭാഗമാകുക എന്നത് ഒരു അത്ഭുതകരമായ അനുഭവമാണ്.
സുഹൃത്തുക്കളേ,
നമ്മൾ 25 വർഷത്തെ യാത്ര പൂർത്തിയാക്കി. 25 വർഷത്തെ ഒരു അധ്യായം അവസാനിച്ചു, ഇന്ന്, അടുത്ത 25 വർഷത്തിൻ്റെ സൂര്യോദയത്തിന്, ഒരു പുതിയ യുഗത്തിന് നാം സാക്ഷ്യം വഹിക്കുകയാണ്. നിങ്ങളെല്ലാവരും എനിക്ക് വേണ്ടി ഒരു കാര്യം ചെയ്യുമോ? പറയൂ, നിങ്ങൾ അത് ചെയ്യുമോ? അതെ? നിങ്ങളുടെ മൊബൈൽ ഫോണുകൾ പുറത്തെടുക്കൂ, ഫ്ളാഷ്‌ലൈറ് ഓണാക്കൂ, കാരണം അടുത്ത 25 വർഷത്തെ പ്രഭാതം ആരംഭിച്ചു! നിങ്ങളുടെ കൈകളിലെ എല്ലാ മൊബൈൽ ഫോണുകളുടെയും ഫ്ളാഷ്‌ലൈറ് ഓണാക്കുക. എനിക്ക് അത് എല്ലായിടത്തും കാണാൻ കഴിയും. നിങ്ങളുടെ കൈകളിൽ പുതിയ സ്വപ്നങ്ങളുടെ സൂര്യൻ ഉദിക്കുന്നു. നിങ്ങളുടെ കൈപ്പത്തികളിൽ പുതിയ തീരുമാനങ്ങളുടെ വെളിച്ചം എനിക്ക് കാണാൻ കഴിയും. നിങ്ങളുടെ കഠിനാധ്വാനവുമായി ബന്ധപ്പെട്ട വെളിച്ചം നിങ്ങളുടെ വിധിയെ രൂപപ്പെടുത്തും.
സുഹൃത്തുക്കളേ,
ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ്, അടൽജിയുടെ സർക്കാർ നിങ്ങളുടെ സ്വപ്നമായ ഛത്തീസ്ഗഢ് നിങ്ങളെ ഏൽപ്പിച്ചു. അതോടൊപ്പം, ഛത്തീസ്ഗഢ് വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. ഇന്ന്, 25 വർഷത്തെ ഈ യാത്രയിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, എന്റെ തല അഭിമാനത്താൽ നിറയുന്നു . ഛത്തീസ്ഗഢിലെ എന്റെ എല്ലാ സഹോദരീ സഹോദരന്മാരും ഒരുമിച്ച് ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. 25 വർഷം മുമ്പ് വിതച്ച വിത്ത് ഇപ്പോൾ വികസനത്തിന്റെ ഒരു വലിയ വൃക്ഷമായി വളർന്നിരിക്കുന്നു. ഛത്തീസ്ഗഢ് ഇന്ന് വളരെ വേഗത്തിൽ വളർച്ചയുടെ പാതയിൽ മുന്നേറുകയാണ്. ഇന്നും, ഛത്തീസ്ഗഢ് ജനാധിപത്യത്തിന്റെ ഒരു പുതിയ ക്ഷേത്രം, പുതിയ നിയമസഭാ കെട്ടിടം സ്വീകരിച്ചു. ഇവിടെ വരുന്നതിനുമുമ്പ്, ട്രൈബൽ മ്യൂസിയം ഉദ്ഘാടനം ചെയ്യാനുള്ള അവസരവും എനിക്ക് ലഭിച്ചു. ഈ ഘട്ടത്തിൽ തന്നെ, ഏകദേശം 14,000 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യപ്പെടുകയോ തറക്കല്ലിടപ്പെടുകയോ ചെയ്തിട്ടുണ്ട്. ഈ നേട്ടങ്ങൾക്കെല്ലാം നിങ്ങളെയെല്ലാം ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,
2000 മുതൽ ഒരു തലമുറ മുഴുവൻ മാറിയിരിക്കുന്നു. ഇന്ന്, 2000 ന് മുമ്പുള്ള ദിവസങ്ങൾ കണ്ടിട്ടില്ലാത്ത ഒരു പുതിയ തലമുറ യുവാക്കൾ ഇവിടെയുണ്ട്. ഛത്തീസ്ഗഢ് രൂപീകൃതമായപ്പോൾ, ഗ്രാമങ്ങളിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടായിരുന്നു. അക്കാലത്ത് പല ഗ്രാമങ്ങളിലും റോഡുകളുടെ അടയാളങ്ങൾ പോലും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന്, ഛത്തീസ്ഗഢിലെ ഗ്രാമങ്ങൾ 40,000 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഒരു റോഡ് ശൃംഖലയാൽ ബന്ധിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടയിൽ, സംസ്ഥാനത്ത് ദേശീയ പാതകളുടെ അഭൂതപൂർവമായ വികസനം ഉണ്ടായിട്ടുണ്ട്. ഛത്തീസ്ഗഢിന്റെ അഭിമാനത്തിന്റെ പ്രതീകങ്ങളായി പുതിയ എക്സ്പ്രസ് പാതകൾ ഇപ്പോൾ ഉയർന്നുവരുന്നു. മുമ്പ്, റായ്പൂരിൽ നിന്ന് ബിലാസ്പൂരിലേക്കുള്ള യാത്രയ്ക്ക് നിരവധി മണിക്കൂറുകൾ എടുക്കുമായിരുന്നു. ഇപ്പോൾ ആ സമയം പകുതിയായി കുറഞ്ഞു. ഇന്നും, ഒരു പുതിയ നാലുവരി ഹൈവേ ആരംഭിച്ചു. ഈ ഹൈവേ ഛത്തീസ്ഗഢിന്റെ ജാർഖണ്ഡുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തും.
സുഹൃത്തുക്കളേ,
ഛത്തീസ്ഗഢിന്റെ റെയിൽ, വ്യോമ കണക്റ്റിവിറ്റിയും ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ന് വന്ദേ ഭാരത് ട്രെയിനുകൾ സംസ്ഥാനത്ത് ഓടുന്നു. റായ്പൂർ, ബിലാസ്പൂർ, ജഗദൽപൂർ തുടങ്ങിയ നഗരങ്ങൾ ഇപ്പോൾ നേരിട്ടുള്ള വിമാന സർവീസുകൾ വഴി ബന്ധിപ്പിച്ചിരിക്കുന്നു. ഒരുകാലത്ത്, അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിക്ക് മാത്രമായിരുന്നു ഛത്തീസ്ഗഢ് അറിയപ്പെട്ടിരുന്നത്, എന്നാൽ ഇന്ന് അത് ഒരു വ്യാവസായിക സംസ്ഥാനമെന്ന നിലയിൽ പുതിയൊരു വേഷത്തിൽ ഉയർന്നുവരുന്നു.
സുഹൃത്തുക്കളേ,
കഴിഞ്ഞ 25 വർഷത്തിനിടയിൽ ഛത്തീസ്ഗഢ് നേടിയ നേട്ടങ്ങൾക്കെല്ലാം സംഭാവന നൽകിയ എല്ലാ മുഖ്യമന്ത്രിമാരെയും എല്ലാ സർക്കാരുകളെയും ഞാൻ അഭിനന്ദിക്കുന്നു. എന്നിരുന്നാലും, വെല്ലുവിളികൾ നിറഞ്ഞ ഒരു കാലഘട്ടത്തിൽ ഛത്തീസ്ഗഢിനെ നയിച്ച ഡോ. രാമൻ സിംഗ് ജി, ഒരു പ്രത്യേക ബഹുമതി അർഹിക്കുന്നു. നിയമസഭാ സ്പീക്കർ എന്ന നിലയിൽ അദ്ദേഹം ഇന്നും തന്റെ മാർഗ്ഗനിർദ്ദേശം നൽകുന്നത് തുടരുന്നതിൽ എനിക്ക് സന്തോഷമുണ്ട്, വിഷ്ണു ദിയോ സായി ജിയുടെ സർക്കാർ ഛത്തീസ്ഗഢിന്റെ വികസനം വളരെ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നു.

സുഹൃത്തുക്കളേ,
നിങ്ങൾക്കെല്ലാവർക്കും എന്നെ നന്നായി അറിയാം. ഇന്നും, ഞാൻ എന്റെ ജീപ്പിൽ കടന്നുപോകുമ്പോൾ, പരിചിതമായ നിരവധി മുഖങ്ങൾ ഞാൻ കണ്ടു, എന്റെ ഹൃദയം ആഴമായ സംതൃപ്തിയാൽ നിറഞ്ഞു. ഒരുപക്ഷേ ഈ നാട്ടിൽ ഞാൻ സന്ദർശിക്കാത്ത ഒരു ഭാഗവുമില്ല, അതുകൊണ്ടാണ് നിങ്ങൾക്കെല്ലാവർക്കും എന്നെ ഇത്ര നന്നായി അറിയാവുന്നത്.
സുഹൃത്തുക്കളേ,
ദാരിദ്ര്യത്തെ ഞാൻ അടുത്തു കണ്ടിട്ടുണ്ട്. ഒരു ദരിദ്രന്റെ വിഷമങ്ങളും നിസ്സഹായതയും എങ്ങനെയുള്ളതാണെന്ന് എനിക്കറിയാം. അതുകൊണ്ടാണ്, രാഷ്ട്രം എനിക്ക് സേവനത്തിനുള്ള അവസരം നൽകിയപ്പോൾ, ദരിദ്രരുടെ ക്ഷേമത്തിനാണ് ഞാൻ എന്റെ പ്രവർത്തനങ്ങളിൽ മുഖ്യത്വം നൽകിയത്. ദരിദ്രരുടെ വൈദ്യശാസ്ത്രം, ഉപജീവനമാർഗ്ഗം, വിദ്യാഭ്യാസം, ജലസേചനം എന്നീ ആവശ്യങ്ങൾക്കായി, നമ്മുടെ സർക്കാർ അതിന്റെ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഒരു ഉദാഹരണം ഞാൻ നിങ്ങൾക്ക് നൽകട്ടെ.
സുഹൃത്തുക്കളേ,
ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് നമ്മുടെ ഛത്തീസ്ഗഢിൽ ഒരു മെഡിക്കൽ കോളേജ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് സംസ്ഥാനത്ത് 14 മെഡിക്കൽ കോളേജുകളുണ്ട്. റായ്പൂരിൽ ഒരു എയിംസും നമുക്കുണ്ട്. രാജ്യത്തുടനീളമുള്ള ആയുഷ്മാൻ ആരോഗ്യ മന്ദിർ കാമ്പെയ്‌ൻ ആരംഭിച്ചത് ഛത്തീസ്ഗഢിൽ നിന്നാണ് എന്ന് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. ഇന്ന് സംസ്ഥാനത്ത് 5,500-ലധികം ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ പ്രവർത്തിക്കുന്നുണ്ട്.

സുഹൃത്തുക്കളേ,
ദരിദ്രർക്ക് അന്തസ്സുള്ള ജീവിതം ഉറപ്പാക്കാനാണ് ഞങ്ങളുടെ നിരന്തരമായ ശ്രമം. ചേരികളിലും കുടിലുകളിലും താമസിക്കുന്ന ദരിദ്രരുടെ ജീവിതം പലപ്പോഴും നിരാശയും നിസ്സഹായതാബോധവും കൊണ്ടുവരുന്നു, ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള അവരുടെ ധൈര്യം അത് കവർന്നെടുക്കുന്നു. അതുകൊണ്ടാണ് ഓരോ ദരിദ്രനും സ്ഥിരമായ ഒരു വീട് നൽകുമെന്ന് ഞങ്ങളുടെ സർക്കാർ പ്രതിജ്ഞയെടുത്തത്. കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ, രാജ്യത്തുടനീളമുള്ള നാല് കോടി ദരിദ്ര കുടുംബങ്ങൾക്ക് ഉറപ്പുള്ള വീടുകൾ ലഭിച്ചു. ഇപ്പോൾ, മൂന്ന് കോടി പുതിയ വീടുകൾ കൂടി നിർമ്മിക്കുമെന്ന പ്രതിജ്ഞയുമായി ഞങ്ങൾ മുന്നോട്ട് പോകുന്നു. ഇന്നും, ഈ ദിവസം തന്നെ, ഛത്തീസ്ഗഡിലെ 3.5 ലക്ഷത്തിലധികം കുടുംബങ്ങൾ അവരുടെ പുതിയ വീടുകളിലേക്ക് പ്രവേശിക്കുന്നു. ഏകദേശം മൂന്ന് ലക്ഷം കുടുംബങ്ങൾക്ക് 1,200 കോടി രൂപയുടെ ഗഡുവും ലഭിച്ചു.
സുഹൃത്തുക്കളേ,
ഛത്തീസ്ഗഢിലെ ബിജെപി സർക്കാർ ദരിദ്രർക്ക് വീട് നൽകുന്നതിൽ എത്രത്തോളം ഗൗരവമായി പ്രവർത്തിക്കുന്നുവെന്ന് ഇത് കാണിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാത്രം നമ്മുടെ ഛത്തീസ്ഗഢിൽ ഏഴ് ലക്ഷം ഉറപ്പുള്ള വീടുകൾ നിർമ്മിച്ചു. ഇവ വെറും സംഖ്യകളല്ല. ഓരോ വീടിനു പിന്നിലും ഒരു കുടുംബത്തിന്റെ സ്വപ്നവും ഒരു കുടുംബത്തിന്റെ സന്തോഷവുമുണ്ട്. എല്ലാ ഗുണഭോക്തൃ കുടുംബങ്ങൾക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.
സുഹൃത്തുക്കളേ,
ഛത്തീസ്ഗഢിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നതിനും നിങ്ങളുടെ ദൈനംദിന ജീവിതത്തിലെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും നമ്മുടെ സർക്കാർ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന്, ഛത്തീസ്ഗഢിലെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിയിരിക്കുന്നു. ഒരുകാലത്ത് വൈദ്യുതി ഒരു സ്വപ്നമായിരുന്നിടത്ത്, ഇന്ന് ഇന്റർനെറ്റ് പോലും ആ പ്രദേശങ്ങളിൽ എത്തിയിരിക്കുന്നു. ഒരു സാധാരണ കുടുംബത്തിന് പാചക വാതക സിലിണ്ടറോ എൽപിജി കണക്ഷനോ ഒരു വിദൂര സ്വപ്നമായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒരു കുടുംബത്തിന് ഗ്യാസ് സിലിണ്ടർ ലഭിച്ചാൽ, മറ്റുള്ളവർ ദൂരെ നിന്ന് നോക്കി, "അതൊരു ധനികന്റെ വീടായിരിക്കണം. അത് എപ്പോൾ നമ്മുടെ വീടിലെത്തും?" എന്ന് ചോദിക്കുമായിരുന്നു.ദാരിദ്ര്യത്തിനെതിരെ പോരാടുന്ന ഓരോ വീടും,എനിക്ക്, എന്റെ സ്വന്തം കുടുംബമാണ്, അതുകൊണ്ടാണ് ഉജ്ജ്വല ഗ്യാസ് സിലിണ്ടറുകൾ അവരുടെ വീടുകളിൽ എത്തുന്നുണ്ടെന്ന് ഞാൻ ഉറപ്പാക്കിയത്. ഇന്ന്, ഛത്തീസ്ഗഢിലുടനീളമുള്ള ദരിദ്രർ, ദളിതർ, പിന്നാക്ക വിഭാഗങ്ങൾ, ആദിവാസി കുടുംബങ്ങൾ എന്നിവരുടെ വീടുകളിൽ ഗ്യാസ് കണക്ഷനുകൾ എത്തിയിരിക്കുന്നു. ഇപ്പോൾ, നമ്മുടെ അടുത്ത ലക്ഷ്യം പൈപ്പ് വഴി അടുക്കളയിൽ വെള്ളം എത്തുന്നതുപോലെ, പൈപ്പ് ലൈനുകൾ വഴി താങ്ങാനാവുന്ന വിലയ്ക്ക് വാതകവും വിതരണം ചെയ്യുക എന്നതാണ്. ഇന്ന്, നാഗ്പൂർ-ജാർസുഗുഡ ഗ്യാസ് പൈപ്പ്ലൈൻ രാഷ്ട്രത്തിന് സമർപ്പിച്ചിരിക്കുന്നു. ഈ സുപ്രധാന പദ്ധതിക്ക് ഛത്തീസ്ഗഢിലെ ജനങ്ങൾക്ക് എന്റെ അഭിനന്ദനങ്ങൾ.

സുഹൃത്തുക്കളേ,
ഒരു വലിയ വിഭാഗം ആദിവാസി ജനതയുടെ ആവാസഭൂമിയായ ഛത്തീസ്ഗഢ് ഭാരതത്തിന്റെ 'വിരാസത്ത്' (പൈതൃകം) 'വികാസ്' (പുരോഗതി) എന്നിവയ്ക്ക് വലിയ സംഭാവന നൽകിയ മഹത്തായ ചരിത്രമുള്ള ഒരു സമൂഹമാണ് . നമ്മുടെ ഗോത്ര സമൂഹങ്ങളുടെ സംഭാവനകളെ മുഴുവൻ രാജ്യവും ലോകവും തിരിച്ചറിയുന്നതിനായി ഞങ്ങൾ നിരന്തരം പ്രവർത്തിക്കുന്നു. രാജ്യത്തുടനീളമുള്ള ഗോത്ര സ്വാതന്ത്ര്യ സമര സേനാനികൾക്കായി സമർപ്പിച്ചിരിക്കുന്ന മ്യൂസിയങ്ങളുടെ സൃഷ്ടിയായാലും, ഭഗവാൻ ബിർസ മുണ്ടയുടെ ജന്മവാർഷികം 'ജൻജാതിയ ഗൗരവ് ദിവസ്' (ഗോത്ര അഭിമാന ദിനം) ആയി പ്രഖ്യാപിക്കുന്നതായാലും, ഗോത്ര സമൂഹത്തിന്റെ സംഭാവനകൾ എന്നെന്നേക്കുമായി അഭിമാനത്തോടെ ആഘോഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനാണ് ഞങ്ങളുടെ ശ്രമം.
സുഹൃത്തുക്കളേ,
ഈ ദിശയിൽ ഇന്ന് നമ്മൾ മറ്റൊരു പ്രധാന ചുവടുവയ്പ്പ് കൂടി നടത്തിയിരിക്കുന്നു. ഇപ്പോൾ രാഷ്ട്രത്തിന് ഷഹീദ് വീർ നാരായൺ സിംഗ് ട്രൈബൽ ഫ്രീഡം ഫൈറ്റേഴ്‌സ് മ്യൂസിയം ലഭിച്ചിരിക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് 150 വർഷത്തിലേറെയായി ഗോത്ര സമൂഹം നടത്തിയ പോരാട്ടങ്ങൾ ഈ മ്യൂസിയം അവതരിപ്പിക്കുന്നു. നമ്മുടെ ഗോത്രവർഗ്ഗക്കാരായ സ്വാതന്ത്ര്യ സമര സേനാനികൾ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി എങ്ങനെ പോരാടിയെന്ന് ഇത് വിശദമായി ചിത്രീകരിക്കുന്നു. വരും വർഷങ്ങളിൽ ഈ മ്യൂസിയം ഭാവി തലമുറകളെ പ്രചോദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളേ,
ഒരു വശത്ത്, നമ്മുടെ സർക്കാർ ഗോത്ര പൈതൃകം സംരക്ഷിക്കുന്നു, മറുവശത്ത്, ഗോത്ര സമൂഹങ്ങളുടെ വികസനത്തിനും ക്ഷേമത്തിനും തുല്യ പ്രാധാന്യം നൽകുന്നു. ധാരതി അബ ജഞ്ജതിയ ഗ്രാം ഉത്കർഷ് അഭിയാൻ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഗോത്ര ഗ്രാമങ്ങളിലേക്ക് വികസനത്തിന്റെ പുതിയ വെളിച്ചം കൊണ്ടുവരുന്നു. ഏകദേശം 80,000 കോടി രൂപയുടെ പദ്ധതിയാണിത്. എൺപതിനായിരം കോടി! സ്വതന്ത്ര ഭാരതത്തിനുശേഷം ഗോത്ര മേഖലകളിൽ ഇത്രയും വലിയ തോതിലുള്ള പ്രവർത്തനങ്ങൾ നടന്നിട്ടില്ല. അതുപോലെ, ഏറ്റവും പിന്നാക്കം നിൽക്കുന്ന ഗോത്രങ്ങളുടെ വികസനത്തിനായി ഒരു സമർപ്പിത ദേശീയ പദ്ധതി ആദ്യമായി സൃഷ്ടിച്ചു. പിഎം-ജൻമൻ പരിപാടിയുടെ കീഴിൽ, ഈ പിന്നോക്ക ഗോത്ര സമൂഹങ്ങളിലെ ആയിരക്കണക്കിന് ഗ്രാമങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

സുഹൃത്തുക്കളേ,
തലമുറകളായി, ആദിവാസി സമൂഹങ്ങൾ ജീവിക്കാൻ വേണ്ടി വനവിഭവങ്ങൾ ശേഖരിച്ചുവരുന്നു. വനവിഭവങ്ങളിൽ നിന്ന് മികച്ച വരുമാന അവസരങ്ങൾ നൽകുന്നതിനായി 'വൻ-ധൻ' കേന്ദ്രങ്ങൾ സൃഷ്ടിച്ചത് നമ്മുടെ സർക്കാരാണ്. തെണ്ടുൽ ഇലകൾക്കുള്ള സംഭരണ ക്രമീകരണങ്ങൾ ഞങ്ങൾ മെച്ചപ്പെടുത്തി, ഇന്ന് ഛത്തീസ്ഗഢിലെ തെണ്ടുൽ ഇലകൾ ശേഖരിക്കുന്നവർക്ക് മുമ്പത്തേക്കാൾ മികച്ച വില ലഭിക്കുന്നു.
സുഹൃത്തുക്കളേ,
നക്സൽ-മാവോയിസ്റ്റ് ഭീകരതയുടെ ചങ്ങലകളിൽ നിന്ന് നമ്മുടെ ഛത്തീസ്ഗഢ് ഇന്ന് മോചിതമായതിൽ ഞാൻ വളരെ സന്തോഷിക്കുന്നു. നക്സലിസം കാരണം 50–55 വർഷക്കാലം നിങ്ങൾ സഹിച്ചത് വേദനയായിരുന്നു. സാമൂഹിക നീതിയുടെ പേരിൽ മുതലക്കണ്ണീർ പൊഴിച്ചവരും ഭരണഘടനയുടെ പുസ്തകം ഇപ്പോൾ പ്രദർശിപ്പിക്കുന്നവരും, രാഷ്ട്രീയ സ്വാർത്ഥതാൽപ്പര്യത്തിനായി പതിറ്റാണ്ടുകളായി നിങ്ങൾക്കെതിരെ അനീതി തുടർന്നു.
സുഹൃത്തുക്കളെ,
ഛത്തീസ്ഗഢിലെ ആദിവാസി മേഖലകളിൽ മാവോയിസ്റ്റ് ഭീകരത കാരണം റോഡുകൾ വളരെക്കാലമായി വിച്ഛേദിക്കപ്പെട്ടിരുന്നു. കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിഞ്ഞില്ല, രോഗികൾക്ക് ആശുപത്രികൾ ലഭിച്ചില്ല, അവ ഉള്ളിടത്തെല്ലാം ബോംബുകൾ പൊട്ടിത്തെറിച്ചു. ഡോക്ടർമാരും അധ്യാപകരും കൊല്ലപ്പെട്ടു, പതിറ്റാണ്ടുകളായി രാജ്യം ഭരിച്ചവർ എയർ കണ്ടീഷൻ ചെയ്ത മുറികളിൽ ജീവിതം ആസ്വദിച്ചപ്പോൾ നിങ്ങളെ സ്വയം രക്ഷിക്കാൻ വിട്ടു.
സുഹൃത്തുക്കളേ,
ഈ അക്രമചക്രത്തിൽപ്പെട്ട് നശിക്കാൻ തന്റെ ആദിവാസി സഹോദരീ സഹോദരന്മാരെ വിട്ടുകൊടുക്കാൻ മോദിക്ക് കഴിയില്ല. ദശലക്ഷക്കണക്കിന് അമ്മമാരെയും സഹോദരിമാരെയും അവരുടെ കുട്ടികൾക്കായി കരയാൻ എനിക്ക് അനുവദിക്കാനാവില്ല. അതുകൊണ്ടാണ്, 2014 ൽ നിങ്ങൾ ഞങ്ങൾക്ക് ഒരു അവസരം നൽകിയപ്പോൾ, ഭാരതത്തെ മാവോയിസ്റ്റ് ഭീകരതയിൽ നിന്ന് മോചിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. ഇന്ന് രാജ്യം അതിന്റെ ഫലങ്ങൾ കാണുന്നു. പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ്, രാജ്യത്തെ ഏകദേശം 125 ജില്ലകൾ മാവോയിസ്റ്റ് ഭീകരത ബാധിച്ചിരുന്നു; ഇന്ന്, ആ 125 ജില്ലകളിൽ, മാവോയിസ്റ്റ് പ്രവർത്തനം ഇപ്പോഴും സാന്നിധ്യം കാണിക്കാൻ ശ്രമിക്കുന്നത് വെറും മൂന്നെണ്ണത്തിൽ മാത്രമാണ്. എന്നാൽ നമ്മുടെ ഛത്തീസ്ഗഢ്, നമ്മുടെ ഭാരതം, ഈ രാജ്യത്തിന്റെ എല്ലാ കോണുകളും മാവോയിസ്റ്റ് ഭീകരതയിൽ നിന്ന് പൂർണ്ണമായും മുക്തമാകുന്ന ദിവസം വിദൂരമല്ലെന്ന് ഞാൻ രാജ്യത്തിന് ഉറപ്പ് നൽകുന്നു.

സുഹൃത്തുക്കളേ,
ഛത്തീസ്ഗഢിൽ ഒരിക്കൽ അക്രമത്തിന്റെ പാത സ്വീകരിച്ചിരുന്നവർ ഇപ്പോൾ വേഗത്തിൽ ആയുധം താഴെ വയ്ക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, കാങ്കറിൽ 20-ലധികം നക്സലൈറ്റുകൾ മുഖ്യധാരയിലേക്ക് മടങ്ങി. നേരത്തെ, ഒക്ടോബർ 17-ന്, ബസ്തറിൽ 200-ലധികം നക്സലൈറ്റുകൾ കീഴടങ്ങി. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിൽ മാത്രം, രാജ്യത്തുടനീളമുള്ള മാവോയിസ്റ്റ് ഭീകരതയുമായി ബന്ധപ്പെട്ട ഡസൻ കണക്കിന് ആളുകൾ ആയുധങ്ങൾ ഉപേക്ഷിച്ചു, അവരിൽ പലരും ഒരിക്കൽ ലക്ഷക്കണക്കിന് രൂപയുടെയും കോടിക്കണക്കിന് രൂപയുടെയും സമ്മാനതുകയ്ക്ക് വിലയിടപ്പെട്ടവരായിരുന്നു . ഇപ്പോൾ, അവർ തോക്കുകളും അക്രമവും ഉപേക്ഷിച്ച് ഭരണഘടന സ്വീകരിച്ചു.
സുഹൃത്തുക്കളേ,
മാവോയിസ്റ്റ് ഭീകരതയുടെ അന്ത്യം ഒരിക്കൽ അസാധ്യമെന്നു തോന്നിയതിനെ യാഥാർത്ഥ്യമാക്കി മാറ്റി. ബോംബുകളുടെയും തോക്കുകളുടെയും ഭയത്താൽ വലയം ചെയ്യപ്പെട്ടിരുന്ന സ്ഥലങ്ങൾ പൂർണ്ണമായും മാറിയിരിക്കുന്നു. ബിജാപൂരിലെ ചിൽകെപ്പള്ളി ഗ്രാമത്തിൽ ഏഴ് പതിറ്റാണ്ടിനുശേഷം ആദ്യമായി വൈദ്യുതി എത്തിയിരിക്കുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം അബുജ്മദിലെ റെകവായ ഗ്രാമത്തിൽ ആദ്യമായി ഒരു സ്കൂളിന്റെ നിർമ്മാണം ആരംഭിച്ചു. ഒരുകാലത്ത് ഭീകരതയുടെ ശക്തികേന്ദ്രമായി അറിയപ്പെട്ടിരുന്ന പുവാർട്ടി ഗ്രാമം ഇപ്പോൾ വികസനത്തിന്റെ ഒരു തരംഗത്തിന് സാക്ഷ്യം വഹിക്കുന്നു. ഒരുകാലത്ത് ചെങ്കൊടി പാറിച്ചിരുന്നിടത്ത് ഇന്ന് ത്രിവർണ്ണ പതാക അഭിമാനത്തോടെ പറക്കുന്നു. ഇപ്പോൾ, ബസ്തർ പോലുള്ള പ്രദേശങ്ങളിൽ ഭയമില്ല, ആഘോഷത്തിന്റെ അന്തരീക്ഷമുണ്ട്. ബസ്തർ പാണ്ഡം, ബസ്തർ ഒളിമ്പിക്സ് തുടങ്ങിയ ഉത്സവങ്ങൾ സംഘടിപ്പിക്കപ്പെടുന്നു.
സുഹൃത്തുക്കളേ,
നക്സലിസത്തിന്റെ വെല്ലുവിളി ഉണ്ടായിരുന്നിട്ടും, 25 വർഷത്തിനുള്ളിൽ നമ്മൾ ഇത്രയധികം പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിൽ, ഈ വെല്ലുവിളി പൂർണ്ണമായും ഇല്ലാതാക്കിയ ശേഷം, എത്ര വേഗത്തിൽ നമ്മൾ മുന്നേറുമെന്ന് സങ്കൽപ്പിക്കുക!
സുഹൃത്തുക്കളേ,
വരും വർഷങ്ങൾ ഛത്തീസ്ഗഢിന് വളരെ പ്രധാനമാണ്. ഒരു 'വിക്ഷിത് ഭാരത്' (വികസിത ഇന്ത്യ) കെട്ടിപ്പടുക്കുന്നതിന്, ഛത്തീസ്ഗഢും വികസിതമാകേണ്ടത് അത്യാവശ്യമാണ്. ഛത്തീസ്ഗഢിലെ യുവാക്കൾക്ക്, ഈ സമയം, ഈ യുഗം നിങ്ങളുടേതാണെന്ന് ഞാൻ പറയുന്നു. നിങ്ങൾക്ക് നേടാൻ കഴിയാത്ത ഒരു ലക്ഷ്യവുമില്ല. നിങ്ങൾ എടുക്കുന്ന ഓരോ ചുവടുവയ്പ്പിലും, നിങ്ങൾ എടുക്കുന്ന ഓരോ ദൃഢനിശ്ചയത്തിലും, മോദി നിങ്ങളോടൊപ്പം നിൽക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു, ഇതാണ് മോദിയുടെ ഉറപ്പ്. ഒരുമിച്ച്, നമ്മൾ ഛത്തീസ്ഗഢിനെ മുന്നോട്ട് കൊണ്ടുപോകും, നമ്മൾ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകും. ഈ വിശ്വാസത്തോടെ, ഒരിക്കൽ കൂടി, ഛത്തീസ്ഗഢിലെ ഓരോ സഹോദരീ സഹോദരന്മാർക്കും ഞാൻ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. വളരെ നന്ദി, ഇപ്പോൾ, പൂർണ്ണ ശക്തിയോടെ, നിങ്ങളുടെ രണ്ട് കൈകളും ഉയർത്തി എന്നോടൊപ്പം പറയുക: ഭാരത് മാതാ കി ജയ്! ഭാരത് മാതാ കി ജയ്! ഭാരത് മാതാ കി ജയ്! ഭാരത് മാതാ കി ജയ്! വളരെ നന്ദി!


